കേരളത്തിൽ അച്ചടിക്കപ്പെട്ട ആദ്യ പുസ്തകം


 സുഹൃത്തുക്കളേ,

 ഞാൻ ഈയിടെ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തുന്നു. പുസ്തകത്തിന്റെ പേര് *ചെറുപൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംഗ്ലീഷിൽ നിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ*. എഴുത്തുകാരന്റെ പേര് ബെഞ്ചമിൻ ബെയ്ലി. 1824ൽ, അതായത് ഇന്നേക്ക് 200 വർഷങ്ങൾക്ക് മുമ്പ് ആണ് ഇത് ഇറങ്ങിയത്. കേരളത്തിൽ അച്ചടിക്കപ്പെട്ട ആദ്യ പുസ്തകം എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. അച്ചടിയന്ത്രം ഇംഗ്ലണ്ടിൽ നിന്നു വരുത്തി. അച്ചുകൾ മദ്രാസിൽനിന്ന് വരുത്തി. കോട്ടയം സിഎംഎസ് പ്രസ്സിൽ അടിച്ചു. മലയാളത്തിലെ ആദ്യ കഥാസമാഹാരം, ആദ്യ ബാലസാഹിത്യ കൃതി, ആദ്യ പാഠപുസ്തകം എന്നീ പ്രത്യേകതകളും ഇതിന് അവകാശപ്പെട്ടതാണ്.

 2014 ഇൽ സാഹിത്യപ്രവർത്തകസഹകരണസംഘം ഇത് പുനഃപ്രസിദ്ധീകരണം ചെയ്തു. സിഎംഎസ് കോളജിലെ മലയാള അധ്യാപകനായ ഡോ. ബാബു ചെറിയാൻ ആമുഖ പഠനം നിർവഹിച്ചിരിക്കുന്നു. ബെഞ്ചമിൻ ബെയിലിയുടെ സാഹിത്യ സംഭാവനകളെ കുറിച്ചുള്ള പഠനത്തിനാണ് ഡോ. ബാബു ചെറിയാന് പിഎച്ച്ഡി ബിരുദം ലഭിച്ചത്.

 


1791-ൽ ഇംഗ്ലണ്ടിൽ ജനിച്ച ബെഞ്ചമിൻ ബെയിലി ഏതാണ്ട് 25 വയസ്സുള്ളപ്പോൾ ഒരു ക്രിസ്ത്യൻ മിഷണറിയായി കേരളത്തിൽ വന്നു.  34 വർഷം കേരളത്തിൽ താമസിച്ച ശേഷം തിരികെ ഇംഗ്ലണ്ടിലേക്ക് പോയി. 80 വയസ്സുള്ളപ്പോൾ അന്തരിച്ചു. 34 വർഷങ്ങൾകൊണ്ട് അദ്ദേഹം നമ്മുടെ നാടിന് നൽകിയ സംഭാവനകൾ സുവർണ്ണലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്. നമ്മുടെ നാട്ടിലെ ആദ്യത്തെ പ്രിന്റിംഗ് പ്രസ്സ് അദ്ദേഹം സ്ഥാപിച്ചു. ബൈബിൾ ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ അദ്ദേഹം ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് തർജ്ജമ ചെയ്തു അച്ചടിച്ച് പ്രസിദ്ധീകരിച്ചു. ഒരു ഇംഗ്ലീഷ് മലയാളം നിഘണ്ടുവും ഒരു മലയാളം ഇംഗ്ലീഷ് നിഘണ്ടുവും അദ്ദേഹം രചിച്ചു. നമ്മുടെ മലയാള അക്ഷരങ്ങൾക്ക് ഇന്നത്തെ രൂപം നൽകിയത് അദ്ദേഹമാണ്. അക്കാലത്ത് നിലവിലിരുന്ന ഉച്ചഭാഷയേയും നീചഭാഷയേയും സമന്വയിപ്പിച്ച് ഇന്നത്തെ ഗദ്യഭാഷയ്ക്ക് ജന്മം നൽകി.


 കുട്ടികളെ സന്മാർഗത്തിൽ വളർത്തുവാൻ ഉദ്ദേശിച്ചുള്ള ഇംഗ്ലീഷ് ഭാഷയിലുള്ള എട്ട് കഥകൾ മലയാളത്തിലേക്കു തർജമ ചെയ്താണ് ഈ പുസ്തകം അദ്ദേഹം രചിച്ചത്. ആദ്യത്തേത് നാലു വയസ്സുള്ള ഒരു പെൺകുട്ടിയുടെ കഥയാണ്. മൂന്നു സംഭവങ്ങൾ കഥയിലുണ്ട്. പറമ്പിലെ ആപ്പിൾ മരത്തിന്റെ കീഴിൽ നിന്ന് കുറെ പഴങ്ങൾ കൊണ്ടുവരാൻ അമ്മ കുട്ടിയെ പറഞ്ഞയക്കുന്നു. കുട്ടി അമ്മയെ അക്ഷരംപ്രതി അനുസരിക്കുന്നു. വീടിനരികിൽ ഒരു പക്ഷിക്കൂട് കണ്ടെത്തിയ കുട്ടി ദിവസവും അതിന് ഭക്ഷണം നൽകി പരിപാലിക്കുന്നു.  കുട്ടി പള്ളിയിൽ വളരെ ഭംഗിയായി പെരുമാറുന്നത് കണ്ടു പ്രായമായ ഒരു സ്ത്രീ കുട്ടിക്ക് ഒരു ബൈബിൾ സമ്മാനിക്കുന്നു.

 ഈ കഥ  എങ്ങനെയാണ് മലയാളത്തിൽ എഴുതിയിരിക്കുന്നത് എന്ന് കാണാം:



മാർജെരിയുടെ അമ്മ തണുപ്പുള്ള ഒരു വലിയ ഇടവഴി തലക്കൽ വെടിപ്പുള്ള ഒരു ചെറുപുരയിൽ പാർത്തു മാർജെരിയുടെ അമ്മക്ക ഒരു തൊട്ടം ഉണ്ടായിരിന്നു ആ തൊട്ടത്തിൽ ഒരു ആപ്പൾ മരം ഉണ്ടായിരിന്നു ആ മരത്തിൻ ചുവട്ടിൽ ഒര ഇരിക്കക്കട്ടിലും ഉണ്ടായിരിന്നു അവിടെ അവൾ വെനൽകാലം വൈകുന്നെരം തുന്നൽ പണി ചെയ്തു കൊണ്ട ഇരിന്നു 


 200 വർഷങ്ങൾക്ക് മുമ്പുള്ള മലയാളത്തിന്റെ ഒരു മാതൃകയാണിത്. വാചകങ്ങളുടെ ഒടുവിൽ ഫുൾസ്റ്റോപ്പ് ഇല്ല. ചന്ദ്രക്കലയും ഉപയോഗിക്കുന്നില്ല. അതിന് വേണ്ടുന്ന അച്ചുകൾ അന്ന് ലഭ്യമായിരുന്നില്ല എന്ന് വേണം കരുതാൻ. 

എ, ഒ എന്നീ സ്വരശബ്ദങ്ങൾക്ക് ദീർഘം ഉപയോഗിക്കുന്നില്ല. 

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും