സഭാതര്‍ക്കങ്ങളുടെ അറിയപ്പെടാത്ത രഹസ്യങ്ങള്‍
കെ. ജോസഫ് സഖറിയ കൊച്ചുപുരയ്ക്കല്‍
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതി വരെയുള്ള മലങ്കരസഭാചരിത്രം ആദ്യം സ്വന്തം കാഴ്ചപ്പാടിലൂടെ അദ്ദേഹം ചുരുക്കി എഴുതുന്നു. അതിന് അദ്ദേഹം അവലംബമാക്കിയിരിക്കുന്നത് നിലവിലുള്ള ചരിത്ര ഗ്രന്ഥങ്ങള്‍ തന്നെയാണ്. 15 ചരിത്ര പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് ഒടുവില്‍ കൊടുത്തിരിക്കുന്നു. അതിന് ശേഷമുള്ള സഭാചരിത്രം തന്റെ കുടുംബചരിത്രവുമായി ചേര്‍ന്ന് പോകുന്നു. തന്റെ മാതാപിതാക്കളില്‍ നിന്നും പിതാമഹനില്‍ നിന്നും ലഭിച്ച വാമൊഴിയാണ് തന്റെ കുടുംബ ചരിത്രത്തിനു ആലംബം.
മലങ്കരയില്‍ നവീകരണത്തിന് തുടക്കമിട്ട പാലക്കുന്നത്ത് എബ്രഹാം മല്പാന് തന്റെ സഹോദരപുത്രനായ മാത്തന് ശെമ്മാശനെ അന്ത്യോഖ്യ പാത്രിയര്‍ക്കീസിന്റെ അടുത്തേക്ക് അയയ്ക്കുകയും അദ്ദേഹം അവിടെ നിന്ന് 1843 ല്‍ മാത്യൂസ് മാര്‍ അത്താനാസ്യോസ് ആയി മെത്രാന് പട്ടമേറ്റ് തിരികെ വരികയും ചെയ്തു. 1852 ല്‍ ലഭിച്ച രാജവിളംബരത്തിന്റെ ബലത്തില്‍ അദ്ദേഹം മലങ്കര മെത്രാപ്പോലീത്താ ആയി. അദ്ദേഹത്തിന്റെ ഉറ്റ മിത്രവും സഹായിയും ഉപദേഷ്ടാവും ആയിരുന്നു കുര്യന് റൈറ്റര്‍. കോട്ടയത്തെ അക്കരെ കുന്നുംപുറത്ത് കുടുംബത്തില്‍ ജനിച്ച കുര്യന് റൈറ്റര്‍ തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ മിത്രവും ഉപദേഷ്ടാവും ഒക്കെയായിരുന്ന ഒരു ബഹുമുഖപ്രതിഭാശാലിയായിരുന്നു. കുര്യന് റൈറ്ററുടെ പിന്തുണയും സഹായവും ലഭിച്ചതിനാല്‍ പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിന് മലങ്കരസഭയെ അടക്കി വാഴുവാന്‍ സാധിച്ചു. എബ്രഹാം മല്പാന്റെ മകന് തോമസ് കശീശായെ അദ്ദേഹം തോമസ് മാര്‍ അത്താനാസ്യോസ് എന്ന പേരില്‍ മെത്രാനായി വാഴിച്ചു. എന്നിട്ട് പുതിയ മെത്രാന്റെ അധ്യക്ഷതയില്‍ 18 പേരുള്ള ഒരു ആലോചനാസമിതി രൂപീകരിച്ചു. കണ്ടനാട് ഗ്രന്ഥവരിയില്‍ പറഞ്ഞിരിക്കുന്ന ഈ പേരുകളെല്ലാം ഇവിടെ എടുത്തു ചേര്‍ത്തിരിക്കുന്നു. അതില്‍ മൂന്നു പേരുടെ പേര് ഗ്രന്ഥകര്‍ത്താവ് പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നു.
കുന്നുംപുറത്ത് ഉലഹന്നാന്: ഇളയ സഹോദരന് കുര്യന് റൈറ്റര്‍. മകന് സി.ജെ. കുര്യന്
കൊച്ചുപുരയ്ക്കല്‍ ഉതുപ്പ് : മരുമകന് സി.ജെ കുര്യന്. കൊച്ചുമകന് ഇ.ജെ. ഫിലിപ്പോസ് വക്കീല്‍
ഇലഞ്ഞിക്കല്‍ ചാക്കോ: ഭാര്യ കുര്യന് റൈറ്റരുടെ സഹോദരി . മകന് ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീല്‍. സഹോദരന്റെ കൊച്ചുമകന് കെ.സി. മാമന് മാപ്പിള
ഈ കുടുംബ ബന്ധങ്ങളില്‍ ഉണ്ടായ ചില കലഹങ്ങള്‍ സമുദായ കലഹത്തിന്റെ അടിവേരുകളായി പരിണമിച്ചു എന്നാണ് ഈ പുസ്തകത്തിലൂടെ ഗ്രന്ഥകര്‍ത്താവ് പറഞ്ഞുവയ്ക്കുന്നത്. ഗ്രന്ഥകാരന്റെ പിതാവ് കൊച്ചുപുരയ്ക്കല്‍ കെ.കെ.ജോസഫിന്റെ മകന് സഖറിയ ജോസഫ് , മാതാവ് ഇലഞ്ഞിക്കല്‍ കൊച്ചുമാത്യുവിന്റെ മകള്‍ കുഞ്ഞൂഞ്ഞമ്മ സഖറിയ. കുര്യന് റൈറ്ററുടെ കൊച്ചുമകളുടെ മകനാണ് കാലം ചെയ്ത ഫിലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത . ഈ ഗ്രന്ഥകാരന്റെ പ്രപിതാമാഹിയായിരുന്നു തിരുമേനിയുടെ അമ്മ.
വട്ടിപ്പണത്തിന്റെ പലിശയായ 36000 രൂപ എങ്ങനെ ചെലവ് ചെയ്യണമെന്ന കാര്യത്തെ ചൊല്ലി കുര്യന് റൈറ്റര്‍ മാത്യൂസ് മാര്‍ അത്താനാസ്യോസുമായി പിണങ്ങി. മെത്രാപ്പോലീത്തയുടെ ദുര്‍ഭരണം കണ്ട് മടുത്തിട്ട് 1852 ല്‍ മെത്രാപ്പോലീത്തയ്ക്ക് അനുകൂലമായി ഇറക്കിയിരുന്ന രാജവിളംബരം റദ്ദാക്കിക്കൊണ്ട് 1876 ല്‍ മറ്റൊരു വിളംബരം രാജാവിനെ കൊണ്ട് കുര്യന് റൈറ്റര്‍ പുറപ്പെടുവിച്ചു. ആ വര്‍ഷം കൂടിയ മുളന്തുരുത്തി സുന്നഹദോസില്‍ മാര്‍ അത്താനാസ്യോസിനെയും കൂട്ടരെയും നവീകരണക്കാര്‍ എന്ന് മുദ്രകുത്തി പുറത്താക്കി. 1889 ല്‍ റോയല്‍ കോടതി വിധി വന്നപ്പോള്‍ ചുരുക്കം ചില പള്ളികളുമായി അവര്‍ പുറത്തു പോയി മാര്ത്തോമാസഭയായി. ഇങ്ങനെ മാര്‍ത്തോമാ സഭ പിരിഞ്ഞതിന്റെ പിന്നില്‍ വാസ്തവത്തില്‍ വിശ്വാസവിഷയങ്ങളെക്കാളധികം വ്യക്തി വൈരാഗ്യങ്ങളും കലഹങ്ങളുമാണുള്ളത്.
1879 ല്‍ പുലിക്കൊട്ടില്‍ മാര്‍ ദിവന്നാസിയോസ് തോമസ് മാര്‍ അത്താനാസ്യോസിനെതിരെ ആലപ്പുഴ കോടതിയില്‍ കേസ് കൊടുത്തു. അക്കാലത്ത് മാര്‍ ദിവാന്നാസ്യോസ് മെത്രാപ്പോലീത്തയ്ക്ക് അവിടെ താമസിച്ച് കേസ് നടത്തുവാന്‍ കുര്യന് റൈറ്റര്‍ സഭയ്ക്ക് ഒരു വസ്തു ദാനം ചെയ്തു. 1886 ല്‍ കുര്യന് റൈറ്റര്‍ അന്തരിച്ചു. സഹോദരപുത്രനായ സി.ജെ.കുര്യന് ആ സ്ഥാനത്ത് നേതൃത്വത്തിലേക്ക് വന്നു. സി.ജെ.കുര്യനും കസിന് ആയ ഇ.ജെ. ജോണ്‍ വക്കീലും ഒന്നിച്ച് തിരുവനന്തപുരത്ത് കുര്യന് റൈറ്റരുടെ ബംഗ്ലാവില്‍ താമസിച്ചാണ് പഠിച്ച് വളര്‍ന്നത്. സി.ജെ.കുര്യന് കുര്യന് റൈറ്റരുടെ ബിസിനസ് സാമ്രാജ്യത്തില്‍ പങ്കാളിയായി, ഈ .ജെ.ജോണ്‍ പ്രശസ്തനായ വക്കീല്‍ ആയി.
റോയല്‍ കോടതി വിധിക്ക് ശേഷം പുലിക്കോട്ടില്‍ ദിവാന്നാസ്യോസ് മലങ്കര മെത്രാപ്പോലീത്താ ആയി. സി.ജെ. കുര്യന് അല്മായ ട്രസ്ടിയുമായി. പുലിക്കോട്ടില്‍ തിരുമേനിയ്ക്ക് പ്രായമായപ്പോള്‍ വട്ടശ്ശേരില്‍ മെത്രാച്ചനെ ആ സ്ഥാനത്തേയ്ക്ക് കൊണ്ട് വരാന്‍ സി.ജെ. കുര്യന് മുന്‍കൈ എടുത്തു. ഒരു കോങ്കണ്ണ് ഉള്ളതുകൊണ്ട് അദ്ദേഹത്തെ മെത്രാനാക്കുന്നതിന് പൊതുവേ എതിര്‍പ്പായിരുന്നു. എന്നാല്‍ സി.ജെ.കുര്യന് ആളുകളെ അനുനയിപ്പിച്ച് സമ്മതിപ്പിച്ചു.
എന്നാല്‍ ആ സ്ഥാനത്തേക്ക് വന്നതുമുതല്‍ വട്ടശ്ശേരില്‍ തിരുമേനി തന്നെ അവഗണിക്കുന്നതാണ് സി.ജെ.കുര്യന് കണ്ടത്; കൂടുതല്‍ പരിഗണന മെത്രാപ്പോലീത്ത കൊടുത്തത് ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീലിന് ആയിരുന്നു. കുര്യന് റൈറരുടെ ഒരു ചിത്രം കമ്മറ്റി മാളികയില്‍ വയ്ക്കണമെന്ന് സി.ജെ കുര്യന് ആഗ്രഹിച്ചു. വട്ടശ്ശേരില്‍ തിരുമേനി ആലോചിക്കാം എന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് നിരാകരിച്ചു. തിരുമേനിയുടെ വിശ്വസ്ത ഉപദേശകനായിരുന്ന പണിക്കരച്ചന്റെ ഉപദേശം അതിന്റെ പിന്നില്‍ ഉണ്ടായിരുന്നിരിക്കണം. പണിക്കരച്ചന് ആണ് പിന്നീട് മലങ്കര കത്തോലിക്കാ റീത്ത് സ്ഥാപിച്ച മാര്‍ ഈവാനിയോസ്. ആലപ്പുഴയില്‍ കുര്യന് റൈറ്റര്‍ സഭയ്ക്ക് ദാനം കൊടുത്ത വസ്തു ആയിടയ്ക്ക് വട്ടശ്ശേരില്‍ തിരുമേനി വിറ്റു. തന്നോട് ആലോചിക്കാതെ ആ വസ്തു വിറ്റതില്‍ സി.ജെ.കുര്യന് തിരുമേനിയോട് അമര്‍ഷം തോന്നി. വട്ടശ്ശേരില്‍ തിരുമേനി സി.ജെ.കുര്യനെ അനുനയിപ്പിച്ചിരുന്നെങ്കില്‍ ആ പ്രശ്നം അവിടെ തീരുമായിരുന്നു.
വൈദിക ട്രസ്ടിയായിരുന്ന കോനാട്ട് മാത്തന് മല്പാനും വട്ടശ്ശേരില്‍ തിരുമേനിയോട് അസൂയയും പകയും ഉണ്ടായിരുന്നു. വട്ടശ്ശേരില്‍ തിരുമേനിയ ഒരു പാഠം പഠിപ്പിക്കാന്‍ അദ്ദേഹവും സി.ജെ.കുര്യനും തക്കം പാര്‍ത്തിരിക്കുമ്പോള്‍ അബ്ദുള്ള പാത്രിയര്‍ക്കീസ് എത്തി. അവരിരുവരും പാത്രിയര്‍ക്കീസിന്റെ പക്ഷത്ത് നിന്ന് കൊണ്ട് വട്ടശ്ശേരില്‍ തിരുമേനിക്കെതിരെ കേസ് കൊടുത്തു. 1911 ല്‍ പാത്രിയര്‍ക്കീസ് വട്ടശ്ശേരില്‍ തിരുമേനിയെ മുടക്കിക്കൊണ്ട് കല്‍പ്പന ഇറക്കി. മലങ്കര മുഴുവന്‍ മെത്രാന് കക്ഷി, ബാവാ കക്ഷി എന്നിങ്ങനെരണ്ട് പക്ഷമായി തിരിഞ്ഞു തര്‍ക്കങ്ങള്‍ ആരംഭിച്ചു. ഇരുകക്ഷികളും വട്ടിപ്പണത്തിനായി തിരുവനന്തപുരം ജില്ലാക്കോടതിയില്‍ അവകാശം ഉന്നയിച്ചു. ഇലഞ്ഞിക്കല്‍ ഫിലിപ്പോസ് വക്കീല്‍ വട്ടശ്ശേരില്‍ തിരുമേനിക്ക് വേണ്ടി വാദിക്കുകയും 1919 ല്‍ അനുകൂലമായ വിധി നേടുകയും ചെയ്തു. കോനാട്ട് മല്പാനും സി.ജെ കുര്യനും കൂടി ആ വിധിക്കെതിരായി തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുത്തു. സര്.സി.പി.രാമസ്വാമി അയ്യര്‍ ആയിരുന്നു വക്കീല്‍. സി.ജെ.കുര്യന് കൊടുത്ത പാരിതോഷികം കൈപ്പറ്റികൊണ്ട് ചീഫ് ജസ്റിസ് വീരരാഘവ അയ്യങ്കാര്‍ ജില്ലാക്കോടതി വിധി അസ്ഥിരപ്പെടുത്തി.
ഈ വിധി പുനപരിശോധിക്കാനുള്ള ഒരു അപ്പീല്‍ ഇലഞ്ഞിക്കല്‍ ഇ.ജെ ഉതുപ്പ് തയാറാക്കി അയ്യങ്കാരുടെ കോടതിയില്‍ സമര്‍പ്പിച്ചു. രജിസ്ടരില് വരവ് വച്ച ശേഷം അത് ഒരു മുന്‍സിഫ് കോടതിയിലേക്ക് തന്ത്രപൂര്‍വം അയയ്ക്കപ്പെട്ടു. അയ്യങ്കാര്‍ മാറി പുതിയ ജഡ്ജി ചുമതലയേറ്റപ്പോള്‍ അപ്പീല്‍ അദ്ദേഹത്തിന്റെ മുന്നിലെത്തി . 1928 ല്‍ വട്ടശ്ശേരില്‍ തിരുമേനിക്ക് അനുകൂലമായ വിധിയുണ്ടായി.
സമാപനം
ഒന്നായിരുന്ന മലങ്കരസഭ കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളായി അനേകം കഷണങ്ങളായി വിഭജിക്കപ്പെട്ടു. വിദേശരാഷ്ട്രങ്ങളുടെ അധിനിവേശവും ഒപ്പം വിദേശക്രൈസ്തവ സഭകളുടെ കടന്നുകയറ്റവും അതോടൊപ്പം പട്ടത്വ കൈമാറ്റത്തെക്കുറിച്ച് ശരിയായ ക്രൈസ്തവ ധാരണ ഇല്ലാതിരുന്നതുമൊക്കെ അതിന് അടിസ്ഥാനകാരണങ്ങളാണ്. ഈ അടിസ്ഥാനകാരണങ്ങള്‍ ഇരിക്കെത്തന്നെ അതോടൊപ്പം ചില വ്യക്തിവൈരാഗ്യങ്ങളും മറ്റും അതിന് കാരണമായി ഭവിച്ചിട്ടുണ്ട് എന്നാണ് ഈ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. അത് പലപ്പോഴും ചില തെറ്റിധാരണകള്‍ കാരണമാണ് സംഭവിച്ചിട്ടുള്ളത്. പലപ്പോഴും ചിലരുടെ അകാരണമായ അഹംഭാവം അതിന് കാരണമായിട്ടുണ്ട്. നിസ്സാരമായി പരിഹരിക്കാവുന്ന ചില പ്രശ്നങ്ങളാണ് പിന്നീട് സുപ്രീം കോടതി വരെ പോകുന്നത് എന്ന് കാണാം. ഒരു തെറ്റു പറ്റിപ്പോയി എന്ന് സമ്മതിക്കാനുള്ള തുറന്ന മനസ്സ് ഇല്ലാത്തതുകൊണ്ടോ അല്ലെങ്കില്‍ മറ്റൊരാളിന്റെ ഒരബദ്ധം ഒന്ന് ക്ഷമിച്ചു കൊടുക്കാനുള്ള സന്മനസ്സില്ലാത്തതുകൊണ്ടോ ഒരു ചെറു ചെടി പോലത്തെ നിസ്സാരപ്രശ്നം പില്ക്കാലത്ത് ഒരു അരയാല്‍ കണക്കെ ശാഖോപശാഖകളായി പടര്‍ന്ന് പന്തലിക്കുന്നതാണ് നമുക്ക് കാണേണ്ടി വരുന്നത്. ഈ ഗ്രന്ഥത്തിലൂടെ ഇത്രയും അമൂല്യമായ ഈ പാഠമാണ് ശ്രീ കെ. ജോസഫ് സഖറിയ കൊച്ചുപുരയ്ക്കല്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്.
ജോണ്‍ ഡി. കുന്നത്ത്
For copies contact: kzjoseph@yahoo.co.in
Comments
Thanks .,Read your comments on church history . Several years ago I had some eminent theologians as friends . They’ve told me that even the Nicene synod could have had a better outcome . The spirit was directing the discussion in other directions . Even late Fr VC Samuel told me that synod of Calcidon could have had an amicable settlement .
There church historians who say that the division of the church into west and and East was political and was due power mongering groups
Even in my life time senior people have mentioned that many of the litigations could have been avoided if the warring factions had some degree of common sense and charity in their approach .
Have a good summer
PK George