ആരാധനയുടെ ഭാഷാപരിഷ്കരണം


ആരാധനയ്ക്കായി കൂടുമ്പോള്‍ ആന്യഭാഷകളില്‍ പതിനായിരം വാക്കുകള്‍ പറയുന്നതിനെക്കാള്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നതിന് പര്യാപ്തമായ അഞ്ചു വാക്കുകള്‍ പറയുന്നതാണ് ഞാന്‍ അധികം ഇഷ്ടപ്പെടുന്നത്. I കൊരി. 14:19.
മനുഷ്യര്‍ക്ക് മനസിലാകാത്ത പതിനായിരം വാക്കുകളേക്കാള്‍ മനസിലാകുന്ന അഞ്ചു വാക്കുകളാണ് ആരാധനയില്‍ ഉത്തമം എന്നാണ് പൌലൊസ് അപ്പൊസ്തോലന്‍ കൊരിന്ത്യരെ എഴുതി അറിയിച്ചത്. അക്കാലത്ത് അന്യഭാഷാവരം ഉള്ള ആളുകള്‍ ആരാധനാവേളയില്‍ ആത്മപ്രചോദിതരായി ധാരാളം അന്യഭാഷ പറഞ്ഞിരുന്നു. എന്നാല്‍ അത് മനുഷ്യര്‍ക്ക് മനസിലാകുന്നില്ല എങ്കില്‍ ആരാധനയില്‍ അതിന്‍റെ ഉപയോഗം പരിമിതപ്പെടുത്തണം എന്നു കാര്യകാരണസഹിതം അപ്പൊസ്തോലന്‍ സമര്‍ഥിച്ചിട്ടുണ്ട്. നമുക്ക് മനസിലാകുന്ന ഭാഷയില്‍ വേണം ആരാധിക്കുവാന്‍, കാരണം യഥാര്‍ത്ഥ ആരാധന വരുന്നത് നമ്മുടെ ഹൃദയങ്ങളില്‍ നിന്നാണ്. നമുക്ക് മനസിലാകാത്ത ശബ്ദങ്ങളും വാക്കുകളും വാചകങ്ങളും കൊണ്ട് അധരവ്യായാമം നടത്തിയാല്‍ അത് ആരാധനയാകുകയില്ല.
ആരാധനക്രമം ഉപയോഗിച്ച് ആരാധിക്കുന്ന ക്രൈസ്തവസഭകളില്‍ അന്യഭാഷവരം ഉള്ള ആളുകള്‍ ഇന്ന് മിക്കവാറും ഇല്ല . എന്നാല്‍ മനുഷ്യര്‍ക്ക് മനസിലാകാത്ത ഭാഷയുടെ ഉപയോഗം മറ്റൊരു തരത്തില്‍ ഉണ്ടുതാനും.
എല്ലാ ഭാഷകളും എപ്പോഴും പരിണമിച്ചു കൊണ്ടിരിക്കും. ഏതാണ്ട് 800 വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ നാട്ടില്‍ എഴുതപ്പെട്ട രാമചരിതം എന്ന കൃതിയിലെ നാല് വരികള്‍ കാണുക:
മനകുരുന്തിലിളകൊള്ളുമരവിന്തനയനന്‍
മലര്‍മടന്തയൊടുകൂടെ വന്തിരാമചരിതം
കനമഴിന്തു മൊഴിവോര്‍ക്കുമതു കേട്ടു മനതാര്‍
കളികൊള്‍ വോര്‍ക്കുമിടരേതുമൊരു പോതുമണയാ
ഇത് ഇന്ന് നമുക്ക് മനസിലാകുകയില്ല. അതായത് അക്കാലത്തെ മലയാളം ഇന്ന് നമുക്ക് അന്യഭാഷയാണ് . അതുപോലെ ഇന്ന് മലയാളത്തില്‍ എഴുതപ്പെടുന്ന കൃതികള്‍ ഒരായിരം വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ ജീവിക്കുന്നവര്‍ക്ക് മനസിലാകുകയില്ല. ഇനി വരുന്നൊരു തലമുറയ്ക്ക് ഇന്നത്തെ മലയാളം അന്യഭാഷയായിരിക്കും.
ഏതാണ്ട് 250 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തില്‍ ഒരു ഇറ്റാലിയന്‍ മിഷനറിയാല്‍ രചിക്കപ്പെട്ട സംക്ഷേപവേദാര്‍ത്ഥം എന്ന കൃതിയില്‍ കുരിശ് വരയ്ക്കുന്നതെങ്ങനെ എന്ന്‍ വിശദീകരിക്കുന്നത് കാണുക:
വലത്ത കൈ നെറ്റിമെല്‍ വച്ച ബാവാടെ പെരെന്നു ചൊല്ലിയതിന്റെ ശെഷം തലയില്‍ നിന്നു കൈ ഇറക്കി നെഞ്ഞത്തും വച്ച പുത്രന്‍റെ പെരെന്ന ചൊല്ലുന്നു വിശെഷിച്ച രണ്ട ഉരത്തല്‍ തൊട്ട റൂഹാദക്കുദശാടെ പെരെന്ന ചൊല്ലിയതില്‍ പിന്നെ കൈകൂട്ടി ആമ്മെന്‍യെന്ന ചൊല്ലുന്നു ഇവണ്ണം ബാവാടെയും പുത്രന്റെയും റൂഹാദക്കുദശാടെയും നാമത്താല്‍ ആമ്മെന്‍.
250 വര്‍ഷങ്ങള്‍ കൊണ്ട് നമ്മുടെ ഭാഷ എന്ത് മാത്രം മാറിയിരിക്കുന്നു എന്ന്‍ ഇതില്‍ നിന്ന് നമുക്ക് മനസിലാക്കാം..
അതുകൊണ്ടാണ് നമ്മുടെ വേദപുസ്തകം സമകാലിക മലയാളത്തിലേക്കു നിരന്തരം മൊഴിമാറ്റം നടത്തിക്കൊണ്ടിരിക്കുന്നത്. മുകളില്‍ ഞാന്‍ ഉദ്ധരിച്ചിരിക്കുന്ന വേദവാക്യം ബൈബിള്‍ സൊസൈറ്റിയുടെ 2013 -ലെ തര്‍ജമയില്‍ നിന്നാണ്. അതിന് മുമ്പുള്ള തര്‍ജമ ഇങ്ങനെയാണ്: എങ്കിലും സഭയില്‍ പതിനായിരം വാക്കു അന്യഭാഷയില്‍ സംസാരിക്കുന്നതിനെക്കാള്‍ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന്നു ബുദ്ധികൊണ്ടു അഞ്ചുവാക്കു പറവാന്‍ ഞാന്‍ ഇച്ഛിക്കുന്നു.
മലങ്കര ഓര്‍ത്തോഡോക്സ് സഭയില്‍ ഉപയോഗിക്കുന്ന തുബ്ദേനുകളെപ്പറ്റി വന്ദ്യനായ കോനാട്ട് ജോണ്‍സ് എബ്രഹാം അച്ചന്‍ എഴുതിയ വിജ്ഞാനപ്രദമായ ഒരു ലേഖനം ഈയിടെ കാണാനിടയായി. 1869-ല്‍ പ്രസിദ്ധീകരിച്ച മലയാളം കുര്‍ബാനക്രമത്തിന്‍റെ ചില പേജുകള്‍ അതില്‍ സ്കാന്‍ ചെയ്തു കൊടുത്തിരിക്കുന്നു. അതില്‍ ഒന്നാം തുബ്ദെന്‍ ഇങ്ങനെയാണ്:
ശുശ്രൂഷകന്‍: ബാറക്മോര്‍, വലിയതും ഭയങ്കരമുള്ളതും ശുദ്ധമുള്ളതുമായ ഈ സമയത്തില്‍ നമ്മുടെ പിതാക്കന്മാരായി നമ്മെ വഴി കാണിച്ച നമ്മുടെ ആദ്യന്‍മാരായി നിന്നു ഇന്നും ജീവിച്ചിരിക്കുന്ന നാളുകളിലും നാലു ഭാഗങ്ങളിലുമുള്ള ദൈവത്തിന്‍റെ ശുദ്ധമുള്ള സഭകളെ മെഞ്ഞു നടത്തുന്നവരും ശുദ്ധമുള്ളവരും ബഹുമാനപ്പെട്ടവരുമായ നമ്മുടെ പാത്രിയര്‍ക്കാ ആബൂന്‍ മാര്‍ ഇഗ്നാത്യോസിനും നമ്മുടെ പിതാവായ ഗ്രീഗൊരിയൊസിനും ഇന്ന് നമ്മെ ഭരിക്കുന്ന (ഇവിടെ അന്നന്നു ഭരിക്കുന്ന മെത്രാന്‍റെ പേര്‍ ചൊല്ലിക്കൊള്ളണം) ശേഷമുള്ള എപ്പിസ്കോപ്പന്‍മാര്‍ക്കും സ്തുതിചൊവ്വാക്കപ്പെട്ട പിതാക്കന്മാരെല്ലാവര്‍ക്കും വേണ്ടി കര്‍ത്താവിനോടു നാം പ്രാര്‍ഥിക്കണം.
ജനം: ദൈവമായ കര്‍ത്താവേ അവരുടെ പിന്നടിയില്‍ നടപ്പാന്‍ ഞങ്ങളെയും നീ യോഗ്യന്മാരാക്കി തീര്‍ക്കെണമെ. കുറിയെലായിസ്സോന്‍
1898- ല്‍ പ്രസിദ്ധീകരിച്ച മലയാളം കുര്‍ബാനയില്‍ ജനത്തിന്‍റെ പ്രതിവാക്യം കുറിയേലായിസോന്‍ മാത്രമായി ചുരുക്കി. പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ട കുര്‍ബാനക്രമത്തില്‍ ഭാഷയും പരിഷ്കരിച്ചു. ഇപ്പോഴത്തെ കുര്‍ബാനക്രമത്തില്‍ ഒന്നാം തുബ്ദെന്‍ ഇങ്ങനെയാണ്:
ബാറക്മോര്‍, ഇന്നും ഈ ആയുഷ്കാലത്തും നമ്മുടെ അദ്ധ്യക്ഷന്മാരായിരുന്നു നാലു ഭാഗങ്ങളിലുമുള്ള ദൈവത്തിന്‍റെ വിശുദ്ധ സഭകളെ മേയിച്ചു ഭരിക്കുന്ന ശുദ്ധിമാന്മാരും ബഹുമാനപ്പെട്ടവരും ഭാഗ്യവാന്മാരുമായി ദൈവത്താല്‍ നിലനിര്‍ത്തപ്പെട്ടുപോരുന്ന നമ്മുടെ പാത്രിയാര്‍ക്കീസന്‍മാരായ ആബൂന്‍ മാര്‍ ഇഗ്നാത്യോസിന് വേണ്ടിയും, ആബൂന്‍ മാര്‍ ബസേലിയോസിന് വേണ്ടിയും ആബൂന്‍ മാര്‍ ഗ്രിഗോറിയോസിന് വേണ്ടിയും, നമ്മുടെ മേല്‍പ്പട്ടക്കാരന്‍ ആബൂന്‍ മാര്‍ (ഇന്നാര്‍ക്ക്) വേണ്ടിയും സത്യവിശ്വാസികളായ ശേഷമുള്ള സകല എപ്പിസ്കോപ്പന്‍മാര്‍ക്ക് വേണ്ടിയും മഹത്തും ഭയങ്കരവും പരിശുദ്ധവുമായ ഈ സമയത്ത് ദൈവമായ കര്‍ത്താവിനോടു നാം അപേക്ഷിച്ച് പ്രാര്‍ഥിക്കണം.
ആരാധനാപരിഷ്കരണം നമ്മുടെ സഭയില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് എന്ന്‍ ഇതില്‍ നിന്ന് വ്യക്തമാണ്. 1869-ലെ കുര്‍ബാനക്രമത്തിന്‍റെ ഭാഷ ഇന്ന് നമുക്ക് മനസിലാക്കാന്‍ പ്രയാസമാണ്. 1950-നോടടുത്താവണം ഇന്നത്തെ ഭാഷയിലേക്ക് അത് മാറ്റിയത്. അതിനു ശേഷം ഇപ്പോള്‍ മറ്റൊരു മാറ്റത്തിന് സമയമായിട്ടുണ്ട്.
നിലവിലുള്ളത് സുറിയാനിയില്‍ നിന്നുള്ള പദാനുപദതര്‍ജമയാണ്. അതിനു പകരം ആശയവിവര്‍ത്തനം ചെയ്താല്‍ ഒന്നാം തുബ്ദെന്‍ എങ്ങനെ ഇരിക്കുമെന്നു നോക്കാം:
ബാറക്മോര്‍, ലോകമെമ്പാടുമുള്ള സഭകളെ നയിക്കുന്ന ഇടയന്‍മാര്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം. പ്രത്യേകിച്ചു നമ്മുടെ പ്രധാന ഇടയന്‍മാരായ മാര്‍ ഇഗ്നാത്യോസ്, മാര്‍ ബസേലിയോസ്, മാര്‍ ഗ്രിഗോറിയോസ് എന്നിവരെയും, നമ്മുടെ ഇടയനായിരിക്കുന്ന (ഭദ്രാസന മെത്രാപ്പോലീത്തയുടെ പേര്) -നെയും നമുക്ക് ഓര്‍ക്കാം.
ആശയവിവര്‍ത്തനം ചെയ്തപ്പോള്‍ തുബ്ദെന്‍ കുറെക്കൂടി ചെറുതായി. ആശയം വളരെ വ്യക്തമാകുകയും ചെയ്തു.
ഇപ്പോള്‍ നാം ആരാധനയില്‍ ഉപയോഗിക്കുന്ന പല ഭാഷാപ്രയോഗങ്ങളും കലഹരണപ്പെട്ടതാണ്. ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം.
നാം അട്ടഹസിച്ചു പറയണം എന്നു ശുശ്രൂഷന്‍ നമ്മെ ഓര്‍മിപ്പിക്കാറുണ്ട്. അതിനു പകരം നമുക്ക് ഉച്ചത്തില്‍ പറയാം എന്നോ നമുക്ക് ശബ്ദമുയര്‍ത്തി പറയാം എന്നോ പറയുന്നതാവും കുറെക്കൂടി ഭംഗി . അട്ടഹാസം എന്ന പദത്തിന് വളരെ അരോചകമായ അത്യുച്ചത്തിലുള്ള ശബ്ദം എന്നാണ് ഇന്ന് നിലവിലിരിക്കുന്ന അര്‍ത്ഥം. ഏതാണ്ട് നൂറ് വര്‍ഷത്തിന് മുമ്പ് ഉച്ചത്തില്‍ പറയുക എന്നായിരുന്നിരിക്കണം ആ പദത്തിന്റെ അര്‍ഥം.
നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനമുണ്ടായിരിക്കട്ടെ എന്നു വൈദികന്‍ ജനത്തെ അഭിവാദ്യം ചെയ്യുമ്പോള്‍ അങ്ങേയ്ക്കും ഉണ്ടായിരിക്കട്ടെ എന്ന മറുപടിയാവും ഉചിതം. നിലവിലുള്ള മറുപടി അവിടുത്തെ ആത്മാവിനും ഉണ്ടായിരിക്കട്ടെ എന്നാണ്. ഇത് ഒരു ആക്ഷരിക മൊഴിമാറ്റം ആണെന്ന് തോന്നുന്നു. നിങ്ങളുടെ ആത്മാവിന് സമാധാനം ഉണ്ടായിരിക്കട്ടെ എന്നല്ലല്ലോ വൈദികന്‍ ആശംസിക്കുന്നത്. ആത്മാവിന് സമാധാനം ഉണ്ടായിരിക്കട്ടെ എന്നു പറയുമ്പോള്‍ മനസിനും ശരീരത്തിനും സമാധാനം വേണ്ട എന്നു വരും. അര്‍ത്ഥം വ്യക്തമാകണമെങ്കില്‍ അങ്ങേയ്ക്കും ഉണ്ടായിരിക്കട്ടെ എന്നു പ്രതിവാക്യം പറഞ്ഞാല്‍ മതിയാവും.
കര്‍ത്താവിനോടു നാം പ്രാര്‍ഥിക്കണം (we must pray to the Lord) എന്ന ശുശ്രൂഷന്‍റെ നിര്‍ദേശം കര്‍ത്താവിനോടു നമുക്ക് പ്രാര്‍ഥിക്കാം (Let us pray to the Lord) എന്നു മാറ്റുന്നത് അര്‍ത്ഥം വ്യക്തമാക്കും. കര്‍ത്താവിനോട് നാം പ്രാര്‍ഥിക്കണം എന്നാല്‍ അര്‍ഥം നാം പതിവായി പ്രാര്‍ഥിക്കണം എന്നാണ്. എന്നാല്‍ ഇവിടെ ഉദ്ദേശിക്കുന്നത് പതിവായി പ്രാര്‍ഥിക്കുന്ന കാര്യമല്ല. അതുപോലെ, നാം തലകുനിക്കണം. (We must bow our heads) എന്ന ശുശ്രൂഷകന്‍റെ നിര്‍ദേശം, നമുക്ക് തല കുനിക്കാം (Let us bow our heads) എന്നു മാറ്റുന്നത് നന്നായിരിക്കും. ഇതുപോലെയുള്ള മറ്റ് സന്ദര്‍ഭങ്ങള്‍ താഴെ പട്ടികയില്‍ കൊടുക്കുന്നു.
നിങ്ങള്‍ അടക്കത്തോടും ഭയത്തോടും നിന്നുകൊണ്ട് പ്രാര്‍ഥിപ്പിന്‍ എന്ന്‍ ശുശ്രൂഷകന്‍ നിര്‍ദ്ദേശം നല്‍കുന്നത് അടക്കത്തോടും ഭയത്തോടും നിന്നുകൊണ്ട് നമുക്ക് പ്രാര്‍ഥിക്കാം എന്ന്‍ മാറ്റുന്നത് നാന്നായിരിക്കും. നിങ്ങള്‍ പ്രാര്ഥിപ്പിന്‍ എന്ന് പറഞ്ഞാല്‍ പറയുന്ന ആളിന് അതിന്‍റെ ആവശ്യമില്ല എന്ന്‍ വരുന്നു. നമുക്ക് പ്രാര്‍ഥിക്കാം എന്ന്‍ പറഞ്ഞാല്‍ പറയുന്ന ആളും ഉള്‍പ്പെടും.
മാറ്റം വരുത്തേണ്ട ചില പ്രയോഗങ്ങള്‍ ഒരു പട്ടികയായി കൊടുക്കുന്നു.
നിലവിലുള്ള ഭാഷ
പുതിയ ഭാഷ
അവിടുത്തെ ആത്മാവിനും ഉണ്ടായിരിക്കട്ടെ
അങ്ങേയ്ക്കും ഉണ്ടായിരിക്കട്ടെ
കര്‍ത്താവിനോട് നാം പ്രാര്‍ഥിക്കണം
കര്‍ത്താവിനോട് നമുക്ക് പ്രാര്‍ഥിക്കാം
നാം തല കുനിക്കണം
നമുക്ക് തല കുനിക്കാം
നാം അട്ടഹസിച്ച് പറയണം
നമുക്ക് ശബ്ദമുയര്‍ത്തി പറയാം
നാം എല്ലാവരും പ്രാര്‍ഥിച്ച് കര്‍ത്താവിനോട് അനുഗ്രഹങ്ങളും കരുണയും യാചിക്കണം
നമുക്ക് ഏകമനസ്സോടെ കര്‍ത്താവിനോട് അനുഗ്രഹങ്ങളും കരുണയും യാചിക്കാം.
നിങ്ങള്‍ അടക്കത്തോടും ഭയത്തോടും നിന്നുകൊണ്ട് പ്രാര്‍ഥിപ്പിന്‍
അടക്കത്തോടും ഭയത്തോടും നിന്നുകൊണ്ട് നമുക്ക് പ്രാര്‍ഥിക്കാം
ദൈവമായ കര്‍ത്താവിനോട് നാം അപേക്ഷിച്ച് പ്രാര്‍ഥിക്കണം
ദൈവമായ കര്‍ത്താവിനോട് നമുക്ക് താഴ്മയായി അപേക്ഷിക്കാം
കര്‍ത്താവിനോട് നാം അപേക്ഷിക്കണം
കര്‍ത്താവിനോട് നമുക്ക് അപേക്ഷിക്കാം

കുറേക്കൂടി നീണ്ട നിര്‍ദ്ദേശങ്ങള്‍ മറ്റൊരു പട്ടികയായി കൊടുക്കുന്നു:
നിലവിലുള്ള ഭാഷ
പുതിയ ഭാഷ
നാം അടക്കത്തോടും ഭയത്തോടും വണക്കത്തോടും ചെവി കൊടുത്ത് നമ്മുടെ മുമ്പാകെ വായിക്കപ്പെടുന്ന നമ്മുടെ കര്‍ത്താവേശുമശിഹായുടെ വിശുദ്ധ ഏവന്‍ഗേലിയോനിലെ ദൈവത്തിന്‍റെ ജീവനുള്ള വചനങ്ങളുടെ അറിയിപ്പിനെ കേള്‍ക്കണം
ഭയഭക്തി ബഹുമാനങ്ങളോടെ നിന്നുകൊണ്ട് നമ്മുടെ കര്‍ത്താവായ യേശുമശിഹായുടെ സുവിശേഷത്തില്‍ നിന്നും ജീവനുള്ള ദൈവവചനം ശ്രദ്ധയോടെ നമുക്ക് ശ്രവിക്കാം
ദിവ്യജ്ഞാനം ശ്രദ്ധിച്ചു കൊണ്ട് നാം എല്ലാവരും നല്ലവണ്ണം നിന്ന്‍ ബഹുമാനപ്പെട്ട പട്ടക്കാരന്റെ പ്രാര്‍ത്ഥന ഏറ്റുചൊല്ലണാം
വന്ദ്യവൈദികന്‍ തുടക്കമിടുന്ന വിശ്വാസപ്രമാണം നന്നായി നിന്ന്‍ ദിവ്യജ്ഞാനം ശ്രദ്ധിച്ച്കൊണ്ട് നമുക്ക് ചൊല്ലാം .
നമ്മുടെ ദൈവമായ കര്‍ത്താവിന്റെ സ്നേഹം മൂലം പരിശുദ്ധവും ദിവ്യവുമായ ചുംബനത്താല്‍ ഓരോരുത്തനും അവനവന്റെ അടുത്തവന് തമ്മില്‍ത്തമ്മില്‍ സമാധാനം കൊടുക്കണം
നമ്മുടെ കര്‍ത്താവ് നമ്മുടെ തെറ്റുകുറ്റങ്ങളെല്ലാം പൊറുത്ത് നമ്മോട് നിരപ്പായിരിക്കുന്നതുപോലെ നമുക്കും പരസ്പരം തെറ്റുകുറ്റങ്ങളെല്ലാം പൊറുത്ത് സമാധാന ചുംബനം കൈകമാറാം .
നാം എല്ലാവരും ഭംഗിയോടും ഭയത്തോടും വണക്കത്തോടും വെടിപ്പോടും വിശുദ്ധിയോടും സ്നേഹത്തോടും സത്യവിശ്വാസത്തോടും നല്ല ദൈവഭക്തിയോടും കൂടെ നിന്ന് ബഹുമാനപ്പെട്ട ഈ പട്ടക്കാരന്റെ കൈകളാല്‍ നമ്മുടെ മുമ്പാകെ വയ്ക്കപ്പെട്ടിരിക്കുന്ന ഭയങ്കരവും പരിശുദ്ധവുമായ ഈ കുര്‍ബാനയില്‍ സൂക്ഷിക്കണം
ഈ വന്ദ്യവൈദികന്റെ കൈകളാല്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഭയങ്കരവും പരിശുദ്ധവുമായ കുര്‍ബാനയില്‍ ഭയഭക്തിബഹുമാനങ്ങളോടും വിശുദ്ധിയോടും സ്നേഹത്തോടും സത്യവിശ്വാസത്തോടും കൂടെ നമുക്ക് സംബന്ധിക്കാം .

ഇംഗ്ലീഷില്‍ you എല്ലാവരോടും പറയുമെങ്കിലും മലയാളത്തിലെ "നീ" എല്ലാവരോടും പറയുകയില്ല. ബഹുമാനം ചേര്‍ത്തു പറയേണ്ടപ്പോള്‍ "അങ്ങ്, അവിടുന്നു" എന്നീ പദങ്ങളാണ് ഉപയോഗിക്കുന്നത്. ബഹുമാനത്തോടെയാണ് ദൈവത്തോട് സംസാരിക്കേണ്ടത് എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. അങ്ങനെയെങ്കില്‍ ദൈവത്തെ നീ എന്നു വിളിക്കുന്നതിന് ന്യായീകരണം ഒന്നുമില്ല. കേരളത്തിലെ ചില പ്രത്യേക സ്ഥലങ്ങളില്‍ നീ എന്ന പദം ബഹുമാനത്തോടെ ഉപയോഗിക്കാറുണ്ടെന്നത് വിസ്മരിക്കുന്നില്ല. കഴിവതും "നീ" പറയുന്ന സ്ഥലങ്ങളില്‍ "അങ്ങ്, അവിടുന്നു" എന്നീ പദങ്ങള്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും.
മാറ്റം വരുത്തേണ്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുവെന്നെയുള്ളൂ. ഇത്രയും മാറ്റങ്ങള്‍ വരുത്താന്‍ നമുക്ക് സന്മനസ്സുണ്ടായാല്‍ത്തന്നെ നമ്മുടെ ആരാധന എന്തുമാത്രം അര്‍ത്ഥവത്താകും എന്ന് നമുക്ക് അനുഭവിച്ചറിയാം
മലയാളത്തില്‍ മാത്രമല്ല നമുക്ക് ആരാധനയുള്ളത്. ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും ഒക്കെ ഇന്ന് നമുക്ക് ആരാധനയുണ്ട്. ഈ ഭാഷകളെല്ലാം പരിണമിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് ഈ ഭാഷകളിലെ ആരാധനാക്രമങ്ങളെല്ലാം സമകാലിക ഭാഷയിലേക്ക് നിരന്തരം മാറ്റിക്കൊണ്ടിരിക്കണം. ആരാധനാഭാഷാ പരിഷ്കരണം വല്ലപ്പോഴും നടക്കേണ്ട ഒരു കാര്യമല്ല. ഇതിനായി ചുമതലപ്പെട്ട ഒരു സമിതി സ്ഥിരമായി ചെയ്തുകൊണ്ടിരിക്കേണ്ട ഒരു കാര്യമാണ്.
നമ്മുടെ ഗതാഗതസംവിധാനം മെച്ചപ്പെടുന്നതിന് ജനങ്ങള്‍ മാത്രം വിചാരിച്ചാല്‍ പോര, ഭരണകൂടം അതിനു മുന്‍കൈ എടുത്ത് വേണ്ട കാര്യങ്ങള്‍ ചെയ്തേ പറ്റു. സുഗമമായ ഗതാഗതത്തിന് അനുയോജ്യമായ വിധത്തിലുള്ള റോഡുകള്‍ നിര്‍മ്മിക്കുക, റോഡ് നിയമങ്ങള്‍ നിര്‍മിക്കുകയും നടപ്പിലാകുകയും ചെയ്യുക, ഇവയൊക്കെ പരിരക്ഷിക്കുക -- ഇതെല്ലാം ഭരണകൂടത്തിന്‍റെ ചുമതലയാണ്. ഇതൊക്കെ ചെയ്യാതെ റോഡപകടങ്ങള്‍ വരുന്നതെല്ലാം വണ്ടി ഓടിക്കുന്നവരുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് എന്നു പറഞ്ഞു തടിതപ്പാന്‍ ശ്രമിക്കുന്നത് ഭരണചക്രം തിരിക്കുന്നവരുടെ ഉത്തരവാദിത്തമില്ലായ്മയാണെന്ന് നമുക്കറിയാം. ഏതാണ്ട് ഇതിനോട് സമാനമായ ഒരു കാര്യമാണ് നമ്മുടെ ആരാധനാപരിഷ്കരണത്തിന്‍റെ കാര്യം. നമ്മുടെ ആരാധന വേണ്ടപോലെ അര്‍ഥവത്തായി നടക്കണമെങ്കില്‍ അതിനു ജനം മാത്രം വിചാരിച്ചാല്‍ പോര. സഭാനേതൃത്വം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തെങ്കിലേ അത് നടക്കൂ. മനുഷ്യര്‍ക്ക് മനസിലാകുന്ന തരത്തിലുള്ള ആരാധനാക്രമങ്ങള്‍ ഉണ്ടാക്കുക, എല്ലാവര്‍ക്കും പങ്കെടുക്കത്തക്ക വിധത്തിലുള്ള സൌകര്യങ്ങളും സംവിധാനങ്ങളും ഉണ്ടാക്കുക, ആരാധന കാലോചിതമായി പരിഷ്കരിക്കേണ്ടതിന്‍റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുക -- ഇവയൊക്കെ സഭാനേതൃത്വത്തിന്‍റെ ഉത്തരവാദിത്തങ്ങളാണ്. ഇവയൊക്കെ ചെയ്യാതെ, പതിവായി ആരാധനയ്ക്ക് വരാത്തതിനും, താമസിച്ചു വരുന്നതിനും, പതിവായി കുര്‍ബാന അനുഭവിക്കാത്തതിനും, ചെറുപ്പക്കാര്‍ സഭ വിട്ടു പോകുന്നതിനും മറ്റും സ്വന്തം കൈ കഴുകി, ജനത്തെ കുറ്റം പറയുന്നതില്‍ വലിയ അര്‍ഥമില്ല.

ജോണ്‍ കുന്നത്ത്

Comments

Sharun Zachariah said…
The article by john kunnathu sir is very much relevant in present time. when the liturgy is made available in our day to day language, we will easily adapt to the prayers!!! Our layity consists of all sort of people from all walks of all ages. So for a better involvement, this verse and prose in our liturgy should be translated to our present day language.
The translation will be a hectic task, as it should not affect the theological teachings and it should in par with our church music.
Sijo George said…
The article is very relevant. We need to forward this article to our concerned department of our church group.

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം