ക്രിസ്തുവിനെപ്പറ്റി ഒരു മഹാകാവ്യം – ലളിതമായ ഭാഷയില്‍
ശ്രീമാന്‍ കുണ്ടറ പി.കെ. കോശിയുടെ ക്രിസ്തുഗാഥയുടെ മൂല്യം വേണ്ടവണ്ണം അറിയുകയും വിലയിരുത്തുകയും ചെയ്യുന്നതിന് അത് വിരചിതമായ ചരിത്രപശ്ചാത്തലം അറിയേണ്ടതുണ്ട്.
മലയാളഭാഷയിൽ ആദ്യമുണ്ടായ മഹാകാവ്യം പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചെറുശ്ശേരിയുടെ കൃഷ്ണഗാഥയാണ്. സംസ്കൃതം ലിഖിതഭാഷയായിരുന്ന അക്കാലത്ത് സംസ്കൃതപദങ്ങൾ കഴിവതും കുറച്ച് സാധാരണക്കാർ സംസാരിക്കുന്ന മലയാളത്തിൽ എഴുതപ്പെട്ട കൃതി എന്ന നിലയ്ക്ക് അതിന് വളരെ പ്രചാരം ലഭിക്കുകയുണ്ടായി. എളുപ്പത്തിൽ ആലപിക്കാവുന്ന മഞ്ജരി വൃത്തത്തിലാണ് കൃഷ്ണഗാഥ രചിക്കപ്പെട്ടത്. ഭഗവാൻ ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതകഥയാണ് അതിന്റെ ഇതിവൃത്തം. കൃഷ്ണഗാഥയിൽ ഉണ്ണികൃഷ്ണന്റെ ബാലലീലകൾ വിവരിക്കുന്നത് കാണുക:
അച്ഛനെപ്പോലെയുടുക്കുന്നേനെന്നി
നല്‍ച്ചേലകൊണ്ടങ്ങുടുക്കും നന്നായ്;
മാനിച്ചുനിന്നച്ഛന്‍ കുമ്പിടും നേരത്ത-
ങ്ങാനകളിക്കും മുതുകിലേറി;
തേവാരിക്കേണമിന്നച്ഛായെനിക്കു നീ
പൂവെല്ലാം കൊണ്ടെത്തായെന്നു ചൊല്ലും;
അച്ഛനും താനുമായിച്ഛയിലങ്ങ ന
നിച്ചലും നിന്നു പടകളിക്കും.
അതിന് ശേഷം പതിനേഴാം നൂറ്റാണ്ടില്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ ശ്രീരാമന്റെ ജീവിതകഥ പ്രമേയമാക്കി ആദ്ധ്യാത്മരാമായണം രചിക്കുകയുണ്ടായി. ഇപ്രകാരം ശ്രീകൃഷ്ണന്റെയും ശ്രീരാമന്റെയും ജീവിതകഥ ഇതിവൃത്തമായി മഹാകാവ്യങ്ങള്‍ രചിക്കപ്പെട്ടതുപോലെ യേശുക്രിസ്തുവിന്റെ ജീവിതകഥയും മറ്റ് ബൈബിള്‍ വിഷയങ്ങളും ഇതിവൃത്തമാക്കി പല കൃതികളും പിൽക്കാലത്ത് രചിക്കപ്പെടുകയുണ്ടായി.. ഹങ്കേറിയന്‍ മിഷനറിയായിരുന്ന അര്‍ണ്ണോസ് പാതിരി, ഇലന്തൂര്‍ ചെങ്കോട്ടാശാന്, ബ്രിട്ടീഷ് മിഷനറി ആയിരുന്ന ജോസഫ് ഫെന്‍, കൊന്നയില്‍ കൊച്ചുകുഞ്ഞു റൈറ്റര്‍, തകിടിയില്‍ ഇട്ടി അവിരാ, നിധീതിയ്ക്കല് മാണി കത്തനാര്‍ തുടങ്ങിയവര്‍ രചിച്ച കൃതികള്‍പ്രചാരം നേടുകയുണ്ടായി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശ്രീ കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള ശ്രീയേശുവിജയം എന്ന മഹാകാവ്യം രചിക്കുകയുണ്ടായി. 1926 ല്‍ മഹാകവി ഉള്ളൂരിന്റെ അവതാരികയോടെ ഇറങ്ങിയ ഈ മഹാകാവ്യത്തില്‍ 24 സർഗ്ഗങ്ങളിലായി 3719 പദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു. അതില്‍ യേശു പഠിപ്പിച്ച പ്രാര്‍ത്ഥന കൊടുത്തിരിക്കുന്നത് എങ്ങനെ എന്ന് നോക്കുക.
ത്രിവിഷ്ടപസ്ഥിത മമ താത നിന്റെ പേര്‍
പവിത്രമായ് ത്തവ തിരുരാജ്യമെത്തണം
ദിവി പ്രഭോ തവ ഹിതമെപ്രകാരമോ
ഭവിക്കണം ധരയിലുമാവിധത്തിലായ്
ദിനം ദിനം തരികടിയാര്‍ക്കു ഭോജനം
വിനയ്ക്കു ഞങ്ങളിലിടമേകുമാരൊടും
അനല്പമന്‍പൊടു നിയതം ക്ഷമിക്കുമി-
ജ്ജനങ്ങള്‍ തന്‍ പിഴകളെ നീ പൊറുക്കണം
അടുത്തിടും പലതരമാം പരീക്ഷയില്‍
പെടുന്നതിന്നനുവദിയാതനാതരം
കെടുത്തിടും പിഴകളില്‍ നിന്നു ഞങ്ങളെ
ത്തടുത്തു കാത്തരുളീടണം വിശിഷ്യ നീ
അതിനുശേഷം എടുത്തുപറയത്തക്ക ഒരു കൃതി മഹാകവി പുത്തൻകാവ് മാത്തൻ തരകന്റെ വിശ്വദീപം ആണ്. 1965 ല്‍ ശ്രീ പുത്തേഴത്ത് രാമമേനോന്റെ അവതാരികയോടെ ഇറങ്ങിയ ഈ കാവ്യത്തിന് 172 അധ്യായങ്ങളിലായി പതിനയ്യായിരത്തോളം വരികളുണ്ട്. യേശു പഠിപ്പിച്ച പ്രാർത്ഥന ഈ കൃതിയിൽ കൊടുത്തിരിക്കുന്നത് എങ്ങനെ എന്ന് കാണുക:
സ്വർഗ്ഗസ്ഥനായ താത വിശുദ്ധീകൃതമായി
സന്തതം ഭവിക്കേണം നിന്തിരൂ നാമധേയം
നിന്തിരുമഹാദിവ്യ സാമ്രാജ്യം വരേണമേ
നിന്തിരുവിഷ്ടം പാരിൽ വിണ്ണിലേപോലാകണം
തന്നരുളേണം താതാ ഞങ്ങൾക്കു ദിനം തോറും
തന്നിടുമപ്പമിന്നും സദയം കൃപാനിധേ
ഞങ്ങൾക്കു കടക്കാരായ് വാഴുന്ന ജനത്തോട്
ഞങ്ങളുൾപ്പൂവിൽ ക്ഷമിച്ചിരിക്കുന്നത് പോലെ
നിന്തിരുവടി പൊറുത്തീടണം ഞങ്ങൾക്കുള്ള
സന്താപകരങ്ങളാം കടങ്ങളെയും വിഭോ
ഞങ്ങളെപ്പരീക്ഷയിൽ കടത്താതലിവോടെ
ഞങ്ങളെ ദുഷ്ടനിൽ നിന്നകറ്റി രക്ഷിക്കേണം
രാജ്യവുമജയ്യമാം ശക്തിയും മഹത്വവും
നിത്യവും ഭവദീയമല്ലയോ ജഗന്നാഥാ
ശ്രീ കുണ്ടറ പി.കെ. കോശിയുടെ ക്രിസ്തുഗാഥ പുത്തൻകാവ് മാത്തൻ തരകന്റെ വിശ്വദീപം ഇറങ്ങി അധികം താമസിയാതെ വിരചിതമായതാണ് എന്നുവേണം കരുതാൻ. അക്കാലത്തു തന്നെ അത് പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അതേ പേരിൽ തന്നെ പ്രൊഫസർ മാത്യു ഉലകംതറ മറ്റൊരു മഹാകാവ്യം രചിക്കുമായിരുന്നില്ല. മുന്നോറോളം പേജുകളുള്ള ആ കൃതിക്ക് 120 അധ്യായങ്ങളുണ്ട്. അതിന് ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇറങ്ങിയ ഒരു കൃതിയാണ് പ്രൊഫസർ എ. റ്റി. ളാത്തറ രചിച്ച ക്രിസ്തുഗീത. ഇരുനൂറില്‍ അധികം പേജുള്ള ആ കൃതിയ്ക്ക് 39 അധ്യായങ്ങളുണ്ട്.
ശ്രീ കുണ്ടറ പി.കെ. കോശിയുടെ ക്രിസ്തുഗാഥ രണ്ടു ഭാഗങ്ങളിലായി രചിക്കപ്പെട്ടിരിക്കുന്നു. അവയില്‍ 82 അധ്യായങ്ങളിലായി 4584 വരികള്‍ ഉണ്ട്.
ഒരു വന്ദനശ്ലോകത്തോടുകൂടിയാണ് ശ്രീ കുണ്ടറ പി.കെ. കോശിയുടെ ക്രിസ്തുഗാഥ ആരംഭിക്കുന്നത്:
ആദമെന്ന ജനകൻ നിമിത്തമുളവായ കന്മഷമകറ്റുവാ-
നാദരേണ മറിയമ്മ തന്റെ മകനായി മണ്ണിലവതീർണ്ണനായ്
വേദസാരമനിശം തെളിച്ചു നരക്ഷണത്തിനതിദാരുണം
വേദനിച്ചുയിർവെടിഞ്ഞുയർത്തു പരലോകമാർന്ന പരനേ തൊഴാം
ഈ വന്ദനശ്ലോകം ഈ കൃതിയുടെ ഒരു സംഗ്രഹം തന്നെ. ആദം എന്ന ആദ്യപിതാവ് മൂലം മനുഷ്യവർഗ്ഗത്തിനുണ്ടായ കന്മഷം അകറ്റി രക്ഷയേകുവാൻ സർവ്വേശ്വരൻ ഭൂമിയിൽ അവതരിക്കുന്നു. ആദം മൂലമുണ്ടായ കന്മഷം എന്താണെന്നും അതെങ്ങനെ സംഭവിച്ചുവെന്നും വിശദമായിത്തന്നെ വിവരിച്ചിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിൽ കേരള ക്രൈസ്തവസമൂഹം യേശുക്രിസ്തുവിനെ എങ്ങനെ മനസ്സിലാക്കിയിരുന്നു എന്നതിന്റെ ഒരു നേർചിത്രം നമുക്ക് ഈ കൃതിയില്‍ ലഭിക്കുന്നു.
ആദ്യഭാഗത്തില്‍ ക്രിസ്തു ജന്മമെടുക്കാനുണ്ടായ പശ്ചാത്തലം എന്ന വിധത്തില്‍ ലോകസൃഷ്ടി മുതല്‍ ക്രിസ്തുവിന്റെ കാലത്ത് ഇസ്രായേല്‍ റോമന്‍ ആധിപത്യത്തില്‍ ആകുന്നതുവരെയുള്ള പ്രധാന ചരിത്രസംഭവങ്ങള്‍ ചുരുക്കി പറഞ്ഞിരിക്കുന്നു. 29 അധ്യായങ്ങളുണ്ട് ഈ ഭാഗത്തില്‍. 1336 വരികള്‍. അതില്‍ കൂടുതലും ആദംഹവ്വമാരുടെ കഥയും അതിന്റെ വ്യാഖ്യാനവുമാണ്.
ആദം മൂലമുണ്ടായ കന്മഷം ഉല്പത്തിപ്പുസ്തകം വിവരിക്കുന്നത് വെറും മൂന്ന് അധ്യായങ്ങളിലാണ്. പിൽക്കാലത്ത് ഭാവനാസമ്പന്നരായ പലരും ആ കഥ വികസിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. അപ്രകാരം വികസിപ്പിച്ച ഒരു രൂപം നമുക്ക് ഈ കൃതിയിൽ കാണാം. ഉദാഹരണമായി, ദൈവം തന്റെ സ്വരൂപത്തിൽ മക്കളായി മനുഷ്യരെ സൃഷ്ടിക്കുകയും അവരെ വണങ്ങുവാൻ തന്റെ ദുതരോട് ആജ്ഞാപിക്കുകയും ചെയ്യുന്നു. ഒരു പറ്റം ദൂതന്മാർ അതിന് വിസമ്മതിക്കുകയും അവരെ ദൈവം പാതാളത്തിലേക്ക് തള്ളുകയും ചെയ്യുന്നു. ഇതിന് ദൈവത്തോട് പ്രതികാരം ചെയ്യുവാൻ അവർ പദ്ധതിയിടുന്നു. അതനുസരിച്ചാണ് അവരിലൊരാൾ ഏദൻതോട്ടത്തിലെത്തി ഹവ്വയെ വിലക്കപ്പെട്ട കനി ഭക്ഷിക്കുവാൻ പ്രേരിപ്പിക്കുന്നത്. ഭക്ഷിച്ചയുടനെ തന്റെ അബദ്ധം തിരിച്ചറിഞ്ഞ ഹവ്വ മറ്റൊരു കനിയുമായി ആദമിനെ സമീപിക്കുന്നു. തനിക്ക് അബദ്ധം പിണഞ്ഞുപോയെന്നും എന്നാൽ ആദം അത് ഭക്ഷിച്ചില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്തുകളയും എന്നും ഭീഷണിപ്പെടുത്തുന്നു. ഇങ്ങനെ ഹവ്വയുടെ നിർബന്ധത്തിനു വഴങ്ങി ആദം കനി ഭക്ഷിക്കുന്നു. ഇങ്ങനെ ആദിപാപത്തിൽ സ്ത്രീയുടെ പങ്ക് പുരുഷന്റെതിനേക്കാൾ വളരെ വലുതായിരുന്നു എന്ന ചിന്ത ഇവിടെയുണ്ട്. അങ്ങിനെ ഏദൻതോട്ടത്തിൽ നിന്ന് പുറത്തായ ആദിമാതാപിതാക്കളെ വീണ്ടും സാത്താൻ പ്രലോഭനങ്ങളുമായി പിന്തുടരുന്നു.
ആദിമാതാപിതാക്കൾക്കുണ്ടായ ശാപം മനുഷ്യവർഗ്ഗത്തിൽ തുടരുന്നു എന്ന് കാണിക്കാൻ വേണ്ടി പ്രധാനപ്പെട്ട കഥകള്‍ ചേർത്തിട്ടുണ്ട് – കയീൻ ഹാബേലിനെ കൊന്നത്, ജലപ്രളയം ഉണ്ടായത്, ബാബേൽ കോട്ട പണിതതും അത് നശിച്ചതും, സോദോം പട്ടണം നശിച്ചത്. തുടർന്ന് യോസേഫ് മുഖാന്തരം ഇസ്രയേൽ ജനം മിസ്രയീമിൽ എത്തിയതും അവിടെ അടിമകൾ ആയതും തുടർന്ന് മോശയുടെ നേതൃത്വത്തിൽ അവർ വിമോചനം നേടി കനാനിൽ എത്തിയതും വിവരിക്കുന്നു. തുടർന്ന് ദാവീദിന്റെ കാലത്ത് ഇസ്രയേൽ ഒരു സാമ്രാജ്യമായി മാറിയതും അതിനുശേഷം സാമ്രാജ്യം പിളരുന്നതും പിൽക്കാലത്ത് അവർ റോമൻ ആധിപത്യത്തിൽ ആകുന്നതുവരെയുമുള്ള കഥ ചുരുക്കി പറഞ്ഞിരിക്കുന്നു.
