ചട്ടമ്പിസ്വാമികൾ

 ജീവചരിത്രം

സാഹിത്യപ്രവർത്തക സഹകരണസംഘം 2016

പേജ് 140  വില 130 രൂപ


ഡോ. കെ. മഹേശ്വരൻ നായർ (1948- )
കൊല്ലം ജില്ലയിലെ മുഖത്തലയിൽ ജനിച്ച ഗ്രന്ഥകർത്താവ് സംസ്കൃത ഭാഷയിൽ ഉപരിപഠനം നടത്തുകയും കേരള സർവകലാശാലയിൽ സംസ്കൃത പ്രൊഫസർ ആയി സേവനമനുഷ്ഠിക്കുകയും ചെയ്തു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹം വിദേശ സർവ്വകലാശാലകളിൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.

പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (1853-1924
കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്.
ചെറുപ്പത്തിൽ പേര് കുഞ്ഞൻ എന്നായിരുന്നു.വല്ലാത്ത ദാരിദ്ര്യത്തിലാണ് കുഞ്ഞൻ ജനിച്ചു വളർന്നത്. അച്ഛൻ ബ്രാഹ്മണ സമുദായത്തിൽപ്പെട്ട ഒരു ശാന്തിക്കാരനും അമ്മ ഒരു നായർ സ്ത്രീയും ആയിരുന്നു. അതൊരു സംബന്ധമായിരുന്നു. അതുകൊണ്ട് കുഞ്ഞൻ ഒരു നായർ കുട്ടിയായാണ് വളർന്നുവന്നത്. ജാതിയിൽ ശൂദ്രനായി കരുതപ്പെട്ടിരുന്നത് കൊണ്ട്, കുഞ്ഞന് വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. ബ്രാഹ്മണ കുട്ടികൾ പഠിക്കുന്നത് ദൂരെ നിന്ന് കേട്ടാണ് കുഞ്ഞൻ സംസ്കൃതം പഠിച്ച് തുടങ്ങിയത്. മിടുക്കനായി പഠിക്കുന്ന കുഞ്ഞനെ കൂടി ദയാനിധിയായ അധ്യാപകൻ ക്ലാസിലിരുത്തി. അങ്ങനെ മലയാളവും തമിഴും സംസ്കൃതവും കണക്കും സാമാന്യമായി പഠിച്ചു. പേട്ടയിൽ രാമൻപിള്ള ആശാന്റെ ഗുരുകുലത്തിൽ കുഞ്ഞൻ ഉപരിപഠനം നടത്തി. അവിടുത്തെ ഏറ്റവും മുതിർന്ന കുട്ടിയായതിനാൽ അവിടുത്തെ ചട്ടമ്പി ആയി.  ക്ലാസിലെ മോണിറ്ററെ അക്കാലത്ത് വിളിക്കുന്നത് ചട്ടമ്പി എന്നായിരുന്നു. ചട്ടം അൻപുന്നവൻ അഥവാ നിയമങ്ങൾ പരിപാലിക്കുന്നവൻ ആണ് ചട്ടമ്പി. കൂട്ടുകാരുടെ ഇടയിൽ കുഞ്ഞൻപിള്ള ചട്ടമ്പി എന്ന് അദ്ദേഹം അറിയപ്പെട്ടു. പിന്നീട് ആ പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്.
15 വയസ്സോടെ ഗുരുകുലം വിട്ട കുഞ്ഞൻ പിള്ള തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ പണിക്കുള്ള കല്ലും മണ്ണും ചുമക്കുന്ന പണിയിൽ ഏർപ്പെട്ടു. അതിനുശേഷം ആധാരം എഴുതുന്ന ജോലി കിട്ടി. പിന്നീട് കണക്കപ്പിള്ളയുമായി. അക്കാലത്ത് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ജ്ഞാനപ്രജാഗരം എന്ന ഒരു സംസ്കാരിക സമാജത്തിൽ അദ്ദേഹം സജീവമായി. അവിടെ കണ്ടുമുട്ടിയ പണ്ഡിതരുടെ സഹായത്തോടെ അദ്ദേഹത്തിന്റെ വിജ്ഞാന ചക്രവാളം വീണ്ടും വികസിച്ചു. സുന്ദരംപിള്ളയുടെ സഹായത്തോടെ തത്വചിന്തയും ഇംഗ്ലീഷും, തൈക്കാട്ട് അയ്യാവിന്റെ സഹായത്തോടെ വേദാന്ത ചിന്തയും ഹഠയോഗവും, സ്വാമിനാഥ ദേശികരുടെ സഹായത്തോടെ തമിഴും പഠിച്ചു.
അതിനുശേഷം തമിഴ്നാട്ടിലെ കല്ലട കുറിച്ചിയിൽ താമസിച്ചു അനേകം വിഷയങ്ങളിൽ അഗാധപാണ്ഡിത്യം നേടി.
അവിടെനിന്ന് തിരികെ എത്തി ഒരു സന്യാസിയെ പോലെ അദ്ദേഹം ജീവിച്ചു. കാവി വേഷം ധരിച്ചില്ല. ഒരു വെള്ളമുണ്ട് ഉടുത്തു, ഒന്ന് പുതച്ചു.
ധാരാളം വിഷയങ്ങളെക്കുറിച്ചുള്ള ധാരാളം പുസ്തകങ്ങൾ അദ്ദേഹം വായിക്കുമായിരുന്നു. അതോടൊപ്പം വിവിധ വിഷയങ്ങളെ സംബന്ധിക്കുന്ന നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിക്കുകയും ചെയ്തു. ക്രിസ്തുമത നിരൂപണം, വേദാധികാരനിരൂപണം, പ്രാചീന മലയാളം, അദ്വൈതചിന്താപദ്ധതി, ജീവകാരുണ്യനിരൂപണം തുടങ്ങി നിരവധി കൃതികൾ അദ്ദേഹത്തിന്റെതായി ഉണ്ട്.
അദ്വൈതവേദാന്ത ചിന്ത ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തിന്റെ അടിസ്ഥാനം. അതിന്റെ പേരിൽ ശങ്കരാചാര്യരെ അദ്ദേഹം ആദരിച്ചെങ്കിലും ബ്രാഹ്മണാധിപത്യത്തെ ഊട്ടി ഉറപ്പിച്ചതിന്റെ പേരിൽ ശങ്കരാചാര്യരെ അദ്ദേഹം എതിർത്തു. എല്ലാ മനുഷ്യരെയും എല്ലാ ജീവജാലങ്ങളെയും അദ്ദേഹം സമഭാവനയോടെ കണ്ടു.
ശ്രീനാരായണഗുരുവുമായി അദ്ദേഹം സൗഹൃദത്തിൽ ആയിരുന്നു. ജീവിതകാലം മുഴുവനും ആ സൗഹൃദം നീണ്ടു. എറണാകുളത്ത് വച്ച് സ്വാമി വിവേകാനന്ദനുമായി കണ്ട് സംസാരിക്കുവാൻ അവസരം ഉണ്ടായി.

ചട്ടമ്പിസ്വാമികളുടെ അനുയായികൾ എന്ന് അവകാശപ്പെടുന്നവർ അദ്ദേഹത്തിന്റെ ദർശനത്തിൽ നിന്നും വഴിമാറി പോയി എന്ന് ഗ്രന്ഥകർത്താവ് വിലപിക്കുന്നു.

ചട്ടമ്പിസ്വാമികളെപ്പറ്റി ലഭ്യമായ രേഖകൾ എല്ലാം സമാഹരിച്ച് വസ്തുതകളും കേട്ടുകേഴ്വികളും വേർതിരിച്ച്  നല്ല ഭാഷയിൽ ലളിതമായും സമഗ്രമായും എഴുതിയിരിക്കുന്ന ഒരു ജീവചരിത്രം ആണ് ഇത്. ചട്ടമ്പിസ്വാമികൾ എന്ന് മുമ്പ് പലപ്പോഴും പലയിടത്തും കേട്ടിട്ടുണ്ടെങ്കിലും ഈ പുസ്തകത്തിലൂടെയാണ് അദ്ദേഹത്തെ പറ്റി വ്യക്തമായ അറിവ് എനിക്ക് ലഭിക്കുന്നത്. അതും എന്റെ നാട്ടുകാരൻ തന്നെ എഴുതിയ ഒരു കൃതിയിലൂടെ.

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?