അനുരഞ്ജനത്തിന് സത്യസന്ധത

മൈത്രിയിലായിരുന്ന രണ്ടു കൂട്ടര്‍ നിര്‍ഭാഗ്യകരമായ വിവിധ കാരണങ്ങള്‍ കൊണ്ട് ശത്രുക്കളായി മാറുന്നു എന്ന് സങ്കല്‍പ്പിക്കാം. അവരുടെ ശത്രുത മാറി വീണ്ടും മൈത്രിയില്‍ ആകണമെങ്കില്‍ അഥവാ അനുരഞ്ജനം സംഭവിക്കണമെങ്കില്‍ അതിന് ഇരുകൂട്ടരുടെയും സന്മനസ്സും  സഹകരണവും അത്യാവശ്യം തന്നെ. എങ്ങനെ ശത്രുത സംഭവിച്ചു എന്നതിനെപ്പറ്റി സത്യസന്ധമായ ഒരു വിലയിരുത്തലാണ് ആദ്യം വേണ്ടത്.

ഒരു ശത്രുത ഉണ്ടാകുന്നതിനു താഴെപ്പറയുന്ന രണ്ട് കാരണങ്ങള്‍ ഉണ്ടാകാം:

  1. ഒരാളിന്റെ പക്ഷത്തു തെറ്റ് സംഭവിക്കുന്നു

  2. ഒരാള്‍ക്ക് മറ്റേ ആളെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാകുന്നു.

തെറ്റുകളും തെറ്റിധാരണകളും കൂടുതല്‍ തെറ്റുകളിലേക്കും തെറ്റിധാരണകളിലേക്കും നയിക്കുന്നു. അതിന്റെ ഫലമായി ശത്രുതയുടെ ആഴവും പരപ്പും വര്‍ദ്ധിക്കുന്നു.

ശത്രുത ഒരു രോഗമാണ്. രോഗം ഭേദമായി മൈത്രി ഉണ്ടാകുന്നതിന് ശരിയായ ചികിത്സ ആവശ്യമാണ്‌. ശരിയായ ചികിത്സ നല്‍കുന്നതിന് ശരിയായ രോഗനിര്‍ണ്ണയം ആവശ്യമാണ്‌. എന്താണ് രോഗത്തിന് മൂലകാരണമായത് എന്ന് കണ്ടെത്തണം. ശത്രുത ഉണ്ടായത് ഒരാളിന്റെ തെറ്റിദ്ധാരണ നിമിത്തമാണോ അതോ ഒരാളുടെ തെറ്റ് നിമിത്തമാണോ എന്ന് കണ്ടെത്തണം.

ഈ കണ്ടെത്തല്‍ വളരെ പ്രയാസകരമാണ്. കാരണം, ഓരോരുത്തരും സ്വയം ന്യായീകരിച്ച് മറ്റുള്ളവരെ പഴിചാര്‍ത്താനാണ് സാധാരണ ശ്രമിക്കാറുള്ളത്. മത്തായിയും ചാക്കോയും ശത്രുക്കളാകുന്നു എന്ന് സങ്കല്‍പ്പിക്കുക. നിങ്ങള്‍ എങ്ങനെ ശത്രുക്കളായി മാറി എന്ന് അവരോട് ചോദിച്ചാല്‍ എന്താവും മറുപടി. ചാക്കോയാണ് കാരണക്കാരന്‍ എന്ന് മത്തായി പറയും. മത്തായിയാണ് കാരണക്കാരന്‍ എന്ന് ചാക്കോ പറയും. ഇങ്ങനെ പരസ്പരം പഴിചാരി ഇരുന്നാല്‍ അവരുടെ ശത്രുതയുടെ ആഴവും പരപ്പും കുറേക്കൂടി വര്‍ദ്ധിക്കുമെന്നല്ലാതെ അനുരഞ്ജനം സംഭവിക്കുകയില്ല.

അനുരഞ്ജനം സംഭവിക്കണമെന്ന ആത്മാര്‍ഥമായ ആഗ്രഹം ഇരുകൂട്ടര്‍ക്കും ഉണ്ടെങ്കില്‍ ആദ്യം വേണ്ടത് സത്യസന്ധമായ ഒരന്വേഷണമാണ്. സ്വയനീതീകരണവും മറ്റുള്ളവരെ പഴിചാരലും ഇരുകൂട്ടരും ഒഴിവാക്കണം. തെറ്റിദ്ധാരണയാണ് മൂലകാരണമെങ്കില്‍ അത് കണ്ടെത്തുകയും തിരുത്തുകയും ചെയ്യുക. ഒരാളുടെ പക്ഷത്തുണ്ടായ തെറ്റാണ് മൂലകാരണമെങ്കില്‍, അത് സമ്മതിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുക. അങ്ങനെയാണ് അനുരഞ്ജനം സംഭവിക്കുന്നത്.

ഈ ആശയം വ്യക്തമായി മനസിലാക്കുന്നതിന് എല്ലാവര്‍ക്കും അറിയാവുന്ന ചില കഥകള്‍ സഹായിക്കും.

  1. യാക്കോബും എശാവും സഹോദരങ്ങള്‍. യാക്കോബ് ഏശാവിനെ ചതിക്കുന്നു. യാക്കോബിനെ കൊല്ലാന്‍ തക്ക കോപം എശാവിനുണ്ടാകുന്നു. അവിടെനിന്ന് ഓടി രക്ഷപെട്ട യാക്കോബ് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം തെറ്റ് തിരിച്ചറിയുകയും തിരികെയെത്തി എശാവിനോട് കുറ്റസമ്മതം നടത്തുകയും ചെയ്യുന്നു. എശാവ് അപ്പോള്‍ തന്നെ യാക്കോബിനോട്‌ ക്ഷമിക്കുകയും അവരുടെ സൗഹൃദം പുനസ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.

  2. ഒരു പിതാവും മകനും. മകന്‍ പിതാവിനോട് തന്റെ ഓഹരി വാങ്ങി പോകുകയും എല്ലാം നാനാവിധത്തില്‍ നശിപ്പിച്ച് ഒന്നുമില്ലാത്തവനായി മാറുകയും ചെയ്യുന്നു. തന്റെ തെറ്റ് മനസിലാക്കി തിരികെ പിതാവിന്റെ അടുക്കലെത്തി കുറ്റം സമ്മതിക്കുന്നു. പിതാവ് അവനോട് ക്ഷമിച്ച് മകനായി വീണ്ടും സ്വീകരിക്കുന്നു.

  3. ഒരു തോട്ടമുടമയും അവിടുത്തെ ജോലിക്കാരും. അവര്‍ക്കിടയില്‍ സൌഹൃദമുണ്ട്. ഒരു തെറ്റിദ്ധാരണയ്ക്ക് വശംവദരായി ജോലിക്കാര്‍ തോട്ടമുടമയെ സംശയിക്കുകയും തോട്ടമുടമയുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നു. ഇതെപ്പറ്റി തോട്ടമുടമ ചോദിക്കുമ്പോള്‍ സ്വന്തം തെറ്റ് സമ്മതിക്കുന്നതിന് പകരം സ്വയം ന്യായീകരിക്കുകയും മറ്റുള്ളവരുടെ മേല്‍ പഴിചാരുകയുമാണ് ജോലിക്കാര്‍ ചെയ്തത്. അങ്ങനെ സൗഹൃദം പുനസ്ഥാപിക്കാനുള്ള അവസരം അവര്‍ നഷ്ടപ്പെടുത്തി.

മനുഷ്യര്‍ തമ്മില്‍ സൌഹൃദത്തോടെ ഇരിക്കാനാണ് എല്ലാ മതപാരമ്പര്യങ്ങളും നമ്മെ പഠിപ്പിക്കുന്നത്. മനുഷ്യര്‍ക്ക് പരസ്പരം മാത്രമല്ല, മനുഷ്യന് ദൈവവുമായും പ്രകൃതിയുമായും സൗഹൃദം വേണം. എന്തെങ്കിലും കാരണവശാല്‍ സൌഹൃദം നഷ്ടപ്പെട്ടാല്‍ എത്രയും വേഗം അത് പുനസ്ഥാപിക്കപ്പെടണം. അതിന് വേണ്ടത് സത്യസന്ധമായ ആഗ്രഹവും അന്വേഷണവും ആണ്. തെറ്റിദ്ധാരണയുണ്ടെങ്കില്‍ തിരുത്താനും തെറ്റുണ്ടെങ്കില്‍ സമ്മതിക്കാനും സന്മനസ്സുണ്ടാകണം.

നമ്മുടെയെല്ലാം ജീവിതത്തില്‍ എപ്പോഴും അനുവര്‍ത്തിക്കേണ്ട കാര്യമാണിത്. എങ്കിലും ഇത്തരുണത്തില്‍ പ്രത്യേകമായി മനസ്സില്‍ വരുന്നത് നമ്മുടെ നാട്ടില്‍ ക്രൈസ്തവസഭകള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ശത്രുതയാണ്. ശത്രുതയുടെ സ്ഥാനത്ത് മൈത്രി ഉണ്ടാകണമെന്ന ആത്മാര്‍ഥമായ ആഗ്രഹമാണ് ആദ്യം നമുക്കെല്ലാം ഉണ്ടാകേണ്ടത്. പിന്നീടുണ്ടാകേണ്ടത് എങ്ങനെ ശത്രുത സംഭവിച്ചു എന്ന് കണ്ടെത്താനുള്ള സത്യസന്ധമായ ഒരു അന്വേഷണമാണ്. ഓരോ സഭകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന സഭാചരിത്രരചനകള്‍ അവരവരെത്തന്നെ ന്യായീകരിച്ചും മറ്റുള്ളവരുടെ മേല്‍ പഴിചാര്‍ത്തിയും ഉള്ളതാണ്. ശത്രുതയുടെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കാനേ ഇത്തരം ചരിത്രരചനകള്‍ ഉപകരിക്കൂ. യഥാര്‍ത്ഥ ക്രൈസ്തവസഭ തങ്ങളുടെതാണ്; ബാക്കിയെല്ലാം തെറ്റും. ഇങ്ങനെയാണ് ഓരോ സഭകളും അവകാശപ്പെടുന്നത്. ഇത്തരം സ്വയന്യായീകരണചരിത്രങ്ങള്‍ക്ക് പകരം സത്യസന്ധമായ ഒരു ചരിത്രം നമുക്ക് കൂട്ടായി കണ്ടെത്തേണ്ടതുണ്ട്.

വെറും നാല് നൂറ്റാണ്ട് മുമ്പ് വരെ ഭാരതത്തില്‍ ഒരൊറ്റ ക്രൈസ്തവ സഭ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ വന്ന വിദേശികളാണ് ഒന്നായിരുന്ന ഈ സമൂഹം പല കഷണങ്ങളായി വിഭജിക്കപ്പെടുവാന്‍ കാരണമായത്. വിദേശികള്‍ ഇന്ന് ഇവിടെയില്ല; അവര്‍ ഭാരതം വിട്ടിട്ട് അനേകം ദശാബ്ദങ്ങള്‍ കഴിഞ്ഞു. എങ്കിലും അവര്‍ വെട്ടി മുറിച്ചിട്ടിട്ട് പോയ ക്രൈസ്തവസമൂഹം ഇന്നും പല കഷണങ്ങളായി പരസ്പരശത്രുതയില്‍ തമ്മില്‍ പോരടിച്ച് കഴിയുന്നു. ഈ ദുഖകരമായ അവസ്ഥ മാറണമെങ്കില്‍ ആദ്യം നമുക്ക് അതിനുള്ള ആഗ്രഹം ഉണ്ടാകണം. പിന്നീട് സത്യസന്ധമായ ഒരന്വേഷണം നാം നടത്തണം. സ്വയനീതീകരണം നമുക്കെല്ലാം മാറ്റിവയ്ക്കാം. തെറ്റിദ്ധാരണ ആണോ അതോ തെറ്റാണോ സംഭവിച്ചത് എന്ന് കണ്ടെത്താം. തെറ്റിദ്ധാരണകളെ തിരുത്താം. തെറ്റുകള്‍ സമ്മതിച്ച് പശ്ചാത്തപിക്കാം. അങ്ങനെ നമുക്ക് വീണ്ടും ഒന്നാകാം; സമാധാനത്തോടെ ജീവിക്കാം.

Comments

Anonymous said…
In any conflict mistakes will be there on both sides. BUT to Reconcile there must be a desire and humility for the Same.For
that Holy Spirit has to intervene.
Anonymous said…
In any conflict mistakes will be there on both sides. BUT to Reconcile there must be a desire and humility for the Same.For
that Holy Spirit has to intervene.
Baboi George said…
\\o// Sending out the fellow Christians to pray in a marque outside and praying to the same Lord Almighty, should make the hierarchy skin cringe in shame - Learn CONCILIATION before preaching to common man.....
Anonymous said…
എത്ര ലളിതമായി വിവരിച്ചിരിക്കുന്നു 👌

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം