മതം എന്ന ജീവിതാരോഗ്യരക്ഷാരീതി
മനുഷ്യശരീരം ആരോഗ്യമുള്ളതോ രോഗമുള്ളതോ ആകുന്നതുപോലെ മനുഷ്യജീവിതവും ആരോഗ്യമുള്ളതോ രോഗമുള്ളതോ ആകാം. മനുഷ്യശരീരത്തിന്റെ ആരോഗ്യത്തിന്റെ സംരക്ഷണമാണ് വൈദ്യശാസ്ത്രത്തിന്റെ മേഖല എങ്കില്‍ മനുഷ്യജീവിതത്തിന്റെ ആരോഗ്യസംരക്ഷണമാണ് മതത്തിന്റെ മേഖല.
മനുഷ്യശരീരത്തിന്റെ രോഗം, ആരോഗ്യം ഇവ പഠനത്തിന് വിഷയമാക്കുന്നത് താരതമ്യേന എളുപ്പമാണ്; കാരണം,വസ്തുനിഷ്ടമായ പഠനം സാധ്യമാണ്. എന്നാല്‍ മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന പഠനം അത്ര എളുപ്പമല്ല. ആരോഗ്യമുള്ള മനുഷ്യജീവിതം എന്നാല്‍ എന്താണ്? അല്ലാത്ത ജീവിതം എങ്ങനെയാണ്? എങ്ങനെ മനുഷ്യജീവിതത്തിന്റെ ആരോഗ്യം പുനസ്ഥാപിക്കാം? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വസ്തുനിഷ്ടമായ പഠനത്തിന് വിഷയമാക്കാന്‍ പ്രയാസമാണ്. അതുകൊണ്ട് വൈദ്യശാസ്ത്രത്തെക്കാള്‍ വളരെ സങ്കീര്‍ണമാണ് മതം. ഈ മേഖലയെ ശാസ്ത്രീയമായി സമീപിക്കാനുള്ള നമ്മുടെ ശ്രമങ്ങളാണ് മനശാസ്ത്രവും സാമൂഹ്യശാസ്ത്രങ്ങളും മറ്റും.
എന്താണ് ആരോഗ്യമുള്ള മനുഷ്യജീവിതം എന്ന് മനസിലാക്കാന്‍ പൌരാണിക കാലം മുതല്‍ മനുഷ്യന് ശ്രമിച്ചിട്ടുണ്ട്. മിക്ക പൌരാണിക സംസ്കൃതികളിലും ആരോഗ്യമുള്ള മനുഷ്യജീവിതത്തെ സ്വര്‍ഗ്ഗം എന്ന് വിളിച്ചു. മനുഷ്യര്‍ സുഖമായും സന്തോഷമായും സമാധാനമായും കഴിയുന്ന അവസ്ഥയുടെ പേരാണ് സ്വര്‍ഗ്ഗം. ഭൂമിയെ സ്വര്‍ഗ്ഗമാക്കി രൂപാന്തരപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്നാണ് മതങ്ങള്‍ ഉദയം ചെയ്തത്. ആരോഗ്യമുള്ള മനുഷ്യജീവിതത്തെക്കുറിച്ചുള്ള സങ്കല്‍പ്പം, അതിലെത്തിച്ചേരാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇതൊക്കെ ചേര്‍ന്നതാണ് ഒരു മതം. വിവിധകാലദേശങ്ങളില് രൂപപ്പെട്ട വിവിധ മതങ്ങള്‍ ആരോഗ്യമുള്ള മനുഷ്യജീവിതത്തെകുറിച്ചുള്ള സങ്കല്‍പ്പവും അതിലെത്താനുള്ള മാര്‍ഗ്ഗങ്ങളും ചില വ്യത്യസ്തതകളോടെ അവതരിപ്പിച്ചു. വിവിധ സംസ്കൃതികളില്‍ വിവിധ സ്വഭാവമുള്ള വൈദ്യസമ്പ്രദായങ്ങള്‍ രൂപപ്പെട്ടതുപോലെ വിവിധ സംസ്കൃതികളില്‍ വിവിധസ്വഭാവമുള്ള മതങ്ങള്‍ രൂപമെടുത്തു. ഉപരിപ്ലവമായി എന്തെല്ലാം വൈവിധ്യങ്ങള്‍ ഉണ്ടെങ്കിലും ഇവയുടെയെല്ലാം ലക്ഷ്യം ഒന്ന് തന്നെ--മനുഷ്യജീവിതാരോഗ്യ സംരക്ഷണം. ലോകാസമസ്താ സുഖിനോ ഭവന്തു എന്നത് എല്ലാ മതങ്ങളുടെയും ലക്ഷ്യമാണ്. മതം ഏതായാലും മനുഷ്യന് നന്നാകണം എന്ന് ശ്രീ നാരായണഗുരു പറഞ്ഞത് ഓര്‍ക്കാം. മനുഷ്യനെ നന്നാക്കുക എന്നതാണ് മതത്തിന്റെ ലക്ഷ്യം.
ഈ ലക്ഷ്യം നേടുന്നതിന് എല്ലാ മതങ്ങളും അവലംബിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ചില സമാനതകള്‍ കാണാന്‍ കഴിയും.
മനുഷ്യജീവിതാരോഗ്യസംരക്ഷണത്തിന് പരമപ്രധാനമായി വേണ്ടത് നമ്മുടെ മനസ്സ് ശരിയായി പ്രവര്‍ത്തിക്കുക എന്നതാണ്. അപ്പോഴാണ് നമുക്ക് ജീവിതത്തെ വ്യക്തമായി കാണുവാന്‍ സാധിക്കുന്നത്. മനസ്സ് ശരിയായി പ്രവര്‍ത്തിക്കാനും ഏകാഗ്രമാകാനും ബലപ്പെടാനും ധ്യാനം എന്ന വ്യായാമം നമ്മെ സഹായിക്കും. മനസിനെ കുറച്ചു നേരത്തേയ്ക്ക് ഏകാഗ്രതയോടെ വിചാരവികാരവിമുക്തമാക്കി ബോധപൂര്‍വം വയ്ക്കുന്നതാണ് ധ്യാനം. എല്ലാ മതങ്ങളും ധ്യാനത്തിന് മറ്റേതിനെക്കാളും പ്രാധാന്യം നല്കുന്നു. പൌരസ്ത്യ മതങ്ങളായ ഹിന്ദു-ബുദ്ധ-ജൈന-സിഖ് മതങ്ങള്‍ ധ്യാനത്തിന് പരമപ്രധാന സ്ഥാനം നല്കുന്നു എന്ന് നമുക്കറിയാം. പൌരാണികക്രിസ്തുമതത്തില് ദിവസം ഏഴ് നേരം, അതായത്, ഓരോ മൂന്നു മണിക്കൂര്‍ തോറും, ധ്യാനിക്കുന്ന രീതിയാണുള്ളത്. ഇസ്ലാം മതത്തില്‍ ദിവസം അഞ്ച് നേരം ധ്യാനിക്കുന്നു.
മനുഷ്യജീവിതാരോഗ്യ സംരക്ഷണത്തിന് അടുത്തതായി വേണ്ടത് ബന്ധങ്ങള്‍ സംരക്ഷിക്കുക എന്നതാണ്. മനുഷ്യര്‍ക്ക് പരസ്പരമുള്ള ബന്ധങ്ങള്‍ മുറിഞ്ഞുപോകാതെ സംരക്ഷിക്കപ്പെടണം. പരസ്പരം നമുക്ക് വേണ്ടത് സ്നേഹമാണെന്ന് എല്ലാ മതങ്ങളും ഉറപ്പിച്ച് പറയുന്നു. നാം തെറ്റുകുറ്റങ്ങള്‍ ചെയ്യുമ്പോള്‍ അവ മൂലം ബന്ധങ്ങള്‍ മുറിഞ്ഞു പോകാന്‍ ഇട വരരുത്. ചെയ്തത് തെറ്റാണെന്ന് തിരിച്ചറിഞ്ഞാലുടന്‍ ക്ഷമ ചോദിക്കുക, മറ്റുള്ളവര്‍ ചെയ്യുന്ന തെറ്റുകള്‍ അവരോട് ക്ഷമിക്കുക. ക്ഷമിക്കുകയും ക്ഷമ ചോദിക്കുകയും വേണമെങ്കില്‍ തെറ്റുകള്‍ മനുഷ്യസഹജമാണെന്ന് തിരിച്ചറിയണം.
മിക്ക പൌരാണിക സംസ്കൃതികളിലും ദൈവവിശ്വാസം ഉണ്ട്-- ലോകത്തെ മുഴുവന്‍ സൃഷ്ടിച്ച് പരിപാലിക്കുന്ന ഒരാള്‍. ആ ആള്‍ക്ക് എല്ലാറ്റിനെക്കുറിച്ചും എല്ലാം അറിയാം. അതുകൊണ്ട് യാതൊരു തെറ്റും ദൈവം വരുത്തുന്നില്ല. ശരി മാത്രം ചെയ്യുന്നു. നീതി മാത്രം പ്രവര്‍ത്തിക്കുന്നു. മനുഷ്യന് ആരോഗ്യപൂര്‍ണമായ ഒരു ജീവിതം നയിക്കുവാന്‍ ഈ വിശ്വാസം സഹായിക്കുന്നു എന്ന് കണ്ടിട്ട് മതങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നു. ലോകത്തിലെ സര്‍വ്വമനുഷ്യരെയും ദൈവം ഒരു പിതാവ് മക്കളെയെന്നപോലെ വ്യവസ്ഥയില്ലാതെ സ്നേഹിക്കുന്നു എന്ന വിശ്വാസം ദൈവത്തെ മാതൃകയാക്കി എല്ലാവരെയും സഹോദരങ്ങളായി കണ്ട് സ്നേഹിക്കുവാന്‍ നമുക്ക് പ്രചോദനം നല്കുന്നു. ഒരു തെറ്റും കുറ്റവും വരുത്താത്തത് ദൈവം മാത്രം എന്ന തിരിച്ചറിവ് മനുഷ്യരെല്ലാം തെറ്റുകുറ്റങ്ങള്‍ വരുത്തുന്നവരാണെന്നുള്ള നമ്മുടെ ബോധ്യത്തിന് അടിവരയിടുന്നു. നമ്മുടെ അറിവ് പരിമിതമായതിനാല്‍ നാം എന്തിന് ജീവിക്കുന്നു എന്ന് പോലും നമുക്കറിഞ്ഞുകൂടാ. എന്നാല്‍ നമുക്കറിയാത്ത കാര്യങ്ങളും ദൈവത്തിനറിയാം എന്ന അറിവ് നമുക്ക് തരുന്ന ആശ്വാസം ചെറുതല്ല.
ഇത്രയും പറഞ്ഞതില്‍ നിന്ന് ആരോഗ്യപൂര്‍ണമായ മനുഷ്യജീവിതത്തിന് മതത്തിന്റെ സംഭാവന എത്ര വലുതാണ് എന്ന് ആര്‍ക്കും ഊഹിക്കാം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇത്രത്തോളം ഉപകാരിയായ ഈ മാലാഖയെ മനുഷ്യന് ഉപദ്രവം വരുത്തുന്ന പിശാചിന്റെ വേഷത്തിലാണ് പലപ്പോഴും നാം കാണുക. സര്വ്വജാതിക്കും ദൈവാലയമായിരിക്കേണ്ട മതം പലപ്പോഴും കള്ളന്മാരുടെ ഗുഹയായി പരിണമിക്കാറുണ്ട് എന്നത് നമ്മുടെ അനുഭവമാണ്. എന്താണ് ഈ ദുസ്ഥിതിക്ക് കാരണം? മനുഷ്യന്റെ അജ്ഞതയും സ്വാര്‍ത്ഥതയും തന്നെ കാരണങ്ങള്‍!
ഒരു ആട്ടിന്പറ്റത്തില് നിന്ന് ഒരാടിനെ പിടിച്ച് ആഹരിക്കാന്‍ കൊതിക്കുന്ന ഒരു ചെന്നായെ സങ്കല്പ്പിക്കാം. ആദ്യം അത് ശ്രമിക്കുന്നത് നേരിട്ട് ചെന്ന് ഒന്നിനെ പിടിക്കാന്‍ തന്നെയാവും. ആദ്യം അതിന് ഒരാടിനെ കിട്ടിയെന്ന് വരും. എന്നാല്‍ അടുത്ത ദിവസം വീണ്ടും ഒന്നിനെ പിടിക്കാന്‍ ചെല്ലുമ്പോള്‍ ആടുകളും അവയുടെ ഇടയനും ജാഗരൂകരായിരിക്കും. തല്ല് കിട്ടാതെ ജീവനുമായി കടക്കാന്‍ കഴിഞ്ഞാല്‍ ഭാഗ്യം. ചിന്തിക്കാന്‍ കഴിവുള്ള ഒരു ചെന്നായാണ് അതെന്ന് സങ്കല്പ്പിക്കാം.അത് കൊന്ന് തിന്ന ആടിന്റെ തോല് പുറത്തിട്ട് ഒരു ആടിന്റെ വേഷത്തില്‍ ആട്ടിന്‍ പറ്റത്തിന്റെ അടുക്കല്‍ എത്താനാവും അത് ശ്രമിക്കുന്നത്. അത് ഒരാട് തന്നെ എന്ന് ധരിച്ച് ആടുകള്‍ ശബ്ദമുണ്ടാക്കുകയില്ല, ഇടയന് അറിയുകയുമില്ല. ചെന്നായ്ക്ക് സൗകര്യം പോലെ ഒരാടുമായി കടക്കാം. ഈ വിദ്യ കുറേ നാളത്തേക്ക് ഫലിക്കും. ചെന്നായുടെ ഈ വിദ്യ ഇടയന് അറിഞ്ഞു കഴിയുമ്പോള്‍ ചെന്നായ്ക്ക് അത്ര എളുപ്പത്തില്‍ ആടിനെ കിട്ടുകയില്ല. ചെന്നായ് അടുത്ത ഒരു വിദ്യ പരീക്ഷിക്കുന്നു! ഇടയന് വിശ്രമിക്കുന്ന നേരം നോക്കി ചെന്നായ് ഇടയന്റെ വേഷത്തില്‍ തന്നെ എത്തുന്നു. അത് ഇടയനാണെന്ന് ധരിക്കുന്ന ആടുകള്‍ കൂട്ടത്തോടെ ചെന്നായുടെ പിറകേ പോകുന്നു. ചെന്നായ് അവയെ തന്റെ ഗുഹയ്ക്കുള്ളിലേയ്ക്ക് നയിക്കുന്നു. അടുത്ത പടിയായി യഥാര്‍ത്ഥ ഇടയനെ തല്ലി ഓടിക്കുകയും ചെന്നായ് അവിടെത്തന്നെ ഇടയനായി വാഴുകയും ചെയ്യുന്നു.
ആടുകളുടെ അജ്ഞത, ചെന്നായുടെ സ്വാര്‍ഥത – ഇവയുടെ സങ്കലനം ആണ് ഇവിടെ പ്രശ്നം വഷളാക്കുന്നത്. മനുഷ്യര്‍ക്ക് ഒരു നല്ല ജീവിതം നല്കുന്ന ഇടയനാണ് മതം. എന്നാല്‍ മതത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് ജനത്തെ നയിക്കുന്നവര്‍ മിക്കപ്പോഴും നല്ല ഇടയന്മാരാവില്ല. അവര്‍ മിക്കപ്പോഴും ഇടയവേഷം ധരിച്ച ചെന്നായ്ക്കളായിരിക്കും. ലോകമെമ്പാടും എല്ലാക്കാലത്തും മതങ്ങളുടെ നേതൃസ്ഥാനത്ത് വരുന്നവര്‍ മിക്കപ്പോഴും അധികാരമോഹികളും ധനമോഹികളും സുഖമോഹികളുമായ ചെന്നായ്ക്കളായിരിക്കും. ആടുകളെപ്പോലെ അജ്ഞരായ സാധാരണ മനുഷ്യര്‍ അവരുടെ വേഷം കണ്ട് വഞ്ചിതരാകുന്നു. ഇത്തരം ആളുകള്‍ നേതൃസ്ഥാനത്ത് വരുമ്പോള്‍ മതം അനുഗ്രഹത്തിന് പകരം ശാപത്തിന് കാരണമാകുന്നു. മനുഷ്യന് സന്തോഷവും സമാധാനവും സുഖവും കൊടുക്കുന്നതിന് പകരം മതം ദു:ഖവും ദുരിതവും ആകുലതയും നല്കുന്നു. ഇടയവേഷത്തില്‍ വരുന്ന ചെന്നായ്ക്കളെ തിരിച്ചറിയാത്ത അജ്ഞരായ ജനം അവരെ അനുഗമിക്കുകയും അവരുടെ ഗുഹകള്‍ക്കുള്ളില്‍ എത്തുകയും ചെയ്യുന്നു. മിക്കപ്പോഴും ആ ചെന്നായ്ക്കള്‍ മതത്തെ തന്നെ അവരുടെ ഗുഹയായി രൂപാന്തരപ്പെടുത്തുന്നു.
അജ്ഞതയും സ്വാര്‍ഥതയും സ്വയന്യായീകരണവും മതങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കുന്നു. ഇക്കാര്യം വിശദമാക്കുവാന്‍ ഒരു കഥ സഹായിക്കും.
ഒരു ഗ്രാമം സങ്കല്പ്പിക്കാം. അവിടെ ഒരു ആയുര്‍വേദ വൈദ്യന്. കുറേക്കഴിഞ്ഞ് ഒരു അലോപ്പതി വൈദ്യനും അവിടെ എത്തുന്നു. കുറേ ആളുകള്‍ അലോപ്പതി വൈദ്യനെ തേടി ചെല്ലുന്നതോടെ ആയുര്‍വേദ വൈദ്യന്റെ അടുക്കല്‍ എത്തുന്ന ആളുകളുടെ എണ്ണം കുറയുന്നു. അയാളുടെ വരുമാനവും കുറയുന്നു. തന്റെ അടുക്കലേയ്ക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുവാന്‍ ഇരുവരും ശ്രമിക്കുന്നു. ആയുര്‍വേദമാണ് സുരക്ഷിതമായ ചികിത്സാരീതി, അതിന് പാര്‍ശ്വഫലങ്ങളില്ല. എന്നാല്‍ അലോപ്പതി ഒട്ടും സുരക്ഷിതമല്ല എന്നെല്ലാം പറഞ്ഞ് ആയുര്‍വേദ വൈദ്യന് ആളുകളെ തന്റെ പക്ഷത്താക്കാന്‍ ശ്രമിക്കുന്നു. അലോപ്പതി ശാസ്ത്രീയ ചികിത്സാരീതിയാണ്. ആയുര്‍വേദം ഫലമില്ലാത്ത പഴഞ്ചന്‍ രീതിയാണ് എന്നൊക്കെ പറഞ്ഞ് ആളുകളെ തന്റെ പക്ഷത്താക്കാന്‍ അലോപ്പതി വൈദ്യന് ശ്രമിക്കുന്നു. ക്രമേണ ആ ഗ്രാമത്തിലെ ആളുകള്‍ ഏതെങ്കിലും ഒരു വൈദ്യന്റെ പക്ഷം ചേരുന്നു. എവിടെ രണ്ടാളുകള്‍ കൂടിയാലും ശരിയായ ചികിത്സാ രീതി ഏതെന്നായി സംഭാഷണ വിഷയം. പലപ്പോഴും സംഭാഷണം കയ്യാങ്കളിയിലേയ്ക്ക് നയിക്കുന്നു. ആയിടെ അവരുടെ ഗ്രാമസഭ കൂടിയപ്പോള്‍ ഈ വിഷയം ചര്‍ച്ചയ്ക്കെടുത്തു. അവിടെ ആയുവേദവൈദ്യന് മതിയെന്നും അലോപ്പതി വൈദ്യനെ നാടുകടത്തണമെന്നും ഒരു കൂട്ടര് വാദിച്ചു. അല്ല, അലോപ്പതി വൈദ്യന് മതി എന്ന് മറ്റൊരു കൂട്ടര് വാദിച്ചു. ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ഒരു പറ്റം ചെറുപ്പക്കാര്‍ വാദിച്ചത് ആ നാട്ടില്‍ വൈദ്യന്മാരേ വേണ്ട എന്നാണ്. അവരെക്കൊണ്ട് നമ്മുടെ സമാധാനം നശിക്കുന്നു. നാട്ടില്‍ കലഹം പെരുകുന്നു. അതുകൊണ്ട് വൈദ്യന്മാരെ ഇരുവരെയും നാടുകടത്തണം. പരിഹാരത്തില്‍ എത്താന്‍ ആവാതെ വാദങ്ങള്‍ നീണ്ടപ്പോള്‍ അവരെല്ലാം ആദരിക്കുന്ന രാഘവനാശാന് പറഞ്ഞു. "നമ്മുടെ നാട്ടില്‍ വൈദ്യന്മാര് ഉളളത് നമുക്ക് നല്ലതാണ്. അല്ലെങ്കില്‍ നമുക്ക് അസുഖങ്ങള്‍ വരുമ്പോള്‍ നാം എന്ത് ചെയ്യും? വ്യത്യസ്ത ചികിത്സാരീതികള്‍ പിന്തുടരുന്ന വൈദ്യന്മാരാണിവര്. ഒരു വൈദ്യനെക്കൊണ്ട് ചികിത്സിക്കാന്‍ കഴിയാത്ത രോഗം മറ്റേ ആളെക്കൊണ്ട് ഭേദമാക്കാന്‍ കഴിഞ്ഞെന്നിരിക്കും. അതുകൊണ്ട് നമുക്ക് രണ്ടാളും വേണം. ഇനിയും കൂടുതല്‍ വൈദ്യന്മാര് വന്നാല്‍ അതും നമ്മുടെ നാടിന് നല്ലതാണ്. ഒരു ഹോമിയോപ്പതി വൈദ്യനും അക്യുപംഗ്ചര്‍ വൈദ്യനും കൂടി വരട്ടെ. പ്രശ്നത്തിന് കാരണം വൈദ്യന്മാരുടെ വരുമാനം കുറഞ്ഞതാണ്. അപ്പോള്‍ നമ്മെയൊക്കെ അവരുടെ പക്ഷത്ത് ചേര്‍ക്കാന്‍ ഇരുവരും ശ്രമിച്ചു. നമ്മളെന്തിന് പക്ഷം ചേരുന്നു? നമുക്ക് രണ്ടാളെയും വേണം.” ആശാന് പറഞ്ഞത് എല്ലാവര്ക്കും സ്വീകാര്യമായി. അവര്‍ പക്ഷം ചേരല്‍ അവസാനിപ്പിച്ചു. നാട്ടില്‍ സമാധാനമായി . കൂടുതല്‍ വൈദ്യന്മാര് ആ ഗ്രാമത്തിലെത്തി. വൈദ്യന്മാര്ക്കിടയില് ആരോഗ്യകരമായ ഒരു മത്സരം ഉണ്ടായി. കൂടുതല്‍ ഫലവത്തായ ചികിത്സ നല്കുന്ന വൈദ്യന്റെ അടുക്കല്‍ കൂടുതല്‍ ആളുകളെത്തി. ചികിത്സ ഫലവത്താകാത്ത വൈദ്യന് കടപൂട്ടി ഗ്രാമം വിടേണ്ടി വന്നു.
ഒരു വൈദ്യന് മാത്രമുള്ള ഗ്രാമം ദരിദ്രമാണ്; അതുപോലെ ഒരു മതം മാത്രമുള്ള ലോകവും ദരിദ്രമാണ്. വിവിധ മതങ്ങള്‍ ഉളളതാണ് ലോകത്തിന് നല്ലത്. മനുഷ്യജീവിതത്തെ ആരോഗ്യമുള്ളതാക്കാന്‍ വിവിധ രീതികള്‍ അവര്‍ക്ക് പരീക്ഷിക്കാനും നിര്‍ദ്ദേശിക്കാനും കഴിയും. എന്നാല്‍ മനുഷ്യര്‍ മതങ്ങളുടെ പക്ഷം ചേരുന്നതാണ് പ്രശ്നത്തിന് കാരണം. മതങ്ങളെ നമ്മുടെ പൊതുസ്വത്തായി കാണാം. ലോകത്തിലെ ഒരു മതവും നമുക്ക് അന്യമല്ല.
നാമെല്ലാം ജനിച്ചത് ഏതെങ്കിലും ഒരു മതപാരമ്പര്യത്തിന്റെ ഭാഗമായാണ്. എന്ന് കരുതി മറ്റ് മതപാരമ്പര്യങ്ങള്‍ നമുക്ക് അന്യമല്ല. ഞാന്‍ ചെറുപ്പത്തിലേ മലയാളം പഠിച്ചു വളര്‍ന്നു. എന്ന് കരുതി മറ്റു ഭാഷകള്‍ സംസാരിക്കുന്നവര്‍ എനിക്കന്യരല്ല. ഞാന്‍ ജനിച്ചത് തമിഴ് നാട്ടിലായിരുന്നെങ്കില്‍ ഞാന്‍ തമിഴ് സംസാരിച്ച് വളരുമായിരുന്നു. അതുപോലെ തന്നെയാണ് മതങ്ങളുടെ കാര്യവും. ഞാന്‍ ജനിച്ചത് ക്രിസ്ത്യന്‍ കുടുംബത്തില്‍ ആയതുകൊണ്ട് മാത്രമാണ് ഞാന്‍ ക്രിസ്തുമതത്തിലായത്. ഒരു ഹിന്ദു കുടുംബത്തില്‍ ആയിരുന്നെങ്കില്‍ ഞാനിപ്പോള്‍ ഹിന്ദു ആയിരുന്നേനെ. നാമെല്ലാം മനുഷ്യരാണ്. വിവിധ ഭാഷകള്‍ സംസാരിക്കുന്നതുപോലെ വിവിധ മതപാരമ്പര്യങ്ങളില്‍ വളര്‍ത്തപ്പെട്ടു. ഭാഷവ്യത്യാസത്തിന്റെ പേരില്‍ പരസ്പരം കലഹിക്കുന്നതിലും വിഢിത്തമാണ് മതവ്യത്യാസത്തിന്റെ പേരില്‍ നാം കലഹിക്കുന്നത്. ഭാഷകളെല്ലാം മനുഷ്യവര്‍ഗ്ഗത്തിന്റെ പൊതുസ്വത്താണ്. അതുപോലെ എല്ലാ മതങ്ങളും മതഗ്രന്ഥങ്ങളും മതപാരമ്പര്യങ്ങളും നമ്മുടെ പൊതുസ്വത്താണ്. നമുക്ക് ഒരു മതത്തിന്റെയും പക്ഷം ചേരാതിരിക്കാം. സ്വയം ഹിന്ദുവെന്നോ ക്രിസ്ത്യാനി എന്നോ മുസ്ലീം എന്നോ വിളിക്കുന്നത് നമുക്ക് അവസാനിപ്പിക്കാം. നമുക്ക് സ്വയം മനുഷ്യര്‍ എന്ന് വിളിക്കാം.
Comments
Raji Johnson
വളരെ ഗംഭീരമായ നിരീക്ഷണവും വിശകലനവും. എൻ്റെ ഗ്രാമത്തിലെ ഒരു സർവ്വ മത സമ്മേളനത്തിൽ അഞ്ച് മിനിട്ട് അഭിപ്രായം പറയുവാനുള്ള അവസരം എനിക്ക് കിട്ടി. മുസ്ലീം സഹോദരങ്ങൾ കൂടി ഉൾപ്പെട്ട അമ്പല കമ്മിറ്റി നടത്തുന്ന ക്ഷേത്രോത്സവമാണ് വേദി. അന്ന് ഞാൻ ആ വേദിയിൽ വച്ച് എൻ്റെ ഒരു കുഞ്ഞ് ആഗ്രഹം പങ്കുവച്ചു.സമൂഹവും മത മേലാളന്മാരും അനുവദിച്ചിരുന്നുവെങ്കിൽ രാവിലെ സുബഹ് നമസ്കാരം നടത്തി ചേർന്നുള്ള ക്ഷേത്രത്തിൽ പോയി നിർമ്മാല്യ ദർശനവും നടത്തി, ചാപ്പലിൽ പോയി പ്രാർത്ഥനയും നടത്തി വരുവാനുള്ള എൻ്റെ കുഞ്ഞ് ആഗ്രഹം. ഒന്ന് സങ്കല്പിക്കൂ സർ.അങ്ങനൊരു ലോകം. ഈ പറഞ്ഞ ആട്ടിൻ തോലിട്ട ചെന്നായ്ക്കൾക്ക് പ്രത്യേക റോളില്ലാത്ത ഇല്ലാത്ത ലോകം. എല്ലാ മതവും നമ്മുടേതാണ്. എല്ലാ വിശ്വാസവും നമ്മുടേതാണ് എന്ന ഉത്കൃഷ്ടമായ ചിന്ത. ആരാധാനാലയങ്ങൾ എല്ലാവർക്കും ഒരുപോലെ വന്നു കയറാവുന്നതും അത് അർഹിക്കുന്ന പരിശുദ്ധിയും മഹനീയതയും നൽകി മാനിച്ചുകൊണ്ട് ആത്മശുദ്ധീകരണത്തിനും ഏക ദൈവമെന്ന ആ ദിവ്യ സങ്കേതത്തിലെത്താനുള്ള എല്ലാ മാർഗ്ഗങ്ങളും നമ്മൾ സ്വീകരിക്കുന്നുവെന്ന പൊതുബോധമുണ്ടാക്കി എടുക്കാനും കഴിയുന്ന തരത്തിലുള്ള പൊതു ഇടങ്ങളായി മാറുകയും ചെയ്യുകയാണെങ്കിൽ ......... ഒന്നു സങ്കല്പിക്കൂ........ എത്ര സുന്ദരമായ സങ്കല്പം. ഒരു സ്ഥലത്ത് എത്തിച്ചേരാൻ പല വഴികളുണ്ട്.പല മാർഗ്ഗങ്ങളുണ്ട്. എത്തേണ്ട സ്ഥലം ഒന്ന്. അവിടെ എത്തുവാൻ പല തരത്തിലുള്ള വാഹന മാർഗ്ഗങ്ങളും പല വഴികളും. ചിലർ നേരായ വഴി തെരഞ്ഞെടുക്കുന്നു. മറ്റ് ചിലർകുറുക്ക് വഴികൾ തെരയുന്നു .അത് അവരുടെ ഇഷ്ടവും സൗകര്യവും. ഒരാൾ പോകുന്ന വഴിയേ അയാളോ അയാൾ ഇഷ്ടപ്പെടുന്നവരോ മാത്രം പോയാൽ മതി എന്ന ശാഠ്യം ....... അവിടെയാണ് പ്രശ്നം. ഏത് വഴിയും മലർക്കെ തുറന്നിടുക ...... കാരണം എല്ലാവർക്കും എത്തേണ്ടത് ഒരിടത്താണ്. അവിടെ എത്താനുള്ള വഴി മുടക്കികൾ ആകുവാൻ ആരും ശ്രമിക്കരുത്........ ഇന്ന് നാം കേൾക്കുന്ന തീവ്ര വാദി എന്ന വാക്ക് നമുക്ക് അപരിചിതമാകുമായിരുന്നു........ വെറും ഭാവനയാണ്....... ഒരിക്കലും നടക്കില്ലെങ്കിലും വെറുതെ ആഗ്രഹിക്കാം ....... അല്ലെ സർ.
നന്ദി സർ ....... ആശയം പങ്കുവക്കുവാൻ അവസരം തന്നതിന് ഏറെ നന്ദി,🙏
ലേഖനം വായിച്ചു. പ്രൗഢമായിരിക്കുന്നു.
മതം സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ വ്യക്തമാക്കാൻ ചെന്നായയുടെയും വൈദ്യൻമാരുടെയും അന്യോപദേശങ്ങൾ സമർത്ഥമായി അവതരിപ്പിച്ചു. മതങ്ങളിൽ നന്മ അന്തർലീനമാണെങ്കിലും അവയുടെ ദോഷവശങ്ങൾ ചിത്രീകരിക്കുന്നതാണ് രണ്ടു കഥകളും.
മതങ്ങൾക്ക് രണ്ടു തലങ്ങൾ ഉണ്ടല്ലോ.
ഒന്ന് ദൈവത്തിന്റെ അരൂപതയും സർവ്വവ്യാപിത്വവും സർവ്വാധിപത്യവും സർവജ്ഞതയും അറിഞ്ഞു കൊണ്ടുള്ളതായ മതബോധമാണ്.
ഈ ദൈവം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ദൈവമല്ല. സർവ്വ ചരാചരങ്ങളുടെയും ദൈവമാണ്. നിർഗുണ പരബ്രഹ്മം , അദ്ധ്യാത്മൻ
എന്നൊക്കെ വിവക്ഷിക്കുന്ന ഹൈന്ദവ ആദ്ധ്യാത്മീയത ദൈവത്തിന്റെ ഈ തലമാണ് പറയുന്നത്.
ഈ ദൈവം മനുഷ്യരുടെ
ആരാധനയും നേർച്ച കാഴ്ചകളും ആവശ്യപ്പെടുകയില്ല.
ആരുടെയും പ്രത്യേക ആവശ്യങ്ങൾ സാധിച്ചു കൊടുക്കുന്നുമില്ല. മനുഷ്യൻ ഈ സർവ്വവ്യാപിയായ ദൈവത്തിന് ആരാധനാലയങ്ങൾ പണിയുകയോ നേർച്ച കാഴ്ചകളർപ്പിച്ച് ആരാധനയർപ്പിച്ച് സമയം കളയുകയോ ചെയ്യുന്നില്ല.
അവന് വേണ്ടെത്
അവന്റെ വേദനകളകറ്റുന്ന, രോഗം മാറ്റുന്ന, പ്രകൃതി കോപങ്ങളിൽ നിന്നും സംരക്ഷിക്കുന്ന, ജോലി ശരിയാക്കിക്കൊടുക്കുന്ന, ട്രാൻസ്ഫർ ശരിയാക്കിക്കൊടുക്കുന്ന
മഴ പെയ്യിക്കുന്ന,
കടബാധ്യതയിൽ നിന്ന് കരകയറ്റുന്ന പക്ഷപാതിയായ ദൈവത്തെയാണ്.
തന്റെ സ്വർത്ഥതയ്ക്കൊപ്പം നിൽക്കുന്ന ദൈവത്തെയാണ് അവന് (ൾക്ക്) വേണ്ടത്.
ഭൗതീക ആവശ്യങ്ങൾക്ക് പിന്നാലെ വിശ്വാസികൾ പരക്കം പായുന്നതു കൊണ്ടും അതിനു വേണ്ടി നേർച്ച കാഴ്ചകളർപ്പിച്ച് മതത്തിന്റെ ഭണ്ഡാരങ്ങൾ
നിറയ്ക്കുന്നതു കൊണ്ടും
വിഭാഗീയ മതങ്ങൾ അത് പ്രോൽസാഹിപ്പിക്കുകയും
അത്ഭുത പ്രവത്തികളുടെ
അതിശയോക്തികൾ
പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഒരു മതത്തിന്റെ നിലനിൽപിന് വെല്ലുവിളിയുയർത്തിക്കൊണ്ട് , അതിലെ അംഗങ്ങൾ മറ്റൊരു മതക്കാരുടെ ആകർഷണത്തിൽ അകപ്പെടുമ്പോൾ നിശ്ചയമായും സംഘർഷമുണ്ടാകും.
ലൗ ജിഹാദ് വിവാദമെല്ലാം
അങ്ങനെയുണ്ടാകുന്നതാണല്ലോ. സാർ ഈ ലേഖനങ്ങളെല്ലാം പുസ്തകമാക്കുമെന്നു കരുതുന്നു. നിശ്ചയമായും
വിലമതിക്കപ്പെടും. പ്രചാരം നേടും.
സത്യത്തിൽ മനുഷ്യൻ സൃഷ്ടിച്ചതിലാണ്... ശരി തെറ്റുകൾ കൂടിക്കുഴഞ്ഞത്. പിതാവായ യഹോവ...പ്രപഞ്ച നാഥൻ.. അല്ലാഹ്, സത്യം,ശിവം,പര:ബ്രഹ്മം ഒന്നേ ഉള്ളൂ.മതങ്ങളുടെ ഉദ്ദേശ്യം മനുഷ്യ നന്മയാണ്... അത് ഉണ്ടാക്കിയവർ ആ ഉദ്ദേശ്യത്തോടെയാണ്അത് ഉ ണ്ടാക്കിയത്. ആ തിരിച്ചറിവാണ് നാം നേടേണ്ടത്. "ഏകം സത് വിപ്രാ ബഹുധ വതംതി'. സാർ, ലേഖനത്തിൽ എല്ലാം നന്നായി പരാമർശിച്ചിട്ടുണ്ട്. മഹത്തരമായ രചന.
കൂടിയതുമാണ്.
ശാസ്ത്രം തിരുത്തലുകൾക്ക് വിധേയമാണ്, വസ്തു നിഷ്ടം ആയതിനാൽ. എന്നാൽ മതം പ്രത്യക്ഷമായ, ഇന്ദ്രീയ ഗോചരമായ വിശ്വാസത്തിൽ അധിഷ്ഠിതമല്ലാത്തതിനാൽ, മാറ്റങ്ങൾക്കു സന്നദ്ധമാകുന്നില്ല. ശാസ്ത്രം നൽകുന്ന ബൗദ്ധീകമായ അറിവുകൾ
ദൈവദൂഷണം എന്ന് പറഞ്ഞുകൊണ്ട്, മതങ്ങൾ തിരസ്കരിക്കും. എന്നാൽ കാലക്രമത്തിൽ പല അനുഷ്ടാനങ്ങളും ആരും ശ്രദ്ധി ക്കപ്പെടാതെ അല്പാല്പമായി അപ്രത്യക്ഷം ആവാറുമുണ്ട്.
ലേഖന കർത്താവു ചൂണ്ടികാണിക്കും പോലെ, ആരോഗ്യകരമായ ജീവിതത്തിനു ഉതകുന്ന, കച്ചവടവത്കരിക്കാത്ത, സദ് ഉപദേശങ്ങൾ ,
മതങ്ങൾ നൽകേണ്ടതാണ്. മതത്തിന്റെ പേരിൽ മനുക്ഷ്യ ബന്ധങ്ങളെ ഉലയ്ക്കുകയോ, പാർശ്വവത്കരണം നടത്തുകയോ പാടില്ലാ.
ആടുകളുടെ അജ്ഞതയെ മുതലെടുക്കാൻ ചെന്നായ്ക്കളുടെ സ്വാര്‍ഥതയെ അനുവദിക്കരുത്. അതിനായി, ഭയം വെടിഞ്ഞു.....
മനുക്ഷ്യൻ അവന്റെ, സുഖം തരുന്ന..മടി അഥവാ അലസത യിൽ നിന്ന് ഇറങ്ങി പുറത്തുവരണം. അപ്പോൾ ചെന്നായി , സ്വമേധയാ ആട്ടിൻകുട്ടി ആയി മാറും .
നല്ല ലേഖനം. അഭിനന്ദനങൾ...നന്ദി....നമസ്കാരം
ഇത് ഒരു ബലഹീനനും weak minded ഉം ആയസ്നേഹമല്ല, ചാട്ടവാറെടുത്ത ക്രിസ്തുവിന്റേയും ദയാബായിയുടെയും സ്നേഹം ആണ്. അത് എല്ലാ മതങ്ങളും പല തരത്തിൽ പഠിപ്പിക്കുന്നു.
ഇത് എന്റെ വിശ്വാസം.