എന്റെ മതാതീത വീക്ഷണം

എന്റെ സുഹൃത്തായ പ്രസന്നന്‍ എന്നോട് ചോദിച്ച ചില ചോദ്യങ്ങളും അവയ്ക്കുള്ള എന്റെ ഉത്തരങ്ങളും ഇവിടെ കൊടുക്കുന്നു. മലയാളസാഹിത്യത്തില്‍ മാസ്റര്‍ ബിരുദം നേടിയ പ്രസന്നന്‍ ഒരു കവിയും ചിന്തകനുമാണ്. 


1. ക്രിസ്റ്റ്യാനിറ്റിയിൽ  സാർ കണ്ട നൻമ എന്താണ് മറ്റു മതങ്ങളിൽ നിന്ന് വിഭിന്നമായി ?

മതങ്ങളെ താരതമ്യം ചെയ്യേണ്ട ആവശ്യമില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. എന്റെ മാതാപിതാക്കള്‍ ക്രിസ്ത്യാനികളായത് കൊണ്ടാണ് ഞാനും ക്രിസ്ത്യാനിയായത്. അവര്‍ ഹിന്ദുക്കളായിരുന്നെങ്കില്‍ ഞാനും ഹിന്ദുവായേനെ. മതം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. നമ്മുടെ സംസ്കാരം നമുക്ക് പൈതൃകമായി ലഭിക്കുന്നു. സംസ്കാരത്തിന്റെ ഭാഗമായ മതം, ഭാഷ, ഭക്ഷണരീതികള്‍, വസ്ത്രധാരണരീതികള്‍ ഇവയെല്ലാം സംസ്കാരത്തിന്റെ ഭാഗമാണ്.

മലയാളം എന്റെ മാതൃഭാഷയായിരിക്കുന്നതുപോലെ ക്രിസ്തുമതം എന്റെ മാതൃമതമാണ്‌. മറ്റു പല ഭാഷകളും നാം പഠിക്കുകയും കുറെയൊക്കെ ഉപയോഗിക്കുകയും ചെയ്യാറുള്ളതുപോലെ മറ്റു മതങ്ങളും നാം കുറെയൊക്കെ മനസിലാക്കാറുണ്ട് .

ക്രിസ്തുമതം ഇസ്ലാം മതത്തെക്കാള്‍ നല്ലതാണോ എന്ന ചോദ്യം മലയാളം തമിഴിനേക്കാള്‍ നല്ലതാണോ എന്ന ചോദ്യം പോലെയാണ്. അങ്ങനെ ഒരു താരതമ്യം ആരോഗ്യകരമല്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

ആരോഗ്യ പരിപാലനത്തിന് വിവിധ healing systems നാം ഉപയോഗിക്കാറുണ്ട്-- അലോപതി, ഹോമിയോപതി ,ആയുര്‍വേദം എന്നിങ്ങനെ . അതുപോലെ അര്‍ത്ഥവത്തായി ജീവിക്കുന്നതിന്‌ നമ്മെ സഹായിക്കുന്ന healing systems ആണ് വിവിധ മതങ്ങള്‍ എന്നാണ് ഞാന്‍ മനസിലാക്കുന്നത് . ഓരോന്നിനും അതാതിന്റെ strength ഉം weakness ഉം ഉണ്ട്. മതങ്ങള്‍ തമ്മില്‍ മത്സരമല്ല വേണ്ടത് , സഹവര്‍ത്തിത്വമാണ് . Competition അല്ല , cooperation ആണ് .

അലോപ്പതി ആയുവേദത്തിന് എതിരല്ലാത്തത് പോലെ ഒരു മതവും മറ്റൊരു മതത്തിന് എതിരല്ല. അലോപ്പതി ഉപജീവനമാര്‍ഗ്ഗമാക്കുന്നവര്‍   മറ്റു ചികില്സാരീതികള്‍ക്കെതിരാകുന്നതുപോലെ മതം ഉപജീവനമാര്‍ഗ്ഗമാക്കുന്നവരാണ് മറ്റ് മതങ്ങള്‍ക്ക് എതിരാകുന്നത്.   

ഞാന്‍ എന്റെ മാതൃമതം മനസിലാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം മറ്റു മതങ്ങളും മനസിലാക്കാന്‍ ശ്രമിക്കുന്നു. എല്ലാറ്റില്‍ നിന്നും വിലയേറിയ ജീവിതപാഠങ്ങള്‍ പഠിക്കുന്നു .


2. ഓർത്തോഡോക്സ് ക്രിസ്റ്റ്യാനിറ്റിയിൽ  ജനിച്ചതിലുള്ള  മെച്ചം ?

വിവിധ മതങ്ങള്‍ ഉള്ളതുപോലെ ക്രിസ്തുമതത്തിനകത്ത് വിവിധ വിഭാഗങ്ങളുണ്ട്. ഓര്‍ത്തോഡോക്സ് ക്രൈസ്തവീകത ആണ് എന്റെ മാതൃമതം . അതില്‍ ജനിച്ചതുകൊണ്ട് ഞാന്‍ അതിലായിരിക്കുന്നു.


3. വിശ്വാസം ഒരു ഉപകരണമായി ഏറ്റെടുക്കുന്നവരോട് സാറിന് നല്കാനുള്ള ഉപദേശം ?

അന്ധവിശ്വാസങ്ങള്‍ ഞാന്‍ നിരാകരിക്കുന്നു. അത്തരം വിശ്വാസങ്ങളില്‍ അടിസ്ഥാനമിട്ടു ജീവിക്കുന്നത് ബുദ്ധിശൂന്യതയാണ്. സ്വതന്ത്രരായി വളരുന്നതില്‍ നിന്ന് അവ നമ്മെ തടയുന്നു. എന്നാല്‍ നമുക്ക് പാറ പോലെ ഉറപ്പുള്ള ചില ബോധ്യങ്ങള്‍ ജീവിതത്തിന് അടിസ്ഥാനമായി വേണം. അങ്ങനെ ഉറപ്പുള്ള ഒരു ബോധ്യമാണ് നമുക്കുണ്ടാവേണ്ട ദൈവവിശ്വാസം. അത് നാം കണ്ടെത്തേണ്ട ഒന്നാണ്;പൈതൃകമായി ലഭിക്കുന്നതല്ല. ഞാന്‍ ഇവിടെ പറയുന്ന ദൈവവിശ്വാസം അന്ധവിശ്വാസങ്ങളുടെ കൂട്ടത്തില്‍ പെടുന്നതല്ല .


4. ക്രിസ്റ്റ്യാനിയിൽ വിശ്വസിക്കാതെ (സഭയിലും ), യേശുവിൽ വിശ്വാസിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോകുക ഒറ്റയ്ക്ക്  എത്രത്തോളം ഉചിതമാണ് ?

നമുക്ക് വേണ്ടത് വിശ്വാസങ്ങളല്ല; അറിവാണ്. യേശു പറഞ്ഞത് : നിങ്ങള്‍ സത്യം അറിയും; അത് നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്. സത്യം അന്വേഷിക്കുന്നവരാണ് അത് കണ്ടെത്തുന്നത്.


5. പുതിയ കാലഘട്ടത്തിൽ യുവാക്കൾ ഓർത്തോഡോക്സ്‌ ഫാമിലിയിൽപ്പെട്ടവർ എത്ര പേർ Father കുപ്പായമണിയുവാൻ താല്പര്യപ്പെടുന്നുണ്ടാവാം ... ?

ധാരാളം പേര്‍ താല്പര്യപ്പെടുന്നുണ്ട് .


6. മതത്തീനതീതമായൊരു കാഴ്ച്ചപാടിനോടുളള സാറിന്റെ സമീപനം ?

എന്റേത് മതാതീതമായ കാഴ്ചപ്പാടാണ്. മതം മനുഷ്യന് വേണ്ടിയാണ്; മനുഷ്യന്‍ മതത്തിന് വേണ്ടിയല്ല. ശ്രീനാരായണഗുരു അരുളിയപോലെ മനുഷ്യനെ നന്നാക്കുകയാണ് മതത്തിന്റെ ധര്‍മ്മം. ആ ധര്‍മ്മം സാധിച്ചില്ലെങ്കില്‍ മതം കൊണ്ട് ഒരു പ്രയോജനവുമില്ല.

ക്രിസ്തുമതത്തില്‍ ജനിച്ചവര്‍ നല്ല ക്രിസ്ത്യാനികളാകാന്‍ ശ്രമിക്കണം. ഹിന്ദുക്കളായി ജനിച്ചവര്‍ നല്ല ഹിന്ദുക്കളാകാന്‍ ശ്രമിക്കണം . അതുപോലെ ഓരോ മതത്തില്‍ ജനച്ചവരും അതതു മതത്തിന്റെ പാതയിലൂടെ നല്ല മനുഷ്യരാകാന്‍ ശ്രമിക്കണം.

ആദിമക്രൈസ്തവസഭയില്‍ ഒരു വലിയ അഭിപ്രായഭിന്നതയുണ്ടായി. ക്രിസ്തുസഭയില്‍ ചേരുന്ന എല്ലാവരും പരിശ്ചേദന (circumcision) ചെയ്യണമെന്ന് ചിലര്‍ വാദിച്ചു. വേണ്ട എന്ന് മറ്റുള്ളവരും . ഈ രണ്ടു വിഭാഗക്കാരെയും സമന്വയിപ്പിക്കുവാന്‍ ഉപകരിച്ചത് St .Paul ന്‍റെ നിലപാടാണ്. അദ്ദേഹം പറഞ്ഞു: പരിശ്ചേദന ചെയ്യുന്നുവോ അല്ലയോ എന്നതല്ല , ഒരു പുതിയ സൃഷ്ടി ആവുക എന്നതത്രേ കാര്യം. നാമൊക്കെ നവീകരിക്കപ്പെടുക എന്നതാണ് ലക്‌ഷ്യം . ആ ലക്ഷ്യത്തിലേക്ക് നയിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലതാകാം.

ഏതു നദിയിലൂടെ പോയാലും സമുദ്രത്തില്‍ എത്തുമെങ്കില്‍ ഒരു പ്രത്യേക നദിയിലൂടെ തന്നെ പോകണമെന്ന് വാശി പിടിക്കുന്നത് ബുധിശൂന്യതയല്ലേ ?

എനിക്ക് എന്റെ മാതൃമതം തന്നെയാണ് ഏറ്റവും സഹായകരം. ആശയവിനിമയത്തിന് എന്റെ മാതൃഭാഷയാണ് എനിക്ക് ഏറ്റവും നല്ലത് എന്ന് പറയുന്നത് പോലെയാണിത്. അതുപോലെ ഓരോരുത്തര്‍ക്കും അവരവരുടെ മാതൃമതം തന്നെയാണ് ഏറ്റവും സഹായകരം.

മതംമാറ്റം പലപ്പോഴും ഗുണത്തെക്കാളേറെ ദോഷം ചെയ്യും . ഒരു മരം അത് നില്‍ക്കുന്ന മണ്ണില്‍ നിന്ന് പിഴുത് മറ്റൊരിടത്ത് വയ്ക്കുന്നതുപോലെയാണത്. അത് ഉണങ്ങി പോകാനാണ് സാധ്യത.


Comments

Sijo George said…
വളരെ സത്യസന്ധമായ മറുപടികളാണ് ലേഖകൻ ഇവിടെ പരാമർശിച്ചിരിക്കുന്ന ചോദ്യങ്ങൾക്കു നല്കിയിരിക്കുന്നത്. വളരെ നാനായിട്ടുണ്ട്.
ജോൺസൺ said…
നല്ല ചിന്തയാണ്, അത് ആരുടെയെങ്കിലുമൊക്കെ കണ്ണു തുറക്കാൻ കാരണമാകട്ടെ
Unknown said…
എൻ്റെ മതമാണ് സുപ്രീം എന്ന് എങ്ങിനെയോ മനുഷ്യമനസിൽ കയറിപ്പറ്റുന്നു,ഒരു സെക്യൂരിറ്റിഫീലിങ്ങാവാം,പക്ഷേ,മറ്റുമതങ്ങളെ തരം താഴ്ത്തിക്കാണുമ്പോഴാണ് പ്രശ്നം.ഈശ്വരാന്വേഷണത്തിനുള്ള വിവിധ വഴികൾ മാത്രമാണ് മതങ്ങൾ.അവനവൻ്റെ ഈശ്വരനെ അവനവൻ കണ്ടെത്തണമെന്നാണ് തോന്നുന്നത്.ഒ
Anonymous said…
മറുപടിക്ക് നന്ദി സാർ തൃപ്തതികരം

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?