ഒരു മതാതീത ലോകസങ്കല്പം

എന്റെ ശരീരത്തിനുള്ളില്‍ എന്റെ ഭാഗമായി ജീവിക്കുന്ന ഒരു കോശത്തിന് ചിന്തശേഷിയുണ്ടെങ്കില്‍ അത് എപ്പോഴും എന്നെക്കുറിച്ച് അറിവ് നേടിക്കൊണ്ടിരിക്കും. എങ്കിലും ഒരിക്കലും അതിന് എന്റെ ശരീരത്തിന്   വെളിയില്‍ വന്ന് എന്നെ വസ്തുനിഷ്ടമായി നോക്കിക്കാണാനാവില്ല. അതുകൊണ്ട് എന്നെ പൂര്‍ണമായി അറിയാനുമാവില്ല. അതുപോലെ ലോകത്തിനുള്ളില്‍ ലോകത്തിന്റെ ഭാഗമായി ജീവിക്കുന്ന നമുക്ക് ലോകത്തെക്കുറിച്ചുള്ള അറിവ് എപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും നമുക്ക് ഒരിക്കലും ലോകത്തിന് വെളിയില്‍ പോയി അതിനെ വസ്തുനിഷ്ടമായി നോക്കിക്കാണാനാവില്ല. അതുകൊണ്ട് ഒരിക്കലും ലോകത്തെ അതായിരിക്കുന്നത് പോലെ മനസിലാക്കുവാന്‍ നമുക്ക് സാധിക്കുകയില്ല. നമ്മുടെ അറിവ് എപ്പോഴും ഭാഗികമാണ്.

ലോകത്തെ യഥാര്‍ത്ഥമായി മനസിലാക്കാന്‍ നമുക്ക് കഴിയുകയില്ലെങ്കില്‍    പിന്നെ നമുക്ക് സാധിക്കുന്നത് അതിനെ സങ്കല്പിക്കാന്‍ മാത്രമാണ്. അറിയാത്ത കാര്യങ്ങള്‍ സങ്കല്പിക്കാനും വിശ്വസിക്കാനും മാത്രമേ നമുക്ക് കഴിയൂ. ഒരു ലോകത്തിലാണ് നാമെല്ലാം ജീവിക്കുന്നതെങ്കിലും ലോകത്തെ നാം സങ്കല്പിക്കുന്നത് ഒരുപോലെയല്ല. നമ്മുടെയെല്ലാം സങ്കല്പം വ്യത്യസ്തമായിരിക്കും. മാത്രവുമല്ല, നമ്മുടെ സങ്കല്പത്തിന് പരിണാമവും സംഭവിക്കും. വിവിധ മതസാംസ്കാരിക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ വിവിധ തരത്തിലാണ് ലോകത്തെ സങ്കല്പിക്കുന്നത്. നമ്മുടെ ലോകസങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് ജീവിതത്തെ സംബന്ധിക്കുന്ന അടിസ്ഥാന ചോദ്യങ്ങള്‍ക്ക് നാം ഉത്തരം നല്‍കുന്നത്. ജീവിതത്തെ സംബന്ധിക്കുന്ന ലളിതമായ ഒരു ചോദ്യത്തിന് രണ്ടു പേര്‍ വ്യത്യസ്തമായ ഉത്തരം നല്കുന്നെങ്കില്‍ അതിന്റെ പ്രധാന കാരണം അവരുടെ ലോകസങ്കല്പം വ്യത്യസ്തമാണ് എന്നത് തന്നെ.

നിലവിലുള്ള ലോകസങ്കല്പങ്ങളെ മൂന്നായി തരം തിരിക്കാം:

    1. നാമിക്കാണുന്ന ലോകത്തിന് പുറമെ ഒരു ലോകം കൂടിയുണ്ട് .

    2. നാമിക്കാണുന്ന ലോകത്തിന് പുറമെ ഒന്നുമില്ല.

    3. ലോകം ഒന്ന് മാത്രം, എങ്കിലും അതിന്റെ ഒരു ഭാഗം മാത്രമേ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് വിഷയീഭവിക്കുന്നുള്ളൂ.

      ഇനി അല്പം വിശദമായി ഈ സങ്കല്‍പ്പങ്ങളെ നോക്കിക്കാണാം.


1. പരലോകപ്രധാന ലോകസങ്കല്‍പം

ഈ സങ്കല്‍പ്പമനുസരിച്ച് രണ്ട് ലോകങ്ങളുണ്ട്-- ഇഹലോകവും പരലോകവും. ഇഹലോകം ഭൌതികവും, പരലോകം ആത്മീകവുമാണ്. ഇഹലോകം പ്രകൃത്യാനുസാരിയും പരലോകം പ്രകൃത്യാതീതവുമാണ്. ഇഹലോകം താല്‍ക്കാലികവും പരലോകം സ്ഥിരവുമാണ്. അതുകൊണ്ട്, ഇഹലോകം ഒരിക്കല്‍ ഇല്ലാതെയാകും, എന്നാല്‍ പരലോകം നിത്യമായി നിലനില്‍ക്കും. പരലോകത്തിന് രണ്ട് ഭാഗങ്ങളുണ്ട്-- സ്വര്‍ഗം, നരകം.

ണ്ട് ലോകങ്ങളുള്ളത് പോലെ, ഒരു മനുഷ്യവ്യക്തിയിലുമുണ്ട് രണ്ട് ഭാഗങ്ങള്‍-- ശരീരവും ആത്മാവും. ശരീരം താത്കാലികവും ആത്മാവ് നിത്യവും ആണ്. ആത്മാവിന് മാത്രമേ പരലോകത്തേക്ക് പ്രവേശനമുള്ളൂ. ഇഹലോകത്തിലെ പ്രവൃത്തികളുടെ പ്രതിഫലം എന്ന നിലയില്‍ മനുഷ്യാത്മാക്കള്‍ സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ പോകുന്നു.

ജീവിതത്തിന്റെ വിവിധ മേഖലകളെ ആത്മീകം എന്നും ലൌകീകം എന്നും തിരിയ്ക്കുന്ന രീതി ഉത്ഭവിച്ചത് ഈ സങ്കല്പത്തെ അടിസ്ഥാനമാക്കിയാവണം . ഇതനുസരിച്ച് സന്യാസജീവിതം ആത്മീകവും കുടുംബജീവിതം ലൌകികവുമാണ്. മതപരമായ ജോലികള്‍ ആത്മീകവും അല്ലാതെയുള്ള ജോലികള്‍ ലൌകികവുമാണ്. ദൈവാലയങ്ങള്‍, ആശ്രമങ്ങള്‍ തുടങ്ങിയവ ആത്മീകസ്ഥലങ്ങളും, മറ്റുള്ളവ ലൌകികസ്ഥലങ്ങളും ആണ്. ഞായറാഴ്ച ഒരു ആത്മീക ദിവസവും മറ്റ് ദിവസങ്ങള്‍ ലൌകികദിവസങ്ങളും ആണ്. ആത്മീകം എന്ന വിശേഷണത്തിന് പകരം ആ അര്‍ഥത്തില്‍ വിശുദ്ധം എന്ന പദം ചിലപ്പോള്‍ ഉപയോഗിക്കാറുണ്ട്.

2. ഇഹലോകമാത്ര ലോകസങ്കല്‍പം

നമ്മുടെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അറിയുന്ന ഇഹലോകമല്ലാതെ ഒരു പരലോകം ഇല്ല എന്നതാണ് ഈ ലോകസങ്കല്പം. മുകളില്‍ കണ്ട പരലോകപ്രധാനലോകസങ്കല്പത്തോടുള്ള എതിര്‍പ്പില്‍ നിന്നാണ് ഈ ലോകസങ്കല്പം ത്ഭവിച്ചത്. ഒരു പരലോകമുണ്ട് എന്ന വിശ്വാസത്തിന് യാതൊരു അടിസ്ഥാനവും ചൂണ്ടിക്കാണിക്കുവാന്‍ സാധ്യമല്ലെന്നും അത് വെറും ബാലിശമായ ഒരു അന്ധവിശ്വാസമാണെന്നും ഇവര്‍ വാദിക്കുന്നു. പരലോകപ്രധാനമായ ലോകസങ്കല്പം ഇഹലോകത്തെ അവഗണിക്കാനിടയാക്കുന്നു എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഭൌതികവാദം, യുക്തിവാദം, നിരീശ്വരവാദം എന്നീ വാദങ്ങളെല്ലാം ഇഹലോകമാത്ര ലോകസങ്കല്പത്തെ തുണയ്ക്കുന്നു. മനുഷ്യന്റെ യുക്തിചിന്താശക്തി ഉപയോഗിച്ച് ലോകത്തെ സമ്പൂര്‍ണമായി അറിയാന്‍ കഴിയും എന്ന വിശ്വാസവും ഈ ലോകസങ്കല്പം പുലര്‍ത്തുന്നവര്‍ക്കുണ്ട്. ദൈവം, ആത്മാവ്, ഇവയെല്ലാം അന്ധവിശ്വാസങ്ങളായാണ് അവര്‍ കാണുന്നതെന്ന് പ്രത്യകിച്ചു പറയേണ്ടതില്ലല്ലോ.

3. ദൃശ്യാദൃശ്യ ലോകസങ്കല്‍പ്പം

ഇതനുസരിച്ച് ഒരു ലോകമേയുള്ളു, എന്നാല്‍ ആ ലോകത്തിന്റെ ഒരു ഭാഗം മാത്രമേ നാം കാണുന്നുള്ളൂ. നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ പരിമിതിയാണ് കാണപ്പെടാത്ത ഒരു ഭാഗം ഉണ്ട് എന്ന ബോധ്യത്തിന് ആധാരം. ടെസ്കോപ്, മൈക്രോസ്കോപ് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് കണ്ണുകളുടെ കഴിവ് വര്‍ദ്ധിപ്പിക്കുമ്പോള്‍ അദൃശ്യമായ പലതും നമുക്ക് ദൃശ്യമായി ഭവിക്കുന്നു. നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ പരിമിതമായിരിക്കുന്നതുപോലെ നമ്മുടെ ചിന്താശക്തിയും പരിമിതമാണ്. ലോകത്തെ കുറേയൊക്കെ അറിയാന്‍ നമ്മുടെ ഇന്ദ്രിയങ്ങളും ചിന്താശക്തിയും നമ്മെ സഹായിക്കുന്നു, എന്നാല്‍ സമ്പൂര്‍ണമായ അറിവ് നമുക്ക് അപ്രാപ്യമാണ്.

ലോകസങ്കല്‍പ്പങ്ങള്‍ക്ക് ഒരു മൂല്യനിര്‍ണയം

ആദ്യം കണ്ട രണ്ട് ലോകസങ്കല്പങ്ങളുടെയും വൈകല്യങ്ങള്‍ തിരുത്തുന്നതാണ് മൂന്നാമത്തെ ലോകസങ്കല്പം. ആദ്യത്തേതില്‍ രണ്ട് ലോകങ്ങളുണ്ട്; അതുകൊണ്ടാണ് ഇഹലോകത്തെ അവഗണിച്ചുകൊണ്ടു പരലോകത്തിന് പ്രാമുഖ്യം നല്‍കുന്നത്. എന്നാല്‍ മൂന്നാമത്തെ സങ്കല്പത്തില്‍ ഒരു ലോകമേയുള്ളൂ; അപ്പോള്‍ പിന്നെ അതിനെ അവഗണിക്കാനാവില്ലല്ലോ. രണ്ടാമത്തെ സങ്കല്പത്തില്‍, നാം കാണുന്ന ലോകമേയുള്ളൂ. എന്നാല്‍ മൂന്നാമത്തെ സങ്കല്പപ്രകാരം നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ പരിമിതി കാരണം ലോകത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് വിഷയമാകുന്നുള്ളൂ. ഈ മൂന്നാമത്തെ സങ്കല്പം അന്ധവിശ്വാസമല്ല, യുക്തിവിരുദ്ധവുമല്ല. ഈ സങ്കല്പപ്രകാരം ജീവിതത്തെ ആത്മീകം ലൌകികം എന്നിങ്ങനെ വേര്‍തിരിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല.

ലോകസങ്കല്പം മാറുന്നതനുസരിച്ചു ഒരു നല്ല മനുഷ്യജീവിതത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പവും മാറും. പരലോകപ്രധാനമായ ലോകസങ്കല്പത്തില്‍, ഇഹലോകത്തില്‍ നിന്ന് രക്ഷപെട്ട് പരലോകത്തേക്ക് പോകുമ്പോഴാണ്‌ മനുഷ്യന് ഒരു നല്ല ജീവിതം ഉണ്ടാകുന്നത്. ശരീരം എന്ന കാരാഗൃഹത്തില്‍ നിന്ന് ആത്മാവ് മുക്തി നേടുമ്പോഴാണ് നല്ല ജീവിതം എന്നും സങ്കല്പിക്കാറുണ്ട്. എന്നാല്‍ മൂന്നാമത്തെ ലോകസങ്കല്പത്തില്‍, ദൈവത്തോടും, സഹജീവികളോടും, പ്രകൃതിയോടും ഉള്ള മനുഷ്യന്റെ ശത്രുത മാറി മൈത്രി ഉണ്ടാകുന്നതാണ് നല്ല ജീവിതം. നാം ഭൂമി വിട്ടു സ്വര്‍ഗത്തില്‍ പോകുമ്പോഴല്ല, ഭൂമി തന്നെ സ്വര്‍ഗമായി മാറുമ്പോഴാണ് നമുക്ക് നല്ല ജീവിതം ഉണ്ടാകുന്നത്.

ആദ്യത്തെ സങ്കല്‍പ്പം അനുസരിച്ച്, നാം മരിക്കുമ്പോള്‍ നമ്മുടെ ആത്മാവ് ഈ ലോകം വിട്ട് പരലോകത്തേയ്ക്ക് പോകുന്നു. രണ്ടാമത്തെ സങ്കല്‍പ്പം അനുസരിച്ച് മരണത്തോടെ നമ്മുടെ ജീവിതം അവസാനിക്കുന്നു. മൂന്നാമത്തെ സങ്കല്‍പ്പം അനുസരിച്ച്, ജനനത്തിനും മരണത്തിനും ഇടയ്ക്കുള്ള ജീവിതത്തെക്കുറിച്ച് മാത്രമേ നമുക്ക് അറിവുള്ളൂ. അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് ഗുണകരമായ വിശ്വാസങ്ങള്‍ പുലര്‍ത്തുന്നതില്‍ തെറ്റില്ല. മരണത്തോടെ നാം അവസാനിക്കുന്നു എന്ന വിശ്വാസം മനുഷ്യന് ഭീതിയും നിരാശയും ഉളവാക്കും. മരണശേഷവും ഏതെങ്കിലും തരത്തില്‍ നമ്മുടെ ജീവിതം തുടരുന്നു എന്ന വിശ്വാസം അത്തരം ഭയത്തില്‍ നിന്ന് മനുഷ്യനെ രക്ഷിക്കും.

ഏറ്റവും വ്യാപകമായി നിലവിലിരിക്കുന്ന ലോകസങ്കല്പം ആദ്യത്തേതാണ്-- പരലോകപ്രധാനമായ ലോകസങ്കല്പം. മതവിശ്വാസത്തിന് ഊന്നല്‍ കൊടുക്കുന്ന ഭരണകൂടങ്ങളെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും നയിക്കുന്നത് ഈ സങ്കല്പം പുലര്‍ത്തുന്നവരാണ്. ഇഹലോകമാത്ര ലോകസങ്കല്പം പുലര്‍ത്തുന്നവര്‍ ന്യൂനപക്ഷമാണെങ്കിലും ലോകത്തിലെ മിക്ക ഭരണകൂടങ്ങളെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും നയിക്കുന്നത് ഇവരാണ്. ഈ രണ്ടു ലോകസങ്കല്പങ്ങള്‍ പുലര്‍ത്തുന്നവര്‍ തമ്മില്‍ അധികാരത്തിന് വേണ്ടി നടത്തുന്ന വടംവലിയാണ് ഇന്ന് ലോകസമാധാനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. അറബിരാജ്യങ്ങളും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള കലഹം ഇതിന്റെ ഒരു പ്രതിഫലനമാണ്. പരലോകപ്രധാനമായ ലോകസങ്കല്പമാണ് അറബിരാജ്യങ്ങളെ നയിക്കുന്നത്; എന്നാല്‍ ഇഹലോകമാത്ര ലോകസങ്കല്പമാണ് പ്രധാനമായും പാശ്ചാത്യരാജ്യങ്ങളെ നയിക്കുന്നത്. മനുഷ്യന്‍ ഉണ്ടായത് സൃഷ്ടിയിലൂടെയാണോ പരിണാമത്തിലൂടെയാണോ എന്ന ചോദ്യം ആ വടംവലിയുടെ ഒരു പ്രകടനമാണ്.

ലോകജനസംഖ്യയുടെ ഒരു ന്യൂനപക്ഷം മാത്രമാണ് മൂന്നാമത്തെ സങ്കല്പം -- ദൃശ്യാദൃശ്യ ലോകസങ്കല്പം -- പുലര്‍ത്തുന്നത്. നമ്മുടെ ലോകത്തില്‍ ഈ സങ്കല്പം പുലര്‍ത്തുന്നവര്‍ക്ക് പറയത്തക്ക അധികാരമോ സ്ഥാനമോ ഇല്ല. ആദ്യത്തെ ണ്ട് സങ്കല്പങ്ങള്‍ക്കും അതീതമാഈ സങ്കല്പം അവയെ രണ്ടും സംയോജിപ്പിക്കുവാന്‍ ശക്തവുമാണ്. ഈ സങ്കല്പം പുലര്‍ത്തുന്നവരുടെ എണ്ണം കുറെക്കൂടെ വര്‍ധിക്കാതെ ലോകത്തില്‍ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ.


ജോണ്‍ കുന്നത്ത് 

Comments

Alex Chandy said…
A syncretic thinking of a cosmic world view and a spiritual world view will go a long way to bring about 'His Will being done done on Earth as it is in Heaven'.🙏
Mariyamma Philip said…
ജോൺ സർ,ഈ ലേഖനം രണ്ടു പ്രാവശ്യം വായിച്ചു.ലോകസങ്കല്പങ്ങളിൽ ഒന്നാമത്തേത് നമ്മുടെ മതാധിഷ്ഠിത മാണ്.നമ്മൾ കേട്ടും പഠിച്ചും നിർമ്മിച്ച ലോക സങ്കല്പം.ഇന്നു വഴിമാറി ചിന്തിക്കുന്നതുകൊണ്ട് മൂന്നാമത്തെ ലോകസങ്കല്പമാണ് അനുയോജ്യം.പ്രക്യതിയും,മനുഷ്യനും, സഹജീവികളുമായൊരു സന്തോഷ ജീവിതം.ഭൂമിയെ സ്വർഗ്ഗമാക്കുക.പരലോകമുണ്ടെങ്കിൽ ഇങ്ങനെ ജീവിച്ചാൽ അവിടെയും സന്തോഷമായിരിക്കും എന്നു സങ്കല്പിക്കുന്നു.സർ ഒന്നാമത്തെ ലോകസങ്കല്പം എങ്ങനെ മനുഷ്യനെ സ്വാധീനിക്കുന്നു എന്ന സാറിന്റെ വീക്ഷണം ശരിയാണ്.മാറി ചിന്തിക്കണം.നല്ലൊരു ലേഖനം വായിച്ച Thank you sir.
ജോൺ സാറിന്റെ ചിന്താദ്ദീപകമായ ലേഖനം മനസ്സിരുത്തി വായിച്ചു. പരിമിതമായ ലോക ജീവിതത്തിൽ നിന്ന് നാം പ്രാപിക്കുന്ന അറിവുകളുടെ അടിസ്ഥാനത്തിലാണല്ലോ നമ്മുടെ ചിന്താധാരകൾ രൂപപ്പെടുന്നത്. ഒന്നും രണ്ടുമായ സങ്കല്പത്തിനിടയിൽ ഭാരത തത്വചിന്തയിൽ അധിഷ്ഠതമായ പുനർജന്മം എന്നൊരു ധാരയില്ലെ? വീണ്ടും മനുഷ്യൻ ഈ ലോകത്തിലേക്ക് തന്നെ മറ്റൊരു രീതിയിൽ പുനർജനിക്കുന്നു എന്ന വിശ്വാസം. ശാസ്ത്രീയ അടിത്തറയുള്ള ഈ സിദ്ധാന്തം, ഒന്നും നശിച്ചു പോകുന്നില്ല മറിച്ച് മറ്റൊരു രൂപാന്തര ഘട്ടത്തിലേക്ക് മാറുന്നതേയുള്ളു എന്നല്ലെ പഠിപ്പിക്കുന്നത്. അതിനെ ഏറെക്കുറെ അതീന്ദ്രീയമായതെന്നോ (Metaphysics) പ്രപഞ്ചാതീതമായോ ഒക്കെ വിശേഷിപ്പിക്കാവുന്നതും അല്ലെ? സാറിന്റെ ലേഖനത്തിലെ മൂന്നാം സങ്കല്പമായ ദൃശ്യാദൃശ്യ സങ്കല്പത്തോട് സത്താപരമായി യോജിക്കുമ്പോഴും ഈ transformation theory യ്ക്ക് ഒരു ഭൗതീക - ആത്മീയ ഇതിവൃത്തത്തിനപ്പുറമായ ഒരിടം ഇല്ലെയെന്ന് കൂടി ചിന്തിച്ചു പോകുന്നു.
ഈ കോവിഡ് കാലത്ത് അലസമായിരുന്ന ചിന്താമണ്ഡലത്തെ ചൂട് പിടിപ്പിച്ച ഒരു ലേഖനം വായിക്കാൻ കഴിഞ്ഞത് ഉന്മേഷത്തിന് കാരണമായി എന്ന് പറഞ്ഞുകൊള്ളട്ടെ. ജീവിതത്തിന്റെ അസ്തിത്വ ബോധം നിശ്ചയിക്കുന്നത് അവനവന്റെ ചിന്തകളാണല്ലോ?