ആശയവിനിമയം

സിനർജി സീനിയർ സിറ്റിസൺസ് ഗ്രൂപ്പിൽ അവതരിപ്പിച്ച വർക്ക് ഷോപ്പിന്റെ സംഗ്രഹം


 Basic principles of effective communication

 ഫലവത്തായ ആശയവിനിമയത്തിന്റെ അടിസ്ഥാന തത്വങ്ങൾ


 ഒരാളിന്റെ മനസ്സിലുള്ള ഒരു ആശയം മറ്റൊരാളുടെ മനസ്സിൽ എത്തിക്കുന്ന പ്രക്രിയയാണ് ആശയവിനിമയം. ഭാഷ ഉപയോഗിച്ചാണ് ഇത് സാധിക്കുന്നത്.

 ആശയം, ആശയം അയക്കുന്നയാൾ, ആശയം സ്വീകരിക്കുന്നയാൾ, എന്നിങ്ങനെ മൂന്ന് പ്രധാന ഘടകങ്ങൾ ഉണ്ട്. കൂടാതെ ഇത് നടക്കുന്ന സ്ഥലം, സമയം, ഉപയോഗിക്കുന്ന മാധ്യമം, കാരണം എന്നിങ്ങനെ നാല് ഘടകങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. അതായത്, എന്ത്, ആര്, ആർക്ക്, എവിടെ, എപ്പോൾ, എങ്ങനെ, എന്ത്കൊണ്ട് എന്നീ ഏഴ് ചോദ്യങ്ങളാണ്  ആശയവിനിമയത്തെക്കുറിച്ച് നമുക്ക് ചോദിക്കാനുള്ളത്. 


ഒരാൾ അയക്കുന്ന ആശയം യാതൊരു വ്യത്യാസവും കൂടാതെ അതുപോലെ സ്വീകരിക്കുന്നയാളിന്റെ മനസ്സിൽ എത്തുന്നതാണ് ഏറ്റവും ഫലവത്തായ ആശയവിനിമയം. എന്നാൽ പല കാരണങ്ങളാൽ മിക്കപ്പോഴും അത് സാധിക്കാറില്ല. ആശയം അയക്കുന്നയാളും സ്വീകരിക്കുന്നയാളും ഒന്ന് മനസ്സുവെച്ചാൽ ആശയവിനിമയം കഴിയുന്നിടത്തോളം ഫലവത്താക്കാൻ സാധിക്കും.


 ഒരാൾ മറ്റൊരാളോട് സംസാരിക്കുന്നത് വളരെ ലളിതമായ ഒരു ആശയവിനിമയമാണ്. ഒരാൾ ഒരു സദസ്സിനോട് സംസാരിക്കുന്നത് കൂടുതൽ സങ്കീർണമാണ്. ഒരാൾ എഴുതുന്ന ലേഖനം/ പുസ്തകം  ആയിരക്കണക്കിനാളുകൾ വായിക്കുന്നത് കൂടുതൽ സങ്കീർണമാണ്. ഒരാളുടെ രചന നൂറ്റാണ്ടുകൾക്ക് ശേഷം ആളുകൾ വായിക്കുന്നത് അതിലും സങ്കീർണമാണ്. ഒരു സ്ഥലത്ത് ജീവിക്കുന്ന എഴുത്തുകാരന്റെ രചന നൂറ്റാണ്ടുകൾക്ക് ശേഷം മറ്റൊരു സ്ഥലത്തുള്ള ആളുകൾ വായിക്കുന്നത് എത്രയോ സങ്കീർണ്ണമാണ്. ആശയവിനിമയത്തിന്റെ സങ്കീർണത വർദ്ധിക്കുംതോറും ഫലവത്താകാനുള്ള സാധ്യത കുറയുന്നു. 


 ആശയം അയക്കുന്നയാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

 1. തന്റെ മനസ്സിൽ ഉള്ള ആശയം അത് സ്വീകരിക്കുന്നയാളിൽ അതുപോലെ എത്തണം എന്ന ആഗ്രഹം അയക്കുന്ന ആളിന് ഉണ്ടാകണം. താൻ ഒരു വലിയ പണ്ഡിതനാണ് എന്ന് കേൾവിക്കാർക്ക് ബോധ്യം വരാൻ വേണ്ടി പ്രഭാഷണം നടത്തുന്നവരുണ്ട്.

2. സ്വീകരിക്കുന്ന ആളിന് മനസ്സിലാകുന്ന ഭാഷയിൽ വേണം ആശയം അയക്കുവാൻ. മലയാളം മാത്രം അറിയാവുന്ന ഒരാളോട് ഇംഗ്ലീഷിൽ സംസാരിച്ചിട്ട് കാര്യമില്ല.

3.  സ്വീകരിക്കുന്നയാളിന് വ്യക്തമായി കേൾക്കത്തക്ക അല്ലെങ്കിൽ വായിക്കത്തക്ക വിധത്തിൽ വേണം ആശയമയയ്ക്കുവാൻ.

4. ഒരു ചുരുക്ക രൂപം ഉപയോഗിക്കുന്നതിനു മുമ്പായി അതിന്റെ പൂർണ്ണരൂപം കേൾക്കുന്ന അഥവാ വായിക്കുന്ന ആൾക്ക് അറിയാമെന്ന് ഉറപ്പുവരുത്തണം. 


 ആശയം സ്വീകരിക്കുന്നയാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:


1. ഒരേ ആശയം പല വാക്കുകൾ ഉപയോഗിച്ച് വിനിമയം ചെയ്യാം.

 ഒരു വാക്കിന് പല ആശയങ്ങൾ വിനിമയം ചെയ്യാൻ കഴിവുണ്ട്.

2. വാക്കുകളുടെയും വാചകങ്ങളുടെയും അർത്ഥം, അവ ഉപയോഗിക്കുന്ന സന്ദർഭത്തിന്റെ അടിസ്ഥാനത്തിൽ ഊഹിച്ചെടുക്കാൻ മാത്രമേ കഴിയൂ

3. ഒരാശയം വസ്തുതയാണോ അതോ ആരുടെയെങ്കിലും അഭിപ്രായമാണോ എന്ന് തിരിച്ചറിയാൻ കഴിയണം

4. ഒരു ആശയം അക്ഷരീകമായാണോ അലങ്കാരികമായാണോ മനസ്സിലാക്കേണ്ടത് എന്ന് തിരിച്ചറിയാൻ കഴിയണം

5. ഒരു സംഭവത്തെ കുറിച്ച് കേൾക്കുമ്പോൾ / വായിക്കുമ്പോൾ, അത് ശരിക്കും നടന്നതാണോ അതോ ഒരാളുടെ സങ്കല്പമാണോ എന്ന് തിരിച്ചറിയാൻ കഴിയണം 

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം