മീനച്ചിലാറും ഓർമ്മകളും
ജോളി നിമ്മി
പ്രസിദ്ധീകരണം: Jesus Friends
പേജ് 498 വില ₹500 രൂപ
ഈ ഗ്രന്ഥത്തിന്റെ എഴുത്തുകാർ ജോളി വർഗീസും സഹധർമ്മിണി നിമ്മിയും ആണ്. കോട്ടയം നാഗമ്പടത്താണ് അവരുടെ സ്ഥലം. ഇന്റീരിയർ ഡിസൈനിങ്ങിൽ സ്വന്തമായി ബിസിനസ് ചെയ്യുന്നു. Jesus Friends എന്ന ഒരു ജീവകാരുണ്യ സംഘടന സ്ഥാപിച്ച് പ്രവർത്തിക്കുന്നു.
ജോർജ് കുറ്റിക്കൽ അച്ഛന്റെ സ്മരണയ്ക്കായി ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നു. ജസ്റ്റിസ് കെ റ്റി തോമസ് ഇതിന് അവതാരിക എഴുതിയിരിക്കുന്നു. വിവിധ സഭകളുടെ അധ്യക്ഷന്മാരെ കൂടാതെ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പി യു തോമസ് എന്നിവർ ഈ പുസ്തകത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നു.
ജോളി നിമ്മി ദമ്പതികളുടെ ആത്മകഥയാണ് ഈ പുസ്തകം എന്ന് പറയാം. എങ്കിലും തങ്ങളുടെ ജീവിതത്തിലെ ഓർമ്മിക്കത്തക്കവയും ഹൃദയസ്പർശിയുമായ 50 സംഭവങ്ങളുടെ രൂപത്തിലാണ് ഇത് എഴുതിയിരിക്കുന്നത്. 500 പേജുകളിലായി ഈ 50 സംഭവങ്ങൾ നല്ല ഭാഷയിൽ രചിച്ചിരിക്കുന്നു. ഞാൻ വളരെ താല്പര്യപൂർവ്വം ഏതാണ്ട് ഒരു മാസം കൊണ്ട് എല്ലാ സംഭവങ്ങളും വായിച്ചു.
സമൂഹത്തിന്റെ ഏറ്റവും താഴത്തെ തട്ടിൽ നിന്ന് ജീവിതം ആരംഭിച്ച ആളാണ് ജോളി. താൻ ഒരു ചുമട്ടുതൊഴിലാളിയും ഓട്ടോ ഡ്രൈവറും ഒരു ഗുണ്ടായും ഒരു തൊഴിലാളി യൂണിയൻ പ്രവർത്തകനും ഒക്കെയായിരുന്നു എന്ന് പറയാൻ അദ്ദേഹത്തിന് ഒട്ടും മടിയില്ല. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ധ്യാനമാണ് ജീവിതത്തെ മാറ്റിമറിച്ചത്. ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായി, ലക്ഷ്യബോധം ഉണ്ടായി. അവിടെവച്ച് യേശുവിന്റെ സ്നേഹം അനുഭവിച്ചറിഞ്ഞെന്നും അതൊരു ആത്മീയ ലഹരിയായി ഉള്ളിൽ കത്തിത്തുടങ്ങി എന്നും എഴുത്തുകാരൻ പറയുന്നു. തുടർന്ന് യേശുവിനെ ലോകത്തിന് കാട്ടിക്കൊടുക്കുന്ന ഒരു ജീവിതം ജീവിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. ജീവിതപങ്കാളിയായി ലഭിച്ച നിമ്മിയും സമാന ചിന്താഗതിക്കാരി ആയിരുന്നു. അവർ ഒന്നിച്ച് കൈകോർത്ത് പിടിച്ചുകൊണ്ട് ഒരു ജീവിതഗാഥ രചിച്ചു. ഒടുവിൽ തങ്ങളുടെ ഇതിഹാസ സമാനമായ ജീവിതത്തെ എല്ലാവർക്കും വായിക്കുവാൻ വേണ്ടി പുസ്തകരൂപത്തിൽ ആക്കുകയും ചെയ്തിരിക്കുന്നു.
തന്റെ അനുഭവങ്ങൾ ഇതുപോലെ എഴുതുവാൻ പ്രചോദനം നൽകിയത് ജോർജ് കുറ്റിക്കൽ അച്ഛനായിരുന്നുവെന്ന് ജോളി വർഗീസ് നന്ദിയോടെ സ്മരിക്കുന്നു. ഈശോയെയും ഈശോയുടെ സ്നേഹത്തെ ലോകത്തിന് പ്രത്യക്ഷമാക്കുന്ന പുരോഹിതന്മാരെയും വളരെ മോശമായി ചിത്രീകരിക്കുന്ന ചില സിനിമകൾ കാണാനിടയായതാണ് ഈ പുസ്തക രചനയ്ക്ക് പിന്നിലുള്ള മറ്റൊരു കാരണം.
ചുമട്ടുതൊഴിലാളികളുടെയും ഓട്ടോ ഡ്രൈവർമാരുടെയും ഗുണ്ടകളുടെയും രാഷ്ട്രീയ യൂണിയൻകാരുടെയും ലോകത്തിലാണ് ഈ സംഭവങ്ങളെല്ലാം നടക്കുന്നത്. ഇവരുടെ കൂട്ടത്തിലുള്ള ഒരാൾ പിന്നീട് ഓർമ്മകൾ എഴുതുക, ലോകസമക്ഷം അവതരിപ്പിക്കുക -- അത് വളരെ വിരളമായി മാത്രം നടക്കുന്ന ഒരു സംഗതിയാണ്. ഒരു അധോലോകം എന്ന് വിളിക്കപ്പെടാവുന്ന ഈ സമൂഹത്തിനുള്ളിലെ മനുഷ്യന്റെ പ്രശ്നങ്ങളും ദുഃഖങ്ങളും കലഹങ്ങളും സന്തോഷങ്ങളും എല്ലാം പച്ചയായി വിവരിച്ചിരിക്കുന്നു.
ജോളി നിമ്മി ദമ്പതിമാർക്ക് എങ്ങനെ ജീവിക്കുന്ന യേശുവായി ഇങ്ങനെയുള്ള മനുഷ്യർക്കിടയിൽ ജീവിക്കാനും പ്രവർത്തിക്കാനും സാധിച്ചു എന്നാണ് ഈ സംഭവങ്ങളിലെല്ലാം നാം കാണുന്നത്. അനേക ജീവിതങ്ങളെ അവർ സ്പർശിച്ചു. തിന്മയിൽ നിന്ന് നന്മയിലേക്കുള്ള ഒരു രൂപാന്തരം ആ ജീവിതങ്ങളിൽ എല്ലാം സംഭവിച്ചു. ഈ പുസ്തകത്തിലെ ഓരോ സംഭവവും ഓരോ പേജും നമ്മെ അതിശയിപ്പിക്കുന്നു. ഇതൊക്കെ സങ്കല്പ കഥകളല്ല യഥാർത്ഥത്തിൽ നടന്ന സംഭവങ്ങൾ ആണ് എന്ന് വിശ്വസിക്കുവാൻ ആർക്കും പ്രയാസം തോന്നും. സഹജീവികൾക്ക് നന്മ ചെയ്യാൻ മാത്രമാണ് അവർ എപ്പോഴും ശ്രമിച്ചത്, ആരെയും മതം മാറ്റാൻ ശ്രമിച്ചില്ല. തിന്മ നിറഞ്ഞ നമ്മുടെ ലോകത്തിൽ നന്മയുടെ പ്രകാശം പരത്തുന്ന ആളുകൾ ചുരുക്കമായിട്ടാണെങ്കിലും ഉണ്ട് എന്നുള്ളത് നമുക്ക് ഏറെ സന്തോഷവും ആശ്വാസവും നൽകുന്നു. തിന്മയുടെ ആധിക്യമുണ്ടെങ്കിലും ലോകം നശിച്ചു പോകാതിരിക്കുന്നത് ഇങ്ങനെയുള്ള ആളുകളുടെ സാന്നിധ്യം കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു.
ഓർത്തെടുത്ത എല്ലാ സംഭവങ്ങളും 500 പേജ് ഉള്ള ഈ പുസ്തകത്തിൽ ഒതുക്കാൻ സാധിക്കാഞ്ഞത് കൊണ്ട് ഇതിന്റെ ഒരു രണ്ടാം ഭാഗം താമസിയാതെ ഇറങ്ങും എന്ന് പുസ്തകത്തിന്റെ ഒടുവിൽ പറഞ്ഞിരിക്കുന്നു.
ഈ പുസ്തകങ്ങൾ ധാരാളം പേർ വായിക്കുകയും, ലോകത്തിൽ നന്മയുടെ പ്രകാശം പരത്തുന്ന സുവർണ്ണ ഗോളങ്ങളായി അവ മാറുകയും ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.
ജോൺ കുന്നത്ത്
കോട്ടയം
മാർച്ച് 2023
Comments