മരിക്കുമ്പോള്‍ നാം എങ്ങോട്ട് പോകും?

കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ തന്നെ ഈ ചോദ്യം നമ്മുടെ മനസ്സില്‍ വന്നു. മരണത്തോടെ ഇല്ലാതാകുന്നതാണ് നമ്മുടെ ജീവിതമെങ്കില്‍ പിന്നെ ജീവിക്കാന്‍ വേണ്ടി നാം ഇത്ര ബുദ്ധിമുട്ടേണ്ടതുണ്ടോ? നമ്മെ വിഷമിപ്പിക്കാതിരിക്കാന്‍ പ്രായമായവര്‍ അന്ന് നമ്മോട് പറഞ്ഞു മരണം ജീവിതത്തിന്‍റെ അവസാനമല്ലെന്ന് . മരിക്കുന്നത് നമ്മുടെ ശരീരം മാത്രമാണെന്നും നാം അദൃശ്യരായി, ആത്മരൂപത്തില്‍ തുടര്‍ന്നും ജീവിക്കുമെന്നും പറഞ്ഞ് അവര്‍ നമുക്ക് ആശ്വാസമേകി

ഇതിന്‍റെ വിശദാംശങ്ങള്‍ വിവിധ മതപാരമ്പര്യങ്ങള്‍ വ്യത്യസ്തമായാണ് നമ്മോട് പറഞ്ഞത്. മരണശേഷം നാം മറ്റൊരു രൂപത്തില്‍ (മിക്കവാറും മനുഷ്യനായി) ഭൂമിയില്‍ തന്നെ തുടര്‍ന്ന്‍ ജീവിക്കും എന്നാണ് പൌരാണിക ഭാരത -യവന മതങ്ങള്‍ വിശ്വസിക്കുന്നത്. അനേക ജന്മങ്ങള്‍ക്കൊടുവില്‍ സ്വര്‍ഗ്ഗലോകത്തേക്ക് പോകാന്‍ അവസരമുണ്ട്. മരണശേഷം മനുഷ്യര്‍ അന്ത്യന്യായവിധിക്കായി പുതിയൊരു ശരീരവുമായി ജീവിച്ചെഴുന്നേല്‍ക്കുമെന്നും തുടര്‍ന്ന്‍ വിധിയുടെ സ്വഭാമാനുസരിച്ച് സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ പോകും എന്നുമാണ് സെമിറ്റിക്‌ മതങ്ങള്‍ പൊതുവേ വിശ്വസിക്കുന്നത്.

മരണഭയത്തില്‍ നിന്ന്‍ മനുഷ്യനെ രക്ഷിക്കുവാനാണ് ഇങ്ങനെയുള്ള വിവിധ വിശ്വാസങ്ങള്‍ നമ്മുടെ മതപാരമ്പര്യങ്ങളിലുണ്ടായത് എന്ന്‍ കരുതാം. ഇഹലോകത്തില്‍ നാം വേണ്ടവണ്ണം ജീവിച്ചാല്‍ മരണശേഷമുള്ള നമ്മുടെ ജീവിതം സുഖപ്രദമായിരിക്കും എന്ന വിശ്വാസം നന്നായി ജീവിക്കുന്നതിന്‌ മനുഷ്യന് പ്രചോദനമാകും എന്ന ധാരണയും പ്രബലമായിരുന്നിരിക്കണം.
മരണശേഷം സ്വര്‍ഗ്ഗം അഥവാ നല്ലൊരു ജന്മം ഉറപ്പാക്കുന്നതിന് നാം വേണ്ടവണ്ണം ജീവിക്കണം എന്നാണ് നമ്മുടെ മതപാരമ്പര്യങ്ങള്‍ നമ്മോട് പറഞ്ഞത്. എന്നാല്‍ വേണ്ടവണ്ണമുള്ള ജീവിതത്തിന്‍റെ വിശദാംശങ്ങള്‍ എല്ലാ പാരമ്പര്യങ്ങളും ഒരുപോലെയല്ല നമ്മോട് പറഞ്ഞത്. ഓരോ മതവും വ്യത്യസ്തമായ മതനിയമങ്ങളും കര്‍മ്മാനുഷ്ടാനങ്ങളും നിര്‍ദ്ദേശിച്ചു. മതപാരമ്പര്യങ്ങ ളെല്ലാം ലക്‌ഷ്യമാക്കിയത് ഒന്ന് തന്നെ എങ്കിലും അവ അതിനായി വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചു. സ്വന്തമതം കാണിക്കുന്ന മാര്‍ഗ്ഗത്തിലൂടെ പോയാല്‍ മാത്രമേ ലക്‌ഷ്യം നേടൂ എന്നും മറ്റ് മതങ്ങളില്‍ പെട്ടവര്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കുകയില്ല എന്നും ഓരോ മതത്തില്‍ പെട്ടവരും വിശ്വസിക്കാന്‍ തുടങ്ങി. അങ്ങനെ മതങ്ങള്‍ തമ്മില്‍ അനാരോഗ്യകരമായ മത്സരം ഉടലെടുത്തു. മറ്റ് മതങ്ങളെ ഇല്ലാതാക്കാനും ആ മതങ്ങളില്‍ പെട്ടവരെ സ്വമതത്തിലേക്ക് മാറ്റുവാനും ഉത്സാഹിച്ചു. മതവിശ്വാസത്തിന്റെ പേരില്‍ മനുഷ്യര്‍ ആത്മാഹൂതി ചെയ്യാനും മറ്റുള്ളവരെ കൂട്ടക്കൊല ചെയ്യാനും തുടങ്ങി.

ഇങ്ങനെ മനുഷ്യന് നന്മ വരുവാനും മനുഷ്യന് ആശ്വാസമേകാനും തുടങ്ങിയ വിശ്വാസങ്ങള്‍ മനുഷ്യന്‍റെ തിന്മയ്ക്ക് മുഖാന്തരമായി. മരണാനന്തര സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള വിശ്വാസങ്ങള്‍ നമ്മുടെ ഇഹലോകജീവിതത്തെത്തന്നെ നരകസമാനമാക്കി മാറ്റി. മനുഷ്യന്‍റെ അന്ധവിശ്വാസങ്ങള്‍ മുതലെടുത്ത്‌ ജീവിതം കഴിക്കുന്നവര്‍ ഓരോ മതവിഭാഗത്തിലും വര്‍ദ്ധിച്ചു വന്നു. അവരും അവര്‍ ചെയ്യുന്ന അനുഷ്ടാനങ്ങളും സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയാണെന്ന് അവര്‍ ജനത്തെ വിശ്വസിപ്പിച്ചു.

ഈ ഗൌരവമായ പ്രശ്നത്തിന് രണ്ട് തരം പരിഹാരമാര്‍ഗ്ഗങ്ങളാണ് ഉയര്‍ന്നു വന്നത്. നിഷേധാത്മകവും താല്‍ക്കാലികവുമായ ഒന്നാണ് എളുപ്പമുള്ളതായി പലരും കണ്ടത്. മരണാന്തര ജീവിതത്തെക്കുറിച്ചുള്ള വിശ്വാസങ്ങളെപ്രതിയാണല്ലോ ഇങ്ങനെയെല്ലാം സംഭവിച്ചത്. അങ്ങനെയെങ്കില്‍ ആ വിശ്വാസങ്ങള്‍ ഒഴിവാക്കിയാല്‍ പ്രശ്നം തീര്‍ന്നില്ലേ? അങ്ങനെ മരണത്തോടെ നമ്മുടെ ജീവിതം അവസാനിക്കുന്നു; അതുകൊണ്ട് മരണാനന്തരജീവിതത്തെക്കുറിച്ച് മതങ്ങള്‍ പ്രചരിപ്പിക്കുന്ന വിശ്വാസങ്ങളെല്ലാം അന്ധവിശ്വാസങ്ങളാണ് എന്ന നിലപാട് യുക്തമായി പലര്‍ക്കും തോന്നി. മരണത്തോടെ ജീവിതം അവസാനിക്കുന്നു എന്ന് എല്ലാവരും വിശ്വസിച്ചാല്‍ മതങ്ങളെല്ലാം ക്രമേണ ഇല്ലാതായിക്കൊള്ളും ; അങ്ങനെ മതം ഉണ്ടാക്കിയിട്ടുള്ള പ്രശ്നങ്ങളില്‍ നിന്ന്‍ നമുക്ക് മോചനം നേടാം. ഇത് ഒരു നല്ല പരിഹാരമാര്ഗ്ഗമാണെന്ന് ചിന്തിച്ച് ഈ ചിന്ത പ്രചരിപ്പിക്കുന്ന അനേകര്‍ ലോകത്തിലുണ്ട്.

കൊള്ളാം എന്ന്‍ പ്രത്യക്ഷത്തില്‍ തോന്നാവുന്ന ഈ മാര്‍ഗ്ഗത്തിന് രണ്ട് ന്യൂനതകളുണ്ട്. മരണഭയത്തില്‍ നിന്ന് മനുഷ്യനെ രക്ഷിക്കുന്നതിനും മനുഷ്യരെ ആശ്വസിപ്പിക്കുന്നതിനും വേണ്ടിയാണല്ലോ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള വിശ്വാസങ്ങള്‍ ആരംഭിച്ചത്. ഈ വിശ്വാസങ്ങളെല്ലാം വേണ്ടെന്നു വച്ചാല്‍ മനുഷ്യര്‍ക്ക് മരണഭയത്തില്‍ നിന്ന് എങ്ങനെ മോചനം കിട്ടും? കൂടാതെ, മരണത്തോടെ ജീവിതം അവസാനിക്കുന്നു എന്നുള്ളതും ഒരു വിശ്വാസം തന്നെയാണ്, വസ്തുതയല്ല. ഒരു വിശ്വാസത്തെ ഒരു വസ്തുത കൊണ്ടല്ലാതെ മറ്റൊരു വിശ്വാസം കൊണ്ട് ഇല്ലാതാക്കാന്‍ പ്രയാസമാണ്. അങ്ങനെയെങ്കില്‍ ഈ മാര്‍ഗ്ഗം വിജയകരമല്ല.

ഇനിയുള്ളത് പ്രശ്നത്തെ സത്യസന്ധതയോടും തുറന്ന മനസ്സോടും കൂടെ അഭിമുഖീകരിക്കുന്ന നേരായ മാര്‍ഗ്ഗമാണ്. മരണശേഷം എന്ത് സംഭവിക്കുന്നു എന്ന ചോദ്യത്തിന്‍റെ സത്യസന്ധമായ ഉത്തരം എന്താണ് ? നമുക്കറിഞ്ഞുകൂടാ . തുറന്ന മനസ്സോടെ അന്വേഷിച്ചാല്‍ ഒരു പക്ഷെ നമ്മുടെ ശാസ്ത്രത്തിന് എന്തെങ്കിലും വസ്തുതകള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഇപ്പോള്‍ നമുക്ക് യാതൊരു വസ്തുതകളും ലഭ്യമല്ല. ഉള്ളത് ചില വിശ്വാസങ്ങള്‍ മാത്രമാണ്. വിശ്വാസങ്ങളെ അപ്പാടെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നത് ബുദ്ധിയല്ല. അവയെ നാം നിരൂപണബുദ്ധ്യാ വിലയിരുത്തുകയും സ്വീകരിക്കണ്ടവയെ മാത്രം സ്വീകരിക്കുകയും ചെയ്യണം. നന്മയുണ്ടാക്കുന്ന വിശ്വാസങ്ങള്‍ സ്വീകരിക്കാം, തിന്മയുണ്ടാക്കുന്നവ നിരാകരിക്കാം, നിരുപദ്രവകരമായവ അവഗണിക്കാം.

മരണത്തോടെ ജീവിതം അവസാനിക്കുന്നു എന്ന വിശ്വാസം നിഷേധാത്മകമായ ഒന്നാണ്, കാരണം അത് നമ്മുടെ അന്വേഷണബുദ്ധിയെ അടച്ചുകളയുന്നു. അപ്രകാരം വിശ്വസിക്കുന്നവര്‍ പിന്നെ അതേക്കുറിച്ച് അന്വേഷിക്കുന്നില്ല. അതുകൊണ്ട് അതിനെ നമുക്ക് നിരാകരിക്കാം. മരണത്തിന് ശേഷവും ജീവിതം തുടരുന്നു എന്ന്‍ തന്നെ നമുക്ക് വിശ്വസിക്കാം. മരണഭയത്തെ ഒഴിവാക്കാന്‍ ഈ വിശ്വാസം നമ്മെ സഹായിക്കുമല്ലോ.

ഇപ്പോള്‍ നാം വേണ്ടവണ്ണം ജീവിച്ചാല്‍ ഭാവിയില്‍ അതിന് പ്രതിഫലമായി നമുക്ക് സ്വര്‍ഗ്ഗം അഥവാ ഒരു നല്ല ജന്മം ലഭിക്കും എന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. ഈ വിശ്വാസമാണല്ലോ മതങ്ങളുടെ നാരായവേര് . ഈ വിശ്വാസപ്രകാരം സ്വര്‍ഗ്ഗം നമുക്ക് ലഭിക്കുന്ന പ്രതിഫലമാണ്. സ്വര്‍ഗ്ഗത്തില്‍ ലഭ്യമായ സുഖസൌകര്യങ്ങളെ കുറിച്ച് പലര്‍ക്കും പല സങ്കല്‍പ്പങ്ങളാണ് ഉള്ളത്. ഞണ്ടില്ലാത്ത സ്വര്‍ഗ്ഗം വേണ്ടെന്ന്‍ വയ്ക്കുന്ന കൊക്കിന്റെ പഞ്ചതന്ത്രം കഥ പലരും കേട്ടുകാണും. മദ്യപാനം ഇഷ്ടപ്പെടുന്നവര്‍ ധാരാളം മദ്യം കിട്ടുന്ന ഒരു സ്ഥലമായി സ്വര്‍ഗ്ഗത്തെ സങ്കല്‍പ്പിച്ചെന്നിരിക്കാം.

ഇങ്ങനെ ധാരാളം സുഖസൌകര്യങ്ങളുള്ള ഒരു സ്ഥലമാണ് സ്വര്‍ഗ്ഗം എന്ന സങ്കല്‍പ്പം നാം നിരാകരിക്കുകയായാണെങ്കില്‍, പിന്നെ സാധ്യമായ സങ്കല്‍പ്പം സ്നേഹവും സന്തോഷവും സമാധാനവുമുള്ള ഒരു ജീവിതമായി സ്വര്‍ഗ്ഗത്തെ കാണുന്നതാണ് . അങ്ങനെയൊരു ജീവിതം ദൈവം നമുക്ക് തരികയാണോ? അങ്ങനെയെങ്കില്‍ ഇപ്പോള്‍ അങ്ങനെയുള്ള ജീവിതം നമുക്ക് ഇല്ലാത്തത് ദൈവം തരാത്തതുകൊണ്ടാണോ ? ഇങ്ങനെ ചിന്തിക്കുമ്പോള്‍ സ്വര്‍ഗ്ഗം എന്നത് ദൈവം നമുക്ക് തരുന്ന ഒന്നല്ല, നാം തന്നെ ഉണ്ടാക്കിയെടുക്കേണ്ട ഒരു ജീവിതരീതിയാണ് എന്ന്‍ കാണാം. പാപി ചെല്ലുന്നടം പാതാളം എന്ന ചൊല്ല് നമുക്ക് ഓര്‍ക്കാം.

അമേരിക്ക എങ്ങനെ നല്ല നിയമവാഴ്ചയും സുഘടിതമായ ജീവിതരീതിയുമുള്ള ഒരു സ്ഥലമായി? എങ്ങനെ അവിടുത്തെ നിരത്തുകളില്‍ വാഹനങ്ങള്‍ ക്രമവും നിയമവും പാലിച്ച് ഓടുന്നു? ദൈവം അമേരിക്കയെ അങ്ങനെ സൃഷ്ടിച്ചതൊന്നുമല്ല. അമേരിക്കയെ അവിടുത്തെ ജനങ്ങള്‍ അങ്ങനെ ആക്കിയെടുത്തതാണ്. അങ്ങനെയെങ്കില്‍ നമുക്ക് നമ്മുടെ നാടിനെ അങ്ങനെ ആക്കിയെടുക്കാന്‍ സാധിക്കുമല്ലോ. സ്വര്‍ഗ്ഗം സ്വര്ഗ്ഗമായതും സ്വര്‍ഗ്ഗനിവാസികള്‍ അതിനെ അങ്ങനെ ആക്കിയെടുത്തതു കൊണ്ടാണെന്ന്‍ ചിന്തിക്കാം. സ്വര്‍ഗ്ഗത്തെ സൃഷ്ടിച്ചത് പോലെയാണ് ദൈവം ഭൂമിയെയും സൃഷ്ടിച്ചത് എന്ന്‍ വേണം കരുതാന്‍. എന്നാല്‍ സ്വര്ഗ്ഗനിവാസികള്‍ അതിനെ സ്നേഹവും സന്തോഷവും സമാധാനവും ഉള്ള ഒരു സ്ഥലമായി നിലനിര്‍ത്തുന്നു. നാമാകട്ടെ നമ്മുടെ ഈ ഭൂമിയെ അനുദിനം നരകമാക്കി മാറ്റുന്നു.

മരണാനന്തരജീവിതത്തെക്കുറിച്ച് നമ്മുടെ വിശ്വാസം എങ്ങനെ ആയിരിക്കണം എന്നാണ് നാം ചിന്തിച്ചു കൊണ്ടിരിക്കുന്നത്. ഇവിടെ നാം വേണ്ടവണ്ണം ജീവിച്ചാല്‍ അതിന് പ്രതിഫലമായി നമുക്ക് ഭാവിയില്‍ ഒരു മെച്ചപ്പെട്ട ജീവിതം അഥവാ സ്വര്‍ഗ്ഗം ലഭിക്കും എന്നാണല്ലോ നിലവിലുള്ള വിശ്വാസം. അതിന് പകരം നമുക്ക് കൂടുതല്‍ യുക്തിപരമായ ഒരു വിശ്വാസം സാധ്യമാണ്. സ്വര്‍ഗ്ഗം എന്നത് ദൈവം നമുക്ക് തരുന്ന ഒരു സ്ഥലമല്ല, നാം ഉണ്ടാക്കിയെടുക്കുകയും നില നിര്‍ത്തുകയും ചെയ്യേണ്ട ഒരു ജീവിതരീതിയാണെന്ന് നമുക്ക് മനസിലാക്കാം. ഇവിടെത്തന്നെ നമുക്ക് സ്വര്‍ഗ്ഗം പണിയാം. സ്നേഹവും സന്തോഷവും സമാധാനവുമുള്ള ഒരു ജീവിതരീതി ഇവിടെത്തന്നെ നമുക്കുണ്ടാക്കാം. അങ്ങനെ ഇവിടെത്തന്നെ നാം സ്വര്‍ഗ്ഗം പണിയുകയും സ്വര്‍ഗ്ഗത്തില്‍ ജീവിക്കുകയും ചെയ്‌താല്‍ മരണശേഷവും നാം ഉറപ്പായും സ്വര്‍ഗ്ഗത്തില്‍ ആയിരിക്കും. എന്നാല്‍ ഇവിടെ നരകം പണിഞ്ഞ് നരകത്തില്‍ കഴിയുന്നവര്‍ മരണശേഷവും നരകത്തില്‍ തന്നെ തുടരും.

ഇവിടെത്തന്നെ സ്വര്‍ഗ്ഗം പണിയുന്നതിനെക്കുറിച്ചാണ് ജഗദ്‌ഗുരുക്കന്മാരെല്ലാം പഠിപ്പിച്ചത് എന്ന്‍ നമുക്ക് ഓര്‍ക്കാം. വാസ്തവത്തില്‍ ഇഹലോകം പരലോകം എന്ന്‍ രണ്ട് ലോകങ്ങളില്ല എന്ന്‍ നാം മനസിലാക്കണം. ലോകത്തിന്റെ ഒരു ഭാഗം മാത്രമേ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് വിഷയമാകുന്നുള്ളൂ . അതിനെ നാം ഇഹലോകം എന്ന്‍ വിളിക്കുന്നു. എന്നാല്‍ ലോകത്തെ മുഴുവനായി ഉള്ളതുപോലെ കാണുന്ന ദൈവദൃഷ്ടിയില്‍ ഒരു ലോകമേയുള്ളൂ എന്ന്‍ വേണം ചിന്തിക്കുവാന്‍. നമ്മുടെ ദൃഷ്ടിയില്‍ ഇരുലോകങ്ങളായി തോന്നുന്നത് ദൈവദൃഷ്ടിയില്‍ ഒരു ലോകമാണ്. മരിക്കുമ്പോള്‍ നാം മണ്‍ശരീരം വിടുന്നു എന്നല്ലാതെ ഒരു ലോകത്തില്‍ നിന്ന് മറ്റൊരു ലോകത്തേക്ക് പോകുന്നില്ല, കാരണം ലോകം ഒന്നേയുള്ളൂ.

അതുകൊണ്ട് സ്വര്‍ഗ്ഗത്തിലെത്തുവാന്‍ മരണം വരെ കാക്കുന്നത് മണ്ടത്തരമാണ്. സ്നേഹവും സന്തോഷവും സമാധാനവുമുള്ള ഒരു ജീവിതം ഇപ്പോള്‍ത്തന്നെ നമുക്ക് സാധ്യമാണ്. അങ്ങനെ നാം സ്വര്‍ഗ്ഗത്തിലായാല്‍ മരിച്ചു കഴിയുമ്പോഴും നാം സ്വര്‍ഗ്ഗത്തില്‍ത്തന്നെയായിരിക്കും


ജോണ്‍ കുന്നത്ത്

Comments

Sijo George said…
മരണാനന്തര ജീവിതത്തെ പറ്റി വളരെ യുക്തമായ വിലയിരുത്തലുകളാണ് ലേഖകൻ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. മരണാനന്തര ശേഷം നമ്മുക്ക് എന്ത് സംഭവിക്കും എന്നുള്ളതിനെ പറ്റി ആകുലപ്പെടാതെ ഈ ജീവിതത്തിൽ നമ്മുടെ ഹൃദയങ്ങളിൽ സ്വർഗ്ഗരാജ്യം സ്ഥാപിക്കാൻ ശ്രമിക്കേണ്ടതാണെന്നുള്ള ലേഖകന്റെ ആശയം വളരെ ശ്രദ്ദേയമാണ്. യേശുക്രിസ്തു വി. ലൂക്കോസ് 5:17 ൽ പറഞ്ഞിരിക്കുന്നത് ഒരുപക്ഷെ ഇതേ അർത്ഥത്തിലായിരിക്കും."സ്വർഗ്ഗരാജ്യം നിങ്ങളുടെ ഉള്ളിലാണ് ". നാമെല്ലാവരും കുറവുകൾ ഉള്ളവരാണെന്നും ദൈവം മാത്രമേ എല്ലാം അറിയുന്നവനായി കുറവുകൾ ഇല്ലാത്തവനായി ഉള്ളു എന്നും മനസിലാക്കി പരസ്പരം ക്ഷമിച്ചും ക്ഷമ ചോദിച്ചും ഈ ഭൂമിയെ ഒരു സ്വർഗമാക്കാൻ നമുക്ക് പരിശ്രമിക്കാം എന്നുള്ള ലേഖകന്റെ ആശയം ശ്രദ്ദേയവും ആഴത്തിൽ പഠിക്കേണ്ടതുമാണ്.

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം