ശ്രീയേശു ജയന്തി

 
ക്രിസ്തുമസ് എന്ന വാക്ക് ലാറ്റിന്‍ ഭാഷയില്‍ നിന്നാണ് വന്നിരിക്കുന്നത്. ക്രിസ്തുവിന്റെ പെരുനാള്‍ അല്ലെങ്കില്‍ ആഘോഷം എന്നേയുള്ളു അതിന്റെ അര്‍ഥം. നമ്മുടെ നാട്ടില്‍ മഹാന്മാരുടെ ജന്മദിനത്തെ കുറിച്ച് പറയുവാന്‍ ജയന്തി എന്ന പദം ഉപയോഗിക്കാറുണ്ട്. ഗാന്ധി ജയന്തി, ശ്രീകൃഷ്ണ ജയന്തി എന്നിങ്ങനെ. ക്രിസ്തുമസ് എന്ന ലാറ്റിന്‍ പദത്തിന് പകരം ശ്രീയേശു ജയന്തി എന്ന് പറയുന്നത് ഇന്നാട്ടില്‍ കൂടുതല്‍ അര്‍ത്ഥവത്താകും എന്നാണ് എന്റെ ചിന്ത.  


 മഹാന്മാരുടെ ജന്മദിനം നാം ആഘോഷിക്കുന്നത് എന്തര്‍ത്ഥത്തിലാണ്? അവരുടെ മഹത്വം എന്താണെന്ന് ഓര്‍ക്കാന്‍, അവര്‍ കാട്ടിയ വെളിച്ചം ഒന്ന് കൂടി കാണാന്‍, നമ്മുടെ കാലത്ത് അവര്‍ കാട്ടിയ വെളിച്ചത്തിന് പ്രസക്തിയുണ്ടോ എന്ന് ചിന്തിക്കുവാന്‍. യേശുവിന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഈ ചോദ്യങ്ങള്‍ നമുക്ക് ചോദിക്കാം. എന്തായിരുന്നു യേശുവിന്റെ മഹത്വം? ഇന്നും അദ്ദേഹം ആദരിക്കപ്പെടുന്നതെന്തുകൊണ്ട്? തന്റെ സമകാലിക ലോകത്തിന് അദ്ദേഹം കാട്ടിയ വെളിച്ചം എന്തായിരുന്നു. അതിന് ഇന്നും പ്രസക്തിയുണ്ടോ? 


അടുത്ത കാലത്ത് ജീവിച്ചിരുന്ന ഗാന്ധി, ശ്രീ നാരായണ ഗുരു തുടങ്ങിയവരെപ്പറ്റി വിശ്വാസങ്ങളെക്കാളധികം വസ്തുതകളാണുള്ളത്. എന്നാല്‍ ഇരുപത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന യേശുവിനെപ്പറ്റി വസ്തുതകളെക്കാളധികം വിശ്വാസങ്ങളാണ് പ്രചാരത്തിലുള്ളത്.  പുരുഷബന്ധം കൂടാതെയാണ് യേശുവിന്റെ അമ്മ അദ്ദേഹത്തിന് ജന്മം നല്‍കിയത്, മരിച്ച് മൂന്നാം നാള്‍ അദ്ദേഹം ജീവനോടെ കല്ലറയ്ക്ക് പുറത്തുവന്നു, അതിന് ശേഷം നാല്പതാം നാള്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നു പോയി, ഇപ്പോള്‍ ദൈവത്തിന്റെ വലഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു-- ഇതെല്ലാം യേശുവിനെക്കുറിച്ച് പ്രചാരത്തിലിരിക്കുന്ന വിശ്വാസങ്ങളാണ്. 


യേശുവിനെക്കുറിച്ചുള്ള വസ്തുതകളാണ് ഇവിടെ നാം അന്വേഷിക്കുന്നത്. വസ്തുതകള്‍ ക്രിസ്തുമതത്തിന് പുറത്തുള്ളവര്‍ക്കും സ്വീകാര്യമാകും. യേശുവിനെക്കുറിച്ചുള്ള വസ്തുതകള്‍ കണ്ടെത്തുവാന്‍ നമുക്ക് യേശുവിന്റെ കാലത്തേയ്ക്ക് പോകണം. സങ്കല്‍പ്പത്തില്‍ നമുക്ക് യേശുവിന്റെ സമകാലികരാകാം. ഒന്നാം നൂറ്റാണ്ടിലെ ഇസ്രായേലിലാണ് നാമിപ്പോള്‍. എന്താണ് നാം അവിടെ കാണുന്നത്? 


അവിടെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. അവര്‍ റോമാസാമ്രാജ്യത്തിന്റെ ആധിപത്യത്തിലാണ്. ഒരു നൂറ്റാണ്ട് മുമ്പ് നാം ബ്രിട്ടീഷുകാരുടെ ആധിപത്യത്തില്‍ ആയിരുന്നതുപോലെ. സ്വന്തം നാട്ടില്‍ അവര്‍ അടിമകളായി. എവിടെയും റോമന്‍ പട്ടാളക്കാര്‍. റോമാഭരണത്തെ ആരെങ്കിലും ധിക്കരിക്കുന്നു എന്ന് സംശയം തോന്നിയാല്‍ മതി അവര്‍ പിടിച്ച് കുരിശില്‍ തറച്ച് കൊല്ലും. വല്ലാതെ ഭയന്നാണ് അവര്‍ കഴിഞ്ഞത്. കൃഷിക്കാരായ ജനങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗം റോമാക്കാര്‍ കരമായി പിടിച്ചു പറിച്ചു. കൂടാതെ അവരുടെ യെരുശലേമിലുള്ള ദേവാലയത്തിലേയ്ക്കും അവര്‍ക്ക് കരം കൊടുക്കേണ്ടി വന്നു. അതിന്റെ ഫലമായി കടുത്ത ദാരിദ്ര്യം നാട്ടിലെങ്ങും ജനം അനുഭവിച്ചു. കഴിക്കാനാഹാരവും ഉടുക്കാന്‍ വസ്ത്രവും കിടക്കാന്‍ ഇടവും ഇല്ലാത്ത അവസ്ഥയില്‍ അവരുടെ ആരോഗ്യസ്ഥിതി വളരെ മോശമായി. പകര്‍ച്ചവ്യാധികള്‍ പെരുകി. നാട്ടിലെങ്ങും കുഷ്ടരോഗികള്‍ അലഞ്ഞു നടന്നു. മനോരോഗികളും പെരുകി. ഭൂതബാധ എന്നാണ് അവര്‍ അതിനെ വിളിച്ചത്. 


എത്ര ദയനീയമായ അവസ്ഥ! എങ്ങനെയാണ് അവര്‍ അതിനെ മനസിലാക്കിയത് എന്ന് നോക്കാം. നല്ലവനും നീതിമാനുമായ സര്‍വേശ്വരന്‍ ലോകത്തെയാകെ വാണരുളുന്നുവെങ്കില്‍ എന്തുകൊണ്ട് ഇത്രയും കഷ്ടപ്പാട് മനുഷ്യര്‍ക്ക് അനുഭവിക്കേണ്ടി വരുന്നു എന്ന് അവര്‍ സ്വയം ചോദിച്ചു. അവര്‍ നന്നായി ജീവിക്കാത്തതുകൊണ്ട് ദൈവം അവരെ ശിക്ഷിക്കുന്നതായിരിക്കും എന്ന് ചിലര്‍ വിശ്വസിച്ചു. എന്നാല്‍ ഏറ്റവും പ്രചാരത്തില്‍ വന്ന വിശ്വാസം ഇങ്ങനെയായിരുന്നു. ലോകത്തെ ഇപ്പോള്‍ ഭരിക്കുന്നത് ദൈവമല്ല, സാത്താനാണ്‌.  അതെങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് അവര്‍ക്ക് ഒരു കഥയുണ്ടായിരുന്നു. ഭൂസ്വര്‍ഗ്ഗങ്ങളുടെ ചക്രവര്‍ത്തിയായ സര്‍വേശ്വരന്‍ ഭൂമിയെ ഭരിക്കുവാന്‍ ഗവര്‍ണറായി ഒരു പ്രധാനമാലാഖയെ നിയമിച്ചു. പില്‍ക്കാലത്ത് ആ മാലാഖ ദൈവത്തോട് മറുതലിച്ചു സാത്താനായി പരിണമിച്ചു. സാത്താന്‍ എന്ന വാക്കിന് മറുതലിച്ചയാള്‍ എന്നര്‍ത്ഥം. ദൈവം ലോകത്തെ ഭരിച്ചിരുന്നുവെങ്കില്‍ ഇവിടെ നീതിയും സമാധാനവും കളിയാടിയേനെ. സാത്താന്‍ ഭരിക്കുന്നതുകൊണ്ടാണ് ഇവിടെ ജീവിതം ഇത്രമേല്‍ ദുഷ്ക്കരമായി മാറിയിരിക്കുന്നത്.   


എന്താണ് ഈ പ്രശ്നത്തിനുള്ള പരിഹാരം?  ദൈവം സാത്താനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി പകരം ദൈവത്തെ അനുസരിക്കുന്ന മറ്റൊരാളെ നിയമിക്കണം. അങ്ങനെ ദൈവത്താല്‍ നിയമിക്കപ്പെടുന്ന ഒരു രാജാവ് വരുമെന്നും ആ രാജാവ് സാത്താനെ നിഷ്ക്കാസനം ചെയ്ത് ലോകത്തെ ഭരിക്കുമെന്നും അപ്പോള്‍ സമാധാനവും ഐശ്വര്യവുമുള്ള ഒരു ലോകം ഉണ്ടാകുമെന്നും അവര്‍ വിശ്വസിച്ചു. 


ഇത് വളരെ നിസ്സഹായമായ ഒരവസ്ഥയായിരുന്നു. ഈ സാത്താനെ സ്ഥാനഭ്രഷ്ടനാക്കാന്‍ ദൈവം വിചാരിച്ചാലേ നടക്കൂ. മനുഷ്യര്‍ക്ക് ആകപ്പാടെ ചെയ്യാന്‍ സാധിക്കുന്നത് അതിനായി ദൈവത്തോട് യാചിക്കുക മാത്രം. അവര്‍ ദിവസവും യാചിച്ചു: ഞങ്ങളുടെ സ്വര്‍ഗ്ഗത്തിലുള്ള ദൈവമേ, അങ്ങയുടെ ഭരണം ഭൂമിയില്‍ വരണമേ, സാത്താന്റെ ഭരണത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. 


ഈ സാഹചര്യത്തിലാണ് യേശു ആ നാട്ടില്‍ ജനിച്ചു വളരുന്നത്. ജനത്തിന്റെ ദുരവസ്ഥ അദ്ദേഹം കണ്ടു. അതിദയനീയമായി ജീവിക്കുന്ന നിസ്സഹായരായ മനുഷ്യര്‍. അവരുടെ നേതാക്കന്മാരോ? ജനത്തിന് വഴി കാട്ടാം എന്നവകാശപ്പെടുന്ന അവരും ജനത്തെപ്പോലെ തന്നെ കുരുടരാണ് എന്ന് യേശു തിരിച്ചറിഞ്ഞു.   


 കാര്യങ്ങളുടെ നിജസ്ഥിതി തിരിച്ചറിഞ്ഞ യേശു വീട് വിട്ട് ജനമധ്യത്തിലേയ്ക്കിറങ്ങി. അദ്ദേഹം നാട് മുഴുവന്‍ സഞ്ചരിച്ചു. ഒരു നല്ല വാര്‍ത്ത‍ അദ്ദേഹം ജനങ്ങളെ അറിയിച്ചു: ദൈവത്തിന്റെ ഭരണം നിങ്ങള്‍ക്കരികിലുണ്ട്. നിങ്ങള്‍ സാത്താന്റെ ഭരണം വിട്ട് ദൈവത്തിന്റെ ഭരണത്തിലേക്ക് വരണം. 


ഇത് അവര്‍ക്ക് ഒരു പുതിയ ആശയമായിരുന്നു. അവര്‍ക്ക് ഇനി ഒന്നും ചെയ്യാനില്ല എന്നായിരുന്നു അവര്‍ ധരിച്ചിരുന്നത്. നിസ്സഹായരായി ദൈവരാജ്യത്തിന് വേണ്ടി പ്രാര്‍ഥിച്ചു കഴിഞ്ഞിരുന്ന അവരോട് യേശു പറഞ്ഞു: നിങ്ങളുടെ മനസ്സില്‍ ഒരു മാറ്റം വരണം. സാത്താന്റെ ഭരണത്തിലാണ് നിങ്ങള്‍ ഇപ്പോള്‍. അതുപേക്ഷിക്കുക. സാത്താന്റെ അടിമത്വത്തില്‍ നിന്ന് സ്വതന്ത്രരാകുക. എന്നിട്ട് ദൈവം എന്ന നിങ്ങളുടെ സ്വന്തം പിതാവിന്റെ ഭവനത്തിലേയ്ക്ക് മടങ്ങുക. അവിടെ നിങ്ങള്‍ സ്വതന്ത്രരാണ്.  


ഈ ആശയം വ്യക്തമാക്കുന്നതിനാണ് യേശു മുടിയനായ പുത്രന്റെ കഥ പറഞ്ഞത്. തന്റെ ഓഹരിയുമായി പോകുന്ന മകന്‍ എല്ലാം നഷ്ടപ്പെടുത്തി ഒരു ജന്മിയുടെ കൂലിക്കാരനാകുന്നു. അവിടെ വിശന്നു പൊരിയുമ്പോള്‍ പന്നിയുടെ ആഹാരം വായിലിടുന്നത് കണ്ടു അവനെ യജമാനന്‍ ആട്ടിയോടിച്ചു. സ്വന്തം പിതാവിന്റെ വീട്ടില്‍ ഒരു കൂലിക്കാരനാകാം എന്ന ആശയോടെ അവന്‍ മടങ്ങി വരുന്നു. പിതാവ് അവനെ മകനായി തന്നെ സ്വീകരിക്കുന്നു. ഇതിലെ ക്രൂരനായ യജമാനന്‍ സാത്താനാണ്‌. അവന്‍ അങ്ങോട്ട്‌ പോയി അയാളുടെ അടിമത്വം സ്വീകരിച്ചതാണ്‌. സാത്താന്‍ ആരെയും പിടിച്ചു അടിമകളാക്കുന്നില്ല. മനുഷ്യന്‍ സ്വമനസ്സാലെ അടിമത്വം സ്വീകരിക്കുന്നു. അത് തിരിച്ചറിഞ്ഞ് അടിമച്ചങ്ങല ഊരിക്കളഞ്ഞു സ്വന്തം ഭവനത്തിലേയ്ക്ക് തിരികെ പോകുവാന്‍  യേശു മനുഷ്യരെ ആഹ്വാനം ചെയ്തു.   


നിലവിലിരുന്ന ലോകവീക്ഷണവും വിശ്വാസങ്ങളും യേശു ഉപയോഗപ്പെടുത്തി. സാത്താന്റെ ഭരണം അടിമത്വത്തിന്റെ പ്രതീകമാണ്. സ്വന്തം വീട് സ്വതന്ത്ര്യത്തിന്റെ പ്രതീകവും.  മനുഷ്യന് വളരാനും വികസിക്കാനും സ്വാതന്ത്ര്യം വേണം. അതില്‍ രാഷ്ട്രീയ സ്വാതന്ത്ര്യവും സാമൂഹ്യസ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും എല്ലാം പെടും. എന്നാല്‍ ഇവയ്ക്കെല്ലാം അടിസ്ഥാനമായുള്ളത് മനസിന്റെ സ്വാതന്ത്ര്യമാണ്. ആ തലത്തില്‍ സ്വതന്ത്രരാകുമ്പോഴാണ് മറ്റു സ്വാതന്ത്ര്യങ്ങളെല്ലാം യാഥാര്‍ത്ഥ്യം ആകുന്നത്.  


ഇഷ്ടമുള്ളതെന്തും ചെയ്യാനുള്ള വ്യക്തിസ്വാതന്ത്ര്യമല്ല യേശുവിന്റെ കാഴ്ചപ്പാടില്‍ സ്വാതന്ത്ര്യം. ശരിയായ മനോഭാവവും തല്‍ഫലമായുണ്ടാകുന്ന ശരിയായ ബന്ധങ്ങളുമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം. തനിയ്ക്കിഷ്ടമുള്ളതെല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യം തേടിയാണ് മുടിയനായ പുത്രന്‍ തന്റെ ഓഹരിയുമായി വീട് വിടുന്നത്. എന്നാല്‍ അത് അവനെ നാശത്തിലേയ്ക്ക് നയിക്കുന്നു. എന്നാല്‍ പൂര്‍ണമായി നശിക്കുന്നതിനു മുമ്പായി അവന് ചില തിരിച്ചറിവുകള്‍ ഉണ്ടാകുന്നു. ആ തിരിച്ചറിവുകള്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേയ്ക്ക് അവനെ നയിക്കുന്നു.  


തന്റെ അറിവുകള്‍ പരിമിതമാണ് എന്നതാണ് ഏറ്റവും പ്രഥമവും സുപ്രധാനവുമായ തിരിച്ചറിവ്. തനിക്ക് എല്ലാം അറിയാം എന്ന് ധരിക്കുന്നവര്‍ നാശത്തിലേയ്ക്കാണ് ചരിക്കുന്നത്. അങ്ങനെ ചിന്തിക്കുന്നവന്‍ താന്‍ ചെയ്യുന്നതെല്ലാം ശരിയാണ് എന്നും ധരിക്കുന്നു. തന്റെ അറിവ് പരിമിതമാണ് എന്ന് ബോധ്യമുള്ളവനാകട്ടെ അയാള്‍ ചെയ്യുന്ന അബദ്ധങ്ങളും തെറ്റുകളും കാണാനും തിരുത്താനും മനസ്സ് കാണിക്കുന്നു. മറ്റുള്ളവരുടെ തെറ്റുകള്‍ അവരോട് ക്ഷമിക്കുവാനും അയാള്‍ സന്മനസ്സ് കാണിക്കുന്നു. 


ഇങ്ങനെ പരസ്പരം ക്ഷമിച്ചും ക്ഷമ ചോദിച്ചും പരസ്പരം സഹായിച്ചും ആശ്രയിച്ചും ഒന്നുചേര്‍ന്ന് രൂപപ്പെടുത്തുന്ന സാമൂഹ്യവ്യവസ്ഥിതിയിലാണ് മനുഷ്യന് യഥാര്‍ത്ഥ സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയുന്നത്. അങ്ങനെയുള്ള സാഹചര്യത്തിലാണ് മനുഷ്യന്റെ മനുഷ്യത്വത്തിന് വളര്‍ച്ചയും വികാസവും സംഭവിക്കുന്നത്.  


ഇന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ യേശു നമ്മുടെ നാട്ടില്‍ ജീവിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. എന്തായിരിക്കും യേശു പറയുക? ചെയ്യുക? ഇക്കാലത്തും മനുഷ്യന്‍ അടിമത്തത്തിലാണ് എന്ന് അവിടുന്ന് തിരിച്ചറിയും. മനുഷ്യന്റെ മനുഷ്യത്വത്തിന്റെ വളര്‍ച്ചയും വികാസവും സംഭവിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ഇവിടെയില്ല. ആരോ നമുക്ക് സ്വാതന്ത്ര്യം കൊണ്ടുവരും എന്ന അബദ്ധ ധാരണ ഉപേക്ഷിച്ച് അതിനായി മുന്‍കൈ എടുക്കുവാന്‍ അവിടുന്ന് നമ്മെ ഉദ്ബോധിപ്പിക്കും. നമ്മുടെയെല്ലാം അറിവ് പരിമിതമാണെന്ന് നാം തിരിച്ചറിയണം. നമ്മുടെ സ്വന്തം തെറ്റുകള്‍ കാണാനും തിരുത്താനും മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കാനും മനസ്സുണ്ടാകണമെന്നും അവിടുന്ന് പഠിപ്പിക്കും. അങ്ങനെ പരസ്പരം ക്ഷമിച്ചും ക്ഷമ ചോദിച്ചും പരസ്പരം ആശ്രയിച്ചും സഹായിച്ചും നമുക്ക് ഒന്നിച്ചു ഒരു സാമൂഹ്യവ്യവസ്ഥിതി രൂപപ്പെടുത്താം എന്ന വലിയ സത്യം അദ്ദേഹം നമ്മെ പഠിപ്പിക്കും. 


യേശുവിന്റെ ചിന്തയിലേയ്ക്കും അതിന് ഇക്കാലത്തുള്ള പ്രസക്തിയിലേയ്ക്കും ഒരു എത്തിനോട്ടമാണ് ഇവിടെ നടത്തിയത്. ഈ വിഷയം കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ സന്മനസായാല്‍  അത് നമ്മുടെ ജീവിതത്തെ കൂടുതല്‍ അര്‍ത്ഥമുള്ളതാക്കും.         

Comments

Sijo George said…
വിശ്വാസങ്ങളുടെയും വസ്തുതകളുടേയും അടിസ്ഥാനത്തിൽ യേശുക്രിസ്തുവിന്റെ യഥാർത്ഥ സുവിശേഷം ഇവിടെ നല്ല രീതിലാണ് ലേഖകൻ അവതരിപ്പിച്ചിരിക്കുന്നത്.
Padmakumari Somasekharan said…
ഇന്നത്തെ അവസ്ഥയിൽ വളരെ പ്രസക്തമായ Good News ആണ് ഇന്നത്തെ John Sirന്റെ peptalk. സാത്താൻ എന്നാൽ എതിരാളിയെന്നാണെന്നും മിശിഹായെന്നാൽ നിയമിക്കപ്പെട്ടവൻ എന്നാണെന്നും പറഞ്ഞു തന്നതു പുതിയ അറിവാണ്. ജോൺ സാറിന്റെ സംസാരത്തിന്റെ ശൈലി തന്നെ വളരെ ആകർഷകമാണ്. കേൾവിക്കാരനു േതാന്നുന്ന ചോദ്യങ്ങൾ അദ്ദേഹം ചോദിക്കുകയും സ്വയം അതു് വിശദീകരിക്കുകയും ചെയ്യുന്നു. നമ്മൾ സാത്താന്റെ ഭരണത്തിൻ കീഴിൽ സ്വയം ഏറ്റെടുത്ത അടിമത്തമാണ്. നമ്മൾ Repent ചെയ്യുകയും മാനസാന്തരപ്പെടുകയും ധൈര്യം ഉള്ളവരാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഇതു പോലെ 2000 വർഷങ്ങൾക്കു മുമ്പ് 30 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ സാമാന്യജനത്തിനു നല്കിയ സ്നേഹ ധൈര്യങ്ങളിൽ നിന്നാണവർക്ക് സ്വതന്ത്ര്യം പ്രാവിച്ച് ദൈവരാജ്യത്തിലെത്താൻ കഴിഞ്ഞതു്. നന്മയുടെ അളക്കാനാവാത്ത ആഴമുള്ള ആ മനുഷ്യ പുത്രനെ കാലം ദൈവപുത്രനാക്കി കൈകൂപ്പുന്നു. മനുഷ്യരെല്ലാം ദൈവ പുത്രന്മാരാണെന്ന തിരിച്ചറിവിനായി 2000 - ആണ്ടുകഴിഞ്ഞപ്പോൾ പുതിയ ഒരു നായകനെ ജനം നോക്കിയിരിയ്ക്കുന്നുണ്ടാവണം. ക്രിസ്തുമസ്സ് സന്ദേശമായി വളരെ യഥാതഥമായി സത്യസന്ധമായി കേട്ട വാക്കുകൾക്ക് ജോൺ സാറിനോടു നന്ദി പറയുന്നു.
Thomas Kurian said…
മുടിയനായ പുത്രന്റെ ഉപമയിൽ എന്നെ ഏറെ ആകർഷിക്കുന്ന ഭാഗം;
തിരികെ വരുന്ന പുത്രനെ അപ്പൻ ദൂരെ നിന്ന് കണ്ടു എന്നതാണ്.
നഷ്ടപ്പെട്ട മകനെ വഴിക്കണ്ണുമായി കാത്തിരിക്കുന്ന ആ അച്ഛന്റെ സ്നേഹം തിരിച്ചറിയുക എന്നതാണ് പ്രധാനം.
അങ്ങ് വിവരിച്ചു പോലെ, സാത്താന്റെ അടിമത്തത്തിൽ നിന്ന് തിരിച്ചു വരുന്ന 'ഞാൻ' എന്ന മുടിയനായ പുത്രനെ ഇമ വെട്ടാതെ കാത്തിരിക്കുന്ന ദൈവത്തിന്റെ സ്നേഹം ഞാൻ എന്ന് മനസ്സിലാക്കുമോ 🙏
Fr. George Sebastian said…
Xmas greetings to you dear John. Thanks for sharing your lovely Christmas message. It is excellent. I enjoyed listening to your very well thought out, relevant and meaningful message. I liked it because it is very much in tune with my own way of looking at Christ, Christmas, the world, religion etc. Thanks for sharing your thoughts and reflections at this juncture of our life and pandemic time. Keep up your good work.
Dr. Mathew Thomas said…
ബഹു ജോൺ സർ ന്റെ Christmas message വളരെ ശ്രദ്ധയോടെ ശ്രവിച്ചു. Christmas ന്റെ സന്ദേശത്തെ വിശ്വാസത്തിന്റെ തലത്തിൽ നിന്ന്‌ മാറി വസ്തുതകളുടെ തലത്തിൽ വ്യാഖ്യാനിചത് നന്നായി. അതിനു basis ആയി യേശുവിന്റെ കാലത്തെ ജീവിതസാഹചര്യങ്ങളും, ചിന്തധാരകളും സർ നന്നായി വിശദീകരിച്ചു. യേശുവിന്റെ കാതലായ സന്ദേശം ദൈവരാജ്യവും പ്രവേശനവും ആണ്. യേശു പഠിപ്പിച്ച മുടിയൻ പുത്രന്റെ കഥ ഉദാഹരിച്ചു കൊണ്ട് attitudinal change വഴി നമുക്ക് ദൈവമക്കൾ ആകാം എന്നും ജോൺ സർ പറഞ്ഞു. നവീനമായ ചിന്ത. മുടിയൻ പുത്രന്റെ കഥയിലൂടെ attitudinal change leads one to kingdom of God. ഒരിക്കലും reject ചെയ്യാത്ത loving father എന്ന ആശയം വളരെ ഹൃദ്യമായി. ഇതാണ് Jesus ന്റെ message നെ നിസ്തുലമാക്കുന്നത്

Christmas ദൈവത്തിന്റെ humanization ആണ്. Jesus മനുഷ്യനായി നമ്മോടൊപ്പം പാർത്തു. നമ്മുടെ സങ്കടങ്ങളിലും, പ്രതീക്ഷയിലും, ദാരിദ്ര്യത്തിലും, വൈഷ്യമത്തിലും, നിരാശയിലും അവൻ നമ്മോടൊപ്പം ഉണ്ട്. എങ്ങനെ ജീവിക്കണം എന്നും യേശു പഠിപ്പിച്ചു. ഇതു ധാരാളം മതി ഒരാൾക്ക് മുൻപോട്ട് പോകുവാൻ.

ചിന്തകളെ ഉണർത്തിയതിനു ജോൺ സാറിന് നന്ദി 🙏
Molly Thomas said…
കേട്ട് പഴകിയ ചിന്തകളിൽ നിന്നും വേറിട്ട ഒരു സന്ദേശമാണ് ജോൺസാറ് നൽകിയത്. ക്രിസ്മസിന് ശ്രീയേശുജയന്തി എന്ന പേരുമാറ്റം നമ്മുടെ സംസ്കാരത്തിന് വളരെ ഉചിതമായി തോന്നി്‌. വിശ്വാസത്തെ മാറ്റിനിർത്തി
യേശുവിൻ്റെ ജീവിതത്തെ വസ്തുതകളുടെ വെളിച്ചത്തിൽ സാർ വ്യാഖ്യാനിക്കുന്നു.
മനുഷ്യൻ്റെ മനസിലാണ് മാറ്റം ഉണ്ടാകേണ്ടത് എന്ന് യേശു പഠിപ്പിച്ചു. മനോഭാവങ്ങളിൽ മാറ്റംവേണം. ശരിയായ കാഴ്ചപ്പാട് ഉണ്ടാവണം. അപ്പോൾ ദൈവമക്കളായി ത്തീരും, സ്വതന്ത്രരാകും. സാത്താൻ്റെ അടിമത്തത്തിൽ ജീവിക്കുന്നത് കൊണ്ടാണ് ദുരിതങ്ങൾ ഉണ്ടാകുന്നത്, ഈദുരിതങ്ങളിൽ നിന്നും കരകയറാൻ മേൽ പ്പറഞ്ഞതുപോലെ സ്വതന്ത്രമനസോടെ ജീവിക്കുമ്പോഴാണെന്ന് യേശു പറിപ്പിച്ചു.
മുടിയനായ പുത്രൻ്റെ ഉപമയിൽക്കൂടി യേശു ഇതാണ് പറഞ്ഞുതരുന്നത്.
ഇങ്ങനെ വ്യത്യസ്ഥമായ ചിന്തകൾക്ക് തിരികൊളുത്തിയ സാറിന് നന്ദി.
Lissy John said…
ഇന്ന് ജാതിമത  ഭേദമെന്യേ ലോകം മുഴുവൻ ആഘോഷിക്കുന്നക്കുന്ന ഒന്നാണ് യേശുവിന്റെ ജനനപെരുന്നാൾ സ്മരിക്കുന്ന ക്രിസ്മസ് ! അതുകോണ്ട്‌ തന്നെ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള ക്രിസ്മസ് സന്ദേശത്തിന്റെ പ്രസക്തിയേറുന്നു  വിശ്വാസം എന്നത് തികച്ചും വ്യക്തിയിലും, പാരമ്പര്യത്തിലും ഒക്കെ അതിഷ്ഠിധമായ ഒന്നാണ്. പൊതുസമൂഹം, ആധുനിക മനുഷ്യൻ തിരയുന്നത് വസ്തുതകളെയാണ്. വസ്തുതകൾ എല്ലാവർക്കും ഒരുപോലെ സ്വീകര്യമാണ് എന്ന് പറഞ്ഞിരിക്കുന്നത് വളരെ ശരിയായി തോന്നി. യേശുവിന്റെ ജനനസമയത്തെ സാമൂഹിക പശ്ചാത്തലം വിവരിച്ചതും തികച്ചും അന്വർത്ഥം. ഭയന്നും കഷ്ടപ്പെട്ടും കഴിഞ്ഞിരുന്ന ജനങ്ങൾ, തങ്ങളുടെ വിടുതലിന്നായി ഒരു വിമോചനകനെ കാത്തിരുന്നു. ദൈവതാൽ നിയമിതനായ ഒരു രാജാവ് വരുമെന്നും അവരെ അവരെ പൈശാചിക ശക്തിയിൽ നിന്നും വീടുവിച്ചു കഷ്ടപാടുകൾക്ക് അറുതി വരുത്തുമെന്നും അവർ വിശ്വസിച്ചു.

    ഒരു മാറ്റത്തിനായി പ്രാത്ഥനയോടെ കഴിഞ്ഞിരുന്ന ജനത്തോട് , മാറ്റം അവനവന്റെ മനസ്സിൽ തന്നെയാണ് ഉണ്ടാവേണ്ടത് എന്ന് യേശു ആഹ്വാനം ചെയ്തു. മുടിയൻ പുത്രന്റെ കഥയിലൂടെ യഥാർത്ഥ സ്നേഹം മനസിലാക്കാനും തിരിച്ചറിവുണ്ടാകേണ്ടതിന്റെ ആവശ്യകതയും ജനങ്ങൾക്ക്‌ മനസിലാക്കി കൊടുത്തു. ക്രിസ്മസ് കാലത്ത് നമ്മൾ ആവർത്തിച്ചു കേൾക്കുന്ന വാക്കുകളാണ് "സമാധാനവും", സന്തോഷവും എന്നത്. ഇതാണ് മനുഷ്യൻ അന്നും, ഇന്നും, എന്നും ആഗ്രഹിക്കുന്നത്. പരസ്പരം ക്ഷമിച്ചും, സഹിച്ചും, സ്നേഹിച്ചും കഴിയാൻ മനുഷ്യൻ സന്നദ്ധനാവുമ്പോൾ അവിടെ സമാധാനവും സന്തോഷവും ഉണ്ടാവുന്നു. അതാണ് ക്രിസ്മസിന്റെ സന്ദേശം. അതാണ് സന്മനസുള്ളവർക്ക് സമാധാനം എന്ന് പറയുന്നത് . അപ്പോഴാണ് നമ്മുടെ മനസ്സിൽ നിന്നു ഇരുട്ട് മാറി പ്രകാശം പരക്കുന്നത് . അതാണ് ക്രിസ്മസ് കാലത്തെ ദീപപ്രഭ നമ്മളെ അനുസ്മരിപ്പിക്കുന്നത്. തമ്മിൽ തമ്മിൽ സ്നേഹിപ്പിൻ, നിന്നെപോലെ നിന്റെ അയൽകാരെനെയും സ്നേഹിക്കുക, അതാണ് ഏറ്റവും പ്രധാനപെട്ട പ്രമാണം എന്ന് പഠിപ്പിച്ച ക്രിസ്തുവിന്റെ പഠിപ്പിക്കൽ തന്നെയാണ് ക്രിസ്മസിന്റെ സന്ദേശവും. നമ്മുടെ മനസിലെ പക, വെറുപ്പ്‌, അഹങ്കാരം, സ്വാർത്ഥത തുടങ്ങിയ പൈശാചിക ഇരുട്ടിനെ മാറ്റി ക്ഷമ, സ്നേഹം, ആദ്രത തുടങ്ങിയ പ്രകാശം പരത്തുന്ന മാറ്റങ്ങൾ ഉണ്ടാവണം. അതാണ് ക്രിസ്മസിന്റെ സന്ദേശം! നന്ദി!🙏
Mariamma Philip said…
പുതുമയുള്ള അർത്ഥപൂർണ്ണമായ ഒരു ക്രിസ്തുമസ് സന്ദേശം. വിശ്വാസങ്ങൾക്ക് ഉപരിയായി വസ്തുതകളിലൂടെയുള്ള പ്രയാണം ചിന്താത്മകമായിരുന്നു.യേശുവിന്റെ ജനനത്തിന്റെ പശ്ചാത്തലം 'രക്ഷകൻ' എന്ന വാക്ക് അർത്ഥപൂർണ്ണമാക്കുന്നു. ഇത്ര ആർത്ഥപുർണമായ, പുതുമയുള്ള Xmas message ആദ്യമായാണ് കേൾക്കുന്നത്. ക്രസ്തു ജയന്തി അത്യുത്തമം. വസ്തുതകളെ വിശകലനം ചെയ്ത രീതി അഭിനന്ദിക്കാതെ വയ്യ.മുടിയനായ പുത്രന്റെ കഥയും സാത്താനെ തേടി നമ്മൾ പോകുന്നതും, പ്രത്യാശയുമൊക്കെ വളരെയധികം ഉൾക്കൊണ്ടു.
മുടിയനായ പുത്രന്റെ കഥയിലൂടെ സാത്താന്റെ അടിമത്വത്തിൽ നിന്ന് മോചിതനായി, മനോഭാവത്തെ മാറ്റി ദൈവമക്കളായിമാറുക എന്ന നല്ലൊരു സന്ദേശം നൽകിയ ജോൺസാറിനു നന്ദി.
Col. Mathew Muricken said…
It was indeed a pleasure listening to the Christmas message of John Kunnathu - a welcome change from the oft-repeated conventional run- of- the-mill sermons.

Every year we herald the advent of Christmas by turning on the lights and light does more than create a festive mood - it brings “hope”. Though the corona virus pandemic has cast a pall over the world, let the light of Christmas, the spirit of selfless love and above all ‘hope’ guide us in the times to come.

A year that has necessarily kept us apart, has in many ways brought us closer. We all have been inspired by stories of people volunteering in their own community in helping those in need. Good Samaritans have emerged across society. We Synergians are no exception. We have risen magnificently to the challenges of the year. Let us continue to be inspired by the kindness of strangers and draw comfort from the fact that even on the darkest nights- there is hope in the new dawn.

The story of the prodigal son so vividly expounded by Dr Kunnath is a story of sin, repentance, forgiveness, mercy, compassion and love. If we read in between the lines we find that the father , not the son is the protagonist. The story centres around the responses of the father rather than the actions of the sons. Let us be like the father not the prodigal son.

A very unique, meaningful, relevant and inspiring talk by Dr. John Kunnath.

The parable of the prodigal son been given a new dimension
Shalomee Thomas said…
John സാറിന്റെ pep talk ശ്രവിച്ചു ലിഖിതരൂപവും വായിച്ചു. നാം നമ്മളായിട്ട് സാത്താന്റെ അടിമത്വത്തിലേക്ക് പോയതാണ്. നമ്മളായിട്ടുതന്നെ തിരിച്ചു ദൈവത്തിന്റെ അടുക്കലേക്ക് വരേണ്ടതാണ് എന്ന് മുടിയനായ പുത്രൻ എന്ന ബൈബിൾ കഥ ഉദ്ധരിച്ചുകൊണ്ട് ജോൺ സാർ നമ്മെ ഓർമപ്പെടുത്തി. ഇഷ്ടമുള്ളതെന്തും ചെയ്യാനുള്ള വ്യക്തിസ്വാതന്ത്ര്യം അല്ല യേശുവിന്റെ കാഴ്ചപ്പാടിൽ സ്വാതന്ത്ര്യം. ശരിയായ മനോഭാവവും തത്ഫലമായുള്ള ശരിയായ ബന്ധങ്ങളുമാണ് ശരിയായ സ്വാതന്ത്ര്യം. തന്റെ അറിവുകൾ പരിമിതമാണ് എന്നതാണ് ഏറ്റവും പ്രഥമവും സുപ്രധാനവുമായ തിരിച്ചറിവ്. അങ്ങനെയുള്ളരാൾ താൻ ചെയ്യുന്ന അബന്ധങ്ങളും തെറ്റുകളും കാണാനും തിരുത്താനും മനസ്സ് കാണിക്കുന്നു. മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കാനും സന്മനസ്സ് കാണിക്കുന്നു. ഈ വിധത്തിൽ നല്ല നല്ല ചിന്തകൾ പങ്കുവച്ചുകൊണ്ട് വ്യത്യസ്തമായൊരു ക്രിസ്തുമസ് സന്ദേശം നൽകിയ ജോൺ സാറിന് നന്ദി.
Dr. Mathew Joseph said…
Thanq John Sir for a very timely, scholarly
& apt message. If it is imbibed by us all, it will do a lot good for all.
May I point out lanother aspect of
Christ. He prayed for forgiveness for his tormentors. We are
ever-ready to over -
react, sometimes even violently, at the slightest disrespect (often imaginary).So
as John concluded, if we adapt forgive - ness & compassion
in our daily life, our
world will become
much better.

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?