ക്രിസ്തുസങ്കല്പപരിണാമം
യേശു എങ്ങനെ ക്രിസ്തുവായി എന്നത് ചെറുപ്പം മുതലേ എന്റെ ഒരു അന്വേഷണ വിഷയമാണ്. വർഷങ്ങളായി ലോകമെമ്പാടും അനേകം ആളുകൾ ഈ ചോദ്യം ചോദിച്ചിട്ടുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. അവരോട് ചേർന്നുള്ള കൂട്ടായ അന്വേഷണത്തിനൊടുവിൽ ഞാൻ കണ്ടെത്തിയിരിക്കുന്ന കാര്യങ്ങളാണ് ഇവിടെ ചുരുക്കി പറയാൻ ശ്രമിച്ചിരിക്കുന്നത്. ഇത് ഒരു ചരിത്ര പഠനമാണ്. ഇതിലെ കണ്ടെത്തലുകൾ മനുഷ്യവർഗ്ഗത്തിന്റെ ഭാവിയെ സംബന്ധിച്ച് വളരെ പ്രസക്തമാണ്. ഇതിൽ തിരുത്തപ്പെടേണ്ട അബദ്ധങ്ങൾ ശ്രദ്ധയിൽ പെടുമെങ്കിൽ ദയവായി ചൂണ്ടിക്കാണിക്കുക. സന്തോഷപൂർവ്വം തിരുത്തുന്നതാണ്. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് കൂട്ടിച്ചേർക്കാവുന്ന പ്രധാന കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുന്നെങ്കിൽ ദയവായി ചൂണ്ടിക്കാണിക്കുക. സന്തോഷപൂർവ്വം കൂട്ടിച്ചേർക്കുന്നതാണ്.
ക്രിസ്തു സങ്കൽപ്പത്തിന്റെ ഉത്ഭവം
ജനനേതാക്കളായി നിയമിക്കപ്പെടുന്നവരെ മ്ശിഹാ എന്ന് എബ്രായ ഭാഷയിൽ വിളിച്ചിരുന്നു. രാജാവ്, പുരോഹിതൻ, പ്രവാചകൻ എന്നിവരായിരുന്നു അവരുടെ നേതാക്കൾ. തലയിൽ സുഗന്ധതൈലം ഒഴിച്ച് അഭിഷേകം ചെയ്താണ് നിയമിക്കപ്പെട്ടിരുന്നത്. അഭിഷേകം ചെയ്യപ്പെടുന്ന ആൾ എന്നാണ് മ്ശിഹാ എന്ന പദത്തിന്റെ അർത്ഥം. ഗ്രീക്ക് ഭാഷയിൽ അതിന് തുല്യമായ പദം ക്രിസ്റ്റോസ് എന്നാണ്. അത് ഇംഗ്ലീഷിൽ ക്രൈസ്റ്റ് എന്നും മലയാളത്തിൽ ക്രിസ്തു എന്നുമായി.
യേശുവിനും ആയിരം വർഷങ്ങൾക്ക് മുമ്പ് ഇസ്രായേൽ ഒരു രാജ്യമായി. ദാവീദ് ചുറ്റുമുള്ള രാജ്യങ്ങളെ കീഴ്പ്പെടുത്തി അതിനെ ഒരു സാമ്രാജ്യമാക്കി വളർത്തി. എന്നാൽ താമസിയാതെ അത് രണ്ട് രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. ചില നൂറ്റാണ്ടുകൾക്കകം വിദേശശക്തികൾ അവരെ കീഴ്പ്പെടുത്തി. യേശുവിന്റെ കാലത്ത് അവർ റോമാസാമ്രാജ്യത്തിന്റെ അധീനതയിൽ ആയിരുന്നു. കനത്ത നികുതി കാരണം ദാരിദ്ര്യവും പട്ടിണിയും പകർച്ചവ്യാധികളും നാട്ടിൽ നടമാടി. ആശയറ്റവരായി ജനം യഹോവേ രക്ഷിക്കണേ എന്ന് നിലവിളിച്ചു. യഹോവ നിലവിളി കേട്ട് അവരെ സ്വാതന്ത്രരാക്കുമെന്ന് അവർ ആശിച്ചു. ദാവീദിന്റെ സിംഹാസനം പുനസ്ഥാപിക്കുവാൻ ദൈവം ഒരു രാജാവിനെ നിയമിക്കും എന്ന് അവർ പ്രതീക്ഷിച്ചു. ആ രാജാവിനെ അവർ മ്ശിഹാ എന്ന് വിളിച്ചു.
ലോകത്തിന്റെ രാജാവായി ദൈവം പൂർവ്വകാലത്ത് നിയമിച്ചിരുന്ന ലൂസിഫർ എന്ന മാലാഖ ദൈവത്തോട് മറുതലിച്ച് സാത്താൻ (മറുതലിച്ച ആൾ) ആയി പരിണമിച്ചത് കൊണ്ട്, ആ സ്ഥാനത്തേക്ക് ദൈവം മറ്റൊരാളെ ലോകരാജാവായി നിയമിക്കും എന്ന വിശ്വാസം ജനത്തിന്റെ ഇടയിൽ പ്രബലമായിരുന്നു. വരാൻ പോകുന്ന ലോകരാജാവിനെ ജനം മ്ശിഹ അല്ലെങ്കിൽ ക്രിസ്തു എന്ന് വിളിച്ചു.
ഇങ്ങനെ ഇസ്രായേൽ സാമ്രാജ്യത്തിന്റെ ചക്രവർത്തി, ലോകം മുഴുവൻ ഭരിക്കുന്ന രാജാവ് എന്നീ രണ്ട് അർത്ഥങ്ങളിൽ മ്ശിഹാ എന്ന പദം ഉപയോഗിക്കപ്പെട്ടു.
മ്ശിഹായുടെ വരവ് എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് രണ്ട് വ്യത്യസ്ത വിശ്വാസങ്ങൾ നിലവിലിരുന്നു. ഒരു ശിശുവായി ലോകത്തിൽ പ്രവേശിച്ച് വളർന്ന് ചക്രവർത്തിയായി മാറും എന്ന് ഒരു കൂട്ടർ വിശ്വസിച്ചു. മാലാഖമാരുടെ അകമ്പടിയോടുകൂടി ആകാശമേഘങ്ങളിൽ പറന്നു ഭൂമിയിൽ ഇറങ്ങുകയും ഭരണമേറ്റെടുക്കുകയും ചെയ്യും എന്ന് മറ്റൊരു കൂട്ടർ വിശ്വസിച്ചു.
മ്ശിഹാ ഒരു ശിശുവായി ലോകത്തിലേക്ക് വരുമെന്ന് വിശ്വസിച്ചവർ ആര് നേതൃസ്ഥാനത്തേക്ക് വന്നാലും ആ ആൾ മ്ശിഹാ ആകാം എന്ന് പ്രതീക്ഷിച്ചു. ദൈവത്തിന്റെ ഭരണം വന്നിരിക്കുന്നു എന്ന സദ്വാർത്ത നാടെങ്ങും പ്രഘോഷിക്കുകയും അതിന് അനുയോജ്യമായ വിധത്തിൽ വ്യക്തിപ്രാഭവത്തോടെ ജീവിക്കുകയും ചെയ്ത യേശുവിനെക്കുറിച്ചും അവർ അങ്ങനെ തന്നെ വിശ്വസിച്ചു.
യേശു എന്ന മ്ശിഹാ
യേശുവിന്റെ കുരിശുമരണം അവരുടെ വിശ്വാസത്തെ വല്ലാതെ ഉലച്ചു കളഞ്ഞു. എന്നാൽ യേശു മരിച്ചിട്ട് മൂന്നാം ദിവസം യേശുവിന്റെ ശരീരം വച്ച കല്ലറ ഒഴിഞ്ഞു കാണപ്പെടുകയും യേശുവിനെ പലയാളുകളും ജീവനോടെ കണ്ടു എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തതോടെ യേശു മരണത്തെ ജയിച്ച് പുനരുഥാനം ചെയ്തു എന്നും നാല്പതാം നാൾ സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തുവെന്നും, ലോകരാജാവായി ആകാശമേഘങ്ങളിൽ വീണ്ടും വരും എന്നും ഉള്ള വിശ്വാസം പ്രബലമായി. യേശു രാജത്വം ഏറ്റെടുത്ത് കഴിഞ്ഞാൽ ആദ്യം ചെയ്യാൻ പോകുന്നത് ഒരു ന്യായവിധി ആയിരിക്കും. യേശു മ്ശിഹാ ആകുന്നു എന്ന് വിശ്വസിച്ചവരെ വലതുവശത്തേക്കും അല്ലാത്തവരെയെല്ലാം ഇടതുവശത്തേക്കും തിരിക്കുമെന്നും യേശുവിനെ നിരാകരിച്ചവരെയെല്ലാം തീയിൽ ചുട്ട് ഇല്ലായ്മ ചെയ്തു കളയുമെന്നും അവർ വിശ്വസിച്ചു.
യേശുവിന്റെ പേരിൽ ഇങ്ങനെ ഒരു മതതീവ്രവാദ പ്രസ്ഥാനം ഉടലെടുക്കുന്നു എന്ന് കണ്ടിട്ടാവും യഹൂദമതനേതൃത്വം യേശുവിന്റെ അനുയായികളെയും യേശു ക്രിസ്തുവാണ് എന്ന് വിശ്വസിക്കുന്നവരെയും സമുദായ ഭ്രഷ്ടരാക്കി.
യേശുവോ ക്രിസ്തുവോ പ്രധാനം?
അങ്ങനെ സമുദായഭ്രഷ്ടരായവർ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിഞ്ഞു. യേശു തന്നെയാണ് മ്ശിഹാ എന്നും അവിടുന്ന് ലോകരാജാവായി വീണ്ടും വരും എന്നും ഒരു കൂട്ടർ വിശ്വസിച്ചു. യേശുവിനെ അവഗണിച്ചുകൊണ്ട് വരാൻ പോകുന്ന മ്ശിഹായ്ക്ക് അവർ ഊന്നൽ നൽകി. പൗലോസപ്പോസ്തോലൻ ആയിരുന്നു ആ വിഭാഗത്തിന്റെ നായകൻ എന്നുവേണം ചിന്തിക്കുവാൻ. അവർ നേരിട്ട് അറിഞ്ഞ് അനുഭവിച്ച യേശുവിനെ വിസ്മരിച്ചുകൊണ്ട് ഭാവിയിൽ ലോകരാജാവായി വരാൻ പോകുന്ന ക്രിസ്തുവിന് ഊന്നൽ കൊടുക്കുന്ന നിലപാട് തള്ളിക്കൊണ്ട് മറ്റൊരു കൂട്ടർ നിലകൊണ്ടു. യേശുവിന്റെ സഹോദരനായ യാക്കോബ് ആയിരുന്നു ആ വിഭാഗത്തിന്റെ നായകൻ എന്നുവേണം കരുതാൻ. യേശു പഠിപ്പിച്ച കാര്യങ്ങളെ അടിസ്ഥാനമാക്കി യേശു ജീവിച്ച പോലെ ജീവിക്കുന്നവരാവണം ക്രിസ്ത്യാനികൾ, അല്ലാതെ ഭാവിയിലെന്നോ വരാൻ പോകുന്ന ക്രിസ്തുവിന് ഊന്നൽ കൊടുത്തുകൊണ്ട് യഥാർത്ഥ ചരിത്രപുരുഷൻ ആയ യേശുവിനെ അവഗണിക്കുകയല്ല ക്രിസ്ത്യാനികൾ ചെയ്യേണ്ടത് എന്ന് അവർ വിശ്വസിച്ചു. ഇങ്ങനെ രണ്ട് വിഭാഗങ്ങൾ ആദിമ ക്രൈസ്തവസഭയിൽ ഉണ്ടായിരുന്നുവെന്നും അവർ തമ്മിൽ ഘർഷണം നിലനിന്നിരുന്നു എന്നും അപ്പോസ്തോലപ്രവൃത്തികൾ എന്ന പുസ്തകത്തിന്റെ ആദ്യപകുതിയിൽ നാം വായിക്കുന്നു. പൗലോസ് ഗലാത്യർക്കും കൊരിന്ത്യർക്കും എഴുതിയ ലേഖനങ്ങൾ വായിച്ചാൽ ഇക്കാര്യം വ്യക്തമാകും. കൊരിന്തിലെ സഭയിൽ ആളുകൾ നാലു പക്ഷക്കാരായി തിരിഞ്ഞിരുന്നു എന്ന് നാം വായിക്കുന്നു. പത്രോസിന്റെ നിലപാടും അപ്പല്ലോസിന്റെ നിലപാടും പൗലോസിന്റെതിൽ നിന്ന് വ്യത്യസ്തമായിരുന്നതു കൊണ്ടാണല്ലോ അവരുടെ ഓരോരുത്തരുടെയും പക്ഷത്ത് ആളുകൾ കൂടിയത്.
യേശുവിനെ നേരിട്ട് കാണുകയും അറിയുകയും ചെയ്തവരാണ് യാക്കോബും പത്രോസും യോഹന്നാനും ഒക്കെ. അവരുടെയൊക്കെ ലേഖനങ്ങളിൽ യേശുവിന്റെ ജീവിതത്തിനും പഠിപ്പിക്കലിനും ആണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. യേശുവിന്റെ ജീവിതത്തിനും പഠിപ്പിക്കലിലും പ്രാധാന്യം കൊടുത്തുകൊണ്ട് തന്നെയാണ് നാല് സുവിശേഷങ്ങളും രചിക്കപ്പെട്ടത്. ഇവരുടേതിൽ നിന്ന് വ്യത്യസ്തമായിരുന്നു യേശുവിനെ നേരിട്ട് കാണുകയോ അറിയുകയോ ചെയ്യാൻ അവസരം ലഭിക്കാതിരുന്ന പൗലോസിന്റെത്. ചരിത്രപുരുഷനായ യേശുവിനെക്കാൾ ഭാവിയിൽ വരാൻ പോകുന്ന ക്രിസ്തുവിന് പ്രാധാന്യം നൽകുന്നതായിരുന്നു പൗലോസിന്റെ കാഴ്ചപ്പാട്.
യേശുവിനെ യഥാർത്ഥമായി മനസ്സിലാക്കാൻ ശ്രമിച്ചവരും മനസ്സിലാക്കിയവരും എപ്പോഴും വിരളമായിരുന്നു. അതുകൊണ്ട് യേശുവിനെക്കാൾ വരാൻ പോകുന്ന ക്രിസ്തുവിന് പ്രാധാന്യം നൽകുന്ന പൗലോസിന്റെ നിലപാടിനാണ് ഭൂരിപക്ഷ പിന്തുണ ലഭിച്ചത്. മറുവശം ന്യൂനപക്ഷം ആവുകയും ക്രമേണ തമസ്കരിക്കപ്പെടുകയും ചെയ്തു. അങ്ങനെ ക്രമേണ യേശുവിന്റെ ജീവിതവും പഠിപ്പിക്കലുകളും വിസ്മരിക്കപ്പെട്ടു. സുവിശേഷങ്ങൾ പകർത്തി എഴുതപ്പെട്ടപ്പോൾ അവയിൽ പറയുന്ന കാര്യങ്ങൾ പൗലോസിന്റെ നിലപാടിനോട് വിരുദ്ധമല്ലെന്ന് ഉറപ്പാക്കുവാൻ ശ്രമങ്ങൾ നടന്നു എന്ന് കരുതണം.
അദൃശ്യനായ ക്രിസ്തുവിനെ ദൃശ്യമാക്കുന്ന ക്രിസ്തുസഭ
വർഷങ്ങൾ കഴിഞ്ഞിട്ടും യേശു മ്ശിഹായായി വരുന്നില്ല എന്ന് കണ്ടപ്പോൾ, യേശു ദൈവത്തിന്റെ വലഭാഗത്തിരുന്ന് ലോകത്തെയാകെ ഭരിക്കുന്നു എന്ന വിശ്വാസം ശക്തമായി. യേശു ലോകരാജാവാകുന്നു എന്ന് വിശ്വസിക്കുന്നവർ ദൈവത്തിന്റെ സ്വന്തജനം ആകുന്നു എന്നും അവർ വിശ്വസിച്ചു.
ലോകത്തെ ഭരിക്കുന്ന ക്രിസ്തു അദൃശ്യനാണ്. യേശു രാജാവാകുന്നു എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടമായ ക്രിസ്തു സഭ തങ്ങളുടെ അദൃശ്യ രാജാവിന്റെ അധികാരം ദൃശ്യമായി ഭൂമിയിൽ കയ്യാളുന്നു. ക്രിസ്തു രാജാവായത്കൊണ്ട് ക്രിസ്തുസഭ രാജകീയ വർഗ്ഗമാണ്. അതുകൊണ്ട് ദൈവമുമ്പാകെ ക്രിസ്ത്യാനികൾ ഉയർന്ന പദവിയും അധികാരവും ഉള്ളവരാണ്. ഈ കാഴ്ചപ്പാടിന്റെ വ്യാഖ്യാനത്തിൽ ചില വ്യത്യാസങ്ങൾ പിൽക്കാലത്ത് സംഭവിക്കുകയുണ്ടായി.
ക്രിസ്തു ഭരണാധികാരിയോ സ്നേഹാധികാരിയോ?
അടുത്ത നൂറ്റാണ്ടുകളിൽ ക്രൈസ്തവസഭ ഭാഷകളുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രധാന സംസ്കൃതികളായി തിരിഞ്ഞു-- ലത്തീൻ ഉപയോഗിക്കുന്ന പടിഞ്ഞാറൻ യൂറോപ്പ്, ഗ്രീക്ക് ഉപയോഗിക്കുന്ന കിഴക്കൻ യൂറോപ്പ്, സുറിയാനി ഉപയോഗിക്കുന്ന ഏഷ്യൻ സഭകൾ. ക്രിസ്തുവും ക്രിസ്തുസഭയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഈ മൂന്ന് സംസ്കൃതികളും നൽകിയ ഉത്തരങ്ങളിൽ പല വ്യത്യാസങ്ങളും ഉണ്ടായിരുന്നു. അദൃശ്യനായ ക്രിസ്തുവിനെ ക്രിസ്തുസഭ ദൃശ്യനാക്കുന്നു എന്ന കാര്യത്തിൽ എല്ലാവരും യോജിച്ചു. എന്നാൽ ഏതു പ്രകാരത്തിൽ ദൃശ്യമാക്കുന്നു എന്നതിൽ വിഭിന്ന അഭിപ്രായങ്ങൾ ഉണ്ടായി.
അദൃശ്യനായ ക്രിസ്തുവിനെ ദൃശ്യനാക്കുന്നത് ഒരൊറ്റ വ്യക്തിയാണ്, അത് റോമിലെ സഭാ തലവനാണ് എന്നതായിരുന്നു ലത്തീൻ സംസ്കൃതിയുടെ നിലപാട്. ആ വ്യക്തിയിലൂടെ ക്രിസ്തുവിന്റെ അധികാരം എല്ലാ പുരോഹിതന്മാർക്കും ലഭിക്കുന്നു. അതിന്റെ ഫലമായി പുരോഹിതന്മാരല്ലാത്ത സാധാരണ ജനം പുരോഹിതന്മാരിൽ കൂടി മാത്രം ദൈവത്തിൽ നിന്ന് രക്ഷയും അനുഗ്രഹങ്ങളും പ്രാപിക്കുന്നു.
എന്നാൽ, ക്രിസ്തുവിനെ ഭൂമിയിൽ ദൃശ്യനാക്കുന്നത് ക്രിസ്തുസഭ ഒന്നാകെയാണ്, സഭാതലവനോ പുരോഹിതന്മാർക്കോ പ്രത്യേക സ്ഥാനമൊന്നുമില്ല എന്ന് കാഴ്ചപ്പാടാണ് ഏഷ്യൻ സംസ്കൃതിക്ക് ഉണ്ടായിരുന്നത്. ക്രൂശിതനായ ക്രിസ്തുവാണ് ലോകത്തെ ഭരിക്കുന്നത്. അതൊരു സ്നേഹസാമ്രാജ്യമാണ്. യേശുവിനെപ്പോലെ ജീവിച്ച് യേശുവിനൊപ്പം ക്രൂശിക്കപ്പെടുമ്പോഴാണ് ക്രിസ്തുവിന്റെ സഭ ക്രിസ്തുവിനെ ദൃശ്യമാക്കുന്നത്.
ഇവ രണ്ടിനും ഇടയിലുള്ള ഒരു നിലപാടാണ് ഗ്രീക്ക് സംസ്കൃതിക്ക് ഉണ്ടായിരുന്നത് എന്ന് വേണം കരുതാൻ. റോമിലെ സഭാതലവന് മാത്രമല്ല മറ്റ് സ്ഥലങ്ങളിലെ തലവന്മാർക്കും ക്രിസ്തുവിന്റെ അധികാരം ഉണ്ട് എന്ന് അവർ അവകാശപ്പെട്ടു.
ലത്തീൻ സംസ്കൃതിയുടെ നിലപാടാണ് പിൽക്കാലത്ത് ലോകത്തിൽ കൂടുതൽ പ്രബലമായത്. ഏഷ്യൻ സംസ്കൃതിയുടെ നിലപാട് അവഗണിക്കപ്പെടുകയോ തമസ്കരിക്കപ്പെടുകയോ ചെയ്തു. ലത്തീൻ സംസ്കൃതിയുടെ നിലപാടിനോടുള്ള ഒരു കടുത്ത പ്രതിഷേധമായിരുന്നു പതിനാറാം നൂറ്റാണ്ടിലെ മതനവീകരണ പ്രസ്ഥാനം.
സമാപനം
എന്റെ രാജ്യം ഐഹികമല്ല എന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് സ്വയം ക്രൂശിക്കപ്പെടുവാൻ വിട്ടുകൊടുത്ത യേശു എപ്രകാരം ലോകരാജാവായ ക്രിസ്തുവായി രൂപാന്തരപ്പെട്ടു എന്നതിന്റെ ഒരു ലഘു ചരിത്രമാണ് നാം ഇവിടെ കണ്ടത്. ക്രിസ്തുവിനെ ദൃശ്യമാക്കുന്നു എന്ന് സ്വയം അവകാശപ്പെടുന്ന ക്രിസ്തുസഭയുടെ പരിണാമം ആശങ്കയും വിഷമവും ഉണ്ടാക്കുന്നതാണ്. അദൃശ്യക്രിസ്തുവിനെ ലോകരാജാവായി ദൃശ്യമാക്കുന്നതിന് പകരം യേശുവായി ദൃശ്യമാക്കിക്കൊണ്ട് യേശുവിനെപ്പോലെ ജീവിക്കുകയും യേശുവിനൊപ്പം ക്രൂശിക്കപ്പെടുകയും ചെയ്യുവാൻ ഇന്ന് ക്രിസ്തുസഭ സന്മനസാകുമോ?
Comments
യേശു എങ്ങനെ ക്രിസ്തുവായി എന്ന ചോദ്യംതന്നെ കൗതുകം ഉണർത്തുന്നതായിരുന്നു. കാരണം ഇത് തമ്മിലുള്ള വ്യത്യാസം എനിക്ക് അറിയുമായിരുന്നില്ല. ഈ പേരുകൾ തമ്മിൽ വ്യത്യാസം ഉണ്ടെന്നുപോലും അറിയില്ല. അതുകൊണ്ട്തന്നെ എനിക്കിത് രസകരമായിത്തോന്നി.
ലേഖനത്തിന്റെ അവസാനത്തിലെ ചോദ്യം ഏറെ ഇഷ്ടപ്പെട്ടു. പ്രസക്തമായ ചോദ്യം.
ഏത് സന്യസ്തസഭയായാലും ലാളിത്യം വാക്കുകളിൽ മാത്രം. എല്ലാ ആഡംബരങ്ങളിലും മുഴുകി അവർ പറയുന്ന പൊള്ളായായ വാക്കുകൾ കേട്ട് മടുത്ത് ഉള്ള വിശ്വാസം പൊയ്പോയ ഒരാളാണ് ഞാൻ.
എഴുത്ത് തുടരട്ടെ 👍👍
ആശംസകൾ 🔥🔥
If we take the I Am statements of Jesus, it could mean the I Am that is in all of us. Is this what was called the heresy of Gnostics?
I also think that St Paul’s own strong personality interfered with the revelations that he had or his teachings to specific churches wrongly took on a universal interpretation.
The Catholic Epistles should be given more importance. We have Saint Paul read to us at every service but John was the beloved of Jesus and James was his brother.