വിശ്വദീപം മഹാകാവ്യം

 സുഹൃത്തുക്കളെ,






ഞാൻ ഈയിടെ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തുന്നു. പേര് വിശ്വദീപം. ഇതൊരു മഹാകാവ്യമാണ്. എഴുത്തുകാരൻ പുത്തൻകാവ് മാത്തൻ തരകൻ. 1965 ൽ കേരള സാഹിത്യ അക്കാദമിയുടെ സാമ്പത്തിക സഹായത്തോടുകൂടി പത്തനംതിട്ട കലാ മന്ദിരം പ്രസ്സിൽ അടിക്കുകയും ഏഷ്യൻ ബുക്ക് സ്റ്റോൾ പ്രസാധനം ചെയ്യുകയും ചെയ്തു. ഏതാണ്ട് 600 പേജുള്ള ഈ പുസ്തകത്തിന്റെ വില 10 രൂപ. അന്നത്തെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നു. ആ സമയത്ത് കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ ആയിരുന്ന പുത്തേഴത്ത് രാമൻ മേനോൻ അവതാരിക എഴുതിയിരിക്കുന്നു.

ഈ പുസ്തകം ഒന്ന് കാണാൻ ആഗ്രഹിച്ച് കോട്ടയം പബ്ലിക് ലൈബ്രറിയിൽ തെരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല.  ഇക്കാര്യം ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ അത് കണ്ട് ഫാദർ ജോൺ തോമസ് കരിങ്ങാട്ടിൽ പഴയസെമിനാരി ലൈബ്രറിയിൽ നിന്ന് അത് കണ്ടുപിടിച്ച് എനിക്ക് തരികയുണ്ടായി. അദ്ദേഹത്തിന്റെ സന്മനസ്സിന് പ്രത്യേകം നന്ദി.
മുപ്പത്തിയഞ്ചോളം പുസ്തകങ്ങളുടെ കർത്താവായ പുത്തൻകാവ് മാത്തൻ തരകൻ ചെങ്ങന്നൂരിനടുത്തുള്ള  പുത്തൻകാവിൽ 1903-ൽ ജനിച്ചു. സ്കൂൾ ഫൈനൽ വരെയായിരുന്നു ഔപചാരിക വിദ്യാഭ്യാസമെങ്കിലും സ്വപ്രയത്നത്താൽ വിദ്വാൻ പരീക്ഷയും മലയാളം എം.എ പരീക്ഷയും എഴുതി ജയിച്ചു. സ്കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1952 മുതൽ  പത്തനംതിട്ട  കാതോലിക്കേറ്റ് കോളേജിൽ  അദ്ധ്യാപകനായും മലയാളം വിഭാഗം മേധാവിയായും പ്രിൻസിപ്പലായും പ്രവർത്തിച്ചു. 1958-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു.

മദ്രാസ് - കേരള സർവ്വകലാശാലകളുടെ പരീക്ഷ ബോർഡ്, ബോർഡ് ഓഫ് സ്റ്റഡീസ് എന്നിവയിൽ അംഗമായിരുന്നു. 1960-64 കാലഘട്ടത്തിൽ സാഹിത്യഅക്കാദമി അംഗമായിരുന്നു. പത്രം, സ്കൗട്ട് എന്നീ രംഗങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 1993 ൽ അന്തരിച്ചു. ഇദ്ദേഹത്തിന്റെ  പുത്രന്മാരാണ്  ഡോ.കെ.എം. തരകനും  ഡോ.കെ.എം. ജോസഫും.

15 - 16 നൂറ്റാണ്ടുകളിൽ ഉണ്ടായ അദ്ധ്യാത്മരാമായണവും കൃഷ്ണഗാഥയും ആണ് മലയാളത്തിലെ ആദ്യത്തെ പ്രശസ്തമായ മഹാകാവ്യങ്ങൾ. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ജീവിതകഥയാണ് എഴുത്തച്ഛനും ചെറുശ്ശേരിയും ഇവയിൽ പറയുന്നത്. ഈ കാവ്യങ്ങളെ മാതൃകയാക്കി ശ്രീയേശുവിന്റെ കഥ പറഞ്ഞിരിക്കുകയാണ് വിശ്വദീപം എന്ന മഹാകാവ്യത്തിൽ  ശ്രീ പുത്തൻകാവ് മാത്തൻ തരകൻ.  ഏതാണ്ട് 25 വർഷങ്ങൾ വേണ്ടിവന്നു ഇതിന്റെ രചന പൂർത്തിയാക്കുവാൻ. ഉദയകാണ്ഡം, ബാലകാണ്ഡം, യോഗകാണ്ഡം, കർമ്മകാണ്ഡം, ത്യാഗകാണ്ഡം എന്നിങ്ങനെ അഞ്ച് ഭാഗങ്ങളായി കാവ്യത്തെ തിരിച്ചിരിക്കുന്നു. മഞ്ജരി, കാകളി, നതോന്നത തുടങ്ങി നിരവധി വൃത്തങ്ങൾ ഇതിൽ ഉപയോഗിച്ചിരിക്കുന്നു.

മഹാകാവ്യം ആരംഭിക്കുന്നത് ഇങ്ങനെയാണ് :
അർക്കാദി ഗ്രഹങ്ങളും താരകങ്ങളും മിന്നു-
മാനന്ദപ്രദമായ ലോകത്തിനങ്ങേപ്പുറം സ്ഥലകാലവും ദ്രവ്യസഞ്ചയങ്ങളും ചേർന്ന്
വിലസും വിശാലമാം വിശ്വത്തിനങ്ങേപ്പുറം ലോകലോചനങ്ങൾക്ക് കാണുവാൻ കഴിയാതെ
ലോകത്തിൻ തൂലികയ്ക്ക് കുറിപ്പാൻ കെൽപ്പില്ലാതെ
വിജയിക്കുന്നു സർവ്വമോഹന ദിവ്യരാജ്യം വിലയം പ്രാപിക്കാത്ത സ്വർഗീയ മഹാരാജ്യം!

യേശു പഠിപ്പിച്ച പ്രശസ്തമായ പ്രാർത്ഥന ഇതിൽ കൊടുത്തിരിക്കുന്നത് എങ്ങനെ എന്ന് നോക്കാം:
സ്വർഗ്ഗസ്ഥനായ താത വിശുദ്ധീകൃതമായി
സന്തതം ഭവിക്കേണം നിന്തിരൂ നാമധേയം
നിന്തിരുമഹാദിവ്യസാമ്രാജ്യം വരേണമേ
നിന്തിരുവിഷ്ടം പാരിൽ  വിണ്ണിലേപോലാകണം
തന്നരുളേണം താതാ ഞങ്ങൾക്കു ദിനം തോറും
തന്നിടുമപ്പമിന്നും സദയം കൃപാനിധേ
ഞങ്ങൾക്കു കടക്കാരായ് വാഴുന്ന ജനത്തോടു
ഞങ്ങളുൾപ്പൂവിൽ ക്ഷമിച്ചിരിക്കുന്നത് പോലെ
നിന്തിരുവടി പൊറുത്തീടണം ഞങ്ങൾക്കുള്ള
സന്താപകരങ്ങളാം കടങ്ങളെയും വിഭോ
ഞങ്ങളെപ്പരീക്ഷയിൽ കടത്താതലിവോടെ
ഞങ്ങളെ ദുഷ്ടനിൽ നിന്നകറ്റി രക്ഷിക്കേണം
രാജ്യവുമജയ്യമാം ശക്തിയും മഹത്വവും നിത്യവും ഭവദീയമല്ലയോ ജഗന്നാഥാ

പ്രശസ്തമായ നല്ല ശമര്യക്കാരന്റെ കഥ ആരംഭിക്കുന്നത് എങ്ങനെ എന്ന് നോക്കുക:
പോവുകയായിരുന്നന്നു യരുശലേം പട്ടണം വിട്ടു യരിഹോവിലേയ്ക്കൊരാൾ മാർഗ്ഗമധ്യത്തിലാമർത്യനെ തസ്കര സംഘം കടന്നാക്രമിച്ചു കഠിനമായ് വസ്ത്രമഴിച്ചെടുത്തംഗമശേഷവും
കുത്തി മുറിവ് വരുത്തിയിട്ടേച്ചു പോയ്

ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതുപോലെ പറഞ്ഞിരിക്കുകയല്ല മഹാകാവ്യത്തിൽ. ലളിതസുന്ദരമായ ഭാഷയിൽ എല്ലാം വിവരിക്കുകയും വ്യാഖ്യാനിക്കുകയും വർണ്ണിക്കുകയും ചെയ്തിരിക്കുന്നു. ഈ മഹദ്ഗ്രന്ഥം ഇറങ്ങിയിട്ട് ഇപ്പോൾ അരനൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. എന്നാൽ ഹൈന്ദവഭവനങ്ങളിൽ അദ്ധ്യാത്മരാമായണവും കൃഷ്ണഗാഥയും ഒക്കെ പാരായണം ചെയ്യുന്നതു പോലെ ക്രൈസ്തവ ഭവനങ്ങളിൽ ഈ കൃതി പാരായണം ചെയ്യുന്നതായി അറിവില്ല. ഇത്രയും അമൂല്യമായ ഒരു സാഹിത്യ സമ്പത്ത് കൈയ്യിൽ വന്നിട്ടും അതിന്റെ വില മനസ്സിലാക്കുകയോ  വേണ്ടപോലെ ഉപയോഗിക്കുകയോ ചെയ്യുവാൻ കഴിയാതെ പോയത്  മലയാളിക്ക് സംഭവിച്ച ഒരു മഹാ അബദ്ധം എന്നാണ് എന്റെ അഭിപ്രായം.

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം