സങ്കീർത്തനങ്ങള്‍ - ഒരാമുഖം

 എബ്രായഭാഷയിൽ Tehillim എന്നാണ് ബൈബിളിലെ സങ്കീർത്തനപുസ്തകം വിളിക്കപ്പെട്ടിരുന്നത്. സ്തുതിഗീതങ്ങൾ എന്നാണ് അതിനർത്ഥം.  B C 1200 മുതൽ 200 വരെയുള്ള ആയിരം വർഷങ്ങൾ കൊണ്ടാണ് ഈ ഗീതസമാഹാരം രൂപപ്പെട്ടത് എന്നു വേണം കരുതാൻ. മോശ, ദാവീദ്, ശലോമോൻ, ആസാഫ് തുടങ്ങി നിരവധി രചയിതാക്കളുടെ പേരുകൾ സങ്കീർത്തനങ്ങളിൽ കാണാം. എന്നാൽ ഭൂരിപക്ഷവും രചയിതാക്കളുടെ പേരില്ലാതെ ആണ് കൊടുത്തിരിക്കുന്നത്.

 150 സങ്കീർത്തനങ്ങൾ  അഞ്ച് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.  വ്യത്യസ്ത സ്ഥലങ്ങളില്‍, കാലങ്ങളിൽ രൂപമെടുത്ത അഞ്ച് ഗീതസമാഹാരങ്ങൾ പിൽക്കാലത്ത് ഒന്നിച്ച് ചേർത്തതാകാൻ സാധ്യതയുണ്ട്. തുടക്കത്തിൽ ഉണ്ടായിരുന്നത്  ദാവീദിന്റെ പേരിലുള്ള ഒരു ചെറിയ ഗീതസമാഹാരം ആയിരുന്നിരിക്കണം. പിൽക്കാലത്ത് അതിനോട് കൂടുതൽ കൂട്ടിച്ചേർക്കുകയും ഇന്ന് നാം കാണുന്ന വിധത്തിൽ ആയിത്തീരുകയും ചെയ്തു എന്ന് അനുമാനിക്കാം.

വിവിധ ജീവിതസാഹചര്യങ്ങളിൽ അനേകം വ്യക്തികൾ എഴുതിയ ഈ ഗീതസമാഹാരം പിൽക്കാലത്ത്  ആരാധനയിൽ ഉപയോഗിക്കപ്പെട്ടു. യെരുശലേം ദേവാലയത്തിലും സിനഗോഗുകളിലും ആരാധനാവേളയിലും,  കൂടാതെ തീർത്ഥാടനത്തിൽ ഏർപ്പെടുമ്പോഴും സമൂഹമായി സങ്കീർത്തനങ്ങൾ ആലപിച്ച് അവർ  ദൈവത്തെ സ്തുതിച്ചു.  യേശുവും ശിഷ്യന്മാരും സങ്കീർത്തനങ്ങൾ ആലപിച്ചിരുന്നതായി സുവിശേഷങ്ങളിൽ വായിക്കാം. ആദിമ ക്രൈസ്തവസഭയുടെ കൂട്ടായ്മകളിൽ സങ്കീർത്തനാലാപനം ഉണ്ടായിരുന്നുവെന്ന് പൗലോസിന്റെ ലേഖനങ്ങളിൽ കാണാം. പിൽക്കാലത്ത് ക്രൈസ്തവസഭകളുടെ ലിഖിത ആരാധനാക്രമങ്ങളുടെ അവിഭാജ്യഘടകമായി സങ്കീർത്തനങ്ങൾ മാറി. 
 ഇവ എങ്ങനെ പാടണം എന്ന നിർദ്ദേശങ്ങൾ പലയിടത്തും കാണാം. സേല, മസ്കിൽ തുടങ്ങിയ വാക്കുകൾ ഇത്തരം നിർദ്ദേശങ്ങളുടെ ഭാഗമാണെന്ന് വേണം കരുതാൻ. പല സങ്കീർത്തനങ്ങളും ആരംഭിക്കുന്നത് സംഗീതപ്രമാണിക്കുള്ള നിർദേശങ്ങളുമായാണ്.  ഒരു ഗായക സംഘത്തിന് നേതൃത്വം നൽകുന്ന ആളാണ് സംഗീത പ്രമാണി. നിലവിലുള്ള ഒരു ഗാനത്തിന്റെ രീതിയിൽ പാടണം എന്ന നിർദ്ദേശവും വളരെ ചുരുക്കമായി കാണാം.

എബ്രായ ജനതയുടെ ജീവിതവീക്ഷണം ഏറ്റവും വ്യക്തമായി കാണുന്നത് സങ്കീർത്തനങ്ങളിലാണ്. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചും മനുഷ്യജീവിതത്തെ കുറിച്ചുമുള്ള അവരുടെ വിവിധങ്ങളായ ധാരണകളും അവയെ അടിസ്ഥാനമാക്കി വിവിധ ജീവിതസാഹചര്യങ്ങളോട് അവർ എങ്ങനെ പ്രതികരിച്ചു എന്നും സങ്കീർത്തനങ്ങളിൽ നമുക്ക് കാണാം: 

 മനുഷ്യരായ നാം ഈ ലോകത്തിന്റെ ഭാഗമായി ഇവിടെ ജീവിക്കുന്നു. ഈ ലോകത്തെപ്പറ്റിയും ഇവിടെ നടക്കുന്ന കാര്യങ്ങളെപ്പറ്റിയും നമുക്ക് വളരെ കുറച്ച് അറിവ് മാത്രമേ ഉള്ളൂ. എന്നാൽ ഈ ലോകത്തെപ്പറ്റി എല്ലാം അറിയാവുന്ന ഒരാൾ ഉണ്ട്. അത് ഈ ലോകത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവമാകുന്നു. ദൈവം നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്ക് അപ്പുറത്തായതുകൊണ്ട് വസ്തുനിഷ്ഠമായ അറിവൊന്നും ദൈവത്തെക്കുറിച്ച് നമുക്കില്ല. എന്നാൽ നമ്മുടെ പരിമിതമായ അറിവിന്റെ വെളിച്ചത്തിൽ ചില കാര്യങ്ങൾ നമുക്ക് ദൈവത്തെക്കുറിച്ച് അനുമാനിക്കാൻ സാധിക്കും.

ദൈവം നമ്മുടെ ലോകത്തിന്റെ സ്രഷ്ടാവാണ്, രാജാവും ആണ്. ലോകത്തിലുള്ള സകലവും പാലിക്കേണ്ടതായ പ്രമാണങ്ങളും ചട്ടങ്ങളും ദൈവം  നൽകിയിട്ടുണ്ട്. ദൈവം വച്ചിരിക്കുന്ന പ്രമാണങ്ങൾ പാലിക്കാതെ യാതൊന്നിനും ലോകത്തിൽ നിലനിൽക്കുവാൻ സാധിക്കുകയില്ല.

 ദൈവത്തിന് സകലവും അറിയാം.  അതുകൊണ്ട് ദൈവം യാതൊരു തെറ്റുകളും കുറ്റങ്ങളും വരുത്തുന്നില്ല. എല്ലാം അറിയാം എന്നത് കൊണ്ട് എല്ലാ കഴിവുകളും ദൈവത്തിന് ഉണ്ട്. ദൈവം എന്നേക്കും ജീവിക്കുന്നു.

 ദൈവത്തിന്റെ ശ്വാസമാണ് എല്ലാ ജീവജാലങ്ങളെയും ജീവിപ്പിച്ചു നിർത്തുന്നത്.  ജീവൻ തിരികെ ദൈവത്തിങ്കലേക്ക് പോകുമ്പോൾ ജീവികൾക്ക് മരണം സംഭവിക്കുന്നു.

 മനുഷ്യന്റെ അറിവ് പരിമിതമാണ്. നാം എന്തിന്  ജീവിക്കുന്നു എന്നു പോലും നമുക്കറിഞ്ഞുകൂടാ. എന്നാൽ എല്ലാം ദൈവത്തിനറിയാം എന്ന ഉറപ്പിന്മേലാണ് മനുഷ്യന് ജീവിക്കാൻ സാധിക്കുന്നത്. അമ്മയുടെ മാറോട് പറ്റിച്ചേർന്നു കിടക്കുന്ന ഒരു കുഞ്ഞിനെ പോലെയാണ് ഇക്കാര്യത്തിൽ മനുഷ്യൻ.

 നമ്മുടെ അറിവ് പരിമിതമായതുകൊണ്ട് നാം എപ്പോഴും തെറ്റുകുറ്റങ്ങൾ വരുത്തുന്നു. നമ്മുടെ പരിമിതികൾ ദൈവം അറിയുന്നു. അതുകൊണ്ട് ദൈവം നമ്മെ വെറുക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നില്ല. എന്നാൽ നമ്മുടെ വീഴ്ചകളിൽ നിന്ന് പാഠങ്ങൾ പഠിക്കാനും വളരാനും ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നു.  

 ദൈവത്തിന്റെ പ്രമാണങ്ങൾ പാലിച്ച് ദൈവത്തിന്റെ പാതയിലൂടെ മുന്നേറുന്ന ആളുകൾ ലോകത്തിലുണ്ട്. അവരാണ് നീതിമാന്മാർ. ദൈവത്തിന്റെ പ്രമാണങ്ങൾ അവഗണിച്ച് തോന്നിയപോലെ ജീവിക്കുന്ന ആളുകളും ലോകത്തിലുണ്ട്. അവരാണ് ദുഷ്ടന്മാർ. നീതിമാന്മാരായ ആളുകൾക്ക് എപ്പോഴും ദുഷ്ടരായ ആളുകളിൽനിന്ന് പീഡനവും കഷ്ടതയും ദൂഷണവും ഏൽക്കേണ്ടതായി വരും.  അതുകൊണ്ട് ദൈവീകമായ പാതയിൽ ജീവിക്കുന്ന ആളുകൾക്ക് ധാരാളം കഷ്ടതകളും വിഷമങ്ങളും ജീവിതത്തിൽ അനുഭവിക്കേണ്ടതായി വരും. എന്നാൽ ഈ കഷ്ടതകൾ നന്മയിൽ വളരാനും നീതിയുടെ പാതയിൽ മുന്നേറുവാനും അവർ മുഖാന്തരം ആക്കണം. 

 ഇങ്ങനെ ആദിയോടന്തം ദൈവത്തിൽ ആശ്രയിച്ചുള്ള ഒരു മനുഷ്യ ജീവിതമാണ് സങ്കീർത്തനത്തിൽ നാം കാണുന്നത്. അങ്ങനെയുള്ള ഒരു മനുഷ്യ ജീവിതമാണ് കരണീയമായി അവർ കണ്ടത്. ഇന്ന് നമുക്ക് വേണ്ടതും അതുതന്നെയാണ്

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?