ചന്ദ്രലേഖ
ഞാൻ ഈയിടെ വായിച്ച അത്യന്തം രസകരമായ ഒരു പുസ്തകം പരിചയപ്പെടുത്തുന്നു. പുസ്തകത്തിന്റെ പേര് ചന്ദ്രലേഖ. അതിനൊരു ഉപശീർഷകം ഉണ്ട് അത് ഇങ്ങനെയാണ് -- അഥവാ ഇന്ദുലേഖ (രണ്ടാംഭാഗം). എഴുത്തുകാരൻറെ പേര് വി കെ രാമൻ മേനോൻ.
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖയുടെ രണ്ടാം ഭാഗം എന്ന നിലയിലാണ് ഇത് എഴുതിയിരിക്കുന്നത്. ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് 1947 ൽ ആണ്. ചന്തുമേനോൻ ജനിച്ചത് 1847 ലാണ്. അദ്ദേഹത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചാവണം ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
ഇതിന്റെ ഗ്രന്ഥകർത്താവിന്റെ പേരായി കൊടുത്തിരിക്കുന്നത് ചന്തുമേനോൻ എന്നാണ്. ചന്തുമേനോൻ തനിക്ക് സ്വപ്നത്തിൽ പ്രത്യക്ഷനായി എന്നും അദ്ദേഹം പറഞ്ഞു തന്ന കഥ താൻ എഴുതി എന്ന് മാത്രമേയുള്ളൂ എന്നും എഴുത്തുകാരനായ ശ്രീ രാമൻ മേനോൻ അവകാശപ്പെടുന്നു. ഒരു അഭിഭാഷകനായി ജീവിതം ആരംഭിച്ച എഴുത്തുകാരൻ പിന്നീട് പത്ര പ്രവർത്തനത്തിലേക്ക് തിരിഞ്ഞു.
ഇന്ദുലേഖയിലെ കഥയുടെ തുടർച്ചയാണ് ചന്ദ്രലേഖയിൽ ഉള്ളത്. ഇന്ദുലേഖ ഇറങ്ങിയിട്ട് ഏതാണ്ട് 60 വർഷം കഴിഞ്ഞാണ് ചന്ദ്രലേഖ ഇറങ്ങുന്നത്. അതുകൊണ്ട് കഥയിലും ഇവയ്ക്കിടയിൽ 60 വർഷത്തെ വീടവ് ഉണ്ട്.
ഇന്ദുലേഖയിലെ രണ്ട് കഥാപാത്രങ്ങൾ ചന്ദ്രലേഖയിലും ഉണ്ട്. അതിലൊരു യുവതിയായിരുന്ന ഇന്ദുലേഖ ഇതിൽ ഒരു മുത്തശ്ശിയാണ്. ഇന്ദുലേഖയുടെ കൊച്ചുമകളായ ചന്ദ്രലേഖയാണ് ഈ നോവലിലെ മുഖ്യകഥാപാത്രം. ഇന്ദുലേഖയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ച വന്ന നമ്പൂതിരിയുടെ കൊച്ചുമകൻ ചന്ദ്രലേഖയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു വരുന്നു. നല്ല വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു യുവാവിനെ ഇന്ദുലേഖ പ്രണയിച്ച പോലെ ചന്ദ്രലേഖയും അപ്രകാരം ഒരു യുവാവിനെ പ്രണയിക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകത്തിൽ മലയാളക്കരയിൽ ഉണ്ടായിരുന്ന സംസ്കാരം ആണ് ഇന്ദുലേഖയിൽ നമ്മൾ കാണുന്നത്. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഉള്ള മലയാളക്കരയുടെ സംസ്കാരംആണ് ചന്ദ്രലേഖയിൽ നാം കാണുന്നത്. ഇന്ദുലേഖയെ കാണാൻ നമ്പൂതിരി വരുന്നത് കുതിര വണ്ടിയിലാണ്. എന്നാൽ ചന്ദ്രലേഖയെ കാണാൻ നമ്പൂതിരി വരുന്നത് ഒരു കാറിലാണ്. അന്നത്തെ നമ്പൂതിരിയുടെ വിനോദം കഥകളി ഒക്കെ ആയിരുന്നെങ്കിൽ 60 വർഷത്തിനു ശേഷമുള്ള നമ്പൂതിരിയുടെ വിനോദം സിനിമയാണ്. ഇന്ദുലേഖയിൽ മലയാളക്കരയെ ഏറ്റവും സ്വാധീനിക്കുന്നത് ഇംഗ്ലീഷുകാരുടെ സംസ്കാരമാണ്. എന്നാൽ 60 വർഷത്തിനുശേഷം ചന്ദ്രലേഖയിൽ മലയാളക്കരയെ ഏറ്റവും സ്വാധീനിക്കുന്നത് സോവിയറ്റ് റഷ്യയുടെ സംസ്കാരമാണ്.
ഇത്രയേറെ രസകരമായ ഈ പുസ്തകം മലയാള സാഹിത്യ ചരിത്രത്തിൽ ഇടം പിടിക്കാതെ വിസ്മൃതിയിലാണ്ട് കിടക്കുകയായിരുന്നു. കുറെ വർഷങ്ങൾക്കു മുമ്പ് ഡോക്ടർ കെ വി തോമസ് എന്ന സാഹിത്യനിരൂപകൻ കോഴിക്കോട് സർവ്വകലാശാലയുടെ ലൈബ്രറിയിൽ ഈ പുസ്തകം കണ്ടെത്തി. ഇന്ദുലേഖ രണ്ടാംഭാഗം ഗ്രന്ഥകർത്താവ് ഓ ചന്തുമേനോൻ -- ഇങ്ങനെയായിരുന്നു കാറ്റലോഗ് കൊടുത്തിരുന്നത്. ഇത് കണ്ട് അദ്ദേഹം അമ്പരന്നു പോയി. കാരണം ചന്തുമേനോൻ ഇന്ദുലേഖക്ക് ഇങ്ങനെ ഒരു രണ്ടാം ഭാഗം എഴുതിയതായി അറിവില്ലായിരുന്നു. ഏതായാലും 2018 ൽ കോഴിക്കോട്ടുള്ള പൂർണ പബ്ലിക്കേഷൻസ് ഇത് വീണ്ടും പ്രസിദ്ധീകരിച്ചു.
ജോൺ കുന്നത്ത്
Comments