ശ്രീനാരായണ ദര്‍ശനം


പ്രൊഫ. എം.കെ. സാനു

ശ്രീ നാരായണഗുരുവിന്റെ ദര്‍ശനത്തെയും സാഹിത്യസംഭാവനകളെയും പരിചയപ്പെടുത്തുന്ന ഈ കൃതി സാഹിത്യപ്രവര്‍ത്തകസഹകരണസംഘം 2013 ല്‍ പ്രസിദ്ധീകരിച്ചു. 164 പേജുള്ള ഈ പുസ്തകത്തിന് വില 160 രൂപ. 

1856 ല്‍ പിറന്ന ശ്രീനാരായണഗുരു എന്ന മഹാഋഷി 1928 ല്‍ സമാധിയായി. അതേവര്‍ഷം അതേ സമുദായത്തില്‍ പിറന്ന പ്രൊഫ.എം.കെ. സാനു ഗുരുവില്‍ ഒരു മാതൃകാപുരുഷനെ കണ്ടെത്തി.  മലയാള അദ്ധ്യാപകനും നിരവധി സാഹിത്യപഠനഗ്രന്ഥങ്ങളുടെ കര്‍ത്താവുമായി ജീവിച്ച എഴുത്തുകാരന്‍ ഗുരുവിനെ കുറിച്ച് പഠിച്ചതും എഴുതിയതും തന്‍റെ സത്യാന്വേഷണത്തിന്‍റെ ഭാഗമായാണ്. 

1960 വരെ ശ്രീ നാരായണഗുരു അറിയപ്പെട്ടിരുന്നത് ഒരു സാമൂഹ്യവിപ്ലവകാരി, സമുദായപരിഷ്കര്‍ത്താവ് എന്നൊക്കെയായിരുന്നു. അതിന് ശേഷമാണ് ഒരു ദാര്‍ശനികന്‍, കവി എന്നീ  നിലകളില്‍ അറിയപ്പെട്ടത്. അറുപതോളം കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട് എന്നത് അത്ഭുതം ഉളവാക്കുന്ന വാര്‍ത്തയായിരുന്നു. അവയില്‍ പലതും സംസ്കൃതഭാഷയിലായിരുന്നു. മലയാളത്തില്‍ എഴുതപ്പെട്ട കവിതകളില്‍ ആഴമായ ദര്‍ശനം ഉള്‍ക്കൊണ്ടിരുന്നു. സംസ്കൃതത്തിലും മലയാളത്തിലും ആഴമായ അവഗാഹം നേടിയ പ്രൊഫ. സാനു ഗുരുകൃതികളില്‍ ഏറെ ജിജ്ഞാസയോടെ ഗുരുദര്‍ശനം കണ്ടെത്താനുള്ള പര്യവേഷണം നടത്തി. അതിന്‍റെ ഫലമാണ് ഈ ഗ്രന്ഥം. 

ഗുരുവിന്റെ പേരില്‍ അറിയപ്പെടുന്ന പ്രസ്ഥാനങ്ങള്‍ ഇന്ന് ഗുരുവിനെ കാണുന്നത് സാമൂഹ്യവിപ്ലവകാരി, ദാര്‍ശനികന്‍, കവി എന്നീ നിലകള്‍ക്കപ്പുറം ആരാധനാമൂര്‍ത്തിയായാണ്. സ്വാഭാവികമായി സംഭവിച്ച ഒരു പരിണാമമാണെങ്കില്‍ കൂടി ഇത് നിര്‍ഭാഗ്യകരവും അപകടകരവുമായ ഒരു മാറ്റമാണെന്ന് പ്രൊഫ.സാനു ഉറപ്പിച്ചു പറയുന്നു. "ഭക്തിയില്‍ മയങ്ങുന്നതിനു പകരം ഗുരുദര്‍ശനം വ്യക്തമായി മനസിലാക്കാനുപകരിക്കുന്നതിനാവശ്യമായ കളമൊരുക്കുകയും സാമൂഹ്യപുരോഗതിയ്ക്കാവശ്യമായ രചനാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്കുക്കയും ചെയ്യേണ്ടതാണ്" എന്ന് പ്രൊഫ സാനു ഓര്‍മ്മിപ്പിക്കുന്നു.  ഭക്തിയില്‍ മയങ്ങുന്ന ഗുരുഭക്തരെ ഗുരുദര്‍ശനത്തിലേയ്ക്ക് ആനയിക്കുകയാണ് ഈ ഗ്രന്ഥത്തിന്റെ ധര്‍മ്മം. 

മനുഷ്യജീവിതത്തെ അര്‍ത്ഥവത്താക്കുന്ന  ജീവിതദര്‍ശനമാണ് മതത്തിന്റെ യഥാര്‍ത്ഥ കാതല്‍. എന്നാല്‍ ആ ദര്‍ശനത്തെ നിത്യജീവിതത്തില്‍ ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി രൂപപ്പെടുന്ന സംഘടനയും അതിനെ സുദൃഡമാക്കുന്ന ആചാരാനുഷ്ടാനങ്ങള്‍, അന്ധവിശ്വാസങ്ങള്‍ എന്നിവയും യഥാര്‍ത്ഥ മതത്തെ മതാഭാസമാക്കി രൂപാന്തരപ്പെടുത്തുന്നു. അങ്ങനെ മാനവാത്മാവിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന മതം സംഘടനകളുടെ ചട്ടക്കൂടിനുള്ളില്‍ മാനവാത്മാവിന്റെ സ്വാതന്ത്ര്യം നിഷേധിക്കുന്ന മതാഭാസമായി മാറുന്നു. 

മാനവരാശിയാകെ, ജീവജാലങ്ങളാകെ, ഒരേ ചൈതന്യത്താല്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന തത്വമാണ് മതദര്‍ശനത്തിന്‍റെ കേന്ദ്രബിന്ദു. ആ ചൈതന്യത്തെ സംബന്ധിക്കുന്ന അവബോധമാണ് ആത്മീയത. സര്‍വ്വവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന അവബോധത്തില്‍ സ്നേഹഭാവത്തിന് മാത്രമേ സ്ഥാനമുള്ളൂ. എല്ലാ മനുഷ്യരെയും സോദരരായി കാണാന്‍ സ്നേഹം പ്രേരിപ്പിക്കുന്നു. എന്തിന്റെയെങ്കിലും അടിസ്ഥാനത്തില്‍ മറ്റു മനുഷ്യസമൂഹങ്ങളെ അന്യരായി കാണാന്‍ തുടങ്ങുന്നിടത്ത് യഥാര്‍ത്ഥമതത്തിന്റെ അസ്തമയം തുടങ്ങുന്നു. അന്യരെ വെറുക്കാനും അവരുമായി കലഹിക്കാനും മുതിരുമ്പോള്‍ യഥാര്‍ത്ഥമതത്തിന്റെ സ്ഥാനത്ത് മതാഭാസത്തിന്റെ വികൃതഭീകരരൂപം പ്രത്യക്ഷമാകുന്നു. നമ്മുടെ ചുറ്റുപാടും നാം കണ്ടുകൊണ്ടിരിക്കുന്നത് അതാണ്‌. 

നേരായി ചിന്തിക്കുന്ന എല്ലാ മനുഷ്യരും ഇതൊരു വെല്ലുവിളിയായി സ്വീകരിക്കണം. മതാഭാസത്തില്‍ നിന്ന് ലോകത്തെ രക്ഷിച്ച് യഥാര്‍ത്ഥ മതദര്‍ശനത്തിലേക്ക് ആനയിക്കണം. ഇക്കാര്യത്തില്‍ ശ്രീ നാരായണഗുരുവിന്റെ ജീവിതവും ദര്‍ശനവും നമുക്ക് മാതൃകയാകണം. ഇതാണ് ഈ പുസ്തകത്തിലൂടെ പ്രൊഫ. എം. കെ. സാനു നമ്മെ പ്രബോധിപ്പിക്കുന്നത്. 

Comments

Sasi Saketham said…
മതാന്ധത മനുഷ്യന് ഒരു തരം വിഭ്രാന്തിയിൽ എത്തിക്കുന്നു. ഇവിടെ ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളുകയാണ്.സമൂഹ നൻമയക്കോ എതെങ്കിലും മഹത് വ്യക്തികളുടെ ദർശനങ്ങൾ സ്ഥാപിക്കാനോ അല്ല, ഈ തുള്ളൽ '. ദീപസ്തംഭം മഹാശ്ചര്യം! അത്ര തന്നെ.
മഹത്താൽ ഗുരുദർശനങ്ങളെ ഒരിക്കലെങ്കിലും ഒന്ന് മനസ്സിരുത്തി വായിച്ചിരുന്നുവെങ്കിൽ എന്നാശിച്ചു പോകുന്നു.
എവിടെയും ജാതിയുടെ കണക്കു മാത്രം പറയുന്നു.ഒപ്പം ശതമാനവും'
നമുക്ക് ജാതിയില്ലാ എന്ന് വിളംബരം ചെയ്ത ആ മഹത് ഗുരുവിൻ്റെ പ്രഖ്യാപനം ഇപ്പഴും അന്തരീക്ഷത്തിലുണ്ട്, അതിനോട് ഐക്യദാർഢ്യം പ്രഖാപിക്കുന്ന ഒരു സമീപനമാണ് പിൻമാറക്കാർക്ക് വേണ്ടത്.

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?