ക്രൈസ്തവാരാധനയിലെ സൈക്കോതെറാപ്പി


മനോരോഗികളെ ചികിത്സിക്കാന്‍ മനോവിശകലനം ഉപയോഗിക്കാം എന്ന സിഗ്മണ്ട് ഫ്രോയിഡിന്റെ കണ്ടെത്തല്‍ ലോകമെങ്ങും ഒരു പുതിയ പ്രതീക്ഷയും പ്രത്യാശയും ഉണര്‍ത്തി. ബാല്യകാലം മുതല്‍ മനുഷ്യമനസിലുണ്ടാകുന്ന മുറിവുകള്‍ ഉണങ്ങാതെ കിടക്കുന്നതിന്‍റെ ഫലമായാണ് മനോരോഗങ്ങള്‍ ഉണ്ടാകുന്നത് എന്ന് ഫ്രോയിഡ് സിദ്ധാന്തിച്ചു. കാലപ്പഴക്കം കൊണ്ട് അവ നാം മറന്നുവെന്ന് വന്നാലും അവ ഉപബോധമനസ്സില്‍ സജീവമായി മുറിവായി തന്നെ കിടക്കുമെന്നും നാമറിയാതെ തന്നെ പല മാനസിക പ്രശ്നങ്ങള്‍ക്കും ആ മുറിവുകള്‍ കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉപബോധമനസ്സില്‍ മറഞ്ഞുകിടക്കുന്ന ഒരു മുറിവിനെ ബോധമനസിലേക്ക് കൊണ്ട് വരാന്‍ സാധിച്ചാല്‍ അതിനെ ഉണക്കാന്‍ കഴിഞ്ഞേക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശരീരത്തിലുണ്ടാകുന്ന മുറിവുകളെക്കാള്‍ അപകടകാരിയാണ് മനസിലുണ്ടാകുന്ന മുറിവുകള്‍. അവ നമ്മുടെ ശക്തി ചോര്‍ത്തിക്കളയുന്നു. ക്രമേണ മറ്റു ഗുരുതരമായ പ്രശ്നങ്ങളിലേക്ക് അവ നമ്മെ നയിക്കുകയും ചെയ്യുന്നു. മനസ്സിലെ മുറിവുകള്‍ മുറിവുകളായി കിടക്കാതെ എത്രയും വേഗം അവ ഉണങ്ങേണ്ടത് മനസ്സിനെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.

മറവിയില്‍ കിടക്കുന്ന ഒരു മുറിവിനെ ഓര്‍മ്മയിലേക്ക് കൊണ്ട് വന്നാല്‍ അത് താനേ ഉണങ്ങുമോ? ബാല്യത്തില്‍ അറിവില്ലാത്ത കാലത്ത് അപക്വമായ മനസ്സില്‍ ഉണ്ടായ മുറിവുകളാണ് അവയില്‍ പലതും. അവ പ്രായമായ ആളിന്റെ പക്വമായ മനസിന്‍റെ ഓര്‍മ്മയിലേക്ക് തുറക്കുമ്പോള്‍ അക്കാരണം കൊണ്ട് തന്നെ കരിയുവാന്‍ എളുപ്പമാണ്. ഉദാഹരണത്തിന് ബാല്യത്തില്‍ മനസ്സില്‍ തോന്നിയ അകാരണമായ ഒരു ഭയം മറന്നു കിടക്കുന്നുവെന്ന് വയ്ക്കുക. പ്രായമായ ശേഷം ആ ഭയം ഓര്‍മയിലേക്ക് കൊണ്ടുവന്നിട്ട് ബാല്യത്തിന്റെ അപക്വതയില്‍ നിന്നുള്ള അകാരണമായ ഒരു ഭയം ആണ് അത് എന്ന് തിരിച്ചറിഞ്ഞ് കഴിയുമ്പോള്‍ ആ ഭയം താനേ മാറുന്നു.

എന്നാല്‍ എല്ലാ മുറിവുകളും അത്ര വേഗത്തില്‍ ഉണക്കുവാന്‍ സാധ്യമല്ല. നമ്മുടെ മനസിലുണ്ടായ മുറിവുകള്‍ മിക്കവയും മറ്റുള്ളവര്‍ വരുത്തിയതാണ്. പലരും നമ്മോട് മോശമായി പെരുമാറിയപ്പോള്‍, നമ്മെ അകാരണമായി കുറ്റപ്പെടുത്തിയപ്പോള്‍, നാം കഴിവുകെട്ടവരാണെന്നും മോശക്കാരാണെന്നും വിധിയെഴുതിയപ്പോള്‍ അതെല്ലാം നമ്മുടെ മനസ്സിനെ മുറിപ്പെടുത്തി. ഇങ്ങനെയുള്ള അസംഖ്യം സംഭവങ്ങള്‍ മറവിയില്‍ നിന്ന് ഓര്‍മ്മയിലേക്ക് മടക്കിക്കൊണ്ടു വരാന്‍ നമുക്ക് കഴിഞ്ഞേക്കും. ഓര്‍മ്മയിലേക്ക് കൊണ്ട് വരിക മാത്രം ചെയ്‌താല്‍ അത്തരം മുറിവുകള്‍ ഉണങ്ങുകയില്ല. അവ കുറേക്കൂടി വലിയ മുറിവുകളായി മാറാനും സാധ്യതയുണ്ട്. മറ്റെന്താണ് പ്രതിവിധി

ഒരാള്‍ നമ്മുടെ മനസിനെ മുറിപ്പെടുത്തുന്നു എന്ന് സങ്കല്‍പ്പിക്കുക. അയാളുടെ അറിവില്ലായ്മയോ അപക്വതയോ നിമിത്തമാണ് അയാള്‍ അത് ചെയ്യുന്നത് എന്ന് അപ്പോള്‍ നാം തിരിച്ചറിയുന്നില്ല. അതുകൊണ്ടാണ് നമ്മുടെ മനസ് മുറിപ്പെടുന്നത് . എന്നാല്‍ പിന്നീട് ഇക്കാര്യം തിരിച്ചറിയുമ്പോള്‍ അയാളോട് ക്ഷമിക്കാന്‍ നമുക്ക് സാധിക്കും. നമ്മുടെ മുറിവ് ഉണങ്ങുകയും ചെയ്യും.
ബാല്യകാലം മുതല്‍ ആരെല്ലാം നമ്മെ മുറിവേല്‍പ്പിച്ചിട്ടുണ്ടോ അവരോടെല്ലാം മനസ്സ് കൊണ്ട് ക്ഷമിക്കുമ്പോള്‍ മറഞ്ഞുകിടക്കുന്ന നമ്മുടെ ഒട്ടനവധി മുറിവുകള്‍ ഉണങ്ങുകയും നാം മാനസിക ആരോഗ്യമുള്ളവരായിത്തീരുകയും ചെയ്യും. മറ്റുള്ളവരോട് മാത്രമല്ല, നമ്മോട് തന്നെ ക്ഷമിക്കാനും ഈ അറിവ് നമ്മെ പ്രാപ്തരാക്കും. നാം തെറ്റുകുറ്റങ്ങള്‍ ചെയ്തിട്ടുള്ളതെല്ലാം നമ്മുടെ അറിവില്ലായ്മ കൊണ്ടാണെന്ന് നാം തിരിച്ചറിയുമ്പോള്‍ കുറ്റബോധത്തില്‍ നിന്ന് കരകയറുവാന്‍ ആ തിരിച്ചറിവ് നമ്മെ സഹായിക്കും. നമ്മുടെ മനസിലെ പല മുറിവുകളും നമ്മുടെ സ്വന്തം കുറ്റബോധത്തില്‍ നിന്ന് ഉണ്ടായവയാണ്. അറിഞ്ഞും അറിയാതെയും നമ്മുടെ അറിവില്ലായ്മയും അപക്വതയും നിമിത്തം ആരെയെല്ലാം നാം മുറിവേല്‍പ്പിച്ചിട്ടുണ്ടാകണം എന്ന തിരിച്ചറിവ് നമുക്കുണ്ടാകുമ്പോള്‍ ക്ഷമ ചോദിക്കാനുള്ള സന്മനസ്സ് നമുക്കുണ്ടാകും.

മനുഷ്യര്‍ തെറ്റുകുറ്റങ്ങള്‍ ചെയ്യുന്നത് അറിവില്ലായ്മ കൊണ്ടും അപക്വത കൊണ്ടുമാണ് എന്ന തിരിച്ചറിവാണ് ക്ഷമിക്കുവാനും ക്ഷമ ചോദിക്കുവാനും നമ്മെ പ്രാപ്തരാക്കുന്നത്. ശിശുക്കളായാണ് നാമെല്ലാം ലോകത്തിലേക്ക് വന്നത്. ഓരോ ദിവസവും പുതിയ അറിവുകളും തിരിച്ചറിവുകളും നേടി നാം കൂടുതല്‍ പക്വതയിലേക്ക് വളരുന്നു. ഇന്ന് ഞാന്‍ ചെയ്യുന്ന പല കാര്യങ്ങളും അബദ്ധമാണെന്ന് നാളെ ഞാന്‍ തിരിച്ചറിയും. ഇന്ന് ഞാന്‍ വരുത്തുന്ന അബദ്ധങ്ങള്‍ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും എന്നെ കണ്ടുകൊണ്ടിരിക്കുന്ന മറ്റ് പലര്‍ക്കും തിരിച്ചറിയാന്‍ കഴിയും. ഞാന്‍ ചെയ്യുന്നതെന്തും അബദ്ധമാകാം എന്ന തിരിച്ചറിവ് എനിക്കുണ്ടെങ്കില്‍ എന്റെ അബദ്ധങ്ങള്‍ക്ക് ക്ഷമ ചോദിക്കാനും തിരുത്താനും ഞാന്‍ സന്നദ്ധനാകും. മാത്രമല്ല, എന്റെ ചുറ്റുമുള്ളവരുടെ കാഴ്ചപ്പാടിലൂടെ കാര്യങ്ങള്‍ കാണാനും വേണ്ട തിരുത്തലുകള്‍ എന്നില്‍ വരുത്താനും എനിക്ക് സന്മനസ്സുണ്ടാകും .

ഈ അവബോധം ഉണ്ടായിരുന്നവരാണ് ക്രൈസ്തവ ആരാധനാക്രമത്തിന് രൂപം നല്‍കിയത് എന്ന കാര്യം നമ്മെ ആവേശം കൊള്ളിക്കുന്നതാണ്. ആരാധനയില്‍ നാം ദൈവത്തെ സ്തുതിക്കുന്നു അഥവാ പുകഴ്ത്തുന്നു. പ്രധാനമായും ഒരൊറ്റ കാര്യത്തിന്റെ പേരിലാണ് നാം ദൈവത്തെ പുകഴ്ത്തുന്നത് - ദൈവം പരിശുദ്ധനാകുന്നു. ദൈവം മാത്രം പരിശുദ്ധന്‍ എന്ന് നാം ആരാധനയില്‍ ആവര്‍ത്തിക്കുന്നു. ഒരു തെറ്റും കുറ്റവും ചെയ്യാത്തത് ദൈവം മാത്രം. കാരണം ലളിതമാണ്: ദൈവത്തിന് എല്ലാം അറിയാം. എല്ലാം അറിയുന്ന ഒരാള്‍ യാതൊരു അബദ്ധവും വരുത്തുകയില്ല. തെറ്റുകുറ്റങ്ങള്‍ വരുത്താത്തത് ദൈവം മാത്രം എന്നാല്‍ അര്‍ഥം നാമെല്ലാം തെറ്റുകുറ്റങ്ങള്‍ വരുത്തുന്നവരാണ് എന്നാകുന്നു. ഈ തിരിച്ചറിവാണ് ക്ഷമിക്കാനും ക്ഷമ ചോദിക്കാനും നമ്മെ പ്രാപ്തരാക്കുന്നത്.

ഏറ്റവും പൌരാണികമായ ക്രൈസ്തവാരാധനക്രമമാണ് കൌമാ. നിന്ന് കൊണ്ട് വേണം ഇത് പ്രാര്‍ഥിക്കുവാന്‍ എന്ന നിര്‍ദ്ദേശമാവണം സുറിയാനി ഭാഷയില്‍ ഈ പ്രാര്‍ഥനയുടെ പേരായത്. ബാലേ എഴുനേല്‍ക്ക എന്ന അര്‍ത്ഥത്തില്‍ തലീഥാ കൂമി എന്നാണല്ലോ യേശുതമ്പുരാന്‍ പറഞ്ഞത്. കൂമി (നില്‍ക്ക )എന്ന ആരാമ്യപദത്തിന്‍റെ മറ്റൊരു രൂപമാവണം സുറിയാനിയിലെ കൌമാ (നില്‍പ്പ്).

മാലാഖമാര്‍ ദൈവസിംഹാസനത്തിന്റെ ചുറ്റും നിന്ന് കൊണ്ട് ദൈവത്തെ പാടി പുകഴ്ത്തിയതായി എശായ ദര്‍ശിച്ചു. അവര്‍ പുകഴ്ത്തിയതുപോലെ അവരോടൊപ്പം ദൈവത്തെ പുകഴ്ത്തുന്ന പ്രാര്‍ഥനയാണ് കൌമാ. ദൈവം പരിശുദ്ധന്‍ എന്ന് അനേക തവണ അതില്‍ ആവര്‍ത്തിച്ച് ദൈവത്തെ പുകഴ്ത്തുന്നു.
ബലവാനായ ദൈവം തമ്പുരാന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ !
വാനവും ഭൂമിയും ഈ പുകഴ്ചകളാല്‍ മുഖരിതമായിരിക്കുന്നു. !
ഇങ്ങനെയാണ് മാലാഖമാര്‍ ദൈവത്തെ പുകഴ്ത്തുന്നത്. ദൈവത്തെ കുറ്റപ്പെടുത്തുന്നതിന് പകരം മാലാഖമാരോടൊപ്പം ദൈവത്തെ പുകഴ്ത്തുന്നതാണ് ക്രൈസ്തവാരാധനയുടെ മൂലമായത്. ഇത് വികസിപ്പിച്ച് കൌമാ ഉണ്ടാക്കി. ഓരോ കൌമയിലും ദൈവം പരിശുദ്ധന്‍ എന്ന് 12 പ്രാവശ്യം ആവര്‍ത്തിക്കുന്നു. പൂര്‍വികര്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന ദൈനംദിനമുള്ള 7 നേരത്തെ പ്രാര്‍ത്ഥനകളില്‍ കൌമാ എത്രയോ തവണ ആവര്‍ത്തിക്കുന്നു.

ഏതൊരു പെരുനാളിന്റെയും കേന്ദ്രം സ്ലീബാ ആഘോഷമാണെന്ന് നമുക്കറിയാം. ദൈവം പരിശുദ്ധന്‍ എന്ന് പുകഴ്ത്തലാണ് സ്ലീബാ ആഘോഷത്തില്‍ നാം പ്രധാനമായും ചെയ്യുന്നത്. കൌമയുടെ ഒരു വികസിപ്പിച്ച രൂപമാണ് വിശുദ്ധ കുര്‍ബാന എന്ന് കാണാവുന്നതാണ്. ഓരോ കുര്‍ബാനയിലും ദൈവം പരിശുദ്ധന്‍ എന്ന് അനേക തവണ നാം ആവര്‍ത്തിക്കുന്നു.

കാദീശ് ആത് ആലോഹോ എന്ന് സുറിയാനിയില്‍ പറയുന്നതിന്‍റെ ഇംഗ്ലിഷ് Holy are you O' God എന്നാണ്. പരിശുദ്ധനായി ദൈവമേ അവിടുന്ന് മാത്രം എന്നാണ് അതിന്‍റെ ശരിയായ മലയാളം. പരിശുദ്ധനായ ഏക പിതാവും പരിശുദ്ധനായ ഏക പുത്രനും പരിശുദ്ധനായ ഏക റൂഹായും അല്ലാതെ പരിശുദ്ധന്‍ ഇല്ല എന്ന് ഇക്കാര്യം യാതൊരു സംശയത്തിനും ഇടയില്ലാതെ കുര്‍ബാനയില്‍ നാം സമ്മതിക്കുന്നു.

ദൈവം മാത്രം പരിശുദ്ധന്‍ എന്നാല്‍ മനുഷ്യരായ നാമെല്ലാം തെറ്റുകുറ്റങ്ങള്‍ വരുത്തുന്നവരാണ് എന്നാണ് വ്യംഗ്യാര്‍ത്ഥം . ദൈവം ഒരുവന്‍ അല്ലാതെ നല്ലവന്‍ ആരുമില്ല എന്ന് യേശുതമ്പുരാന്‍ ഒരിക്കല്‍ പറഞ്ഞതും ഇതേ അര്‍ത്ഥത്തില്‍ തന്നെ. മനുഷ്യരെല്ലാം പാപികള്‍ ആകുന്നു എന്ന് പൌലോസ് അപ്പോസ്തോലന്‍ ആവര്‍ത്തിച്ച് പറയുന്നതും ഇതേ അര്‍ത്ഥത്തില്‍ തന്നെ എന്ന് വേണം മനസിലാക്കുവാന്‍. നാം ചെയ്യുന്നതെന്തും അബദ്ധമാകാം എന്നാണ് അതിന്‍റെ അര്‍ഥം. അല്ലാതെ ചെയ്യുന്നതെല്ലാം പാപമാണ് എന്ന് അര്‍ത്ഥമില്ല.

നമ്മുടെ ആരാധനയില്‍ നാം ബോധപൂര്‍വ്വം സംബന്ധിക്കുമ്പോള്‍ നമ്മില്‍ ഒരു സൈക്കോതെ റാപ്പി സംഭവിക്കുന്നു. ദൈവം മാത്രമേ പരിശുദ്ധനായുള്ളൂ അഥവാ തെറ്റുകുറ്റങ്ങള്‍ ചെയ്യാത്തവനായുള്ളൂ എന്ന് സമ്മതിച്ച് ദൈവത്തെ പുകഴ്ത്തുമ്പോള്‍ , നാം നമ്മുടെ തെറ്റുകുറ്റങ്ങള്‍ക്ക് ക്ഷമ ചോദിക്കുകയും മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കുകയും ചെയ്യും. അങ്ങനെ ശത്രുതയുടെ സ്ഥാനത്ത് സ്നേഹം വരുമ്പോള്‍ നമ്മുടെ ഉള്ളില്‍ സന്തോഷം നിറയുന്നു. ഇങ്ങനെ ഒരു സൈക്കോതെറാപ്പി നമ്മില്‍ സംഭവിക്കണമെങ്കില്‍ നാം ബോധപൂര്‍വ്വം ആരാധനയില്‍ പങ്കെടുക്കണം. നമ്മുടെ ബോധവും വിചാരവും ഹൃദയവും ഒന്നുപോലെ അവിടെ എകാഗ്രമായിരിക്കണം. ആരാധനയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ നമുക്ക് നന്നായി നില്‍ക്കാം എന്ന് ആവര്‍ത്തിച്ച് പറയുന്നത് വെറുതെയല്ല. ബോധപൂര്‍വ്വം ഏകാഗ്രതയോടെ ആരാധനയില്‍ സംബന്ധിക്കാത്തവരില്‍ ഇങ്ങനെയൊരു സൈക്കോതെറാപ്പി നടക്കുകയില്ല. അവരെ സംബന്ധിച്ചടത്തോളം അത് ഒരു വെറും ചടങ്ങാണ്, അഥവാ അനുഷ്ടാനമാണ്. വെറുതെ സമയം കളയാം എന്നല്ലാതെ ആരാധന അവര്‍ക്ക് യാതൊരു ഗുണവും ചെയ്യുകയില്ല.

Comments

Sijo George said…
നമ്മുടെ മനസ്സിൽ ഒളിഞ്ഞു കിടക്കുന്ന മുറിവുകളെ സൗഖ്യമാക്കുവാനായ് വി. ആരാധനയെ ഉപയോഗിക്കണം എന്നുള്ള ലേഖകന്റെ ആശയം വളരെ നല്ലതായിരിക്കുന്നു. വി. ആരാധനയിൽ ശ്രദ്ധയോടെ പങ്കുകൊള്ളാൻ നമുക്കേവർക്കും പരിശ്രമിക്കാം. അതോടൊപ്പം നമ്മുടെ നിത്യ ജീവിതത്തിൽ അൽപ്പനേരം മറ്റുള്ള കാര്യങ്ങളിൽ നിന്നും മാറി ഒറ്റക്ക് ധ്യാനിച്ചു കൊണ്ടും നമ്മുടെ മനസിലെ മുറിവുകളെ ഉണക്കുവാനായ് നമുക്ക് പരിശ്രമിക്കാം.
Siby Tharakan said…
വളരെ നല്ല ഒരു ലേഖനം.മർമ്മ പ്രധാനമായ ഒരു ആശയം ലളിതമായ ഭാഷയിൽ എഴുതിയിരിക്കുന്നു.അഭിനന്ദനങ്ങൾ!
Unknown said…
Very very correct my dear Johnachan,thank you,
Unknown said…
Well written as usual.
Excellent and precious explanation.
God given ability. May we be able to participate in the holy eucharist with great concentration and reap the real benefits- the effect of psychotherapy- in forgetting and forgiving others.
God bless you to write more and more similar explanations.
Prof. M. P. Mathai said…
പ്രിയ ജോൺ, ലേഖനം വായിച്ചു. 'തെറ്റുകുറ്റങ്ങൾ' എന്ന പ്രയോഗമാണ് എനിക്ക് സ്വീകാര്യം. തെറ്റും പാപവും വ്യത്യസ്തമാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്.
നാമെല്ലാം പാപികളാണ് എന്ന് ആവർത്തിച്ചു വിളിച്ചു കൂവി പ്രായേണ നിരപരാധികളായ പാവം മനുഷ്യരിൽ പാപബോധം നിറക്കുന്ന 'സുവിശേഷകർ'ക്കെതിരെ ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്യുകയും വേണം.
pctsbtktm said…
Reveals the Beauty of Holy Quintana as experienced by the writer and available to any Christian who earnestly and deeply desire for the same
Prof. Babu Joseph said…
My friend John Kunnath explains things correctly.There is a distinction between sin and mistake. While sin is a tendency mistake is some action of ours which is untoward but not necessarily a tendency. But both have to be reconciled before Lord.
Jorley Alias said…
Good morning sir! Read the article. Good observation, analysis and recommendations. It's truly a psychotherapy approach. The receiver should have belief, then only any therapy works. Personally I do experience it. Depends on the need of the hour.
Jorley Alias
Dr. Susan said…
The above topic is well explained that too in a simplified way.Known subject but from a different perspective.Hatsoff to you uncle for connecting both together.
Anonymous said…
പാപികളല്ലാത്തവരായി ആരുമില്ല അതിലെ െപരുൾ മനസിലായില്ല സാർ ... ഭൂമിയിൽ കണ്ണിനു കാണുന്ന Gods മനുഷ്യനിൽ തന്നെ ഉണ്ട് ....

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം