ഒരു മതാതീത മനുഷ്യസങ്കല്പ്പം
മനുഷ്യരായ നമുക്ക് നമ്മെപ്പറ്റി ചിലതെല്ലാം അറിയാം. എന്നാല്‍ മനുഷ്യനെ സംബന്ധിക്കുന്ന അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഇന്നും നമുക്ക് വ്യക്തമായ ഉത്തരമില്ല.
മനുഷ്യനെക്കുറിച്ച് അഞ്ച് അടിസ്ഥാനചോദ്യങ്ങള്‍ക്ക് ഇവിടെ ഉത്തരം തേടാം
മനുഷ്യന് ഉണ്ടായിരിക്കുന്നത് എന്തെല്ലാം ചേര്‍ന്നാണ്?
മനുഷ്യവ്യക്തിയും മനുഷ്യസമൂഹവും തമ്മിലുള്ള ബന്ധമെന്താണ്?
മനുഷ്യന് ലോകവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
മനുഷ്യന് ദൈവവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
മനുഷ്യന്റെ അടിസ്ഥാനസ്വഭാവമെന്താണ്?
ഈ ചോദ്യങ്ങള്‍ക്ക് സംശയാതീതമായ വസ്തുതകള്‍ ഉത്തരങ്ങളായി ഇല്ലാത്തതുകൊണ്ട് നമുക്കുള്ളത് വിശ്വാസങ്ങളും സങ്കല്പങ്ങളും മാത്രമാണ്. ഓരോ ചോദ്യത്തിനും ലഭ്യമായ ഉത്തരങ്ങള്‍ പരിശോധിക്കാം. അവയില്‍ പലതും വളരെ ജനസമ്മതി ഉള്ളതാണെങ്കിലും യുക്തിഭദ്രമല്ല.
1. മനുഷ്യന് ഉണ്ടായിരിക്കുന്നത് എന്തെല്ലാം ചേര്‍ന്നാണ്?
ഈ ചോദ്യത്തിന് പൊതുവേ മൂന്ന് ഉത്തരങ്ങള്‍ നിലവിലുണ്ട്.
ദേഹവും ദേഹിയും ചേര്‍ന്നത്
ദേഹം മാത്രം
നമുക്കറിഞ്ഞുകൂടാ; കാരണം, മനുഷ്യന്റെ ഒരു ഭാഗം മാത്രമേ നാം കാണുന്നുള്ളൂ
ആദ്യത്തെ വീക്ഷണം പുലര്‍ത്തുന്നവര്‍ മനുഷ്യനെ കാണുന്നത് പ്രധാനമായും രണ്ടു വ്യത്യസ്ത ഭാഗങ്ങളുടെ സങ്കലനമായാണ്— ദേഹത്തിന്റെയും ദേഹിയുടെയും, അഥവാ ശരീരത്തിന്റെയും ആത്മാവിന്റെയും. ശരീരം താല്ക്കാലികമാണ്; ആത്മാവ് നിത്യമാണ്. ശരീരത്തിന് ആത്മാവിന്റെ ഒരു വാസസ്ഥലം അഥവാ വാഹനം എന്ന പ്രാധാന്യമേയുള്ളൂ. ദേഹിപ്രധാനസങ്കല്പം എന്ന് ഇതിനെ വിളിക്കാം.
ദേഹവും ദേഹിയും തമ്മിലുള്ള ബന്ധത്തെ രണ്ട് തരത്തില്‍ കാണാവുന്നതാണ്. ആദ്യത്തേത് negative ആണ്, രണ്ടാമത്തേത് positive ആണ്.
Negative : ആത്മാവിന്റെ ഒരു തടവറയാണ് ശരീരം. തിന്മയിലേക്ക് പോകുന്ന ശരീരത്തില്‍ നിന്നാണ് ആത്മാവിന് മോചനം വേണ്ടത്. ശരീരത്തില്‍ നിന്ന് വേര്‍പെടുമ്പോള്‍ ആത്മാവ് പരലോകത്തേക്ക് പോകുന്നു. ആത്മാവിനെ ബലപ്പെടുത്തുവാന്‍ ശരീരത്തെ അവഗണിക്കുകയും ക്ഷീണിപ്പിക്കുകയും പീഡിപ്പിക്കുകയും ഒക്കെ ചെയ്യണമെന്ന വിശ്വാസം പല മതങ്ങളിലും പ്രബലമാണ്.
Positive : ആത്മാവിന് ലോകത്തില്‍ വസിക്കാനുള്ള ഒരു ഭവനവും യാത്ര ചെയ്യാനുള്ള ഒരു വാഹനവും ധരിക്കാനുള്ള ഒരു വസ്ത്രവും ഒക്കെയാണ് ശരീരം.
രണ്ടാമത്തെ വീക്ഷണത്തില്‍ മനുഷ്യന് ശരീരം മാത്രമാണ്. ആദ്യത്തെ വീക്ഷണം യുക്തിഭദ്രമല്ല എന്ന് കണ്ടിട്ട് അതിനെ തിരുത്താനുള്ള ശ്രമത്തില്‍ നിന്നാണ് ഈ വീക്ഷണം ഉണ്ടായിരിക്കുന്നത്. ഇതിനെ ദേഹമാത്രസങ്കല്പ്പം എന്നു വിളിക്കാം. എന്നാല്‍ മനുഷ്യനെന്നാല്‍ ശരീരം മാത്രമാണ് എന്ന വിശ്വാസവും യുക്തിഭദ്രമല്ല. അതുകൊണ്ടാണ് മൂന്നാമതൊന്ന് ആവശ്യമാകുന്നത്.
നമ്മുടെ ഇന്ദ്രിയങ്ങളുടെ പരിമിതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യനെ യഥാര്‍ഥമായി നാം കാണുന്നില്ല അറിയുന്നുമില്ല എന്ന തിരിച്ചറിവ് യുക്തിഭദ്രമാണ്. ഒരു കാന്തത്തിന് അദൃശ്യമായ ഒരു കാന്തികമണ്ഡലം ഉള്ളതുപോലെ മനുഷ്യന് അദൃശ്യമായ ഒരു ഊര്‍ജമണ്ഡലം ഉണ്ടെന്ന് സങ്കല്‍പ്പിക്കാവുന്നതാണ്. സൌകര്യത്തിന് വേണ്ടി നമുക്കതിനെ ദൃശ്യാദൃശ്യ സങ്കല്പം എന്ന് വിളിക്കാം.
ഈ മൂന്ന് വീക്ഷണങ്ങളില്‍ പരമ്പരാഗതമായി മതങ്ങളില്‍ നിലവിലിരിക്കുന്നത് ആദ്യത്തെ വീക്ഷണമാണ്. മനുഷ്യനെന്നാല്‍ ശരീരം മാത്രമാണ് എന്ന വീക്ഷണം ഭൌതികവാദത്തിന്റെ പിന്‍ബലത്തില്‍ ജന്മമെടുത്തതാണ്. ഇവ രണ്ടുമാണ് ലോകത്തില്‍ പരക്കെ ജനസമ്മതിയോടെ നിലനില്‍ക്കുന്നത്. എന്നാല്‍ മൂന്നാമത്തെ വീക്ഷണമാണ് ശക്തിപ്പെടേണ്ടത്.
2. മനുഷ്യവ്യക്തിയും മനുഷ്യസമൂഹവും തമ്മിലുള്ള ബന്ധമെന്താണ്?
ഈ ചോദ്യത്തിന് പ്രധാനമായും രണ്ട് ഉത്തരങ്ങളാണ് നിലവിലുള്ളത്.
ഒരു സ്ഥലത്ത് ജീവിക്കുന്നു എന്ന ബന്ധം മാത്രമേ മനുഷ്യര്‍ തമ്മില്‍ ഉള്ളൂ
ഒരു ശരീരത്തിലെ കോശങ്ങളെപ്പോലെ മനുഷ്യസമൂഹത്തിലെ അംഗങ്ങള്‍ ഗാഢമായി പരസ്പരം ബന്ധപ്പെടിരിക്കുന്നു.
ഒരു ആനയുടെ ശരീരത്തില്‍ ആയിരക്കണക്കായി ഇഴഞ്ഞ് നടക്കുന്ന പേനുകള്‍ പരസ്പരം മത്സരിച്ച് ജീവിക്കുന്നു. ഇതുപോലെ ഭൂമുഖത്ത് പരസ്പരം വലിയ ബന്ധമൊന്നുമില്ലാതെ ജീവിക്കുന്നവരാണ് മനുഷ്യര്‍ എന്നതാണ് ആദ്യസങ്കല്പം. എന്നാല്‍ ആ ആനയുടെ തലയ്ക്കുള്ളിലെ തലച്ചോര്‍ എന്ന പോലെ ഭൂമി എന്ന മഹാജീവിക്ക് ഉള്ളതായ തലച്ചോറിലെ കോശങ്ങള്‍ പോലെയാണ് മനുഷ്യവക്തികള് എന്നതാണ് രണ്ടാമത്തെ സങ്കല്പം. മനുഷ്യര്‍ പരസ്പരം ആശ്രയിച്ചും സഹകരിച്ചും ജീവിക്കുന്നു. ഇവയില്‍ ആദ്യത്തെ സങ്കല്പമാണ് സര്‍വ്വസാധാരണമായി നിലനില്‍ക്കുന്നത്. അതിന്റെ സ്ഥാനത്ത് രണ്ടാമത്തെ സങ്കല്പം ശക്തിയോടെ വരണം.
3. മനുഷ്യന് ലോകവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
രണ്ട് ഉത്തരങ്ങളാണ് ഈ ചോദ്യത്തിന് നിലവിലുള്ളത്:
മനുഷ്യന് ലോകത്തിന്റെ ഭാഗമല്ല.
മനുഷ്യന് ലോകത്തിന്റെ അവിഭാജ്യഘടകമാണ്
ഇവയില്‍ ആദ്യത്തെ വീക്ഷണം തന്നെ പലതരമുണ്ട്.
മനുഷ്യന് ലോകവുമായുള്ളത് ശത്രുതയാണ് കാരണം, ലോകം മനുഷ്യാത്മാവിന്റെ തടവറയാണ്. ഇഹലോകം നശിപ്പിക്കപ്പെടുന്നതിനു മുമ്പ് അതില്‍ നിന്നു രക്ഷപെട്ട് നമ്മുടെ ആത്മാവ് പരലോകത്തേക്ക് ഗമിക്കണം.
നമ്മുടെ തലയില്‍ ജീവിക്കുന്ന പേനുകളെപ്പോലെ ലോകമാകുന്ന മഹാജീവിയെ ചൂഷണം ചെയ്ത് ജീവിക്കുന്ന പരോപജീവികള്‍ (parasites) ആണ് മനുഷ്യന്.
നമ്മുടെ ഉത്തരവാദിത്തത്തിലുള്ള സ്ഥലമാണ് ലോകം. അത് നന്നായി പരിപാലിക്കാനുള്ള ഉത്തരവാദിത്തം ലോകത്തിന്റെ ഉടയവന് മനുഷ്യനെ ഏല്പിച്ചിരിക്കുന്നു.
ലോകം (പ്രകൃതി) നമ്മുടെ മാതാവാണ്. അവളുടെ പാല് കുടിച്ചാണ് നാം ജീവിക്കുന്നത്.
ഇവയില്‍ ആദ്യത്തെ രണ്ട് സങ്കല്പങ്ങള് ദോഷകരമാണ്. അടുത്ത രണ്ടെണ്ണം ഗുണകരമാണ്.
രണ്ടാമത്തെ വീക്ഷണത്തില്‍ മനുഷ്യന് ലോകത്തിന്റെ അവിഭാജ്യ ഘടകമാണ്. ഭൂമിയെ ഒരു ജീവിയായി സങ്കല്പ്പിക്കാമെങ്കില് അതിന്റെ തലച്ചോറാണ് മനുഷ്യവര്‍ഗം. തലച്ചോറിനെ ശരീരത്തിലെ മറ്റവയവങ്ങള്‍ സംരക്ഷിക്കുകയും പോറ്റിപ്പുലര്‍ത്തുകയും ചെയ്യുന്നത് പോലെ മനുഷ്യനെ സസ്യജാലങ്ങളും പക്ഷിമൃഗാദികളും പോറ്റിപ്പുലര്‍ത്തുന്നു. പകരം അവയെ സംരക്ഷിക്കാനുള്ള ചുമതല മനുഷ്യനുണ്ട്. പൌരാണിക യവനസംസ്കൃതിയില് ലോകത്തെ macrocosm എന്നും മനുഷ്യനെ microcosm എന്നും വിളിച്ചിരുന്നു. ലോകം പോലെ തന്നെ മനുഷ്യനും പഞ്ചഭൂതങ്ങളാലാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത് എന്ന തിരിച്ചറിവായിരുന്നു അതിന്റെ പിന്നില്‍. മണ്ണ്, വെള്ളം, വായു, അഗ്നി, ആത്മാവ് ഇവയെല്ലാം മനുഷ്യനില്‍ ഉണ്ടെന്നും, മരിക്കുമ്പോള്‍ ഇവയെല്ലാം തിരികെ ലോകത്തിന്റെ ഭാഗമായി മാറും എന്നും വിശ്വസിക്കപ്പെട്ടു. മനുഷ്യന് ലോകം എന്ന മഹാജീവിയുടെ ഭാഗം തന്നെ എന്ന സങ്കല്പം ശക്തിപ്പെടേണ്ടതുണ്ട്
4. മനുഷ്യന് ദൈവവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
മിക്ക മതങ്ങളിലും ദൈവത്തെ കാണുന്നത് ലോകം എന്ന മഹാരാജ്യത്തിന്റെ രാജാവായാണ്. നിയമങ്ങള്‍ സൃഷ്ടിക്കുകയും നടപ്പാക്കുകയുമാണ് രാജാവിന്റെ ജോലി. ദൈവികനിയമങ്ങള്‍ അനുസരിച്ചു മാത്രമേ മനുഷ്യനുള്‍പ്പടെ ലോകത്തിനും അതിലുള്ള സകലത്തിനും നിലനില്‍പ്പുള്ളൂ. എന്നാല്‍ ഇക്കാര്യത്തില്‍ മനുഷ്യന്റെ പ്രോഗ്രാമിങ്ങില്‍ ഒരു ചെറിയ മാറ്റമുണ്ട്. ദൈവികനിയമങ്ങളെ യാതൊരു വ്യവസ്ഥയും കൂടാതെ സമ്പൂര്‍ണമായി അനുസരിക്കത്തവിധമാണ് മനുഷ്യനൊഴികെയുള്ള സകലത്തെയും പ്രോഗ്രാം ചെയ്തിരിക്കുന്നത്. എന്നാല്‍ ദൈവികനിയമങ്ങളെ അനുസരിക്കാനോ അനുസരിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യത്തോടെയാണ് മനുഷ്യനെ പ്രോഗ്രാം ചെയ്തിരിക്കുന്നത്. ദൈവികനിയമങ്ങളെ അറിഞ്ഞ് ബോധപൂര്‍വം സ്വമനസാലെ അവയെ അനുസരിക്കത്തക്കവിധം മനുഷ്യന് പക്വത നേടണമെന്നതാണ് മനുഷ്യനെക്കുറിച്ചുള്ള പ്രതീക്ഷ. ഈ സ്വാതന്ത്രമുള്ളതുകൊണ്ടാവണം മനുഷ്യര്‍ ദൈവമക്കള് എന്ന് വിളിക്കപ്പെടുന്നത്. മനുഷ്യന് ദൈവസാദൃശ്യം ഉണ്ട് എന്ന് പറഞ്ഞിരിക്കുന്നതിന്റെ അര്‍ഥവും ഇങ്ങനെ മനസിലാക്കുവാനാകും. മറ്റ് ജീവജാലങ്ങള്‍ക്ക് ഈ സ്വാതന്ത്ര്യം ഇല്ലാത്തതുകൊണ്ടു അവ ദൈവദാസന്മാരാണ്. ദൈവഹിതത്തിന് സമ്പൂര്‍ണമായി കീഴ്പ്പെടുന്നതാണ് നന്മ. കീഴ്പ്പെടാത്തത് തിന്മയും.
ദൈവം പിതാവാണെന്ന് തിരിച്ചറിഞ്ഞ് അപ്രകാരം ദൈവസ്നേഹത്തെ സ്വീകരിക്കുന്നവര്‍ക്ക് മാത്രമേ സ്വതന്ത്രരായി, ദൈവമക്കളായി ജീവിക്കാന്‍ കഴിയൂ. ഇക്കാര്യം തിരിച്ചറിയാത്തവര്‍ ദൈവനിയമങ്ങള് പാലിക്കാന്‍ വിഷമിക്കുന്ന പ്രജകളായി സ്വയം കാണും.
ഇപ്പറഞ്ഞ സങ്കല്പങ്ങളുടെയെല്ലാം പിറകില്‍ മനുഷ്യന് ദൈവത്തില്‍ നിന്ന് അന്യമായി നിലനില്ക്കുന്നു എന്ന സങ്കല്പമുണ്ട്. ദൈവത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ യാതൊന്നിനും ദൈവത്തില്‍ നിന്ന് അന്യമായി നില്ക്കാന് സാധ്യമല്ല എന്നതിനാല്‍ മനുഷ്യനും ദൈവത്തില്‍ നിന്ന് അന്യമല്ല. എങ്കിലും നമ്മുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ നാം ദൈവത്തില്‍ ജീവിക്കുന്നു എന്ന് വിശ്വസിക്കുമ്പോള്‍ തന്നെ നമുക്ക് സ്വന്തമായി ഒരു വ്യക്തിത്വവും ജീവിതവും ഉണ്ടെന്ന് നാം അനുഭവിച്ചറിയുന്നു.
മനുഷ്യന് ദൈവവുമായി ഉണ്ടാകേണ്ടത് സൌഹൃദമാണ്, അല്ലാതെ ശത്രുതയല്ല. ദൈവത്തിന് നമ്മോടുള്ളത് മാതാപിതാക്കള്‍ക്ക് മക്കളോടുള്ളതുപോലെ വ്യവസ്ഥയില്ലാത്ത സ്നേഹമാകുന്നു എന്ന തിരിച്ചറിവാണ് സൗഹൃദം ഉണ്ടാക്കുന്നത്. ആ തിരിച്ചറിവ് ഉണ്ടാകുന്നതുവരെ മനുഷ്യന് ദൈവത്തോട് ശത്രുതയാണ് ഉണ്ടാകുന്നത്.
5. മനുഷ്യന്റെ അടിസ്ഥാനസ്വഭാവമെന്താണ്?
മനുഷ്യന്റെ അടിസ്ഥാനസ്വഭാവം നന്മയോ തിന്മയോ? ഈ ചോദ്യത്തിന് വ്യത്യസ്തമായ ഉത്തരങ്ങള്‍ നിലവിലുണ്ട്.
ചിലര്‍ നല്ലവരായി ജനിക്കുന്നു; മറ്റുള്ളവര്‍ ദുഷ്ടരായും.
എല്ലാവരും ദുഷ്ടരായി ജനിക്കുന്നു.
എല്ലാവരും നല്ലവരായി ജനിക്കുന്നു.
നല്ലവരോ ദുഷ്ടരോ ആയല്ല ആരും ജനിക്കുന്നത്. എന്നാല്‍ ജീവിതത്തിലുടനീളം നന്മയോ തിന്മയോ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്.
ആദ്യത്തെ കാഴ്ചപ്പാടാണ് ഏറ്റവും പ്രചാരത്തിലുള്ളത്. ആളുകളെ നല്ലവര്‍, അല്ലാത്തവര്‍, അഥവാ നീതിമാന്മാര്, ദുഷ്ടന്മാര് എന്ന് തിരിക്കുന്നത് എളുപ്പമാണ്. എന്നാല്‍ ഇത് വളരെ ഉപരിപ്ലവമായ ഒരു വീക്ഷണമാണെന്ന് അല്പമൊന്ന് ചിന്തിച്ചാല്‍ ആര്‍ക്കും ബോധ്യമാകും. ഒരു തിന്മയും ചെയ്തിട്ടില്ലാത്ത നല്ലവര്‍ ഇല്ല. ഒരു നന്മയും ചെയ്തിട്ടില്ലാത്ത ദുഷ്ടന്മാരും ഇല്ല. ഈ വീക്ഷണം യുക്തിഭദ്രമല്ലെന്ന് കണ്ടിട്ട് അതിന് പരിഹാരമായി രണ്ട് വീക്ഷണങ്ങള്‍ രംഗത്ത് വരുന്നു. എല്ലാവരും അടിസ്ഥാനപരമായി ദുഷ്ടര്‍ ആണെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ എല്ലാവരും അടിസ്ഥാനപരമായി നീതിമാന്മാര് ആണെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇവ രണ്ടും അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളാണെന്ന് അല്പം ചിന്തിച്ചാല്‍ ബോധ്യമാകും. ഏറ്റവും യുക്തിഭദ്രമായി തോന്നുന്നത് നാലാമത്തെ വീക്ഷണമാണ്. ആരും ജനിക്കുന്നത് നല്ലവരോ ദുഷ്ടരോ ആയല്ല. എന്നാല്‍ എപ്പോഴും നന്മതിന്മകള് നമുക്ക് മുമ്പില്‍ ഉണ്ട് – ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആര്‍ക്കും എപ്പോഴും അബദ്ധങ്ങള്‍ ഭവിക്കാം. എന്നാല്‍ അബദ്ധങ്ങള്‍ തിരുത്തി ശരി ചെയ്യാന്‍ എല്ലാവര്ക്കും അവസരമുണ്ട്.
ജോണ്‍ കുന്നത്ത്
Comments
സാർ കാര്യകാരണസഹിതം നന്നായി വിശദീകരിക്കുന്നു.നല്ല ലേഖനം.