വരൂ കീര്‍ത്തിക്കാം നമുക്ക് സര്‍വേശനെ -- Review by Dr. M. Kuriakose
ശ്രീ
ജോണ്‍ കുന്നത്ത് പദ്യരൂപത്തില്‍
പുനരാവിഷ്കരിച്ച് വരൂ
കീര്‍ത്തിക്കാം നമുക്ക്
സര്‍വേശനെ എന്ന പേരില്‍ രചിച്ച
സങ്കീര്‍ത്തനസമാഹാരം വായിച്ചു.
വളരെ
ആസ്വാദ്യകരമായി അനുഭവപ്പെട്ടു.
മൂവായിരത്തോളം
വര്‍ഷങ്ങള്‍ക്ക് മുമ്പ്
യഹൂദ്യയിലെ മലഞ്ചെരിവുകളിലും
യെരുശലേം ദേവാലയത്തിന്റെ
പ്രാകാരങ്ങളിലുമൊക്കെ
ഇസ്രായേലിന്റെ മധുര ഗായകരായ
ദാവീദും ആസാഫും കോരഹ്
പുത്രന്മാരുമെല്ലാം യഹോവയെ
സ്തുതിച്ച് പാടി തിമിര്‍ത്ത
ഗാനങ്ങള്‍ ഒരിക്കല്‍ കൂടി
കര്‍ണ്ണപുടങ്ങളില്‍ അലയടിച്ച
പോലെ തോന്നി.
ആശയങ്ങള്‍ക്കോ
അനുഭൂതികള്‍ക്കോ കോട്ടം
വരാതെ നൂറ്റമ്പത് സങ്കീര്‍ത്തനങ്ങളും
ലളിതമായ ഭാഷയില്‍ പുതുമയോടെ
വായനക്കാര്‍ക്ക് മുമ്പില്‍
ഗ്രന്ഥകാരന്‍ വീണ്ടും
സമര്‍പ്പിച്ചിരിക്കുന്നു.
വില്യം
ലൊ (1686
–1761) എന്ന
സുപ്രസിദ്ധ വേദശാസ്ത്രജ്ഞന്‍
സംഗീതത്തെപ്പറ്റി എഴുതിയത്
ഇങ്ങനെയാണ്:
"പ്രാര്‍ത്ഥനയക്ക്
വഴിയൊരുക്കുന്നതിനും
ഹൃദയമാന്ദ്യം അകറ്റുന്നതിനും
ആത്മാവിനെ ദുര്‍വികാരങ്ങളില്‍
നിന്ന് ശുദ്ധീകരിക്കുന്നതിനും
സ്വര്‍ഗ്ഗകവാടം തുറന്നുകിട്ടുന്നതിനും
നമ്മുടെ ഹൃദയങ്ങളെ ദൈവത്തോട്
അടുപ്പിക്കുന്നതിനും
സ്തുതിഗീതങ്ങളെപ്പോലെ
സഹായകരമായി മറ്റൊന്നും
തന്നെയില്ല.
അവ
വിശുദ്ധ വികാരങ്ങളെ ഉണര്‍ത്തുന്നു.
നമ്മുടെ
ഹൃദയത്തെ ഒരു അള്‍ത്താരയായി
രൂപാന്തരപ്പെടുത്തുന്നു.
നമ്മുടെ
സ്തോത്രത്തെ സുഗന്ധധൂപമാക്കി
മാറ്റുന്നു.
ആ
സൌരഭ്യത്തെ കൃപാസനത്തില്‍
എത്തിക്കുന്നു.”
അങ്ങനെയെങ്കില്‍
സങ്കീര്‍ത്തനങ്ങള്‍ ധ്യാനപൂര്‍വ്വം
ചൊല്ലുന്നവര്‍ക്ക് ദൈവസന്നിധിയില്‍
നിന്ന് സന്തോഷവും സമാധാനവും
പ്രാപ്യമാകും എന്നതില്‍
സംശയമില്ല.
സങ്കീര്‍ത്തനങ്ങള്‍ക്ക്
നമ്മുടെ ആരാധനക്രമത്തില്‍
പ്രമുഖ സ്ഥാനമുണ്ട്.
അവ
ഭക്തിപൂര്‍വ്വം അനുതാപഹൃദയത്തോടെ
ചൊല്ലുവാന്‍ നിഷ്ക്കര്ഷിക്കപ്പെട്ടിരിക്കുന്നു.
ഭക്തിപുരസരം
ആലപിക്കണമെങ്കില്‍ ഭാഷ ലളിതവും
ശുദ്ധവും ആയിരിക്കണം.
ഈ
പുസ്തകത്തിലെ വരികള്‍ ഏറെ
ഭക്തിസംവര്‍ദ്ധകമായ ശൈലിയില്‍
എഴുതപ്പെട്ടിരിക്കുന്നു
എന്നത് എടുത്ത് പറയേണ്ടിയിരിക്കുന്നു.
യഹൂദരും
യവനരും പാശ്ചാത്യരും പൌരസ്ത്യരും
ക്രൈസ്തവരും അക്രൈസ്തവരും
ഒരുപോലെ കീര്‍ത്തിച്ച് പാടുന്ന
മസ് മൂറോകള്‍ മലയാളികള്‍ക്ക്
ദൈവത്തെ പാടിപ്പുകഴ്ത്തുവാന്‍
പര്യാപ്തമായ വിധത്തില്‍
രൂപപ്പെടുത്തി ചിട്ടപ്പെടുത്തുവാന്‍
ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്.
വിശുദ്ധ
വേദപുസ്തകവും ആരാധനാക്രമങ്ങളും
മലയാളത്തിലേക്ക് വിവര്‍ത്തനം
ചെയ്യപ്പെട്ട് തുടങ്ങിയിട്ട്
ഇരുനൂറോളം വര്‍ഷങ്ങളായി.
സംസ്കൃതപദങ്ങളുടെ
ബാഹുല്യം നിമിത്തം ആദ്യകാല
തര്‍ജമകളുടെ വായന ക്ലേശകരമായിരുന്നു.
ഭാഷാശുധിയും
ലാളിത്യവും ഒത്തുചേരുമ്പോഴാണ്
കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും
ഹൃദ്യമാകുന്നത്.
ശ്രീ
ജോണ്‍ കുന്നത്ത് ഈ ഉദ്യമത്തില്‍
വിജയിച്ചിട്ടുണ്ട്.
എത്രനാളെന്നെ
മറന്നിടുമീശ്വരാ
എന്നേയ്ക്കുമായ്
വിസ്മരിച്ചിടുമോ ?
എത്രനാളെന്നില്‍
നിന്നും മറയ്ക്കും മുഖ-
മെത്രനാള്‍
ദുഃഖം സഹിക്കണം ഞാന്‍ ?
ദുഖവും
നിരാശയും ദൂരെ മാറ്റി
ദാവീടിനോടൊപ്പം ദൈവത്തിന്‍റെ
രക്ഷയില്‍ ആനന്ദിപ്പാന്‍ ഈ
സ്തുതിഗാനത്തിന്റെ ശീലുകള്‍
നമ്മെ സഹായിക്കുന്നു.
കീര്‍ത്തനമൊന്ന്
ഞാനെന്‍ മഹാരാജന്റെ
തുപ്പാദത്തിങ്കലര്‍പ്പിക്കുന്നിതാ
സുന്ദരമായൊരു
കാവ്യം രചിച്ചിടും
തൂലിക
പോലെയാണെന്റെ നാവ്
എന്ന് മനമുരുകി പ്രാര്‍ഥിച്ച്
അവന്റെ അധരങ്ങളില്‍ നിന്ന്‍
വീഴുന്ന വാക്കുകള്‍ക്ക് ഈണം
നല്‍കി കാവ്യരചന ഒരു തപസ്യയായി
കരുതി നിവര്‍ത്തിച്ച്
സുമനസ്സുകള്‍ക്ക് കാഴ്ചയായി
സമര്‍പ്പിച്ച ജോണ്‍ സാറിനെ
ദൈവം തന്‍റെ വലങ്കരം നീട്ടി
അനുഗ്രഹിക്കട്ടെ.
മലയാള
വേദസാഹിത്യത്തിന് ഈ കൃതി
ഒരു മുതല്‍ക്കൂട്ടാണ് മലങ്കരയിലെ
ക്രൈസ്തവഭവനങ്ങളിലെ സാധാരണക്കാരായ
വിശ്വാസികള്‍ക്ക് ഈ ഗീതങ്ങള്‍
ആശ്വാസമേകും.
മനസ്സിന്
കുളിര്‍മ്മയേകും,
ദൈവാശ്രയത്തില്‍
മുന്നേറാന്‍ പ്രചോദനമേകും.
ജോണ്‍
സാറിന്റെ ഈ പുസ്തകത്തിന്
മംഗളങ്ങള്‍ നേരുന്നു.
ദൈവതിരുനാമം
മഹത്വപ്പെടട്ടെ.
Comments