ഒരു മതാതീത ദൈവസങ്കല്പം
പൊതുവേദികളില്‍ ദൈവം എന്ന വാക്കിന്റെ ഉപയോഗം വളരെ പ്രയാസകരമായി വരുന്നുണ്ട് ഇക്കാലത്ത്. സമാനദൈവസങ്കല്പമുള്ളവര്‍ ഒന്നിച്ച് കൂടുന്ന വേദികളില്‍ ആ വാക്ക് ഉപയോഗിക്കാന്‍ വലിയ പ്രയാസമില്ല; എന്നാല്‍ വിവിധ ദൈവസങ്കല്പങ്ങള്‍ ഉള്ളവര്‍ ഒന്നിച്ച് കൂടുന്ന പൊതുവേദികളില്‍ ആ വാക്കിന്റെ ഉപയോഗം വളരെ ദുഷ്ക്കരമാണ്, കാരണം ഒരാള്‍ ആ വാക്കുപയോഗിക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ വിവിധങ്ങളായ അര്‍ത്ഥങ്ങളില്‍ അത് മനസിലാക്കുന്നു എന്നത് തന്നെ. പൊതുവായ ഒരര്‍ത്ഥം ആ വാക്കിന് സാധ്യമാണോ? അതാണ് ഈ ലേഖനത്തിന്റെ ചിന്താവിഷയം.
Theos എന്ന ഗ്രീക്ക് വാക്കിനോട് സമാനമാണ് നമ്മുടെ ദൈവം എന്ന പദം-- അര്‍ത്ഥത്തിലും ശബ്ദത്തിലും. ദൈവം ഉണ്ടെന്നും ആ ദൈവം ലോകത്തെ ഭരിക്കുന്നു എന്നും ഉള്ള വിശ്വാസമാണ് theism. ആ വിശ്വാസത്തെ നിഷേധിക്കുന്ന വിശ്വാസമാണ് atheism. എന്നാല്‍ ദൈവത്തെ മനുഷ്യന് അറിയാന്‍ കഴിയുകയില്ല എന്ന വിശ്വാസമാണ് agnosticism. Deism, Polytheism തുടങ്ങി മറ്റു പല വിശ്വാസങ്ങളും ദൈവവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്.
ദൈവത്തെപ്പറ്റി വസ്തുതകളൊന്നും ലഭ്യമല്ല. കാരണം ദൈവം നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് വിഷയമല്ല എന്നത് തന്നെ. അതുകൊണ്ടാണല്ലോ ദൈവം നമ്മുടെ ശാസ്ത്രത്തിന്റെ അന്വേഷണത്തിന് വിധേയമാകാത്തത്. ദൈവത്തെപ്പറ്റി നാം എന്ത് ചിന്തിച്ചാലും പറഞ്ഞാലും അതെല്ലാം നമ്മുടെ സങ്കല്പങ്ങളും വിശ്വാസങ്ങളും മാത്രമാണ്. വസ്തുതകള്‍ ലഭ്യമല്ലാത്തപ്പോഴാണ് നാം വിശ്വാസങ്ങളെ ആശ്രയിക്കുന്നത്. വിശ്വാസങ്ങള്‍ സത്യമോ അസത്യമോ ആകാന്‍ സാധ്യമല്ല, കാരണം അവയ്ക്ക് തെളിവുകള്‍ ഇല്ല. വിശ്വാസങ്ങള്‍ എത്രത്തോളം യുക്തിഭദ്രമാണ് എന്നും എത്രത്തോളം മനുഷ്യവര്‍ഗ്ഗത്തിന്റെ നന്മയ്ക്ക് ഉതകുന്നതാണ് എന്നും മാത്രമേ നമുക്ക് അന്വേഷിക്കാനാവൂ.
ഏറ്റവും ആദ്യമായി നാം അന്വേഷിക്കേണ്ടത് ദൈവം എന്ന വാക്ക് കൊണ്ട് നാം എന്താണ് ഉദ്ദേശിക്കുന്നത് എന്നുള്ളതാണ്. ദൈവം ഉണ്ടോ ഇല്ലയോ എന്നൊക്കെ വാദിക്കുന്നതിന് മുമ്പായി ആ വാക്ക് കൊണ്ട് എന്താണ് നാം അര്‍ത്ഥമാക്കുന്നത് എന്നതിനെപ്പറ്റി ഒരു ധാരണയിലെത്തണം.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമുഖത്ത് ജീവിച്ചിരുന്ന നമ്മുടെ പൂര്‍വികര്‍ ദൈവത്തെ സങ്കല്പിച്ചത് എങ്ങനെയായിരിക്കും എന്ന് അനുമാനിക്കാന്‍ ശ്രമിക്കാം. ലോകത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കാന്‍ അവര്‍ ശ്രമിച്ചു കാണണം. ദിവസവും കൂടുതല്‍ അറിവുകള്‍ അവര്‍ നേടിയെങ്കിലും അറിയാത്ത കാര്യങ്ങള്‍ എപ്പോഴും അവശേഷിച്ചു. ഭൂമികുലക്കം, കൊടുങ്കാറ്റ്, പേമാരി തുടങ്ങി പലതും അവരെ ഭയപ്പെടുത്തിക്കാണും. തല്‍ഫലമായി തങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങളെല്ലാം അറിയുന്ന ആരോ ഉണ്ടാവണം എന്ന് അവര്‍ സങ്കല്‍പ്പിച്ചു. ആ ആളെപ്പറ്റി യാതൊന്നും അറിഞ്ഞുകൂടാ എങ്കിലും അവര്‍ക്ക് അറിയാത്ത കാര്യങ്ങളെല്ലാം ആ ആള്‍ക്ക് അറിയാം എന്ന് അവര്‍ അനുമാനിച്ചു. അവര്‍ക്ക് കഴിയാത്ത കാര്യങ്ങള്‍ ആ ആള്‍ക്ക് കഴിയും എന്നും അവര്‍ അനുമാനിച്ചു. മനുഷ്യര്‍ക്കറിയാത്തതെല്ലാം അറിയുന്ന ആള്‍, മനുഷ്യര്‍ക്ക് കഴിയാത്തതെല്ലാം കഴിയുന്ന ആള്‍ എന്നിങ്ങനെയായിരിക്കണം നമ്മുടെ പൂര്‍വികര്‍ ദൈവത്തെ സങ്കല്‍പ്പിച്ചത്.
ലോകത്തെപ്പറ്റി നമ്മുടെ പൂര്‍വികരെക്കാള്‍ നമുക്ക് അറിവുണ്ട്. കൂടുതല്‍ അറിവ് നേടുന്തോറും അറിയാത്ത കാര്യങ്ങള്‍ അതിലേറെയുണ്ട് എന്ന ബോധ്യം ശക്തമാകുന്നതാണ് നമ്മുടെ അനുഭവം. നമുക്ക് കഴിയാത്ത കാര്യങ്ങള്‍ വളരെയുണ്ടെന്നും നാം തിരിച്ചറിയുന്നു. തല്‍ഫലമായി, എല്ലാം അറിയുന്ന, എല്ലാം കഴിയുന്ന ആരോ ഉണ്ടാവണം എന്ന് പൂര്‍വികരെപ്പോലെ നാമും അനുമാനിക്കുന്നു. എല്ലാം അറിയുന്ന ആള്‍ കാലപരിമിതിക്ക് അതീതനായേ മതിയാവൂ, കാരണം കാലപരിമിതിക്കുള്ളില്‍ ജീവിക്കുന്ന ഒരാളിന്റെ അറിവ് എപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കും എന്നാണ് നമ്മുടെ അനുഭവം. ഇതാണ് നമ്മുടെ അടിസ്ഥാന ദൈവസങ്കല്പം.
ആകാശത്തിലെത്ര നക്ഷത്രങ്ങളുണ്ട് എന്ന് ആരെങ്കിലും ചോദിച്ചാല്‍, അത് ദൈവത്തിനറിയാം എന്ന് നാം ഉത്തരം കൊടുക്കാറുണ്ട്.. ആ ചോദ്യത്തിന്റെ ഉത്തരം മനുഷ്യര്‍ക്ക് അറിഞ്ഞുകൂടാ, എന്നാല്‍ എല്ലാം അറിയുന്ന ആള്‍ക്ക് അതിന്റെ ഉത്തരവും അറിയാം. ആ ആളെപ്പറ്റി നമുക്ക് യാതൊന്നും അറിഞ്ഞുകൂടാ. എങ്കില്‍ പോലും അങ്ങനെ ഒരാളുണ്ടെന്ന് നാം സങ്കല്‍പ്പിക്കുന്നു.
ദൈവം എന്ന പദം കണക്കിലെ x പോലെ നാം ഉപയോഗിക്കുന്നു. അങ്ങനെ ഒന്ന് അവിടെ ഉണ്ട്, എന്നാല്‍ അത് എന്താണെന്ന് നമുക്ക് അറിഞ്ഞുകൂടാ എന്നാണ് ഒരു ഫോര്‍മുലയില്‍ x ഉപയോഗിക്കുമ്പോള്‍ അതിന്റെ അര്‍ഥം. എല്ലാം അറിയുന്ന, എല്ലാം കഴിയുന്ന, യാതൊരു തെറ്റും വരുത്താത്ത ഒന്ന് /ഒരാള്‍ എന്ന അനുമാനത്തിനപ്പുറം ദൈവത്തെക്കുറിച്ച് നമുക്ക് ഒന്നും അറിഞ്ഞുകൂടാ.
നാം ജീവിക്കുന്നു എന്ന് നമുക്കറിയാം. ലോകം നിലനില്ക്കുന്നു എന്നും അറിയാം. എന്നാല്‍ എന്തിനുവേണ്ടി നാം ജീവിക്കുന്നു, എന്തിനുവേണ്ടി ലോകം നിലനില്ക്കുന്നു എന്നൊന്നും നമുക്ക് അറിഞ്ഞുകൂടാ. ഇക്കാര്യങ്ങള്‍ നമുക്ക് അറിഞ്ഞുകൂടെങ്കിലും ആര്‍ക്കോ അറിയാം എന്ന് നാം അനുമാനിക്കുന്നു.
ദൈവത്തെക്കുറിച്ചുള്ള ഈ അനുമാനം ലോകസങ്കല്പത്തിന്റെ ഭാഗമാകുകയും, അതിനെ അടിസ്ഥാനമാക്കി രൂപമെടുത്ത ജീവിതവീക്ഷണത്തിന്മേല്‍ മനുഷ്യര്‍ തങ്ങളുടെ ജീവിതം കെട്ടിയുയര്‍ത്തുകയും ചെയ്തു. എന്നാല്‍ വിവിധ കാലങ്ങളില്‍, ദേശങ്ങളില്‍ അവര്‍ വികസിപ്പിച്ച ദൈവസങ്കല്പവും ജീവിതവീക്ഷണവും അതിന്മേല്‍ കെട്ടിപ്പടുത്ത ജീവിതരീതിയും പല കാര്യങ്ങളിലും വ്യത്യസ്തമായിരുന്നു. അങ്ങനെയാണ് ധാരാളം മതങ്ങള്‍ ലോകത്തിലുണ്ടായത് . ദൈവസങ്കല്പത്തിലുള്ള വ്യത്യാസങ്ങളുടെ പേരില്‍ മനുഷ്യര്‍ പരസ്പരം കലഹിക്കുകയും ഹനിക്കുകയും ചെയ്യുന്ന കാഴ്ച സന്മനസ്സുള്ള ആര്‍ക്കും വേദനയുണ്ടാക്കും. അതുകൊണ്ട് നമ്മുടെ വ്യത്യസ്തങ്ങളായ ദൈവസങ്കല്പങ്ങളില്‍ എന്തെല്ലാം സമാനതകള്‍ ഉണ്ട് എന്ന് കണ്ടെത്തുകയും, അവയെ അടിസ്ഥാനമാക്കി മനുഷ്യവര്‍ഗ്ഗത്തിന് ഒറ്റക്കെട്ടായി നില്‍ക്കാന്‍ കഴിയുമോ എന്നുമാണ് നാം ഇവിടെ അന്വേഷിക്കുന്നത്. മതാതീതമായ ഒരു ദൈവാന്വേഷണമാണ് ഇത് .
നമ്മുടെ ദൈവസങ്കല്പങ്ങളെ വസ്തുനിഷ്ടമായി ഒന്ന് കണ്ട് മനസിലാക്കാന്‍ ശ്രമിക്കാം. ലോകവുമായുള്ള ബന്ധത്തിലാണ് നാം ദൈവത്തെ സങ്കല്പിക്കാറുള്ളത്. താഴെപ്പറയുന്ന സങ്കല്പങ്ങളാണ് ഉണ്ടായിട്ടുള്ളത്.
ദൈവം ലോകത്തിനുള്ളില്‍ നിലനില്ക്കുന്നു.
ദൈവവും ലോകവും വെവ്വേറെ നിലനില്ക്കുന്നു.
ലോകം മാത്രമേയുള്ളൂ.
ദൈവം മാത്രമേയുള്ളൂ.
ലോകം ദൈവത്തിനുള്ളില്‍ നിലനില്ക്കുന്നു.
ആദ്യത്തെ സങ്കല്പം രണ്ടു വ്യത്യസ്ത രീതികളില്‍ കാണാം.
ലോകം എന്ന മഹാരാജ്യത്തിന്റെ രാജാവാണ് ദൈവം
ലോകം എന്ന മഹാശരീരത്തിനുള്ളിലെ ആത്മാവാണ് ദൈവം.
മിക്ക മതങ്ങളിലും നിലവിലിരിക്കുന്ന ദൈവവിശ്വാസം ആദ്യത്തെ സങ്കല്പമാണ്. ലോകം ഒരു വലിയ രാജ്യമാണ്; ദൈവം അതിന്റെ രാജാവായി സകലത്തെയും ഭരിക്കുന്നു. രണ്ടാമത്തേതില്‍ ലോകത്തെ ഒരു മഹാജീവിയായി സങ്കല്പിക്കുന്നു. ദൈവം ആ ജീവിയുടെ ആത്മാവാണ്. രണ്ടിലും, ദൈവം ലോകത്തിന്റെ ഒരു ഭാഗം തന്നെയാണ്. ലോകത്തെക്കുറിച്ച് എല്ലാമറിയുന്ന, സ്ഥലകാലപരിമിതികള്‍ക്ക് അതീതനായ ആള്‍ ലോകത്തിന്റെ ഭാഗമായിരിക്കുന്നത് യുക്തിഭദ്രമല്ല.
ഈ സങ്കല്പത്തിന്റെ യുക്തിരാഹിത്യത്തെ തിരുത്തിക്കൊണ്ടാണ് രണ്ടാമത്തെ സങ്കല്പം വരുന്നത്. അതനുസരിച്ച്, ദൈവം ലോകത്തിന്റെ ഭാഗമാകാതെ, ലോകത്തില്‍ നിന്ന് മാറി നില്ക്കുന്നു. എന്നാല്‍ മറ്റൊരു കാരണം കൊണ്ട് ഈ സങ്കല്പവും യുക്തിഭദ്രമല്ല. എല്ലാം അറിയുന്ന ദൈവം സ്ഥലകാല പരിമിതികള്‍ക്ക് അതീതനായിരിക്കണം. അങ്ങനെ അപരിമേയനായ ദൈവത്തില്‍ നിന്ന് മാറി സ്ഥലകാലങ്ങളും അവയ്ക്കകത്തുള്ള ലോകവും നിലനില്ക്കുന്നു എന്ന് സങ്കല്പിക്കുന്നത് യുക്തിഭദ്രമല്ല.
ഈ യുക്തിരാഹിത്യങ്ങളെയെല്ലാം നിഷേധിച്ചുകൊണ്ട് മൂന്നാമത്തെ സങ്കല്പം വരുന്നു-- ലോകം മാത്രമേയുള്ളൂ. ദൈവം വെറും അന്ധവിശ്വാസമാണ്. യുക്തിഭദ്രം എന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും ഇതും യുക്തിരഹിതമാണ്. ഇതിന്റെ യുക്തിരാഹിത്യം രണ്ടു തരമാണ്. ഒന്ന് , നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അറിയുന്ന ലോകമേ ഉള്ളു എന്ന് അവകാശപ്പെടുവാന്‍ നമുക്ക് അടിസ്ഥാനം ഇല്ല. രണ്ട്, സദാ മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന് പിന്നില്‍ അതിന് അടിസ്ഥാനമായി മാറ്റമില്ലാത്ത ഒന്നിനെ സങ്കല്‍പ്പിക്കാതെ നമ്മുടെ ചിന്ത യുക്തിഭദ്രം ആകുകയില്ല.
മുകളില്‍ കണ്ട യുക്തിരാഹിത്യങ്ങളുടെയെല്ലാം പരിഹാരമായി വരുന്ന സങ്കല്പമാണ് നാലാമത്തേത് -- ദൈവം മാത്രമേയുള്ളൂ. ലോകം ഉണ്ടെന്നത് നമ്മുടെ ഒരു തോന്നല്‍ മാത്രമാണ്. വളരെ യുക്തിഭദ്രമായ ഒരു സങ്കല്പം തന്നെയാണ് ഇത്. സ്ഥലകാലങ്ങള്‍ക്കതീതനായ ദൈവത്തില്‍ നിന്നന്യമായി ഒന്നിനും നിലനില്ക്കാനാവില്ല. എന്നാല്‍ ഇതും പ്രശ്നവിമുക്തമല്ല. ലോകം ഇല്ലെന്ന് വന്നാല്‍ നമ്മളും ഇല്ല. നാം ജീവിക്കുന്നില്ല; ജീവിക്കുന്നു എന്നത് ഒരു തോന്നല്‍ മാത്രം. അങ്ങനെയെങ്കില്‍ അര്‍ത്ഥവത്തായ ഒരു ജീവിതം നയിക്കുവാന്‍ ഈ സങ്കല്പം മനുഷ്യരെ സഹായിക്കുന്നില്ല എന്ന് സമ്മതിക്കേണ്ടി വരും.
ഈ പ്രശ്നം പരിഹരിച്ചുകൊണ്ടാണ് അഞ്ചാമത്തെ സങ്കല്പം വരുന്നത്. നാലാമത്തെ സങ്കല്പം തന്നെ രണ്ടു വ്യത്യസ്ത കാഴ്ചപ്പാടുകളില്‍ കൂടെ കാണുകയാണ് ഈ സങ്കല്പം – ദൈവത്തില്‍ നിന്നും ലോകത്തില്‍ നിന്നും. ദൈവം മാത്രമേയുള്ളൂ എന്ന നാലാമത്തെ സങ്കല്പം ദൈവത്തില്‍ നിന്നുള്ള കാഴ്ചപ്പാടാണ്. എന്നാല്‍ ലോകത്തില്‍ നിന്നുള്ള കാഴ്ചപ്പാടില്‍ ലോകം യഥാര്‍ത്ഥമായി നിലനില്ക്കുന്നു; അതിനെ ഉള്ളിലാക്കി ദൈവവും നിലനില്ക്കുന്നു.
സമാപനം
ഓരോ മതവും അതിന്റേതായ ദൈവവിശ്വാസം സംരക്ഷിക്കുന്നു. അവയെ അപ്പാടേ നിരാകരിച്ചുകൊണ്ട് നാസ്തികവിശ്വാസം നിലകൊള്ളുന്നു. ഈ വിശ്വാസങ്ങളെയെല്ലാം അടിസ്ഥാനമാക്കി മനുഷ്യര്‍ കലഹിക്കുന്ന ഇന്നത്തെ സാഹചര്യത്തിലാണ് ഒരു മതാതീതമായ ദൈവവിശ്വാസത്തെക്കുറിച്ച് ഇവിടെ നാം ചിന്തിക്കുന്നത്. ദൈവത്തെക്കുറിച്ച് നമുക്ക് വസ്തുതകള്‍ ഇല്ല, സങ്കല്പങ്ങള്‍ മാത്രമേയുള്ളൂ. അവയില്‍ നിന്ന് ഏറ്റവും യുക്തിഭദ്രവും മനുഷ്യവര്‍ഗ്ഗത്തിന് ഉപകാരപ്രദവുമായ ഒന്ന് തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. അത്തരത്തില്‍ മതാതീതമായ ഒരു ദൈവസങ്കല്പം രൂപീകരിക്കുമ്പോള്‍ അതിനെ അടിസ്ഥാനമാക്കി മതാതീതമായ ഒരു ജീവിതവീക്ഷണവും സംസ്കാരവും വികസിപ്പിക്കാനാവും.
ജോണ്‍ കുന്നത്ത്
Comments