യേശു നമ്മുടെ നാട്ടില്‍ ജീവിച്ചാല്‍

നമ്മുടെ നാട്
ദിവസവും പത്രം വായിക്കുമ്പോള്‍ നാം വളരെ ദുഖിതരാകുന്നു. അനുദിനം നമ്മുടെ നാട്ടില്‍ എത്രയെത്ര കൊലപാതകങ്ങള്‍! എത്രയെത്ര അപകടമരണങ്ങള്‍! എന്തെല്ലാം അഴിമതികള്‍, കപടതകള്‍, ചതിപ്രയോഗങ്ങള്‍! ആരെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ അപഹരിച്ച് അവയവങ്ങള്‍ക്കായി കൊന്നുകളയുമോ എന്ന്‍ നാം ഭയക്കുന്നു. നാടിന്‍റെ നന്മ ജീവിതവ്രതമാക്കിയിരിക്കുന്നു എന്നവകാശപ്പെടുന്ന പല രാഷ്ട്രീയകക്ഷികളില്‍ നിന്നും നാം കണ്ടുകൊണ്ടിരിക്കുന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന കൃത്യങ്ങളാണ്. സര്‍വേശ്വരന്‍റെ പ്രതിനിധികളായി ലോകത്തില്‍ നന്മയും ദൈവീകതയും പരത്തുന്നവര്‍ എന്നവകാശപ്പെടുന്ന സംഘടിതമതങ്ങളില്‍ ഇടയവേഷത്തിലുള്ള ചെന്നായ്ക്കളെ കണ്ട് നാം ഭയചകിതരാകുന്നു. നീതിയും ന്യായവും നടപ്പാക്കേണ്ട ഭരണകൂടവും ന്യായപീഠവും അഴിമതിക്കും വഞ്ചനയ്ക്കും കൂട്ടുനില്‍ക്കുന്നത് കണ്ട് നാം ഞെട്ടിവിറയ്ക്കുന്നു. ഈ ജനാധിപത്യത്തിലും എത്രയോ ഭേദമായിരുന്നു ഒരു കാലത്ത് നമ്മുടെ നാട്ടിലുണ്ടായിരുന്ന രാജഭരണം എന്നോര്‍ത്ത് നാം നെടുവീര്‍പ്പിടുന്നു. ഇതെല്ലാം കണ്ടും കേട്ടും ആശയറ്റ് ദിവസവും നമ്മുടെ കൊച്ചുകേരളത്തില്‍ ഇരുപത്തിയഞ്ച് പേര്‍ സ്വയം ജീവനൊടുക്കുന്നു എന്നാണ് കണക്ക്. സ്വര്‍ഗ്ഗസമാനമായിരിക്കേണ്ട നമ്മുടെ നാട് ഒരു നരകം ആയിരിക്കുന്നതില്‍ നാം കണ്ണീരൊഴുക്കുന്നു.. ദൈവത്തിന്‍റെ നാടെന്നറിയപ്പെടുന്നെ ങ്കിലും ഇന്നാട് വാസ്തവത്തില്‍ ഭരിക്കുന്നത് പിശാചല്ലേ എന്ന്‍ നാം അതിശയിക്കുന്നു. നമ്മുടെ നിസ്സഹായതയില്‍, സര്‍വേശാ രക്ഷിക്കണേ എന്നൊരു നിലവിളി നമ്മുടെ കണ്ഠങ്ങളില്‍ നിന്നുയരുന്നു.

യേശു ഇന്നാട്ടില്‍ ജീവിച്ചാല്‍ എങ്ങനെ പ്രതികരിക്കുമോ അങ്ങനെയാണ് യേശുവിന്‍റെ അനുയായികളെന്നും ശിഷ്യരെന്നും അവകാശപ്പെടുന്ന നാം പ്രതികരിക്കേണ്ടത്. യേശു ഇന്നാട്ടില്‍ എങ്ങനെ പ്രതികരിക്കും എന്ന്‍ കണ്ടെത്തുന്നതിന് അവിടുന്ന് ജീവിച്ചിരുന്ന കാലത്ത് സ്വന്തം നാട്ടില്‍ എങ്ങനെ പ്രതികരിച്ചു എന്ന്‍ കണ്ടെത്തേണ്ടതുണ്ട്.

