അഭിപ്രായസ്വാതന്ത്ര്യവും അഭിപ്രായസമന്വയവും

 മനുഷ്യന് സ്വാതന്ത്ര്യമുള്ളിടത്ത് അഭിപ്രായ സ്വാതന്ത്ര്യവും ഉണ്ടാകും. അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്തയിടത്ത് അടിമത്തമാണ് ഉള്ളത്. അഭിപ്രായസ്വാതന്ത്ര്യം ഉള്ള മനുഷ്യർ ഒരുമിച്ച് ജീവിക്കുമ്പോൾ, പ്രവർത്തിക്കുമ്പോൾ, അവർക്കിടയിൽ അഭിപ്രായഭിന്നത സ്വാഭാവികമായി ഉണ്ടാകും. അഭിപ്രായഭിന്നതകൾ പരിഹരിക്കപ്പെടുകയും അവർക്കിടയിൽ അഭിപ്രായസമന്വയം ഉണ്ടാവുകയും വേണം. അല്ലാത്തപക്ഷം ഒന്നിച്ച് ജീവിക്കാനും പ്രവർത്തിക്കാനും സാധിക്കാതെ വരും.

 ഒരു ലളിതമായ ഉദാഹരണം കാണാം : ഒരു കുട്ടിക്ക്‌ സ്കൂളിൽ പോകാൻ പ്രായമായി. മാതാപിതാക്കളിൽ ഒരാൾ കുട്ടിയെ ഇംഗ്ലീഷ് മീഡിയത്തിൽ വിടണം എന്ന് അഭിപ്രായപ്പെടുന്നു. മറ്റേയാളാകട്ടെ കുട്ടിയെ മലയാളം മീഡിയത്തിൽ വിടണം എന്ന് അഭിപ്രായപ്പെടുന്നു. അവിടെ രണ്ടു പേർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട് എന്നുള്ളത് ഒരു നല്ല കാര്യമാണ്. എന്നാൽ അവരുടെ അഭിപ്രായങ്ങൾ ഭിന്നമായിരിക്കുമ്പോൾ, അവർക്ക് മുന്നോട്ടു പോകാൻ സാധിക്കാതെ വരുന്നു.


 കുടുംബങ്ങളിൽ മാത്രമല്ല ജോലി സ്ഥലത്ത്, വലിയ സമൂഹങ്ങളിൽ, മതരംഗത്ത്, രാഷ്ട്രീയത്തിൽ, അന്താരാഷ്ട്ര തലത്തിൽ-- എല്ലായിടത്തും അഭിപ്രായഭിന്നതകൾ സാധാരണയാണ്. വലിയ ചില അഭിപ്രായഭിന്നതകളുടെ ഉദാഹരണങ്ങൾ കാണാം:

 നമ്മുടെ നാട്ടിൽ വലിയ ഒരു അഭിപ്രായഭിന്നത പശുവിന്റെ പേരിലാണ്. ചിലരെ സംബന്ധിച്ചിടത്തോളം പശു ഒരു വിശുദ്ധ മൃഗമാണ്. പശു ആദരിക്കപ്പെടണം, ആരാധിക്കപ്പെടണം. യാതൊരു കാരണവശാലും പശുവിനെ കൊന്നു തിന്നാൻ പാടില്ല. മറ്റൊരു കൂട്ടരെ സംബന്ധിച്ചിടത്തോളം പശു ആടിനെ പോലെ ഒരു മൃഗമാണ്. ആടിനെ കൊന്നു തിന്നാമെങ്കിൽ പശുവിനെയും കൊന്നു തിന്നാം.

 പാശ്ചാത്യനാടുകളിൽ നിലവിലുള്ള വലിയ ഒരു അഭിപ്രായഭിന്നത ഭ്രൂണഹത്യയെ കുറിച്ചാണ്. കുഞ്ഞ് മാതാവിന്റെ ഉദരത്തിൽ ഉരുവാകുമ്പോൾ തന്നെ അത് ഒരു മനുഷ്യ വ്യക്തിയാണ്, അതിനെ ഇല്ലാതാക്കുന്നത് കൊലപാതകം തന്നെ. ഇങ്ങനെ ചിന്തിക്കുന്നവർ ധാരാളം ഉണ്ട്. കുഞ്ഞു മാതാവിന്റെ വയറ്റിൽ കിടക്കുന്നിടത്തോളം അത് മാതാവിന്റെ ശരീരത്തിന്റെ ഒരു ഭാഗമാണ്. അതിനെ എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള അവകാശം മാതാവിന് ഉണ്ടായിരിക്കണം. ഇങ്ങനെ ചിന്തിക്കുന്നവരും ധാരാളമാണ്.


 വ്യക്തിബന്ധങ്ങൾ രണ്ടു തരത്തിലുണ്ട് - vertical, horizontal. മാതാപിതാക്കളും മക്കളും തമ്മിൽ, അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ, മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിൽ -- ഇവയെല്ലാം vertical ബന്ധങ്ങളുടെ ഉദാഹരണങ്ങളാണ്. ഈ ബന്ധങ്ങളിൽ മുകളിലുള്ളവരുടെ അഭിപ്രായങ്ങൾക്ക് താഴെയുള്ളവരുടെ അഭിപ്രായങ്ങളെക്കാൾ സ്വാഭാവികമായി മുൻതൂക്കം ലഭിക്കുന്നു. ഭാര്യാഭർത്താക്കന്മാർ, സഹോദരങ്ങൾ, സഹപ്രവർത്തകർ ഇങ്ങനെ ഉള്ളവർക്ക് ഇടയിലുള്ളത് horizontal ബന്ധമാണ്. ഇങ്ങനെയുള്ള ബന്ധങ്ങളിൽ അഭിപ്രായഭിന്നത ഉണ്ടാകുമ്പോൾ പലപ്പോഴും ഒരാൾ തന്റെ അഭിപ്രായം മറ്റെയാളിന്റെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. തൽഫലമായി ഒരാൾ മറ്റൊരാൾക്ക് മനസ്സില്ലാമനസ്സോടെ വഴങ്ങിക്കൊടുക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു.


 അഭിപ്രായസ്വാതന്ത്ര്യം നിലനിർത്തണം, അതേസമയം അഭിപ്രായ സമന്വയം സാധ്യമാവുകയും വേണം. ഇതിനുള്ള മാർഗമാണ് ജർമൻ തത്വചിന്തകനായ ഹേഗൽ മുന്നോട്ടുവച്ച ഫോർമുല -- തീസിസ്, ആന്റിതീസിസ്, സിന്തസിസ്.


 മാതാപിതാക്കളിൽ ഒരാൾ പറയുന്നു കുഞ്ഞിനെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർക്കണം. ഇത് തീസിസ് ആണ്. അപ്പോൾ മറ്റേയാൾ പറയുന്നു അല്ല, കുഞ്ഞിനെ മലയാളം മീഡിയത്തിൽ ചേർക്കണം. ഇത് ആന്റിതീസിസ് ആണ്. അവർ തർക്കത്തിൽ ഏർപ്പെടുന്നു, അതായത് ഓരോരുത്തരും അവരവരുടെ അഭിപ്രായം മറ്റേയാളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. പരിഹാരത്തിനു വേണ്ടി ഒരാൾ മറ്റേയാൾക്ക് വഴങ്ങിക്കൊടുത്തു എന്ന് വരാം. അടിച്ചേൽപ്പിക്കുമ്പോഴും വഴങ്ങിക്കൊടുക്കുമ്പോഴും ഒരാളുടെ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. അഭിപ്രായ സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ടുതന്നെ അഭിപ്രായ സമന്വയത്തിൽ എത്താനുള്ള മാർഗമാണ് സിന്തസിസ്.


അതിനായി ഇരുവരും അഭിപ്രായത്തെപ്പറ്റി രണ്ട് കാര്യങ്ങൾ തിരിച്ചറിയണം.

1. ഒരു അഭിപ്രായം വസ്തുതയല്ല. വസ്തുതകൾക്ക് തെളിവുകളുടെ പിൻബലമുണ്ട്. എന്നാൽ ഒരു അഭിപ്രായം ആ അഭിപ്രായം  ഉള്ളവരുടെ പിൻബലത്തിൽ മാത്രമാണ് നിൽക്കുന്നത്.

2. ഒരാൾക്ക് അയാളുടെ അഭിപ്രായവുമായി സ്ഥിരമായ ബന്ധമില്ല.

 എന്റെ എന്ന വാക്കിന് എല്ലായിപ്പോഴും ഒരേ അർത്ഥമല്ല ഉള്ളത്. എന്റെ തല എന്ന് പറയുന്നതും എന്റെ കാർ എന്ന് പറയുന്നതും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. എനിക്ക് എന്റെ തലയുമായുള്ള ബന്ധം സ്ഥിരമാണ്. തല പോയാൽ പിന്നെ ഞാനില്ല. എന്നാൽ ഞാനും എന്റെ കാറുമായുള്ള ബന്ധം സ്ഥിരമല്ല. ഒരു കാർ പോയാലും ഞാൻ അവിടെ തന്നെ ഉണ്ട്, മറ്റൊരു കാർ വാങ്ങാം.

   ഞാനും എന്റെ കാറും തമ്മിലുള്ളത്  പോലെ ഞാനും എന്റെ അഭിപ്രായവും തമ്മിലുള്ള ബന്ധവും സ്ഥിരമല്ല. കാരണം ഇന്ന് എനിക്കുള്ള അഭിപ്രായം നാളെ മാറിയെന്ന് വരാം.


അഭിപ്രായ ഭിന്നതയുള്ള ആളുകൾ അവരവരുടെ അഭിപ്രായങ്ങളുമായി ഒരു മേശയുടെ ഇരുവശങ്ങളിലായി ഇരിക്കുന്നു എന്ന് സങ്കൽപ്പിക്കുക.  അഭിപ്രായങ്ങൾ വസ്തുതകൾ അല്ലെന്നും അവ സ്ഥിരം അല്ലെന്നും തിരിച്ചറിഞ്ഞുകൊണ്ട്  ഇരുവരും അവരുടെ അഭിപ്രായങ്ങളെ അവരിൽനിന്ന് വേർപെടുത്തി മേശപ്പുറത്തു വയ്ക്കുന്നതായി സങ്കൽപ്പിക്കുക. അപ്പോൾ ഇത് "എന്റെ അഭിപ്രായം"  എന്ന നിലയിൽ നിന്ന് ഇത് "ഒരു അഭിപ്രായം" എന്ന നിലയിലേക്ക് മാറുന്നു.

 എന്റെ അഭിപ്രായം എന്ന് പറയുമ്പോൾ, എനിക്ക് അഭിപ്രായവുമായി ഒരു വൈകാരിക ബന്ധമുണ്ട്. എന്നാൽ ഒരു അഭിപ്രായം എന്ന് പറയുന്നിടത്ത് വൈകാരിക ബന്ധമില്ല. വികാരത്തിന്റെ സ്ഥാനത്ത് വിചാരം സ്ഥാനം പിടിക്കുന്നു. 

 കുട്ടിയെ ഏത് സ്കൂളിൽ ചേർക്കണം എന്ന കാര്യത്തെപ്പറ്റി അഭിപ്രായ വ്യത്യാസമുള്ള മാതാപിതാക്കൾ അവരുടെ അഭിപ്രായങ്ങൾ മേശപ്പുറത്ത് വയ്ക്കുന്നു എന്ന് സങ്കൽപ്പിക്കുക. ഇത് തങ്ങളുടെ മാത്രം അഭിപ്രായമല്ല, മറ്റനേകം മാതാപിതാക്കൾക്ക് ഈ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട് എന്ന് അവർ തിരിച്ചറിയുന്നു.

 എന്റെ അഭിപ്രായം എന്ന നിലയിൽ നിന്ന്  ഒരു അഭിപ്രായം എന്ന നിലയിലേക്ക്  മാറുന്നതനുസരിച്ച് അവർക്ക് ഇരുവർക്കും മേശയുടെ ഒരുവശത്ത് ഒന്നിച്ച് ഇരിക്കാവുന്നതാണ്. ഇപ്പോൾ അവർക്കിടയിൽ അഭിപ്രായങ്ങളെ ചൊല്ലി ഭിന്നത ഇല്ല. അവർ ഒന്നിച്ചിരുന്ന് ഏക മനസ്സോടെ മുന്നിലുള്ള രണ്ട് അഭിപ്രായങ്ങളെ വസ്തുനിഷ്ടമായി അപഗ്രഥിക്കുന്നു. എന്തുകൊണ്ടാണ് ചില മാതാപിതാക്കൾ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ വിടാൻ ആഗ്രഹിക്കുന്നത്? എന്തുകൊണ്ടാണ് മറ്റു ചില മാതാപിതാക്കൾ കുട്ടികളെ മലയാളം മീഡിയത്തിൽ വിടാൻ ആഗ്രഹിക്കുന്നത്? ഈ ചോദ്യങ്ങളുടെ ഉത്തരം അവർ ഇരുവരും ഒന്നിച്ച് ചേർന്ന് കണ്ടെത്താൻ ശ്രമിക്കുന്നു. അവിടെ സിന്തസിസ് സംഭവിക്കുന്നു. അവർക്ക് ഇരുവർക്കും ഒരു പുതിയ തലത്തിലേക്ക് ഉയരാൻ സാധിക്കുന്നു.

 ഒരു അഭിപ്രായത്തെപ്പറ്റി രണ്ടാളുകൾ പരസ്പരം പോരടിക്കുമ്പോൾ, അവിടെ ഏറ്റവും ആദ്യം പരിഹരിക്കേണ്ട പ്രശ്നം അവർക്കിടയിലുള്ള ശത്രുതയാണ്. അവർക്കിടയിൽ മൈത്രി ഉണ്ടാവുകയും അവർ ഐകമത്യത്തോടെ കൈകോർത്ത് പിടിച്ചുകൊണ്ട് പ്രശ്നപരിഹാരത്തിനായി ശ്രമിക്കുകയും ചെയ്യുമ്പോൾ, അവർ ലക്ഷ്യം നേടുകയോ ലക്ഷ്യത്തോട് വളരെ അടുത്ത് വരികയോ ചെയ്യുന്നു. എന്നാൽ അവർ ശത്രുതയിൽ തുടർന്നാൽ ഒരിക്കലും അവരുടെ പ്രശ്നം പരിഹരിക്കപ്പെടുകയില്ല.

 ഉദാഹരണമായി, കുട്ടിയെ ഏത് സ്കൂളിൽ ചേർക്കണം എന്നുള്ളത് പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നം തന്നെയാണ്. എന്നാൽ ആ പ്രശ്നത്തിന്റെ പേരിൽ മാതാപിതാക്കൾ രണ്ടു ചേരികളിലായി നിന്ന് പരസ്പരം പോരടിച്ചാൽ, അവിടെ ആദ്യം പരിഹരിക്കപ്പെടേണ്ട പ്രശ്നം അവർക്കിടയിലുള്ള ശത്രുതയാണ്. അവർ ശത്രുത വെടിഞ്ഞ്  ഒന്നിച്ചു നിൽക്കുമ്പോൾ കുട്ടിയെ ഏത് സ്കൂളിൽ വിടണം എന്ന പ്രശ്നത്തിന് എളുപ്പത്തിൽ പരിഹാരം കണ്ടെത്താൻ സാധിക്കുന്നു.


 ഇവിടെ ഒരു ഉദാഹരണം മാത്രമേ നാം പരിഗണിച്ചുള്ളൂ. എന്നാൽ ഇതിനെ ഒരു മാതൃകയാക്കി, ഏത് അഭിപ്രായഭിന്നതയും നമുക്ക് പരിഹരിക്കാൻ സാധിക്കും.


Comments

Salomi C. T. said…
അഭിപ്രായസ്വാതന്ത്ര്യം ഏതു വ്യക്തിയുടേയും മൗലീകാവകാശമാണ്. ഏത് കാര്യത്തിലും അഭിപ്രായഭിന്നത സർവ്വസാധാരണമാണ്. രണ്ടും കൂടി ഒരുമിപ്പിച്ചു കൊണ്ടുപോകുക വളരെ ബുദ്ധിമുട്ട് ആണ്. അഭിപ്രായം പറയുന്ന വ്യക്തികൾ തമ്മിലുള്ള ബന്ധം ഇവിടെ വളെരെ പ്രസക്തമാണ്. ഇതിനെ ആസ്പദമാക്കി vertical relationship നേയും horizontal relationship നേയും സൂചിപ്പിച്ചു കൊണ്ട് ഇക്കാര്യം John Kunnathu sir ഇത് വിശദമാക്കി. അതുപോലെ ഒരാളുടെ അഭിപ്രായം ഒരിക്കലും rigid അല്ല. സാഹചര്യങ്ങൾക്കനുസരിച്ചു മാറിക്കൊണ്ടിരിക്കും. അഭിപ്രായം ഒരു വസ്തുതയല്ല. ഒരാളുടെ അഭിപ്രായവും അയാളുമായിട്ടുള്ള ബന്ധവും ഇവിടെ പ്രസക്തമാണ്. എന്റെ തലയും എന്റെ കാറും എന്ന ഉദാഹരണം കൊണ്ട് ജോൺ സാർ അത് വ്യക്തമാക്കി.
Thesis - antithesis - synthesis എന്ന ഹേഗൽ തിയറി വച്ചു എങ്ങനെ അഭിപ്രായഭിന്നത മാറ്റാം. ഒരു കാര്യത്തിലുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ ഒരുമിച്ചുവച്ച് ഓരോ അഭിപ്രായത്തേയും analyze ചെയ്തു ഏറ്റവും suitable ആയിട്ടുള്ള തീരുമാനത്തിൽ എത്തിച്ചേരുന്നു. അങ്ങനെ അഭിപ്രായസമന്വയം ഉണ്ടാകുന്നു. ഇപ്രകാരം ഉത്തരം കണ്ടെത്താൻ ബുദ്ധിമുട്ട് ഉള്ള വിഷയം solve ചെയ്യാൻ സാധിക്കുന്നു
Salomi C. T. said…
അഭിപ്രായസ്വാതന്ത്ര്യം ഏതു വ്യക്തിയുടേയും മൗലീകാവകാശമാണ്. ഏത് കാര്യത്തിലും അഭിപ്രായഭിന്നത സർവ്വസാധാരണമാണ്. രണ്ടും കൂടി ഒരുമിപ്പിച്ചു കൊണ്ടുപോകുക വളരെ ബുദ്ധിമുട്ട് ആണ്. അഭിപ്രായം പറയുന്ന വ്യക്തികൾ തമ്മിലുള്ള ബന്ധം ഇവിടെ വളെരെ പ്രസക്തമാണ്. ഇതിനെ ആസ്പദമാക്കി vertical relationship നേയും horizontal relationship നേയും സൂചിപ്പിച്ചു കൊണ്ട് ഇക്കാര്യം John Kunnathu sir ഇത് വിശദമാക്കി. അതുപോലെ ഒരാളുടെ അഭിപ്രായം ഒരിക്കലും rigid അല്ല. സാഹചര്യങ്ങൾക്കനുസരിച്ചു മാറിക്കൊണ്ടിരിക്കും. അഭിപ്രായം ഒരു വസ്തുതയല്ല. ഒരാളുടെ അഭിപ്രായവും അയാളുമായിട്ടുള്ള ബന്ധവും ഇവിടെ പ്രസക്തമാണ്. എന്റെ തലയും എന്റെ കാറും എന്ന ഉദാഹരണം കൊണ്ട് ജോൺ സാർ അത് വ്യക്തമാക്കി.
Thesis - antithesis - synthesis എന്ന ഹേഗൽ തിയറി വച്ചു എങ്ങനെ അഭിപ്രായഭിന്നത മാറ്റാം. ഒരു കാര്യത്തിലുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ ഒരുമിച്ചുവച്ച് ഓരോ അഭിപ്രായത്തേയും analyze ചെയ്തു ഏറ്റവും suitable ആയിട്ടുള്ള തീരുമാനത്തിൽ എത്തിച്ചേരുന്നു. അങ്ങനെ അഭിപ്രായസമന്വയം ഉണ്ടാകുന്നു. ഇപ്രകാരം ഉത്തരം കണ്ടെത്താൻ ബുദ്ധിമുട്ട് ഉള്ള വിഷയം solve ചെയ്യാൻ സാധിക്കുന്നു
Salomi C. T. said…
അഭിപ്രായസ്വാതന്ത്ര്യം ഏതു വ്യക്തിയുടേയും മൗലീകാവകാശമാണ്. ഏത് കാര്യത്തിലും അഭിപ്രായഭിന്നത സർവ്വസാധാരണമാണ്. രണ്ടും കൂടി ഒരുമിപ്പിച്ചു കൊണ്ടുപോകുക വളരെ ബുദ്ധിമുട്ട് ആണ്. അഭിപ്രായം പറയുന്ന വ്യക്തികൾ തമ്മിലുള്ള ബന്ധം ഇവിടെ വളെരെ പ്രസക്തമാണ്. ഇതിനെ ആസ്പദമാക്കി vertical relationship നേയും horizontal relationship നേയും സൂചിപ്പിച്ചു കൊണ്ട് ഇക്കാര്യം John Kunnathu sir ഇത് വിശദമാക്കി. അതുപോലെ ഒരാളുടെ അഭിപ്രായം ഒരിക്കലും rigid അല്ല. സാഹചര്യങ്ങൾക്കനുസരിച്ചു മാറിക്കൊണ്ടിരിക്കും. അഭിപ്രായം ഒരു വസ്തുതയല്ല. ഒരാളുടെ അഭിപ്രായവും അയാളുമായിട്ടുള്ള ബന്ധവും ഇവിടെ പ്രസക്തമാണ്. എന്റെ തലയും എന്റെ കാറും എന്ന ഉദാഹരണം കൊണ്ട് ജോൺ സാർ അത് വ്യക്തമാക്കി.
Thesis - antithesis - synthesis എന്ന ഹേഗൽ തിയറി വച്ചു എങ്ങനെ അഭിപ്രായഭിന്നത മാറ്റാം. ഒരു കാര്യത്തിലുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ ഒരുമിച്ചുവച്ച് ഓരോ അഭിപ്രായത്തേയും analyze ചെയ്തു ഏറ്റവും suitable ആയിട്ടുള്ള തീരുമാനത്തിൽ എത്തിച്ചേരുന്നു. അങ്ങനെ അഭിപ്രായസമന്വയം ഉണ്ടാകുന്നു. ഇപ്രകാരം ഉത്തരം കണ്ടെത്താൻ ബുദ്ധിമുട്ട് ഉള്ള വിഷയം solve ചെയ്യാൻ സാധിക്കുന്നു
Padma Somasekharan said…
അഭിപ്രായസ്വാതന്ത്ര്യവും, അഭിപ്രായ സമന്വയവും എന്ന വിഷയത്തെക്കുറിച്ച് Dr.John Kunnath നടത്തിയ Peptalk കേട്ടു. അഭിപ്രായ സമന്വയത്തിന് എന്തെങ്കിലും ഒറ്റമൂലിയുണ്ടായിരുന്നു എങ്കിൽ എന്ന വ്യാമോഹത്തോടെയാണു talk മുഴുവൻ കേട്ടതു്. അമ്മയെ തച്ചാലും രണ്ടഭിപ്രായമുള്ള ഈ നാട്ടിൽ അഭിപ്രായ സമന്വയമോ??? ഒരാളുടെ അഭിപ്രായങ്ങൾ മറ്റേയാൾക്കു വഴങ്ങുന്നതരമായാൽ മാത്രമാണ് ഒരുമയോടെ ജീവിക്കാൻ സാധിക്കുന്നതു . വെർട്ടിക്കൽ - അടിച്ചേൽപിച്ച അഭിപ്രായങ്ങൾ - ആയാലും ഹൊറിസോണ്ടൽ - സ്വയം വഴങ്ങിക്കൊടുക്കുന്നവയായാലും റിലേഷനുകൾ നിലനിൽക്കുന്നു.. ഏററവും നല്ല തീരുമാനങ്ങൾ ഉണ്ടാകുന്നതു എല്ലാ അഭിപ്രായങ്ങളും തുറന്ന മനസ്സോടെ ചർച്ച ചെയ്തു സ്വീകരിക്കുമ്പോഴാണ്. അതാണല്ലോ ഹേഗൽ തിയറിയും. തീസീസും ആന്റി തീസിസുo ചർച്ച ചെയ്തു സിന്തസിസ് ഉണ്ടാവുന്നു.
ഈ ചെറിയ peptalk ന്റെ 10 മിനുട്ടിലൊതുക്കുവാൻ പറ്റിയ വിഷയമല്ലാത്തതുകൊണ്ടാവാം അല്പം മനസ്സിരുത്തി ശ്രദ്ധിച്ചാൽ മാത്രമാണിവ മനസ്സിൽ തങ്ങി നില്ക്കുന്നത്. പക്ഷേ വളരെ ലളിതവും പരിചിതവുമായ ഉദാഹരണങ്ങളിലൂടെ സ്വതസിദ്ധമായ Simplicity യോടെ Dr.John Kunnath ഇവിടെ വിശദീകരണങ്ങൾ നല്കിയിട്ടുളളതു കൊണ്ട് Pep talk വളരെ പ്രയോജനപ്രദമായിത്തീർന്നു.🙏🙏🙏
Lissy Abrahsm said…
അഭിപ്രായസ്വാതന്ത്ര്യവും, അഭിപ്രായ സമന്വയവും എന്ന വിഷയത്തെ ആസ്പദമാക്കി ജോൺ സാർ അവതരിപ്പിച്ച pep talk എന്നും, എപ്പോഴം, എവിടെയും മനുഷ്യർ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വിഷയമാണ്. ഏതു കാര്യത്തിലും , അത് ഒരു കുടുംബത്തിൽ ആയാൽ പോലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. ഇങ്ങനെ വരുമ്പോൾ ഭിന്നത എങ്ങിനെ പരിഹരിച്ച് അഭിപ്രായ സമന്വയം ഉണ്ടാകുന്നു എന്നും, ചിലപ്പോൾ അത് ഒരാളുടെ വിട്ടുവീഴ്ചയിലൂടെയോ , സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതിലൂടെയോ ആകാമെന്നും ഉദാഹരണ സഹിതം വിവരിച്ചിരിക്കുന്നു.
Horizontal relationship ലെ അഭിപ്രായങ്ങളും , vertical relationship ലെ അഭിപ്രായങ്ങളും വിവിധ തലങ്ങളിൽ എങ്ങിനെ പ്രാവർത്തികമാകുന്നു എന്നും മനസ്സിലാക്കി തന്നിരിക്കുന്നു. ചില മേഖലകളിൽ പ്രത്യകിച്ച് സമുദായവുമായുള്ള ബന്ധങ്ങളിൽ എതിർപ്പുകളുണ്ടെങ്കിലും social status നിലനിർത്തുവാൻ വേണ്ടി അവയൊക്കെ അംഗീകരിച്ചു കൊടുക്കേണ്ട അവസ്ഥയുണ്ടാകുന്നു. അഭിപ്രായസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹേഗൽ തീയറി യിലെ thesis, antithesis , synthesis എങ്ങിനെ പ്രയോജനപ്പെടുത്താമെന്നും പറഞ്ഞിരിക്കുന്നു.
അഭിപ്രായമെന്നത് ഒരു വസ്തുതയല്ലെന്നും, ഒരാൾ വിശ്വസിക്കുന്ന കാര്യങ്ങളുടെ പ്രകടനം മാത്രമാണ് അയാളുടെ അഭിപ്രായമെന്നും, അത് എപ്പോൾ വേണമെങ്കിലും മാറ്റപ്പെടാവുന്നതാണെന്നും ഉദാഹരണ സഹിതം മനസ്സിലാക്കി തന്നിരിന്നു. നമ്മുടെയൊക്കെ അനുദിന ജീവിതത്തിൽ എന്നും അഭിമുഖീകരിക്കുന്ന ഒരു വിഷയത്തെപ്പറ്റി വളരെ ആഴത്തിൽ ചിന്തിക്കുന്നതിനും , എവിടെയും പ്രശ്നങ്ങളെ പരിഹരിച്ചു കൊണ്ടു മുന്നോട്ടു പോകുന്നതിനുമുള്ള ഒരു positive thinking ഈ Pep talk ലൂടെ ലഭിച്ചിരിക്കുന്നു. Thank you John Sir🙏🙏
Elsamma Jose said…
ജോൺ സാറിന്റെ ഈ ടോക്ക് കേട്ടപ്പോൾ എന്റെ എളിയ മനസ്സിൽ ഉരുത്തിരിഞ്ഞ ഒരു ചിന്ത ഞാനിവിടെ പങ്കുവയ്ക്കട്ടെ.
അഭിപ്രായം, അഭിപ്രായ സമന്വയം.
അഭിപ്രായ വ്യത്യാസം എല്ലാ മേഖലയിലും സംഭവിക്കുന്ന ഒന്നാണ്. പ്രശ്നത്തെ വസ്തുനിഷ്ഠമായി സമീപിക്കാൻ ഉയർന്നു ചിന്തിക്കുന്ന ഒരു സമൂഹം ഉണ്ടായാൽ അവിടെ പഠനങ്ങളുടെയും, ഗവേഷണങ്ങളുടെയും ഫലമായി ഫലപ്രദമായ അഭിപ്രായ സമന്വയം ഉണ്ടാകാൻ കഴിയും എന്നു ജോൺ സാർ സമർഥിച്ചിരിക്കുന്നു. എന്നാൽ രാജ്യങ്ങൾ തമ്മിൽ, സമുദായങ്ങൾ തമ്മിൽ, ജാതികൾ തമ്മിൽ, കുടുംബങ്ങൾ തമ്മിൽ , വ്യക്തികൾ തമ്മിൽ ഒക്കെയും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നതും അവ അഭിപ്രായ സമന്വയത്തിലെത്തിച്ചേരാത്തതുമായ ഉദാഹരണങ്ങളാണ് നമുക്ക് കാണാൻ കഴിയുന്നത്. എന്റെ അഭിപ്രായത്തെ ന്യായീകരിക്കുന്ന or എന്റെ അഭിപ്രായം വസ്തുതയാക്കാൻ ഞാൻ - ഞങ്ങൾ ശ്രമിക്കുന്ന ഈ ലോകത്ത് അഭിപ്രായ സമന്വയത്തിലേക്ക് ഉയർന്ന് ഉണർന്ന് ചിന്തിക്കാൻ ഈ പെപ് ടോക്ക് കേൾക്കുന്നവർക്കായാൽ നാം ധന്യരായി. നല്ലൊരു പെപ്ടോക്ക് തന്ന ഡോ. ജോൺ കുന്നത്തിന് അഭിനന്ദനങ്ങൾ.
Shine Jeeboy said…
Not all the time (always) and also not all opinions can be expressed.This is what most of the humans do We understand right to expression as our choice.This അഭിപ്രായസ്വാതന്ത്ര്യം is categorised as fundamental right in all developed societies.
It is not possible for a group to have the same opinion even when they have the same motive or ideology.Isn't it because of the difference in perspective that everyone looks upon the same thing? When there is definite intention or motive for an expression perceived by the creator of the text this requirement of consensus surfaces!
Deriving consensus from.many different opinions is an art.Primarily we need to understand that the opinions differ because of two things
1 As a normal human being,we can only understand an issue from the position we are in at the most moment of evaluation.
2 Human beings are stuck with their intentions.Mostly beneath every opinion lies the human 'selfish character'
Consensus is arrived ,when the leader can picture the issue as applicable to all and can be solved this way.
Cellia Johnson said…
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണല്ലോ. വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യത്തേക്കാൾ പ്രധാനപ്പെട്ട താണ് അവർക്കിടയിലുള്ള അഭിപ്രായ സമന്വയം. അഭിപ്രായസ്വാതന്ത്യം പരിധിയക്കപ്പുറമാണ്. എന്നാൽ സമചിത്തതയും പരസ്പര ബഹുമാനവുമുണ്ടെങ്കിലേ സമന്വയം സാധ്യമാകൂ.. ഇല്ലെങ്കിൽ അത് ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടുധ്രുവങ്ങളായി പരിണമിക്കാം. വ്യക്തിബന്ധങ്ങളെ vertical, horizondal എന്നിങ്ങനെ വിഭജിക്കാമെങ്കിലും ആധുനിക സമൂഹത്തിന് ഈ വേർതിരിവുണ്ടോ? ഉരുത്തിരിയുന്ന അഭിപ്രായങ്ങളിൽ നിന്ന് നന്മ തിന്മകളെ വിവേചിച്ചെടുക്കുവാൻ വ്യക്തികൾക്ക് അല്ലെങ്കിൽ സമൂഹത്തിന് ആത്മീയ ജ്ഞാനം, മാനസികപക്വത, പരസ്പര ബഹുമാനം, പരസ്പര സ്നേഹം, ദീർഘക്ഷമ എന്നീ ഘടങ്ങൾ അത്യാവശ്യമാണ്. ഹേഗലിന്റെ ഫോർമുലയിൽ സൂചിപ്പിക്കുന്ന സിന്തസിസിലേക്ക് ഉയരുവാനും പ്രാവർത്തികമാകാനും ഇവ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. John Sir നൽകിയ ഉദാഹരണവും അതിനുള്ള Solving Solutions ഉം വളരെ ശ്രദ്ധേയമാണ്. അനുദിന ജീവിതപശ്നങ്ങൾക്ക് ഇത് മാതൃകയും പരിഹാരമാർഗ്ഗവുമാകട്ടെ. നന്ദിയോടെ, Celia Johnson.
Molly Thomas said…
അഭിപ്രായ സ്വാതന്ത്യവും അഭിപ്രായ സമന്വയവും എന്ന വിഷയത്തിൽ ജോൺസാർ ഇത്തവണ നമ്മോട് സംസാരിച്ചു. ജീവിതത്തിൻ്റെ വിവിധ മേഖലയിൽ ഈ കാര്യങ്ങൾ ക്കുള്ള പ്രസക്തി അദ്ദേഹം വിവരിച്ചു.അഭിപ്രായം വസ്തുതയല്ല, സ്ഥിരമായ സംഗതിയല്ല, അത് മാറിമാറി വരും. സിന്തസിസിൽ രണ്ടുപേരും വസ്തുനിഷ്ഠമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നു. പക്ഷേ ഈ സിന്തസിസിൽ എത്തിച്ചേരാൻ ഒരാൾക്ക് മറ്റേയാളോട് ഒരു അടിസ്ഥാന ബഹുമാനം വേണമെന്നുതോന്നുന്നു. അതില്ലെങ്കിൽ മറ്റേയാൾക് ഒന്നുമറിയില്ലായെന്നു പറഞ്ഞ് തള്ളിക്കളയാനുള്ള പ്രവണത ഉണ്ടാകുമെന്ന് തോന്നുന്നു. ഈ അടിസ്ഥാന ബഹുമാനം മനുഷ്യൻ കുടുംബങ്ങളിലും സമൂഹങ്ങളിലും വളർത്തിയെടുത്തെങ്കിലേ മറ്റേ അഭിപ്രായം കേട്ട്, ഉൾക്കൊണ്ട് ചർച്ച ചെയ്യാൻ സാധിക്കു. ഉദാഹരണത്തിന് പശു ഒരു കൂട്ടർക് പുണ്യമായതുകൊണ്ട് അതിനെ കൊല്ലാൻ പറ്റില്ല. മറ്റുള്ളവർക് അതൊരു പുണ്യവസ്തുവല്ല. ഇങ്ങനത്തെ അഭിപ്രായങ്ങൾ ഒരാളുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ചർച്ച അസാധ്യമാണ്.കുടുംബങ്ങളിൽ അതേസമയം ചർച്ചയും അഭിപ്രായ സമന്വയവും അത്യാവശ്യമാണ്. ആതില്ലെങ്കിൽ കുടുബജീവിതം ഏതാണ്ടൊരു അടിമത്വ മായിപ്പോവും സംഘടനകളിലും ഇത് ആവശ്യമാണ്.
ഇങ്ങനെ ധാരാളം ചിന്തകൾ സാറിൻ്റെ ടോക്ക് കേട്ടപ്പോൾ മനസിൽ വന്നു. സാറിന് നന്ദി.
Mariamma Philip said…
ജോൺ സാറിന്റെ പ്രഭാഷണം ചിന്തിപ്പിക്കുന്ന ഒരു വിഷയമാണ്. അടിച്ചമർത്തപ്പെട്ടവരിൽ അഭിപ്രായസ്വാതന്ത്ര്യം ഇല്ല. അവിടെ ഭിന്നതയുമില്ല.അഭിപ്രായസ്വാതന്ത്ര്യമുള്ളപ്പോൾ അവിടെ അഭിപ്രായഭിന്നതയും സാധാരണമാണ്.അഭിപ്രായ സ്വാതന്ത്ര്യം നിലനിർത്തി ഭിന്നത പരിഹരിക്കാനുള്ള മാർഗ്ഗം സാർ ചൂണ്ടിക്കാട്ടി.തുറന്ന മനസ്സോടെ വസ്തുനിഷ്ഠമായി പ്രശ്നങ്ങൾ കാണു മ്പോൾ മാത്രമേ പരിഹാരം ഉണ്ടാവുകയുള്ളൂ. ഹൃദയ വിശാലതയും തുറന്ന മനസ്സും അഭിപ്രായ സമന്വയത്തിന് അനിവാര്യമാണ് .ഈ നല്ല പ്രഭാഷണത്തിന് നന്ദിയും സന്തോഷവും അറിയിക്കുന്നു.
Alex K. Chandy said…
'അഭിപ്രായ ഭിന്നതകൾ എങ്ങനെ പരിഹരിക്കാം ' എന്നതിന് ഒരു വിശാല മാർഗ്ഗരേഖയാണ് സാർ അവതരിപ്പിച്ചത്. പക്ഷേ, പ്രായോഗിക തലത്തിൽ ഇതിന് തടസങ്ങളായി നിൽക്കുന്ന ചില ' വസ്തുതകൾ ' തുടർ ചിന്തകൾക്കായി (നിഷേധാത്മക രീതിയിലല്ല) യാഥാർത്ഥ്യ ബോധത്തോടെ പറഞ്ഞുകൊള്ളട്ടെ.
1. മതവിശ്വാസങ്ങൾ.
2. അഹം (ego)
3. രാഷ്ട്രീയ താൽപ്പര്യങ്ങൾ (political interests)
4. വ്യക്തിഗത സ്ഥാപിത താൽപ്പര്യങ്ങൾ (vested interests)
5. ശക്തി കേന്ദ്രീകൃത അസന്തുലിതാവസ്ഥ (imbalance of power)
മുകളിൽ പറഞ്ഞ 'വസ്തുതകൾ ' , അവ മാറ്റത്തിനു വിധേയമാണെങ്കിലും, അഭിപ്രായ ഭിന്നതകളെ സമന്വയിപ്പിക്കുന്നതിനു (frictionless synthesis)
വിഘാതമായി നിൽക്കുന്നു എന്ന യാഥാർത്ഥ്യത്തിനു നേരേ നമുക്ക് കണ്ണടക്കാൻ കഴിയില്ലല്ലോ!
പറഞ്ഞതിനർഥം, സമന്വയത്തിൻെറ പാത അസ്വീകാര്യമെന്നോ, അതിനു വേണ്ടി പരിശ്രമിക്കരുതെന്നോ ഉള്ള വിവക്ഷയിലല്ല. 🙏
(തികച്ചും വ്യക്തിപരമായ ചിന്തകൾ പങ്കു വച്ചു എന്നു മാത്രം)
Alex Mathew said…
അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായ സമന്വയവും മനുഷ്യരാശി നിലനിൽക്കു ന്നിടത്തോളം നീളുന്ന പ്രതിഭാസങ്ങൾ തന്നെയാണ്. കുടുംബ ബന്ധങ്ങളിൽ മുതൽ വിപുലമായ സംഘടനാ തലങ്ങളിൽ വരെ അത് നിരന്തരം ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. വിവിധ അഭിപ്രായങ്ങളുടെ സ്വീകാര്യമായ സമന്വയം സങ്കീർണമായ ഒരു പ്രക്രിയ തന്നെയാണ്. സംഘടനാ തലത്തിൽ പലപ്പോഴും അത്തരം സമന്വയങ്ങൾ ഭൂരിപക്ഷത്തിന്റെ നിലപാടുകൾക്ക് അനുസരിച്ചാണ് തീരുമാനിക്കപ്പെടുന്നത്. വ്യക്തിപരമായ വിയോജിപ്പുണ്ടെങ്കിൽ പോലും അത്തരം തീരുമാനങ്ങളെ തുറന്ന മനസ്സോടെ അംഗീകരിക്കുക എന്നതും പരമപ്രധാനമാണ്.
Thesis > anti thesis > synthesis എന്ന formula കുറച്ച് ഉയർന്ന തലത്തിൽ ചിന്തിക്കുന്നവരിൽ മാത്രമേ പ്രാവർത്തികമാകൂ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതിന് നല്ല ഹൃദയ വിശാലത അനിവാര്യമാണ്.
ഈ വിഷയത്തെ വസ്തുനിഷ്ഠമായി പഠിച്ച് ചിന്തനീയമായി അവതരിപ്പിച്ച പ്രഭാഷകനെ പ്രത്യേകം അഭിനന്ദിക്കുവാൻ കൂടി ഈ അവസരം വിനിയോഗിക്കട്ടെ. ഒപ്പം ജോൺസാർ അവതരിപ്പിച്ച ഉദാഹരണത്തിന്, ഈ ഫോർമുല പ്രകാരം പരസ്പരം സ്വീകാര്യമായ എന്ത് പരിഹാരമാണ് ഉരുത്തിരിഞ്ഞത് എന്നുകൂടി അറിയാൻ കൗതുകമുണ്ട്.

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം