സങ്കല്‍പ്പത്തിന്‍റെ മഹാശക്തി


ഭാഗ്യവും വിധിയും കര്‍മ്മത്തിലൂടെ
ജി. സുകുമാരി ദേവി
ലിപി പബ്ലിക്കേഷന്‍സ് , കോഴിക്കോട്
Published in 2017
pages 111 Price Rs. 110

ഈ പുസ്തകത്തിന്റെ അവതാരികയില്‍ ഡോ. പി. എന്‍. നാരായണന്‍ കുട്ടി ഇപ്രകാരം പറയുന്നു: ജീവിതത്തെ വിജയപ്രദമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഒരു പ്രത്യക്ഷ സഹായി തന്നെയാണ് ഈ പുസ്തകം. മനസ്സിരുത്തി ഈ പുസ്തകം വായിച്ചപ്പോള്‍ ഈ എഴുത്തുകാരനും അക്കാര്യം ബോധ്യമായി. വിജയകരമായ മനുഷ്യജീവിതത്തിലേക്കുള്ള ചവിട്ടുപടികളാണ് ഈ ഗ്രന്ഥത്തില്‍ എഴുത്തുകാരി നമുക്ക് കാട്ടിത്തരുന്നത്.

നമ്മുടെ സങ്കല്‍പ്പ ശക്തിയെ നിയന്ത്രിക്കുന്നത് വഴിയാണ് നമ്മുടെ ജീവിതത്തെ വിജയത്തിലേക്ക് നാം തിരിച്ചുവിടുന്നത്. അതിനാവശ്യമായ നിരവധി മനശാസ്ത്രപരമായ അഭ്യാസങ്ങള്‍ എഴുത്തുകാരി നമുക്ക് കാട്ടിത്തരുന്നു. അതിഗഹനമായ ഈ വിഷയം അതിസരളമായി എഴുത്തുകാരിക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു. ദീര്‍ഘകാലത്തെ ഗവേഷണത്തിന്‍റെയും പരീക്ഷണനിരീക്ഷണങ്ങളുടെയും ഫലമാണ് ഈ ഗ്രന്ഥം.

പുസ്തകത്തിന്‍റെ പേരില്‍ കാണുന്ന മൂന്നു പദങ്ങള്‍ക്കും വ്യാഖ്യാനം ആവശ്യമുണ്ട്. നമ്മുടെ ജീവിതയാത്രയില്‍ അനുകൂലങ്ങളും പ്രതികൂലങ്ങളുമായ അനുഭവങ്ങള്‍ നമ്മെ എതിരേല്‍ക്കാറുണ്ട് . അനുകൂലങ്ങളായ അനുഭവങ്ങളെ നാം ഭാഗ്യം എന്ന്‍ വിളിക്കും, പ്രതികൂലങ്ങളായ അനുഭവങ്ങളെ വിധിക്ക് വിട്ടുകൊടുക്കാറുണ്ട് . ഭാഗ്യവും വിധിയും നമ്മുടെ നിയന്ത്രണത്തിനതീതമായ കാര്യങ്ങളായാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ അവയെ നിയന്ത്രണാധീനമാക്കം എന്നാണ് ഈ ഗ്രന്ഥത്തില്‍ എഴുത്തുകാരി പറയാന്‍ ശ്രമിക്കുന്നത്.

നമ്മുടെ ഭാഗ്യങ്ങളെയും വിധികളെയും നിയന്ത്രണാധീനമാക്കുന്നത് കര്‍മ്മത്തിലൂ ടെയാണ്.
എന്താണ് കര്‍മ്മം? ഈ ആശയത്തിന്‍റെ വ്യാഖ്യാനമാണ് ഈ എഴുത്തുകാരിയുടെ ചിന്തയെ വ്യത്യസ്തമാക്കുന്നത്. കര്‍മ്മം എന്ന പദം കൊണ്ട് നാം സാധാരണയായി ഉദ്ദേശിക്കുന്നത് ഒരു പ്രവൃത്തിയെയാണ്. എന്നാല്‍ ഒരു പ്രവൃത്തി അതില്‍ ത്തന്നെ പൂര്‍ണമല്ല . കാണപ്പെടുന്ന ഒരു പ്രവൃത്തിയുടെ പിന്നില്‍ കാണപ്പെടാത്ത ഒരു മനോവ്യാപാരമുണ്ട് . കാണപ്പെടാത്ത ഒരു ആഗ്രഹമോ സങ്കല്‍പ്പമോ വികാരമോ ഒക്കെയാണ് കാണപ്പെടുന്ന ഒരു പ്രവൃത്തിയിലേക്ക് നയിക്കുന്നത്.

ഒരിക്കല്‍ യേശുക്രിസ്തു പറഞ്ഞ ഒരു കാര്യമാണ് ഇക്കാര്യത്തിന്‍റെ ഏറ്റവും നല്ല ഉദാഹരണം. ഒരാളെ കൊല്ലാനിടയാക്കുന്നത് മനസ്സിലുണ്ടാകുന്ന കോപമോ വൈരമോ ഒക്കെയാണ്. മനസ്സിലുണ്ടാകുന്ന കോപത്തിന്‍റെയോ വൈരത്തിന്‍റെയോ ഒരു പ്രകടനമാണ് കൊലപാതകം. അങ്ങനെയെങ്കില്‍ മനസ്സിലുണ്ടാകുന്ന കോപമോ വൈരമോ കൊലപാതകത്തിന് തുല്യമാണെന്ന് വരും. മനസ്സിലുണ്ടാകുന്ന മോഹമാണ് വ്യഭിചാരകര്‍മ്മത്തിലേക്ക് നയിക്കുന്നത്. അങ്ങനെയെങ്കില്‍ മോഹം വ്യഭിചാര കര്‍മ്മത്തിന് തുല്യം തന്നെ.

കാണപ്പെടുന്ന ഒരു കര്‍മ്മം കാണപ്പെടാത്ത ഒരു മനോവ്യാപാരത്തിന്‍റെ പ്രകടനമാണെങ്കില്‍ കാണപ്പെടാത്ത മനോവ്യാപാരം തന്നെയാണ് നാം പ്രാധാന്യത്തോടെ പരിഗണിക്കേണ്ടത്. അതിന് power ഉണ്ട് . മനോവ്യാപാരത്തിന് potential power ഉണ്ട്. അതിന്‍റെ പ്രകടനമായ കര്‍മ്മത്തിന് അതില്ല. അത് powerless ആണ്. ഒരാളിന്‍റെ മനസ്സില്‍ തിളച്ചുമറിയുന്ന വൈരത്തിന് അസാമാന്യമായ potential power ഉണ്ട് . എന്നാല്‍ അതിന്‍റെ പ്രകടനമായ കൊലപാതകം powerless ആണ്

നമ്മുടെ മനോവ്യാപാരത്തിന്‍റെ അസാമാന്യമായ potential power നാം തിരിച്ചറിയുമ്പോള്‍ അതിനെ വേണ്ടവണ്ണം ഉപയോഗിക്കുവാനും വഴിതിരിച്ചു വിടുവാനും നമുക്ക് സാധിക്കും. ഇതാണ് pranic healing ന്‍റെ അടിസ്ഥാന തത്വം. യേശുക്രിസ്തു ആളുകളെ സൌഖ്യമാക്കിയത് അങ്ങനെയായിരുന്നു എന്ന്‍ വേണം ചിന്തിക്കുവാന്‍. മരിച്ച് നാല് ദിവസമായ ലാസറിന്റെ കല്ലറയ്ക്കല്‍ എത്തിയ യേശു സങ്കല്‍പ്പിച്ചത് ലാസര്‍ മരിച്ചിട്ടില്ല. ഉറങ്ങുകയാണ് എന്നത്രേ. ഇപ്രകാരം സങ്കല്‍പ്പിച്ചു കൊണ്ട് ലാസറി നോട്‌ എഴുനേറ്റു വരുവാന്‍ യേശു പറയുന്നു. ഉറക്കത്തില്‍ നിന്നെന്നപോലെ ലാസര്‍ എഴുന്നേറ്റു വരികയും ചെയ്യുന്നു. യേശുവിന്‍റെ വസ്ത്രത്തില്‍ തൊട്ടാല്‍ തനിക്ക് സൌഖ്യം ഉണ്ടാകുമെന്ന്‍ സങ്കല്‍പ്പിച്ചു കൊണ്ട് ഒരു സ്ത്രീ അപ്രകാരം ചെയ്യുന്നു. ആ സ്ത്രീയുടെ സങ്കല്‍പ്പം അഥവാ വിശ്വാസം അവര്‍ക്ക് സൌഖ്യം നല്‍കുന്നു.

നമ്മുടെ സങ്കല്‍പ്പത്തിന്‍റെ ശക്തിയെക്കുറിച്ചുള്ള ഈ തിരിച്ചറിവ് നമ്മുടെ മുമ്പില്‍ വിജയത്തിന്‍റെ രാജപാത വെട്ടിത്തുറക്കുന്നു. നാം എന്ത് ചിന്തിക്കുന്നുവോ അതാണ് നമ്മുടെ ജീവിതത്തില്‍ പ്രകടിതമാകുന്നത്.

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും