അമൃതവാണി

 

സുഹൃത്തുക്കളെ ഞാൻ ഈയിടെ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തുന്നു-- അമൃതവാണി.  എഴുത്തുകാരൻ കെ ജി രാഘവൻ നായർ. പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്.  ആയിരത്തിനടുത്ത് പേജുള്ള ഈ പുസ്തകം ഖുർആന്റെ തർജ്ജമയാണ്. പദ്യരൂപത്തിൽ ആണ് മുഴുവൻ. മഞ്ജരി വൃത്തത്തിൽ. 1997 ആണ് ആദ്യം പ്രസിദ്ധപ്പെടുത്തുന്നത്. അന്ന് അതിന് 240 രൂപ.

1911 തിരുവല്ലയിൽ ജനിച്ച കെ ജി രാഘവൻ നായർ ചങ്ങനാശ്ശേരി എസ്ബി കോളേജിൽ നിന്ന് ബി എ പാസായശേഷം ഗവൺമെന്റിന്റെ ഡിഫൻസ്‌ അക്കൗണ്ട് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായി. 1969 ൽ റിട്ടയർ ചെയ്തശേഷം ഒറ്റപ്പാലത്ത് താമസമായി. പ്രധാനമായും മൂന്ന് കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.


ഒന്ന് ഈ പുസ്തകം തന്നെ -- ഖുർആന്റെ പരിഭാഷ.
രണ്ട് ക്രൈസ്തവദർശനം.
മൂന്ന് കഥാസരിത് സാഗരത്തിലെ ചില കഥകൾ പദ്യരൂപത്തിൽ.


എഴുത്തുകാരൻ എത്ര വിശാലമായ ഹൃദയം ഉള്ള ആളാണ് എന്ന് നോക്കുക ഹിന്ദുമതത്തിൽ ജനിച്ചുവളർന്ന അദ്ദേഹം എഴുതിയത് ക്രൈസ്തവ ദർശനവും ഖുർആനും ഒക്കെയാണ്. മതാതീതമായി ചിന്തിക്കുകയും എല്ലാ മതങ്ങളിൽ നിന്നും പഠിക്കാൻ സന്മനസ് കാണിക്കുകയും ചെയ്യുന്ന ഈ മഹാമനുഷ്യൻ നമുക്ക് മാതൃകയാണ്.

വളരെ സുന്ദരമായ മലയാള ഭാഷയിലാണ് ഖുർആൻ ആദിയോടന്തം അദ്ദേഹം തർജ്ജമ ചെയ്തിരിക്കുന്നത്. അദ്ദേഹം ഇത് നേരിട്ട് അറബി ഭാഷയിൽ നിന്ന് തർജ്ജമ ചെയ്തതല്ല. നിലവിലുള്ള ഇംഗ്ലീഷ് മലയാളം തർജ്ജമകൾ ഉപയോഗിച്ച് അവയിൽനിന്ന് കാവ്യരൂപത്തിൽ എഴുതുകയാണ് അദ്ദേഹം ചെയ്തത്. ആയിരം പേജിന് അടുത്തുവരുന്ന ഒരു മഹാകാവ്യം തന്നെയാണ് ഇത്. തർജ്ജിമ ചെയ്ത ശേഷം അറബി ഭാഷ അറിയാവുന്ന ഖുർആൻ പണ്ഡിതന്മാരെ കാണിച്ച് പരിശോധിപ്പിക്കുകയുണ്ടായി .

114 അധ്യായങ്ങളാണ് ഖുറാന് ഉള്ളത് ആദ്യമാദ്യം വളരെ നീണ്ട അധ്യായങ്ങളും ഒടുവിൽ ചെറിയ അധ്യായങ്ങളും. ഓരോ അധ്യായത്തിനും പേരുണ്ട്. അറബിക് ഭാഷയിലെ പേരുകൾ അത് പോലെ കൊടുത്തിരിക്കുന്നു, അവ തർജ്ജിമ ചെയ്തിട്ടില്ല. മുഹമ്മദ് നബിക്ക് ഉണ്ടായ ദൈവിക വെളിപാടുകൾ ആണ് ഖുർആനിൽ ഉള്ളത്. ചില അധ്യായങ്ങൾ മെക്കയിൽ വച്ചുണ്ടായ വെളിപാടുകൾ ആണെങ്കിൽ മറ്റു ചിലവ മദീനയിൽ വെച്ചുള്ള വെളിപാടുകളാണ്.
ഏറ്റവും ആദ്യത്തെ അൽഫാതിഹ എന്ന അധ്യായം ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ അവരുടെ അനുദിന പ്രാർത്ഥനയിൽ ഉപയോഗിക്കുന്നു. അത് ആരംഭിക്കുന്നത് ഇങ്ങനെയാണ് :


കാരുണ്യസിന്ധുവാം അല്ലാഹുവിൻ തിരു -
നാമത്തിലോതുന്നു ദിവ്യമാം സൂക്തികൾ
ലോകങ്ങളൊക്കെയും കാത്തുരക്ഷിച്ചിടും
ലോകൈകനാഥനെ വാഴ്ത്തുന്നു സർവ്വരും
കാരുണ്യമേറുന്ന രക്ഷകാ നിൻ കൃപാ- പൂരം നിരന്തരം വർഷിക്ക ഞങ്ങളിൽ

ഏറ്റവും അവസാനത്തെ അധ്യായത്തിലെ ചില വരികൾ :

മർത്ത്യരെ ത്രാണനം ചെയ്യുന്ന നാഥനായ്
മർത്ത്യരെ നിത്യം ഭരിക്കുന്ന രാജനായ്
മർത്ത്യരെ സൂക്ഷ്മം നയിക്കുന്ന ദൈവമായ്
നിൽക്കുന്നൊരീശനെ പ്രാർത്ഥിക്ക മാനവാ

ഒരു നല്ല മനുഷ്യജീവിതത്തിന് ആവശ്യമായ ഉപദേശങ്ങളാണ് ഖുർആനിൽ മുഴുവൻ. ഈ പുസ്തകം മുഴുവൻ വായിക്കുവാൻ കഴിഞ്ഞില്ല എങ്കിലും ഖുർആനെ പറ്റി വ്യക്തമായ ഒരു ധാരണ ഉണ്ടാകുവാൻ ഈ വായന സഹായിച്ചു.

ഈ പുസ്തകത്തെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ യൂട്യൂബ് ലിങ്കുകളിൽ പോകാവുന്നതാണ്
https://youtu.be/_7m6P3fQDok
https://youtu.be/bGvYHinl1Ls

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?