ബോധവികാസവും ധ്യാനവും

ബുദ്ധിവികാസമോ, അതോ ബോധവികാസമോ -- ഏതാണ് പ്രധാനം

നമുക്ക് ആത്യന്തികമായി വേണ്ടത് അര്‍ത്ഥവത്തായ ഒരു ജീവിതമാണ്. സന്തോഷവും സമാധാനവും ഉള്ള ഒരു ജീവിതം. മാത്രവുമല്ല നമ്മുടെ നാട് നന്നാകണം എന്നും നാം ആഗ്രഹിക്കുന്നു. ഇതിന് നമുക്ക് സഹായകമാകുന്നത് ബുദ്ധിവികാസമാണോ ബോധവികാസമാണോ? നമുക്ക് ഇത് രണ്ടും വേണം എന്ന് എല്ലാവരും സമ്മതിക്കും. എന്നാല്‍ ഏതാണ് കൂടുതല്‍ പ്രധാനം? കൂടുതല്‍ അടിസ്ഥാനപരം?

ഇക്കഴിഞ്ഞ നാല് നൂറ്റാണ്ടുകളായി മനുഷ്യവംശത്തിന്‍റെ പ്രധാന ചാലകശക്തി യൂറോപ്പില്‍ ജന്മമെടുത്ത ജീവിതദര്‍ശനവും സംസ്കൃതിയുമാണ്. പാശ്ചാത്യസംസ്കാരം എന്നാണ് അത് അറിയപ്പെടുന്നത്. അതിന്‍റെ കാഴ്ചപ്പാടില്‍ ബുധിവികാസമാണ് സര്‍വ്വപ്രധാനം. I think therefore I am എന്ന റെനെ ദെക്കാര്‍ത്തിന്‍റെ പ്രശസ്തമായ പ്രസ്താവന അതാണ്‌ വെളിവാക്കുന്നത്. ചിന്താശക്തിയാണ് മനുഷ്യനെ മൃഗത്തില്‍ നിന്ന് വേര്‍തിരിക്കുന്നത് എന്ന് പൊതുവേ കരുതപ്പെടുന്നു. മനുഷ്യന്‍ എന്നാല്‍ മനനം ചെയ്യുന്നവന്‍. മനുഷ്യന്‍ നന്നാകണമെങ്കില്‍, നമ്മുടെ ലോകം നന്നാകണമെങ്കില്‍ മനുഷ്യന്‍റെ ചിന്താശക്തി കൂടുതല്‍ വികസിക്കണം. എന്നാല്‍ ചിന്താശക്തി വികസിച്ചതുകൊണ്ട് മാത്രം മനുഷ്യന്‍ നന്നാകുകയില്ല, മനുഷ്യന്‍റെ വികാരങ്ങള്‍ നിയന്ത്രിക്കാനും വേണ്ടപോലെ പ്രയോഗിക്കാനും കഴിയണം എന്ന ചിന്ത മനശാസ്ത്രത്തിന്റെ വികാസത്തോടെ പ്രബലമായി. IQമാത്രം പോരാ EQ കൂടി വേണം എന്നായി. ചിന്താശക്തിയും വികാരങ്ങളും കൂടാതെ will power എന്നൊരു ഭാഗം കൂടി മനുഷ്യമനസ്സില്‍ ഉണ്ട് എന്ന് കരുതപ്പെടുന്നു. നമ്മുടെ ആഗ്രഹങ്ങള്‍ തീരുമാനങ്ങള്‍ എന്നിവയൊക്കെ അതില്‍ പെടും. ചിന്തിക്കുവാന്‍ അഭ്യസിപ്പിക്കുകയാണ് നമ്മുടെ വിദ്യാലയങ്ങളില്‍ ചെയ്യുന്നത്. വികാരങ്ങളും ആഗ്രഹങ്ങളും ഇനിയും വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടില്ല. അതൊക്കെ മനുഷ്യന്‍ സ്വയം അഭ്യസിക്കേണ്ട കാര്യങ്ങളായി കരുതപ്പെടുന്നു.


പൌരാണിക സംസ്കൃതികളില്‍, പ്രത്യേകിച്ച് പൌരസ്ത്യ സംസ്കൃതികളില്‍, മനസിനെ സംബന്ധിച്ച് വ്യത്യസ്തമായ ഒരു വീക്ഷണമാണ് നിലവിലുള്ളത്. ചിന്തയും വികാരങ്ങളും ആഗ്രഹങ്ങളും ഒക്കെ മനസിന്റെ ഭാഗമാണെന്ന് അവരും മനസിലാക്കുന്നു. എന്നാല്‍ മനുഷ്യമനസിലെ ഏറ്റവും അടിസ്ഥാനപരമായ ഭാഗം ബോധം ആണെന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമില്ല. ബോധവികാസമാണ് നമ്മില്‍ പരമപ്രധാനമായി സംഭവിക്കേണ്ടത്. അതില്ലാതെ ബുദ്ധിയും മറ്റും വികസിച്ചതുകൊണ്ട് നാം നന്നാകുകയില്ല. അപ്രകാരം ബോധം വളരെയേറെ വികസിച്ചവരാണല്ലോ ബുദ്ധനും ശങ്കരാചാര്യരും നമ്മുടെ ശ്രീനാരായണഗുരുവും രമണമഹര്‍ഷിയും ഒക്കെ.


ബോധത്തെ ബുദ്ധിയില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം. ബോധവികാസം എങ്ങനെ സാധിക്കും എന്നും മനസിലാക്കണം.


ബോധമനസ്, അബോധമനസ് , ഉപബോധ മനസ് എന്നൊക്കെ ഫ്രോയിഡ് പറഞ്ഞിട്ടുണ്ട്. ഉണര്‍ന്നിരിക്കുമ്പോള്‍ നാം ബോധാവസ്ഥയിലാണ്, ഉറങ്ങുമ്പോള്‍ അബോധാവസ്ഥയിലും. ലഹരിപദാര്‍ഥങ്ങള്‍ക്ക് നമ്മുടെ ബോധത്തെ പരിമിതപ്പെടുത്താന്‍ കഴിയും എന്ന് നമുക്കറിയാം. എന്നാല്‍ ബുദ്ധിയെപോലെ നമുക്ക് വികസിപ്പിക്കാന്‍ കഴിയുന്ന ഒന്നായി ബോധത്തെക്കുറിച്ച് ഫ്രോയിഡോ മറ്റേതെങ്കിലും മനശാസ്ത്രജ്ഞന്മാരോ പറഞ്ഞതായി അറിവില്ല.


ഞാന്‍ ആര് എന്ന ചോദ്യത്തിന് നാം നല്‍കുന്ന ഉത്തരങ്ങള്‍ നോക്കിയാല്‍ അറിയാം നമ്മുടെ ബോധം എത്രത്തോളം വികസിച്ചതാണെന്ന്. ഒരു വൃക്ഷത്തിലെ ഇലയോട് നിങ്ങള്‍ ആരാണ് എന്ന് ചോദിച്ചാല്‍ ഞാന്‍ ഒരു ഇല എന്നാവും ഉത്തരം. മറ്റൊരു ഇല വ്യത്യസ്തമായ ഒരു ഉത്തരം നല്‍കുന്നു എന്ന സങ്കല്‍പ്പിക്കുക. അത് പറയുന്നു, ഞാന്‍ വൃക്ഷമാണ്. രണ്ടും ശരിയായ ഉത്തരങ്ങള്‍ തന്നെ. ഞാന്‍ ഇല എന്ന് പറഞ്ഞത് പരിമിതബോധത്തില്‍ നിന്നാണ്. എന്നാല്‍ ഞാന്‍ വൃക്ഷം എന്ന് പറഞ്ഞത് വികസിതബോധത്തില്‍ നിന്നും.


ഒരു കുട്ടിയായിരുന്ന സമയത്ത് നീ ഏതാ എന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്റെ ഉത്തരം "ഞാന്‍ കുന്നത്ത് ദാനിയല്‍ സാറിന്റെ മകന്‍" എന്നായിരുന്നു. കുറേക്കൂടി വളര്‍ന്നു. ഞായറാഴ്ച തോറും പള്ളിയില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു എല്ലാവരും പള്ളിയില്‍ പോകുന്നവരല്ലെന്ന്. ചിലര്‍ ക്ഷേത്രത്തില്‍ പോകുന്നു. മറ്റു ചിലര്‍ മോസ്ഖില്‍ പോകുന്നു. അതേ ചോദ്യത്തിന് എന്റെ ഉത്തരം ഇങ്ങനെ മാറി "ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്.” വളര്‍ന്നിട്ട് കുറേക്കാലം തമിഴ് നാട്ടില്‍ താമസിക്കാനിടയായി. അവിടെ നിങ്ങള്‍ ആരാണ് എന്ന ചോദ്യത്തിന് എന്റെ ഉത്തരം "ഞാന്‍ ഒരു മലയാളി ആണ്" എന്നായി. കുറെക്കഴിഞ്ഞു എത്യോപ്യയിലായപ്പോള്‍ എന്റെ ഉത്തരം "ഞാന്‍ ഒരു ഇന്ത്യക്കാരന്‍" എന്നായി. നമ്മുടെ ഭൂമിക്ക് പുറത്തേയ്ക്ക് പോകാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ "ഞാന്‍ ഒരു ഭൂമിക്കാരന്‍" എന്നും പറഞ്ഞേനെ.


നിങ്ങള്‍ ആരാണ് എന്ന ചോദ്യത്തിന് മിക്കവരും നല്‍കുന്നത് അവരുടെ സ്ഥലമോ ജാതിയോ ഭാഷയോ ജോലിയോ ഒക്കെയായി ബന്ധിച്ചുകൊണ്ടുള്ള ഉത്തരമാണ്. ഞാന്‍ ഒരു നായര്‍, ഞാനൊരു വക്കീല്‍, ഞാനൊരു മലയാളി, ഞാനൊരു കോട്ടയംകാരന്‍ എന്നൊക്കെ. ക്രമേണ നമ്മുടെ ബോധം വികസിക്കുമ്പോള്‍ "ഞാനൊരു മനുഷ്യനാണ് "എന്ന് പറയാന്‍ സാധിക്കും. കുറേക്കൂടി വികസിക്കുമ്പോള്‍ "ഞാനൊരു ജീവിയാണ്" എന്ന് പറയാന്‍ സാധിക്കും. ഭൂമിയിലെ അനേകം ജീവികളില്‍ ഒന്നാണല്ലോ മനുഷ്യന്‍. വീണ്ടും വികസിക്കുമ്പോള്‍ "ഞാന്‍ ഈ ലോകം തന്നെയാണ്" എന്ന് പറയാന്‍ സാധിക്കും. അഹം ബ്രഹ്മാസ്മി എന്നതിനോട് സമാനമാണിത് .


ഇവിടെ പറഞ്ഞതൊക്കെ നമുക്ക് സ്വാഭാവികമായി സംഭവിക്കുന്ന ബോധവികാസത്തിന്റെ ഉദാഹരണങ്ങളാണ് . ബോധം എങ്ങനെ ബുദ്ധിയില്‍ നിന്ന്  വ്യത്യസ്തമായിരിക്കുന്നു എന്നതിന്‍റെ ചില ഉദാഹരണങ്ങള്‍. ഇങ്ങനെയല്ലാതെ നമ്മുടെ ബോധം വികസിപ്പിക്കുന്നതിന് നമുക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ? സാധിക്കും. നമ്മുടെ പൂര്‍വികര്‍ വ്യക്തമായ ഒരു മാര്‍ഗ്ഗം നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. നമ്മുടെ മനസ്സില്‍ എപ്പോഴും ചിന്തകളും വികാരങ്ങളും ആഗ്രഹങ്ങളും തിങ്ങി നിറഞ്ഞിരിക്കുകയാണ്. അങ്ങനെയുള്ള മനസ്സില്‍ ബോധത്തിന് വികസിക്കാന്‍ ഇടമോ അവസരമോ ഇല്ല. ബോധം എന്നൊന്ന് ഉണ്ടെന്ന് പോലും നാം തിരിച്ചറിയുകയില്ല. മനസിന്റെ പ്രവൃത്തികളെ അല്‍പ നേരത്തേയ്ക്ക് അടക്കി വയ്ക്കാന്‍ നമുക്ക് സാധിച്ചാല്‍ ബോധത്തിന് വികസിക്കുവാന്‍ അവസരം ലഭിക്കും- ചിത്തവൃത്തി നിരോധം. ഇപ്രകാരം മനസിനെ ശാന്തമാക്കി ബോധത്തിന് വികസിക്കാന്‍ അവസരം നല്‍കുന്ന പ്രക്രിയയെ ധ്യാനം എന്ന് വിളിക്കുന്നു.


വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ യോഗാഭ്യാസവും ധ്യാനവും ഞാന്‍ പതിവാക്കിയിരുന്നു. ഒരു ദിവസം ഉച്ച കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത് എന്റെ മനസ് ഒരു വികസിത ബോധാവസ്ഥയില്‍ കുറേ നേരത്തേയ്ക്ക് നില്‍ക്കുകയുണ്ടായി. ഞാന്‍ ഇക്കാണുന്ന എല്ലാറ്റിനോടും ഒന്നാണ് എന്ന ശക്തിയായ ബോധ്യം എനിക്കുണ്ടായി. പരമാനന്ദം അനുഭവിക്കുന്ന ഒരവസ്ഥ ആയിരുന്നു അത്. അത് ഞാന്‍ ചിന്തിച്ചുണ്ടാക്കിയതല്ല, സ്വപ്നം കണ്ടതുമല്ല. എനിക്ക് തന്നെ വിശ്വസിക്കാന്‍ പ്രയാസം തോന്നി.


സാധാരണ ഗതിയില്‍ ചിന്തകള്‍ നമ്മുടെ മനസ്സില്‍ കയറിയിറങ്ങുന്നുമനസിനെ സ്വസ്ഥമായി നിര്‍ത്തുവാന്‍ എന്ത് ചെയ്യണം എന്ന് നോക്കാം. ദിവസവും കുറച്ചു നേരത്തേയ്ക്ക് മനസിനെ സ്വസ്ഥമാക്കുകയാണ് ചെയ്യേണ്ടത്. ചിന്തകളില്‍ നിന്ന് മനസിനെ വിമുക്തമാക്കണം. അപ്പോള്‍ വികാരങ്ങളോ ആഗ്രഹങ്ങളോ വരികയില്ല.  നമുക്ക് അവയുടെ മേല്‍ യാതൊരു നിയന്ത്രണവുമില്ല. മനസിനെ ഒരു മുറി പോലെ സങ്കല്‍പ്പിക്കുക. അതില്‍ കയറിവരുന്ന ചിന്തകളെ കാണുക. അങ്ങനെ വരുമ്പോള്‍ നമുക്ക് ചിന്തകളുടെ മേല്‍ നിയന്ത്രണമായി. ക്രമേണ നമുക്ക് വേണ്ട ചിന്തകള്‍ മാത്രം കയറുന്ന ഒരു മുറിയായി മനസിനെ മാറ്റിയെടുക്കാം.


സദാ ചലിച്ചു കൊണ്ടിരിക്കുന്ന ഒരു കുഞ്ഞിനെ ഒന്ന് കുളിപ്പിക്കുവാന്‍ ആദ്യം അതിനെ സ്വസ്ഥമായി ഇരുത്തേണ്ടതുണ്ട്. കുഞ്ഞിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു പാവയോ മറ്റോ അതിന്‍റെ കൈയില്‍ കിട്ടിയാല്‍ സ്വസ്ഥമാകും. കുളിപ്പിക്കല്‍ എളുപ്പമായി. അത്തരം ഒരു കുഞ്ഞിനെപ്പോലെയാണ് നമ്മുടെ മനസ്സ്. എന്തെങ്കിലും ഒന്ന് ശ്രദ്ധിക്കുവാന്‍ മനസിനെ ഏല്‍പ്പിക്കുക. മനോഹരമായ ഒരു പുഷ്പം സങ്കല്‍പ്പിച്ച് അത് നോക്കിയിരിക്കട്ടെ.


നമ്മുടെ പൂര്‍വികര്‍ ഏറ്റവുമധികം പ്രയോഗിച്ച രീതി ശ്വാസോച്ച്വാസത്തില്‍ ശ്രദ്ധിക്കുക എന്നതായിരുന്നു. ശരീരം ഒരു ബലൂണ്‍ ആണെന്ന് സങ്കല്‍പിക്കാം ശ്വാസം അകത്തേയ്ക്ക് വലിക്കുമ്പോള്‍ ബലൂണ്‍ വീര്‍ക്കുന്നു. പുറത്തേയ്ക്ക് വിടുമ്പോള്‍ ചുരുങ്ങുന്നു. ഇപ്രകാരം മനസിനെ സ്വസ്ഥമായി നിര്‍ത്താനുള്ള ഏത് മാര്‍ഗ്ഗവും സ്വീകരിക്കാം.


തുടക്കത്തില്‍ കുറേ സെക്കന്റുകള്‍ ചിന്തിക്കാതെയിരുന്നാല്‍ മതി. ക്രമേണ സമയം വര്‍ദ്ധിപ്പിക്കാം. ഇത് ഒരു വ്യായാമമാണ്. നീന്താന്‍ പഠിക്കുന്ന പോലെ അല്ലെങ്കില്‍ സൈക്കിള്‍ സവാരി പഠിക്കുന്ന പോലെ, സ്ഥിരമായ പരിശീലനം ഇതിനാവശ്യമാണ്.


Comments

Padma Somasekharan said…
ഈ പ്രഭാഷണം കേൾക്കുമ്പോൾ ഒരു കാര്യം മനസ്സിലാരും. ഉന്നത വിദ്യാഭ്യാസം കിട്ടിയതൊക്കെ ബോധപൂർവ്വം നേടിയതായതു കൊണ്ട് അതെല്ലാം ഉപയോഗിക്കാനും ജോൺ സാറിനു കഴിയുന്നു എന്ന്. എത്ര ലളിതമായി ബോധവും ബുദ്ധിയും വിവേചിച്ചിരിക്കുന്നു. ആലിലയുടെ ഉദാഹരണത്തിലൂടെ വളരെ വിദഗ്ധമായി നമ്മളെ അത് മനസ്സിലാക്കിക്കുന്നു. ചിന്തിക്കാനുള്ള ശക്തിയായ (Western thought) ബുദ്ധി മാത്രമല്ല മറിച്ച് . awareness അല്ലെങ്കിൽ ബോധവും (പൗരാണികം ) വികസിയ്ക്കേണ്ടിയിരിക്കുന്നു. എന്നാണദ്ദേഹം പറഞ്ഞത്. ബോധപൂർവ്വമുള്ള ബുദ്ധിവികാസം ആണുത്തമം. ഞാൻ ആരാണെന്ന ചോദ്യം ചോദിച്ചാണ് ക്രമമായി വി കമ്പിച്ചെടുക്കുന്ന ബോധത്തെ മനസ്സിലാക്കിക്കുന്നത്. അങ്ങനെ ഞാനൊരു ജീവിയാണെന്ന പരമമായ അർത്ഥതലത്തിലെത്തി നില്ക്കുന്നു നമ്മുടെ ചിന്ത. മനമടക്കി ബോധവികാസം പരിശീലിപ്പിക്കുന്നതിലേക്കു് എത്ര ലളിതമായ ഉദാഹരണങ്ങളിലൂടെയാണദ്ദേഹം നമ്മെ ക്കൊണ്ടു പോകുന്നത് ? പൂവു നല്കി കുഞ്ഞാകുന്ന മനസ്സിനെ അടക്കിയിരുത്തും പോലെയെന്ന ഉപമ Studio യിൽ Photo എടുക്കുമ്പോൾ കിലുക്കിയുടെ ശബ്ദം കേൾപ്പിച്ച് കുഞ്ഞിനെ അടക്കി , ശ്രദ്ധപിടിച്ചു പറ്റുന്ന Photographer നെ ഓർമ വന്നു
മനസ്സെന്ന കുരങ്ങിനെ സ്വസ്ഥമാക്കി വച്ചിട്ട് ബോധത്തെ വികസിക്കാനുതകുന്ന പ്രക്രിയയാണ് മെഡിറ്റേഷൻ എന്ന് വളരെ വ്യക്തമായി മനസ്സിലാക്കി ച്ചു തന്നു , അദ്ദേഹം.
വളരെ കഠിനമായ വിഷയത്തെ വളരെ ലളിതമായി ജോൺ സാർ ഇവിടെ മനസ്സിലാക്കിച്ചു തന്നിരിക്കുന്നു.
Mariamma Philip said…
എത്ര ലളിതമായി ഗഹനമായ ഒരു വിഷയം അവതരിപ്പിച്ചു. ഇലയിൽ നിന്നും ആൽ എന്ന തിരിച്ചറിവ് തന്നെയാണ് പ്രധാനം. ബുദ്ധിയും ബോധവും ഒരു പോലെ വികസിക്കുമ്പോഴാണ് പൂർണ്ണതയിലെത്തുക. മനസ്സിനെ ഏകാഗ്രമാക്കി ബോധവികാസത്തിലെത്തുവാനുള്ള വഴി ലളിതമായി പറഞ്ഞുതന്ന ജോൺ സാറിനു നന്ദിയും അഭിനന്ദനങ്ങളും .
Betty Joseph said…
ചെറിയ കുട്ടിയായിരുന്നപ്പോൾ മുതിർന്നവരുടെ സംസാരത്തിനിടെ കേട്ടിട്ടുണ്ട് "മനുഷ്യനായാൽ കുറച്ചെങ്കിലും ബുദ്ധിയും ബോധവും വേണം."അത് രണ്ടും മനുഷ്യർക്ക് വേണ്ട രണ്ടു കാര്യങ്ങൾ ആണെന്ന് മാത്രം അന്ന് മനസ്സിലാക്കി. Johnsir പറഞ്ഞതുപോലെ, mature ആകുംതോറും ബുദ്ധിയും ബോധവുമൊക്കെ അതിന്റെ അർത്ഥവ്യാപ്തിയോടെ ഗ്രഹിച്ചു കൊണ്ടിരുന്നു. പക്ഷെ, അന്നും ഇന്നും, ഞാനെന്ന വ്യക്തി ഈ സമൂഹത്തിലെ, പ്രപഞ്ചത്തിലെ ഒരു അംശം എന്നല്ലാതെ, ഞാൻ ഈ പ്രപഞ്ചം തന്നെയാണെന്ന ചിന്ത /ബോധം ഉണ്ടായിട്ടില്ല.അത്രയൊന്നും കടന്നു ചിന്തിച്ചിട്ടില്ല എന്ന് പറയുന്നതാവും ശരി. ഓരോ മനുഷ്യനും ബോധം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത , simple ഉദാഹരണങ്ങളോടെ John sir വിശദമാക്കിയിട്ടുണ്ട്. Thank you sir.
കുറെ നാളുകളായി meditation ചെയ്യുന്ന ശീലം നിന്നുപോയിരുന്നു. ഈയിടെ ഒരു ബോധോദയം ഉണ്ടായപ്പോൾ, വീണ്ടും തുടങ്ങിയിട്ടുണ്ട്. Physical n mental health ന് ഒരുപാട് ഉപകാരപ്പെടുന്നുണ്ട്.
Molly Thomas said…
ജോൺസാറിൻ്റെ ഗഹനമായ ടോക്ക് മൂന്നുതവണ കേട്ട് ഉൾക്കൊള്ളാൻ ശ്രമിച്ചു. പാശ്ചാത്യചിന്തയിൽ ബുദ്ധിവികാസമാണ് പ്രധാനം. ബുദ്ധി വികസിച്ച് പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ കണ്ടെത്തി,ജീവിതം പരമാവധി ആസ്വദിക്കുക- ഇത് പാശ്ചാത്യരുടെ മെറ്റീരിയലിസ്റ്റിക് ആറ്റിറ്റ്യൂഡിൻ്റെ ഭാഗമാകാം. ഓറിയൻ്റൽ ചിന്ത ഇതിൻ്റെ നേരെ എതിരാണ്. അവനവനിലേയ്ക് നോക്കുക, ബോധത്തെ വളർത്തുക,വിശാലപ്രബഞ്ചത്തിൻ്റെ ഭാഗമായി, ബോധോദയമുണ്ടായി പരമമായ ശാന്തി അനുഭവിക്കുക ഇതാണ് പൗരസ്ത്യ കാഴ്ചപ്പാട്. ബോധത്തെ വളർത്തിയെടുക്കാൻ ധ്യാനം ശീലിക്കുക, ചാടിക്കളിക്കുന്ന മനസിനെ നിയന്ത്രിച്ചു നിർത്താനുള്ള മാർഗ്ഗങ്ങൾ സാറ് വിശദമായി പറയുന്നു. അപ്പോൾ ബോധം അതായത് consciousness ഉണരുന്നു,ശക്തി പ്രാപിക്കുന്നു. അതിൻ്റെ ഉദാത്തമായ അനുഭവമാണ് പ്രപഞ്ചവുമായി അനുഭവപ്പെടുന്ന വൺനെസ് ഫീലിംഗ്.
ഒരു സംശയം. ബുദ്ധിയുടേയും ബോധത്തിൻ്റേയും ഇരിപ്പിടം ബ്രെയിനല്ലെ,ആണോ... ഇതെല്ലാം ചേർന്നതല്ലെ, മനസെന്നു പറയുന്നത്.
മെഡിറ്റേഷൻ ചെയ്യാൻ മാർഗ്ഗങ്ങൾ സാറ് വളരെ ലളിതമായി പറഞ്ഞുതന്നു. ഇതുപോലെ അബ്സ്ട്രാക്റ്റ് ആയ വിഷയങ്ങൾ സാദാ മനസുകൾക്ക് മനസിലാവുന്ന വിധത്തിൽ വിശദീകരിച്ച ജോൺസാറിന് വളരെ നന്ദി
Dr. Mathew Thomas said…
ബഹു. ജോൺ സർ ന്റെ ബോധ വികാസം എന്ത്, എങ്ങനെ എന്ന വിഷയത്തെ ആസ്പദമാക്കി വിജ്ഞാന പ്രദമായ പ്രഭാഷണം 3 തവണ കേട്ടു. ഇന്നിന്റെ ആവശ്യം ബുദ്ധിയുടെ വികാസം അല്ല, നമ്മുടെ ബോധത്തിന്റെ ( awareness ) വി കാസമാണെന്നും അതിനുള്ള മാർഗം നമ്മുടെ ചിന്തകളെയും, ആഗ്രഹങ്ങളെയും, feelings നെയും അടക്കുക, മനസിനെ സ്വസ്ഥമാക്കുക തുടങ്ങിയവ ആണെന്ന് സർ സൂചിപ്പിച്ചു.

ബോധ വികാസത്തിനുള്ള മാർഗം Meditation ആണെന്നും, ബോധത്തിന്റെ വികസിത ഭാവം "I am one with everything", അഹം ബ്രാംഹ്മസ്മി എന്ന അവസ്ഥയാണെന്നും, എങ്ങനെ Meditate ചെയ്യണം എന്നും ഉദാഹരണ സഹിതം സർ നന്നായി വിശദീകരിച്ചു. ഒത്തിരി സന്തോഷം തോന്നി.

സർ ന്റെ പ്രഭാഷണത്തിന്റെ വെളിച്ചത്തിൽ മനസ്സിൽ വന്ന ചിന്ത share ചെയ്യട്ടെ. ബോധം വികസിക്കാൻ മേല്പറഞ്ഞ കാര്യങ്ങളോടൊപ്പം, ആരോടും വിദ്വേഷവും പകയും വെക്കാതിരിക്കുക, തെറ്റുകൾക്ക് മാപ്പ് കൊടുക്കുക, കടമകൾ നിർവഹിക്കുക, അനാസ്ക്തിയും കരുണയും ഉള്ളവരാക്കുക, മനുഷ്യ ബന്ധങ്ങൾ മെച്ചപെടുത്തുക എന്നിവയും ഉൾപ്പെടുന്നു എന്നെനിക്കു തോന്നുന്നു . മനുഷ്യ ബന്ധങ്ങളും ബോധവികാസവും തമ്മിൽ അഭേദ്യമായ ബന്ധം ഉണ്ട്. അതുകൊണ്ടാണ് യേശു ക്രിസ്തു പറഞ്ഞത്, നിന്റെ സഹോദരനോട് രമ്യതയിൽ എത്തിയ ശേഷമേ നിന്റെ ദാനവസ്തു ദേവാലയത്തിൽ സമർപ്പികാവൂ എന്ന്. ( cf. St. Matt. 5:24)
Salome Thomas said…
John സാറിന്റെ pep talk രണ്ടു പ്രാവിശ്യം കേട്ടു. കൊച്ചുനാളിൽ parents, സഹോദരങ്ങൾ കൂട്ടുകാരൊക്കെ ചിലപ്പോഴൊക്കെ ചോദിക്കാറുണ്ട് ഇത്ര ബോധം ഇല്ലാത്തതായിപ്പോയോ എന്ന്. അതുപോലെ ഞാനും മറ്റുള്ളവരോട് ചിലപ്പോൾ ചോദിച്ചീട്ടുണ്ട് എന്താ അങ്ങനെ ചെയ്തത്,, ഇത്ര ബോധമില്ലാതായിപോയോ എന്ന്. ബോധം വികസിപ്പിച്ചെടുക്കേണ്ട ഒന്നാണ് എന്നു അറിയില്ലായിരുന്നു. Who are you? എന്ന ചോദ്യത്തിന്റെ ഉത്തരത്തിലുടെ അതു ജോൺ സാർ മനസ്സിലാക്കിത്തന്നു. മെഡിറ്റേഷൻ ഇതു വരെ സ്വന്തമായി ചെയ്തിട്ടില്ല. ചെയ്യാൻ ശ്രമിക്കുന്നതാണ്. Method John sir പറഞ്ഞു തന്നിട്ടുണ്ടല്ലോ. ബുദ്ധിയും ബോധവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിത്തന്ന ജോൺ സാറിന് പ്രത്യേകം നന്ദി.
Lissy John said…
മെഡിറ്റേഷനെ സംബന്ധിക്കുന്ന peptalk കേട്ടു. എന്താണ് മെഡിറ്റേഷൻ, എന്തിനാണ് മെഡിറ്റേഷൻ ചെയ്യുന്നത്, എങ്ങനെയാണു മെഡിറ്റേഷൻ ചെയ്യാൻ തുടങ്ങേണ്ടത് തുടങ്ങിയ കാര്യങ്ങൾ സമഗ്രമായി പറഞ്ഞിരിക്കുന്നു. മനസിന്‌ ബോധവികാസത്തിനുള്ള അവസരം കൊടുക്കുകയാണ് മെഡിറ്റേഷൻ മൂലം സംഭവിക്കുന്നത്. ശ്രീ ബുദ്ധനു ബോധോദയം ഉണ്ടായ ചരിത്രം നമുക്ക് അറിയാമല്ലോ! ബോധവും ബുദ്ധിയും ഇവിടെ ചിന്തവിഷയങ്ങളാണ്. അവ എങ്ങനെ വ്യത്യാസപെട്ടിരിക്കുന്നു എന്ന് മനസിലാക്കാൻ, നല്ല ഒരു നല്ല മനുഷ്യനായി ജീവിക്കാൻ, അർത്ഥപൂർണമായ ഒരു ജീവിതം നയിക്കാൻ ബുദ്ധിക്കാണോ, ബോധത്തിനാണോ പ്രാധാന്യം എന്നു ചിന്തിപ്പിക്കുന്നു. ഇവിടെ Betty യും Salomy യും സൂചിപ്പിച്ചതുപോലെ നമ്മളോ മാറ്റാരെങ്കിലുമൊ എന്തെങ്കിലും തെറ്റ് ചെയ്യുകയോ, അരുതാത്തതു പറയുകയോ ചെയ്യുമ്പോൾ, ഇത്ര ബോധമില്ലാതായോ എന്ന് ചോദിക്കുന്നത് കേൾക്കാം. സുബോധം ഇല്ലാത്ത അവസ്ഥ വളരെ പരിതാപകരമാണ്. ബുദ്ധി ഉണ്ടായതുകൊണ്ടു മാത്രം ഒരാൾക്ക് ബോധം അഥവാ awareness ഉണ്ടാവണം എന്നില്ല. ഉദാഹരണത്തിന് മദ്യപാനം ഒരാളുടെ സുബോധം ഇല്ലാതാക്കുന്നു. പശ്ചാത്യർ ബുദ്ധിയിലൂടെ ജീവിത വിജയം കണ്ടെത്താൻ ശ്രമിച്ചപ്പോൾ പൗരസ്ത്യർ ബോധവികാസത്തിലൂടെ ജീവിതം അർഥപൂർണമാക്കാനും ലോകത്തെ ഒന്നായി കണ്ട് അതിന്റെ ഒരു ഭാഗമായി സ്വന്തം അസ്തിത്വത്തെ കാണാനും ശ്രമിക്കുന്നു. ബോധം വികസിക്കുമ്പോൾ മനുഷ്യൻ നന്നാവുന്നു. മനസിനെ കടിഞ്ഞാണിട്ടു (ചിത്തവൃത്തിനിരോധത്തിലൂടെ ) ബോധവികാസത്തിന് അവസരം ഉണ്ടാക്കി കൊടുക്കുന്നതാണ് മെഡിറ്റേഷൻ എന്ന് പറഞ്ഞിരിക്കുന്നത് വളരെ അർത്ഥവർത്തായി തോന്നി. മെഡിറ്റേഷൻ എങ്ങനെ തുടങ്ങണം എന്നതിനെക്കുറിച്ചും നല്ല ടിപ്പുകൾ തന്നു. കുട്ടിയുടെ ഉദാഹരണം വളരെ നല്ലത്. Thank you!
Ajayan Kappil said…
വളരെ മഹനീയമായ ചിന്തയും പ്രഭാഷണവും. ചിന്തിക്കാത്ത ഒരു തലത്തിലൂടെ ധ്യാനത്തെ അവതരിപ്പിച്ചു. ബോധവികാസമാണ് ധ്യാനത്തിൻ്റെ യഥാർത്ഥ ലക്ഷ്യമെന്ന ഉദാഹരണ സഹിതമുള്ള അങ്ങയുടെ ചിന്തയും പ്രഭാഷണവും വളരെ ഇഷ്ടപ്പെട്ടു.
Really great and wonderful🌹🌹🌹🌹🌹👍🙏

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?