സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍: ഒരു അവലോകനം
ജി. സുകുമാരിദേവി (Retired subcollector, Kottayam Dist)
ശ്രീ ജോണ്‍ കുന്നത്ത് രചിച്ച സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍ എന്ന പുസ്തകം വായിച്ചു. അനുദിനം മോശമായി വരുന്ന ഇന്നത്തെ ലോകത്തെ എങ്ങനെ സ്വര്‍ഗ്ഗസമാനമാക്കി മാറ്റാം എന്നതാണ് ഇതിന്‍റെ വിഷയം. യേശുക്രിസ്തു വിഭാവനം ചെയ്ത സ്വര്‍ഗ്ഗരാജ്യം എന്ന ആശയത്തെ അപഗ്രഥിച്ച് ലോകത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയാണ് ഗ്രന്ഥകാരന്‍ ഇതില്‍ ചെയ്തിരിക്കുന്നത്. ഇക്കാലത്ത് വളരെ പ്രസക്തിയുള്ള ഒരു വിചിന്തനം തന്നെയാണിത്.
ലോകത്തെ സ്വര്‍ഗ്ഗസമാനമാക്കുകയായിരുന്നു യേശുക്രിസ്തുവിന്‍റെ മിഷന്‍. ലോകത്തില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും പങ്കു ചേരാവുന ഒരു മിഷനാണിത് എന്ന് ഗ്രന്ഥകാരന്‍ പറയുന്നു. എല്ലാരും പങ്കു ചേരേണ്ട മിഷനാണിത് എന്ന് ആ പ്രസ്താവന മാറ്റിപ്പറയുവാന്‍ ഞാനാഗ്രഹിക്കുന്നു. വളരെ മഹത്തായ ആശയങ്ങള്‍ വിശദമായി ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. വേദപുസ്തകത്തിലെ വിവിധ ആശയങ്ങളെ പഠനവിധേയമാക്കുകയും പരിചിന്തനം ചെയ്യുകയും ചെയ്യുന്നുണ്ടിവിടെ.
എന്നെ ആകര്‍ഷിച്ച ചില പ്രസക്ത ഭാഗങ്ങള്‍ എടുത്തു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. “നമ്മുടെ ലോകത്തിന് സ്വപ്നം കാണേണ്ടതും ആയിത്തീരേണ്ടതുമായ ഒരു ആദര്‍ശലോകമാണ് സ്വര്‍ഗ്ഗം. സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി നീങ്ങുന്ന ഒരു നാഗരികതയാണ് സ്വര്‍ഗ്ഗരാജ്യം. (പേ 48) . എല്ലാവരും ദൈവത്തെ അനുസരിക്കുന്നയിടമാണ് സ്വര്‍ഗ്ഗം. ഭൂമിയിലുള്ളവരും ദൈവത്തെ അനുസരിച്ചാല്‍ ഭൂമിയും സ്വര്‍ഗ്ഗമാകും. സ്വര്‍ഗ്ഗത്തിലെപ്പോലെ ദൈവേഷ്ടം ഭൂമിയില്‍ നടക്കുമ്പോള്‍, അതിനെയാണ് സ്വര്‍ഗ്ഗരാജ്യം എന്ന് വിളിക്കുന്നത്. ദൈവം ഭരിക്കുന്നിടത്ത് ദൈവനിയമങ്ങള്‍ പാലിക്കപ്പെടുന്നു. അവിടെ സുഘടിതമായ ഒരു ജീവിതവ്യവസ്തയുന്ണ്ട്. അവിടെ നീതിയും സമാധാനവും സ്നേഹവും സന്തോഷവും ഉണ്ട്. അവിടം സ്വര്‍ഗ്ഗമാണ്. (പേ 17).
നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കും മനസ്സിന്‍റെ കഴിവുകള്‍ക്കും അപ്പുറത്താണ് ദൈവം. സൃഷ്ടമായ സകലത്തിന്‍റെയും ഉറവയും കാരണവും അടിസ്ഥാനവും സ്രഷ്ടമല്ലാത്ത ഒരു ഊര്ജമണ്ഡലമാകുന്നു.. അതിനെ നാം ദൈവം എന്ന് വിളിക്കുന്നു. (പേ 53). അടുത്തതായി
ഞാന്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം തേടുന്നു. ഞാന്‍ എന്‍റെ ശരീരമല്ല, മനസ്സല്ല, അവയ്ക്ക് പിന്നിലായി അദൃശ്യനായി ഞാന്‍ നില്‍ക്കുന്നു. (പേ 66). എന്‍റെ വിചാരവികാരങ്ങള്‍ എന്നെ നിയന്ത്രിച്ചുകൂടാ. സ്വയംനിയന്ത്രണം ദീര്‍ഘകാലത്തെ ധ്യാനം കൊണ്ടും മനനം കൊണ്ടും സ്വായത്തമാക്കേണ്ടതാണ്. . ഇത് ശ്രീമദ് ഭഗവദ്ഗീതയിലെ ചിന്തയോട് സമാനമാണ്.
മനസ്സിന് മൂന്നു തരം മാറ്റമുണ്ടാകണം: മനസ്സ് തുറക്കണം, ശുധിയാകണം, ശ്രധയുള്ളതാകണം.
വിശാലമായ മതവീക്ഷണമാണ് ഗ്രഗ്രന്ഥകാരനുള്ളത്. ഏതു രാജ്യത്തിലെ പൌരന്മാരാണെങ്കിലും നാമെല്ലാം മനുഷ്യകുലത്തിലെ അംഗങ്ങളാണെന്നും , നാം ഏതു സമുദായത്തില്‍ പെട്ടവരാനെങ്കിലും എല്ലാ മതാചാര്യന്മാരില്‍ നിന്നും പഠിക്കാനുള്ള സന്മ നസ്സുണ്ടാവണമെന്നും ഗ്രന്ഥകര്‍ത്താവ് എഴുതുന്നു. വളര്‍ന്നുവരുന്ന മതസ്പര്‍ദ്ധയ്ക്ക് പരിഹാരമാണ് ഈ കാഴ്ചപ്പാട്.
നിങ്ങള്‍ ഹിന്ദുവോ ക്രിസ്ത്യാനിയോ മറ്റേതെങ്കിലും മതാനുയായിയോ ആയിക്കൊള്ളട്ടെ, നിങ്ങള്‍ക്ക് ക്രിസ്തുവിന്റെ മനസ്സുണ്ടെങ്കില്‍ നിങ്ങള്‍ ക്രിസ്ത്യാനിയായി. എന്ന് പറഞ്ഞിരിക്കുന്നത് വളര അര്‍ത്ഥവത്തായി തോന്നി.
സമൂഹവും അതിലെ വ്യക്തികളും തമ്മിലുള്ളത് ശരീരവും അതിലെ അവയവങ്ങളും തമ്മിലുള്ള ബന്ധമാണ് . യേശുതമ്പുരാന്‍ ലോകത്തെ കണ്ടത് ഒരു കുടുംബമായാണ്. വസുധ്യൈവ കുടുംബകം എന്ന ആര്‍ഷഭാരതീയ ആശയം തന്നെയാണിത്.
ഭൂമിയെ എങ്ങനെ സ്വര്ഗ്ഗമാക്കും എന്ന് വിശദമായി പ്രതിപാദിക്കുന്ന ഈ പുസ്തകം എല്ലാവരും വായിച്ചിരിക്കേണ്ടതാണ്. തുറന്ന മനസ്സോടെ ഇത് പഠിച്ച് പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് ശ്രമിക്കാം.
This book may be ordered from here.
Comments