രണ്ടാം ഭാഗത്തില്‍ ക്രിസ്തുവിന്റെ ജനനം, ബാല്യം, പ്രവര്‍ത്തനം, പീഡാനുഭവം, പുനരുഥാനം എന്നിവയാണ് വിഷയം. 53 അധ്യായങ്ങളുണ്ട് ഈ ഭാഗത്തില്‍. 3248 വരികള്‍. ആദ്യത്തെ ഇരുപത് അധ്യായങ്ങളിൽ യേശുവിന്റെ ജനനവും ബാല്യവും വിവരിക്കുന്നു. അടുത്ത ഇരുപത് അധ്യായങ്ങളിൽ യേശുവിന്റെ ഉപദേശങ്ങളും പ്രവർത്തനങ്ങളും . അവയിൽ പകുതിയും യേശു അരുളിയ ഉപമകളെക്കുറിച്ചാണ് എന്നത് ശ്രദ്ധേയമാണ്. അത്ഭുതപ്രവൃത്തികളെല്ലാം ഒരു അദ്ധ്യായത്തിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. അടുത്ത പത്ത് അധ്യായങ്ങളിൽ പീഡാനുഭവവും പുനരുത്ഥാനവും വിവരിക്കുന്നു.
കാവ്യത്തിന് ശേഷം നൂറ് വരികളുള്ള ഒരു ഭജനകീര്‍ത്തനം ചേര്‍ത്തിരിക്കുന്നു. ഏറ്റവും ഒടുവില്‍ ഒരു സമാപനശ്ലോകവും ഉണ്ട്.
തുടക്കത്തിലെ വന്ദനശ്ലോകവും ഭജനകീര്‍ത്തനവും സമാപനശ്ലോകവും ഒഴിച്ചാൽ ബാക്കിയെല്ലാം കൃഷ്ണഗാഥയിലേത് പോലെ മഞ്ജരി വൃത്തത്തിലാണ്. നിരവധി രീതികളിൽ ആലപിക്കാവുന്ന ഈ വൃത്തം കാവ്യരചനയ്ക്കായി തെരഞ്ഞെടുത്തതിൽ ഗ്രന്ഥകാരൻ അഭിനന്ദനമർഹിക്കുന്നു. മിക്ക ഈരടികളിലും ദ്വിതീയാക്ഷരപ്രാസം ഉപയോഗിച്ചിരിക്കുന്നു. വായനക്കാർക്ക് എത്രയും വ്യക്തമായി അർത്ഥം മനസ്സിലാകത്തക്ക വിധത്തിൽ കഴിവതും ലളിതമായ ഭാഷ ഉപയോഗിച്ചിരിക്കുന്നു. യേശു പഠിപ്പിച്ച പ്രാര്‍ത്ഥന ഈ കാവ്യത്തില്‍ കൊടുത്തിരിക്കുന്നത് എങ്ങനെ എന്ന് കാണുക.
സ്വർഗ്ഗസ്ഥനാകും പിതാവേ തിരുനാമം
സംപൂജ്യമാകുമാറായിടേണം
താവകരാജ്യം വരേണം തിരുഹിതം
ഭൂവിലുമാകണം ദ്യോവിലെപ്പോൽ
ആവശ്യമായിടുമാഹാരമെങ്ങൾക്കു
ദേവായിന്നേകുമാറായിടേണം
ഞങ്ങൾ കടക്കാരോടെന്നപോൽ മോചനം
ഞങ്ങൾക്കുമൻപിനോടേകിടേണം
പാപപരീക്ഷയ്ക്കിരയാകാതെങ്ങളെ
പാലിക്ക പാംസുലന്മാരിൽ നിന്നും
രാജ്യവും ശക്തിയും നിത്യമഹത്വവും
പൂജ്യനാമങ്ങേയ്ക്ക് തന്നെയല്ലോ
മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകന്റെ സമകാലീനനായിരുന്നു മഹാകവി കുണ്ടറ പി.കെ. കോശിയും. പുത്തന്‍കാവ് മാത്തന്‍ തരകന്‍ രചിച്ച വിശ്വദീപം കുണ്ടറ പി.കെ കോശിയുടെ പുസ്തകശേഖരത്തില്‍ ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ മകനായ ശ്രീമാന്‍ പി.കെ. ജോര്‍ജ് സാക്ഷ്യപ്പെടുത്തുന്നു. വിശ്വദീപം പ്രസിദ്ധീകരിക്കപ്പെട്ടത് 1965 -ല്‍ ആണ്. അതിന് ശേഷം ഏതാണ്ട് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാവണം ക്രിസ്തുഗാഥ രചിക്കപ്പെട്ടത് എന്ന് വേണം മനസിലാക്കുവാന്‍. ഒരേ വിഷയം പ്രമേയമാക്കി രണ്ട് മഹാകാവ്യങ്ങള്‍ 15 വര്‍ഷത്തെ ഇടവേളയില്‍ രചിക്കപ്പെടുമ്പോള്‍ വായനക്കാരുടെ മനസ്സില്‍ ന്യായമായും ഉണ്ടാകാവുന്ന ഒരു ചോദ്യമുണ്ട്. രണ്ടാമത്തേത് എപ്രകാരം ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നു? വിശ്വദീപത്തിന് അവകാശപ്പെടാനാവാത്ത എന്ത് മേന്മയാണ് ക്രിസ്തുഗാഥയ്ക്കുള്ളത്? ഈ എഴുത്തുകാരന്‍ പ്രത്യക്ഷത്തില്‍ കാണുന്നത് മൂന്ന് വ്യത്യാസങ്ങളാണ്. ഒന്ന്, ക്രിസ്തു അവതരിക്കാന്‍ കാരണമാക്കിയ ചരിത്രപശ്ചാത്തലം ക്രിസ്തുഗാഥയില്‍ അധികമായുണ്ട്. രണ്ട്, ഭാഷ കൂടുതല്‍ ലളിതമാണ് . മൂന്ന്, അതിന്റെ വലിപ്പം മൂന്നില്‍ ഒന്ന് മാത്രം.
ലോകസൃഷ്ടി മുതല്‍ ക്രിസ്തുവിന്റെ കാലത്ത് ഇസ്രായേല്‍ റോമന്‍ ആധിപത്യത്തില്‍ ആകുന്നതുവരെയുള്ള പ്രധാന ചരിത്രസംഭവങ്ങള്‍ ആദ്യഭാഗത്ത് ചുരുക്കി പറഞ്ഞിരിക്കുന്നു. 29 അധ്യായങ്ങളുണ്ട് ഈ ഭാഗത്തില്‍. വിശ്വദീപത്തില് വെറും 100 വരികളില്‍ പറയുന്ന കാര്യം ക്രിസ്തുഗാഥയില്‍ ആയിരത്തോളം വരികളില്‍ പറഞ്ഞിരിക്കുന്നു. ക്രിസ്തു എന്തുകൊണ്ട് ഭൂമിയില്‍ അവതരിച്ചു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഈ ഭാഗം നല്‍കുന്നത്. ഇക്കാര്യം വേണ്ടവണ്ണം വിശദീകരിക്കാഞ്ഞാല്‍ ക്രിസ്തുവിനെക്കുറിച്ചുള്ള മഹാകാവ്യം പൂര്‍ണമാകുകയില്ല എന്ന് മഹാകവി പി.കെ.കോശി അനുമാനിച്ചു.
വായനക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ വായിച്ചു ഗ്രഹിക്കുവാനും മനപാഠമാക്കുവാനും സാധിക്കണം എന്ന് ഉദ്ദേശത്തോടെ ബോധപൂര്‍വ്വം ആദിയോടന്തം മഞ്ജരി വൃത്തം ഉപയോഗിച്ചും ലളിതമായ പദങ്ങള്‍ ഉപയോഗിച്ചും ഈ കാവ്യത്തെ അദ്ദേഹം കഴിവതും ലളിതമാക്കിയിരിക്കുന്നു. യേശു പഠിപ്പിച്ച പ്രാര്‍ത്ഥന ഈ രണ്ട് കാവ്യങ്ങളിലും കൊടുത്തിരിക്കുന്നത് എങ്ങനെ എന്ന് മുകളില്‍ കാണുക. ആദ്യത്തെ രണ്ടു വരികള്‍ താരതമ്യപ്പെടുത്തുക.
വിശ്വദീപം:
സ്വർഗ്ഗസ്ഥനായ താത വിശുദ്ധീകൃതമായി
സന്തതം ഭവിക്കേണം നിന്തിരൂ നാമധേയം
ക്രിസ്തുഗാഥ:
സ്വർഗ്ഗസ്ഥനാകും പിതാവേ തിരുനാമം
സംപൂജ്യമാകുമാറായിടേണം
വിശ്വദീപത്തിന് 15000 -ല്‍ പരം വരികളുണ്ട്, എന്നാല്‍ ക്രിസ്തുഗാഥയ്ക്ക് 5000 -ല്‍ താഴെയേയുള്ളൂ. പുസ്തകം വലുതാകുന്തോറും അതിന്റെ വായനക്കാരുടെ എണ്ണം സ്വാഭാവികമായും കുറയും. തന്റെ കൃതി കൂടുതല്‍ ആളുകളില്‍ എത്തണമെന്നും അത് ആളുകള്‍ വായിക്കണമെന്നും ചൊല്ലണമെന്നും ആഗ്രഹിച്ചതുകൊണ്ടാവാം അദ്ദേഹം അധികം വര്‍ണനകള്‍ ഇല്ലാതെ ക്രിസ്തുവിന്റെ കഥ 5000 വരികളില്‍ ഒതുക്കിയത് എന്ന് വേണം കരുതാന്‍. വാങ്മുഖത്തില് ഗ്രന്ഥകര്‍ത്താവ് പറയുന്നു: … "വിപുലപ്പെടുത്താതിരിക്കണമെന്നാ
കൃഷ്ണഗാഥയും ആദ്ധ്യാത്മരാമായണവും കേരളത്തിലെ ഹൈന്ദവജനത സര്‍വാത്മനാ സ്വീകരിക്കുകയും വീടുകളിലും ആരാധനാലയങ്ങളിലും പതിവായി പാരായണം ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ക്രിസ്തുവിന്റെ ജീവിതം പ്രമേയമാക്കിയ മലയാള മഹാകാവ്യങ്ങള്‍ വിസ്മൃതിയില്‍ ആണ്ടുപോയ മട്ടാണ് കാണുന്നത്. 1926 ല്‍ ഇറങ്ങിയ ശ്രീയേശുവിജയത്തിന് ഭാഗ്യവശാല്‍ 1988 ല്‍ മറ്റൊരു എഡിഷന്‍ ഇറങ്ങുകയുണ്ടായി . 1965 ല്‍ ഇറങ്ങിയ വിശ്വദീപത്തെപ്പറ്റി ഇന്ന് കേരളത്തിലെ ക്രൈസ്തവര്‍ക്ക് അറിയാന്‍ പാടില്ല എന്ന് വന്നിരിക്കുന്നു. അതിന്റെ കോപ്പികള്‍ എങ്ങും കിട്ടാനുമില്ല. ഈ നൂറ്റാണ്ടിന്റെ ആദ്യം ഇറങ്ങിയ പ്രൊഫ. മാത്യു ഉലകം തറയുടെ ക്രിസ്തുഗാഥ ലൈബ്രറികളിലും വീടുകളിലും ഇരിക്കുന്നുണ്ട്, പക്ഷെ ആരെങ്കിലും എവിടെയെങ്കിലും ഉപയോഗിക്കുന്നതായി അറിവില്ല. ഈ ദുസ്ഥിതി മഹാകവി കുണ്ടറ പി.കെ. കോശിയുടെ ക്രിസ്തുഗാഥയ്ക്ക് വന്നുകൂടാ. കേരളക്രൈസ്തവര്‍ ഇതിന്റെ മഹത്വം തിരിച്ചറിയുകയും ക്രൈസ്തവഭവനങ്ങളില്‍ ഇത് പതിവായി പാരായണം ചെയ്യുകയും ചെയ്യുന്ന രീതി ഉണ്ടാകുമെന്ന് ആശിക്കാം.
Comments