ലാറുസ് എന്ന വിശുദ്ധൻ

ഞാൻ ഈയിടെ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തുന്നു-- ലാറുസ് എന്ന വിശുദ്ധൻ.  എഴുത്തുകാരൻ എവ്ഗേനി വൊദോലാസ്കിൻ. മലയാളത്തിലേക്ക് റഷ്യൻ ഭാഷയിൽ നിന്ന് നേരിട്ട് വിവർത്തനം ചെയ്തിരിക്കുകയാണ് സി. എസ്. സുരേഷ്. അദ്ദേഹം വർഷങ്ങളായി റഷ്യയിൽ താമസിക്കുന്ന ആളാണ്. ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ നോവലിന് 380ൽ ശിഷ്ടം പേജുണ്ട്. ഈ പുസ്തകം ആദ്യമായി റഷ്യൻ ഭാഷയിൽ ഇറങ്ങിയത് 2012-ലാണ്. ഇതിൻറെ മലയാള പരിഭാഷ ഇറങ്ങിയത് 2017ൽ. ഏതാണ്ട് രണ്ട് ലക്ഷത്തോളം കോപ്പികൾ  റഷ്യയിൽ വിറ്റഴിഞ്ഞു.

നാലഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള റഷ്യയിലാണ് കഥ നടക്കുന്നത്. അക്കാലത്തെ റഷ്യയുടെ ചരിത്രവും വിശ്വാസങ്ങളും ഭൂമിശാസ്ത്രവും മതവും എല്ലാം ഈ നോവലിൽ കാണാം. ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട ആർസിനി എന്ന ബാലൻ  അയാളുടെ മുത്തച്ഛന്റെ സഹായിയായി കൂടുന്നു. മുത്തശ്ശൻ പച്ചമരുന്നുകൾ കൊണ്ട് ധാരാളം ആളുകൾക്ക് രോഗ ചികിത്സ നൽകുന്ന ആളാണ്. മുത്തഛന്റെ  മരണത്തോടെ ആർസിനി വൈദ്യനായി. അക്കാലത്ത് അവിടെയെങ്ങും പ്ലേഗ് പരന്ന് പിടിക്കുന്ന കാലമാണ്. ധാരാളമാളുകൾ പ്ലേഗ് വന്ന് മരിക്കുന്നു വേണ്ടപ്പെട്ടവരെല്ലാം പ്ലേഗ് വന്ന് മരിച്ചു പോയ ഒരു അനാഥ ബാലിക ആഴ്സിനിയുടെ അടുക്കൽ എത്തിപ്പെടുന്നു. അവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങുന്നു. അവൾ അവിടെ ഉണ്ടെന്ന കാര്യം പുറത്ത് ആരും അറിയുന്നില്ല. അവൾ ഗർഭിണിയാകുന്നു പ്രസവം അടുക്കുമ്പോൾ ഒരു വയറ്റാട്ടിയെ വിളിച്ചുകൊണ്ടുവരാൻ അവൾ അഭ്യർത്ഥിക്കുന്നു. എന്നാൽ താൻ ഒരു വൈദ്യൻ ആണല്ലോ എന്ന് പറഞ്ഞു അയാൾ വയറ്റാട്ടിയെ വിളിക്കുന്നില്ല. മാത്രമല്ല അവൾ അവിടെ ഉണ്ടെന്ന കാര്യം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നല്ലോ. എന്നാൽ കുഞ്ഞ്  വയറ്റിൽ വച്ച് തന്നെ മരിച്ചു പോയി. ചാപിള്ളയെ പ്രസവിക്കാൻ കഴിയാതെ ആ സ്ത്രീയും മരിച്ചുപോകുന്നു. വല്ലാത്ത കുറ്റബോധം ആഴ്സിനിയെ പിടികൂടുന്നു. ഒരു വയറ്റാട്ടിയുടെ വിളിക്കാഞ്ഞത് കൊണ്ട് അവളെ താൻ കൊലയ്ക്ക് കൊടുത്തു എന്ന് അയാൾ വിശ്വസിക്കുന്നു.  താമസിയാതെ അയാൾ ആ സ്ഥലം വിട്ട് പോകുന്നു എന്നാൽ തന്റെ മരിച്ചുപോയ ഭാര്യയുടെ ആത്മാവ് തന്നോടൊപ്പം ഉണ്ട് എന്ന് അയാൾ വിശ്വസിക്കുന്നു. അവളുമായി സംഭാഷണത്തിൽ ഏർപ്പെടുന്നു. ചെല്ലുന്ന ഇടങ്ങളിലെല്ലാം അയാൾ പ്ലേഗ് ബാധിതരെ ചികിത്സിക്കുന്നു.  ഒരിക്കലും അയാൾക്ക് പ്ലേഗ് ബാധിക്കുന്നില്ല.  ആർസിനിയുടെ പ്രശസ്തി നാടെങ്ങും പരക്കുന്നു. ധാരാളമാളുകൾ രോഗ സൗഖ്യത്തിനായി അയാളെ തേടിയെത്തുന്നു. ഒരു സുഹൃത്തിനോടൊപ്പം യെരുശലേം വരെ യാത്ര ചെയ്യുന്നു. കുതിരപ്പുറത്തും കാൽനടയായും കപ്പലിലും. ആൽപ്സ് പർവതവും മധ്യധരണിക്കടലും കടന്നു അനേകവർഷങ്ങൾ വേണ്ടി വന്ന ഒരു യാത്രയായിരുന്നു അത്. യാത്ര നോവലിൽ സവിസ്തരം പ്രതിപാദിക്കുന്നു. സുഹൃത്ത് കൊള്ളക്കാരാൽ വധിക്കപ്പെടുന്നു. പലയിടത്തും മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നു. 

തിരികെ റഷ്യയിൽ എത്തുന്നു. ഈ കാലം എല്ലാം ധാരാളം ആളുകളെ അദ്ദേഹം ചികിത്സിക്കുന്നു. ആദ്യമൊക്കെ പച്ചമരുന്നുകൾ ഉപയോഗിച്ചാണ് ചികിത്സിച്ചത്. എങ്കിൽ പിൽക്കാലത്ത് പച്ചമരുന്നുകളുടെ ആവശ്യമില്ലാതായി. ഒന്നു തൊട്ടാൽ മതി അല്ലെങ്കിൽ ഒന്നു പ്രാർത്ഥിച്ചാൽ മതി എന്ന സ്ഥിതിയിൽ എത്തുന്നു. ഒരു ബാലിക അദ്ദേഹത്തിന്റെ അടുക്കൽ എത്തുന്നു. അവൾ ഗർഭിണിയാണ്. ആരാണ് അവളുടെ ഗർഭത്തിനു ഉത്തരവാദി എന്ന് പറയാൻ അവൾ വിസമ്മതിക്കുന്നു. അതുകൊണ്ട് അവളുടെ നാട്ടുകാർ അവളെ കത്തിച്ച് കൊല്ലാൻ ഒരുങ്ങുന്നു. അയാൾ അവൾക്ക് അഭയം നൽകുന്നു. അവളുടെ പ്രസവസമയം അടുത്തപ്പോൾ അദ്ദേഹം ഒരു വയറ്റാട്ടിയെ അന്വേഷിച്ചു പോകുന്നു. എന്നാൽ  കിട്ടിയില്ല. ഒടുവിൽ അദ്ദേഹം തന്നെ പ്രസവം എടുക്കുന്നു. അവൾ അവിടെ ഉണ്ട് എന്നറിഞ്ഞു അവളുടെ നാട്ടുകാർ എവിടെ എത്തി. ആരാണ് അവളുടെ ഗർഭത്തിനു ഉത്തരവാദി എന്ന് അവർ ചോദിച്ചപ്പോൾ അത് താൻ ആണ് എന്ന് ആർസനി പറഞ്ഞു. അങ്ങനെ അവർ അവളെ കൊല്ലാതെ വിട്ടു. ചെറുപ്പത്തിൽതന്റെ ഭാര്യയെ രക്ഷിക്കാൻ കഴിയാതെ പോയതിന് വിഷമവും കുറ്റബോധവും അയാൾ തീർക്കുന്നത് അങ്ങനെയാണ്. തന്റെ മരണസമയം എടുത്തപ്പോൾ ചുമതലപ്പെട്ടവരെ അദ്ദേഹം പറഞ്ഞു ഏൽപ്പിച്ചു: തന്റെ ശവം ആചാരപ്രകാരം ബഹുമതികളോടെ അടക്കരുത്. ശവം ഒരു കയറിൽ കെട്ടി പുല്ലിൽ കൂടി വലിച്ചിഴയ്ക്കണം. കാരണം താൻ പാപിയായ ഒരു മനുഷ്യനാണ്. അദ്ദേഹം മരിച്ചു എന്നറിഞ്ഞു ലക്ഷക്കണക്കിനാളുകൾ അവിടെ കൂടി അദ്ദേഹം സൗഖ്യം കൊടുത്ത ആളുകൾ ആയിരുന്നു അവർ. അദ്ദേഹം ഒരു വിശുദ്ധൻ ആണെന്ന് എല്ലാവർക്കുമറിയാമായിരുന്നു. എന്നാൽ ഒരു വിശുദ്ധനെ അടക്കം ചെയ്യുന്നതുപോലെ അടക്കം ചെയ്യാതെ അദ്ദേഹത്തെ ഇങ്ങനെ കെട്ടി വലിച്ചു കൊണ്ടു പോകുന്നത് എന്തുകൊണ്ടാണ് എന്ന്   അവർക്ക് മനസ്സിലായില്ല. 

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം