ക്രൈസ്തവസമൂഹം കഴുത്തിലണിഞ്ഞിരിക്കുന്ന ചങ്ങലകള്‍

മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് സ്വതന്ത്രനായാണ്. ദൈവത്തോളം വളരുവാനുള്ള സാധ്യത (potential) ഉള്ളവനാണ് മനുഷ്യന്‍. എന്നാല്‍ മിക്കപ്പോഴും അവന്‍ ചങ്ങലകളിലാണ്. ഈ ചങ്ങലകള്‍ വളരുവാനും വികസിക്കുവാനുമുള്ള മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. വിഹായസ്സില്‍ പറന്നു നടക്കേണ്ട ഒരു കഴുകന്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ടു കിടക്കുന്ന രംഗം ഒന്നോര്‍ത്തുനോക്കാം. മറ്റാരെങ്കിലും മനുഷ്യനെ ചങ്ങലയില്‍ പൂട്ടിയിട്ടതല്ല. ആഭരണങ്ങള്‍ എന്ന് കരുതി മനുഷ്യന്‍ തന്നെ എടുത്തണിഞ്ഞിരിക്കുന്നവയാണ് ഈ ചങ്ങലകള്‍. കഴുത്തിലണിഞ്ഞിരിക്കുന്നത് ആഭരണങ്ങളല്ല, ചങ്ങലകളാണ് എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ അവ ഊരി മാറ്റി നമുക്ക് സ്വതന്ത്രരാകാം. സത്യം നമ്മെ സ്വതന്ത്രരാക്കും എന്ന്‍ യേശുതമ്പുരാന്‍ പറഞ്ഞത് ഓര്‍ക്കാം.

ഇത് പറയുമ്പോള്‍ എന്റെ മനസ്സില്‍ വരുന്നത് മോപ്പസാങ്ങിന്റെ മാല എന്ന കഥയാണ്. ഒരു യുവതിക്ക് ഡയമണ്ട് മാല നഷ്ടപ്പെടുന്നു. കടം വാങ്ങിയ ആ മാല തിരികെ വാങ്ങി നല്‍കുവാന്‍ ഭീമമായ തുക കടമെടുക്കുന്നു. കടം വീട്ടാന്‍ വേണ്ടി അനേക വര്‍ഷങ്ങളുടെ കഠിനാധ്വാനം. ഒടുവില്‍ ആ സത്യം തിരിച്ചറിയുന്നു: ആ മാല ഡയമണ്ട് ആയിരുന്നില്ല; ഡയമണ്ട് പോലെ തോന്നിക്കുന്നതായിരുന്നു. ഇക്കാര്യം നേരത്തേ അറിഞ്ഞിരുന്നെങ്കില്‍! വ്യക്തികളായും സമൂഹങ്ങളായും നമ്മുടെ ജീവിതം ചങ്ങലകളിലാണ്. ചില ലളിതമായ സത്യങ്ങള്‍ അറിഞ്ഞാല്‍ അനാവശ്യമായ കഷ്ടപ്പാടുകള്‍ നമുക്ക് ഒഴിവാക്കാം.

ഇത്രയും ആമുഖമായി പറഞ്ഞത് ക്രൈസ്തവസമൂഹം കഴുത്തിലണിഞ്ഞിരിക്കുന്ന ചില ചങ്ങലകളെക്കുറിച്ച് പറയാനാണ്. രണ്ടു സഹസ്രാബ്ദങ്ങളായി നാം അവ അണിഞ്ഞു നടക്കുന്നു. വ്യക്തികള്‍ എന്ന നിലയില്‍ നാം ഈ സമൂഹത്തിന്‍റെ ഭാഗമായി പിറന്നു വീണത്‌ തന്നെ ഈ ചങ്ങലകളുമായാണ്. അതുകൊണ്ട് അവ ചങ്ങലകളാണെന്ന് നാം തിരിച്ചറിയുന്നില്ല. യഹൂദസമുദായത്തിലെ അര്‍ത്ഥശൂന്യമായ ആചാരാനുഷ്ടാനങ്ങളുടെ ചങ്ങലകളില്‍ കുടുങ്ങിക്കിടന്ന കുറേ മനുഷ്യര്‍ അവയില്‍ നിന്ന് സ്വതന്ത്രരായപ്പോള്‍ രൂപമെടുത്തതാണ് ക്രൈസ്തവസമുദായം . തങ്ങള്‍ കഴുത്തിലണിഞ്ഞിരിക്കുന്നത് ചങ്ങലകളാണെന്ന് തിരിച്ചറിഞ്ഞ യേശുതമ്പുരാന്‍ അവയെ വലിച്ചെറിഞ്ഞു സ്വതന്ത്രരാകുവാന്‍ ജനത്തെ ആഹ്വാനം ചെയ്തു. നിഷ്ക്രിയമായി കിടന്നിരുന്ന ആ സമൂഹം ലോകത്തെ കീഴ്മേല്‍ മറിയ് ക്കുന്നവരുടെ സമൂഹമായി മാറി. ചില നൂറ്റാണ്ടുകള്‍ കൊണ്ട് അത് ഒരു വലിയ നാഗരികതയായി പടര്‍ന്ന് പന്തലിച്ചു.

എന്നാല്‍ ഏറെ താമസിയാതെ ക്രൈസ്തവസമൂഹം ചില ചങ്ങലകള്‍ കഴുത്തിലണിഞ്ഞു സ്വയം അടിമത്വം വരിച്ചു. അങ്ങനെ ഒരിക്കല്‍ ലോകത്തെ കീഴ്മേല്‍ മറിച്ച ആ സമൂഹം ക്രമേണ നിഷ്ക്രിയമായി, ഭൂമിക്കൊരു ഭാരമായിത്തീര്‍ന്നു. ആഭരണങ്ങള്‍ എന്ന് കരുതി അണിഞ്ഞിരിക്കുന്നത് ചങ്ങലകളാണെന്ന് നാം തിരിച്ചറിയുമ്പോള്‍ നാം വീണ്ടും സ്വതന്ത്രരാകും. ഏതൊക്കെയാണ് നാം അണിഞ്ഞിരിക്കുന്ന ചങ്ങലകള്‍? അര്‍ത്ഥശൂന്യമായ ആചാരാനുഷ്ടാനങ്ങളോടൊപ്പം രണ്ട് ചങ്ങലകള്‍ കൂടി നാം അണിഞ്ഞു. .

ഒന്ന്, വസ്തുതകള്‍ എന്ന് ധരിച്ച് നാം നമ്മുടെ ജീവിതം കെട്ടിപ്പടുത്തിരിക്കുന്നത് പലപ്പോഴും വിശ്വാസങ്ങളുടെ മേലാണ്. രണ്ട്, ആക്ഷരികസത്യങ്ങള്‍ എന്ന് നാം ഉറച്ച് വിശ്വസിച്ചു പോരുന്ന പലതും സാദൃശ്യപ്രയോഗങ്ങങ്ങള്‍ (metaphors) ആണ്.

യേശുതമ്പുരാന്റെ കാലത്ത് തന്നെ ഈ രണ്ടു ചങ്ങലകളും നിലവിലുണ്ടായിരുന്നു.
മനുഷ്യര്‍ മിക്കപ്പോഴും അവയെ ആഭരണങ്ങളെന്ന് തെറ്റിധരിച്ച് കഴുത്തിലണിഞ്ഞിരുന്നു. എന്നാല്‍ അവ ചങ്ങലകളാണെന്ന് ചൂണ്ടിക്കാട്ടുവാന്‍ ഉള്‍ക്കാഴ്ച നഷ്ടപ്പെട്ടിട്ടില്ലാത്തവര്‍ ചിലര്‍ അന്നുണ്ടായിരുന്നു. ഉദാഹരണത്തിന്, ഒരാള്‍ കുരുടനായി പിറക്കുന്നത് അയാളുടെ പൂര്‍വികരുടെ പാപം കൊണ്ടാണെന്ന് അക്കാലത്ത് വിശ്വസിക്കപ്പെട്ടിരുന്നു. ഇത് ഒരു വസ്തുതയല്ല, വെറുമൊരു അന്ധവിശ്വാസമാണ് എന്ന് യേശുതമ്പുരാന്‍ ചൂണ്ടിക്കാട്ടി.

സാത്താന്‍ ലോകത്തെ ഭരിക്കുന്നുണ്ടെന്നും, അവനില്‍ നിന്ന് ഭരണം പിടിച്ചെടുക്കാന്‍ ദൈവം അയക്കുന്ന മശിഹാ മേഘത്തില്‍ പറന്നു വരുമെന്നും മറ്റും ഉള്ള സാദൃശ്യപ്രയോഗങ്ങള്‍ ആക്ഷരികമായി അക്കാലത്ത് വിശ്വസിക്കപ്പെട്ടിരുന്നു. സാദൃശ്യപ്രയോഗങ്ങളെ ആക്ഷരികമായി മനസിലാക്കുന്നതിന്റെ അബദ്ധം യേശുതമ്പുരാന്‍ നിക്കൊദീമോസിനും ശമര്യസ്ത്രീയ്ക്കും വെളിവാക്കുന്നു. പരീശന്മാരുടെ പുളിച്ച മാവ് അക്ഷരപ്രകാരം മനസിലാക്കിയ സ്വശിഷ്യരെ അവിടുന്ന് തിരുത്തുന്നു.

പില്‍ക്കാലത്ത് ഉള്‍ക്കാഴ്ചയുള്ളവരുടെ എണ്ണം കുറഞ്ഞപ്പോള്‍ ക്രൈസ്തവസമുദായം ഈ ചങ്ങലകള്‍ ആഭരണങ്ങളായി അണിഞ്ഞു. അതിന്‍റെ ഫലമായി രണ്ടു സഹസ്രാബ്ദങ്ങളായി നാം എണ്ണമറ്റ കഷ്ടപ്പാടുകള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു.

പരസ്പരം സ്നേഹിക്കുമ്പോള്‍ നിങ്ങള്‍ എന്റെ ശിഷ്യര്‍ എന്ന്‍ ലോകം അറിയും എന്ന്‍ അരുളിയ യേശുതമ്പുരാനെ പരിഹസിച്ചുകൊണ്ട് രണ്ടായിരത്തില്‍പ്പരം സഭകളായി നാം തല്ലിപ്പിരിഞ്ഞിരിക്കുന്നു. അതിന്റെ ഫലമായി നാം യേശുവിന്‍റെ ശിഷ്യരല്ല എന്ന് ലോകം അറിഞ്ഞു. വിശ്വാസങ്ങളുടെ പേരിലാണ് നാം തല്ലിപ്പിരിഞ്ഞത്? തങ്ങളുടെതാണ് സത്യവിശ്വാസം എന്ന്‍ ഓരോ കൂട്ടരും അവകാശപ്പെട്ടു. വിശ്വാസങ്ങളെ വസ്തുതകളായി നാം തെറ്റിദ്ധരിച്ചു. വിശ്വാസങ്ങളെ വിശ്വാസങ്ങളായിത്തന്നെ കാണാന്‍ കഴിയാതവണ്ണം നാം അന്ധരായിപ്പോയി. മിന്നുന്ന മാല കണ്ടു പൊന്നാണെന്ന് തെറ്റിദ്ധരിക്കുന്നതു പോലെയാണിത്.

ഒരു വസ്തുതയ്ക്ക് തെളിവുകളുടെ പിന്ബലമുണ്ട്. എന്നാല്‍ ഒരു വിശ്വാസത്തിന് അത് വിശ്വസിക്കുന്നവരുടെ പിന്‍ബലം മാത്രമേയുള്ളൂ. ഒരു വിശ്വാസം വിശ്വസിക്കാന്‍ ആളില്ലാതായാല്‍ ആ വിശ്വാസം അപ്രത്യക്ഷമാകും. ഒരു കാര്യത്തെപ്പറ്റി വസ്തുതകള്‍ ഇല്ലാത്തപ്പോഴാണ് വിശ്വാസങ്ങള്‍ ഉണ്ടാകുന്നത്. ഒരു വിശ്വാസത്തെ സത്യം എന്നോ അസത്യം എന്നോ വിളിക്കാനാവില്ല. ഒരു വിശ്വാസത്തെ വിശ്വാസമായി കണ്ടാല്‍ അതിന്‍റെ പേരില്‍ മനുഷ്യര്‍ വഴക്കടിക്കുകയില്ല. എന്റെ വിശ്വാസമാണ് സത്യം എന്ന് ഓരോ കൂട്ടരും അവകാശപ്പെടുമ്പോഴാണ് അവര്‍ രണ്ടു ചേരികളായി നിന്ന് പോരടിക്കുന്നത്.

യേശു ദൈവമാണെന്ന വിശ്വാസം ക്രൈസ്തവസഭയിലുണ്ടായി . അത് ഭൂരിപക്ഷത്തിന്റെ വിശ്വാസമായപ്പോള്‍ അങ്ങനെ വിശ്വസിക്കാത്തവര്‍ക്ക് അവരുടെ വിശ്വാസം ഉള്ളിലൊതുക്കേണ്ടി വന്നു. പുറത്തുപറഞ്ഞവര്‍ സമുദായഭ്രഷ്ടരായി. ചിലര്‍ നാടുകടത്തപ്പെട്ടു.

യേശു ദൈവമായിരുന്നെങ്കില്‍ മനുഷ്യനല്ലായിരുന്നു എന്ന് വരുമോ? യേശു മനുഷ്യവേഷത്തില്‍ വന്ന ദൈവമായിരുന്നോ? യേശുവിന് ദൈവത്തിന്‍റെ ആത്മാവും മനുഷ്യരരീരവും ഉണ്ടായിരുന്നോ? യേശു പകുതി ദൈവവും പകുതി മനുഷ്യനും ആയിരുന്നോ? യേശു ജനിച്ചപ്പോള്‍ തന്നെ ദൈവമായിരുന്നോ? അതോ ജനനശേഷമായിരുന്നോ ദൈവമായത്? യേശുവിന്‍റെ അമ്മയെ ദൈവമാതാവ് എന്ന് വിളിക്കാമോ? ഇതുപോലെയുള്ള ചോദ്യങ്ങള്‍ അക്കാലത്ത് ചിന്താവിഷയമായി. അവയെ സംബന്ധിച്ച് വിവിധ വിശ്വാസങ്ങളും ഉണ്ടായി. ഓരോ കൂട്ടരും തങ്ങളുടെ വിശ്വാസത്തെ സത്യവിശ്വാസമെന്ന് വിളിച്ചു മറ്റുള്ളവരെ എതിര്‍ ചേരിയിലാക്കി. പ്രശ്നം ഗുരുതരമായപ്പോള്‍ തര്‍ക്കപരിഹാരത്തിനായി റോമാസാമ്രാജ്യത്തിലെ പ്രധാനപട്ടണങ്ങളില്‍ സഭാദ്ധ്യക്ഷന്മാരുടെ സമ്മേളനങ്ങള്‍ കൂടി. അതിഭക്തരും മഹാപണ്ഡിതരുമായിരുന്ന പല പ്രഗത്ഭന്മാരും വേദവിപരീതികളുടെ ഗണത്തിലായി. ഇരുസ്വഭാവവാദികള്‍ ഏകസ്വഭാവവാദികള്‍ എന്നിങ്ങനെ ക്രൈസ്തവസഭ രണ്ടായി പിളര്‍ന്നു. വിശ്വാസങ്ങളുടെ പേരിലായിരുന്നു ഈ പോരാട്ടങ്ങള്‍ എന്ന് തിരിച്ചറിയുമ്പോള്‍ നമുക്കിന്നു ലജ്ജ തോന്നുന്നു .

സാദൃശ്യപ്രയോഗങ്ങളെ ആക്ഷരികമായി മനസിലാക്കുന്നതാണ് മറ്റൊരു ചങ്ങല. വേദപുസ്തകത്തിലെ ആദ്യഅധ്യായങ്ങളിലെ സൃഷ്ടികഥകള്‍ അക്ഷരപ്രകാരം ചരിത്രസംഭവമായി , മനസിലാക്കിയതാണ് ക്രൈസ്തവസഭയുടെ ചരിത്രത്തിലെ ഒരു മഹാ അബദ്ധം. ദൈവം ആറു ദിവസം കൊണ്ട് ലോകത്തെ സൃഷ്ടിച്ച് ഏഴാം ദിവസം വിശ്രമിച്ചു എന്ന് പറഞ്ഞിരിക്കുന്നത് അക്ഷരപ്രകാരം ചരിത്രസംഭവമായി കാണുന്നവരാണ് ഇന്നും മിക്ക ക്രിസ്ത്യാനികളും. ദൈവത്തെ ഒരു കര്‍ഷനും ലോകത്തെ ഒരു കൃഷിത്തോട്ടവുമായി സങ്കല്‍പ്പിച്ച് രചിച്ചിരിക്കുന്ന ഒരു സങ്കീര്‍ത്തനമാണ് അത് എന്ന തിരിച്ചറിവ് അവര്‍ക്ക് ഒരു ഷോക്കായിരിക്കും. ആദംഹവ്വമാര്‍ എന്ന ദമ്പതിമാര്‍ യഥാര്‍ഥത്തില്‍ ചരിത്രത്തില്‍ ഉണ്ടായിരുന്നെന്നും അവര്‍ പാപം ചെയ്തു മാനവജാതി പാപത്തില്‍ പതിച്ചെന്നും വിശ്വസിക്കപ്പെട്ടു. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പല സഭകളും പലതരം വിശ്വാസസൌധങ്ങള്‍ കെട്ടിയുയര്‍ത്തി. കത്തോലിക്കാ-ഓര്‍ത്തഡോക്സ്-പ്രോട്ടസ്ടന്റ്റ് സഭകള്‍ പലതരം രക്ഷാസിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്നു. ആദമിന്റെ പാപം മൂലം എല്ലാ മനുഷ്യരും ജന്മനാ പാപികളാണെന്നും , അങ്ങനെ മരിച്ചാല്‍ നരകത്തില്‍ പതിക്കുമെന്നും, അതില്‍ നിന്ന് രക്ഷ നേടണമെങ്കില്‍ യേശുവില്‍ വിശ്വസിച്ച് സ്നാനപ്പെടണമെന്നും പഠിപ്പിക്കുന്ന സഭകള്‍ ഏറെയുണ്ട്. ആദംഹവ്വമാരുടെ കഥ പണ്ട് ജീവിച്ചിരുന്ന ഒരു ഗുരു പറഞ്ഞ ഒരു ഉപമയാണെന്ന് തിരിച്ചറിയുമ്പോള്‍ ആ വിശ്വാസസൌധങ്ങളെല്ലാം നിലംപരിശാകും.

പതിനാറാം നൂറ്റാണ്ടുവരെ ഒന്നായി നിന്ന കേരള ക്രൈസ്തവസമൂഹം അതിന് ശേഷം പല കഷണങ്ങളായി വിഘടിക്കപ്പെട്ടു. വിശ്വാസങ്ങളുടെ പേരിലായിരുന്നു വിഭജനങ്ങള്‍. റോമിലെ സഭാധ്യക്ഷന്‍ ക്രിസ്തുവിന്റെ കാണപ്പെട്ട പ്രതീകവും പ്രതിനിധിയുമാണെന്ന് ചിലര്‍ വിശ്വസിച്ചു. അന്ത്യോഖ്യയിലെ സഭാധ്യക്ഷനാണ് ക്രിസ്തുവിന്റെ പ്രതിനിധി എന്ന് മറ്റു ചിലര്‍. ഇതിന്‍റെ പേരില്‍ ഒരു ശതാബ്ദത്തിലേറെയായി കോടതികളില്‍ കേസുകള്‍ നടക്കുന്നു. വിശ്വാസങ്ങളുടെ പേരിലുള്ള ഈ അനാവശ്യ വിഭജനങ്ങളും തര്‍ക്കങ്ങളും ഇന്നാട്ടിലെ ക്രൈസ്തവരെ ലജ്ജിപ്പിക്കേണ്ടതാണ്.

വിശ്വാസങ്ങള്‍ ചങ്ങലകളാണെന്നല്ല ഇവിടെ പറയുന്നത്, മറിച്ച് വിശ്വാസങ്ങളെ വസ്തുതകളായി തെറ്റിദ്ധരിക്കുമ്പോഴാണ്‌ അവ ചങ്ങലകളായി പരിണമിക്കുന്നത് . അതുപോലെ സാദൃശ്യപ്രയോഗങ്ങളും ചങ്ങലകളല്ല, മറിച്ച് സാദൃശ്യപ്രയോഗങ്ങളെ ആക്ഷരികസത്യങ്ങളായി തെറ്റിദ്ധരിക്കുമ്പോഴാണ്‌ അവ ചങ്ങലകളാകുന്നത്. അതുപോലെ, ആചാരാനുഷ്ടാനങ്ങള്‍ ചങ്ങലകളാകുന്നത് അവ അര്‍ത്ഥമറിയാതെ ആചരിക്കുമ്പോഴാണ്. ഈ ചങ്ങലകള്‍ ആഭരണങ്ങളെന്നു ധരിച്ച് അണിയുന്നടത്തോളം നാം അടിമത്വത്തിലാണ്.

ഇവിടെപ്പറഞ്ഞ ചങ്ങലകള്‍ ക്രൈസ്തവരുടെ കുത്തകയൊന്നുമല്ല. സ്വന്തം കണ്ണില്‍ കോല്‍ ഇരിക്കെ മറുള്ളവരെ കണ്ണിലെ കരട് കാണാന്‍ ശ്രമിക്കരുത് എന്നതുകൊണ്ട് ഇവിടെ അതിന് മുതിരുന്നില്ല എന്നേയുള്ളൂ. സ്വന്തം കഴുത്തില്‍ഈ ചങ്ങലകള്‍ അണിഞ്ഞി ട്ടുണ്ടോ
എന്ന് എല്ലാവരും സ്വയപരിശോധന നടത്തട്ടെ.

Comments

C. Thomas Abraham said…
This is perfect commonsense. As Tagore prayed, "Into that heaven of freedom let my country awake"
Padmakumari said…
ചങ്ങലയിലായ മനുഷ്യന്‍ താന്‍ ബന്ധനസ്ഥനാണെന്ന് അറിയുന്നില്ല. തുറന്ന് സംവദിക്കുമ്പോള്‍ അവന് പലതും നഷ്ടമാകും. ഒറ്റപ്പെടും, നിഷേധിയാകും. W. B. Yeats Second Coming ല്‍ പാടിയ പോലെ The Beast crouches slouches towards Bethlehem!
Roy Eapen, Moscow said…
Beautiful thought-provoking article.
It is not two thousand churches, it is twenty five thousand churches!

Why nobody is willing to change? Afraid of the society, who keeps the chains on everybody.

How did the Apostole’s attempt socialist concept was fail? My understanding says the Banking system available at that time was not suitable to the rich and influential. They added “in spirit” to the first sentence of the sermon of mount of Christ. “Blessed are the poor”, become “blessed are the poor in spirit”.
Our Nikhea Constantinople Creed conveniently omitted about who killed Jesus, while saying even the years of the regime of Pontius Pilate.
The majority Christians still follow the belief that Jesus was crucified on Friday. He was arrested on Wednesday midnight and by 10am Thursday he was crucified. This was because the crucifiers were afraid of the crowd and their plan was to finish everything before the crowd wake up. The crucifiers knew that the crowd would not have allowed to crucify Jesus.

We have to believe that it was the plan of Jesus even to make use of Jude and the Pilate and to finish everything before Thursday noon.
So, so many if-s and if nots remains.
P
Lord Jesus Christ!
Have mercy on us!

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?