യേശുവും ക്രിസ്തുമതവും

എന്താണ് ക്രിസ്തുമതം? അത് എങ്ങനെ ഉണ്ടായി? യേശുവും ക്രിസ്തുമതവും തമ്മിലുള്ള ബന്ധം എന്താണ്?

ജനസംഖ്യ കൊണ്ട് ഇന്ന് ഏറ്റവും മുന്നിൽ നിൽക്കുന്ന മതം ക്രിസ്തുമതമായതുകൊണ്ട് അതിനെ സംബന്ധിക്കുന്ന ഈ പഠനം മനുഷ്യവർഗ്ഗത്തിന്റെ നിലനിൽപ്പിനെയും ഭാവിയെയും സംബന്ധിച്ച് വളരെ പ്രധാനമാണ്.

യേശുക്രിസ്തുവിലാണ് ക്രിസ്തുമതത്തിന്റെ തുടക്കം എന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഈ ധാരണ എത്രത്തോളം ശരിയാണ് എന്ന കാര്യത്തിൽ ഈ എഴുത്തുകാരന് സംശയമുണ്ട്.

ഒരു മനുഷ്യസമൂഹത്തിന്റെ ജീവിതവീക്ഷണവും അതിന്‍റെ അടിസ്ഥാനത്തില്‍ രൂപമെടുക്കുന്ന ജീവിതരീതിയുമാണ് മതം. ഭാഷപോലെ എപ്പോഴും പരിണമിച്ചു കൊണ്ടിരിക്കുന്നതാണ് മതം. നിലവിലിരിക്കുന്ന ഒരു മതത്തില്‍ നിന്ന് മാത്രമേ പുതിയൊരു മതമുണ്ടാകൂ. നിലവിലിരുന്ന യഹൂദമതത്തില്‍ നിന്നാണ് ക്രിസ്തുമതം രൂപമെടുത്തത്. യേശു അതിന് ഒരു നിമിത്തമായി എന്ന് മാത്രം.


ഒരു നദി പല ഉപനദികളായി പിരിയുന്നത് പോലെ നിലവിലിരുന്ന യഹൂദസമുദായം രണ്ട് സമുദായങ്ങൾ ആയി പിരിഞ്ഞതിൽ ഒന്നാണ് ക്രിസ്തുമതം
-- യഹൂദ സമുദായത്തിന്റെ ഒരു തുടർച്ച. യഹൂദ വിശ്വാസാചാരങ്ങൾ ക്രിസ്തുമതത്തിന്റെ പൈതൃകമായി തീർന്നു. യഹൂദ വിശുദ്ധ ഗ്രന്ഥം അതേപടി ക്രിസ്തു സമുദായം സ്വീകരിക്കുകയും അതിനോട് ഒരു രണ്ടാം ഭാഗം കൂട്ടിച്ചേർക്കുകയും ചെയ്തു. യഹൂദ സിനഗോഗുകളുടെ മാതൃകയില്‍ ക്രിസ്തീയ ദേവാലയങ്ങങ്ങള്‍ പണിതു. യഹൂദ ആരാധനക്രമങ്ങളും ആരാധനാരീതികളും ക്രിസ്തുസമുദായം അതേപടി സ്വീകരിക്കുകയും അതിൽ പിൽക്കാലത്ത് പരിഷ്കാരങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തുകയും ചെയ്തു.

ഒരു നദിയായി ഒഴുകിവന്ന യഹൂദസമുദായം രണ്ട് നദികളായി പിരിഞ്ഞത് എങ്ങനെ എന്നതാണ് ആദ്യം നമുക്ക് അന്വേഷിക്കേണ്ടത്. ആ സമുദായത്തിന്റെ ഭാഗമായാണ് യേശു ജനിച്ച് ജീവിച്ചത്. യേശുവിന്റെ ഉപദേശങ്ങളിൽ ആകൃഷ്ടരായി ഒരു വിഭാഗം ജനങ്ങൾ ക്രിസ്തുമതം എന്ന പുതിയ മതം രൂപീകരിച്ചു എന്ന ചിന്ത പ്രചാരത്തിലുണ്ട്. എന്നാൽ യേശു പഠിപ്പിച്ച കാര്യങ്ങൾ അധികമാർക്കും മനസ്സിലായില്ല എന്നുള്ളതാണ് സത്യം. അദ്ദേഹത്തിന്റെ അടുത്ത ശിഷ്യർ പോലും യേശുവിന്റെ കാഴ്ചപ്പാടും നിലപാടും വ്യക്തമായി ഗ്രഹിച്ചില്ല. യേശു അവർ കാത്തിരുന്ന മിശിഹായാണ് എന്ന് വിശ്വസിക്കുവാൻ എളുപ്പമായിരുന്നു. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ആ സമുദായത്തിൽ പിളർപ്പുണ്ടായത്. യേശു മിശിഹായാണ് എന്ന് വിശ്വസിച്ചവർ ക്രിസ്തുമതം ആയി പിരിഞ്ഞു. അത് വിശ്വസിക്കാഞ്ഞവർ യഹൂദരായി തുടർന്നു. പിൽക്കാലത്ത് ഇരുവിഭാഗങ്ങളിലും വിശ്വാസാചാരങ്ങളിൽ പല പരിഷ്കാരങ്ങളും കൂട്ടിച്ചേർക്കലുകളും നടന്നിട്ടുണ്ട്.

യേശുവും ക്രിസ്തുമതവും

യേശുവിനെപ്പറ്റിയുള്ള ചില വിശ്വാസങ്ങള്‍ ആയിരുന്നു എക്കാലവും ക്രിസ്തുമതത്തിന്റെ അടിസ്ഥാനം. യേശു മിശിഹാ അഥവാ ക്രിസ്തു ആണെന്ന് ഈ സമുദായം വിശ്വസിച്ചു. അധികം താമസിയാതെ യേശു ദൈവമാണെന്നും അവർ വിശ്വസിച്ചു. അതുകൊണ്ട് യേശുവിനെ യേശുവായി തന്നെ മനസ്സിലാക്കുവാനോ ഒരു മാതൃകാപുരുഷനായി സ്വീകരിക്കുവാനോ ഈ സമുദായത്തിന് സാധിച്ചിട്ടില്ല. പലപ്പോഴും ഈ സമുദായത്തിന് വെളിയിലുള്ളവർക്കാണ് യേശുവിനെ മനസ്സിലാക്കുവാൻ സാധിച്ചിട്ടുള്ളത്. യേശുവിന്റെ കാഴ്ചപ്പാടുമായോ നിലപാടുമായോ ഉപദേശങ്ങളുമായോ ക്രിസ്തുമതത്തിന് പറയത്തക്ക ബന്ധം ഒന്നുമില്ല.

ഇപ്പോൾ ഈ ലോകത്തെ ഭരിക്കുന്നത് ദൈവമല്ല സാത്താനാണ് എന്നും സാത്താനെ നീക്കുവാനായി ദൈവം അയക്കുന്ന ഒരു രാജാവ് താമസിയാതെ ലോകഭരണം ഏറ്റെടുക്കുമെന്നും അക്കാലത്ത് വിശ്വസിക്കപ്പെട്ടിരുന്നു . മിശിഹാ, ക്രിസ്തു എന്നീ വാക്കുകളാണ് ആ രാജാവിനെക്കുറിച്ച് പറയാൻ അവർ ഉപയോഗിച്ചിരുന്നത്. ഭരണം ഏറ്റെടുത്താൽ ഉടൻ നടക്കുന്നത് ഒരു ന്യായവിധിയാണ്. അതിൽ എല്ലാവരും ഇടതും വലതുമായി തിരിക്കപ്പെടും. ഇടത് വശത്താകാനും തീയിലേയ്ക്ക് വലിച്ചെറിയപ്പെടാനുമുള്ള സാധ്യത മനുഷ്യരെ ആകെ പരിഭ്രാന്തരാക്കി. ഇങ്ങനെ ആശയറ്റവരും പരിഭ്രാന്തരും ആയിരിക്കുന്ന ഒരു ജനതയുടെ നടുവിലേക്കാണ് ഒരു നല്ല വാർത്തയുമായി യേശു വരുന്നത് -- ദൈവം തന്നെയാണ് നമ്മുടെ ലോകത്തെ ഭരിക്കുന്നത്. നമ്മുടെ ജീവിതം ദുരിതപൂർണ്ണമായി ഇരിക്കുന്നത് നാം ദൈവത്തെ വിട്ടകന്നത് കൊണ്ടാണ്. അതിനുള്ള പരിഹാരം നാം ദൈവത്തിങ്കലേക്ക് മടങ്ങി വരിക എന്നുള്ളതാണ്.

ഈ നല്ല വാർത്തയിലൂടെ അന്നവിടെ നിലവിൽ ഉണ്ടായിരുന്ന പല ധാരണകളെയും യേശു നിരാകരിച്ചു. ഇപ്പോൾ സാത്താൻ ഭരിക്കുന്നു, മിശിഹാ വരും, ഒരു ന്യായവിധി ഉണ്ടാകും -- ഈ ധാരണകളെയെല്ലാം യേശു ചവറ്റുകൊട്ടയിൽ തള്ളി.

യേശു തള്ളിയെങ്കിലും ഈ ധാരണകളെ മാറോട് ചേർത്ത് പിടിച്ച ഒരു കൂട്ടം ആളുകൾ ആ നാട്ടിൽ ഉണ്ടായിരുന്നു. മിശിഹാ വരും എന്ന് മാത്രമല്ല യേശു തന്നെയാണ് ആ മിശിഹാ എന്നും അവർ വിശ്വസിച്ചു. താമസിയാതെ അവർ യേശുവിനെ ദൈവസിംഹാസനത്തിലേക്ക് ഉയർത്തി. എന്നാൽ അവർ യേശു എന്ത് പഠിപ്പിച്ചു എന്ന് അറിയുവാൻ മെനക്കെട്ടില്ല. യേശുവിനെ ഒരു മാതൃകാപുരുഷനായി കണ്ട് യേശുവിനെപ്പോലെ ജീവിക്കാനുള്ള അവസരവും അവർ നഷ്ടപ്പെടുത്തി.

യേശു മിശിഹാ ആണെന്നും ദൈവം ആണെന്നും ഉള്ള അവരുടെ വിശ്വാസങ്ങൾ അവർ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. മൂന്ന് നൂറ്റാണ്ടുകൾക്കകം അവർ റോമാ സാമ്രാജ്യത്തിലെ രാജകീയമതമായി തീർന്നു. അതേതുടർന്ന് ഒരു സഹസ്രാബ്ദത്തോളം ജനത്തിന് ചിന്താസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് യൂറോപ്പിനെ അന്ധകാരത്തിൽ നിലനിർത്തി. അതിനുശേഷം യൂറോപ്യൻ രാജ്യങ്ങൾ ലോകമെങ്ങുമുള്ള അവരുടെ കോളനികളിൽ ഈ മതം പ്രചരിപ്പിച്ചുമറ്റ് മതങ്ങളോട് മല്ലടിച്ചുകൊണ്ട് അത് ഇന്ന് ലോകത്തിൽ നിലനിൽക്കുന്നു.

എന്നാൽ യേശു പരത്തിയ അറിവിന്റെ വെളിച്ചം പല മാർഗങ്ങളിലൂടെയും പല ആളുകളിലൂടെയും ഇന്നും ലോകത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നു എന്ന് വേണം കരുതാൻ. യേശുവിന്റെ ഉപദേശങ്ങളും യേശു ചെയ്ത കാര്യങ്ങളും രേഖപ്പെടുത്തുവാനുള്ള ശ്രമങ്ങളിൽ നിന്നാണ് മത്തായി, മർക്കോസ്, ലൂക്കോസ് എന്നീ സുവിശേഷങ്ങൾ വിരചിതമായത്. യേശുവിന്റെ ഉപദേശങ്ങൾക്ക് ക്രിസ്തുമതം തീരെ പ്രാധാന്യം നൽകിയില്ലെങ്കിലും ഈ സുവിശേഷങ്ങളിലൂടെ ധാരാളം ആളുകൾ ചരിത്രത്തിൽ ഉടനീളം യേശുവിന്റെ ഉപദേശങ്ങൾ സ്വായത്തമാക്കുവാൻ ഇടയായിട്ടുണ്ട്. അത്തരത്തിൽ യേശുവിന്റെ ഉപദേശം സ്വായത്തമാക്കുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്ത ഒരാളാണല്ലോ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി. "ഇന്ത്യയിൽ ഒരു ക്രിസ്ത്യാനിയേ ഉള്ളൂ, അത് ക്രിസ്തുമതത്തിൽ പെട്ട ആളല്ല". പൗലോസ് മാർ ഗ്രിഗോറിയോസ് എന്ന ഇന്ത്യക്കാരനായ ക്രിസ്ത്യൻ ബിഷപ്പിന്റെ പ്രസ്താവനയാണ് ഇത്. അഖിലലോകസഭാകൗൺസിലിന്റെ ആസ്ഥാനത്ത് വെച്ച് നടത്തിയ ഒരു പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. " ഞാൻ സ്വർഗ്ഗത്തിൽ എത്തുമ്പോൾ മഹാത്മാഗാന്ധിയെ ഞാനവിടെ അന്വേഷിക്കും, അദ്ദേഹം അവിടെയില്ലെങ്കിൽ ഞാനും ആ സ്വർഗം വേണ്ടെന്നുവയ്ക്കും. " മാരാമൺ കൺവെൻഷനിൽ പ്രശസ്ത മിഷനറിയായിരുന്ന സ്റ്റാൻലി ജോൺസ് പറഞ്ഞ വാചകമാണിത്. ഇന്ത്യയിലെ ശ്രീരാമകൃഷ്ണ പരമഹംസർ എന്ന യോഗി വര്യനും സിക്കു മതത്തിന്റെ ആചാര്യന്മാരും യേശുവിന്റെ പ്രകാശം കണ്ടവരാണ്.

യേശുവിന്റെ ഉപദേശങ്ങൾക്ക് പ്രാധാന്യം കൊടുത്ത പലരും ക്രിസ്തുമതത്തിന്റെ ഒരു ഭാഗമാകാതെ യഹൂദരായി തന്നെ തുടർന്നു എന്ന് കണ്ടല്ലോ. യേശുവിന്റെ വെളിച്ചം ആ സമുദായത്തിൽ പരക്കുവാൻ അത് കാരണമായി എന്ന് വിചാരിക്കണം. ഇന്നത്തെ യഹൂദമതം യേശുവിനെ ഒരു പ്രവാചകനായി കരുതി ആദരിക്കുന്നു.

യേശുവിനെ തങ്ങളുടെ അതിപ്രധാനപ്പെട്ട ഒരു പ്രവാചകനായി ഇസ്ലാം മതം അംഗീകരിക്കുന്നു. യേശുവിനെ ഒരു ദേവനായി അഥവാ ഒരു ദൈവാവതാരമായി സ്വീകരിക്കുവാൻ ഹിന്ദുമതത്തിന് സന്തോഷമേയുള്ളൂ.

ഇന്ന് ലോകത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന നന്മയുടെ ചില പ്രകാശരശ്മികളുടെ ഉറവിടം യേശുവാണ് എന്ന് കണ്ടെത്താവുന്നതാണ്. ക്രിസ്തുമതത്തിന്റെ പുറത്തും ഉള്ളിലും ഈ നന്മയുടെ രശ്മികൾ പരക്കുന്നുണ്ട്. യേശുവിനെ മാതൃകയാക്കി യേശുവിന്റെ കാലടികൾ പിൻപറ്റുന്ന ആളുകൾ എപ്പോഴും ക്രൂശിക്കപ്പെട്ടിട്ടുണ്ട്. യേശുവിനെ പിൻപറ്റുന്നവർ ക്രൂശിക്കപ്പെടാൻ ഉള്ള സാധ്യത വളരെ കൂടുതലുള്ളത് ക്രിസ്തുമതത്തിന്റെ ഉള്ളിൽ തന്നെയാണ്. വില്യം ടിൻഡെയിൽ എന്ന ചെറുപ്പക്കാരനെ 42 മത്തെ വയസ്സിൽ ക്രിസ്തുമതം കഴുത്തു ഞെരിച്ചു കൊന്നത് അദ്ദേഹം വേദപുസ്തകം ഇംഗ്ലീഷ് ഭാഷയിലേക്ക് തർജ്ജമ ചെയ്തു എന്ന കുറ്റത്തിനാണ്.

യേശുവിന്റെ കാലത്തെ യഹൂദമതത്തിന്റെ തുടർച്ചയായി ക്രിസ്തുമതം ലോകത്തിൽ നിലനിൽക്കുന്നു. അവരുടെ കൂട്ടത്തിലെ തീവ്രവാദികൾ കടലും കരയും ചുറ്റി നടന്നു മനുഷ്യരെ മതത്തിൽ ചേർക്കുന്നു. ചേർന്ന ശേഷം അവരെ തങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യരും ആകുന്നു.

യേശുവിന്റെ ദിവ്യമായ പ്രകാശം കഴിഞ്ഞ 2000 വർഷങ്ങളായി പല ആളുകളിലൂടെയും പല മാർഗങ്ങളിലൂടെയും ലോകത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ യേശുവിന്റെ പേരിൽ നിലനിൽക്കുന്ന ക്രിസ്തുമതം ആ പ്രകാശത്തെ പരത്തുന്നില്ല എന്ന് മാത്രമല്ല ആ പ്രകാശത്തെ നിർമാർജനം ചെയ്യുന്ന ഒരു വലിയ അന്ധകാരശക്തിയായി പ്രവർത്തിക്കുകയും ചെയ്യുന്നു.

സമാപനം 

 മണലിന്മേൽ പണിത കെട്ടിടം പോലെയാണ് ക്രിസ്തുമതം. യേശുവിനെ കുറിച്ചുള്ള വിശ്വാസങ്ങളാകുന്ന മണലിന്മേൽ അത് പണിയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് കൊടുങ്കാറ്റുകളെ പ്രതിരോധിക്കാനുള്ള ശേഷി അതിനില്ല. യേശുവിനെ കുറിച്ചുള്ള വിശ്വാസങ്ങൾ എന്ന മണലിന്റെ സ്ഥാനത്ത് യേശുവിന്റെ പ്രബോധനങ്ങൾ ആകുന്ന പാറ സ്ഥാപിക്കാൻ സാധിച്ചാൽ ക്രിസ്തുമതത്തിന്റെ ഭാവി മറ്റൊന്നാകും.


Comments

Hijasul haqq said…
This comment has been removed by a blog administrator.
Hijasul Haqq said…
ഇസ്ലാം മതത്തെ കുറിച്ചും മുഹമ്മദ്‌ നിബിയെ കുറിച്ചും ഇതിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണ്. എന്റെ കണ്ടെത്തലുമായി വളരെ അടുത്താണിവ.
ക്രിസ്തു മതത്തെ പറ്റി എഴുതിയവ eye opening ആണ്. Thank you for sharing this🌹
mathew said…
എന്റെയും മനസ്സിലൂടെ പോയ ആശയങ്ങൾ !
ശ്രീ യേശുവിനെ കാലം ക്രിസ്തുവാക്കി. എനിക്കിഷ്ടം മനുഷ്യനായ യുവാവായ യേശുവിനെയാണ്.
Unknown said…
നല്ലൊരു അറിവ് പകരുന്ന എഴുത്ത്ന :ന്നായി എഴുതി
Mathew Motty said…
Dear John sir,

I read through twice. This is the real TRUTH!

As you have rightly said there are more people outside our religion who have experienced Jesus.

Long ago I was admonished when I argued that "Holy Mary mother of Jesus" is certainly more real than "Mother of God"!

Isn't the Church making a God of Jesus' mother as well ?

I am passing on the article.

Thank you for sharing 🙏🏻

Motty
Dr. M. C. Joseph said…
Dear John sir,
What I understand on the present Christian world is that it is deviating
from the path cleared by Jesus for our salvation.
People who understand the teaching of Jesus follow Him.
Others who are unable to grasp his teachings, flow as per the natural flow, that is superficial and they resort to rituals and celebrations only, and satisfied with it. They do not grasp the essentials of Christianity.
Why people are so divided, seen in all religions, God alone knows!
Excellent writing ��.

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം