നകുലിന്റെ നോട്ടുപുസ്തകം
ഞാൻ ഈയിടെ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തുന്നു. പേര് നകുലിന്റെ നോട്ടുപുസ്തകം. എഴുത്തുകാരൻ സൈമൺ ബ്രിട്ടോ. 1954 ൽ എറണാകുളത്ത് ജനിച്ച അദ്ദേഹം എറണാകുളത്തെ സെന്റ് ആൽബർട്സ് കോളേജിലും ലോ കോളജിലും മറ്റും പഠിച്ചശേഷം രാഷ്ട്രീയത്തിൽ സജീവമായി. എസ് എഫ് ഐ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്, കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻസ് കൗൺസിൽ സെക്രട്ടറി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം, നിയമസഭാംഗം എന്നിങ്ങനെ വിവിധ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. നാല് നോവലുകളുടെ കർത്താവായ അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1983 ൽ ഒരു കത്തിക്കുത്തേറ്റതിന്റെ ഫലമായി അരയ്ക്ക് താഴോട്ട് തളർന്നു പോയി. ഭാര്യയെയും മകളെയും പിരിഞ്ഞ് 2018 ൽ ഇഹലോക വാസം വെടിഞ്ഞു.
1992 ഡിസംബറിൽ ആരംഭിച്ച് 1993 ജനുവരി 26 വരെ നീളുന്ന ഈ കഥ നടക്കുന്നത് ബോംബെ എന്ന മഹാനഗരത്തിൽ ആണ്.
നകുൽ എന്ന പേരുള്ള ഒരു പത്രപ്രവർത്തകൻ മദ്രാസിൽനിന്ന് മുംബൈയിൽ എത്തിച്ചേരുന്നു. അവിടെ ഒരു ഫ്ലാറ്റ് എടുത്ത് താമസിക്കുന്നു. അവിടെ ഒരു പറ്റം സുഹൃത്തുക്കളും പരിചയക്കാരും ഒക്കെയുണ്ട്. അക്കാലത്ത് മുംബൈയിൽ ഹിന്ദു-മുസ്ലീം ലഹള നടക്കുന്നു. തീവയ്പ്പുകളും കലാപങ്ങളും കൊലപാതകങ്ങളും ദിവസവും നടക്കുന്നു. കുറെ ഹിന്ദുക്കളും മുസ്ലീങ്ങളും ദിവസവും മരിച്ചുവീഴുന്നു. അതൊക്കെ റിപ്പോർട്ട് ചെയ്യാൻ പോകുന്ന നകുൽ സംഭവങ്ങൾ നേരിട്ട് കാണുന്നു. അങ്ങനെ നകുലന്റെ കണ്ണുകളിൽ കൂടി ഏതാണ്ട് ഒന്നര മാസം നീണ്ടുനിൽക്കുന്ന കനത്ത വർഗീയലഹള വായനക്കാരും കാണുന്നു. ഈ നോവലിൽ ധാരാളം സംഭവങ്ങളുണ്ട്, ഈ സംഭവങ്ങളിൽ ഏർപ്പെടുന്ന ധാരാളം മനുഷ്യരും ഉണ്ട്. ഭൂരിഭാഗം ആളുകളും ഇതിലൊന്നും ഉൾപ്പെടാതെ അവരവരുടെ വീടുകളിൽ കഴിയുന്നു. ഹിന്ദുക്കളെ കണ്ടാൽ കൊല്ലാൻ നടക്കുന്ന മുസ്ലീങ്ങൾ ഉണ്ട്. മുസ്ലിങ്ങളെ കണ്ടാൽ കൊല്ലാൻ നടക്കുന്ന ഹിന്ദുക്കളുണ്ട്. ജാതിമത വ്യത്യാസങ്ങൾക്കതീതമായി മനുഷ്യനെ മനുഷ്യനായി തന്നെ കാണുന്ന ചുരുക്കം ചില ആളുകൾ നാട്ടിൽ സമാധാനം ഉണ്ടാക്കാൻ വേണ്ടി പരിശ്രമിക്കുന്നു.
വർഗീയതയുടെ ഭീകരതയും വർഗീയ ലഹളയുടെ ഭയാനകതയും വളരെ വ്യക്തമായി നമ്മുടെ മുമ്പിൽ വരച്ചു വച്ചിരിക്കുന്ന ഒരു നോവലാണ് ഇത്.
Comments