ലാറുസ് എന്ന വിശുദ്ധൻ
ഞാൻ ഈയിടെ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തുന്നു-- ലാറുസ് എന്ന വിശുദ്ധൻ. എഴുത്തുകാരൻ എവ്ഗേനി വൊദോലാസ്കിൻ. മലയാളത്തിലേക്ക് റഷ്യൻ ഭാഷയിൽ നിന്ന് നേരിട്ട് വിവർത്തനം ചെയ്തിരിക്കുകയാണ് സി. എസ്. സുരേഷ്. അദ്ദേഹം വർഷങ്ങളായി റഷ്യയിൽ താമസിക്കുന്ന ആളാണ്. ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ നോവലിന് 380ൽ ശിഷ്ടം പേജുണ്ട്. ഈ പുസ്തകം ആദ്യമായി റഷ്യൻ ഭാഷയിൽ ഇറങ്ങിയത് 2012-ലാണ്. ഇതിൻറെ മലയാള പരിഭാഷ ഇറങ്ങിയത് 2017ൽ. ഏതാണ്ട് രണ്ട് ലക്ഷത്തോളം കോപ്പികൾ റഷ്യയിൽ വിറ്റഴിഞ്ഞു. നാലഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള റഷ്യയിലാണ് കഥ നടക്കുന്നത്. അക്കാലത്തെ റഷ്യയുടെ ചരിത്രവും വിശ്വാസങ്ങളും ഭൂമിശാസ്ത്രവും മതവും എല്ലാം ഈ നോവലിൽ കാണാം. ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട ആർസിനി എന്ന ബാലൻ അയാളുടെ മുത്തച്ഛന്റെ സഹായിയായി കൂടുന്നു. മുത്തശ്ശൻ പച്ചമരുന്നുകൾ കൊണ്ട് ധാരാളം ആളുകൾക്ക് രോഗ ചികിത്സ നൽകുന്ന ആളാണ്. മുത്തഛന്റെ മരണത്തോടെ ആർസിനി വൈദ്യനായി. അക്കാലത്ത് അവിടെയെങ്ങും പ്ലേഗ് പരന്ന് പിടിക്കുന്ന കാലമാണ്. ധാരാളമാളുകൾ പ്ലേഗ് വന്ന് മരിക്കുന്നു വേണ്ടപ്പെട്ടവരെല്ലാം പ്ലേഗ് വന്ന് മരിച്ചു പോയ ഒരു അനാഥ ബാലിക...