അടിമവര്‍ഗ്ഗത്തിന്റെ രക്ഷകന്‍
കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യ മുഴുവന്‍ കാല്‍നടയായി യാത്ര ചെയ്ത ശ്രീ വിവേകാനന്ദന്‍ ഈ നാടിനെ ഭ്രാന്താലയം എന്ന് വിളിച്ചത് വെറുതെയല്ല. മനുഷ്യനെ മുഗമായി കാണുന്ന ഒരു വ്യവസ്ഥിതിയാണ് ഇവിടെ നിലവിലിരുന്നത്. അനേകം മനുഷ്യജാതികള്‍-- കൂടിയ ജാതികള്‍ കുറഞ്ഞ ജാതികള്‍. ബ്രാഹ്മണരെക്കാള്‍ കുറഞ്ഞവര്‍ നായന്മാര്‍. അവരെക്കാള്‍ കുറഞ്ഞവര്‍ ഈഴവര്‍. അവരിലും കുറഞ്ഞ അടിമവര്‍ഗ്ഗക്കാര്‍. കുറഞ്ഞ ജാതിക്കാര്‍ക്ക് കൂടിയ ജാതിക്കാരുടെ അടുക്കല്‍ വരാന്‍ അനുവാദമില്ലായിരുന്നു. അടിമവര്‍ഗ്ഗക്കാര്‍ക്ക് പൊതുവഴികള്‍ ഉപയോഗിക്കുവാന്‍ അനുവാദമില്ലായിരുന്നു. അടിമവര്‍ഗ്ഗത്തിലെ വിവിധ ജാതിക്കാര്‍ തമ്മിലും തൊട്ടുകൂടായ്മ നിലവിലിരുന്നു. ഒരു ജാതിക്കുള്ളിലെ വിവിധ വിഭാഗങ്ങള്‍ക്കിടയിലും തൊട്ടുകൂടായ്മ ഉണ്ടായിരുന്നു. ഇത്രയും മോശമായ ഒരു സാമൂഹ്യവ്യവസ്ഥിതി വിവേകാനന്ദസ്വാമികള്‍ ഇന്ത്യയില്‍ മറ്റെങ്ങും കണ്ടില്ല.
നൂറ്റാണ്ടുകള്‍ കൊണ്ട് പാലിക്കപ്പെട്ടുപോന്നതിനാല്‍ ഈ മനുഷ്യത്വഹീനമായ അനാചാരങ്ങള്‍ കോണ്‍ക്രീറ്റ് പോലെ ഉറച്ച് പോയിരുന്നു. ഒട്ടനവധി സാമൂഹ്യപരിഷ്ക്കര്‍ത്താക്കളുടെ കടുത്ത പോരാട്ടങ്ങള്‍ വേണ്ടി വന്നു ആ അനാചാരങ്ങളെ തകര്‍ക്കാന്‍. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, ശ്രീ അയ്യങ്കാളി , സഹോദരന്‍ അയ്യപ്പന്‍, എന്നീ മുന്‍നിര പോരാളികളെപ്പറ്റി നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ നാം അധികം കേള്‍ക്കാതെ പോയ ഒരു പോരാളിയെയാണ് ഞാന്‍ ഇവിടെ പരിചയപ്പെടുത്തുന്നത്. ആദ്യം കൊമരന്‍ എന്നും പിന്നെ യോഹന്നാന്‍ എന്നും അതിന് ശേഷം പൊയ്കയില്‍ അപ്പച്ചന്‍ എന്നും മരണശേഷം ശ്രീ കുമാരഗുരുദേവന്‍ എന്നും അറിയപ്പെട്ട മഹാമനുഷ്യനായിരുന്നു അത്.
1879 ല്‍ തിരുവല്ലയ്ക്കടുത്ത് ഇരവിപേരൂരില്‍ പറയ ജാതിയില്‍ പെട്ട പൊയ്കയില്‍ കുടുംബത്തില്‍ കണ്ടന്റെയും കുഞ്ഞെളേച്ചിയുടെയും മകനായി കൊമരന്‍ ജനിച്ചു. ശങ്കരമംഗലം എന്ന ക്രിസ്ത്യന്‍ കുടുംബത്തിലെ അടിമകളായിരുന്നു കൊമാരന്റെ മാതാപിതാക്കള്‍. ആറേഴു വയസായപ്പോള്‍ അവിടുത്തെ കാലികളെ മേയ്ക്കുന്ന ജോലി ചെയ്യാനാരംഭിച്ചു. അവിടെ അടുത്ത് മിഷനറിമാര്‍ നടത്തിയിരുന്ന ഒരു സ്കൂളില്‍ ചേര്‍ന്ന് എഴുത്തും വായനയും പഠിക്കാന്‍ കൊമരന് ഭാഗ്യല്‍ ലഭിച്ചു. വേദപുസ്തകമാണ് വായിക്കാന്‍ കിട്ടിയത്. പാടാനും കഥ പറയാനും പ്രസംഗിക്കാനും മിടുക്കനായിരുന്ന കൊമരനെ ആ വീട്ടുകാര്‍ തങ്ങളുടെ മാര്‍ത്തോമാ സഭയിലേക്ക് സാഗതം ചെയ്തു. അങ്ങനെ കൊമരന്‍ മാമോദീസാ സ്വീകരിച്ച് യോഹന്നാന്‍ ആയി. ആ കുടുംബം മുഴുവന്‍ ക്രിസ്ത്യാനികളായി. പറയര്‍, കുറവര്‍ തുടങ്ങിയ അടിമവര്‍ഗ്ഗക്കാരെ മുഖ്യധാരാഹിന്ദുമതത്തില്‍ പെട്ടവര്‍ അക്കാലത്ത് ഹിന്ദുക്കളായി അംഗീകരിച്ചിരുന്നില്ല. അവര്‍ മൃഗസമാനരായിരുന്നു. ആ സാഹചര്യത്തിലാണ് കൊമരനും കുടുംബവും തങ്ങളുടെ യജമാനരുടെ മതത്തില്‍ ചേരുന്നത്. അതുവരെ ഒരു മതത്തിന്റെയും അംഗീകാരം ലഭിക്കാതിരുന്ന ആ അടിമകള്‍ക്ക് ആദ്യമായി മനുഷ്യര്‍ എന്ന അംഗീകാരം ലഭിച്ചു. ധാരാളം വായിക്കാനും പഠിക്കാനും അവസരം ലഭിച്ച യോഹന്നാന്‍ താമസിയാതെ മാര്‍ത്തോമാ സഭയിലെ തിരക്കുള്ള ഒരു സുവിശേഷ പ്രഭാഷകനായി മാറി. ശുഭ്രവസ്ത്രമണിഞ്ഞ് പ്രസംഗപീഠത്തില്‍ നില്‍ക്കുന്ന യോഹന്നാന്‍ ഉപദേശി ഏവരുടേയും ആദരവ് പിടിച്ചുപറ്റി .
എന്നാല്‍ താമസിയാതെ യോഹന്നാന്‍ കയ്പ്പുള്ള ഒരു യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. ക്രിസ്തുമതത്തിലായെങ്കിലും തന്റെ അടിമവര്‍ഗ്ഗം ഇനിയും മാറിയിട്ടില്ല. തങ്ങളില്‍ ഒരാളായി ക്രിസ്തുമതക്കാര്‍ യോഹന്നാനെ കണ്ടില്ല. അവരുടെ പെട്ടി യോഹന്നാനെക്കൊണ്ട് അവര്‍ ചുമപ്പിച്ചു. അവര്‍ മേശയ്ക്ക് ചുറ്റുമിരുന്നു കഴിക്കുമ്പോള്‍ യോഹന്നാന് തറയില്‍ ഇരുന്ന് കഴിക്കേണ്ടി വന്നു.
കേരളത്തില്‍ ബ്രാഹ്മണാധിപത്യം വരുന്നതിനു മുമ്പ് ഇവിടെ ജാതിയുണ്ടായിരുന്നില്ല. അക്കാലത്ത് ക്രിസ്തുമതത്തില്‍ ചേര്‍ന്നവര്‍ക്ക് ജാതിപീഡനം അനുഭവിക്കേണ്ടി വന്നിട്ടുമില്ല. എന്നാല്‍ ജാതി വ്യവസ്ഥ വന്നു കഴിഞ്ഞപ്പോള്‍ ക്രിസ്തുമതവും അതിന്റെ നീരാളിപ്പിടുത്തത്തിലായിപ്പോയി . ക്രൈസ്തവം എന്ന് പേരുണ്ടെങ്കിലും എല്ലാ മനുഷ്യരെയും സഹോദരങ്ങളായി കരുതുന്ന യഥാര്‍ത്ഥ ക്രൈസ്തവമൂല്യം ആ കേരള ക്രൈസ്തവസമൂഹത്തിന് ഇല്ല എന്ന് യോഹന്നാന്‍ തിരിച്ചറിഞ്ഞു.
ഒരു ക്രൈസ്തവശ്മശാനത്തില്‍ സംസ്കരിച്ച ഒരു അടിമവര്‍ഗ്ഗ ക്രിസ്ത്യാനിയുടെ ശരീരം മാന്തിയെടുത്ത് പുറമ്പോക്കില്‍ അടക്കേണ്ടി വന്ന ഒരു സംഭവം ആയിടയ്ക്കുണ്ടായി. ഇതിനെതിരെ യോഹന്നാന്‍ ശക്തിയായി പ്രതികരിച്ചു. എന്നാല്‍ സഭാ നേതൃത്വം യോഹന്നാന് ചെവികൊടുത്തില്ല. അങ്ങനെ യോഹന്നാന് മാര്‍ത്തോമാസഭ വിടേണ്ടി വന്നു.
ക്രൈസ്തവമൂല്യങ്ങള്‍ പിന്തുടരുന്ന ഒരു സഭയെ തേടി യോഹന്നാന്‍ ചെന്നെത്തിയത് ബ്രദര്‍ മിഷനില്‍ ആണ്. താമസിയാതെ അവിടെയും യോഹന്നാന്‍ ഒരു പ്രഭാഷകനായി നേതൃനിരയില്‍ എത്തുകയുണ്ടായി. എന്നാല്‍ അവിടെയും ക്രൈസ്തവമൂല്യങ്ങള്‍ ഇല്ലെന്ന് താമസിയാതെ അദ്ദേഹം തിരിച്ചറിഞ്ഞു. ഒരു സുറിയാനിക്രിസ്ത്യാനി സ്ത്രീയും അടിമവര്‍ഗ്ഗത്തില്‍ നിന്ന് മതം മാറിയ ഒരാളുമായുള്ള വിവാഹം നടത്താന്‍ പ്രോത്സാഹിപ്പിച്ചു എന്ന കാരണത്താല്‍ യോഹന്നാനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. അങ്ങനെ യോഹന്നാന്‍ ബ്രദര്‍ മിഷനും വിട്ടു.
അതിനിടയില്‍ മധ്യതിരുവിതാകൂറിലെ അടിമവര്‍ഗ്ഗത്തിന്റെ അനിഷേധ്യ നേതാവായി യോഹന്നാന്‍ മാറിക്കഴിഞ്ഞിരുന്നു. ഏതാണ്ട് പത്തു കൊല്ലത്തോളം ഒട്ടനവധി വധശ്രമങ്ങള്‍ അദ്ദേഹത്തിനെതിരെ നടന്നു. മിക്കപ്പോഴും കഷ്ടിച്ച് രക്ഷപെട്ടു. അനുയായികളുടെ എണ്ണം പെരുകി. അപ്പച്ചന്‍കൂട്ടര്‍ എന്നാണ് ആദ്യം അവര്‍ അറിയപ്പെട്ടത്. പില്‍ക്കാലത്ത് പ്രത്യക്ഷരക്ഷാദൈവസഭ (PRDS) എന്ന് അറിയപ്പെട്ടു. അപ്രത്യക്ഷവും ഭാവിയിലെന്നോ വരാനിരിക്കുന്നതുമായ ഒരു രക്ഷയിലല്ല, പ്രത്യക്ഷവും ഇപ്പോള്‍ ഉള്ളതുമായ രക്ഷയാണ് തങ്ങള്‍ ലക്ഷ്യമാക്കുന്നത് എന്ന് യോഹന്നാന്‍ പഠിപ്പിച്ചു. മനുഷ്യരക്ഷ പഠിപ്പിക്കുന്ന ക്രിസ്തുസഭയില്‍ ക്രൈസ്തവ മൂല്യങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. അതില്‍ നിന്ന് വ്യത്യസ്തമായി ശരിക്കും പ്രത്യക്ഷമായ മനുഷ്യരക്ഷ വേണമെന്ന് അദ്ദേഹം പഠിപ്പിച്ചു. ജാതിവ്യവസ്ഥയും ഉച്ചനീചത്വങ്ങളും അടിമത്വവും ഇല്ലാത്ത ഒരു വ്യവസ്ഥിതി നമ്മുടെ ഈ ലോകത്തില്‍ തന്നെ വര്‍ത്തമാനകാലത്ത് തന്നെ യാഥാര്‍ത്ഥ്യമാകണം. അതാണ് പ്രത്യക്ഷരക്ഷ. രക്ഷ പ്രത്യക്ഷമായി തന്നെ വേണം എന്ന് പഠിപ്പിച്ച യോഹന്നാന്‍ തന്നെ ക്രമേണ അവരുടെ പ്രത്യക്ഷ ദൈവമായി ഭവിച്ചു. മനുഷ്യരെപ്പോലെ വൃത്തിയായി ജീവിക്കാനാണ് ആദ്യം അദ്ദേഹം അവരെ പഠിപ്പിച്ചത്. വൃത്തിയായ വെള്ളവസ്ത്രം ധരിച്ച് അവര്‍ പതിനായിരക്കണക്കായി യോഗങ്ങളില്‍ തടിച്ചുകൂടി.
ശ്രീമൂലം രാജാവിന്റെ പ്രജാസഭയില്‍ അദ്ദേഹം അംഗമായി. എല്ലാ അടിമവര്‍ഗ്ഗത്തിന്റെയും പ്രതിനിധിയെന്ന നിലയില്‍ അദ്ദേഹം അവരുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി നിലകൊണ്ടു. അടിമവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി ധാരാളം ആനുകൂല്യങ്ങള്‍ അദ്ദേഹം നേടിയെടുത്തു. കുറേ നാള്‍ രോഗശയ്യയില്‍ കിടന്ന് 1939 ല്‍ അദ്ദേഹം അന്തരിച്ചു.
അതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ ജാനമ്മ പ്രസ്ഥാനത്തിന്റെ സാരഥ്യം ഏറ്റെടുത്തു. അദ്ദേഹത്തെ അപ്പച്ചന്‍ എന്ന് വിളിച്ചിരുന്നപോലെ ജാനമ്മ അവര്‍ക്ക് അമ്മച്ചിയായി . 1985 ല്‍ ജാനമ്മ അന്തരിച്ചു. ഒരു മതാതീത പ്രസ്ഥാനമായി അപ്പച്ചന്‍ തുടക്കമിട്ട ഈ പ്രസ്ഥാനം അദ്ദേഹത്തിന്റെ മരണശേഷം കുറേക്കാലത്തേക്ക് ഒരു ക്രൈസ്തവസഭയായി കരുതപ്പെട്ടു. അതിന് ശേഷം ഹൈന്ദവ മതത്തിന്റെ ഭാഗമായി കരുതപ്പെട്ടു. അക്കാലത്താണ് പൊയ്കയില്‍ അപ്പച്ചന്‍ കുമാരഗുരുദേവന്‍ എന്ന് വിളിക്കപ്പെട്ടത്. മറ്റ് ഒരു മതത്തിന്റെയും ഭാഗമല്ലാതെ സ്വതന്ത്രമായി നില്‍ക്കുന്ന ഒരു മതമാണ് PRDS എന്ന വീക്ഷണമാണ് ഇപ്പോള്‍ പ്രബലമായുള്ളത് എന്ന് തോന്നുന്നു. ലോകമെമ്പാടും ഇരുനൂറോളം ശാഖകളും രണ്ടരലക്ഷത്തോളം അനുയായികളും ഉള്ള ഒരു മതമാണ് ഇന്ന് അത്. പത്തനംതിട്ടയിലെ ഇരവിപേരൂര്‍ ആണ് അതിന്റെ ആസ്ഥാനം. കുംഭം അഞ്ച് അപ്പച്ചന്റെ ജന്മദിനമാണ്. അടിമവര്‍ഗ്ഗത്തിന്റെ രക്ഷയ്ക്കായി ദൈവം ഭൂമിയില്‍ അവതരിച്ച ദിനമായി അത് ആഘോഷിക്കപ്പെടുന്നു. കന്നി മുപ്പത് തിരുവിതാംകൂറില്‍ അടിമത്തം നിരോധിച്ച ദിവസം അടിമകളുടെ സ്വാതന്ത്ര്യ ദിനമായി ആചരിക്കപ്പെടുന്നു. മിഥുനം 15 അപ്പച്ചന്റെ ചരമ ദിനമായി ആഘോഷിക്കപ്പെടുന്നു. സ്കൂളുകളും കോളേജുകളും PRDS പലയിടങ്ങളിലായി നടത്തുന്നുണ്ട്.
ഇന്നത്തെ നമ്മുടെ നാടിന്റെയും അതിന്റെ സംസ്കാരത്തിന്റെയും സൃഷ്ടിയില്‍ കുമാരഗുരുദേവന്റെ പങ്ക് അതുല്യമാണ്. ആദരപൂര്‍വ്വം സ്മരിക്കപ്പെടേണ്ട ഒരു മഹാമനുഷ്യനാണ് അദ്ദേഹം.
References
പൊയ്കയില്‍ അപ്പച്ചന്‍, കീഴാളരുടെ വിമോചകന്‍. കെ എം. ലെനിന്‍. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം. 2016.
പ്രത്യക്ഷരക്ഷാ ദൈവസഭ- ചരിത്രവും മുന്‍വിധികളും . അനില്‍ ഇ.വി. ആദിയര്‍ ദീപം പബ്ലിക്കേഷന്‍സ് , ഇരവിപേരൂര്‍. 2010.
An Anti-Slavery Spiritual Revolution in Kerala — Prathyaksha Raksha Daiva Sabha. Tharun T. Tharun. https://medium.com/@dalithistorynow/an-anti-slavery-spiritual-revolution-in-kerala-prathyaksha-raksha-daiva-sabha-c795e46343e5
Comments
1. ദൈവത്തെ പറ്റിയുള്ള ഭയത്തിൽ നിന്നും ഉണ്ടാകുന്ന അടിമത്തം
2. മതത്തെ കുറിച്ചുള്ള ഭയത്തിൽ നിന്നുമുണ്ടാകുന്ന അടിമത്തം
3. രാജ്യത്തിൻറെ പേരിൽ സൃഷ്ടിക്കപ്പെടുന്ന അടിമത്തം
4. മായാ ശക്‌തികളുടെ പേരിൽ സൃഷ്ടിക്കപ്പെടുന്ന അടിമത്തം
5. മാർഗങ്ങളുടെ പേരിൽ സൃഷ്ടിക്കപെടുന്ന അടിമത്തം.
6.ജീവന്റെ പേരിൽ സൃഷ്ടിക്കപെടുന്ന അടിമത്തം
7. ശരീരത്തിന്റെ പേരിൽ സൃഷ്ടിക്കപ്പെടുന്ന അടിമത്തം
നമുക്കേവർക്കും ഈ അടിമത്തത്തിൽ നിന്നും വിമോചിതരായി പരമമായ ആ സന്തോഷത്തെ പ്രാപ്തമാക്കുവാനായി പരിശ്രമിക്കാം.
ആരാധന ക്രമങ്ങളില് പുരോഗമന ചിന്ത പുലർത്തിയ മാർത്തോമ്മ സഭയിലും ജാതി സ്വാധീനം നിലനിന്നു. ബൈബിൾ പണ്ഡിതനായ യോഹന്നാന് ഉപദേശി ബൈബിൾ കത്തിക്കാന് നേതൃത്വം വഹിച്ചത് വൈരുദ്ധൃമായി. കാലം ഏറെക്കഴിഞ്ഞിട്ടും കേരളീയ സമൂഹത്തിൽ നിന്നും ജാതിബോധം മാഞ്ഞിട്ടില്ല എന്നത് ഖേദകരമാണ്. കുമാരഗുരു സ്ഥാപിച്ച പ്രസ്ഥാനം അതിന്റെ സ്ഥാപക ലക്ഷ്യത്തിൽ നിന്ന് വൃതിചലിച്ചോ?