അറിവ്
നാരായണ ഗുരുകുലം, വർക്കല
1993 പേജ് 70 വില രൂപ 45
സ്വാമി മുനി നാരായണ പ്രസാദ്
1938-ൽ തിരുവനന്തപുരത്തെ നഗരൂരിൽ ജനിച്ചു. 1970-ൽ PWD യിലെ എൻജിനീയർ ഉദ്യോഗം രാജിവെച്ച് സന്യാസിയായി. വർക്കലയിൽ ഗുരുകുലത്തിൽ നടരാജ ഗുരുവിന്റെ ശിഷ്യനായി. ഇപ്പോൾ ഗുരുകുലത്തിന്റെ അധ്യക്ഷനാണ്. ഛാന്ദോക്യം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, തൈത്തിരീയം, ഐതരേയം എന്നീ ഉപനിഷത്തുകൾ, ഭഗവദ്‌ഗീത, നാരായണഗുരുവിന്റെ പദ്യകൃതികൾ -- ഇവയ്‌ക്കെല്ലാം സ്വതന്ത്രമായ വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറോളം കൃതികൾ അദ്ദേഹത്തിന്റെതായുണ്ട്.
ശ്രീനാരായണ ഗുരു രചിച്ച അറിവ് എന്ന കാവ്യത്തിന്റെ ഒരു വ്യാഖ്യാനമാണ് ഇത്. അറിവിനെ കുറിച്ചുള്ള അറിവ് ആണ് 60 വരികൾ ഉള്ള ഈ ചെറു കാവ്യത്തിന്റെ വിഷയം.
അറിവിനെ കുറിച്ചുള്ള അറിവ് എത്രയും സമഗ്രമായി 15 സ്ലോകങ്ങൾ (60 വരികൾ) ഉള്ള ഈ കാവ്യത്തിൽ ശ്രീനാരായണഗുരു ഉൾക്കൊള്ളിച്ചിരിക്കുന്നു. വളരെ ആഴവും പരപ്പമുള്ള ഒരു വിഷയം എത്രയും ചുരുങ്ങിയ വാക്കുകളിൽ പറയാനാണ് ഗുരു ശ്രമിച്ചിരിക്കുന്നത്. അറിവ് എന്ന വാക്കിലാണ് 60 വരികളും ആരംഭിച്ചിരിക്കുന്നത്. ഗീതി എന്ന സംസ്കൃത വൃത്തമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ മലയാളഭാഷയിലെ വാക്കുകൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ഗുരുവിന്റെ മറ്റ് കൃതികളിൽ ധാരാളം സംസ്കൃതപദങ്ങളും ഉപയോഗിച്ചിട്ടുണ്ട്.
അറിവാണ് വിശ്വത്തെ ഭരിക്കുന്നത്. അറിവ് തന്നെയാണ് വിശ്വമായി രൂപം മാറിയിരിക്കുന്നതും. അറിവിന്റെ വിശ്വരൂപത്തെ പലകോണുകളിൽ നിന്ന് നോക്കി കാണുകയാണ് ഈ കൃതിയിൽ. അറിവിനെ സംബന്ധിക്കുന്ന പഠനത്തെ പാശ്ചാത്യ തത്വചിന്തയിൽ എപ്പിസ്റ്റമോളജി എന്ന് വിളിക്കുന്നു. എന്നാൽ ഭാരതീയ തത്വചിന്തയിലാകട്ടെ വേദാന്തം തന്നെ അറിവിനെ കുറിച്ചുള്ള പഠനമാണ്.
അറിവിനെക്കുറിച്ച് ഇത്ര ആഴത്തിലും പരപ്പിലും ഉള്ള മറ്റൊരു പഠനം ലോകത്തിലുള്ള ഒരു ദാർശനിക ചിന്താ പദ്ധതിയിലും കാണാനിടയായിട്ടില്ല എന്ന് ഗ്രന്ഥകർത്താവ് അവകാശപ്പെടുന്നു. ഒരു ചിന്താവിപ്ലവമാണ് ഈ കൃതിയിലൂടെ ശ്രീനാരായണഗുരു അവതരിപ്പിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.
ആദ്യത്തെ നാലുവരികൾ കാണുക:
അറിയപ്പെടുമിത് വേറ-
ല്ലറിവായിടും തിരഞ്ഞിടും നേരം അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും
ഓരോ ശ്ലോകവും ഓരോ അദ്ധ്യായത്തിൽ ഗ്രന്ഥകർത്താവ് വ്യാഖ്യാനിച്ചിരിയ്ക്കുന്നു
ഒരിക്കൽ ശ്രീ നടരാജഗുരു ഈ കൃതി തനിക്ക് ആദിയോടന്തം വായിച്ച് വ്യാഖ്യാനിച്ചു തന്നു എന്ന് ഗ്രന്ഥകർത്താവ് നന്ദിയോടെ സ്മരിക്കുന്നു.
മലയാളത്തിലാണ് ഈ കൃതിയെങ്കിലും ഇതിന്റെ ആശയസാന്ദ്രത നിമിത്തം ഇത് വായിച്ച് അർഥം ഗ്രഹിക്കുന്നത് ആർക്കും എളുപ്പമല്ല. ഇത്തരം കൃതികളിലെ ദാർശനിക രഹസ്യം വ്യാഖ്യാനങ്ങൾക്ക് എളുപ്പത്തിൽ വഴിപ്പെട്ട് തരികയില്ല എന്ന് മുനി നാരായണ പ്രസാദ് സമ്മതിക്കുന്നു. സ്വാമി നിത്യ ചൈതന്യയതി ഇതിന് വ്യാഖ്യാനം എഴുതിയിട്ടുണ്ട്. ആ വ്യാഖ്യാനത്തിന്റെ ഒരനുബന്ധമായി ഇതിനെ കണ്ടാൽ മതി എന്ന് ഗ്രന്ഥകർത്താവ് വിനയപൂർവ്വം സമ്മതിക്കുന്നു. ഇനിയും വ്യാഖ്യാനങ്ങൾ ഉണ്ടാകണം എന്നും അദ്ദേഹം ആഗ്രഹിക്കുന്നു.
വ്യാഖ്യാനം എത്രയും ലളിതമാക്കാൻ താൻ ശ്രമിച്ചിട്ടുണ്ട് എന്ന് ഗ്രന്ഥകർത്താവ് അവകാശപ്പെടുന്നു. എങ്കിലും വിഷയത്തിന്റെ സൂക്ഷ്മത ഭാഷയുടെ ലാളിത്യത്തിന് വഴങ്ങി തരികയില്ല എന്നും അദ്ദേഹം സമ്മതിക്കുന്നു.
അതോടൊപ്പം ഈ കൃതി ഓടിച്ചു വായിക്കാനുള്ളതല്ല എന്ന് അദ്ദേഹം വായനക്കാർക്ക് മുന്നറിയിപ്പ് നൽകുന്നു. ഓരോ ശ്ലോകവും പലയാവർത്തി വായിക്കുകയും അതിന്റെ വ്യാഖ്യാനം മനസ്സിരുത്തി വായിച്ച് മനസ്സിലാക്കുകയും ചെയ്യണം. ഒരു ശ്ലോകം മനസ്സിലാക്കിക്കഴിഞ്ഞു എന്ന് ബോധ്യപ്പെട്ടാൽമാത്രമേ അടുത്തതിലേക്ക് കടക്കാവൂ.
Comments