മലയാളത്തിന്‍റെ ശബ്ദങ്ങളും ലിപികളും

ഹ്യൂസ്റ്റനിലെ Writer's Forum- ത്തിന്റെ സമ്മേളനത്തിൽ  അവതരിപ്പിച്ച പ്രഭാഷണത്തിന്റെ ചുരുക്കം 

മലയാളം കേട്ട് മനസ്സിലാക്കാനും സംസാരിക്കാനുമറിയാമെങ്കിലും വായിക്കാനും എഴുതാനുമറിഞ്ഞുകൂടാ -- രണ്ടാം തലമുറക്കാരായ മിക്ക മലയാളി പ്രവാസികളുടെയും അവസ്ഥ ഇതാണ്. വാമൊഴി കുറെയൊക്കെ അറിയാം; വരമൊഴി തീരെ വശമില്ല. അങ്ങനെയുള്ളവരെ എഴുത്തും വായനയും പഠിപ്പിക്കുന്ന മലയാളം ക്ലാസ്സുകള്‍ വിദേശരാജ്യങ്ങളില്‍ നടക്കുന്നുണ്ട്. അത്തരം ചില ക്ലാസുകളില്‍ മലയാളം പഠിപ്പിച്ചതില്‍ നിന്നും ഉള്‍ക്കൊണ്ട ചില അനുഭവപാഠങ്ങളാണ് ഇവിടെ കുറിക്കുന്നത്.

ചൈനീസ് കഴിഞ്ഞാല്‍ പഠിക്കാന്‍ ഏറ്റവും പ്രയാസമുള്ള ഭാഷയാണ്‌ മലയാളം എന്ന്‍ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. ഈ മുന്‍വിധിയോടെ മലയാളത്തെ സമീപിക്കുന്നതിന്റെ ഫലമായി മലയാളപഠനം ഒരു ബാലികേറാമലയാണെന്ന് പലരും തെറ്റായി ധരിക്കുന്നു. മലയാളത്തിന്‍റെ വ്യാകരണഘടന മറ്റേതൊരു ഭാഷയെപ്പോലെയും സാമാന്യം വിഷമകരം തന്നെ. എന്നാല്‍ മലയാളം വായിക്കാനും എഴുതാനും പഠിക്കുന്നത് എളുപ്പമാണ്. മലയാളം സംസാരിക്കാനറിയാം എന്നാല്‍ വായിക്കാനറിയില്ല എന്ന്‍ പറയുന്നവരോട് ഞാന്‍ ഇങ്ങനെ പറയാറുണ്ട്: വാമൊഴി പഠിച്ചതിലൂടെ നിങ്ങള്‍ മലയാളത്തിന്‍റെ 90% പഠിച്ചു കഴിഞ്ഞു. ഇനി അവശേഷിക്കുന്ന 10% മാത്രമാണ് വരമൊഴി.

ഇംഗ്ലിഷിന് 26 ലിപികള്‍ മാത്രമേയുള്ളൂ , എന്നാല്‍ മലയാളത്തിന് നൂറോളം ലിപികളുണ്ട് എന്ന കാരണത്താല്‍ മലയാളം ഇംഗ്ലിഷിനെക്കാള്‍ വിഷമകരമാണെന്ന് പലരും ചിന്തിക്കാറുണ്ട്. എന്നാല്‍ വാസ്തവത്തില്‍ ഇംഗ്ലിഷിന് 104 ലിപികള്‍ ഉണ്ട്. ഇംഗ്ലിഷില്‍ capital -small വ്യത്യാസം ഉള്ളതുകൊണ്ട് 26 അന്‍പത്തിരണ്ടായി ഇരട്ടിക്കുന്നു. ഇംഗ്ലിഷില്‍ അച്ചടി -കൈയ്യെഴുത്ത് (print -cursive) വ്യത്യാസം ഉള്ളതുകൊണ്ട് 52 വീണ്ടും 104 ആയി ഇരട്ടിക്കുന്നു. മലയാളത്തിനാകട്ടെ ഈ വ്യത്യാസങ്ങള്‍ ഇല്ല.

ഏതാണ്ട് 44 ശബ്ദങ്ങള്‍ ഉപയോഗിച്ചാണ് നാം ഇംഗ്ലിഷ് സംസാരിക്കുന്നത്. 44 ശബ്ദങ്ങളെ പ്രതിനിധാനം ചെയ്യുവാന്‍ ഇംഗ്ലിഷിനുള്ളത് വെറും 26 ലിപികള്‍ മാത്രമാണ്. അതിന്‍റെ ഫലമായി ഒരേ ശബ്ദത്തെ പല ലിപികള്‍ പ്രതിനിധാനം ചെയ്യുന്നു; മാത്രമല്ല, ഒരേ ലിപി പല ശബ്ദങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഉദാഹരണം: come, cut, blood എന്നീ വാക്കുകളില്‍ അ എന്ന ശബ്ദത്തെ പല ലിപികള്‍ പ്രതിനിധാനം ചെയ്യുന്നു. good, food, blood എന്നീ വാക്കുകളില്‍ oo എന്ന ലിപികള്‍ പല ശബ്ദങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇക്കാരണത്താല്‍ ഇംഗ്ലിഷില്‍ ഓരോ വാക്കിനും അതതിന്റെ spelling ഉണ്ട്. മലയാളത്തിലാകട്ടെ ഓരോ ശബ്ദത്തിനും അതാതിന്റെ ലിപികള്‍ ഉള്ളതിനാല്‍ ഓരോ വാക്കിനും അതതിന്റെ spelling ഇല്ല. മലയാളത്തിന് ഏതാണ്ട് നൂറോളം ശബ്ദങ്ങളുണ്ട് എന്നത് സത്യം തന്നെ. എന്നാല്‍ അവയെ പ്രതിനിധാനം ചെയ്യുവാന്‍ നൂറോളം ലിപികള്‍ ഉണ്ട് എന്നതിനാല്‍ മലയാളത്തിന് spelling വ്യവസ്ഥ ഇല്ല.

മലയാളത്തിന്റെ ശബ്ദഘടനയും ലിപിഘടനയും ഒന്ന് പരിചയപ്പെടാം എപ്രകാരം ലിപികള്‍ ശബ്ദങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നും മനസിലാക്കാം.

നാം ഒരു ഭാഷ സംസാരിക്കുന്നത് ശബ്ദങ്ങള്‍ ഉപയോഗിച്ചാണ്. ഇംഗ്ലിഷിനുള്ളതിന്റെ ഏതാണ്ട് ഇരട്ടി ശബ്ദങ്ങള്‍ മലയാളത്തിനുണ്ട്. ഇംഗ്ലിഷ് - 44 , മലയാളം - ഏതാണ്ട് 100. മലയാളത്തിന്‍റെ ശബ്ദങ്ങള്‍ ഇനിയും കൃത്യമായി എണ്ണി തിട്ടപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് ഇത് ഒരു ഏകദേശ സംഖ്യയായി കരുതിയാല്‍ മതി.

ശബ്ദങ്ങളെ സ്വരങ്ങള്‍ (vowels), വ്യഞ്ജനങ്ങള്‍ (consonants) എന്നിങ്ങനെ രണ്ടായി തിരിക്കാറുണ്ട്. വായിലൂടെ സ്വതന്ത്രമായി തടസ്സങ്ങള്‍ ഇല്ലാതെ വരുന്ന ശബ്ദങ്ങളാണ് സ്വരങ്ങള്‍. തടസ്സങ്ങള്‍ കടന്നു വരുന്ന ശബ്ദങ്ങള്‍ വ്യഞ്ജനങ്ങളും. ഇംഗ്ലിഷിന് 20 സ്വരങ്ങളും 24 വ്യഞ്ജനങ്ങളും ഉണ്ട്. മലയാളത്തിനാകട്ടെ ഏതാണ്ട് 15 സ്വരങ്ങളും 85 വ്യഞ്ജനങ്ങളും ഉണ്ട്.

സ്വരങ്ങള്‍ ഇംഗ്ലിഷിനാണ് കൂടുതലെങ്കിലും വ്യഞ്ജനങ്ങള്‍ മലയാളത്തിനാണ് കൂടുതല്‍. ഇംഗ്ലിഷിനുള്ളതിന്റെ ഏതാണ്ട് നാലിരട്ടി വ്യഞ്ജനങ്ങള്‍ മലയാളത്തിനുണ്ട്. മലയാളത്തില്‍ ല്‍, , ള്‍, ള ഇവ വ്യത്യസ്ത ശബ്ദങ്ങളാണെങ്കിലും ഇംഗ്ലിഷില്‍ ഇവ ഒരു ശബ്ദമായാണ് കരുതപ്പെടുന്നത്. ഇതുപോലെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. മലയാളത്തില്‍ വ്യഞ്ജനങ്ങള്‍ നാലിരട്ടിയായതിന്റെ ഒരു കാരണം ഇതാണ്.

തമിഴിന് ഇപ്പോള്‍ ഉള്ളത്രയും ശബ്ദങ്ങള്‍ മാത്രമാണ് മലയാളത്തിന് അതിന്‍റെ ശൈശവദശയില്‍ ഉണ്ടായിരുന്നത് എന്ന കരുതണം. ധാരാളം സംസ്കൃതപദങ്ങള്‍ മലയാളത്തിലേക്ക് വന്നപ്പോള്‍ ഒപ്പം അവയുടെ സംസ്കൃതശബ്ദങ്ങളും മലയാളത്തിലേക്ക് വന്നു. അവ മലയാളത്തിന്‍റെ അക്ഷരമാലയില്‍ സ്ഥാനം നേടുകയും ചെയ്തു. ഇംഗ്ലിഷ് പദങ്ങളോടൊപ്പം ഇംഗ്ലിഷ് ശബ്ദങ്ങളും വന്നിട്ടുണ്ട്. ഉദാഹരണത്തിന്, fan എന്ന വാക്കിന്റെ ആദ്യത്തെ രണ്ട് ശബ്ദങ്ങള്‍ മലയാളത്തില്‍ ഇല്ലാത്തവയാണ്‌. sir എന്ന വാക്കിലെ സ്വരം മലയാളത്തില്‍ ഇല്ല. ഇംഗ്ലിഷ് പദങ്ങളോടൊപ്പം വരുന്ന പുതിയ ശബ്ദങ്ങളും ക്രമേണ മലയാള അക്ഷരമാലയുടെ ഭാഗമാകുമെന്ന് വേണം മനസിലാക്കുവാന്‍.

ഒന്നോ അതിലധികമോ ശബ്ദങ്ങള്‍ ചേര്‍ന്ന് ഒരു syllable ഉണ്ടാകുന്നു. സിലബിളില്‍ ഒരു സ്വരം ഉണ്ടാകണം. ഒരു സ്വരമേ ഉണ്ടാകാവൂ. ഒന്നോ അതിലധികമോ വ്യഞ്ജനങ്ങള്‍ സ്വരത്തിന്റെ മുന്നിലോ പിന്നിലോ വരാം. ഉദാഹരണങ്ങള്‍:
ഒരു സ്വരം മാത്രം - ,
വ്യഞ്ജനം + സ്വരം - താ, നീ, പൂ
വ്യഞ്ജനം + വ്യഞ്ജനം + സ്വരം - ക്ര , ക്യ , ക്വ , പ്ല , ക്ത
വ്യഞ്ജനം + സ്വരം + വ്യഞ്ജനം - താന്‍ , മുന്‍ , മേല്‍ , ടം
ഒറ്റയ്ക്ക് സിലബിള്‍ ആയി നില്‍ക്കുന്ന സ്വരങ്ങളെ അ , , ഉ തുടങ്ങിയ ലിപികള്‍ പ്രതിനിധാനം ചെയ്യുന്നു. വ്യഞ്ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സ്വരങ്ങളെ ചിഹ്നങ്ങള്‍ പ്രതിനിധാനം ചെയ്യുന്നു. അ എന്ന സ്വരത്തിന് ചിഹ്നം ഇല്ല. ഉദാഹരണം: , കി, കു, കെ . ഒരേ ശബ്ദത്തിന് രണ്ട് വ്യത്യസ്ത ലിപികള്‍ സ്വരങ്ങള്‍ക്കുണ്ട് . ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ഒരു തരം ലിപി. വ്യഞ്ജനത്തോടൊപ്പം നില്‍ക്കുമ്പോള്‍ അവയുടെ ലഘുരൂപം (ചിഹ്നം).

അ എന്ന സ്വരം ചേര്‍ത്താണ് മലയാളത്തില്‍ വ്യഞ്ജനങ്ങളുടെ base form എഴുതുന്നത്. ഇംഗ്ലിഷില്‍ നിന്ന്‍ മലയാളത്തെ വ്യത്യസ്തമാക്കുന്ന പ്രധാന സവിശേഷത ഇതാണ്. ക എന്ന്‍ ഇംഗ്ലിഷില്‍ എഴുതുന്നത് ka എന്നാണ്. ഒരു വ്യഞ്ജനത്തില്‍ അ ഇല്ലെന്ന് കാണിക്കുവാന്‍ മറ്റൊരു ചിഹ്നം ഉപയോഗിക്കേണ്ടതായി വരുന്നു-- ചന്ദ്രക്കല. ക് -യില്‍ അ എന്ന ശബ്ദം ഇല്ല.

ചന്ദ്രക്കലയ്ക്ക് മറ്റൊരു ധര്‍മ്മം കൂടിയുണ്ട്-- അത് ഒരു സ്വരത്തെ പ്രതിനിധാനം ചെയ്യുന്നു.
മൂക്ക് എന്ന പദം അവസാനിക്കുന്നത് ആ സ്വരത്തോടെയാണ്.

ചന്ദ്രക്കല പ്രതിനിധാനം ചെയ്യുന്ന സ്വരം ഒറ്റയ്ക്ക് ഒരു സിലബിള്‍ ആയി നില്‍ക്കുന്നില്ല. വ്യഞ്ജനത്തോട് ചേര്‍ന്ന് മാത്രമേ നില്‍ക്കുന്നുള്ളൂ. അതുകൊണ്ട് ആ സ്വരത്തെ പ്രതിനിധാനം ചെയ്യുന്നത് ഒരു ചിഹ്നമാണ്.

ഒരു സിലബിളില്‍ മിക്കപ്പോഴും വ്യഞ്ജനം സ്വരത്തിന് മുമ്പായി നില്‍ക്കുന്നു. സ്വരത്തിന് ശേഷം വരുന്ന വ്യഞ്ജനങ്ങളെ ചില്ല് എന്ന വിളിക്കാറുണ്ട്-- ല്‍, ള്‍, ര്‍ , ന്‍ , ണ്‍
മ സ്വരത്തിന് ശേഷം വരുമ്പോള്‍ അതിന് പകരം ഒരു ചെറിയ പൂജ്യം ഇടുന്നു-- അം.

ഒന്നിലധികം വ്യഞ്ജനങ്ങള്‍ ഒന്നിച്ചു നില്‍ക്കുമ്പോള്‍ അവയ്ക്ക് പകരം കൂട്ടക്ഷരങ്ങള്‍ എഴുതാറുണ്ട്-- ക്ത, ശ്ച, ജ്ഞ, ഹ്ന, ങ്ക, ഞ്ച , ണ്ട, ന്ത, മ്പ, ആദ്യത്തെ വ്യഞ്ജനത്തോട് ചന്ദ്രക്കല ചേര്‍ത്തും കൂട്ടക്ഷരം എഴുതാറുണ്ട് – ജ്സ ഗ്ബ . രണ്ടാമത്തെ വ്യഞ്ജനത്തിനു പകരം ഒരു ഹ്രസ്വരൂപം ഉപയോഗിക്കാറുണ്ട്-- ക്ര, ക്ല , ക്വ, ക്യ

സ്വരങ്ങളെ ഹ്രസ്വം എന്നും ദീര്‍ഘം എന്നും തിരിക്കാം. ചന്ദ്രക്കല പ്രതിനിധാനം ചെയ്യുന്ന സ്വരത്തിന് ഹ്രസ്വം മാത്രമേയുള്ളൂ. രണ്ടു സ്വരങ്ങള്‍ ചേര്‍ന്ന സങ്കരസ്വരങ്ങളും ഉണ്ട്.
ഹ്രസ്വം: അ ഇ ഉ എ ഒ (ക്)
ദീര്‍ഘം: ആ ഈ ഊ ഏ ഓ
സങ്കരം: (+, + )
(+ )

വായില്‍ തടസ്സം ഉണ്ടാകുന്ന സ്ഥാനത്തിന്റെ അടിസ്ഥാനത്തില്‍ വ്യഞ്ജനങ്ങളെ തിരിക്കാം:
, , , , (പിന്നില്‍ നിന്ന് മുന്നിലേക്ക്)
ഈ ശബ്ദങ്ങള്‍ മൂക്കിലൂടെ വരുമ്പോള്‍:
, , , ,
ഇവ മുഴക്കത്തോടെ ഉച്ചരിക്കുമ്പോള്‍:
, , , ,
ഇവയെ ഹ ചേര്‍ത്ത് ഉച്ചരിക്കുമ്പോള്‍:
, , , ,
, , , ,
സ്വരത്തോട് ഹ ചേര്‍ക്കാം:
ദുഃഖം,

മറ്റ് വ്യഞ്ജനങ്ങള്‍: യ ര ല വ ശ ഷ സ ഹ ള ഴ റ ന
വ്യഞ്ജനങ്ങള്‍ കൂടുതല്‍ ശക്തിയോടെ ഉച്ചരിക്കാം :
ക്ക, ച്ച, ട്ട , ത്ത ,പ്പ ,
ഗ്ഗ, ജ്ജ ദ്ദ ബ്ബ
ങ്ങ ഞ്ഞ ണ്ണ ന്ന മ്മ
യ്യ ല്ല വ്വ ശ്ശ സ്സ

ലഘുവായി ഉച്ചരിക്കാതെ ശക്തിയോടെ മാത്രം ഉച്ചരിക്കുന്ന ഒരു ശബ്ദമുണ്ട്: റ്റ
മലയാളത്തില്‍ സ്വരത്തിലോ ചില്ലുകളിലോ മാത്രമേ വാക്കുകള്‍ അവസാനിക്കൂ. എന്നാല്‍ ഇംഗ്ലിഷില്‍ മറ്റ് വ്യഞ്ജനങ്ങളിലും വാക്കുകള്‍ അവസാനിക്കും.
ഉദാഹരണം: cup, cat, catch, path, cake, dog, mad, mob, thing
മലയാളികള്‍ കപ്പ്‌ എന്ന്‍ പറയുന്നത് വാക്കിന്റെ ഒടുവില്‍ ചന്ദ്രക്കലയുടെ സ്വരം ചേര്‍ത്തുകൊണ്ടാണ്.

ഇംഗ്ലിഷില്‍ ഇല്ലാത്ത ചില ശബ്ദങ്ങള്‍ മലയാളത്തിലുണ്ട്.
, , , (നഖം) , , ,
മലയാളത്തിലില്ലാത്ത ചില ശബ്ദങ്ങള്‍ ഇംഗ്ലിഷിലുണ്ട് :
ഈ പദങ്ങളിലെ സ്വരങ്ങള്‍: cat, turn, toy, fear, tour, fail, go
ഈ പദങ്ങളിലെ അടിവരയിട്ടിരിക്കുന്ന വ്യഞ്ജനങ്ങള്‍: fan, won, zoo, pleasure
ഒരേ ലിപി ഒന്നിലധികം ശബ്ദങ്ങളെ പ്രതിനിധാനം ചെയ്യുന്ന സാഹചര്യം മലയാളത്തില്‍ വളരെ കുറവാണ്:

ന എന്ന ലിപിക്ക് രണ്ട് വ്യത്യസ്ഥ ശബ്ദങ്ങളുണ്ട് :
  1. നാവിന്‍റെ അഗ്രം പല്ലില്‍ സ്പര്‍ശിച് തടസ്സം ഉണ്ടാക്കുന്ന ശബ്ദം. വാക്കുകളുടെ തുടക്കത്തിലാണ് ഈ ശബ്ദം കാണപ്പെടുന്നത്. ഉദാ: നായ, നിങ്ങള്‍, നുണ.
  2. നാവിന്റെ അഗ്രം മോണയില്‍ സ്പര്ശിച്ച് തടസ്സം ഉണ്ടാക്കുന്ന ശബ്ദം. വാക്കുകളുടെ തുടക്കത്തില്‍ ഈ ശബ്ദം കാണപ്പെടുന്നില്ല. ഉദാ: പന, പനി , കൂന് .
ന്ന എന്ന ലിപിക്കും രണ്ട് വ്യത്യസ്ത ശബ്ദങ്ങളുണ്ട് :
  1. നാവിന്റെ അഗ്രം പല്ലില്‍: പന്നി , കുന്ന് ,
  2. നാവിന്റെ അഗ്രം മോണയില്‍: കന്നി , മുന്നില്‍
ഫ എന്ന ശബ്ദം സംസ്കൃതത്തില്‍ നിന്ന്‍ വന്ന വാക്കുകളിലാണ് ഉപയോഗിക്കപ്പെടുന്നത് . ഉദാ: ഫലം, സഫലം, കഫം, ചുണ്ടുകള്‍ ചേര്‍ത്താണ് ഈ ശബ്ദം ഉച്ചരിക്കുന്നത്. പില്‍ക്കാലത്ത് ഇംഗ്ലിഷിലെ f എന്ന ശബ്ദത്തെ പ്രതിനിധാനം ചെയ്യാനും അതേ ലിപി തന്നെ ഉപയോഗിക്കപ്പെട്ടു. ഉദാ: ഫാന്‍ , ഫിറ്റ്‌ , ഫയര്‍. കീഴ്ച്ചുണ്ടും മേല്‍പ്പല്ലും ചേര്‍ത്താണ് ഈ ശബ്ദം ഉച്ചരിക്കുന്നത്.

തുടക്കത്തില്‍ പറഞ്ഞതുപോലെ, വാമൊഴി അറിയാമെങ്കിലും വരമൊഴി അറിയാത്തവര്‍ക്ക് മലയാളം പഠിക്കാന്‍ സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ പറയാന്‍ ശ്രമിച്ചത്. ഇംഗ്ലിഷ് അറിയുന്നവര്‍ക്ക് എളുപ്പത്തില്‍ മലയാളം പഠിക്കാന്‍ സഹായകമാകുന്ന വിധത്തില്‍ ചില പുസ്തകങ്ങള്‍ ഈ എഴുത്തുകാരന്‍ രചിച്ചിട്ടുണ്ട്. അവ amazon.com -ല്‍ നിന്ന്‍ വാങ്ങാം. എഴുത്തുകാരന്റെ പേര് (john kunnathu) എന്ന് search ചെയ്‌താല്‍ മതിയാവും

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം