എല്ലാവർക്കും സ്വീകാര്യമായ ഒരു ദൈവസങ്കല്പം സാധ്യമോ?
ലോകത്തിൽ ധാരാളം ആളുകൾ ദൈവവിശ്വാസികളാണ്. ദൈവത്തെക്കുറിച്ചുള്ള വ്യത്യസ്തങ്ങളായ വിശ്വാസങ്ങൾ അവരെ വ്യത്യസ്ത വിഭാഗങ്ങളിലാക്കുന്നു. ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവരും ലോകത്തിൽ ധാരാളം ഉണ്ട്. ഇവരെല്ലാവരും പരസ്പരം സ്വന്തം വിശ്വാസങ്ങളെ ന്യായീകരിച്ചുകൊണ്ട് കലഹങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നു. ദൈവം കലഹത്തിന് കാരണമാകുന്ന ഒരു വിഷയമായതുകൊണ്ട് കഴിവതും പൊതുവേദികളിൽ ആ പദം ഉപയോഗിക്കാൻ ആളുകൾ മടിക്കുന്നു. ആളുകൾ കൂടുന്നിടത്ത് അതൊരു നിഷിദ്ധ പദം (taboo) ആയിരിക്കുന്നു.
ഇവിടെ നമ്മെ സഹായിക്കുന്നത് ഹേഗലിന്റെ ലളിതമായ ചിന്താപടികളാണ് -- thesis, antithesis, synthesis.
ദൈവം ഉണ്ട് എന്ന ഒരാൾ പറയുന്നു. അത് thesis ആണ്. അതുകേട്ടിട്ട് ദൈവം ഇല്ല എന്ന് മറ്റൊരാൾ പറയുന്നു. അത് antithesis ആണ്. രണ്ടു കൂട്ടരും അവരവരുടെ വാദങ്ങൾ ന്യായീകരിക്കാൻ ശ്രമിക്കുന്നു. കലഹം മൂക്കുന്നതല്ലാതെ പരിഹാരം ഒന്നും ഉണ്ടാകുന്നില്ല. ഇങ്ങനെ കലഹിച്ചുകൊണ്ടിരിക്കുന്നതിന് പകരം അവർക്ക് synthesis ന്റെ തലത്തിലേക്ക് ഉയരാവുന്നതാണ്. അവർ ഇരുവരും അവരുടെ വാദങ്ങൾ മേശപ്പുറത്ത് വയ്ക്കുക. എന്നിട്ട് മാറിനിന്ന് മൂന്നാമതൊരു കാഴ്ചപ്പാടിലൂടെ അതിനെ നോക്കി കാണുക. എന്തുകൊണ്ട് ഒരാൾ ദൈവമുണ്ട് എന്ന് വിശ്വസിക്കുന്നു? എന്തുകൊണ്ട് ഒരാൾ ദൈവമില്ല എന്ന് വിശ്വസിക്കുന്നു? തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുക. അപ്പോൾ അവരുടെ ചിന്ത ഒരു പുതിയ തലത്തിലേക്ക് ഉയരുന്നു.
അങ്ങനെ ഒരു പുതിയ തലത്തിലേക്ക് നമ്മുടെ ചിന്ത ഉയർത്തുവാനുള്ള ഒരു ക്ഷണമാണ് ഇവിടെ ഞാൻ ചെയ്യുന്നത്. ദൈവവിശ്വാസികൾ അല്ലാത്തവരും പലതരം ദൈവവിശ്വാസികളും ഒരുമിച്ച് താമസിക്കുന്ന നാടാണ് നമ്മുടേത്. എല്ലാ മനുഷ്യരെയും ഉൾക്കൊള്ളുന്ന ഒരു പുതിയ തലത്തിലേക്ക് നമ്മുടെ ചിന്ത ഉയരേണ്ടത് അത്യാവശ്യം തന്നെ. നമുക്ക് നമ്മുടെയെല്ലാം തലകൾ ചേർത്തുവച്ച് ചിന്തിക്കാം. നമ്മുടെ ചിന്തകൾ നമുക്ക് പങ്കുവയ്ക്കാം. അതിന്റെ ഫലമായി ഒരു പുതിയ കാഴ്ചപ്പാടും അവബോധവും ഉരുത്തിരിയും.
ദൈവം എന്ന പദം കൊണ്ട് നാം എന്താണ് അർത്ഥമാക്കുന്നത്?
ദൈവം ഉണ്ട് എന്ന് പറയുന്നവരും ഇല്ല എന്ന് പറയുന്നവരും ദൈവം എന്ന പദം ഉപയോഗിക്കുന്നുണ്ട്. ഈ പദം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നതാണ് നമ്മുടെ ആദ്യത്തെ ചോദ്യം. നമ്മുടെ 5 ഇന്ദ്രിയങ്ങൾ കൊണ്ട് ലോകത്തെയും ലോകത്തിലുള്ള കാര്യങ്ങളെയും അറിയാൻ നമുക്ക് കഴിയുന്നുണ്ട്. എന്നാൽ ഇന്ദ്രിയങ്ങൾ ഉപയോഗിച്ച് ദൈവത്തെ അറിയുവാൻ ലോകത്തിൽ ഇന്നേവരെ ആർക്കും കഴിഞ്ഞിട്ടില്ല. ദൈവത്തെ ആരും ഇതേവരെ കാണുകയോ കേൾക്കുകയോ സ്പർശിക്കുകയോ രുചിക്കുകയോ മണക്കുകയോ ചെയ്തിട്ടില്ല. ദൈവത്തെക്കുറിച്ച് യാതൊന്നും നമുക്ക് അറിഞ്ഞുകൂടാ. ദൈവത്തെക്കുറിച്ച് യാതൊരു വസ്തുതകളും ലഭ്യമല്ല. ദൈവത്തെക്കുറിച്ച് വിശ്വാസങ്ങളും സങ്കല്പങ്ങളും അനുമാനങ്ങളും മാത്രമേയുള്ളൂ.
ദൈവം ശാസ്ത്രത്തിന്റെ വിഷയമല്ല. ഏതെങ്കിലും തരത്തിൽ അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് അറിവ് നേടുകയാണ് ശാസ്ത്രം ചെയ്യുന്നത്. തിയോളജി എന്ന പഠന വിഭാഗം ശാസ്ത്രമല്ല. ദൈവത്തെ കുറിച്ചുള്ള പഠനമല്ല തിയോളജി, ദൈവത്തെക്കുറിച്ചുള്ള മനുഷ്യരുടെ വിശ്വാസങ്ങൾ, സങ്കല്പങ്ങൾ, അനുമാനങ്ങൾ ഒക്കെയാണ് തിയോളജിയുടെ വിഷയം.
അങ്ങനെയെങ്കിൽ ദൈവം എന്ന വാക്കുകൊണ്ട് എന്താണ് നാം ഉദ്ദേശിക്കുന്നത് എന്ന് കണ്ടെത്താൻ ശ്രമിക്കാം. ദൈവം എന്ന പദം സാധാരണയായി ഉപയോഗിക്കപ്പെടുന്നത് ലോകവുമായും മനുഷ്യനുമായും ബന്ധപ്പെടുത്തി കൊണ്ടാണ്.
ഒന്നിനെ നാം മനസ്സിലാക്കാൻ ശ്രമിക്കുന്നത് പലപ്പോഴും മറ്റുള്ളവയുമായുള്ള സമാനതകളും വ്യത്യാസങ്ങളും വിശദമാക്കി കൊണ്ടാണ്. ലോകവുമായും മനുഷ്യനുമായും ദൈവത്തിനുള്ള സമാനതകളും വ്യത്യാസങ്ങളും നമ്മുടെ ചിന്തകളിൽ വരാറുണ്ട്.
ആകാശത്തിൽ എത്ര നക്ഷത്രങ്ങൾ ഉണ്ട് എന്ന ചോദ്യത്തിന് മറുപടിയായി മറ്റൊരാൾ ദൈവത്തിന് അറിയാം എന്ന് പറഞ്ഞാൽ എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്? മനുഷ്യന്റെ അറിവ് പരിമിതമാണ്. എത്ര നക്ഷത്രങ്ങൾ ഉണ്ട് എന്നത് നമുക്ക് അറിവില്ലാത്ത ഒരു കാര്യമാണ്. എന്നാൽ സകലവും അറിയാവുന്ന ഒരാളെ നാം സങ്കൽപ്പിക്കുന്നു --ദൈവം. മനുഷ്യനുമായി താരതമപ്പെടുത്തുമ്പോൾ ദൈവത്തിന് സകലവും അറിയാം.
മനുഷ്യന്റെ കഴിവുകൾ പരിമിതമാണ് എന്നതുകൊണ്ട് യാതൊരു പരിമിതിയും ഇല്ലാതെ എല്ലാ കഴിവുകളും തികഞ്ഞ ഒരാളെ നാം സങ്കൽപ്പിക്കുന്നു -- ദൈവം.
ജനനവും മരണവും ഉള്ള നാം പരിമിത കാലത്തേക്ക് മാത്രം ജീവിക്കുന്നു. ദൈവത്തിന് ജനിമൃതികൾ ഇല്ലെന്നും കാലാതീതനാണെന്നും നാം സങ്കൽപ്പിക്കുന്നു.
തെറ്റ് മനുഷ്യസഹജമാണ്. അതുകൊണ്ട് ഒരു തെറ്റും വരുത്താത്ത ഒരാളായി ദൈവത്തെ നാം സങ്കൽപ്പിക്കുന്നു.
ലോകം മുഴുവനും സ്ഥലകാലങ്ങളാൽ പരിമിതമാണ്. അതുകൊണ്ട് ദൈവം സ്ഥലകാലങ്ങൾക്ക് അതീതനാണെന്ന് നാം സങ്കൽപ്പിക്കുന്നു.
നമുക്ക് യാതൊന്നും അറിഞ്ഞുകൂടാത്ത ഒന്നിനെയാണ് ദൈവം എന്ന വാക്ക് പ്രതിധാനം ചെയ്യുന്നത്. കണക്കിൽ X ഉപയോഗിക്കുന്നത് പോലെയാണ് അത്. ഒരു സമവാക്യം എഴുതുമ്പോൾ അതിൽ അറിയപ്പെടാത്ത ഒരു സംഖ്യയെ കുറിക്കുവാൻ X എഴുതാറുണ്ട്. ഒരു സംഖ്യ അവിടെ ഉണ്ട്, പക്ഷേ അത് എന്താണ് എന്ന് നമുക്ക് അറിഞ്ഞുകൂടാ -- അതാണ് അവിടെ X ന്റെ അർത്ഥം.
ദൈവം എന്ന വാക്ക് ഉപയോഗിക്കുമ്പോഴും നാം അത് ഉദ്ദേശിക്കുന്നു -- അവിടെ എന്തോ ഉണ്ട് പക്ഷേ അത് എന്താണ് എന്ന് നമുക്കറിഞ്ഞുകൂടാ.
ഒരു സമവാക്യത്തിൽ ആണല്ലോ നാം X ഉപയോഗിക്കുന്നത്. അതായത് മറ്റ് സംഖ്യകളുമായി ബന്ധപ്പെടുത്തിയാണ് X ന്റെ വില കണ്ടെത്താൻ ശ്രമിക്കുന്നത്.
ലോകവുമായി ബന്ധപ്പെടുത്തി ദൈവത്തെ മനസ്സിലാക്കുവാൻ ഉപയോഗിച്ചിട്ടുള്ള ചില സമവാക്യങ്ങൾ കാണാം.
1. ലോകം + X = സകലവും
സകലവും എന്ന പദം കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് നിലനിൽക്കുന്നതെല്ലാം എന്ന അർത്ഥത്തിലാണ്. അതിന് പുറത്ത് യാതൊന്നുമില്ല. ദൈവവും ലോകവും ചേർന്നതാണ് സകലവും എന്നതാണ് ഈ സങ്കല്പം. ദൈവവും ലോകവും രണ്ട് വ്യത്യസ്ത കാര്യങ്ങളായി നിലനിൽക്കുന്നു.
2. ഈ പറഞ്ഞ ഫോർമുലയിൽ X ന്റെ വില 0 ആണെങ്കിൽ,
ലോകം + 0 = ലോകം
ഇതനുസരിച്ച് ലോകം തന്നെയാണ് സകലവും. ലോകം കൂടാതെ ഒന്നും നിലനിൽക്കുന്നില്ല. നിരീശ്വരവാദവും ഭൗതികവാദവും ഒക്കെ ഈ നിലപാട് എടുക്കുന്നു.
3. മുകളിൽ പറഞ്ഞ ഫോർമുലയിൽ, ലോകത്തിന്റെ വില 0 ആണെങ്കിലോ?
0 + X = X
ലോകം യഥാർത്ഥത്തിൽ നിലനിൽക്കുന്നില്ല, അത് നമ്മുടെ ഒരു തോന്നലാണ് എന്നൊരു വീക്ഷണം ഉണ്ട്. ലോകമില്ല എങ്കിൽ അതിന്റെ അർത്ഥം ദൈവം മാത്രമേ ഉള്ളൂ എന്നാണ്. ഇന്ത്യയിലെ അദ്വൈത ചിന്തയുടെ നിലപാട് ഇതാണ്.
4. ദൈവം, ഉണ്ട് ലോകവും ഉണ്ട്; എന്നാൽ ദൈവം ലോകത്തിന്റെ ഉള്ളിൽ അതിന്റെ ഒരു ഭാഗമായി നിലനിൽക്കുന്നു. ഇതാണ് ഏറ്റവും പ്രചാരത്തിലുള്ള ദൈവവിശ്വാസം. ലോകത്തെ ഒരു വലിയ രാജ്യമായും ദൈവത്തെ അതിന്റെ രാജാവായും സങ്കൽപ്പിക്കുമ്പോൾ രാജ്യത്തിന്റെ ഭാഗമാണല്ലോ രാജാവ്. ശരീരത്തിന്റെ ഉള്ളിൽ ആത്മാവ് അദൃശ്യമായി നിലനിൽക്കുന്നത് പോലെ ലോകത്തിന്റെ ഉള്ളിൽ അതിന്റെ ആത്മാവായി ദൈവം നിലനിൽക്കുന്നു എന്ന സങ്കല്പവുമുണ്ട്.
5. ദൈവം ഉണ്ട്, ലോകവും ഉണ്ട്; എന്നാൽ ലോകം ദൈവത്തിന്റെ ഉള്ളിൽ നിലനിൽക്കുന്നു. ദൈവത്തിന്റെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ ദൈവം മാത്രമേയുള്ളൂ. ദൈവത്തിന്റെ ഉള്ളിൽ ദൈവത്തിന്റെ ഭാഗമായി നിലനിൽക്കുന്നത് കൊണ്ട് ലോകത്തിന് പ്രത്യേകം നിലനിൽപ്പില്ല. എന്നാൽ ലോകത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ ലോകമുണ്ട് ദൈവവുമുണ്ട്. ഏറ്റവും യുക്തിഭദ്രമായ നിലപാടായി ഈ എഴുത്തുകാരൻ മനസ്സിലാക്കുന്നത് ഇതാണ്.
ദൈവം എന്ന വാക്കുകൊണ്ട് എന്താണ് നാം അർത്ഥമാക്കുന്നത് എന്ന് ചോദ്യമാണ് ഇതുവരെ നാം പരിഗണിച്ചത്. ചുരുക്കിപ്പറഞ്ഞാൽ, ദൈവത്തെക്കുറിച്ച് വസ്തുതകൾ ഒന്നും ലഭ്യമല്ല, അനുമാനങ്ങളും വിശ്വാസങ്ങളും മാത്രമേയുള്ളൂ. ലോകത്തോടും മനുഷ്യനോടും താരതമ്യപ്പെടുത്തിയും ബന്ധപ്പെടുത്തിയും ആണ് വിവിധ അനുമാനങ്ങളിൽ എത്തുന്നത്.
എന്തുകൊണ്ടാണ് മനുഷ്യർക്ക് ദൈവവിശ്വാസം ഉള്ളത്?
എന്താണ് ലോകം? എന്തിനാണ് ഈ ലോകം നിലനിൽക്കുന്നത്? എന്താണ് മനുഷ്യൻ? എന്തിനാണ് മനുഷ്യൻ നിലനിൽക്കുന്നത്? ഇങ്ങനെയുള്ള അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന ജീവിയാണ് മനുഷ്യൻ. ജീവിതത്തിന്റെ ലക്ഷ്യവും മാർഗ്ഗവും തീരുമാനിക്കാനും നടപ്പാക്കാനും കഴിയുന്ന ഒരു ജീവിയാണ് മനുഷ്യൻ. മനുഷ്യൻ ഒരു യന്ത്രമോ വൃക്ഷമോ ഇഴജന്തുവോ പറവയോ മൃഗമോ ഒക്കെ ആയിരുന്നെങ്കിൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കുകയോ അവയുടെ ഉത്തരം തേടുകയോ ചെയ്യുകയില്ലായിരുന്നു.
ജീവിതത്തിന്റെ അർത്ഥം തേടാൻ തുടങ്ങുമ്പോൾ തന്നെ തന്റെ പരിമിതികളെക്കുറിച്ച് മനുഷ്യൻ ബോധവാനാകുന്നു. അറിവിന്റെ പരിമിതി, കഴിവിന്റെ പരിമിതി, സമയപരിമിതി -- ഇവയെല്ലാം പരിമിതികളില്ലാത്ത ഒന്നിനെ സങ്കൽപ്പിക്കുവാൻ കാരണമാകുന്നു.
ജീവിതം എന്തിനുവേണ്ടി എന്ന ഏറ്റവും അടിസ്ഥാനപരമായ ചോദ്യത്തിന് ഉത്തരം തേടുമ്പോൾ താൻ അക്കാര്യത്തിൽ തീർത്തും അജ്ഞനാണ് എന്ന് യാഥാർത്ഥ്യം മനുഷ്യൻ തിരിച്ചറിയുന്നു. എന്നാൽ ജീവിതം അർത്ഥരഹിതമാണ്, ഉദ്ദേശരഹിതമാണ് എന്ന ധാരണ മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കുന്നു. ജീവിതത്തിന്റെ ഉദ്ദേശം തനിക്ക് അറിഞ്ഞുകൂടാ; എങ്കിലും ജീവിതത്തിന് ഉദ്ദേശം ഉണ്ടാവണം. അത് തനിക്ക് അറിഞ്ഞുകൂടെങ്കിലും മറ്റാർക്കോ അറിയാം എന്ന ബോധ്യം മനുഷ്യനെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കുന്നു.
സത്ഗുണസമ്പൂർണ്ണനായി ദൈവത്തെ സങ്കൽപ്പിക്കുകയും ആരാധിക്കുകയും ചെയ്യുമ്പോൾ ദൈവത്തിന്റെ സൽഗുണ സമ്പൂർണ്ണതയിലേക്ക് വളരുവാൻ മനുഷ്യന് അവസരം ഉണ്ടാകുന്നു. ഇങ്ങനെ എല്ലാ മത പാരമ്പര്യങ്ങളിലും ആരാധന മനുഷ്യന് വളരാനും ഉയരാനുമുള്ള അവസരം ഒരുക്കുന്നു.
ദൈവവിശ്വാസത്തിന്റെ ഫലമായി ഇങ്ങനെയുള്ള പ്രയോജനങ്ങൾ ഉണ്ടാകുമെങ്കിൽ ദൈവവിശ്വാസം വേണ്ടെന്നു വയ്ക്കുന്നവർക്ക് ഈ പ്രയോജനങ്ങൾ നഷ്ടമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവർക്ക് ജീവിതം അർത്ഥരഹിതമായി അനുഭവപ്പെടാം. വളരാനും വികസിക്കാനും ഉള്ള അവസരവും നഷ്ടപ്പെടുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും എന്തുകൊണ്ടാണ് ധാരാളം പേർ ഇപ്പോഴും ദൈവവിശ്വാസം വേണ്ടെന്നു വയ്ക്കുന്നത്? അതിന്റെ കാരണം ദൈവവിശ്വാസികൾ തന്നെയാണ്. ദൈവത്തെക്കുറിച്ച് ദൈവവിശ്വാസികൾ സൃഷ്ടിച്ചെടുക്കുന്ന യുക്തിരഹിതമായ ധാരണകൾ നന്മയ്ക്ക് പകരം തിന്മയ്ക്കും കലഹങ്ങൾക്കും വഴിവയ്ക്കുന്നു. പുറമേ ദൈവവിശ്വാസികൾ എന്ന് കാണപ്പെടുന്ന പലരും ദൈവം ഇല്ല എന്ന് ഉള്ളിൽ പറയുന്നവരാണ്. അങ്ങനെയുള്ളവരുടെ വഷളത്തം നിറഞ്ഞ ജീവിതം ആണ് ദൈവം ഇല്ല എന്ന നിഗമനത്തിൽ എത്താൻ മറ്റു പലരെയും ഉത്തേജിപ്പിക്കുന്നത്.
Comments
വിവേചനബുദ്ധിയില്ലാത്ത ഒരു ഭക്തനെക്കാൾ നല്ലത് അതുള്ള ഒരു അവിശ്വാസിയാണ്.
എല്ലാറ്റിലും... പണ്ട് പ്രഹ്ലാദൻ പറഞ്ഞപോലെ തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നു വിശ്വസിക്കുന്നു. സൂര്യൻ, വായു, അഗ്നി, മരങ്ങൾ തുടങ്ങിയ എനിക്ക് ചുറ്റുമുള്ള ഓരോന്നും -മനുഷ്യർ ഉൾപ്പെടെ - എന്റെ ജീവിതത്തെ നിയന്ത്രിക്കുന്നു എന്ന് വിശ്വസിക്കുന്നു
ലേഖനം അഭിനന്ദനാർഹമാണ്.
👍👍👍👍👍👍👍👍
പക്ഷേ....
ഞാൻ ഒരു വിശ്വാസി അല്ല
😄😄😄😄😄😄
Though there is a meeting point of all faiths, that's around one table where the upper ones meet to 'discuss' only. Otherwise the faith factor is dividing of humanity.
So the best in community of a multiple faith (even within the same faith) ideal is to avoid faith talks to avoid division in all respects.
And GOD thought is divided into several levels.
All that is taught by the 'heads' are only to enhance and spread the numbers irrespective of all religions....
Atheism is a cliche now, I feel.
At present the new religion has emerged ...... I.e. the humanism......
In malayalam it's the മാനവീകത.
Actually JESUS was trying to emphasise the humanism through the parables of good Samaritan, and in jn.ch.4 to the lady to her questions in sychar.
And let us realize that jesus was never a Christian! Not only till his death; also after his death. Many centuries later some like minded people spoke of him and that was devloped and many years later those were authored, by adding according to the need of the hour!!!!!!
At that time there were many other cultures!
Greek and Roman philosophy and the original aboriginal practices are some of the ancient ones including the eastern ones 'china' and 'ancient Barath '.
Religion is dividing in public space.
And to be frank, when the human beings are in the mood of pleasure, there should be no Religion, no god, no education and no philosophy at all.
When you are in rome be a Roman!!!!! To save all the situations!
Suicide is existing from the time human beings existed.
Don't you believe that judas committed suicide....
Sometimes allow them to do so to save them and the atmosphere of that time. It's just one way of death just like any other; that is as is destined.... who, where, when is the only uncertainty.
യുക്തിസഹജ മാനവീകത is my religion. And It's not utopian at all.
Buddha and later
Jesus attempted that....
Definitely they both failed!
They both died!
These are the naked truths.
So are we 😄
👆inclusiveness is my religion without any particular face, space, or time!
കാലാകാലങ്ങളായി ചരാചരങ്ങളും ലോകവും അതിലെ ചരാചരങ്ങളും സൃഷ്ടിച്ചു പരിപാലിക്കുന്ന അ ദൃശ്യനായ ശക്തിയാണ് ദൈവം ഇതിൽ കൂടുതൽ ഉള്ള ഒരു അന്വേഷണം നമ്മെ എങ്ങും എത്തിക്കുകയില്ല ദൈവത്തിന്റെ സാന്നിധ്യം മനുഷ്യനെ തിന്മകൾ ചെയ്യുന്നതിൽ നിന്ന് അകറ്റുന്നു
എല്ലാറ്റിനും ഉപരിയായി വിശ്വാസമാണ് ഇക്കാര്യത്തിൽ മനുഷ്യനെ നയിക്കുന്നത്.