ഞാന്‍ പദ്യരൂപത്തിലാക്കിയ സങ്കീര്‍ത്തനങ്ങള്‍
ഈയിടെ ഞാന്‍ വേദപുസ്തകത്തിലെ 150 സങ്കീര്‍ത്തനങ്ങള്‍ പദ്യരൂപത്തിലാക്കുക യുണ്ടായി. ഇനിയും അതൊരു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടില്ല. അവയില്‍ ചിലത് youtube-ല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിന് ഞാന്‍ എഴുതിയ മുഖവുരയാണ് താഴെക്കാണുന്നത്.
..................................................................
മുഖവുര
കീര്‍ത്തനം എന്ന പദത്തിന് കീര്‍ത്തിക്കുന്ന ഗാനം എന്ന് അര്‍ത്ഥം നല്‍കാം. തുടക്കത്തില്‍ സ ചേര്‍ക്കുന്നത് നല്ല എന്ന അര്‍ഥത്തിലാണെങ്കില്‍ സങ്കീര്‍ത്തനം എന്ന പദത്തിന് സര്‍വേശനെ കീര്‍ത്തിക്കുന്ന നല്ല ഗാനം എന്ന് അര്‍ത്ഥം നല്‍കാം. Psalmos എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് ഇംഗ്ലീഷിലെ psalm വന്നിരിക്കുന്നത്. ഒരു സംഗീതോപകരണം ഉപയോഗിച്ച് ആലപിക്കുന്ന ഗീതം എന്ന് ആ പദത്തിന് അര്‍ത്ഥമുണ്ട്. Hymnos എന്ന ഗ്രീക്ക് വാക്കില്‍ നിന്ന് വന്നിരിക്കുന്ന hymn എന്ന വാക്കിന് ദൈവത്തെ കീര്‍ത്തിക്കുന്ന ഗാനം എന്നാണ് അര്‍ത്ഥം. സുറിയാനിയില്‍ സ്മാര്‍ എന്നാല്‍ പാടുക എന്നര്‍ത്ഥം. മസ്മൂറ എന്നാല്‍ പാട്ട് എന്നും. പടിഞ്ഞാറന്‍ സുറിയാനിയില്‍ മസ്മൂറോ എന്നാണ് സങ്കീര്‍ത്തനത്തെ വിളിക്കുന്നത്.
എബ്രായ ജനത അവരുടെ ആരാധനയില്‍ ഉപയോഗിച്ചിരുന്ന കീര്‍ത്തനങ്ങളുടെ സമാഹാരമാണ് നമ്മുടെ വേദപുസ്തകത്തിന്‍റെ ഭാഗമായിരിക്കുന്ന സങ്കീര്‍ത്തനങ്ങള്‍. അക്കാലത്തെ ഏറ്റവും നല്ല കാവ്യങ്ങളായിരുന്നു അവ. ആഴമായ അര്‍ഥതലങ്ങള്‍ ഉള്ളവയും കാവ്യഭംഗിയുള്ളവയുമാണവ. മനുഷ്യമനസ്സുകള്‍ അവയിലെ എല്ലാ വിചാരവികാരങ്ങളോട് കൂടിയും സങ്കീര്‍ത്തനങ്ങളില്‍ തുറന്നു വച്ചിരിക്കുന്നത് കാണാം. സങ്കീര്‍ത്തനങ്ങള്‍ ആരാധനയില്‍ ഉപയോഗിക്കുമ്പോള്‍ ആരാധകര്‍ക്ക് അവരുടെ ഹൃദയങ്ങള്‍ പൂര്‍ണമായി ദൈവസന്നിധിയില്‍ തുറക്കുന്നതിന് അവ സഹായിക്കും.
എബ്രായര്‍ സങ്കീര്‍ത്തനങ്ങള്‍ ചൊല്ലിയിരുന്നത് പദ്യരൂപത്തിലാണ്. പദ്യം ഹൃദയത്തിന്‍റെ ഭാഷയാണ്, ഗദ്യം ചിന്തയുടെ ഭാഷയും. എന്നാല്‍ അനേകം മൊഴിമാറ്റങ്ങള്‍ കടന്നു നമ്മുടെ കയ്യിലെത്തിയിരിക്കുന്നത് ഗദ്യരൂപത്തിലുള്ള സങ്കീര്‍ത്തനങ്ങളാണ്. അവ വീണ്ടും പദ്യരൂപത്തില്‍ ചൊല്ലാന്‍ കഴിയുമ്പോഴാണ് അവയുടെ അര്‍ത്ഥവും സൗന്ദര്യവും കുറെയെങ്കിലും ആസ്വദിക്കാന്‍ കഴിയുന്നത്. അതിനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തിയിരിക്കുന്നത്. നമ്മുടെ സണ്ടേസ്‌കൂളിലും പ്രാര്‍ത്ഥനായോഗങ്ങളിലും മറ്റും ഇവ ഉപയോഗിക്കാവുന്നതാണ്.
വളരെ എളുപ്പത്തില്‍ ചൊല്ലാവുന്ന മഞ്ജരി വൃത്തത്തിലാണ് മിക്ക സങ്കീര്‍ത്തനങ്ങളും രചിച്ചിരിക്കുന്നത്. മിക്കവര്‍ക്കും പരിചിതമാണ് ഈ വൃത്തം. ഒട്ടനവധി രാഗങ്ങളില്‍ പാടാവുന്നതുമാണിത്.
ഉന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു
ന്തുന്തുന്തു ന്തുന്തുന്തു ന്താളേയുന്ത്
ഈ വൃത്തത്തിലാണ് കുമാരനാശാന്‍റെ പ്രശസ്തമായ ഈ വരികള്‍:
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമവകളീ നിങ്ങളെത്താന്‍
ഈ വൃത്തത്തിലല്ലാത്തവ ചുരുക്കമാണ്. അവ താഴെക്കൊടുക്കുന്നു.
നതോന്നത : 4, 8, 18, 19, 37, 40, 49
രാമപുരത്ത് വാര്യരുടെ പ്രശസ്തമായ കുചേലവൃത്തം ഈ വൃത്തത്തിലാണ്.
കണ്ടാലെത്ര കഷ്ടമെത്രയും മുഷിഞ്ഞ ജീര്‍ണവസ്ത്രം
കൊണ്ട് തട്ടുടുത്തിട്ടുത്തരീയവുമിട്ട്
കേക: 10, 15, 22, 80, 84, 88, 147
വൈലോപ്പിള്ളിയുടെ പ്രശസ്തമായ മാമ്പഴം എന്ന കവിത കേകയിലാണ് .
അങ്കണത്തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടുകണ്ണീര്‍
പഞ്ചചാമരം: 42, 86, 97, 115
സിസ്ടര്‍ മേരി ബനിഞ്ജയുടെ ലോകമേ യാത്ര എന്ന കവിതയില്‍
അരിക്കകത്ത് കൈവിരല്‍ പിടിച്ചു വച്ചൊരക്ഷരം
ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ഗീതാഞ്ജലി തര്‍ജമയില്‍ .
അതീവദീര്‍ഘമായ യാത്രയെത്ര ഞാന്‍ കഴിക്കിലും
പ്രധാന ആശയം വ്യക്തമാകത്തക്കവിധമാണ് ഓരോ സങ്കീര്‍ത്തനവും പദ്യരൂപത്തിലാക്കിയിരിക്കുന്നത്. വളരെ നീണ്ട സങ്കീര്‍ത്തനങ്ങള്‍ പ്രധാന ആശയങ്ങള്‍ വിട്ടുപോകാതെ ചുരുക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഇതിന്‍റെ രചന പൂര്‍ത്തിയായപ്പോഴാണ് പ്രൊഫ. പുത്തന്‍കാവ് മാത്തന്‍ തരകന്‍ രചിച്ച കാവ്യസങ്കീര്‍ത്തനം കാണാനിടയായത്. 1971 ല്‍ പ്രസിദ്ധം ചെയ്ത ഈ ഗ്രന്ഥത്തില്‍ 150 സങ്കീര്‍ത്തനങ്ങളും പദ്യരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. മിക്ക സങ്കീര്‍ത്തനങ്ങളും കേക വൃത്തത്തിലാണ്. കൂടാതെ അന്നനട, കാകളി, മഞ്ജരി, സര്‍പ്പിണി, നതോന്നത, മല്ലിക, സമാസമം, ഇന്ദുവദന, കുറത്തി, ദോളിക, ഓമനക്കുട്ടന്‍, ഉപസര്‍പ്പിണി എന്നീ വൃത്തങ്ങളും ഉപയോഗിച്ചിട്ടുണ്ട്. നീണ്ട സങ്കീര്‍ത്തനങ്ങള്‍ ഒട്ടും ചുരുക്കാതെ പൂര്‍ണരൂപത്തില്‍ തന്നെ പദ്യരൂപത്തിലാക്കിയിരി ക്കുന്നു.
കാവ്യസങ്കീര്‍ത്തനം നേരത്തേ കണ്ടിരുന്നെങ്കില്‍ ഒരു പക്ഷെ ഞാന്‍ ഈ കൃതി രചിക്കുമായിരുന്നില്ല. ഭാഷ കൊണ്ട് അമ്മാനമാടുന്ന മഹാകവി മാത്തന്‍ തരകന്റെ കൃതി ഉള്ളപ്പോള്‍ പിന്നെ എന്താണ് ഈ കൃതിയുടെ പ്രസക്തി എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു. ഈ കൃതിക്ക് അതില്‍ നിന്നും ചില വ്യത്യാസങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെട്ടത് ഇവയാണ്. അന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാവ്യസങ്കീത്തനം എഴുതപ്പെട്ട കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന പല പദങ്ങളും ഇന്ന് പ്രചാരത്തിലില്ല. അങ്ങനെയുള്ള പദങ്ങള്‍ കഴിവതും ഒഴിവാക്കി ലളിതമായ സമകാലിക മലയാളത്തിലാണ് ഈ കൃതിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദൈവത്തെക്കുറിക്കുവാന്‍ "നീ" എന്ന സര്‍വ്വനാമം ഒഴിവാക്കിയിട്ടുണ്ട്. നാം മാനിക്കുന്നവരെയും മുതിര്‍ന്നവരെയും നീ എന്ന് വിളിക്കാറില്ലല്ലോ. നീണ്ട സങ്കീര്‍ത്തനങ്ങങ്ങള്‍ അങ്ങനെ തന്നെ പദ്യരൂപത്തിലാക്കാതെ അവയെ പ്രധാന ആശയങ്ങള്‍ വിട്ടുപോകാതെ സംഗ്രഹിച്ചിട്ടുണ്ട് ഈ കൃതിയില്‍. മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകന്‍ ഇക്കാലത്താണ് ജീവിച്ചിരുന്നതെങ്കില്‍ ഈ മാറ്റങ്ങള്‍ അദ്ദേഹത്തെ സന്തോഷിപ്പിച്ചേനെ എന്ന് ഉറപ്പാക്കാം. അദ്ദേഹത്തിന്‍റെ കൃതിയുടെ കാവ്യഭംഗിയും രചനാപാടവവും ഈ കൃതിക്ക് അവകാശപ്പെടാനാവില്ല. എന്നാല്‍ സണ്ടേസ്കൂളിലും പ്രാര്‍ഥനായോഗങ്ങളിലും മറ്റും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഉപയോഗിക്കത്തക്കവണ്ണം കൂടുതല്‍ ലളിതമായ ഭാഷയുള്ളത് ഈ കൃതിയിലാണെന്ന് ആരും സമ്മതിക്കും. മഹാകവി മാത്തന്‍ തരകന്‍ അദ്ദേഹത്തിന്‍റെ കൃതി രചിച്ചിരിക്കുന്നത് സാഹിത്യാസ്വാദകരായ വായനക്കാരെ ഉദ്ദേശിച്ചാണെങ്കില്‍ ഈ കൃതി രചിച്ചിരിക്കുന്നത് സാധാരണക്കാരെ ഉദ്ദേശിച്ചാണ്. ഇക്കാര്യം വ്യക്തമാക്കുന്നതിനായി ഇരുകൃതികളില്‍ നിന്നും മഞ്ജരി വൃത്തത്തിലുള്ള ചില വരികള്‍ താരതമ്യപ്പെടുത്താം.
സങ്കീര്‍ത്തനം 39
നീയറിയിക്കണം മാമാകാന്ത്യത്തെയും
ജീവിതകാലപര്യന്തത്തെയും
ഞാന്‍ ക്ഷണഭംഗുരനെന്നറിഞ്ഞീടട്ടെ
നിന്‍ മുന്നിലെന്നായുസ്സെത്ര ഹീനം
(കാവ്യസങ്കീര്‍ത്തനം - പേജ് 143)
എന്നവസാനിക്കുമെന്നുടെ ജീവിതം
എന്നറിയിച്ചാലും സര്‍വേശ്വരാ
എത്രയോ ഹൃസ്വമാണെന്നുടെ ആയുസ്സ്
എത്ര ക്ഷണികമതെന്നറിവൂ
(ഈ കൃതി)
സങ്കീര്‍ത്തനം 51
സ്വാന്തരംഗത്തിലെ സത്യം താനല്ലയോ
സന്തതമിച്ഛിപ്പതങ്ങു ദേവാ
മാമകഹൃത്തടപ്രച്ഛന്ന രംഗത്തെ
വിജ്ഞാനം കൊണ്ട് നിറയ്ക്കണമേ
നിര്‍മ്മലനാകുവാനീസോപ്പു കൊണ്ടെന്നെ
നാഥാ നീ ശുദ്ധീകരിക്കേണമേ
(കാവ്യസങ്കീര്‍ത്തനം പേജ് 184 )
താവകയിഷ്ടം പരമാര്‍ത്ഥതയല്ലോ
ജ്ഞാനം നിക്ഷേപിക്കയെന്‍റെയുള്ളില്‍
ഈസോപ്പ് കൊണ്ടെന്നെ ശുധീകരിക്കണേ
വെണ്മ ഹിമത്തെക്കാളുണ്ടാകുവാന്‍
(ഈ കൃതി)
സങ്കീര്‍ത്തനം 143
നീതിമാന്‍ നീ പരം വിശ്വസ്തന്‍ സര്‍വേശ
നീയെനിക്കുത്തരമേകിടേണം
ന്യായവിസ്താരത്തിനെന്നെ വിളിക്കൊലാ
നിന്‍ മുമ്പില്‍ നീതിമാനാരുമില്ല
(കാവ്യസങ്കീര്‍ത്തനം - പേജ് 505)
നീതിമാനാകുന്നു വിശ്വസ്തനും നാഥന്‍
എങ്കിലുമെന്നെ വിധിക്കരുതേ
ആരുമൊരുനാളും താവക ദൃഷ്ടിയില്‍
നിശ്ചയം നീതിമാനാകുകില്ല
(ഈ കൃതി)
ഈ കൃതി ജനസമക്ഷം അവതരിപ്പിക്കുന്ന വേദപണ്ഡിതന്‍ ഫാ. ഡോ. രജി മാത്യുവിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഈ കൃതി വായിച്ച് അനുമോദിക്കുകയും മെച്ചപ്പെടുത്താനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്ത ഫാ. ഡോ. കെ. എം. ജോര്‍ജ്,, പ്രൊഫ. മാത്യു ഉലകംതറ, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ഡോ. വര്‍ഗീസ് പുന്നൂസ് എന്നിവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.
ജോണ്‍ ഡി. കുന്നത്ത്
Comments
It is a very challenging task and the completion is indeed a great blessing from above.
Although Prof Tharakan’s book was published in my High School days, I never had a chance to see it any book stalls, although I had read some reviews about it.
Hope this book becomes easily available, unlike the other one which faced peculiar limitations prevalent in those times.
Wish great publicity and readership, bringing new insights, feelings and emotions to the readers.
Regards
Kavil Varughese