ദൈവം എന്ന ദുരന്ത നായകൻ
ഡിസി ബുക്സ് 2021
വില 180 രൂപ പേജ് 165
ഗ്രന്ഥകർത്താവ്: പി പി പ്രകാശൻ
ജനനം കണ്ണൂർ ജില്ലയിൽ. മലയാളസാഹിത്യത്തിൽ പി എച്ച് ഡി നേടി. സ്കൂളിലും കോളേജിലും അധ്യാപകനായിരുന്നു. ഇപ്പോൾ സംസ്ഥാന ഹയർസെക്കൻഡറി വകുപ്പ് ജോയിൻ ഡയറക്ടറായി പ്രവർത്തിക്കുന്നു.
അദ്ദേഹത്തിന്റെ ആദ്യ നോവലാണ് ദൈവം എന്ന ദുരന്ത നായകൻ. ഇത് കേരള ഫോക്ലോർ അക്കാദമി അവാർഡ് നേടുകയുണ്ടായി. ബാലചന്ദ്രൻ ചുള്ളിക്കാട് ഇതിന് അവതാരിക രചിച്ചിരിക്കുന്നു.
കണ്ണൂരിൽ ജനിച്ചു വളർന്ന എഴുത്തുകാരൻ തനിക്ക് നേരിട്ട് അറിയാവുന്ന സ്വന്തം നാട് പശ്ചാത്തലമാക്കിയാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. മൂന്ന് കഥാപാത്രങ്ങളാണ് പ്രധാനമായും ഈ കഥയിൽ ഉള്ളത്. ഹൈദരാബാദ് ഐ ഐ റ്റി യിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ പ്രശാന്ത് ആണ് കഥ പറയുന്നത്. എല്ലാവർഷവും വിഷുവിന്റെ സമയത്ത് അഞ്ചുദിവസത്തേക്ക് അദ്ദേഹം സ്വദേശത്ത് പാലോട്ട് കാവിലെ ഉത്സവത്തിൽ പങ്കുചേരും. അങ്ങനെ ഒരു യാത്രാവേളയിൽ അദ്ദേഹത്തിന്റെ ഓർമ്മയിലൂടെ ആണ് കഥ വിടരുന്നത്. അദ്ദേഹത്തിന്റെ അച്ഛനാണ് കഥയിലെ പ്രധാന കഥാപാത്രം, ഒപ്പം അമ്മയുമുണ്ട്.
ഓർമ്മ വച്ച കാലം മുതൽ പാലോട്ടുകാവിലേക്കുള്ള വഴി മുഴുവൻ തെയ്യക്കാരനായ അച്ഛനോടൊപ്പം നടന്നുതീർത്ത വ്യക്തിയാണ് പ്രശാന്ത്.
അച്ഛന്റെ പേര് രാമൻ. പതിന്നാലാമത്തെ വയസ്സിൽ പാലോട്ട് കാവിലെ തെയ്യം ആകാൻ തെരഞ്ഞെടുക്കപ്പെട്ടു. 28 വർഷക്കാലം അവിടുത്തെ തെയ്യമായി തുടർന്നു. തെയ്യത്തിൽ ജനിച്ച് തെയ്യത്തിൽ വളർന്ന് തെയ്യത്തിൽ തന്നെ അവസാനിച്ച അച്ഛന്റെ ജീവിതമത്രയും കാവിനകത്താണ് ഉരുകിത്തീർന്നത്.
ജാതിഘടനയിൽ കീഴ്സ്ഥാനത്തെന്നു വിധിക്കപ്പെട്ടവരാണ് തെയ്യം കെട്ടുന്നവർ. തെയ്യം ദൈവം തന്നെ. കാവിലെ ഭഗവതിമാർ ഉത്സവ നാളിൽ തെയ്യമായി ദേശക്കാരോട് അവരുടെ ഭാഷയിൽ സംസാരിക്കും. എല്ലാ ജാതി വിഭാഗങ്ങളും തെയ്യത്തെ തൊഴും, അനുഗ്രഹം വാങ്ങും. കോലമഴിച്ചാൽ തെയ്യക്കാരൻ പിന്നെയും അയിത്തക്കാരനാവും. തികഞ്ഞ കലാകാരന്മാരാണ് ഒരോ കോലക്കാരും. ചിത്രമെഴുത്തും ശില്പവേലയും നൃത്തവും അഭിനയവും ഒത്തുചേരുന്ന ഒരാൾ. ഒരേസമയം മനുഷ്യനായും ദൈവമായും കെട്ടിയാടേണ്ട ഈ മനുഷ്യരുടെ ജീവിത സംഘർഷങ്ങളാണ് പി.പി.പ്രകാശൻ നോവലിൽ വരച്ചിട്ടിരിക്കുന്നത്.
ശിവന് ശക്തി പോലെയായിരുന്നു രാമന് തന്റെ പത്നി. ജീവിതകാലമത്രയും തന്റെ ഭർത്താവിന്റെ ശക്തിയായി അവർ നിലകൊള്ളുന്നു. പത്നി മൺമറഞ്ഞു കഴിഞ്ഞപ്പോൾ പിന്നെ തുടരാൻ രാമന് കഴിയുന്നില്ല. ആ ദേവ നർത്തകൻ കാലിടറി വീണു. അവിടെ ആ ദുരന്ത നാടകത്തിന് തിരശ്ശീല വീഴുന്നു.
ഈ അടുത്തകാലത്ത് കണ്ണൂർ സന്ദർശിച്ചപ്പോൾ തെയ്യവും കാണാനിടയായി. എന്നാൽ അവിടെ ലഭിച്ചത് ബാഹ്യമായ ഒരു കാഴ്ച മാത്രമാണ്. ഈ നോവൽ വായിച്ചപ്പോൾ അവിടുത്തെ മനുഷ്യജീവിതത്തിന്റെ പശ്ചാത്തലത്തിൽ തെയ്യത്തെ അതിന്റെ ആഴമായ അർത്ഥതലങ്ങളിൽ അടുത്ത് കാണുവാൻ ഇടയായി.
Comments