ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ - ഒരു ലഘുചരിത്രം

പടിഞ്ഞാറന്‍ യൂറോപ്പിലുള്ള ആളുകള്‍ 16 മുതല്‍ 19 വരെയുള്ള നാല് നൂറ്റാണ്ടുകള്‍ കൊണ്ട് ലോകത്തിന്റെ ഏതാണ്ട് മിക്ക ഭാഗങ്ങളും വെട്ടിപ്പിടിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. അവരുടെ പിടിയില്‍ നിന്ന് രക്ഷനേടാന്‍ ലോകജനത ഒട്ടേറെ വിഷമിച്ചു. അന്നവര്‍ അവശേഷിപ്പിച്ചിട്ട് പോയ പ്രശ്നങ്ങള്‍ അതിജീവിക്കുവാന്‍ ഇന്നും ലോകമെങ്ങും മനുഷ്യര്‍ പെടാപ്പാട് പെടുന്നു.

ലോകമെങ്ങും യാത്ര ചെയ്യാനും ആരോടും പടപൊരുതി ജയിക്കാനും വേണ്ട സാങ്കേതിക വിദ്യ അവര്‍ സ്വായത്തമാക്കിയിരുന്നു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തെ കുറേക്കൂടി നല്ല ഒരു സ്ഥലമാക്കി മാറ്റുവാന്‍ അവര്‍ക്ക് ശ്രമിക്കാമായിരുന്നു. അതിന് പകരം മറ്റ് നാടുകളിലുള്ള സമസൃഷ്ടങ്ങളെയെല്ലാം കൊള്ളയടിക്കുകയും സ്വന്തം കീശ വീര്‍പ്പിക്കുകയുമാണ് അവര്‍ ചെയ്തത്. അറിവും സംസ്കാരവും വേണ്ടുവോളമുണ്ട് എന്നഭിമാനിച്ചിരുന്ന അവര്‍ ലോകമെങ്ങുമുള്ള മനുഷ്യരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും അജ്ഞതയിലേക്കും കലഹങ്ങളിലേക്കും തള്ളിവിട്ടു. കൊള്ളയടിച്ചതൊന്നും അവര്‍ക്ക് ഗുണപ്പെട്ടുമില്ല. രണ്ട് ലോകമഹായുദ്ധങ്ങള്‍ നടത്തി അവര്‍ എല്ലാം മുടിച്ചു. ഇത്രയും നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുവാന്‍ യൂറോപ്പുകാരെ പ്രചോദിപ്പിച്ചത് എന്താണ്?

അക്കാലത്ത് പടിഞ്ഞാറന്‍ യൂറോപ്പിനെ ഒന്നായി നിലനിര്‍ത്തിയിരുന്നതും അതിന് പ്രവര്‍ത്തിക്കുവാനുള്ള ആശയ അടിത്തറ നല്‍കിയിരുന്നതും റോം കേന്ദ്രമായുള്ള പാശ്ചാത്യക്രൈസ്തവസഭയായിരുന്നു. യൂറോപ്പിന്റെ നിരുത്തരവാദപരമായ കൊള്ളയടിയ്ക്കലിന് അവിടുത്തെ ക്രൈസ്തവസഭയുടെ വികലമായ കാഴ്ചപ്പാടുകള്‍ പ്രധാന കാരണമായി ഭവിച്ചു എന്ന് വേണം മനസിലാക്കുവാന്‍.

ആലങ്കാരികമായി മനസിലാക്കേണ്ട കാര്യങ്ങള്‍ അങ്ങനെ മനസിലാക്കാതെ ആക്ഷരികമായി മനസിലാക്കിയതാണ് വികലമായ കാഴ്ച്ചപ്പാടുകള്‍ക്ക് ജന്മമേകിയത്. ഒരുദാഹരണം പറയാം. ഹെരോദാരാജാവിനെ കുറുക്കന്‍ എന്ന് വിളിക്കുന്നുണ്ട് ബൈബിളില്‍. കുറുക്കന്റെ ചില സ്വഭാവവിശേഷങ്ങള്‍ ഹെരോദാരാജാവിന് ഉണ്ടായിരുന്നു എന്നാണ് അതുകൊണ്ട് സാമാന്യബുധിയുള്ളവര്‍ മനസിലാക്കുന്നത്, അല്ലാതെ ശരിക്കും ഹെരോദാരാജാവ് കുറുക്കന്‍ എന്ന മൃഗമായിരുന്നു എന്നല്ല. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പാശ്ചാത്യ ക്രൈസ്തവലോകം ആലങ്കാരികമായി മനസിലാക്കേണ്ട ധാരാളം കാര്യങ്ങള്‍ അക്ഷരപ്രകാരമാണ് മനസിലാക്കിയിട്ടുള്ളത് എന്ന് കാണാം.

ക്രിസ്തുവിനെ ദൈവം ലോകത്തിന്റെ രാജാവായി ഉയര്‍ത്തി എന്ന് പത്രോസും പൌലോസും ഒക്കെ പറയുന്നതായി ബൈബിളില്‍ ഉണ്ട്. ആദിയില്‍ ദൈവം ലോകത്തെ സൃഷ്ടിക്കുകയും മനുഷ്യനെ തന്റെ ദൃശ്യ പ്രതീകവും പ്രതിനിധിയുമായി ലോകത്തെ ഭരിക്കുവാന്‍ ഏല്‍പ്പിക്കുകയും ചെയ്ത കഥ ബൈബിളിന്റെ ആദ്യ അധ്യായത്തില്‍ നാം വായിക്കുന്നു. എന്നാല്‍ മനുഷ്യന്‍ നിരുത്തരവാദപരമായി പെരുമാറുകയും ആ ചുമതലയില്‍ നിന്നും പദവിയില്‍ നിന്നും പതിക്കുകയും ചെയ്തു. ക്രിസ്തുവില്‍ ഒരു പുതിയ മനുഷ്യവര്‍ഗ്ഗത്തെ ദൈവം സൃഷ്ടിക്കുകയും (രണ്ടാമാദം) ആ പുതിയ വര്‍ഗ്ഗത്തെ ആദിമനുഷ്യന്‍ നഷ്ടമാക്കിയ ലോകഭരണം ഏല്‍പ്പിക്കുകയും ചെയ്തു എന്ന് പൌലോസ് എഴുതുന്നുണ്ട്. ക്രിസ്തു ലോകരാജാവായി എന്നത് കൊണ്ട് പൌലോസും മറ്റും അതാണ്‌ ഉദ്ദേശിക്കുന്നത് എന്ന് വേണം മനസിലാക്കേണ്ടത്, അല്ലാതെ ക്രിസ്തു എന്ന വ്യക്തി ആകാശത്തില്‍ ഒരു സിംഹാസനത്തില്‍ ഇരുന്നുകൊണ്ട് ലോകത്തെ ഭരിക്കുന്നു എന്നല്ല. നിര്‍ഭാഗ്യവശാല്‍ പാശ്ചാത്യക്രൈസ്തവസഭ അങ്ങനെയാണ് അത് മനസിലാക്കിയത്.

ക്രിസ്തു എന്ന വ്യക്തി അങ്ങ് മുകളില്‍ ഇരുന്ന് ലോകത്തെ ഭരിക്കുന്നു. എന്നാല്‍ ക്രിസ്തു നമുക്ക് അദൃശ്യനായതുകൊണ്ട് ക്രിസ്തുവിന് ഇവിടെ ഭൂമുഖത്ത് ദൃശ്യനായ ഒരു പ്രതിനിധിയെ വേണം. അത് മറ്റാരുമല്ല, റോമിലെ മാര്‍പ്പാപ്പ തന്നെ. ക്രിസ്തുവിന്റെ വികാരി എന്നൊരു സ്ഥാനപ്പേരുണ്ട് മാര്‍പ്പാപ്പയ്ക്ക്. വികാര്‍ എന്ന ലത്തീന്‍ വാക്കിന് പ്രതിനിധാനം ചെയ്യുന്ന ആള്‍ എന്നാണര്‍ത്ഥം. പത്രോസിന്റെ വികാരി എന്നായിരുന്നു ആദ്യം. ആറാം നൂറ്റാണ്ടോടെ അത് ക്രിസ്തുവിന്‍റെ വികാരി എന്ന് മാറ്റി. എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്ന് പറഞ്ഞുകൊണ്ട് പത്രോസിനെയാണ്‌ യേശു തനിക്ക് പകരം അധികാരം കൈയാളുവാന്‍ ഏല്‍പ്പിച്ചത്. പത്രോസ് റോമിലെ സഭ സ്ഥാപിച്ചതിനാല്‍ റോമിലെ മാര്‍പ്പാപ്പ പത്രോസിന്റെ പിന്‍ഗാമിയാണ്‌. ഇങ്ങനെ പോകുന്നു ന്യായീകരണം. രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ പുറപ്പെടുവിച്ച Lumen Gentium (ജനതകളുടെ പ്രകാശം) എന്ന രേഖയില്‍ ഇക്കാര്യങ്ങള്‍ വിശദമായി പറഞ്ഞിട്ടുണ്ട്.

അദൃശ്യനായ ക്രിസ്തു എന്ന ലോകരാജാവിന്റെ ദൃശ്യപ്രതീകവും പ്രതിനിധിയും എന്ന നിലയില്‍ റോമിലെ മാര്‍പ്പാപ്പായ്കുള്ളത് ലോകത്തെ മുഴുവന്‍ ഭരിക്കാനുള്ള അധികാരമാണ്. മാര്‍പ്പാപ്പയുടെ തീരുമാനങ്ങള്‍ ക്രിസ്തു എന്ന ലോകരാജാവിന്റെ തീരുമാനങ്ങളായി പടിഞ്ഞാറന്‍ യൂറോപ്പ് കേട്ടു. മാര്‍പ്പാപ്പയെ അനുസരിക്കുന്നത് ക്രിസ്തുവിനെ/ദൈവത്തെ അനുസരിക്കുന്നതിന് സമാനമായി. ലോകമെങ്ങും പോയി രാജ്യങ്ങളെ വെട്ടിപ്പിടിക്കാനും കൊള്ളയടിക്കാനും അനുവാദം കൊടുത്ത് യൂറോപ്പിലെ ക്രിസ്ത്യാനികളെ മാര്‍പ്പാപ്പ അനുഗ്രഹിച്ചയച്ചു. അങ്ങനെ മാര്‍പ്പാപ്പായുടെ ഹിതം ദൈവഹിതമായി സ്വീകരിച്ച് അവര്‍ ലോകമെങ്ങും കൊള്ളയും കവര്‍ച്ചയും നടത്തി.

ലോകമെങ്ങും ഒരേ സമയം സന്നിഹിതനാകുവാന്‍ ആകാത്തതുകൊണ്ട് മാര്‍പ്പാപ്പ തന്റെ പ്രതിനിധികളായി കര്‍ദ്ദിനാള്‍മാരെ നിയമിച്ചിരിക്കുന്നു. കര്‍ദ്ദിനാള്‍മാര്‍ അവര്‍ക്ക് കീഴില്‍ ബിഷപ്പുമാരെയും ബിഷപ്പുമാര്‍ അവര്‍ക്ക് കീഴില്‍ പുരോഹിതരെയും നിയമിച്ചിരിക്കുന്നു. ഒരു പുരോഹിതന്‍ അങ്ങനെ ക്രിസ്തുവിന്റെ ദൃശ്യപ്രതീകവും പ്രതിനിധിയും ആകുന്നു. ഒരു പുരോഹിതന്‍ ഒരാളിന്റെ പാപങ്ങള്‍ മോചിച്ചാല്‍ അത് ക്രിസ്തു മോചിച്ചതിനു സമമാകുന്നു. മനുഷ്യന് രക്ഷ (അഥവാ മരണശേഷം സ്വര്‍ഗ്ഗലോകം പൂകുവാനുള്ള അനുവാദം) നല്‍കുന്നത് മാമോദീസാ, കുര്‍ബാന തുടങ്ങിയ കര്‍മ്മങ്ങളാണ്. ഈ കര്‍മ്മങ്ങള്‍ ചെയ്യാനുള്ള യോഗ്യത പുരോഹിതര്‍ക്ക് മാത്രം. ക്രിസ്തു ആദിയില്‍ പത്രോസിന് കൊടുത്ത ഈ പൌരോഹിത്യ അധികാരം ബിഷപ്പുമാരിലൂടെ കൈമാറ്റം ചെയ്യപ്പെടേണ്ടതാണ്. ഇത് ഒരു റിലേ ഓട്ടമത്സരം പോലെയാണ്. ഓടുന്നയാള്‍ അടുത്തയാള്‍ക്ക് ബാറ്റണ്‍ കൈമാറും. ഇതുപോലെ ക്രിസ്തു നല്‍കിയ അധികാര ബാറ്റണ്‍ ഇടമുറിയാതെ കൈമാറ്റം ചെയ്യപ്പെടണം.

ഇതനുസരിച്ച് സാധാരണക്കാരും പുരോഹിതരും തമ്മില്‍ എത്രയോ വലിയ ഒരു വിടവാണുള്ളത്. പുരോഹിതര്‍ സാധാരണ മനുഷ്യരേയല്ല. അവര്‍ ദൈവത്തിന്റെ അധികാരം കൈയ്യാളുന്നവരാണ്. മനുഷ്യര്‍ക്ക് നേരിട്ട് ദൈവത്തെ സമീപിക്കാനാവില്ല; കാണപ്പെടുന്ന പുരോഹിതന്മാരില്‍ മനുഷ്യര്‍ കാണപ്പെടാത്ത ദൈവത്തെ കണ്ടുകൊള്ളണം. ഇത്രയും പരിധിയില്ലാത്ത അധികാരം കൈയാളുന്നവര്‍ ആ അധികാരം ദുരുപയോഗം ചെയ്യാനുള്ള സാധ്യത എത്ര വലുതാണ്‌! ആടുകളുടെ നന്മ ആഗ്രഹിക്കുന്ന നല്ല ഇടയന്മാരാകുന്നതിന് പകരം ആടുകളുടെ രക്തം ഊറ്റിക്കുടിക്കുന്ന ഇടയവേഷത്തില്‍ നടക്കുന്ന ചെന്നായ്ക്കളായി പുരോഹിതര്‍ മാറി. ഈ വ്യവസ്ഥിതിയോട് ശക്തമായി എതിര്‍ത്തുകൊണ്ടാണ് മാര്‍ട്ടിന്‍ ലൂതര്‍ യൂറോപ്പില്‍ നവീകരണപ്രസ്ഥാനത്തിന് തുടക്കമിട്ടത്.

പുരോഹിതരെക്കുറിച്ചുള്ള റോമന്‍ കത്തോലിക്കാ സഭയുടെ കാഴ്ച്ചപ്പാടാണിത്. മറ്റു സഭകളുടെ കാഴ്ചപ്പാട് ഇങ്ങനെയല്ല. ക്രൈസ്തവസഭ ഒരു പുതിയ മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രതീകമാണ്-- ആദിമനുഷ്യന്‍ നഷ്ടമാക്കിയ പദവിയും ഉത്തരവാദിത്വവും വീണ്ടെടുത്ത പുതിയ മനുഷ്യവര്‍ഗ്ഗം. ദൈവത്തിന്റെ വലഭാഗത്തിരുന്നു ദൈവത്തിന്റെ പ്രതീകമായി ലോകത്തെ ഭരിക്കുന്നത് ഈ പുതിയ മനുഷ്യവര്‍ഗ്ഗമാണ്. ഈ കാഴ്ച്ചപ്പാടനുസരിച്ച് വൈദികര്‍ക്ക് പ്രത്യേക പദവിയോ അധികാരമോ ദൈവദത്തമായി ഇല്ല. ആരാധനയ്ക്ക് നേതൃത്വം നല്‍കുന്നവരാണ് അവര്‍. അവര്‍ ജനത്തിന്റെ ഇടയന്മാരാണ്, യേശു ജീവിച്ചതുപോലെ ജീവിക്കുന്ന മാതൃകാപുരുഷന്മാരാണ്. അവര്‍ ആകാശത്തിലിരുന്ന് ലോകത്തെ ഭരിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ക്രിസ്തു എന്ന രാജാവിന്‍റെ പ്രതിപുരുഷന്മാരല്ല. പാപം മോചിക്കാനുള്ള അധികാരം അവര്‍ക്കില്ല. നവീകരണസഭകളില്‍ priest ഇല്ല, pastor (ഇടയന്‍) മാത്രമേയുള്ളൂ. ഇസ്ലാം മതത്തിലും priest ഇല്ല. ആരാധനയ്ക്ക് നേതൃത്വം നല്‍കുകയും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്ന നേതാവ് മാത്രമാണ് ഇമാം. യഹൂദമതത്തിലും റാബി ദൈവത്തിന്റെ പ്രതിപുരുഷനല്ല. ആരാധനയ്ക്ക് നേതൃത്വം നല്‍കുന്നു, ജനത്തെ പഠിപ്പിക്കുന്നു. അത്ര മാത്രം.

ഓര്‍ത്തഡോക്സ് സഭകളില്‍ തുടക്കത്തില്‍ അവര്‍ ഇടയന്മാര്‍ മാത്രമായിരുന്നു. അവര്‍ ദൈവത്തിന്‍റെ പ്രതിപുരുഷന്മാര്‍ എന്ന നിലയില്‍ priests ആയി അധികാരത്തോടെ പെരുമാറുന്നെങ്കില്‍ അത് റോമന്‍ കത്തോലിക്കാ സഭയുടെ സ്വാധീനഫലമായി സംഭവിച്ചതാണ്. അപ്പോസ്തോലിക പിന്തുടര്‍ച്ച എന്ന ആശയം ഓര്‍ത്തഡോക്സ് സഭകളിലും ഉണ്ടെങ്കിലും അത് റോമന്‍ കത്തോലിക്കാ സഭയിലെന്ന പോലെ അക്ഷരികമായ അര്‍ത്ഥത്തിലല്ല. ദൈവം നിന്റെ പാപങ്ങള്‍ ക്ഷമിക്കുന്നു എന്നാണ് ഓര്‍ത്തഡോക്സ് വൈദികര്‍ ജനത്തോട് പറയുന്നത്; അല്ലാതെ റോമന്‍ കത്തോലിക്കാ പുരോഹിതരെപ്പോലെ ഞാന്‍ നിന്റെ പാപങ്ങള്‍ ക്ഷമിക്കുന്നു എന്നല്ല. ചുരുക്കിപ്പറഞ്ഞാല്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ എന്ന സ്ഥാനം എടുക്കുന്ന പുരോഹിതര്‍ റോമന്‍ കത്തോലിക്കാ സഭയില്‍ മാത്രമേയുള്ളൂ, മറ്റ് ക്രൈസ്തവസഭകളിലോ മറ്റ് സെമിറ്റിക് മതങ്ങളിലോ ഇല്ല.

പാശ്ചാത്യ ക്രൈസ്തവസഭയുടെ കടന്നുകയറ്റം ഇന്ത്യയില്‍

1498 -ല്‍ ഇന്ത്യയില്‍ വന്നിറങ്ങിയ റോമര്‍ കത്തോലിക്കരായ പോര്‍ട്ടുഗീസുകാര്‍ തങ്ങളെപ്പോലെയല്ലാത്ത ക്രിസ്ത്യാനികളെ കേരളത്തില്‍ കണ്ടു. അവര്‍ റോമന്‍ കത്തോലിക്കാ വിശ്വാസം ഉള്ളവരായിരുന്നില്ല. ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ ഒരു ഭാഗമായി ഒരു ജാതിയായി അവര്‍ ഇവിടെ കഴിഞ്ഞിരുന്നു. ഓരോ പള്ളിയുടെയും ഭരണം അവിടുത്തെ പള്ളിയോഗം നടത്തിയിരുന്നു. പള്ളികളുടെ പ്രതിനിധികള്‍ ഒന്നിച്ചു കൂടി മലങ്കര പള്ളിയോഗം നടത്തിയിരുന്നു. ഇത് നടത്തുവാന്‍ ജാതിക്ക്തലവന്‍ ഉണ്ടായിരുന്നു. ഏറ്റവും അടുത്തുള്ള ക്രൈസ്തവസഭയായ പേര്‍ഷ്യന്‍ സഭയുമായായിരുന്നു അവര്‍ക്ക് സൌഹൃദബന്ധമുണ്ടായിരുന്നത്. പേര്‍ഷ്യന്‍ സഭ ഉപയോഗിച്ചിരുന്ന സുറിയാനി ഭാഷയിലെ ആരാധനക്രമം തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരുന്നത്. എങ്കിലും അവര്‍ സ്വതന്ത്ര സഭയായിരുന്നു; പേര്‍ഷ്യന്‍ സഭയുടെ കീഴില്‍ ആയിരുന്നില്ല. എന്ന് മുതലാണ്‌ ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ഉണ്ടായത് എന്നറിഞ്ഞുകൂടാ. ക്രിസ്താബ്ദം ഒന്നാം നൂറ്റാണ്ട് മുതല്‍ ക്രൈസ്തവസഭ ഇവിടെ ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.

ഇവിടെ വന്നിറങ്ങിയ പോര്‍ട്ടുഗീസ് കത്തോലിക്കാ പുരോഹിതര്‍ ഇവിടെയുള്ള ക്രൈസ്തവസഭയെ അവരുടെ റോമന്‍ സഭയുടെ ഭാഗമാക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. വസ്കോടാഗാമ വന്നിറങ്ങിയതിന്റെ 101--ആം വര്‍ഷം (1599) റോമന്‍ കത്തോലിക്കാ ബിഷപ്പും പോര്‍ട്ടുഗീസ് വൈസ്രോയിയുമായിരുന്ന മെനസിസ് ഉദയംപേരൂരില്‍ ഒരു മലങ്കരപള്ളിയോഗം വിളിച്ചുകൂട്ടി. റോമന്‍ കത്തോലിക്കാ സഭയുടെ വിശ്വാസങ്ങളും രീതികളും കേരളക്രൈസ്തവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചു. 72 പള്ളികള്‍. ഓരോ പള്ളിക്കും റോമന്‍ കത്തോലിക്കാ ബിഷപ്പ് തന്‍റെ പ്രതിനിധിയായ പുരോഹിതനെ (വികാരി) നിയമിച്ചു. ഇവിടുത്തെ സഭയുടെ പുസ്തകങ്ങള്‍ (ഓലകള്‍) അവര്‍ അഗ്നിക്കിരയാക്കി. വേഷവിധാനങ്ങളും ജീവിതരീതികളും മാറ്റി. മാമോദീസാ, കുര്‍ബാന എന്നീ രണ്ടു കൂദാശകളുടെ സ്ഥാനത്ത് 7 കൂദാശകള്‍ നടപ്പാക്കി. തുടര്‍ന്നുള്ള 54 വര്‍ഷങ്ങള്‍ ഇവിടുത്തെ ക്രൈസ്തവര്‍ റോമന്‍ ഭരണത്തില്‍ വീര്‍പ്പുമുട്ടി കഴിഞ്ഞു. 1653 ല്‍ മട്ടാഞ്ചേരിയില്‍ ഒരു മലങ്കര പള്ളിപൊതുയോഗം റോമാക്കാരെ കൂടാതെ കൂടി. അവിടെയുണ്ടായിരുന്ന ഒരു കുരിശിനെ സ്പര്‍ശിച്ചു കൊണ്ട് റോമന്‍ ആധിപത്യത്തെ ഉപേക്ഷിക്കുന്നു എന്ന് അവര്‍ സത്യം ചെയ്തു.

റോമന്‍ മേല്‍ക്കോയ്മ ഉപേക്ഷിച്ചെങ്കിലും, പൌരോഹിത്യത്തെക്കുറിച്ചും കൈവെപ്പിനെക്കുറിച്ചും മറ്റും റോമന്‍ കത്തോലിക്കര്‍ക്കുള്ള വികലധാരണകള്‍ അവരുടെ മനസ്സില്‍ കയറി കൂടിയിരുന്നു. ഇത്രയും നാള്‍ അവര്‍ക്ക് പള്ളികളും അവയില്‍ പ്രാര്‍ഥനകള്‍ നടത്തുവാന്‍ വൈദികരും ഉണ്ടായിരുന്നെങ്കിലും ബിഷപ്പുമാര്‍ ഇല്ലായിരുന്നു. ജാതിക്ക് തലവന്‍ മലങ്കര പള്ളിയോഗം വിളിച്ചുകൂട്ടിയിരുന്നു. എങ്കിലും അദ്ദേഹത്തിന് ബിഷപ്പ് എന്ന സ്ഥാനം ഇല്ലായിരുന്നു. വൈദികര്‍ തന്നെ തങ്ങളുടെ പിന്‍ഗാമികളായി പുതിയ വൈദികരെ നിയമിക്കുന്ന രീതിയാവണം ഇവിടെ നിലവിലിരുന്നത്. വല്ലപ്പോഴും ഇവിടെയെത്തുന്ന പേര്‍ഷ്യന്‍ ബിഷപ്പും വൈദികരെ നിയമിച്ച് കാണും എന്ന് അനുമാനിക്കാം. അര നൂറ്റാണ്ട് കാലം റോമന്‍ മേല്‍ക്കോയ്മയില്‍ നിന്ന് കഴിഞ്ഞപ്പോള്‍ അവരെപ്പോലെ ഇവര്‍ക്കും ഒരു ബിഷപ്പ് വേണമെന്നായി. പന്ത്രണ്ട് വൈദികര്‍ കൂടി ജാതിക്ക് തലവനെ ബിഷപ്പായി അവരോധിച്ചു, മാര്‍ തോമാ എന്ന് വിളിച്ചു.

ഏതാണ്ട് പത്ത് വര്‍ഷം കഴിഞ്ഞ്, 1663 ല്‍, അവരില്‍ പ്രധാനികളായ രണ്ട് വൈദികരെ പോര്‍ട്ടുഗീസുകാര്‍ സ്വാധീനിച്ചു. ഒരാളെ ബിഷപ്പാക്കി. മാര്‍ തോമായുടെ ബിഷപ്പ് പദവി സാധുവല്ല എന്ന പ്രചാരണം അവര്‍ വ്യാപകമായി നടത്തി. കാരണം യേശുവില്‍ നിന്ന് പത്രോസ് വഴി പരമ്പരയായി വന്ന കൈവെപ്പ് അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. ധാരാളം ആളുകള്‍ ഈ പ്രചാരണത്തില്‍ വിശ്വസിച്ച് റോമന്‍ കത്തോലിക്കാ സഭയിലേക്ക് തിരികെ പോയി. അങ്ങനെ കേരളത്തിലെ ക്രൈസ്തവര്‍ രണ്ടു ചേരികളിലായി തിരിഞ്ഞു-- സ്വതന്ത്രരായ ക്രിസ്ത്യാനികളും റോമിലെ മാര്‍പ്പാപ്പായ്ക്ക് തങ്ങളുടെ സ്വാതന്ത്ര്യം അടിയറ വച്ചവരും. സ്വാതന്ത്ര്യം അടിയറ വച്ചവര്‍ (Syro-Malabar Catholic) ഇന്നും അതോര്‍ത്ത് ദുഖിക്കുന്നു. ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ (1930) വീണ്ടും കുറേപ്പേര്‍ റോമന്‍ ആധിപത്യത്തിലേക്ക് പോകുകയുണ്ടായി (Malankara Syrian Catholic). പോര്‍ട്ടുഗീസ്‌ മിഷനറിമാരുടെ പ്രവര്‍ത്തനഫലമായി മറ്റു മതങ്ങളില്‍ നിന്ന് നേരിട്ട് റോമന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നവരാണ് ലത്തീന്‍ കത്തോലിക്കര്‍ എന്നറിയപ്പെടുന്നത്.

സ്വതന്ത്രരായ മറുഭാഗം ബാഹ്യമായി സ്വതന്ത്രരായെങ്കിലും റോമന്‍ കത്തോലിക്കരുടെ വികലധാരണകളില്‍ നിന്ന് വേണ്ടപോലെ സ്വതന്ത്രരായില്ല. മാര്‍പ്പാപ്പയുടെ ഭരണത്തില്‍ നിന്ന് അവര്‍ വിമുക്തരായെങ്കിലും അവരുടെ മനസ്സ് അടിമത്വത്തില്‍ തുടര്‍ന്നു. റോമന്‍ കത്തോലിക്കരില്‍ നിന്ന് ലഭിച്ച പല ധാരണകളും ആചാരങ്ങളും അവരുടെ മനസ്സിലും സമൂഹത്തിലും ആഴത്തില്‍ വേരുകളാഴ്ത്തി. ക്രിസ്തുവിന്റെ പാപമോചനാധികാരം വൈദികര്‍ക്ക് ലഭിക്കുന്നു, ഒരു റിലേ പോലെ ഇടമുറിയാതെ കൈമാറ്റം ചെയ്യപ്പെടുന്നില്ലെങ്കില്‍ വൈദികരുടെ അധികാരം (പട്ടത്വം) സ്വീകാര്യമല്ല തുടങ്ങിയ ധാരണകള്‍ റോമാക്കാരില്‍ നിന്ന് അവര്‍ സ്വായത്തമാക്കി. അതുകൊണ്ടാണ് അതിന് ശേഷം കൈവെപ്പിന് വേണ്ടി അവര്‍ക്ക് വിദേശ സഭകളെ ആശ്രയിക്കേണ്ടതായി വന്നതും അതുമുതലാക്കി പില്‍ക്കാലത്ത് അന്ത്യോഖ്യ സഭ ഇന്ത്യയിലെ സഭയെ തങ്ങള്‍ക്ക് അധീനമാക്കാന്‍ ശ്രമിച്ചതും, സ്വാതന്ത്ര്യം നിലനിര്‍ത്തുവാനായി ഇവിടുത്തെ സഭയ്ക്ക് കാതോലിക്കേറ്റ് സ്ഥാപിക്കേണ്ടതായി വന്നതും. ഇന്ത്യയിലെ സഭയെ തങ്ങളുടെ ഒരു കോളണി ആക്കാനുള്ള അന്ത്യോഖ്യ സഭയുടെ ശ്രമങ്ങളില്‍ നിന്നാണ് ഇന്ന് കേരളത്തില്‍ യാക്കോബായ എന്ന് സ്വയം വിളിക്കുന്ന സഭ ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ കത്തോലിക്കര്‍ റോമിലെ മാര്‍പ്പാപ്പയുടെ അധികാരത്തിന്‍ കീഴില്‍ ഇരിക്കുന്നതുപോലെ അന്ത്യോഖ്യയിലെ പാത്രിയര്‍ക്കീസിന്റെ അധികാരത്തിന്‍ കീഴില്‍ ഇരിക്കാന്‍ അവര്‍ താല്പര്യപ്പെടുന്നു.

പോര്‍ട്ടുഗീസുകാര്‍ക്ക് ശേഷം ഡച്ചുകാരും പിന്നെ ഇംഗ്ലീഷുകാരും ഇന്ത്യയിലെത്തി. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇംഗ്ലിഷ് മിഷനറിമാര്‍ കേരളത്തിലെ ക്രൈസ്തവസഭയെ വളരെ സഹായിക്കുകയുണ്ടായി. അവരുടെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുവാന്‍ മിഷനറിമാര്‍ സഹായിച്ചു. കോട്ടയത്ത് വൈദികസെമിനാരി തുടങ്ങാന്‍ സഹായിച്ചു, ബൈബിള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാനും പ്രിന്‍റ് ചെയ്യാനും സഹായിച്ചു. എന്നാല്‍ ക്രമേണ അവരും ഇവിടുത്തെ സഭയെ അവരുടെ ആംഗ്ലിക്കന്‍ സഭയെ പോലെയാക്കിത്തീര്‍ക്കുവാന്‍ ശ്രമിക്കുകയുണ്ടായി. അതിന്റെ ഫലമായി ഇവിടുത്തെ സഭ വീണ്ടും പിളര്‍ന്നു. മിഷനറിമാരുടെ സ്വാധീനത്തില്‍ പെട്ടവര്‍ മാര്‍ത്തോമാ സഭയായി പിരിഞ്ഞു. മിഷനറിമാരുടെ പ്രവര്‍ത്തനത്താല്‍ മറ്റു മതങ്ങളില്‍ നിന്ന് നേരിട്ട് ക്രൈസ്തവസഭയില്‍ ചേര്‍ന്നവരാണ് CSI, CNI സഭകളില്‍ ഉളളത്. ജര്‍മന്‍ മിഷനറിമാരുടെ പ്രവര്‍ത്തനം കൊണ്ട് ക്രൈസ്തവമതത്തില്‍ ചേര്‍ന്നവരാണ് ലൂഥറന്‍ സഭ.

ഇരുപതാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ നിന്നുള്ള പല സഭകളും ഇവിടെ അവരവരുടെ വിശ്വാസം പ്രചരിപ്പിച്ചു-- ശാബത് മിഷന്‍, യാഹോവാ സാക്ഷികള്‍, രക്ഷാസൈന്യം, ബ്രദറന്‍ മിഷന്‍, പെന്തക്കൊസ്തുകാര്‍ ഇങ്ങനെ ഒട്ടേറെ സഭകള്‍. ഇവിടെയുണ്ടായിരുന്ന ക്രൈസ്തവസഭകളില്‍ നിന്നും മറ്റു മതങ്ങളില്‍ നിന്നും ആളുകള്‍ ഈ വിഭാഗങ്ങളില്‍ ചേരുകയുണ്ടായി. കേരളത്തിലെ അടിമവര്‍ഗ്ഗക്കാര്‍ പൊയ്കയില്‍ അപ്പച്ചന്റെ നേതൃത്വത്തില്‍ സംഘടിച്ച് പ്രത്യക്ഷരക്ഷാ ദൈവസഭ എന്നൊരു സഭയ്ക്ക് രൂപം നല്‍കി. ക്രൈസ്തവമൂല്യങ്ങളെ അടിസ്ഥാനമാക്കി രൂപമെടുത്ത ഈ സമുദായം ഇന്ന് ഒരു സ്വതന്ത്രമതമായി വളരുന്നു. ഇന്നും പുതിയ സഭകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.


സമാപനം

ഇന്ത്യയില്‍ ജീവിക്കുന്ന നമുക്കെല്ലാം നമുക്കിഷ്ടമുള്ളത് വിശ്വസിക്കാനും വിശ്വസിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവരോട് പറയാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ആര്‍ക്കും കടന്നുവരാനും അവരുടെ വിശ്വാസങ്ങളും ജീവിതരീതിയും പ്രചരിപ്പിക്കുവാനും സ്വാതന്ത്ര്യമുള്ള ഒരു നാടായിരുന്നു എക്കാലവും ഇന്ത്യ. അതുകൊണ്ടാണല്ലോ ഈ വിദേശികള്‍ക്കെല്ലാം യഥേഷ്ടം ഇവിടെ വരാനും അവരുടെ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുവാനും കഴിഞ്ഞത്. ആരില്‍ നിന്നും കേള്‍ക്കാനും പഠിക്കാനും നമുക്ക് തുറന്ന മനസ്സുണ്ടാകണം. എന്നാല്‍ ആരു പറയുന്നതും അപ്പാടെ കണ്ണുമടച്ച് വിശ്വസിക്കുന്നത് മണ്ടത്തരമാണ്. നമ്മുടെ സ്വാതന്ത്ര്യം ആര്‍ക്കെങ്കിലും അടിയറ വയ്ക്കുന്നത് പരമാബദ്ധവും. സ്വതന്ത്രമായി ചിന്തിച്ച് സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നതാണ് നമുക്ക് കരണീയം. നമുക്ക് ചരിത്രത്തില്‍ പുറകോട്ട് പോകാനോ നടന്നതെന്തെങ്കിലും മാറ്റുവാനോ സാധ്യമല്ല. എന്നാല്‍ ചരിത്രത്തില്‍ നിന്ന് ചില പാഠങ്ങള്‍ പഠിക്കാനും അതനുസരിച്ച് നമ്മുടെ വരും ജീവിതം ക്രമപ്പെടുത്താനും നാം വിവേകം കാണിക്കണം.


References

ഡോ.എം. കുര്യന്‍ തോമസ്‌. നസ്രാണി സംസ്കൃതി. കോട്ടയം: സോഫിയ ബുക്സ് 2017

കെ.എം.ലെനിന്‍. പൊയ്കയില്‍ അപ്പച്ചന്‍, കീഴാളരുടെ വിമോചകന്‍. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം. 2016.

https://web.archive.org/web/20140830112940/http://www.vatican.va/archive/hist_councils/ii_vatican_council/documents/vat-ii_const_19641121_lumen-gentium_en.html

https://en.wikipedia.org/wiki/Apostolic_succession

http://www.orthodoxchristianity.net/forum/index.php?topic=7018.0

https://www.wenorthodox.com/forum/on-faith-doctrine/confession-and-priesthood


ജോണ്‍ കുന്നത്ത്

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം