ക്രൈസ്തവാരാധനക്രമത്തിന്റെ വികാസപരിണാമം

നമ്മുടെ ആരാധനാക്രമവും അതിലെ പ്രാര്‍ഥനകളും ഗീതങ്ങളും അനുഷ്ടാനങ്ങളും മൂന്നു വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ പഠനവിധേയമാക്കാവുന്നതാണ്. :

  1. അപഗ്രഥനം: അതിന്റെ ഉള്ളടക്കവും രൂപവും അപഗ്രഥിക്കുക

  2. താരതമ്യം: അതിനെ മറ്റ് ആരാധനക്രമങ്ങളുമായും പ്രാര്‍ത്ഥനകളുമായും മറ്റും താരതമ്യപ്പെടുത്തുക

  3. ചരിത്രപഠനം: അത് എങ്ങനെ ഉത്ഭവിക്കുകയും ചരിത്രത്തിലൂടെ പരിണമിക്കുകയും ചെയ്തു എന്ന് പഠിക്കുക.

ക്രൈസ്തവാരാധനയുടെ ഒരു ചരിത്രപഠനമാണ് ഇവിടെ നാം നടത്തുന്നത്.

യേശുതമ്പുരാന്‍ യഹൂദജനവിഭാഗത്തില്‍ പെട്ട ആളായിരുന്നു. യഹൂദര്‍ മശിഹായുടെ വരവിനായി കാത്തിരുന്നു. യേശുവിന്റെ കാലശേഷം അവരില്‍ ഒരു വിഭാഗം അവരുടെയിടയില്‍ ജീവിച്ചിരുന്ന യേശു തന്നെയാണ് അവര്‍ കാത്തിരുന്ന മശിഹാ എന്ന് വിശ്വസിച്ചു. അങ്ങനെ വിശ്വസിച്ചവര്‍ ക്രമേണ യഹൂദസമുദായത്തില്‍ നിന്നകന്ന് ഒരു പ്രത്യേക സമുദായമായി വികസിച്ചു. അങ്ങനെയാണല്ലോ ക്രൈസ്തവസഭയുടെ ഉത്ഭവം. ക്രിസ്താബ്ദം 70 ല്‍ യെരുശലേം ദേവാലയം നശിപ്പിക്കപ്പെട്ടപ്പോഴാണ് ക്രൈസ്തവസഭ യഹൂദസമുദായത്തില്‍ നിന്ന് വിഭിന്നമായി സ്വന്തമായി ഒരു സ്വത്വബോധത്തോടെ നിലവില്‍ വരുന്നത്. അതുവരെ യേശുവും അവിടുത്തെ ശിഷ്യരും യഹൂദര്‍ തന്നെയായിരുന്നു.

യഹൂദസമുദായത്തിനുണ്ടായിരുന്ന വിശ്വാസാചാരാനുഷ്ടാനങ്ങള്‍ ക്രൈസ്തവസഭയുടെ പൈതൃകമായി ഭവിച്ചു. യഹൂദസമുദായം ഉപയോഗിച്ചിരുന്ന ആരാധനക്രമങ്ങള്‍ ക്രൈസ്തവസഭ സ്വീകരിച്ച് ഉപയോഗിച്ചു എന്ന കരുതാം. ചിലതെല്ലാം അതേപടി സ്വീകരിച്ചു കാണും. ചിലതില്‍ ക്രൈസ്തവസഭയുടെ മാറിയ ധാരണകള്‍ക്കനുസൃതമായി ചെറിയ മാറ്റങ്ങള്‍ വരുത്തിക്കാണും . കൂടാതെ തികച്ചും പുതിയ പ്രാര്‍ഥനകളും ഉണ്ടാക്കിക്കാണും. നമുക്ക് വളരെ പരിചിതമായ പ്രാര്‍ത്ഥനകളില്‍ അനുഗ്രങ്ങള്‍ നിറഞ്ഞിരിക്കുന്നവനെ, കരുണയുള്ള ദൈവമേ തുടങ്ങിയവ അതേപടി സ്വീകരിച്ചവയാണെന്ന് വേണം കരുതാന്‍. നാം നമ്മുടെ ആരാധനയില്‍ ഉപയോഗിക്കുന്ന സങ്കീര്‍ത്തനങ്ങള്‍ യഹൂദര്‍ ഇന്നും ഉപയോഗിക്കുന്നതാണല്ലോ . മോറാനേശു മശിഹാ നിന്റെ കരുണയുടെ വാതില്‍, മഹോന്നതന്റെ മറയില്‍ ഇരിക്കുന്ന തുടങ്ങിയ പ്രാര്‍ഥനകള്‍ മാറ്റങ്ങള്‍ വരുത്തി സ്വീകരിച്ചതാവണം. ക്രൈസ്തവസഭയില്‍ തന്നെ ഉണ്ടായ പ്രാര്‍ഥനയുടെ ഒരു ഉദാഹരണമാണ് കൃപ നിറഞ്ഞ മറിയമേ എന്നത്.

കൌമയുടെ ഉത്ഭവവും വികാസവും

പൌരാണിക സുറിയാനി പാരമ്പര്യത്തില്‍ ഏറ്റവും ഉപയോഗിക്കപ്പെടുന്നതും ഏവര്‍ക്കും ഏറ്റവും പരിചിതവുമാണല്ലോ കൌമ എന്ന ആരാധനക്രമം. അതിന്റെ ഉത്ഭവവും വികാസവും നമുക്ക് പരിശോധിക്കാം. നാം നിരന്തരം കേട്ടും ഉപയോഗിച്ചും ചിരപരിചിതമായ ഭാഷയില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്രമായ ഒരു ആശയതര്‍ജമയാണ്‌ ഇവിടെ ഞാന്‍ കൌമയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.

യഹൂദ സമുദായത്തില്‍ ഇന്നും ഏറ്റവും ഉപയോഗിക്കപ്പെടുന്ന ആരാധനക്രമമാണ് തെഫിലത്ത് ഹ അമിദ. תפילת העמידה (ചുരുക്കത്തില്‍ അമിദ) നിന്നുകൊണ്ടുള്ള പ്രാര്‍ത്ഥന എന്നാണ് അതിന്റെ അര്‍ഥം. ഈ ലിങ്കില്‍ അത് കാണാം.

https://www.chabad.org/library/article_cdo/aid/3834226/jewish/What-Is-the-Amidah.htm

ഇതിനെ മാതൃകയാക്കിയാണ് ആദിമക്രൈസ്തവസഭയില്‍ കൌമ ഉത്ഭവിച്ചത് എന്ന് അനുമാനിക്കണം. കൌമയും നിന്നുകൊണ്ടുള്ള ആരാധനയാണ്. കൌമ എന്ന സുറിയാനി വാക്കിന്റെ അര്‍ഥം നിന്നുകൊണ്ട് എന്നാണ്. അമിദ അതേപടി തര്‍ജമ ചെയ്തല്ല കൌമാ ഉണ്ടാക്കിയത്. അമിദയിലെ പ്രധാന ആശയങ്ങള്‍ മാത്രം ചേര്‍ത്ത ഒരു സംക്ഷിപ്ട ക്രമമാണ് കൌമ. ദൈവമേ അങ്ങ് മാത്രം പരിശുദ്ധനും ബലവാനും അമര്‍ത്യനും കാരുണ്യവാനുമാകുന്നു . പാപികളും ബലഹീനരുമായ ഞങ്ങള്‍ അറിഞ്ഞും അറിയാതെയും ചെയ്തതും ചെയ്യുന്നതുമായ തെറ്റുകുറ്റങ്ങള്‍ക്ക് മാപ്പപേക്ഷിക്കുന്നു. – ഇതാണ് കൌമയുടെ ആശയ സംഗ്രഹം.

ഈ കേന്ദ്ര ആശയം യഹൂദര്‍ക്ക് സ്വീകാര്യമാണെങ്കിലും യഹൂദര്‍ക്ക് സ്വീകാര്യമല്ലാത്ത പല ആശയങ്ങളും കൌമയില്‍ ചേര്‍ത്തിട്ടുമുണ്ട്.

  1. ദൈവത്തെ പിതൃപുത്രപരിശുദ്ധാത്മാവായി കൌമയില്‍ കാണാം. ഈ ത്രിത്വസങ്കല്‍പ്പം യഹൂദര്‍ക്ക് അന്യമാണ്.

  2. ഞങ്ങള്‍ക്കായി കുരിശിക്കപ്പെട്ടവനെ എന്ന് ദൈവത്തെ അഭിസംബോധന ചെയ്യുന്നു. യേശുവിന്‍റെ കുരിശുമരണം ദൈവസ്നേഹത്തിന്റെ പ്രകടനമാണെന്നും അത് മനുഷ്യരക്ഷയ്ക്ക് കാരണമാണെന്നുമുള്ള ചിന്തകളൊന്നും യഹൂദര്‍ക്കില്ല.

  3. മശിഹായെക്കുറിച്ച് വന്നവനും എന്ന് ഏറ്റുപറയുന്നു. ഇന്നും മശിഹായെ പ്രതീക്ഷിച്ച് കഴിയുന്ന യഹൂദര്‍ യേശു മശിഹാ തന്നെ എന്ന ക്രൈസ്തവവിശ്വാസം നിരാകരിക്കുന്നു.

ആരാധനയ്ക്ക് നേതൃത്വം നല്കുന്നയാളും ആരാധനയില്‍ പങ്കെടുക്കുന്ന ജനവും മാറി മാറി ചൊല്ലുന്ന രീതിയിലാണ് കൌമയുടെ ക്രമം.

ഹല്ലേലുയ്യാ (സ്തുതിക്കാം നമുക്ക് യഹോവയെ ) എന്ന മുഖവുരയോടെയാണ്‌ പല സങ്കീര്‍ത്തനങ്ങളും തുടങ്ങുന്നത്. കൌമാ ആരംഭിക്കുന്നതും അങ്ങനെയാണ് :

ശുബ് ഹോ ലൊക് ആലോഹോ = സ്തുതിക്കാം നമുക്കു ദൈവത്തെ

പില്‍ക്കാലത്ത് ക്രൈസ്തവസഭയില്‍ ത്രിത്വവിശ്വാസം ബലപ്പെട്ടപ്പോള്‍ ആലോഹോ എന്നതിന്റെ സ്ഥാനത്ത് അബോബ്രോറൂഹോ വന്നു. സ്തുതിക്കാം നമുക്ക് ദൈവത്തെ എന്നത് സ്തുതിക്കാം നമുക്ക് പിതൃപുത്രപരിശുദ്ധാത്മാവിനെ എന്ന് മാറി.

നായകന്‍: പിതൃപുത്രപരിശുദ്ധാത്മാവാകുന്ന സത്യേക ദൈവനാമത്തെ നമുക്ക് സ്തുതിക്കാം

ജനം: ബലഹീനരും പാപികളുമായ നമ്മുടെ മേല്‍ തന്റെ അനുഗ്രഹങ്ങളും കരുണയും എന്നേയ്ക്കും ഉണ്ടാകട്ടെ

ഇതിന്റെ ഒരു ചുരുക്കരൂപവും പ്രചാരത്തിലുണ്ട്.

നായകന്‍: നമുക്ക് പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും സ്തുതിക്കാം

ജനം: ആദിമുതല്‍ എന്നെന്നേയ്ക്കും ആമ്മീന്‍

പ്രതിവാക്യം മാറ്റമില്ലാതെ സ്വീകരിച്ചു.

നായകന്‍: ആകാശവും ഭൂമിയും തന്റെ മഹത്വം കൊണ്ട് നിറഞ്ഞിരിക്കുന്ന ബലവാനായ ദൈവം തമ്പുരാന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍

മാലാഖമാര്‍ ഇങ്ങനെ ദൈവത്തെ സ്തുതിക്കുന്നതായാണ് എശായ ദര്‍ശിച്ചത്. ഇത് മാറ്റമില്ലാതെ സ്വീകരിച്ചു

ജനം: ദൈവമായ കര്‍ത്താവിന്റെ തിരുനാമത്തില്‍ വരുവാനിരിക്കുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ – ഇങ്ങനെയായിരുന്നിരിക്കണം യഹൂദര്‍ പറഞ്ഞിരുന്നത്. അതോടൊപ്പം വന്നവനും എന്ന് ക്രൈസ്തവര്‍ കൂട്ടിച്ചേര്‍ത്തു. യേശു തന്നെയാണ് മശിഹാ എന്ന വിശ്വാസമാണ് ക്രൈസ്തവരെ യഹൂദരില്‍ നിന്ന് വ്യത്യസ്തരാക്കിയത്.

ഇതോടൊപ്പം സുറിയാനിയില്‍ തെശ്ബുഹത്തോ ബ് മ് റൌമോ (ഉയരങ്ങളില്‍ സ്തുതി) എന്ന് പറഞ്ഞിരിക്കുന്നത് ഉച്ചത്തില്‍ സ്തുതിക്കാം എന്ന നിര്‍ദേശമാകാന്‍ സാധ്യതയുണ്ട്. ഇത് മാറ്റമില്ലാതെ സ്വീകരിച്ചു.

പരിശുദ്ധന്‍ നീ ദൈവമേ

പരിശുദ്ധന്‍ നീ ബലവാനെ

പരിശുദ്ധന്‍ നീ അമര്‍ത്യനെ –

ഈ ഭാഗം അതുപോലെ സ്വീകരിച്ചു

ഞങ്ങള്‍ക്കായി ക്രൂശിക്കപ്പെട്ടവനെ ഞങ്ങളോട് കരുണ ചെയ്യണമേ –

ഇത് കൂട്ടിച്ചേര്‍ത്തു

ഞങ്ങളുടെ കര്‍ത്താവേ ഞങ്ങളോട് കരുണയുണ്ടാകണമേ

ഞങ്ങളുടെ കര്‍ത്താവേ കൃപയുണ്ടായി ഞങ്ങളോട് കരുണയുണ്ടാകണമേ

ഞങ്ങളുടെ കര്‍ത്താവേ ഞങ്ങളുടെ നമസ്കാരവും പ്രാര്‍ഥനയും കൈക്കൊണ്ട് ഞങ്ങളോട് കരുണയുണ്ടാകണമേ

ഈ ഭാഗം അതുപോലെ സ്വീകരിച്ചു

സ്തുതിക്കാം ദൈവത്തെ

സ്തുതിക്കാം സ്രഷ്ടാവിനെ

സ്തുതിക്കാം മശിഹാരാജാവിനെ

പാപികളായ ഈ ദാസരോട് തനിക്ക് കരുണയുണ്ട്

ഈ ഭാഗവും അതുപോലെ സ്വീകരിച്ചു.

കര്‍ത്തൃപ്രാര്‍ത്ഥന യേശുതമ്പുരാന്‍ പഠിപ്പിച്ചതാണെങ്കിലും അത് അക്കാലത്തെ തന്റെ സമുദായത്തിലുള്ളവര്‍ പ്രാര്‍ഥിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. അത് ക്രൈസ്തവര്‍ അതുപോലെ സ്വീകരിച്ചു

കൃപനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന – ക്രൈസ്തവസഭയില്‍ പുതുതായി സൃഷ്ടിച്ചു


ഉപസംഹാരം

നാം ചൊല്ലുന്ന പ്രാര്‍ഥനകള്‍ എങ്ങനെ എവിടെ ഉത്ഭവിച്ചു, എങ്ങനെ പരിണമിച്ചു എന്നൊക്കെ അറിയുന്നത് വളരെ പ്രയോജനകരമാണ്. അര്‍ത്ഥവത്തായി ആ പ്രാര്‍ഥനകള്‍ ചൊല്ലുവാന്‍

ആ അറിവ് നമ്മെ സഹായിക്കും. മാത്രമല്ല കാലഘട്ടത്തിനു യോജിച്ച വിധത്തില്‍ ആ പ്രാര്‍ഥനകള്‍ പരിഷ്ക്കരിക്കുന്നതിനും ആ അറിവ് സഹായകരമാകും.


For further Reading:

Carmine Di Sante. Jewish Prayer: The Origins of Christian Liturgy . Trans. Matthew J. O'Connell.

New York and Mahway, N.J.: Paulist Press, 1991.

https://www.chabad.org/library/article_cdo/aid/3834226/jewish/What-Is-the-Amidah.htm

http://www.jcrelations.net/Jewish_Influence_on_Early_Christian_Liturgy__A_Reappraisal.3217.0.html

http://www.jewishencyclopedia.com/articles/10040-liturgy


Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം