വിപണിയുടെ ദൈവം


ജൂലൈ 23 ന് സമകാലിക മലയാളം വാരികയില്‍ ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുമായി നടത്തിയ സംഭാഷണത്തെ അധികരിച്ച് "വിപണിയുടെ ദൈവത്തെയാണ് സഭകള്‍ ആരാധിക്കുന്നത് "എന്ന തലക്കെട്ടില്‍ ശ്രീ സതീശ് സൂര്യന്‍ രചിച്ച ലേഖനം ചിന്തോദ്ദീപകമായി . അതില്‍ വ്യക്തത പോരാ എന്ന്‍ തോന്നിയ ചില കാര്യങ്ങള്‍ വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്തുവാന്‍ ആഗ്രഹിക്കുന്നു.

പാരിസ്ഥിതികദര്‍ശനത്തെ സംബന്ധിക്കുന്ന ക്രൈസ്തവ ദര്‍ശനം ദ്വൈതവുമല്ല, അദ്വൈതവുമല്ല, പാന്‍എന്‍തീയിസമാണെന്ന് മാര്‍ കൂറിലോസ് ചൂണ്ടിക്കാട്ടുന്നു. സൃഷ്ടിയില്‍ സ്രഷ്ടാവ്, അഥവാ പ്രകൃതിയില്‍ ദൈവം എന്ന്‍ അതിനെ നിര്‍വചിക്കുകയും ചെയ്യുന്നു. ദ്വൈതത്തില്‍ നിന്നും അദ്വൈതത്തില്‍ നിന്നും എപ്രകാരം പാന്‍എന്‍തീയിസം വ്യത്യസ്തമാണെന്ന് ഈ നിര്‍വചനം വിശദമാക്കുന്നില്ല. തല്‍ഫലമായി വായനക്കാരന്‍ ചിന്താക്കുഴപ്പത്തിലാകുന്നു.

ഈ ചിത്രത്തില്‍ അവ തമ്മിലുള്ള വ്യത്യാസം വ്യക്തമാണ്. Theism ദ്വൈതമാണ്. Pantheism അദ്വൈതമാണ്. ഇവ രണ്ടില്‍ നിന്നും വ്യത്യസ്തവും രണ്ടിനെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സങ്കല്‍പ്പമാണ് panentheism. ക്രിസ്താബ്ദം നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കപ്പദോക്യന്‍ പിതാക്കന്മാരാണ് ഈ സങ്കല്‍പ്പം വ്യക്തമായി നിര്‍വചിച്ചത്. Pan + en + theos = all in God. അതായത്, എല്ലാം ദൈവത്തില്‍. ദൈവം ലോകത്തേക്കാള്‍ വലുതാണ്‌; ലോകം നിലനില്‍ക്കുന്നത് ദൈവത്തിനുള്ളിലാണ് . പ്രകൃതിയില്‍ ദൈവം എന്ന മാര്‍ കൂറിലോസിന്റെ നിര്‍വചനം ഇതുമായി യോജിക്കുന്നില്ല.
ദ്വൈതവും അദ്വൈതവും പരസ്പരവിരുദ്ധമാണെങ്കിലും panentheism ഇവയ്ക്ക് വിരുദ്ധമല്ലെന്ന് മാത്രമല്ല, ഇവ രണ്ടിനെയും ഉള്‍ക്കൊള്ളുന്നുമുണ്ട്. ലോകത്തിന്‍റെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ലോകവും ദൈവവും ദ്വൈതമാണ്. എന്നാല്‍ ദൈവത്തിന്‍റെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ അപരിമേയനായ ദൈവമല്ലാതെ ഒന്നിനും നിലനില്‍ക്കാനാവില്ല എന്നതിനാല്‍ അദ്വൈതമാണ്. അങ്ങനെ നോക്കുമ്പോള്‍ മാര്‍ കൂറിലോസ് അവകാശപ്പെടുന്നതുപോലെ ക്രൈസ്തവദര്‍ശനം യവന ദ്വൈത ദര്‍ശനത്തിനും ഭാരത അദ്വൈതദര്‍ശനത്തിനും വിരുദ്ധമല്ലെന്ന് മാത്രമല്ല, അവയെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമെന്താണെന്ന് മാര്‍ കൂറിലോസ് പറയുമ്പോഴും വായനക്കാരന്‍ ചിന്താക്കുഴപ്പത്തിലാകുന്നു . മനുഷ്യന്‍ പ്രകൃതിയുടെ മകുടമാണെന്ന ചിന്ത അബദ്ധമാണെന്ന്‍ വാദിക്കുന്നെങ്കിലും എന്തുകൊണ്ട് അത് അബദ്ധമാണെന്നോ , അതിന് പകരം സുബദ്ധമായ സങ്കല്‍പ്പം എന്താണെന്നോ വേണ്ടവണ്ണം പറയാതെ മനുഷ്യനും പ്രകൃതിയും തമ്മില്‍ ഒരു പാരസ്പര്യം അഥവാ ഇന്റര്‍റിലേറ്റട്നെസ്സ് ഉണ്ടെന്ന് മാത്രം പറഞ്ഞ് ആദ്ദേഹം ആ വിഷയം വിടുന്നു. മനുഷ്യന്‍ പ്രകൃതിയുടെ ശിരസ്സാകുന്നു എന്നാണ് കപ്പദോക്യന്‍ പിതാക്കന്മാര്‍ മനസിലാക്കിയത്. തലയും ശരീരവും തമ്മിലുള്ള ബന്ധമാണ്‌ മനുഷ്യനും പ്രകൃതിയും തമ്മിലുള്ളത്.

പുരോഹിതന്‍റെ ധര്‍മ്മത്തെക്കുറിച്ച് പറയുമ്പോഴും വേണ്ടത്ര വ്യക്തത വരുത്തുവാന്‍ മാര്‍ കൂറിലോസിന് കഴി ഞ്ഞിട്ടില്ല . ദൈവത്തിനും ജനത്തിനുമിടയില്‍ ഒരു മദ്ധ്യസ്ഥനാണ് പുരോഹിതന്‍. ജനത്തെ പ്രതിനിധാനം ചെയ്ത് ദൈവത്തെ അഭിമുഖീകരിക്കുന്നു; ദൈവത്തെ പ്രതിനിധാനം ചെയ്ത് ജനത്തെ അഭിമുഖീകരിക്കുന്നു. ഈ രണ്ട് ജോലികളില്‍, ദൈവത്തെ അഭിമുഖീകരിക്കുന്ന ജോലി അവര്‍ ചെയ്യുന്നുണ്ടെങ്കിലും, ജനത്തെ അഭിമുഖീകരിക്കുന്ന കാര്യത്തില്‍ അവര്‍ വീഴ്ച വരുത്തിയിരിക്കുന്നു എന്ന്‍ മാര്‍ കൂറിലോസ് നിരീക്ഷിക്കുന്നു. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുക എന്ന പ്രവാചക ദൌത്യമാണ് അവര്‍ നിറവേറാതെ പോകുന്നത്. അതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് അവര്‍ മാമോന്‍ അഥവാ സമ്പത്ത് എന്ന മറ്റൊരു ദൈവത്തെ ആരാധിക്കുന്നു എന്നതാണ്. ഇവിടെയാണ്‌ വായനക്കാരന് ചിന്താക്കുഴപ്പം ഉണ്ടാകുന്നത്. പുരോഹിതര്‍ ദൈവത്തെ അഭിമുഖീകരിക്കുക എന്ന ജോലി വേണ്ടവണ്ണം ചെയ്യുന്നുണ്ട് എന്ന്‍ മുകളില്‍ പറഞ്ഞു വച്ചതും അവര്‍ മാമോനെ ആരാധിക്കുന്നു എന്ന് ഇവിടെ പറഞ്ഞതും തമ്മില്‍ വൈരുദ്ധ്യമുണ്ട്. അദ്ദേഹത്തിന് ഇങ്ങനെ പറയാമായിരുന്നു: സത്യദൈവത്തെ ആരാധിക്കുന്നതായി അവര്‍ ഭാവിക്കുന്നെങ്കിലും വാസ്തവത്തില്‍ അവര്‍ ആരാധിക്കുന്നത് മാമോനെത്തന്നെയാണ്. അങ്ങനെ വരുമ്പോള്‍ മാര്‍ കൂറിലോസ് മുകളില്‍ പറഞ്ഞതുപോലെ പുരോഹിതര്‍ വീഴ്ച വരുത്തുന്നത് അവരുടെ ഒരു ജോലിയില്‍ മാതമല്ല, രണ്ടു ജോലിയിലുമാണ്. സത്യത്തിന്‍റെയും നീതിയുടെയും ദൈവത്തെ അവര്‍ ആരാധിക്കുന്നില്ല, അതുകൊണ്ട് സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുക എന്ന പ്രവാചകദൌത്യം നിര്‍വഹിക്കാനും അവര്‍ക്ക് കഴിയുന്നില്ല.

Dr. John D. Kunnathu, Kottayam

Comments

Unknown said…
Beautifully written. Something to think about deeply.
Satish Suryan said…
ക്രിസ്തീയദൈവദര്‍ശനത്തെക്കുറിച്ച് എനിക്കുള്ള അറിവില്ലായ്മ ആ അഭിമുഖത്തില്‍ പ്രതിഫലിച്ചിരുന്നു. എന്നിരുന്നാലും മാര്‍ വര്‍ഗീസ് കൂറിലോസിനെപ്പോലുള്ള ആദരണീയനായ ഒരു പുരോഹിതന്‍ എന്‍റെ അജ്ഞതയെ തിരുത്തിത്തരുന്ന തരത്തിലായിരുന്നു മറുപടികള്‍ തന്നിരുന്നത്. അവയിലെന്തെങ്കിലും അവ്യക്തതകള്‍ ഉണ്ടായിരുന്നുവെങ്കില്‍ അതിനു ഉത്തരവാദി അത് മനസ്സിലാക്കിയെഴുതിയെടുത്ത ‍ഞാന്‍ മാത്രമാണ്
John Kunnathu said…
Dear Satish,
Thanks for the clarification. YOu really did a great job!

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം