അറിവിന്റെ മഹാരഹസ്യങ്ങൾ

ഒരു കുട്ടി പൂമ്പാറ്റയെ കണ്ട് അതിശയിക്കുന്ന ഒരു ചെറുകഥയിലൂടെ അറിവിന്റെ മഹാരഹസ്യങ്ങള്‍ കുമാരനാശാൻ അനാവരണം ചെയ്യുന്നു. ഒരമ്മയും കുട്ടിയും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തില്‍.


കുട്ടി : ഈ വല്ലിയിൽ നിന്നു ചെമ്മേ

പൂക്കൾ പോവുന്നിതാ പറന്നമ്മേ!


അമ്മ: തെറ്റീ നിനക്കുണ്ണി ചൊല്ലാം

നൽപ്പൂമ്പാറ്റകളല്ലേയിതെല്ലാം.


കുട്ടി: മേൽക്കുമേലിങ്ങിവ പൊങ്ങീ

വിണ്ണിൽ നോക്കമ്മേയെന്തൊരു ഭംഗി!

അയ്യോ പോയ്ക്കൂടിക്കളിപ്പാൻ

അമ്മേ വയ്യേയെനിക്കു പറപ്പാൻ!


അമ്മ: ആകാത്തതിങ്ങനെ എണ്ണീ

ചുമ്മാ മാഴ്കൊല്ലായെന്നോമലുണ്ണീ!

പിച്ചനടന്നു കളിപ്പൂ

നീയിപ്പിച്ചകമുണ്ടോ നടപ്പൂ?


കുട്ടി: അമ്മട്ടിലായതെന്തെന്നാൽ

ഞാനൊരുമ്മതരാമമ്മ ചൊന്നാൽ.


അമ്മ: നാമിങ്ങറിയുവതല്പം

എല്ലാമോമനേ ദേവസങ്കല്പം!


1. കുട്ടിയുടെ കണ്ണിലൂടെ ഒരു പുതിയ അറിവ് മനസ്സിനുള്ളിലേയ്ക്ക് കടക്കുന്നു.  ഇന്ദ്രിയങ്ങൾ എന്ന വാതിലുകളിലൂടെയാണ് അറിവുകൾ മനസിനുള്ളിൽ കടക്കുന്നത്. 

"ഈ വല്ലിയിൽ നിന്നു ചെമ്മേ

പൂക്കൾ പോവുന്നിതാ പറന്നമ്മേ!"


2. പുതിയ അറിവ് പ്രവേശിച്ചാലുടന്‍ നിലവിലുള്ള അറിവുകളുമായി ഒരു ഒത്തു നോക്കല്‍ നടക്കുന്നു.

കുട്ടിക്ക് പൂക്കളെക്കുറിച്ച് അറിവുണ്ട്. എന്നാൽ പൂക്കൾ പറക്കും എന്നത് പുതിയ അറിവാണ്. പൂക്കൾ പറക്കുന്നു എന്നതാണ് കുട്ടിയുടെ ശ്രദ്ധ ആകർഷിച്ചത്. കുട്ടിയില്‍ അത് അതിശയം ഉണ്ടാക്കുന്നു. 


3. പൂക്കളെപ്പോലെ കാണപ്പെടുന്നെങ്കിലും അവ  പൂമ്പാറ്റകളാണ് എന്ന് കുട്ടി അമ്മയിൽ നിന്ന് മനസിലാക്കുന്നു. സ്വന്തമായി നേടുന്ന അറിവ് സമൂഹം അതിനെപ്പറ്റി നേടിയിട്ടുള്ള അറിവുമായി ഒത്തുനോക്കി പല മാറ്റങ്ങളും വരുത്തുന്നു. 

"തെറ്റീ! നിനക്കുണ്ണി ചൊല്ലാം

നൽപ്പൂമ്പാറ്റകളല്ലേയിതെല്ലാം."

തന്റെ അറിവില്‍ തെറ്റുണ്ടെന്ന് സമ്മതിക്കാനും തിരുത്താനും സന്മനസ്സ് വേണം. അതിനുള്ള സന്മനസ്സില്ലാത്തവർ പുതുതായി ഒന്നും പഠിക്കുന്നില്ല. കുട്ടിക്ക് ആ സന്മനസ്സുണ്ട്. പ്രായമാകുന്തോറും ആ സന്മനസ്സ് ഇല്ലാതെ പോകാറുണ്ട്.


4. നാം നേടുന്ന അറിവ് നമ്മുടെ ജീവിതത്തിൽ പ്രയോഗത്തിൽ വരുത്താനുള്ളതാണ്. പ്രയോഗത്തിൽ വരാത്ത അറിവ് നിഷ്പ്രയോജനമാണ്. പറക്കുന്ന പൂമ്പാറ്റകളെക്കുറിച്ച് അറിഞ്ഞപ്പോൾ തനിക്ക് പറക്കാനുള്ള കഴിവില്ല എന്ന് കുട്ടി തിരിച്ചറിയുന്നു. 

"മേൽക്കുമേലിങ്ങിവ പൊങ്ങീ

വിണ്ണിൽ നോക്കമ്മേയെന്തൊരു ഭംഗി!

അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ

അമ്മേ! വയ്യേയെനിക്കു പറപ്പാൻ!"


5. നമ്മുടെ ഇല്ലായ്മകളെക്കുറിച്ചും കഴിവില്ലായ്മകളെക്കുറിച്ചുമുള്ള തിരിച്ചറിവ് നമ്മെ നിരുത്സാപ്പെടുത്തും.

നമ്മുടെ കഴിവില്ലായ്മകൾ കണ്ട് സങ്കടപ്പെടരുത് എന്ന് അമ്മ കുട്ടിയെ ഉപദേശിക്കുന്നു.

"ആകാത്തതിങ്ങനെ എണ്ണീ

ചുമ്മാ മാഴ്കൊല്ലായെന്നോമലുണ്ണീ!"


6. നമ്മുടെ കഴിവുകളെക്കുറിച്ചുള്ള തിരിച്ചറിവാണ് അതിന് മറുമരുന്ന്. നടക്കാൻ പോലും കഴിയാതെ ജീവിതകാലം മുഴുവൻ ഒറ്റ നില്പ് നില്ക്കുന്ന പിച്ചകം എന്ന ചെടിയുമായി സ്വയം താരതമ്യപ്പെടുത്തുവാൻ അമ്മ കുട്ടിയോട് ആവശ്യപ്പെടുന്നു. ആ ചെടിയുമായി താരതമ്യപ്പെടുത്തുമ്പോൾ തനിക്ക് നടക്കാനും ഓടാനും കളിക്കാനും കഴിവുണ്ട് എന്ന് കുട്ടി തിരിച്ചറിയുന്നു.

"പിച്ചനടന്നു കളിപ്പൂ

നീയിപ്പിച്ചകമുണ്ടോ നടപ്പൂ?"


7. അറിവ് തേടുന്നത് മനുഷ്യമനസിന്റെ സ്വഭാവമാണ്. ചോദ്യങ്ങൾ ചോദിക്കുകയും അവയ്ക്ക് ഉത്തരങ്ങൾ കണ്ടെത്തുകയുമാണ് അതിന്റെ രീതി. ആര്, എന്ത്, എവിടെ, എപ്പോൾ, എങ്ങനെ, എന്തിന് -- ഇങ്ങനെ വിവിധ ചോദ്യങ്ങൾ. ഒരു ചോദ്യത്തിന്റെ ഉത്തരം കിട്ടിയാൽ അടുത്ത ചോദ്യത്തിലേക്ക് നീങ്ങുന്നു.

"അമ്മട്ടിലായതെന്തെന്നാൽ?

ഞാനൊരുമ്മതരാമമ്മ ചൊന്നാൽ."

പല ജീവികൾക്കുള്ളത് വ്യത്യസ്തമായ കഴിവുകളാണ് എന്ന തിരിച്ചറിവ് അടുത്ത ചോദ്യത്തിലേക്ക് കുട്ടിയെ നയിക്കുന്നു. എന്തുകൊണ്ടാണ് അങ്ങനെയൊരു വ്യത്യാസം? ചില ജീവികൾക്ക് പറക്കാൻ കഴിയുന്നു. മറ്റ് പല ജീവികൾക്ക് നടക്കാനേ കഴിയുന്നുള്ളു. വേറെ പല ജീവികൾക്ക് ഇതൊന്നും കഴിയുന്നില്ല. ജീവിതകാലം മുഴുവൻ ഒരേ സ്ഥലത്ത് ഒറ്റ നിൽപ്പ് നിൽക്കുന്നു.

നമ്മുടെ അറിവിനായുള്ള അന്വേഷണം പല ശാഖകളായി പുരോഗമിക്കുന്നു. അത്തരത്തിൽ നിയതമായ രൂപവും വ്യവസ്ഥകളുമുള്ള ഒരു അന്വേഷണരീതിയെ നാം ശാസ്ത്രം എന്ന് വിളിക്കുന്നു. നമ്മുടെ ഈ അന്വേഷണത്തെക്കുറിച്ച് തന്നെയുള്ള അന്വേഷണമാണ് ഫിലോസഫി എന്ന് പറയാം. 


8. നമ്മുടെ വിജ്ഞാനാന്വേഷണം ഒരു യാത്ര പോലെയാണ്. പോയിക്കഴിഞ്ഞ വഴി, ഇനിയും പോകാനുള്ള വഴി എന്ന് നമ്മുടെ വഴിയെ രണ്ടായി തിരിക്കുന്നത് പോലെ, അറിഞ്ഞ കാര്യങ്ങൾ, ഇനിയും അറിയാത്ത കാര്യങ്ങൾ എന്ന് സകലത്തെയും നമുക്ക് തിരിക്കാം. നമ്മുടെ അന്വേഷണം പുരോഗമിക്കുമ്പോൾ അറിയാത്ത കാര്യങ്ങൾ ക്രമേണ അറിഞ്ഞുകൊണ്ടിരിക്കും. ഇവിടെ കുട്ടി ചോദിക്കുന്ന ചോദ്യത്തിന് അമ്മ നൽകുന്ന ഉത്തരം ഇങ്ങനെയാണ് : അത് നമുക്ക് ഇനിയും അറിഞ്ഞുകൂടാ.

"നാമിങ്ങറിയുവതല്പം

എല്ലാമോമനേ, ദേവസങ്കല്പം."

ഇനി അറിയാനുള്ള കാര്യങ്ങളുമായി ഒത്തുനോക്കുമ്പോൾ നാം അറിഞ്ഞു കഴിഞ്ഞത് അല്പം മാത്രം.  നാം അന്വേഷണം ആരംഭിച്ചിട്ടേയുള്ളു.

അറിയുന്ന കാര്യങ്ങളും അറിയാത്ത കാര്യങ്ങളും എന്നിങ്ങനെ സകലത്തെയും രണ്ടായി തിരിക്കുന്നത് പ്രധാനമാണ്. ഈ തിരിച്ചറിവ് നമുക്ക് വളരെ ഉപകാരപ്പെടും. എന്തുകൊണ്ട് പല ജീവികൾക്ക് വ്യത്യസ്തമായ കഴിവുകൾ? നമുക്കറിഞ്ഞുകൂടാ. അറിഞ്ഞുകൂടാ എന്ന് സമ്മതിച്ചു കഴിയുമ്പോൾ അറിയാനുള്ള അന്വേഷണം മനസിന്‌ ആരംഭിക്കാം.

അറിഞ്ഞുകൂടാ എന്ന് സമ്മതിക്കുന്നത് പലർക്കും വളരെ വിഷമകരമാണ്. എല്ലാം അറിയാം എന്ന് ഭാവിക്കുന്നവരാണവർ. അത്തരം കപടതയാണ് നമ്മുടെ അന്വേഷണത്തിനു മുഖ്യതടസം.

അറിവിനെക്കുറിച്ചുള്ള ഈ തിരിച്ചറിവാണ് വിവേകത്തിന്റെ ആദ്യപടി. 


9. മനുഷ്യന്റെ അറിവ് എപ്പോഴും പരിമിതമാണ്. അറിവ് തേടുവാൻ മനസിനെ അനുവദിച്ചാൽ എപ്പോഴും മനസ് പുതിയ അറിവുകൾ നേടിക്കൊണ്ടിരിക്കും. എന്നാൽ നമുക്ക് നേടാവുന്ന മൊത്തം അറിവ് എന്ത് മാത്രമെന്ന് നമുക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല. വിജ്ഞാനമഹാസാഗരതീരത്ത് കക്കയിൽ വെള്ളം കോരി കളിക്കുന്ന കുട്ടിയായി ഐസക് ന്യൂട്ടൺ സ്വയം ഉപമിച്ചു എന്ന് നമുക്കറിയാം. 

മൊത്തം അറിവ് ഒരു സമുദ്രത്തിലെ ജലമാണെങ്കിൽ മനുഷ്യമനസ്സിൽ കൊള്ളിക്കാനാവുന്നത് ഒരു കക്കയിൽ കൊള്ളുന്നത് മാത്രമാണ്. നമുക്ക് അറിഞ്ഞുകൂടാത്ത കാര്യങ്ങൾ നാം ഗ്രഹിക്കുന്നത് അറിയാവുന്ന കാര്യങ്ങളോട് ബന്ധപ്പെടുത്തിയാണ്. അറിഞ്ഞുകൂടാത്ത ഒന്നിനെ അറിയാവുന്ന ഒന്നിനോടുപമിച്ച് മനസിലാക്കാനുള്ള നമ്മുടെ ശ്രമമാണ് സാഹിത്യം എന്ന് പറയാം. 


10. നാം ഈ ലോകത്തിന്റെ ഭാഗമായി അതിനുള്ളിൽ ജീവിക്കുന്നതുകൊണ്ട് ലോകത്തെ വസ്തുനിഷ്ടമായി അറിയാനാവില്ല. അതിനെ ഒന്ന് വേണ്ടപോലെ സങ്കൽപ്പിക്കാൻ പോലും കഴിയുകയില്ല.

ഇവിടെയാണ്‌ ദൈവസങ്കല്പത്തിന്റെ പ്രസക്തി. ലോകത്തെക്കുറിച്ച്  എല്ലാമറിയുന്ന ഒരാളെ നാം സങ്കൽപ്പിക്കുന്നു. വിവിധ ഭാഷകളിൽ വിവിധ പേരുകളിൽ അറിയപ്പെടുന്ന ആ ആൾ എല്ലാം അറിയുന്ന ആളാണെന്നും എല്ലാം കഴിയുന്ന ആളാണെന്നും നാം സങ്കൽപ്പിക്കുന്നു. ലോകം സ്ഥലകാലപരിമിതികൾക്കുള്ളിൽ ആയതുകൊണ്ട് ആ ആൾ ആ പരിമിതികൾക്ക് പുറത്താണെന്നും നാം അനുമാനിക്കുന്നു.

"നാമിങ്ങറിയുവതല്പം

എല്ലാമോമനേ ദേവസങ്കല്പം."

നമ്മെപ്പറ്റിയും നമ്മുടെ ജീവിതത്തെപ്പറ്റിയും ലോകത്തെപ്പറ്റിയും നമ്മുടെ അറിവ് പരിമിതമെങ്കിലും അതെല്ലാം അറിയുന്ന ഒരാൾ ഉണ്ട് എന്ന സങ്കല്പം നമുക്ക് ആശ്വാസം തരുന്നു. നാം ജീവിക്കുന്നതെന്തിന് എന്ന് നമുക്കറിഞ്ഞുകൂടെങ്കിലും അതൊക്കെ അറിയാവുന്ന ഒരാള്‍ ഉണ്ട് എന്ന കാരണത്താല്‍ നമ്മുടെ ജീവിതം അർത്ഥരഹിതമല്ല എന്ന് നാം അനുമാനിക്കുന്നു. ജീവിതം എന്ന സാഹസികയാത്ര വിജയകരമായി തുടരുവാൻ ഈ ദൈവസങ്കല്പം നമുക്ക് ധൈര്യമേകുന്നു. ജീവിതയാത്രയില്‍ നമുക്കൊരു വഴികാട്ടിയാണ് അത്തരം ദൈവസങ്കല്പം. 

എന്നാല്‍ കാലാകാലങ്ങളായി വിവിധ സംസ്കാരങ്ങളില്‍ ദൈവസങ്കല്പവുമായി ബന്ധപ്പെട്ട് രൂപപ്പെട്ടു വന്നിട്ടുള്ള അന്ധവിശ്വാസങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ ധൈര്യപൂര്‍വ്വം ജീവിതയാത്ര ചെയ്യുവാന്‍ നമ്മെ സഹായിക്കുന്നില്ലെന്നു മാത്രമല്ല, അവ നമ്മുടെ ധൈര്യം കെടുത്തിക്കളയുകയും ചെയ്യുന്നു.  യഥാര്‍ത്ഥ ദൈവസങ്കല്പം നല്ലൊരു വഴികാട്ടിയാണെങ്കില്‍ അന്ധവിശ്വാസങ്ങള്‍ വഴികാട്ടിയുടെ വേഷത്തില്‍ വരുന്ന കൊള്ളക്കാരാണെന്ന് നാം തിരിച്ചറിയണം.  

ഉപസംഹാരം 

മഹാകവി കുമാരനാശാന്‍ കുട്ടികള്‍ക്ക് പാടാന്‍ വേണ്ടി എഴുതിയ ഒരു കുട്ടിക്കവിതയാണ് ഇത് എന്ന്  തെറ്റിദ്ധരിച്ചുപോകുമെങ്കിലും മനുഷ്യമനസിനെപ്പറ്റിയും അറിവ് തേടുന്നതിനെപ്പറ്റിയും മനുഷ്യജീവിതത്തെപ്പറ്റിയും  അത്യന്തം സമഗ്രമായും ലളിതമായും അമൂല്യമായ അറിവുകള്‍ ഉള്ളടക്കം ചെയ്തിരിക്കുന്ന മഹത്തായ ഒരു ജീവിതവീക്ഷണമാണിത് എന്ന് നാം തിരിച്ചറിയുന്നു. അദ്ദേഹത്തിന്റെ ഗുരുവായ ശ്രീ നാരായണഗുരുവിന്റെ ദര്‍ശനമാണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന് കാണാം. അമൂല്യമായ ആശയങ്ങള്‍ എത്രയും ലളിതമായി അവതരിപ്പിക്കുന്ന ജഗദ്‌ഗുരുക്കന്മാരുടെ നിരയിലാണ് അദ്ദേഹം. അക്കാര്യം തിരിച്ചറിയാന്‍ ഭാഗ്യമുണ്ടായതില്‍ ഈ എഴുത്തുകാരന്‍ അതിയായി സന്തോഷിക്കുന്നു. ആ മഹാകവിയുടെയും അദ്ദേഹത്തിന്റെ മഹാഗുരുവിന്റെയും സ്മരണയ്ക്ക് മുന്നില്‍ ഈ പഠനം സാദരം സമര്‍പ്പിക്കുന്നു. 

Comments

Joseph Chockamthyil said…
ജോൺ സാർ,
കുട്ടിയായിരുന്നപ്പോൾ ഈ കവിത ചൊല്ലി പഠിച്ചു.
'പുഷ്പവാടി ' എന്ന പേരിൽ ഏതാനും 'കുട്ടി '
ക്കവിതകൾ അടങ്ങിയ കുമാരനാശാന്റെ ഒരു കാവ്യപുസ്തകം കൈവശമുള്ളതിൽ ഈ കവിതയുമുണ്ട്.
അത് ഇടയ്ക്കൊക്കെ എടുത്തു വായിക്കാറുണ്ടെങ്കിലും ഇത്ര ഗഹനമായ അതിന്റെ അർത്ഥ തലങ്ങൾ കണ്ടിരുന്നില്ല. കുട്ടിയുടെ അത്ര വിജ്ഞാന കുതൂഹലം മുതിർന്നവൻ ആയതിനാലോ അറിവുണ്ടെന്നു നടിക്കുന്നവനാകയാലോ ഈയുള്ളവനില്ലാതെ പോയി.തമസ്സിൽ നിന്ന് വെളിച്ചത്തിലേക്ക് , അജ്ഞാനത്തിൽ നിന്ന് ജ്ഞാനത്തിലേക്ക്, അറിഞ്ഞവ എത്രയോ തുച്ഛം എന്ന തിരിച്ചറിവിലേക്ക്, അതിൽ നിന്നുളവാകുന്ന വിനയത്തിലേക്ക് ഈ പദ്യവും പഠനവും നയിക്കുന്നു.
സാറിന്റെ പഠനം അങ്ങേയറ്റം വിലമതിക്കുന്നു. ഇത് സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുന്നതാണ്.
Sasi Saketham said…
Super...
പണ്ട് ചെറിയ ക്ലാസ്സിൽ ആശാന്റെ ഈ കവിത പഠിച്ചിട്ടുണ്ട്. പക്ഷേ അന്ന് അദ്ധ്യാപകൻ ഇത്തരം ഒരു വീക്ഷണത്തിൽ പഠിപ്പിച്ചതായി ഓർമ്മയിൽ ഇല്ല.കാരണം കവിതയും പാട്ടുമായി , കുട്ടിയുടെ സന്തോഷപ്രകടനമായി അന്ന് അത് ചുരുക്കിക്കളഞ്ഞു എന്നു തോന്നുന്നു. അല്ലങ്കിൽ ആ പ്രായത്തിൽ ത്തതു മതി എന്ന് അദ്‌ധ്യാപകൻ ധരിച്ചിട്ടുണ്ടാകും.

എന്തായാലും ജോൺ സാറിന്റെ വീക്ഷണം മനോഹരമായിട്ടുണ്ട്. സമകാലീന സമൂഹത്തിന് ഇത്തരം ഒരു താരതമ്യ പഠനം അനിവാര്യമാണെന്ന് കരുതുന്നു.
Congrats.
Dr. P. K. George said…
John ,
I read your material in Malayalam
by the great poet Kumarn Ashan . This is the first time that I read this . This poem is for all human beings .This will connect us and also identify us with the other living beings and the whole creation . ‘ lost in wonder love and praise ‘ as they use in western church hymns .
I will try to learn
Thanks again
PK
Ajayan Kappil said…
Dear Sir,

Really wonderful.
ഈ ആസ്വാദനവും ആഖ്യാനവും ഒരു ലേഖനത്തിനപ്പുറം ഒരു വലിയ പഠനമാണ്. പുതിയ അറിവാണ്. എത്ര ശ്രേഷ്ഠമായ അപഗ്രഥനം. തേനിൽ പൊതിഞ്ഞ കയ്പൻ മരുന്ന് മിഠായി അതിൻ്റെ മധുരാവസ്ഥയിൽ രുചിച്ച് വിഴുങ്ങാതെ വായിലിട്ട് അലിയിച്ച് മധുരം നുണഞ്ഞതിനു ശേഷം കട്ടിയുള്ളതും കയ്പുനിറഞ്ഞതുമായ ഉൾകാമ്പ് മെല്ലെ മെല്ലെ കടിച്ച് പൊട്ടിച്ച് വായിലിട്ട് തന്നെ അലിയിച്ച് കയ്പിനെ ഏറ്റവും രുചികരവുമാക്കുന്നതു പോലെ ഒരു ലളിത കഥയെന്ന് തോന്നിപ്പിക്കുന്ന കഥയെ അനിർവ്വചനീയമായ ആത്മസംതൃപ്തിയുടെ മറ്റൊരു ആസ്വാദനതലത്തിലേക്ക് എത്തിച്ച സാറിൻ്റെ കഴിവ് അംഗീകരിക്കുന്നു. നമിക്കുന്നു. Really Great🌹🌹🌹🌹🌹🌹👍🙏
Dr. M. C. Joseph said…
This comment has been removed by a blog administrator.
Dr. M. C. Joseph said…
I read the poem and its interpretation by you It is really great to think and interpret the deeper meaning which even the poet may not have thought of.

Man's knowledge about himself or about things around him are quite limited considering the infinite knowledge on universe and it's controller.
Dr. Mathew Thomas said…
അറിവിന്റെ മഹാരഹസ്യങ്ങൾ കുമാരനാശാൻ അനാവരണം ചെയ്തുകൊണ്ടുള്ള കവിതയും അതിന്മേൽ സർ ന്റെ interpretation നും ആത്മാവിനെ സ്പർശിച്ചു. അതിൽ ഏറ്റവും ചിന്തോപ നീയമായ ഭാഗമാണ് 'നാമിങ്ങറിയുവതല്പം എല്ലാമോമാനെ ദേവസങ്കൽപ്പം'

എല്ലാം അറിയുന്ന ഒരാൾ ഉണ്ട് എന്ന സങ്കൽപ്പം നമുക്ക് ആശ്വാസം നൽകുന്നു അതുകൊണ്ട് അർത്ഥരഹിതം അല്ല. ഈ ദൈവസങ്കൽപ്പം ജീവിത യാത്ര വിജയകരമായി മുൻപോട്ടു പോകാൻ courage തരുന്നു.

സർ ഈ ആശയം St. Paul 1 Cori. 13:12 ൽ വിശദീകരിക്കുന്നു. " Now we see but a poor reflection as in a mirror, then we shall see face to face. Now I know in part, then I shall know fully, even as I am fully known"

ഇപ്പോഴത്തെ നമ്മുടെ അനുഭവങ്ങളും, അറിവും കണ്ണാടിയിൽ കാണുന്നത് പോലെ അവ്യക്തവും, അപൂർണവും ആണ്. ഒരു സമയത്തു മുഖാഭിമുഖം കാണും, ദർശിക്കും.
അത് Eternity ൽ ആയിരിക്കും. Chapter 13 ൽ ദൈവം എന്നൊരു വാക്ക് ഇല്ല, പകരം സ്നേഹം ആണ് ഉപയോഗിച്ചിരിക്കുന്നത്. Mean Love leads us to eternity. God is Love. അപൂർണതകളുടെ ലോകം വിട്ട് പൂർണതയുടെ ലോകത്തു എത്തുമ്പോൾ എല്ലാം വെളിപ്പെട്ടു വരും.

യോഗികൾക്കും, sages നും ലഭിച്ചിട്ടുള്ള അനുഭവങ്ങളെ കുറിച്ചു വായിച്ചിട്ടുണ്ട്.
Quantum energy via Transcending (going beyond ) ൽ കൂടെ ദൈവാവസങ്കൽപത്തെ അനുഭവിക്കുവാനും അതിനനുസരണം ജീവിക്കാനും കഴിയും എന്ന് വായിച്ചിട്ടുണ്ട്.
സർ 🙏
Unknown said…
ജോൺസാർ
വളരെ ലളിതമായ ഈ കവിതയ്ക് ഗഹനമായ പല അർത്ഥതലങ്ങൾ ഉണ്ട് എന്ന സാറിൻ്റെ വ്യാഖ്യാനം സന്തോഷിപ്പിച്ചു. ചെറുപ്പം മുതൽ പാടി നടക്കുന്ന ഈ കുഞ്ഞുകവിതയിൽ മുത്തും ചിപ്പിയും ഉണ്ട് എന്ന തിരിച്ചറിവാണ് സന്തോഷിപ്പിച്ചത്.
എല്ലാം അറിയുന്ന ഒരു ശക്തി ഉണ്ടെന്നുള്ള വിശ്വാസം ഒരു വലിയ ആശ്വാസമാണ്. ഈ ലോകത്ത് സംഭവിക്കുന്ന വിശദീകരണം ഇല്ലാത്ത പ്രശ്നങ്ങൾ,സംഭവങ്ങൾ ഒക്കെ അറിയുന്ന ഒരു ശക്തി ദുർഘടവേളകളിൽ ഒരു സമാധാനമാണ്.
ശ്രീനാരായണഗുരുവിൻ്റെ ദർശനങ്ങൾക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല.കുമാരനാശാൻ അദ്ദേഹത്തിൻ്റെ ആദർശങ്ങളിൽ വിശ്വസിക്കയും സാഹിത്യരചനകൾ നടത്തുകയും ചെയ്തു. എന്നാൽ സാർവലൗകിക ദൈവസങ്കൽപ്പത്തിന് പകരം ഗുരുവും ഒരു ദൈവമായി. പിന്തുടരാനും മനസിലാക്കാനും വിഷമമുള്ളതിനെല്ലാം ദൈവികപരിവേഷം കൊടുത്ത് മാറ്റിനിർത്തുക എന്നത് മനുഷ്യൻ ആദികാലം മുതലേ പിൻതുടരുന്ന രീതിയാണ്.
സാറിന് ആശംസകൾ. ഇനിയും ഇങ്ങനെയുള്ള എഴുത്തുകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥന.
M. P.. Sheela said…
കവിതയുടെ അന്തരാർത്ഥങ്ങൾ നെല്ലുംപതിരും പാറ്റുംപോലെ വിശദീകരിച്ച് ആർക്കും മനസ്സിലാക്കുന്ന രീതിയിൽ, ഒരു നല്ല അദ്ധ്യാപകനായി ഇവിടെ അവതരിപ്പിച്ചതിൽ ഏറെ സന്തോഷവും നന്ദിയും അറിയിക്കുന്നു. ഒരു മഞ്ഞുതുള്ളിയിൽ ഒരു സൂര്യനെ കണ്ട അനുഭവമാണ് ആശാൻ്റെ ഈ കവിത ഇവിടെ വായിച്ചപ്പോൾ തോന്നിയത്. കവിതകളുടെ ഇതുപോലുള്ള വ്യാഖ്യാനങ്ങൾ ജോൺസാറിൽ നിന്നും ഞങ്ങൾക്ക് ഉണ്ടാവട്ടെ.
ആശംസകൾ!
എം.പി.ഷീല
Dolly Mathew said…
വളരെ ചെറിയ ക്ലാസ്സിൽ പഠിച്ച ഈയൊരൂ കവിതയിൽ ഇത്രയേറെ ഗഹനമായ അർഥങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് എന്നുള്ളത് എനിക്ക് ഒരു പുതിയ അറിവായിരുന്നു. നമുക്ക് നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അറിവുകൾ തേടിപ്പിടി്ച്ച് കണ്ടെത്തുന്ന ജോൺ സാറിൻ്റെ അന്വേഷണ കുതൂഹലതയെ നമിക്കാതെ വയ്യ. മനുഷ്യൻറെ പരിമിതമായ അറിവ് വെച്ചാണ് നാം ലോകത്തെയും അതിനെ നിയന്ത്രിക്കുന്ന ദൈവത്തെയും സങ്കൽപ്പിക്കുന്നത്. എന്നാൽ നമുക്കറിഞ്ഞുകൂടാത്ത കാര്യങ്ങൾ അറിയുന്ന ഒരാൾ ഉണ്ടെന്നും ആ ആളാണ് ജീവിതയാത്രയിൽ നമ്മുടെ വഴികാട്ടി എന്നും ജോൺസാർ സാർ സമർത്ഥിക്കുന്നു. സാറിൻറെ പഠനങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു .
Varghese Daniel said…
ദാർശനിക ഭാഷയുടെ പുറംമോടി ഇല്ലാതെ വലിയ ദാർശനിക കവിതകൾ എഴുതിയ മഹാകവി ആയിരുന്നു കുമാരനാശാൻ. പ്രപഞ്ചത്തിലും ജീവിതത്തിലും ഒളിഞ്ഞിരിക്കുന്ന മഹാസത്യങ്ങളെ ഉൾക്കണ്ണു കൊണ്ട് കാണാൻ കഴിഞ്ഞ മഹാരഥന്മാർ കേരളത്തിലുണ്ടായിരുന്നു.
സൂക്ഷമദർശനമുള്ളവർക്കുള്ള
മഹാവിരുന്നാണ് ഇത്തരം കവിതകൾ.
K. K. Thulasi said…
ജോൺ സാറെ... കൊള്ളാം.
കവിതയുടെ വ്യാഖ്യാനങ്ങൾ അത്രമേൽ ലളിതമാണ്.
ഓരോ വരിയും സൂക്ഷ്മമായി ഉൾക്കൊണ്ടിരിക്കുന്നു.
ഒപ്പം കവിയെക്കുറിച്ചും ഗുരുവിനെക്കുറിച്ചുമുള്ള
നിരീക്ഷണവും അഭിനന്ദനങ്ങൾ അർഹിക്കുന്നു
👍👍👍👍

ഒരുപാട് ചൊല്ലിയിട്ടുള്ള കവിതയാണ്.
Pushpa teacher said…
'കുട്ടിയും തള്ളയും ' എന്ന കവിതയെഴുതുമ്പോൾ ആശാൻ്റെ മനസ്സ് അറിവിൻ്റെ ഈ മഹാ രഹസ്യങ്ങളിലൂടെയൊക്കെ കടന്നുപോയിട്ടുണ്ടാവുമോ? അറിയില്ല. കവിതയിൽ കവിയുടെ ജീവിതവീക്ഷണത്തെക്കുറിച്ചുള്ള സാറിൻ്റെ വിശദീകരണം ഉഗ്രൻ.
You are a great teacher and a good writer.🙏

Popular posts from this blog

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?