ക്രൈസ്തവീകതയുടെ അടിസ്ഥാനം

സുഹൃത്തുക്കളെ,
ഈയിടെ ഞാൻ എഴുതി പ്രസിദ്ധീകരിച്ച പരിശുദ്ധൻ! പരിശുദ്ധൻ! പരിശുദ്ധൻ! എന്ന കൃതിയുടെ ഒരു സംഗ്രഹം താഴെ കൊടുക്കുന്നു. ഇത്‌ വായിക്കുകയും താങ്കളുടെ അഭിപ്രായം അറിയിക്കുകയും ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
................................................................

ഒരു ജീവിതവീക്ഷണവും അതിനെ അടിസ്ഥാനമാക്കിയുള്ള ജീവിതരീതിയുമാണ് ക്രൈസ്തവീകത. എല്ലാവരും ജീവിതത്തെ നോക്കിക്കാണുന്നത് ഒരുപോലെയല്ല. ജീവിതപ്രശ്നങ്ങളെയും ആദര്‍ശജീവിതത്തെയും പലരും പല വിധത്തിലാണ് നോക്കി മനസിലാക്കുന്നത്‌. ഒരേ രോഗിക്ക് പല വൈദ്യന്മാര്‍ പലതരത്തില്‍ രോഗനിര്‍ണയവും ചികിത്സയും നടത്തുന്നതിനോട് ഇതിനെ ഉപമിക്കാം.
ജീവിതവീക്ഷണങ്ങള്‍ ചിന്താധാരകളായി ചരിത്രത്തിലൂടെ ഒഴുകുന്നത്‌ കാണാം. പല ചിന്താധാരകള്‍ സമന്വയിച്ച് ഒന്നാകുന്നതും ഒരു ചിന്താധാര പല ഉപശാഖകളായി പിരിയുന്നതും കാണാം. എബ്രായ ജീവിതവീക്ഷണത്തില്‍ നിന്ന് യവന ജീവിതവീക്ഷണത്തിന്റെ സ്വാധീനത്തോടെ രൂപപ്പെട്ടതാണ് ക്രൈസ്തവീകത എന്ന ജീവിതവീക്ഷണം എന്ന് കാണാം. ക്രൈസ്തവീകത പില്‍ക്കാലത്ത് പല ഉപശാഖകളായി പിരിയുകയുണ്ടായി.
പാറമേല്‍ അടിസ്ഥാനമിട്ട ഒരു കെട്ടിടം കൊടുങ്കാറ്റില്‍ ഇളകാതെ നില്‍ക്കുന്നതുപോലെ പാറപോലെ ഉറപ്പുള്ള ഒരു ജീവിതവീക്ഷണത്തിന്മേല്‍ അടിസ്ഥാനമിട്ട ജീവിതം ഇളകാതെ നില്‍ക്കും. മണ്ണ് പോലെ ഉറപ്പില്ലാത്ത ശാസ്ത്രിപരീശന്മാരുട ജീവിത വീക്ഷണത്തിന്മേലാണ് തന്റെ സമുദായം നില്‍ക്കുന്നത് എന്ന് കണ്ടിട്ട് അതിന്റെ സ്ഥാനത്ത് പാറപോലെ ഉറപ്പുള്ള ഒരു ജീവിതവീക്ഷണം യേശുതമ്പുരാന്‍ നല്‍കി. യെരുശലേം ദൈവാലയത്തിന്റെ നാശത്തോടെ നാമാവശേഷമായിത്തീര്‍ന്ന ഇസ്രയേലിന്റെ സ്ഥാനത്ത് യേശുവിന്റെ ജീവിതവീക്ഷണത്തെ അടിസ്ഥാനമാക്കി ഒരു പുതിയ ഇസ്രയേല്‍ ഉയിര്‍കൊണ്ടു. ഇങ്ങനെ രണ്ടായിരം ആണ്ടുകള്‍ക്ക് മുമ്പ് ക്രൈസ്തവീകത രൂപമെടു ത്തപ്പോള്‍ എന്തായിരുന്നു അതിന്റെ ഏറ്റവും അടിസ്ഥാന വീക്ഷണം?
ഭൂലോകത്തെ ഭരിക്കുവാനായി ദൈവം നിയമിച്ചിരുന്ന ലൂസിഫര്‍ എന്ന മാലാഖ ദൈവത്തോട് മറുതലിച്ച് സാത്താനായി മാറിയ തിന്റെ ഫലമായാണ് ലോകത്തിലെ എല്ലാത്തരം ജീവിതപ്രശ്നങ്ങളും എന്ന് അക്കാലത്ത് വിശ്വസിക്കപ്പെട്ടിരുന്നു. സാത്താനെ ദൈവം രാജസ്ഥാനത്ത് നിന്ന് നീക്കുമെന്നും പകരം ദൈവത്തെ പൂര്‍ണമായി അനുസരിക്കുന്ന ഒരാളെ ഭൂലോകരാജാവായി നിയമിക്കുമെന്നും ജനം സ്വപ്നം കണ്ടു. അന്നത്തെ ജനങ്ങളുടെ ഹൃദയ ത്തില്‍ നിന്ന് ഉയര്‍ന്ന പ്രാര്‍ഥനയാണ് യേശു പഠിപ്പിച്ച കര്‍തൃപ്രാര്‍ത്ഥന. ദുഷ്ടനെ (സാത്താനെ) നീക്കി ഭൂമിയില്‍ ദൈവഭരണം സംസ്ഥാപിക്കണമേ എന്നതാണ് അതിന്റെ കേന്ദ്രവിഷയം. സാത്താന്‍ സിംഹാസനഭ്രഷ്ടനായിരിക്കുന്നു എന്നും ദൈവം ഭൂലോകത്തിന്റെ ഭരണം ഏറ്റെടുത്തിരിക്കുന്നു എന്നുമായിരുന്നു യേശു പ്രഘോഷിച്ച സദ്വാര്‍ത്ത. നിലവില്‍ ദൈവത്തിന്റെ ഭരണം ഉള്ളത് സ്വര്‍ഗ്ഗത്തിലാണ്. ഭൂമിയും ദൈവഭരണത്തിലാകുമ്പോള്‍ ഭൂമിയും സ്വര്‍ഗ്ഗമാകും.
ഭൂമിയെ സ്വര്‍ഗ്ഗമാക്കുക എന്നുള്ളത് എക്കാലവും മനുഷ്യന്റെ സ്വപ്നമാണ്. ഇന്നും നമ്മുടെ ലോകത്തിലെ എല്ലാ ഭരണകൂടങ്ങളും ശ്രമിക്കുന്നത് അതിന് വേണ്ടിയാണ്. ആദര്‍ശലോകമാണ് സ്വര്‍ഗ്ഗം. എന്നാല്‍ എല്ലാവരുടെയും സ്വര്‍ഗ്ഗസങ്കല്‍പ്പം ഒരുപോലെയല്ല. ഭൂമിയെ സ്വര്‍ഗ്ഗമാക്കാന്‍ അവലംബിക്കുന്ന മാര്‍ഗ്ഗങ്ങളും ഒരുപോലെയല്ല. ദാരിദ്ര്യവും നിരക്ഷരതയും അനാരോഗ്യവും നിര്‍മാര്‍ജനം ചെയ്താല്‍ സന്തോഷവും സമാധാനവും സ്നേഹവും പുലരുന്ന സ്വര്‍ഗ്ഗമാക്കി ഭൂമിയെ മാറ്റാം എന്നാണ് പൊതുവേ കരുതപ്പെടുന്നത്.
എന്നാല്‍ ഭൂമിയെ സ്വര്‍ഗമാക്കുന്നതിന് ഏറ്റവും അടിസ്ഥാന വ്യവസ്ഥയായി യേശു കണ്ടത് മറ്റൊരു കാര്യമായിരുന്നു.മനുഷ്യ മനസ്സില്‍ രൂപാന്തരമുണ്ടാകണം എന്ന് അവിടുന്ന് പഠിപ്പിച്ചു. സ്വര്‍ഗ്ഗരാജ്യം വന്നിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്നായിരുന്നല്ലോ അവിടുന്ന് പ്രഘോഷിച്ചത്. ഭൂമിയില്‍ സ്വര്‍ഗ്ഗം വരണ മെങ്കില്‍ മനുഷ്യമനസ്സിനുള്ളില്‍ സ്വര്‍ഗ്ഗം വരണം. ഉള്ളില്‍ സ്വര്‍ഗ്ഗം വരാതെ പുറമേ സ്വര്‍ഗ്ഗം വരുന്നതെങ്ങനെ? സ്നേഹവും സന്തോഷവും സമാധാനവും മനുഷ്യന്റെയുള്ളില്‍ ഉണ്ടാകണം.
സ്നേഹം ഉണ്ടായാല്‍ സന്തോഷവും സമാധാനവും താനേ ഉണ്ടായിക്കൊള്ളും. മനുഷ്യര്‍ക്ക്‌ ദൈവത്തോടും പരസ്പരവും സ്നേഹം ഉണ്ടാകണം. ഇത് സാധിക്കണമെങ്കില്‍ ദൈവത്തെക്കുറിച്ച് കുറഞ്ഞ പക്ഷം രണ്ട് ബോദ്ധ്യങ്ങള്‍ മനുഷ്യര്‍ക്ക്‌ ഉണ്ടാകണം.
ഒന്ന്: ദൈവം സ്നേഹം തന്നെ എന്ന ബോധ്യം. ദൈവം എന്നെ വ്യവസ്ഥ കൂടാതെ സ്നേഹിക്കുന്നു എന്ന് ഞാന്‍ അറിയുമ്പോള്‍ ഞാന്‍ തിരികെ ദൈവത്തെ പൂര്‍ണഹൃദയത്തോടെ സ്നേഹിക്കും. ദൈവം എല്ലാവരെയും ഒരുപോലെ വ്യവസ്ഥ കൂടാതെ സ്നേഹിക്കുന്നു എന്ന ബോധ്യം എനിക്കുണ്ടാകുമ്പോള്‍ ഞാന്‍ സ്വയം സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരെയും സ്നേഹിക്കും.
രണ്ട്: ദൈവമല്ലാതെ നല്ലവന്‍ ആരുമില്ല എന്ന ബോധ്യം. ഒരു തെറ്റും ചെയ്യാത്തത് ദൈവം മാത്രമാകുന്നു. കാരണം എല്ലാമറിയുന്നത്‌ ദൈവത്തിന് മാത്രമാകുന്നു.എല്ലാമറിയുന്ന ദൈവം ഒരു തെറ്റും ഒരിക്കലും വരുത്തുന്നില്ല.എന്നാല്‍ മനുഷ്യരും മാലാഖമാരും അവരുടെ പരിമിതമായ അറിവ് വച്ച് തെറ്റുകുറ്റങ്ങള്‍ വരുത്തുന്നു. ദൈവം മാത്രം നീതിമാന്‍ എന്ന് പൌലോസ് അപ്പോസ്തോലനും ദൈവം പ്രകാശമാകുന്നു, അവനില്‍ ഇരുട്ട് ഒട്ടുമില്ല എന്ന് യോഹന്നാന്‍ അപ്പോസ്തോലനും പറഞ്ഞത് ഈ അര്‍ത്ഥത്തിലാകുന്നു. ദൈവം പരിശുദ്ധനാകുന്നു എന്ന് നാം നമ്മുടെ ആരാധനയില്‍ അനേക തവണ ആവര്‍ത്തിക്കുന്നതും ഈ അര്‍ത്ഥത്തില്‍ തന്നെ. ദൈവം മാത്രം പരിശുദ്ധന്‍ എന്ന ബോധ്യം ഉണ്ടായിക്കഴിയുമ്പോള്‍ സ്വന്തം തെറ്റുകള്‍ സമ്മതിക്കാനും മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കാനും നാം സന്നദ്ധരാകും. സ്വര്‍ഗ്ഗത്തിലെ മാലാഖമാര്‍ ദൈവം പരിശുദ്ധന്‍ എന്ന് ആര്‍ക്കുന്നതായി എശായാ പ്രവാചകന്‍ ദര്‍ശിച്ചു. ആ ബോധ്യമുള്ളതുകൊണ്ട് മാലാഖമാര്‍ക്ക് പരസ്പരം ക്ഷമിച്ചും ക്ഷമ ചോദിച്ചും സ്വര്‍ഗ്ഗത്തെ സ്വര്‍ഗ്ഗമായി നിലനിര്‍ത്തു വാന്‍ സാധിക്കുന്നു.ആ ബോധ്യം മനുഷ്യര്‍ക്കുണ്ടായാല്‍ ഭൂമിയും സ്വര്‍ഗ്ഗസമാനമാകും.
നാം ഏറ്റവുമധികം ആവര്‍ത്തിച്ച് ചൊല്ലുന്ന ആരാധനക്രമം കൌമ ആകുന്നു. ഇതില്‍ ദൈവം പരിശുദ്ധനാകുന്നു എന്ന് അനേകം തവണ ആവര്‍ത്തിക്കുന്നത് കൂടാതെ തെറ്റ് സമ്മതിച്ച് ക്ഷമ ചോദിച്ചുകൊണ്ട് കരുണ ചെയ്യണമേ എന്ന് യാചിക്കുകയും ചെയ്യുന്നു. God, you are right; I am wrong! എന്നാണ് ഈ പ്രാര്‍ഥനയില്‍ നാം സമ്മതിക്കുന്നത്. God, you are wrong; I am right! എന്ന് ആദംഹവ്വമാര്‍ ഏദനില്‍ പറഞ്ഞതിന് വിപരീതമാണ് ഇത്. പരീശനും ചുങ്കക്കാരനും പ്രാര്‍ഥിക്കുന്ന കഥയില്‍ ഈ വ്യത്യാസം യേശുതമ്പുരാന്‍ വ്യക്തമാക്കി. ചുങ്കക്കാരന്‍ സ്വന്തം തെറ്റ് സമ്മതിക്കുമ്പോള്‍ പരീശന്‍ സ്വയം ന്യായീകരിക്കുകയാണ്.
കൌമയുടെ ഭാഗമാണ് കര്‍ത്തൃപ്രാര്‍ത്ഥനയും. സ്വര്‍ഗ്ഗരാജ്യം വരണമേ എന്നതാണ് അതിലെ പ്രധാന അപേക്ഷ. സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍ വരുന്നതിനുള്ള വ്യവസ്ഥ അതിന് മുമ്പായി പറഞ്ഞിരിക്കുന്നു – അങ്ങയുടെ നാമം പരിശുദ്ധമാക്കപ്പെടണമേ. ദൈവനാമം പരിശുദ്ധമാക്കപ്പെടുക (Let thy name be hallowed) എന്നാല്‍ അര്‍ഥം ദൈവം മാത്രം പരിശുദ്ധന്‍ എന്ന ബോധ്യം എല്ലാവര്‍ക്കും ഉണ്ടാകുക എന്നാവണം. ഈ ബോധ്യം എല്ലാവര്‍ക്കുമുണ്ടാകുമ്പോള്‍ ഭൂമി സ്വര്‍ഗ്ഗമാകും. അവിടെ നാം ദൈവത്തോട് ക്ഷമ ചോദിക്കുകയും സഹജീവികളോട് ക്ഷമ ചോദിക്കുകയും ക്ഷമിക്കുകയും ചെയ്യും.
ദൈവത്തെക്കുറിച്ചുള്ള രണ്ട് ബോധ്യങ്ങള്‍ കൂടി കൌമയില്‍ നാം ഏറ്റു പറയുന്നുണ്ട്. ഒന്ന്, ദൈവം ബലവാന്‍ (സര്‍വശക്തന്‍) ആകുന്നു. എല്ലാ കഴിവുകളും ഉള്ളത് ദൈവത്തിനു മാത്രം. മനുഷ്യരുടെയെല്ലാം കഴിവുകള്‍ പരിമിതമാണ്. ഒരു ശരീരത്തിലെ അവയവങ്ങള്‍ പോലെ നമ്മുടെ കഴിവുകള്‍ പൊതുനന്മയ്ക്കായി ഉപയോഗിച്ച്, പരസ്പരം സഹായിച്ചും ആശ്രയിച്ചും ജീവിക്കുവാനാണ് ദൈവം നമ്മെക്കുറിച്ചു ആഗ്രഹിക്കുന്നത്. രണ്ട്, ദൈവം മരണമില്ലാത്തവനാകുന്നു. കാരണം, ദൈവം കാലപരിമിതിക്കതീതനാകുന്നു, ജീവന്റെ ഉറവിടവുമാകുന്നു. ദൈവത്തില്‍ നിന്ന് ലഭിക്കുന്ന ജീവനാണ് എല്ലാ ജീവികള്‍ക്കുമുള്ളത്. നാം ജീവിക്കുന്നത് നമ്മുടെ സ്വന്തം ജീവന്‍ കൊണ്ടല്ല, ദൈവത്തിന്റെ ജീവന്‍ കൊണ്ടാകുന്നു എന്ന ബോധ്യം മരണഭയത്തില്‍ നിന്ന് നമ്മെ സ്വതന്ത്രരാക്കും.
യേശുതമ്പുരാന്‍ പ്രഘോഷിച്ച സദ്വാര്‍ത്തയാണ് ഇന്നും നമുക്ക് പ്രഘോഷിക്കുവാനുള്ളത്. സന്തോഷവും സമാധാനവും ഉള്ള സ്വര്‍ഗ്ഗീയജീവിതം നമ്മുടെ ലോകത്തില്‍ ഒരു യാഥാര്‍ത്ഥ്യമാക്കാം എന്നതാണ് ആ സദ്വാര്‍ത്ത.നമ്മുടെ കുടുംബങ്ങളെയും നാടുക ളെയും, രാജ്യങ്ങളെയും ഭൂമിയെ മുഴുവനായും സ്വര്‍ഗ്ഗമാക്കി മാറ്റാനാകും. എന്നാല്‍ ആ പ്രക്രിയ ആരംഭിക്കേണ്ടത് നമ്മുടെ ഉള്ളില്‍ നിന്ന് തന്നെയാണ്. നമ്മുടെ ഉള്ളില്‍ സ്വര്‍ഗ്ഗമുണ്ടാകണം. അത് സാധിക്കുന്നത് ദൈവത്തെക്കുറിച്ചുള്ള ചില ബോദ്ധ്യങ്ങള്‍ നമ്മുടെ ഉപബോധമനസ്സില്‍ ആഴത്തില്‍ പതിയുമ്പോഴാകുന്നു: ദൈവം സ്നേഹം തന്നെ, ദൈവം മാത്രം സര്‍വജ്ഞന്‍, പരിശുദ്ധന്‍, സര്‍വശക്തന്‍,മരണമില്ലാത്തവന്‍.
ജോൺ ഡി. കുന്നത്ത്

Comments

Thomas Jacob said…
Dear Sir,Thank you for forwarding your write up to me.Your explanations of Lord’s Prayer is beautiful.There is a melodious hymn in Malayalam about kingdom of God.The lyrics are like this: it is not food in abundance or something that we drink in abundance; it is justice,peace and happiness.Rev fr cc Cherian said it is the Holy Spirit that dwells in us is responsible for its establishment on earth.The Hebrew to Greek traditions had greater influence up on Christianity in its growth and development. I do agree with you.Irradication of illness,poverty and illiteracy alone will not bring peace and stability, it is the transformation of mind that is very essential.These are great thoughts that you shared. Norman Vincent says “happiness is the greatest paradox in nature that can be cultivated in any where in the land”
Thank you sir.

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം