ബോധിഹീറ
നബിചരിതം കാണാക്കാഴ്ചകൾ
ഹിജാസുൽ ഹഖ് & സിദ്ധീഖ് പി. എ
മനുഷ്യമനസ്സുകളിൽ പ്രചാരത്തിലിരിക്കുന്നത് യഥാർത്ഥ നബിയല്ല, ഇസ്ലാമിക സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയായ ഒരു സാങ്കല്പിക നബിയാണ് എന്നതാണ് ഈ പുസ്തകത്തിന്റെ കേന്ദ്രവിഷയം. നബി തുടച്ചുനീക്കിയ അന്ധതയും അന്ധകാരവും പിൽക്കാലത്ത് നബിയുടെ കഴുത്തിൽ തന്നെ അണിയിക്കപ്പെട്ടു. ചിലർ നബിയെ അന്ധമായി വാനോളം പുകഴ്ത്തിയതിന്റെ ഫലമായി മറ്റു ചിലർ അദ്ദേഹത്തെ പൂഴിയോളം ഇകഴ്ത്തി. ചരിത്രത്തിൽ നിന്ന് യഥാർത്ഥ നബിയെ കണ്ടെടുക്കാനുള്ള ആത്മാർത്ഥമായ ഒരു ശ്രമമാണ് 'ബോധിഹിറ' എന്ന ഈ പുസ്തകത്തിൽ നടത്തിയിരിക്കുന്നത്.
ധ്യാനമനനങ്ങളിലൂടെ ഒരാൾ ബോധോദയം പ്രാപിക്കുമ്പോൾ, അയാൾ ഒരു പുതിയ ജീവിതദർശനം ഉൾക്കൊള്ളും. അത് ചുറ്റുപാടുമുള്ള അയാളുടെ സമൂഹത്തിന്റെ ജീവിതദർശനവുമായി ഏറ്റുമുട്ടാൻ ഇടയാകുന്നു. ഈ ഏറ്റുമുട്ടലിൽ പീഡിപ്പിക്കപ്പെടുവാനും പരാജയപ്പെടുവാനുമുള്ള സാധ്യത ഏറെയാണ്. പുതിയ ജീവിതദർശനത്തിന്റെ മഹിമ കണ്ടറിഞ്ഞ് അടുത്തു വരുന്നവരും പീഡിപ്പിക്കപ്പെടുന്നു. പീഡ സഹിക്കാനാവാതെ പുതിയ ജീവിതദർശനവും അതിന്റെ പ്രചാരകന്മാരും മണ്ണടിയാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഈ പീഡ അതിജീവിച്ച് മുന്നേറുവാൻ ഈ ജീവിതദർശനത്തിനായാൽ, ന്യൂനപക്ഷമായിരുന്ന അവർ ഭൂരിപക്ഷം ആയി മാറുകയും, രാഷ്ട്രീയ അധികാരം അവരുടെ കൈകളിൽ എത്തിച്ചേരുകയും ചെയ്യും. എന്നാൽ ആ അവസ്ഥയിൽ ആ ജീവിതദർശനം തന്നെ ഇല്ലാതെയായി പോകാനോ പരിവർത്തനപ്പെടാനോ ഉള്ള സാധ്യത വളരെയധികമാണ്. ലോകത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള എല്ലാ ജീവിതദർശനങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോഴും ഇത് കാണാവുന്നതാണ്. ഇസ്‌ലാമിന്റെ ചരിത്രത്തിൽ ഇത് വളരെ വ്യക്തമാണ്.
ആറാം നൂറ്റാണ്ടിൽ അറേബ്യയിൽ ജീവിച്ചിരുന്ന മുഹമ്മദ് എന്ന സത്യാന്വേഷിയായ യുവാവിന് ഒരു ബോധോദയം ഉണ്ടാകുന്നു. തനിക്കുണ്ടായ പുതിയ ജീവിതദർശനം മൂലം അദ്ദേഹത്തിനും സുഹൃത്തുക്കൾക്കും സ്വദേശക്കാരിൽ നിന്ന് പീഡകൾ ഏൽക്കേണ്ടി വരുന്നു. ഒരു പ്രവാചകനും സ്വദേശത്ത് സമ്മതനാവുകില്ല എന്ന പ്രമാണം യാഥാർഥ്യമായി. സ്വദേശത്ത് നിന്ന് ജീവരക്ഷാർത്ഥം ഓടിപ്പോകേണ്ടി വന്നു. പുതിയ സ്ഥലത്ത് അദ്ദേഹവും അദ്ദേഹത്തിന്റെ ജീവിതദർശനവും സ്വീകരിക്കപ്പെട്ടു. ജനപിന്തുണ ഏറിയതനുസരിച്ച് രാഷ്ട്രീയാധികാരവും ഏറി. അദ്ദേഹത്തെ തിരസ്കരിച്ച സ്വദേശക്കാർ പോലും അദ്ദേഹത്തെ സ്വീകരിക്കുവാൻ നിബന്ധിതരാകുന്നു. അദ്ദേഹത്തിന്റെ കാലശേഷം അന്നാട്ടിലെ മതവിശ്വാസാചാരങ്ങളുടെ മേൽ മുഹമ്മദ് നബിയെ സംബന്ധിച്ച ചില വിശ്വാസങ്ങൾ ചേർത്ത് ഇസ്ലാം മതം രൂപമെടുത്തു. അത് രാജമതമായി സ്വീകരിച്ച രാഷ്ട്രവും സാമ്രാജ്യവും ഉണ്ടായി. അക്കാലത്ത് രൂപമെടുത്ത മതലിഖിതങ്ങളും മതനിയമങ്ങളും മതവിശ്വാസങ്ങളും പിൻതലമുറകൾക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അങ്ങനെ മുഹമ്മദ് നബിയ്ക്കുണ്ടായിരുന്ന ജീവിതദർശനത്തിൽ നിന്ന് പാടേ വിഭിന്നമായി ഇസ്ലാം മതം മാറി. നബിയുടെ ജീവിതദർശനത്തിന്റെയോ പ്രബോധനങ്ങളുടെയോ മേലല്ല ഇസ്ലാം നിലകൊള്ളുന്നത്.
ഈ പുസ്തകത്തിന്റെ ഗ്രന്ഥകർത്താക്കളെപ്പറ്റി വിശദവിവരങ്ങളൊന്നും ഇതിൽ നൽകപ്പെട്ടിട്ടില്ല. ആളുകൾ അറിയേണ്ടത് നബിയെയാണ്, തങ്ങളെയല്ല എന്ന ബോധ്യത്തിൽ നിന്നാവണം നബിയെ ഏറെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഈ സത്യാന്വേഷികൾ പേര് മാത്രം നൽകിയിരിക്കുന്നത്. യഥാർത്ഥ നബിയെ പുറത്ത് കൊണ്ട് വന്നിരിക്കുന്ന വിലപ്പെട്ട ഈ ഗ്രന്ഥം രചിച്ച ഹിജാസുൽ ഹഖ്, സിദ്ധീഖ് പി. എ എന്നീ ധീരന്മാർ ഏറെ ആദരവും ബഹുമതിയും അർഹിക്കുന്നു.
Open House Publication, Malappuram, 2023
പേജ് 440 വില 580
Comments