TCI -- ഉത്ഭവവും വളര്‍ച്ചയും




Ruth Cohn
ഇക്കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെ മനശാസ്ത്രതത്വങ്ങളെ അടിസ്ഥാനമാക്കിയ ഒരു പഠനരീതിയെന്ന നിലയില്‍ നാമ്പെടുത്ത TCI പില്‍ക്കാലത്ത് ഒരു ജീവിതരീതി എന്ന നിലയില്‍ വികസിക്കുകയുണ്ടായി.

ആധുനിക മനശാസ്ത്രം
ഇരുപതാം നൂറ്റാണ്ടിലാണ് ആധുനികമനശാസ്ത്രം വളരുന്നത്‌. അത് മുളച്ചുവന്നത് യൂറോപ്പിലായിരുന്നെങ്കിലും വളര്‍ന്ന് പന്തലിച്ചത് അമേരിക്കന്‍ മണ്ണിലായിരുന്നു. മനുഷ്യമനസ്സിനെ സംബന്ധിക്കുന്ന രണ്ട് തിരിച്ചറിവുകളാണ് തുടക്കത്തില്‍ പ്രധാനമായും മനശാസ്ത്രം നമുക്ക് നല്‍കിയത്.

മനസ്സിന്റെ ബോധതലത്തിന് പിന്നില്‍ അതിലും വളരെയേഴെ ആഴത്തിലും പരപ്പിലും മറഞ്ഞു കിടക്കുന്ന ഉപബോധതലമുണ്ടെന്ന തിരിച്ചറിവാണ് ഒന്ന്. മനുഷ്യന്റെ ജീവിതത്തെയും പ്രവൃത്തികളെയും ബോധമനസിനെക്കാള്‍ സ്വാധീനിക്കുന്നത് ഉപബോധമനസാകുന്നു എന്ന തിരിച്ചറിവ് നമ്മുടെ വിചാരലോകത്തില്‍ ഒരു വന്‍ വിപ്ലവം വരുത്തി. വികാരങ്ങള്‍ വിചാരങ്ങളെക്കാള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന കണ്ടെത്തലാണ് രണ്ടാമത്തെ തിരിച്ചറിവ്. മനസ്സിന്‍റെ പ്രധാന ഘടകം ചിന്തയാണെന്നായിരുന്നു പൊതുവേ ധരിച്ചിരുന്നത്. വികാരങ്ങള്‍ ഗൌരവമായ വിചിന്തനത്തിന് വിഷയമായിരുന്നില്ല. എന്നാല്‍ മനശാസ്ത്രം ഈ ധാരണയെ തിരുത്തി.

ഉപബോധമനസ്സിനെക്കുറിച്ചും വികാരങ്ങളെക്കുറിച്ചുമുള്ള ഈ കണ്ടെത്തലുകള്‍ മനോരോഗചികില്‍സാ രീതികളെ ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി മനോരോഗങ്ങളുടെ വേരുകള്‍ തേടി ചികല്സകര്‍ ഉപബോധമനസിലേക്കും വികാരങ്ങളിലേക്കും പോയി. ആധുനികമനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സിഗ് മണ്ട് ഫ്രോയിട് ഇത്തരം മനോവിശകലനത്തിനും ചികിത്സയ്ക്കുമാണ് ഊന്നല്‍ നല്‍കിയത്.

മനുഷ്യമനസ്സ് നിരീക്ഷണപരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാനാവാത്തതുകൊണ്ട് മുകളില്‍ പറഞ്ഞ നിഗമനങ്ങള്‍ ശാസ്ത്രീയമല്ലെന്നും അതുകൊണ്ട് അവയെല്ലാം സത്യമാകണമെന്നില്ലെന്നും ഒരു കൂട്ടര്‍ വാദിച്ചു. മനസ്സല്ല മനുഷ്യന്‍റെ പെരുമാറ്റമാണ് പഠനവിഷയമാക്കേണ്ടത് എന്ന് അവര്‍ സ്ഥാപിച്ചു. അങ്ങനെ മനശാസ്ത്രം പെരുമാറ്റശാസ്ത്രമായി മാറി. മൃഗങ്ങളുടെ പെരുമാറ്റമാണ് അവര്‍ കൂടുതലും പഠനവിഷയമാക്കിയത്.

ഇരുപതാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തോടെ മനശാസ്ത്രം മനുഷ്യനിലേക്ക് മടങ്ങി വന്നു. മനുഷ്യന്‍റെ ജീവിതവും പെരുമാറ്റവും സമഗ്രമായി നിരീക്ഷിച്ചുകൊണ്ട് മനുഷ്യകേന്ദ്രീകൃതമായി മനശാസത്രം മുന്നേറി. മനശാസ്ത്രം മനോരോഗചികില്‍സക്ക് മാത്രമല്ല, മനുഷ്യമനസ്സിന്റെ വളര്‍ച്ചയ്ക്കും ഉതകും എന്നായിരുന്നു അതിന്‍റെ വീക്ഷണം. മനുഷ്യമനസ്സ് ആരോഗ്യത്തോടെ വളരുകയും വികസിക്കുകയും ചെയ്യുമ്പോള്‍ വ്യക്തികളുടെയും സമൂഹത്തിന്റെയും മനുഷ്യവര്‍ഗ്ഗത്തിന്റെയും ജീവിതം അര്‍ത്ഥവത്തും ഫലവത്തും ആയിത്തീരും. ചികിത്സിക്കുന്ന മനശാസ്ത്രത്തില്‍ നിന്നും പെരുമാറ്റശാസ്ത്രത്തില്‍ നിന്നും ഭിന്നമായി വളര്‍ത്തുന്ന മനശാസ്ത്രമെന്ന പേരില്‍ ഈ മനശാസ്ത്രശാഖ ശക്തിപ്പെട്ടു. എറിക് ഫ്രോം, ഏബ്രഹാം മാസ്ലോ തുടങ്ങിയവരാണ് ഈ വീക്ഷണത്തിന് തുടക്കമിട്ടത്.

TCI യുടെ ജനനം
മനശാസ്ത്രത്തോടൊപ്പം ജര്‍മ്മനിയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ റൂത്ത് കോണ്‍ മനശാസ്ത്രത്തിന്റെ ഈ കണ്ടെത്തലുകള്‍ തന്‍റെ ചികില്‍സാരീതികളിലും അധ്യയനരീതികളിലും പ്രാവര്‍ത്തികമാക്കി. 1955 ല്‍ റൂത്ത് കോണ്‍ മനോരോഗചികിത്സകര്‍ക്കായി ഒരു ക്ലസെടുക്കുകയായിരുന്നു. അതില്‍ അവര്‍ ഒരു പുതിയ രീതി പരീക്ഷിച്ചു അറിവില്ലാതിരിക്കുന്ന വിദ്യാര്‍ഥികളുടെ മനസിലേക്ക് അധ്യാപകന്‍/അധ്യാപിക അറിവ് പകരുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. ഒഴിഞ്ഞ പാത്രങ്ങള്‍ പോലെ ശൂന്യമായ മനസ്സുകളുമായി വിദ്യാര്‍ഥികള്‍; നിറഞ്ഞ പാത്രങ്ങള്‍ പോലെ മനസ്സ് നിറയെ അറിവുമായി അധ്യാപകര്‍. നിലവിലിരുന്ന ആ രീതിയില്‍ നിന്ന് മാറി റൂത്ത് കോണ്‍ മറ്റൊരു രീതി പരീക്ഷിച്ചു. റൂത്ത് കോണ്‍ വിദ്യാര്‍ത്ഥികളെ വട്ടത്തിലിരുത്തി, താനും കൂട്ടത്തിലൊരാളായി. എന്നിട്ട് ഓരോരുത്തരും പഠനവിഷയത്തെക്കുറിച്ച് അവരവരുടെ അനുഭവങ്ങളും അവയില്‍ നിന്ന്‍ നേടിയ അറിവുകളും പങ്കുവച്ചു. അങ്ങനെയാണ് TCI ജനിച്ചത്.

വിദ്യാര്‍ഥികള്‍ സ്കൂളിലും കോളജിലും പഠിക്കുന്ന വിഷയങ്ങള്‍ അവരുടെ ജീവിതവുമായി വേണ്ടത്ര ബന്ധപ്പെടുത്തിയിരുന്നില്ല. കണക്കും ശാസ്ത്രവും സാമൂഹ്യപാഠവും ഭാഷയും മറ്റും അവര്‍ പഠിച്ചിരുന്നത് അവയെ അവരുടെ ജീവിതവുമായി ബന്ധിക്കാതെയാണ്. ബോധമനസ്സു കൊണ്ട് ചിന്താശക്തിയുപയോഗിച്ച് പുതിയ വിവരങ്ങളും അറിവുകളും സമാഹരിക്കുന്നതിനെയാണ് പഠനം എന്ന് വിളിച്ചിരുന്നത്. അത്തരം പഠനത്തില്‍ ഉപബോധമനസിനോ വികാരങ്ങള്‍ക്കോ തീരെ സ്ഥാനമുണ്ടായിരുന്നില്ല. നാം എന്ത് പഠിച്ചാലും അതിനെ നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് പഠിക്കേണ്ടത് എന്ന് റൂത്ത് കോണ്‍ മനസിലാക്കി. അര്‍ത്ഥവത്തായി ജീവിക്കുന്നതിനും വളരുന്നതിനും നമുക്കാവശ്യമായ അറിവുകളും കഴിവുകളും നേടുകയാണ് പഠനലക്ഷ്യമായി റൂത്ത് കോണ്‍ കണ്ടത്. തന്‍റെ വിദ്യാര്‍ഥികളെ വട്ടത്തിലിരുത്തി അവര്‍ പഠനവിഷയമാക്കിയത് അവരുടെ ജീവിതവുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്ന ഒരു വിഷയമാണ്. അത്തരം പഠനത്തില്‍ ഉപബോധമനസ്സിന് സ്ഥാനമുണ്ട്. വിചാരത്തോടൊപ്പം വികാരങ്ങള്‍ക്കും സ്ഥാനമുണ്ട്.

ജീവിതവുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്ന വിഷയം എന്ന അര്‍ത്ഥത്തില്‍ റൂത്ത്‌ കോണ്‍ അതിനെ theme എന്ന് വിളിച്ചു.നാം പഠിക്കേണ്ടത് വെറും subjects അല്ല themes ആണ്. നമ്മുടെ പഠനം subject-centered അല്ല theme-centered ആയിരിക്കണം. എങ്കിലേ പഠിക്കുന്ന കാര്യങ്ങള്‍ ഉപബോധമനസിലേക്ക് ഇറങ്ങുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാകുകയും ചെയ്യൂ. subjects പഠിക്കുന്നവര്‍ പരീക്ഷ എഴുതി പാസായെന്ന് വരാം, എന്നാല്‍ themes പഠിക്കുമ്പോഴാണ് അതിന്‍റെ പ്രതിഫലനം ജീവിതരംഗങ്ങളില്‍ പ്രാവര്‍ത്തികമാകുന്നത്. subjects പഠിക്കുന്നത് dead learning ആണ്. എന്നാല്‍ themes പഠിക്കുന്നത് living learning ആണ്. ഒരു subject നാം study ചെയ്യുന്നു.എന്നാല്‍ ഒരു theme നാം learn ചെയ്യുന്നു. ബോധമനസ്സ് കൊണ്ട് ചില വിവരങ്ങള്‍ ഓര്‍മ്മയില്‍ ശേഖരിച്ചു വയ്ക്കുന്നതാണ് study. അതില്‍ ഉപബോധമനസിനോ വികാരങ്ങള്‍ക്കോ പങ്കൊന്നുമില്ല. എന്നാല്‍ ബോധമനസ്സും ഉപബോധമനസ്സും വികാരവിചാരങ്ങളും ശരീരമനസ്സുകളും കൂട്ടായി പങ്കെടുക്കുന്ന ഒരു holistic പ്രക്രിയയാണ് learning .

നിലവില്‍ വിദ്യാര്‍ഥികള്‍ ഒരു വിഷയം പഠിച്ചിരുന്നത് അറിവുള്ളവരില്‍ നിന്ന് അറിവില്ലാത്തവരിലേക്കുള്ള ഒരു കൈമാറ്റത്തിലൂടെയാണ്. നിറഞ്ഞ പാത്രത്തില്‍ നിന്ന് ഒഴിഞ്ഞ പാത്രത്തിലേക്കുള്ള മാറ്റം പോലെ. എന്നാല്‍ റൂത്ത് കോണ്‍ അതിന് മാറ്റം വരുത്തി. എല്ലാവരും വട്ടത്തിലിരുന്നപ്പോള്‍ ആരും ഒഴിഞ്ഞ പാത്രങ്ങളല്ലെന്നു വന്നു. എല്ലാവര്‍ക്കും അനുഭവങ്ങളും അറിവുകളുമുണ്ട് . അവ വ്യത്യസ്തമായിരിക്കുമെന്ന് മാത്രം. ഓരോരുത്തരും അവരവരുടെ അറിവുകള്‍ എല്ലാവരുമായും പങ്കുവയ്ക്കുന്നു. അതിന്‍റെ ഫലമായി എല്ലാവരും കൂടുതല്‍ അറിവുള്ളവരാകുന്നു . അവിടെ എല്ലാവരും അധ്യാപകരാണ്, വിദ്യാര്‍ഥികളുമാണ്. ഇങ്ങനെ എല്ലാവരും അറിവുകള്‍ പങ്കുവയ്ക്കുന്ന രീതിയെ റൂത്ത് കോണ്‍ interaction എന്ന് വിളിച്ചു. അങ്ങനെ theme-centered interaction ജനിച്ചു.

paradigm shift അമേരിക്കയിലെ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. ക്രമേണ അതിന്‍റെ അലയടികള്‍ ലോകമെങ്ങും പരന്നു. നമ്മുടെ നാട്ടിലും അടുത്ത കാലത്ത് വിദ്യാഭ്യാസരീതികളില്‍ വന്ന മാറ്റങ്ങളില്‍ ഇതിന്‍റെ പ്രതിഫലനങ്ങള്‍ കാണാം.

TCI എന്ന ജീവിതവീക്ഷണം
ഹിറ്റ്‌ ലറിന്റെ വംശഹത്യയില്‍ നിന്ന് രക്ഷനേടുവാനാണ് യഹൂദവംശജയായ റൂത്ത് കോണ്‍ ജന്മനാട് വിട്ട് അമേരിക്കയിലെത്തിയത്. ഹിറ്റ്‌ ലറിന്റെ കാലശേഷം സ്വദേശത്തേക്ക് മടങ്ങിയ റൂത്ത് കോണ്‍ അവിടെയും TCI യുടെ പ്രചാരണത്തിലേര്‍പ്പെട്ടു.

ഒരു പഠനരീതിയായി തുടങ്ങിയ TCI ക്രമേണ ഒരു ജീവിതരീതിയായി വികസിച്ചു. നമ്മുടെ ലോകം തന്നെ ഒരു വിദ്യാലയമാണ്. ലോകത്തില്‍ ജീവിക്കുന്ന എല്ലാവരും ജീവിതകാലമെല്ലാം പഠനത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. ജീവിതസംബന്ധിയായ കാര്യങ്ങള്‍ പരസ്പരം പഠിച്ചും പഠിപ്പിച്ചും നാം മുന്നേറുന്നു. Theme-centered interaction ഒരു ജീവിതദര്‍ശനത്തിന്‍റെയും അതിനെ അടിസ്ഥാനമാക്കിയുള്ള ഒരു ജീവിതരീതിയുടെയും പേരാകുന്നത് അങ്ങനെയാണ് .

മനുഷ്യനെ പ്രത്യാശയോടെ മുന്നോട്ട് നയിക്കുന്ന ഒരു ജീവിതദര്‍ശനമാണ് TCI നല്‍കുന്നത്. ചരിത്രത്തിലുടനീളം മനുഷ്യവര്‍ഗ്ഗത്തെ ഇത്തരത്തിലുള്ള ജീവിതദര്‍ശനങ്ങളാണ് മുന്നോട്ട് നയിച്ചിട്ടുള്ളത്. ജീവിതയാത്രയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മനുഷ്യവര്‍ഗ്ഗം പലപ്പോഴും വഴി കാണാതെ നട്ടം തിരിയാറുണ്ട് . മനുഷ്യവര്‍ഗ്ഗം മുഴുവനും പ്രത്യാശ നഷ്ടപ്പെട്ട് മരണം മുന്നില്‍ക്കണ്ട് ജീവിക്കുന്ന കാലമായിരുന്നു രണ്ടാം ലോകമഹായുദ്ധകാലം. തന്‍റെ വംശത്തെ ഹിറ്റ്‌ലര്‍ മിക്കവാറും കൊന്നൊടുക്കുന്നത് റൂത്ത്കോണ്‍ വേദനയോടെ കണ്ടുനിന്നു. നിരാശയുടെ ആ അന്ധകാരത്തിന്റെ നടുവിലാണ് പ്രത്യാശയുടെ തിരിനാളമായി TCI ഉത്ഭവിച്ചത്.

എബ്രഹാം മാസ്ലോ തുടക്കമിട്ട വളര്‍ത്തുന്ന മനശാസ്ത്രത്തിന്റെ ഒരു പ്രയോഗവത്ക്കരണമായാണ് TCI രംഗപ്രവേശം ചെയ്തത്. മനുഷ്യനെ വളര്‍ത്തുക എന്നതാണ് TCI യുടെ ലക്‌ഷ്യം. വളര്‍ച്ച മുരടിച്ചിരിക്കുന്ന മനുഷ്യന് അവന്‍ വളരേണ്ടവനാണ് എന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുകയും അതിനാവശ്യമായ പ്രോത്സാഹനം നല്‍കുകയും അതിന് വേണ്ട സാഹചര്യം ഒരുക്കിക്കൊടുക്കുകയും ആണ് TCI ചെയ്യുന്നത്.

ജീവിക്കുന്നതിന്‌ മനുഷ്യന് അത്യാവശ്യമായി വേണ്ടത് അതിന് സഹായിക്കുന്ന ഒരു ജീവിതവീക്ഷണമാണ് . ഞാനാര്? എവിടെയാണ് ഞാന്‍? എന്തിനാണ് ഞാന്‍ ജീവിക്കുന്നത്? മറ്റുള്ളവരുമായി എന്‍റെ ബന്ധമെന്താണ്? എങ്ങനെയാണ് ഞാന്‍ ജീവിക്കേണ്ടത്? ഇത്തരം അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരമേകി തൃപ്തികരമായ ഒരു ജീവിതവീക്ഷണം മനുഷ്യന് നല്‍കുവാനാണ് മതങ്ങളും തത്വചിന്തകളും ശ്രമിക്കുന്നത്. ഇപ്പറഞ്ഞ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരങ്ങള്‍ നല്‍കി മതങ്ങളോടും തത്വചിന്തകളോടും TCI മത്സരിക്കുന്നേയില്ല. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തങ്ങളുടെ പക്കലില്ല എന്ന് വിനയപൂര്‍വ്വം സമ്മതിച്ചുകൊണ്ട് മനുഷ്യനെ സ്വയം വളരാനും വികസിക്കാനും ഉത്സാഹിപ്പിക്കുകയാണ് TCI ചെയ്യുന്നത്. നിങ്ങള്‍ ഇപ്പോള്‍ ഒരു ചെറിയ ചക്കക്കുരു പോലെയാണ്; എത്രയോ ആളുകള്‍ക്ക് എത്രയോ കാലത്തേക്ക് ആഹാരം നല്‍കിക്കൊണ്ട് വളര്‍ന്നു പന്തലിക്കുന്ന ഒരു കൂറ്റന്‍ പ്ലാവായി വളരുവാനുള്ള potential നിങ്ങളിലുണ്ട്. അപ്രകാരം വളര്‍ന്നു പന്തലിക്കുമ്പോള്‍ ഇപ്പോള്‍ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും നിങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവും. ഇത്തരമൊരു വിശദീകരണമാണ് TCI നല്‍കുന്നത്.

പാപികളെ പരിശുധരാക്കുകയാണ് പല മതങ്ങളും തങ്ങളുടെ ലക്ഷ്യമായി സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ TCI യുടെ ലക്‌ഷ്യം മനുഷ്യനെ നന്നാക്കുകയല്ല, വളര്‍ത്തുകയാണ്. ഇപ്പോള്‍ ഒരു ചക്കക്കുരു പോലെയിരിക്കുന്ന മനുഷ്യനെ ഒരു പ്ലാവ് പോലെയാക്കി വളര്‍ത്തുകയാണ് അതിന്‍റെ ലക്‌ഷ്യം. ഇപ്പോള്‍ മനുഷ്യന്‍ ശൈശവദശയിലാണ്; മനുഷ്യന്‍ വളര്‍ന്നു വികസിക്കണം. ശൈശവദശയിലായ മനുഷ്യന്‍റെ അപക്വതയാണ് തിന്മപ്രവൃത്തികള്‍ക്ക് കാരണമാകുന്നത്. പക്വതയിലേക്ക് വളരുമ്പോള്‍ മനുഷ്യന്‍ നന്മപ്രവൃത്തികള്‍ ചെയ്യാന്‍ തുടങ്ങും.

മനുഷ്യന്‍ വളരുന്നതെങ്ങനെ? എല്ലാ ജീവജാലങ്ങള്‍ക്കുമെന്ന പോലെ മനുഷ്യനും വളര്‍ച്ച സ്വാഭാവികമായി സംഭവിക്കുന്നതാണ്. വളരാനുള്ള സാഹചര്യമുണ്ടായാല്‍ മതി. മനുഷ്യമനസ്സിന് വളരാന്‍ വേണ്ട സാഹചര്യം സ്വീകാര്യതയും സൌഹൃദവും അഭിനന്ദനവും മറ്റും ചേര്‍ന്നതാണ്. ശത്രുത, ഭയം, നിരാശ, പരിഹാസം, കുറ്റപ്പെടുത്തല്‍ തുടങ്ങിയവ വളര്‍ത്തുന്ന സാഹചര്യമല്ല.

മനുഷ്യന്‍ വ്യക്തിയും സമൂഹവുമാണ്. സ്വയം വളരുന്നതോടൊപ്പം മറ്റുള്ളവരെ വളരാന്‍ സഹായിക്കുകയും വേണം. പരസ്പരം ബഹുമാനിച്ചും ആശ്രയിച്ചും സഹായിച്ചുമാണ് മനുഷ്യന്‍ വളരേണ്ടത്.

ജീവിതം ഒരു യാത്ര പോലെയാണ്. മുന്നോടുള്ള പോക്കില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട്, അവയുടെ ഫലം എന്തായാലും അവയെ സ്വീകരിക്കാന്‍ ഒരുക്കമായിരിക്കണം. സ്വയം നീതീകരിച്ച് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന രീതി ആശാസ്യമല്ല. വൈകാരികമായ പ്രതിബന്ധങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവയെ മാറ്റാനാവുമെങ്കില്‍ മാറ്റിക്കൊണ്ട് യാത്ര തുടരണം.

TCI യുടെ ഭാവി
പാപികളെ പരിശുദ്ധരാക്കുക എന്ന ലക്‌ഷ്യം ക്രിസ്തുമതത്തിന് ഉണ്ടെന്ന് പറയാമെങ്കിലും, അതിന്‍റെ സ്ഥാപകനായ യേശുക്രിസ്തു പഠിപ്പിച്ചത് മനുഷ്യന്‍ ദൈവത്തോളം വളരണമെന്നാണ്. മനുഷ്യര്‍ ദൈവത്തിന്‍റെ മക്കളാണെന്നും, അവര്‍ തങ്ങളുടെ പിതാവിനെ മാതൃകയാക്കി സല്‍ഗുണസമ്പൂര്‍ണതയിലേക്ക് വളരണമെന്നും അവിടുന്ന് പ്രബോധിപ്പിച്ചു. പാറപോലെ അടഞ്ഞ മനസ്സ് ഉണ്ടാകരുതെന്നും, ദൈവികമായ ചിന്തകളെ സ്വീകരിക്കുന്ന തുറന്ന മനസ്സാണ് ഉണ്ടാകേണ്ടതെന്നും അതിന്‍റെ ഫലമായി അവര്‍ നൂറു മേനി ഫലം കായ്ക്കുന്ന ഒരു നിലം പോലെയാകുമെന്നും അവിടുന്ന് പഠിപ്പിച്ചു. വളര്‍ത്തുന്ന മനശാസ്ത്രമാണ് ക്രിസ്തുമതത്തിന് തുടക്കത്തില്‍ ഉണ്ടായിരുന്നതെങ്കിലും പില്‍ക്കാലത്ത് മനുഷ്യരെ പാപികളെന്നും പരിശുദ്ധരെന്നും തിരിക്കുകയും മതകര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്നവര്‍ക്ക് മരണശേഷം സ്വര്‍ഗ്ഗം വാഗ്ദത്തം ചെയ്യുകയും ചെയ്യുന്ന ഒരു മതമായി അത് അധ:പതിച്ചു. ഇത് ലോകത്തിലുണ്ടായിട്ടുള്ള മിക്ക മതങ്ങളുടെയുംപ്രത്യയശാസ്ത്രങ്ങളുടെയും ചരിത്രമാണ്. മനുഷ്യന്‍റെ നന്മയ്ക്കും വികാസത്തിനും കാരണമാകുന്ന ഒരു പ്രസ്ഥാനമെന്ന നിലയില്‍ ആരംഭിച്ച മതങ്ങങ്ങള്‍ പില്‍ക്കാലത്ത് മനുഷ്യന്‍റെ നന്മയ്ക്കും വികാസത്തിനും വിലങ്ങുതടിയായി മാറി. ഇത് TCI യ്ക്കും സംഭവിക്കാന്‍ സാധ്യതയുണ്ട്. അത് മനുഷ്യനെ വളര്‍ത്തുന്ന ഒരു പുരോഗമനപ്രസ്ഥാനമായി നിലനിര്‍ത്തുവാന്‍ നാം സദാ ജാഗരൂഗരായിരിക്കണം

Comments

Unknown said…
ഗാന്ധിജി വിഭാവനം ചെയ്ത ഹിന്ദ് സ്വരാജിലെ പല ചിന്തകളോടും TCI ക് സമാനതകൾ ഉണ്ട്. ഒരുവൻ അവനവനെ തന്നെ ഭരിക്കാൻ പഠിക്കുമ്പോൾ, സ്വയം ഭരിക്കുമ്പോൾ സ്വരാജി ന്റെ ആദ്യ പടി ആയി. TCI സ്വയം നിയന്ത്രണം ആണ്
അഥവാ ആത്മ നിയന്ത്രണം അത്രേ
ജോൺ സർ നു അഭിനന്ദനങ്ങൾ

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?