ദൈവത്തിന് മനുഷ്യരുടെ സ്തുതി വേണോ?

ഈയിടെ ഫേസ്ബുക്കിൽ വന്ന ഒരു ചർച്ച ദൈവത്തെ സ്തുതിക്കുന്നതിനെ പറ്റി ആയിരുന്നു. അതിൽ പങ്കെടുത്തു കൊണ്ട് ചിലർ പറഞ്ഞ കാര്യങ്ങൾ ഇവിടെ ഉദ്ധരിക്കുന്നു:


"പുകഴ്ത്തുമ്പോൾ പൊങ്ങുന്ന/ പ്രിതിപ്പെടുന്ന  അല്പനാണ് ദൈവം എന്ന് പ്രാർത്ഥനാ സംഘം നമ്മോട് പറയുന്നു."


"ദൈവത്തെ പുകഴ്ത്താനാണ് നമ്മളെയൊക്കെ ദൈവം സൃഷ്ട്ടിച്ചു വച്ചിരിക്കുന്നത്."


" 24×7 നമ്മൾ ഒരാളോട് ഞാൻ നിങ്ങളെ സ്തുതിക്കുന്നു എന്ന് പറയണോ? എല്ലാം അറിയുന്നവനെ ഇങ്ങനെ ബോധിപ്പിക്കേണ്ട ആവശ്യമുണ്ടോ? "


"സ്വർഗത്തിൽ ചെന്നാലും ഇതുതന്നെയാണ് പണി, എപ്പോഴും സ്തുതിച്ചുകൊണ്ടിരിക്കണം."


 ഈ പോസ്റ്റുകൾ ചെയ്ത ആളുകളൊക്കെ ചീത്ത മനുഷ്യരാണ് എന്ന മുൻവിധി മാറ്റിവയ്ക്കാം. അവരൊക്കെ ചിന്തിക്കാൻ സന്മനസ്സ് കാട്ടിയ മനുഷ്യരാണ്. അറിയാത്ത കാര്യങ്ങൾ അറിഞ്ഞുകൂടാ എന്ന് സമ്മതിച്ചുകൊണ്ട്  അതിനെപ്പറ്റി ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് നാം അറിവ് നേടുന്നത്.

 അനേകം വർഷങ്ങൾ ഈ ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ തേടുകയും ചെയ്ത ഒരാളാണ് ഞാൻ. ഇതിനെപ്പറ്റി ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ താഴെ ചുരുക്കി പറയാം.


 ഏറ്റവും ആദ്യം നാം മനസ്സിലാക്കേണ്ട ഒരു കാര്യം സ്തുതിയും മുഖസ്തുതിയും ഒന്നല്ല എന്നതാണ്. സ്തുതിയെ മുഖസ്തുതിയായി തെറ്റിദ്ധരിക്കുന്നതാണ് പല ചിന്താക്കുഴപ്പങ്ങൾക്കും കാരണം.

സ്തുതി, പുകഴ്ത്തൽ (praise, honour, admire) = ആത്മാർത്ഥമായ ആദരിക്കൽ

മുഖസ്തുതി (flatter) = കപടമായി ആദരവ് ഉണ്ടെന്ന് ഭാവിക്കൽ

ഉള്ളിൽ ആദരവ് തോന്നുന്നെങ്കിൽ മാത്രം  പ്രകടമാക്കുന്നതാണ് സ്തുതി. അല്ലെങ്കിൽ അത് മുഖസ്തുതിയാണ്.


 ഒരാളെക്കുറിച്ച് നാം നല്ലത് പറയുമ്പോൾ നാം അയാളെ സ്തുതിക്കുകയാണ്. ഉദാഹരണത്തിന് ഞാൻ ഒരാളോട് യേശുദാസ് ഒരു നല്ല പാട്ടുകാരനാണ് എന്ന് പറയുമ്പോൾ ഞാൻ യേശുദാസിനെ സ്തുതിക്കുകയാണ്. യേശുദാസിനെ കുറിച്ച് എന്റെ മനസ്സിലുള്ള ആദരവ് ഞാൻ പ്രകടിപ്പിക്കുകയാണ്.


 എന്നാൽ അതിനുപകരം ഞാൻ യേശുദാസിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട്, യേശുദാസ്, താങ്കൾ ലോകത്തിലേക്കും നല്ല പാട്ടുകാരനാണ് എന്നു പറഞ്ഞാൽ അത് മുഖസ്തുതിയാവാം. എന്റെ ഉള്ളിലുള്ള ആദരവ് തന്നെയാണോ വാക്കുകളിൽ കൂടി പുറത്തുവരുന്നത് എന്ന് കേൾവിക്കാർ സംശയിക്കും.


 എല്ലാ മതങ്ങളിലും മനുഷ്യർ ദൈവത്തെ ആരാധിക്കുന്നുണ്ട്, പ്രത്യേകിച്ചും യഹൂദ ക്രിസ്ത്യൻ ഇസ്ലാം മതങ്ങളിൽ. ദൈവത്തോട് ഉള്ളിന്റെ ഉള്ളിൽ നിന്ന് ആദരവ് പ്രകടിപ്പിക്കുന്നതാണ് ആരാധന. 


 യേശുദാസിനെ നാം ആദരിക്കുന്നത് അദ്ദേഹം ഒരു നല്ല പാട്ടുകാരനായതിന്റെ പേരിലാണ്. ദൈവത്തെ മനുഷ്യർ ആദരിക്കുന്നത് ഒന്നിലധികം കാര്യങ്ങളുടെ പേരിലാണ്:

 ദൈവം പരിശുദ്ധൻ ആകുന്നു

 ദൈവം സർവ്വശക്തൻ ആകുന്നു

 ദൈവത്തിന് എല്ലാം അറിയാം

 ദൈവം മരണമില്ലാത്തവൻ ആകുന്നു

 ഇത്തരം കാര്യങ്ങൾ പറഞ്ഞാണ് ആളുകൾ ദൈവത്തെ സ്തുതിക്കുന്നത്/ പുകഴ്ത്തുന്നത്.


 ദൈവം പരിശുദ്ധൻ ആകുന്നു എന്ന് ഒരാൾ മറ്റൊരാളോട് പറഞ്ഞാൽ അയാൾ ദൈവത്തെ സ്തുതിക്കുകയാണ്. എന്നാൽ അതിന് പകരം ഒരാൾ നേരിട്ട് ദൈവത്തോട് ദൈവമേ അങ്ങ് പരിശുദ്ധനാകുന്നു എന്നു പറഞ്ഞാൽ അത് മുഖസ്തുതിയാകാം.

 കാദീശ് ആത് ആലോഹോ

 എന്ന് സുറിയാനിയിൽ പറയുന്നതാണ് ദൈവമേ നീ പരിശുദ്ധനാകുന്നു എന്ന് മലയാളത്തിൽ തർജ്ജമ ചെയ്തിരിക്കുന്നത്. ഇത് കേൾക്കുമ്പോൾ ഇത് ഒരു മുഖസ്തുതിയാണ് എന്ന് ആളുകൾക്ക് തോന്നാം. അതിനുപകരം ദൈവം പരിശുദ്ധൻ ആകുന്നു എന്ന തർജ്ജമയാണ് അഭികാമ്യം.


 ഏശായാ കണ്ട ദർശനത്തിൽ ദൈവത്തെക്കുറിച്ച് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് മാലാഖമാർ പരസ്പരം പറയുന്നതാണ് കണ്ടത്. അല്ലാതെ ദൈവത്തോട് നേരിട്ട് ദൈവമേ അങ്ങ് പരിശുദ്ധനാകുന്നു എന്ന് പറയുന്നതല്ല.


 യേശുദാസിനെക്കുറിച്ച് ഒരു നല്ല പാട്ടുകാരൻ എന്നു പറഞ്ഞ് ബഹുമാനിക്കുന്നത് വളരെ ലളിതമായ ഒരു കാര്യമാണ്. എന്നാൽ ദൈവത്തെക്കുറിച്ച് പരിശുദ്ധൻ എന്ന് പറഞ്ഞ് ആദരിക്കുന്നത് ലളിതമല്ല. പല ചോദ്യങ്ങൾ സ്വാഭാവികമായും നമ്മുടെ മനസ്സിൽ വരും. ദൈവം പരിശുദ്ധൻ എന്ന് പറയുമ്പോൾ എന്താണ് ഉദ്ദേശിക്കുന്നത്?  ആരും ഒരുനാളും കണ്ടിട്ടില്ലാത്ത ദൈവത്തെക്കുറിച്ച് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്?


 ദൈവം പരിശുദ്ധനാകുന്നു എന്നു പറഞ്ഞാൽ ഉദ്ദേശിക്കുന്നത് ദൈവം യാതൊരു തെറ്റും കുറ്റവും അബദ്ധവും വരുത്താത്തയാൾ ആണ് എന്നാണ്. ദൈവം ലോകത്തെ സൃഷ്ടിച്ച ആളാണ്, ലോകത്തെക്കുറിച്ച് ദൈവത്തിന് എല്ലാം അറിയാം. എല്ലാം അറിയാവുന്ന ഒരാൾ തെറ്റുകുറ്റങ്ങൾ വരുത്തുകയില്ല.


 ദൈവം പരിശുദ്ധൻ ആകുന്നു എന്നു പറഞ്ഞാൽ അർത്ഥം ദൈവം ഒഴികെയുള്ള യാതൊരു ജീവികളും പരിശുദ്ധരല്ല എന്നാണ്. മനുഷ്യരും മാലാഖമാരും മറ്റു ജീവികളും പരിശുദ്ധരല്ല. എല്ലാവരും തെറ്റുകുറ്റങ്ങൾ വരുത്തുന്നവരാണ്. കാരണം അവരുടെയെല്ലാം അറിവ് പരിമിതമാണ്.  നാമെല്ലാം ശിശുക്കളായി, ഒന്നുമറിയാത്തവരായി ഈ ലോകത്തിലേക്ക് വന്നു. ദിവസംതോറും പുതിയ പുതിയ അറിവുകൾ നേടി നാം വളരുന്നു. അറിയാത്ത കാര്യങ്ങൾ ഉള്ളടത്തോളം നാം തെറ്റുകുറ്റങ്ങളും അബദ്ധങ്ങളും വരുത്തും. തെറ്റ് മനുഷ്യസഹജമാണ് എന്ന് പറയാറുണ്ട്. 


 ദൈവം മാത്രം പരിശുദ്ധൻ എന്നാൽ അർത്ഥം നാമെല്ലാം തെറ്റുകുറ്റങ്ങൾ വരുത്തുന്നവരാണ് എന്നുതന്നെ. ഈ ബോധ്യം വ്യക്തമായി എന്റെ മനസ്സിൽ ഉണ്ടെങ്കിൽ ഞാൻ ചെയ്യുന്ന തെറ്റുകൾക്ക് ക്ഷമ ചോദിക്കുവാൻ എളുപ്പമാണ്. അതുപോലെ മറ്റുള്ളവരുടെ തെറ്റുകൾ അവരോട് ക്ഷമിക്കുവാനും എളുപ്പമാണ്.


 എല്ലാവരും പരസ്പരം ക്ഷമ ചോദിക്കുകയും ക്ഷമിക്കുകയും ചെയ്താൽ നമ്മുടെ ഈ ഭൂമി  സ്നേഹവും സന്തോഷവും സമാധാനവും ഉള്ള ഒരു ലോകമായി മാറും. ചുരുക്കി പറഞ്ഞാൽ, ദൈവം പരിശുദ്ധൻ എന്ന സ്തുതിക്കുന്നതിന്റെ ഫലമായി നമ്മുടെ ഈ ലോകം സ്വർഗ്ഗമായി രൂപാന്തരപ്പെടും.


അതുപോലെ സർവ്വശക്തൻ, മരണമില്ലാത്തവൻ എന്നൊക്കെ നാം ദൈവത്തെ സ്തുതിക്കാറുണ്ട്. അതിനെല്ലാം നമ്മെ സംബന്ധിക്കുന്ന വലിയ അർത്ഥങ്ങളുണ്ട്.

 ജോൺ കുന്നത്ത്

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം