സെമിറ്റിക് ആരാധനയുടെ ഉത്ഭവവും വികാസവും

യഹൂദ ക്രൈസ്തവ ഇസ്ലാം സംസ്കൃതികളെയാണ് സെമിറ്റിക് എന്ന പദം കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ ഒരുമിച്ചുകൂടി നടത്തുന്ന സമൂഹ ആരാധന അവരുടെ പ്രത്യേകതയാണ്. വെള്ളിയാഴ്ച മുസ്ലീങ്ങളും ശനിയാഴ്ച യഹൂദരും ഞായറാഴ്ച ക്രൈസ്തവരും അവരുടെ ആരാധനാലയങ്ങളിൽ ഒന്നിച്ചു കൂടുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. ഇത് എങ്ങനെ സംഭവിച്ചു? എന്താണ് ഇതിന്റെ അർത്ഥം? ഇതാണ് ഇവിടെ നമ്മുടെ ചിന്താവിഷയം.

 യഹൂദ സമുദായത്തിൽ ആണല്ലോ യേശു ജനിച്ചതും ജീവിച്ചതും. ആ കാലത്ത് യഹൂദ സമുദായത്തിന്റെ ജീവിതരീതിയിലും ആരാധനാരീതിയിലും വലിയ മാറ്റങ്ങൾ ഉണ്ടായി. AD 70 ന് മുമ്പുണ്ടായിരുന്നത് എബ്രായ മതം എന്നും അതിന് ശേഷം ഉള്ളത് യഹൂദമതമെന്നും സൗകര്യത്തിനു വേണ്ടി നമുക്ക് വിളിക്കാം. അക്കാലത്ത് എബ്രായ മതം രണ്ടായി പിളർന്നു. യേശുവാണ് ക്രിസ്തു എന്ന് വിശ്വസിച്ചവർ ക്രിസ്തുമതത്തിന് തുടക്കമിട്ടു. അങ്ങനെ വിശ്വസിക്കാത്തവർ യഹൂദമതമായി തുടർന്നു. അങ്ങനെ എബ്രായ മതത്തിന്റെ ജീവിത വീക്ഷണവും ആരാധനാരീതികളും യഹൂദരുടെയും ക്രൈസ്തവരുടെയും പൈതൃകമായി ഭവിച്ചു. ആറ് നൂറ്റാണ്ടുകൾക്ക് ശേഷം അറേബ്യയിൽ യഹൂദരും ക്രൈസ്തവരും ധാരാളം ഉണ്ടായിരുന്ന ഒരു സംസ്കാരിക പശ്ചാത്തലത്തിൽ ഇവരുടെ പൈതൃകങ്ങളും ഉൾക്കൊണ്ട് കൊണ്ട് ഇസ്ലാം മതം രൂപപ്പെട്ടു.


 ഇന്നത്തെ യഹൂദ ക്രൈസ്തവ ഇസ്ലാം മതങ്ങളിലെ ആരാധനാരീതി യേശുവിന് മുമ്പുള്ള എബ്രായ ജനതയുടെ ആരാധനാ രീതിയില്‍ നിന്ന് പൈതൃകമായി ലഭിച്ചതാണ്. രണ്ടു തരത്തിലുള്ള ആരാധനാരീതികൾ എബ്രായ ജനതയ്ക്ക് ഉണ്ടായിരുന്നു. ഒന്ന് ബലിപീഠങ്ങളിൽ യാഗം അർപ്പിക്കുന്നതാണ്. മറ്റൊന്ന് ആഴ്ചയിൽ ഒരു ദിവസം വിശ്രമ ദിവസമായി വേർതിരിച്ച് അന്ന് ഒന്നിച്ചു കൂടി ദൈവത്തെ സ്തുതിക്കുന്നതാണ്.

 പൗരാണിക കാലം മുതൽ യാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ആരാധനാരീതി നിലവിലുണ്ട്. ബലിപീഠങ്ങളിൽ അവർ മൃഗങ്ങളെയും മറ്റും യാഗം കഴിച്ചിരുന്നു. ഇതെങ്ങനെ ആരംഭിച്ചു? ഇതിന്റെ അർത്ഥം എന്താണ്? എന്നിവ ഗൗരവമായി അന്വേഷിക്കേണ്ട ചോദ്യങ്ങൾ തന്നെയാണ്. എങ്കിലും ഇവിടെ അതിന് മുതിരുന്നില്ല. കാരണം ഇതാണ്. A. D. 70ൽ യെരുശലേം ദേവാലയം നശിപ്പിക്കപ്പെട്ടതോടെ യാഗങ്ങൾ നടത്തിയുള്ള ആരാധന അവസാനിച്ചു. ഇന്നത്തെ യഹൂദ ക്രൈസ്തവ ഇസ്ലാം മതങ്ങളിൽ അത്തരം ആരാധനാരീതി നിലവിലില്ല.

 ഇതിന് സമാന്തരമായി ശനിയാഴ്ച ദിവസം ഒന്നിച്ചുകൂടി ദൈവത്തെ സ്തുതിക്കുന്ന രീതിയും നിലവിലിരുന്നു. മറ്റ് നാട്ടുകാർ അവരെ കീഴ്പ്പെടുത്തുകയും ബന്ധനസ്ഥരാക്കി അവരുടെ നാടുകളിലേക്ക് കൊണ്ടുപോവുകയും ചെയ്തപ്പോൾ അവർക്ക് തങ്ങളുടെ ദേവാലയത്തെ വിട്ട് ജീവിക്കേണ്ടിവന്നു. അക്കാലത്ത് അവർക്ക് ദേവാലയത്തിലെത്തി യാഗങ്ങൾ അർപ്പിക്കുവാൻ കഴിഞ്ഞില്ല. അപ്പോഴും അവർ ഒരുമിച്ചുകൂടി സ്തുതിഗീതങ്ങൾ ആലപിക്കുകയും വേദലിഖിതങ്ങൾ ധ്യാനിക്കുകയും ചെയ്തു. ഈ രീതിയാണ് മൂന്ന് മതങ്ങളിലും ഇന്നും തുടരുന്നത്.

ക്രിസ്തുമതത്തിലെ കുർബാന/ മാസ്സ് / Holy communion രണ്ട് രീതികളുടെയും സംയോജനം ആണെന്ന് പറയാം. യെരൂശലേം ദേവാലയത്തിലുണ്ടായിരുന്ന യാഗം പ്രതീകാത്മകമായി തുടരുന്നു. ഒപ്പം സിനഗോഗുകളിൽ നടത്തിയിരുന്ന വേദധ്യാനവും കീർത്താനാലാപനങ്ങളും നടത്തുന്നു. 

 അവർ ആഴ്ചയിൽ ഒരിക്കൽ ഒരുമിച്ചുകൂടി ചെയ്ത പ്രധാന കാര്യം ദൈവത്തിന്റെ മഹത്വം പ്രകീർത്തിക്കുക എന്നതാണ്. അതാണ് ഇന്നും ഈ മൂന്ന് മതങ്ങളിലും ചെയ്യുന്നത്. അല്ലാഹു അക്ബർ (God is great!) എന്നത് ഈ മൂന്ന് മതങ്ങളുടെയും അടിസ്ഥാനമാണ്. ദൈവത്തിന്റെ സർവ്വശക്തിയും സർവ്വജ്ഞതയും മരണമില്ലായ്മയും പ്രകീർത്തിക്കപ്പെടുന്നു. എന്നാൽ ഏറ്റവും അധികം പ്രകീർത്തിക്കപ്പെടുന്നത് ദൈവത്തിന്റെ പരിശുദ്ധിയാണ്. നമ്മുടെ അറിവില്ലായ്മ നിമിത്തം നാം എപ്പോഴും തെറ്റുകുറ്റങ്ങൾ വരുത്തുന്നു. എന്നാൽ എല്ലാം അറിയുന്ന ദൈവം യാതൊരു തെറ്റുകളും കുറ്റങ്ങളും വരുത്തുന്നില്ല.


 ദൈവത്തെ പരിശുദ്ധൻ എന്ന് പ്രകീർത്തിക്കുന്നത് ഏറ്റവും അർത്ഥവത്തായി ആദ്യം നാം കാണുന്നത് യേശുവിനും ഏതാണ്ട് 8 നൂറ്റാണ്ടുകൾക്ക് മുമ്പ് ഏശായാ പ്രവാചകൻ കണ്ട ദർശനത്തിലാണ്. മാലാഖമാർ ദൈവത്തെ പരിശുദ്ധൻ എന്ന് പുകഴ്ത്തുന്നതായി ഏശായാ കണ്ടു. ഉസിയ രാജാവിന് കുഷ്ഠരോഗം വന്നതിന്റെ പേരിൽ ആ നാട്ടുകാർ മുഴുവനും ദൈവത്തെ പഴിച്ചു കൊണ്ടിരുന്ന സാഹചര്യത്തിലാണ് മാലാഖമാർ ദൈവത്തെ പരിശുദ്ധൻ എന്ന് പുകഴ്ത്തുന്നത് ഏശായാ കാണുന്നത്. ആഴ്ച തോറും അവർ ഒരുമിച്ചു കൂടിയപ്പോൾ അവരും മാലാഖമാരോടൊപ്പം ദൈവസന്നിധിയിൽ നിന്നുകൊണ്ട് ദൈവം പരിശുദ്ധൻ എന്ന് പുകഴ്ത്തുന്നതായി അവർ മനസ്സിലാക്കി. 

 ദൈവം മാത്രം പരിശുദ്ധൻ എന്ന് പറയുന്നതും തെറ്റ് മനുഷ്യസഹജമാണ് എന്ന് പറയുന്നതും ഏതാണ്ട് ഒരേ അർത്ഥത്തിലാണ്. ഈ തിരിച്ചറിവ് ആഴത്തിൽ ഉപബോധമനസ്സിലുള്ളവർക്ക് ക്ഷമിക്കുവാനും ക്ഷമ ചോദിക്കുവാനും എളുപ്പമാകും.


 പിൽക്കാലത്ത് ദൈവം മാത്രം നല്ലവൻ, നീതിമാൻ, പരിശുദ്ധൻ എന്ന് യേശു അടിവരയിട്ട് ഉറപ്പിച്ചു പറഞ്ഞു. അതുകൊണ്ട് വിധിക്കുവാനുള്ള അറിവും അവകാശവും ദൈവത്തിന് മാത്രം. ആരെയും വിധിക്കാതെ ക്ഷമിക്കുകയും ക്ഷമ ചോദിക്കുകയാണ് നാം എപ്പോഴും ചെയ്യേണ്ടത് എന്നും യേശു പഠിപ്പിച്ചു. 


 ദൈവത്തിന്റെ മഹത്വം കാണുമ്പോൾ നാം അറിയാതെ ദൈവത്തെ പുകഴ്ത്തിപ്പോകുന്നു. നാം ദൈവത്തെ പുകഴ്ത്തുന്നത് അത് നമ്മുടെ കടമ ആയതുകൊണ്ടല്ല, നാം അതിനായി സൃഷ്ടിക്കപ്പെട്ടതുകൊണ്ടുമല്ല. മുടിയനായ പുത്രന്റെ കഥയിൽ യേശു ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പശ്ചാത്താപവിവശനായി പിതാവിന്റെ അടുക്കൽ മടങ്ങിയെത്തുന്ന മകൻ തന്നെ ഒരു അടിമയായി സ്വീകരിക്കേണമേ എന്ന് യാചിക്കുമ്പോൾ പിതാവ് അവനെ മകനായി സ്വീകരിച്ച് മാറോടണയ്ക്കുന്നു.

നാം നമ്മെത്തന്നെ ദൈവത്തിന് അടിമപ്പെടുത്തുവാൻ തയാറാകുന്നത് ദൈവം നമ്മെ മക്കളായി കണ്ടു സ്നേഹിക്കുന്നു എന്ന തിരിച്ചറിവുണ്ടാകുമ്പോഴാണ് എന്ന് യേശു പഠിപ്പിച്ചു.

 പിൽക്കാലത്ത് അർഥരഹിതമായ വിശ്വാസാചാരങ്ങൾ കുന്നുകൂടിയപ്പോൾ ലളിത സുന്ദരമായ ഈ തിരിച്ചറിവുകൾ തമസ്കരിക്കപ്പെട്ടു. യേശുവിന്റെ സ്ഥാനം ലോകത്തെയാകെ ഭരിക്കുകയും വിധിക്കുകയും ചെയ്യുന്ന ക്രിസ്തു കയ്യടക്കി. ഭൂമിയെ സ്വർഗമാക്കി മാറ്റുക എന്നതിന് പകരം മരണശേഷം സ്വർഗ്ഗത്തിലെത്തുക എന്നത് ലക്ഷ്യമായി മാറി. 

 നാം ദൈവത്തെ ആരാധിക്കുന്നത് അത് നമ്മുടെ കടമ ആയതുകൊണ്ടാണ് എന്ന ചിന്തയാണ് യഹൂദ മതത്തിൽ ഏറ്റവും പ്രചാരത്തിലുള്ളത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ശബത്ത് മനുഷ്യനു വേണ്ടിയാണ് എന്ന് 2000 വർഷങ്ങൾക്കു മുമ്പ് യേശു പഠിപ്പിച്ച കാര്യം അവർ ഇന്നും മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല.

 മനുഷ്യർ ദൈവത്തിന്റെ അടിമകളാണെന്നും, മനുഷ്യർ സൃഷ്ടിക്കപ്പെട്ടത് തന്നെ ദൈവത്തെ ആരാധിക്കാൻ വേണ്ടിയാണെന്നും മുസ്ലീങ്ങൾ വിശ്വസിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 


സമാപനം

 ആരാധനയുടെ ലളിത സുന്ദരമായ മൂല അർത്ഥത്തിൽ നിന്ന് ഇന്നത്തെ എല്ലാ സെമിറ്റിക് മതങ്ങളും വഴിപിഴച്ചു പോയിട്ടുണ്ട്. മുടിയനായ പുത്രൻ തെറ്റ് സമ്മതിച്ച് പിതാവിന്റെ അടുക്കലേക്ക് മടങ്ങി വന്നതുപോലെ സെമിറ്റിക് മതങ്ങൾ ആരാധനയുടെ യഥാർത്ഥ അർത്ഥത്തിലേക്ക് മടങ്ങി വരണം.

ജോൺ കുന്നത്ത് 

Comments

Ajith Nair said…
Informative...യേശുവിന് മുമ്പും വേറെയും മിശിഹാമാർ ഇസ്രായേലിൽ ഉണ്ടായിട്ടുണ്ടെന്നും അവരൊക്കെ കുരിശ്‌ മരണം വരിച്ചിരുന്നുവെന്നും SGK ഒരിക്കൽ പറഞ്ഞിട്ടുണ്ട്...

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?