യേശുവിന്‍റെ നാട്
നമ്മുടേതിന് സമാനമായ ഒരു സാഹചര്യമായിരുന്നു യേശുവിന്‍റെ നാട്ടിലും. വല്ലാത്ത ഭയത്തിലും ദുരിതത്തിലുമായിരുന്നു ആളുകള്‍ കഴിഞ്ഞുകൂടിയിരുന്നത്. സ്വന്തനാട്ടില്‍ അവര്‍ അടിമകളായിരുന്നു. റോമാസാമ്രാജ്യം അവര്‍ക്ക് സ്വാതന്ത്ര്യം നിഷേധിച്ചു. അവരുടെ മതവിശ്വാസം നിലനിര്‍ത്തുവാനോ സ്വതന്ത്രമായി മതകര്‍മ്മങ്ങള്‍ നടത്തുവാനോ അവര്‍ക്ക് സ്വാതന്ത്ര്യം ഇല്ലായിരുന്നു. ദേവാലയത്തില്‍ യാഗമര്‍പ്പിച്ചു കൊണ്ടിരുന്ന ചില ഗലീലക്കാരുടെ രക്തത്തെ പീലാത്തോസിന്‍റെ പട്ടാളക്കാര്‍ അവരുടെ യാഗവസ്തുവിനോട് ചേര്‍ത്തു എന്നൊരു സംഭവം ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നു. ഏതുനിമിഷവും ജനങ്ങള്‍ ലഹളയുണ്ടാക്കിയേക്കും എന്ന്‍ ഭരണകൂടം ഭയന്നിരുന്നു. ജനത്തിനിടയില്‍ ഭരണകൂടത്തിന്‍റെ ചാരന്മാര്‍ വേഷം മാറി നടന്നിരുന്നു. യേശു ഉപമകളും കഥകളും ഉപയോഗിച്ച് പഠിപ്പിച്ചതിന്‍റെ ഒരു കാരണം അതായിരുന്നു എന്ന്‍ വേണം അനുമാനിക്കുവാന്‍.

ജനത്തിന്‍റെ വരുമാനത്തിന്‍റെ നല്ലൊരു ഭാഗം ഭരണകൂടം കരമായി പിടിച്ചു വാങ്ങി. അവശേഷിക്കുന്നതിന്‍റെ മറ്റൊരു ഭാഗം ദേവാലയത്തിലേക്ക് കരമായി വാങ്ങി. ബാക്കിയുള്ളതുകൊണ്ട്‌ ജീവിക്കുവാന്‍ അവര്‍ നന്നേ പാടുപെട്ടു. ധനവാന്മാരും ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ധിച്ചു. ധനവാന്മാരുടെ മേശയില്‍ നിന്ന് വീഴുന്ന എച്ചില്‍ കൊണ്ട് ജീവിക്കുന്ന ധാരാളം ലാസര്‍മാര്‍ അന്നാട്ടിലുണ്ടായി. ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ട ധാരാളം പേര്‍ കള്ളന്മാരായി മാറി. നല്ല ശമര്യക്കാരന്‍റെ കഥയിലെ കൊള്ളക്കാരെ ഓര്‍ക്കുക. ഒരാള്‍ കടം വീട്ടാന്‍ നിവര്‍ത്തിയില്ലാതെ സ്വയം തന്‍റെ കുടുംബത്തോടൊപ്പം അടിമകളായി വില്‍ക്കുന്ന ഒരു കഥ സുവിശേഷങ്ങളില്‍ പറയുന്നു.

പകര്‍ച്ചവ്യാധികള്‍ നാട്ടില്‍ പെരുകി. കുഷ്ടരോഗികള്‍ നാട്ടില്‍ അലഞ്ഞു നടന്നു. ഒരു കുളത്തിലെ വെള്ളം അനങ്ങുന്നതും കാത്ത് നൂറുകണക്കിന് ആശയറ്റ രോഗികള്‍ തമ്പടിച്ചിരുന്നതായി നാം വായിക്കുന്നു. മനോരോഗികള്‍ വല്ലാതെ പെരുകി. ശവകുടീരങ്ങളിലും മറ്റും അവര്‍ രാപാര്‍ത്തിരുന്നു.

ആശയറ്റ ആ ജനം വിശ്വസിച്ചത് ലോകം സാത്താന്‍റെ ഭരണത്തിലാണെന്നായിരുന്നു. ദുഷ്ടനില്‍ നിന്ന്‍ ഞങ്ങളെ രക്ഷിക്കണേ എന്ന പ്രാര്‍ത്ഥന അവരുടെ ദൈനംദിനപ്രാര്‍ത്ഥനയുടെ ഭാഗമായി. സാത്താനെ ഭരണത്തില്‍ നിന്ന്‍ നീക്കി പകരം ദൈവത്തിന്‍റെ ഭരണം വരണമേ എന്നായിരുന്നു ആ പ്രാര്‍ത്ഥനയുടെ ചുരുക്കം. യഹോവേ ഞങ്ങളെ രക്ഷിക്കണമേ (ഹോശന്ന) എന്ന പ്രാര്‍ത്ഥന അവരുടെ നിസ്സഹായതയില്‍ നിന്നുയര്‍ന്നു.

യേശുവിന്‍റെ സദ്വാര്‍ത്ത
ഈ അന്ധകാരം മൂടിയ നാട്ടിലേക്കാണ് ഒരു പ്രകാശനാളമായി യേശു കടന്നു ചെന്നത്. നരകമായി മാറിയ ആ ലോകത്തില്‍ സ്വര്‍ഗ്ഗം വന്നിരിക്കുന്നു എന്ന സദ്വാര്‍ത്തയുമായി യേശു വന്നു. ആശയറ്റ ആ ജനതയ്ക്ക് ആ സന്ദേശം പ്രത്യാശ നല്‍കി.

എല്ലാവരും മതനിയമങ്ങള്‍ അക്ഷരപ്രകാരം പാലിച്ചാല്‍ സ്വര്‍ഗ്ഗം സമാഗതമാകുമെന്നാണ് അന്നത്തെ യഹൂദമതനേതൃത്വം പഠിപ്പിച്ചത്. ലോകത്തെ മുഴുവന്‍ ഒരു സാമ്രാജ്യമാക്കി മാറ്റിയാല്‍ യുദ്ധമില്ലാത്ത ഒരു ലോകമുണ്ടാകും എന്ന പ്രതീക്ഷയായിരുന്നു അലക്സാണ്ടര്‍ ചക്രവര്‍ത്തിക്ക് ഉണ്ടായിരുന്നത് എന്ന്‍ പറയപ്പെടുന്നു. യേശുവിന്‍റെ കാലത്തെ റോമാസാമ്രാജ്യത്തിനും ആ പ്രതീക്ഷ ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ യേശു മറ്റൊരു മാര്‍ഗ്ഗമാണ് നിര്‍ദേശിച്ചത്-- മാനസാന്തരം. മനുഷ്യമനസിനുള്ളില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാകണം. മനുഷ്യന്‍റെ ജീവിതവീക്ഷണം മാറണം, കാഴ്ചപ്പാടുകള്‍ മാറണം. ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള ധാരണകള്‍ മാറണം.

എല്ലാമറിയാവുന്നത് ദൈവത്തിന് മാത്രം. മനുഷ്യന്‍റെ അറിവ് പരിമിതമാണ്. അതുകൊണ്ട് തെറ്റുകുറ്റങ്ങള്‍ വരുത്താത്തത് ദൈവം മാത്രം. പരിമിതമായ അറിവ് മാത്രമുള്ള മനുഷ്യന്‍ ചിന്തിക്കുന്നതും പറയുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം തെറ്റാകാം. ഈ ബോധ്യം നമുക്കുണ്ടായിക്കഴിഞ്ഞാല്‍ നാം നമ്മുടെ തെറ്റുകുറ്റങ്ങള്‍ സമ്മതിക്കാന്‍ ഒരുക്കമുള്ളവരാകും. മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കാനും നാം സന്നദ്ധരാകും.

നന്മതിന്മകളെക്കുറിച്ചുള്ള ആത്യന്തികമായ അറിവ് ഉണ്ടെന്നവകാശപ്പെട്ടു കൊണ്ട് സ്വയം ന്യായീകരിക്കുവാനും മറ്റുള്ളവരെ കുറ്റം വിധിക്കുവാനും മുതിര്‍ന്നതാണ് ആദിമനുഷ്യന്‍ സ്വന്തമാക്കിയ വിലക്കപ്പെട്ട കനി എന്ന്‍ കരുതണം. അതിന്‍റെ ഫലമായി സ്വര്‍ഗ്ഗീയജീവിതം എന്ന കനി നഷ്ടമായി. ഇന്നും നമ്മുടെ ലോകത്തെ നരകമാക്കി മനുഷ്യന്‍ നിലനിര്‍ത്തുന്നതും അങ്ങനെതന്നെ. അതിന്‍റെ പ്രതിവിധി യേശു നിര്‍ദേശിച്ച മാനസാന്തരം തന്നെ. ക്ഷമ ചോദിക്കുവാനും ക്ഷമിക്കുവാനും നാം സന്നധരാകുമ്പോള്‍ നരകം പോലെയുള്ള ലോകം സ്വര്‍ഗ്ഗമായി മാറുന്നത് കാണാം.

ക്രൈസ്തവാരാധന
ഈ ക്രൈസ്തവസദ്വാര്‍ത്ത തന്നെയാണ് ക്രൈസ്തവാരാധനയുടെ ഉള്ളടക്കവും. ദിവസവും അനേക തവണ ചൊല്ലുന്ന കൌമായിലും വിശുദ്ധ കുര്‍ബാനയിലും നാം ആവര്‍ത്തിച്ച് ഏറ്റുപറയുന്ന വിശ്വാസപ്രഖ്യാപനം കാദീശ് ആത്ത് ആലോഹോ (പരിശുദ്ധന്‍ അങ്ങ് ദൈവമേ) എന്നാകുന്നു. പരിശുദ്ധനായി ദൈവം മാത്രമേയുള്ളൂ എന്നാണ് ആ പ്രസ്താവന. പരിശുദ്ധനായ ഏകപിതാവും പരിശുദ്ധനായ ഏക പുത്രനും പരിശുദ്ധനായ ഏക റൂഹായുമല്ലാതെ പരിശുദ്ധന്‍ ഇല്ല എന്ന വിശുദ്ധ കുര്‍ബാനയിലെ ഏറ്റുപറച്ചിലില്‍ ഇക്കാര്യം യാതൊരു അര്‍ത്ഥശങ്കയ്ക്കും ഇടയില്ലാത്തവിധം ആവര്‍ത്തിച്ചുറപ്പിക്കുന്നു. ഒരു തെറ്റും കുറ്റവും വരുത്താത്തത് ദൈവം മാത്രമേയുള്ളൂ എന്നാണ് ആ പ്രസ്താവനയിലൂടെ അര്‍ത്ഥമാക്കുന്നത്. ഇക്കാര്യം നമ്മുടെ ഉപബോധമനസ്സിനെ പതിവായി ഓര്‍മ്മിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് പതിവായ ആരാധന.
സ്വര്‍ഗ്ഗീയമാലാഖമാര്‍ ആരാധിക്കുന്നതും ദൈവം പരിശുദ്ധന്‍ എന്ന്‍ ആവര്‍ത്തിച്ചുകൊണ്ടാണ് എന്ന്‍ എശായാ പ്രവാചകന്‍ ദര്‍ശിക്കുന്നു. ദൈവം മാത്രം പരിശുദ്ധന്‍ എന്ന അവരുടെ ബോധ്യത്തിന്‍റെ പ്രകടനമാണിത്. ഈ ബോധ്യമുള്ളതുകൊണ്ട് പരസ്പരം ക്ഷമചോദിച്ചും ക്ഷമിച്ചും സ്വര്‍ഗ്ഗത്തെ സ്നേഹവും സന്തോഷവും സമാധാനവുമുള്ള ഇടമാക്കി സൂക്ഷിക്കുവാന്‍ അവര്‍ക്ക് കഴിയുന്നു. ഈ ബോധ്യം നമുക്കുണ്ടായാല്‍ ഭൂമിയെ സ്വര്‍ഗ്ഗമാക്കാന്‍ നമുക്കും കഴിയും
 
നാം പ്രഘോഷിക്കേണ്ട സദ്വാര്‍ത്ത
യേശു ഇന്ന് നമ്മുടെ നാട്ടില്‍ ജീവിച്ചാല്‍ സ്വര്‍ഗ്ഗം വന്നിരിക്കുന്നു എന്ന സദ്വാര്‍ത്ത തന്നെ പ്രഘോഷിക്കുമെന്ന് വേണം മനസിലാക്കുവാന്‍. യേശുവിന്‍റെ അനുയായികള്‍ എന്ന്‍ സ്വയം വിളിക്കുന്ന നാം ചെയ്യേണ്ടതും അതുതന്നെ. ആശയറ്റ ജനതയ്ക്ക് ഇന്നും പ്രത്യാശയേകുന്നത് ആ സദ്വാര്‍ത്ത തന്നെ.

ലോകത്തെ സ്വര്‍ഗ്ഗമാക്കുവാനുള്ള പല ശ്രമങ്ങളും ഇന്നും നടക്കുന്നുണ്ട്. എല്ലാവരും വിദ്യാസമ്പന്നരായാല്‍ ലോകം സ്വര്‍ഗ്ഗമാകുമെന്ന വിശ്വാസം പ്രബലമാണ്. സാമ്പത്തികസമത്വം ഉണ്ടായാല്‍ അത് സാധിക്കും എന്ന വിശ്വാസവും ശക്തമാണ്. എല്ലാവര്‍ക്കും ആരോഗ്യം ഉണ്ടായാല്‍ അത് സാധിക്കും എന്ന്‍ വിശ്വസിക്കുന്നവരു മുണ്ട്. ഇവയെല്ലാം പ്രധാനം തന്നെ എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഏറ്റവും അടിസ്ഥാനപരമായി സംഭവിക്കേണ്ടത് മനുഷ്യന്‍റെ മനസിലുള്ള മാറ്റം തന്നെയാണ്. യേശുവിന്‍റെ കാലത്ത് പ്രചാരത്തിലിരുന്നത് ശാസ്ത്രിപരീശന്മാരുടെ അബദ്ധധാരണക ളാണ്. ഇന്ന് നമ്മുടെ കാലത്ത് പ്രചാരത്തിലിരിക്കുന്നത് സത്യം തങ്ങളുടെ പോക്കറ്റിലാണെന്ന്‍ അവകാശപ്പെടുന്ന തീവ്രവാദങ്ങളാണ്. പരലോകത്തില്‍ പ്രാപ്യമാകുന്ന രക്ഷയെ ലക്ഷ്യമാക്കി ഇഹലോകജീവിതത്തെ അവഗണിക്കുന്ന മതചിന്തകളെക്കാള്‍ അപകടകാരിയാണ് കാണപ്പെടുന്ന ലോകം മാത്രമേയുള്ളൂ എന്ന പാശ്ചാത്യനാഗരികത യുടെ കാഴ്ചപ്പാട്. ഈ അബദ്ധധാരണകളെ തിരുത്തുവാനും അവയുടെ സ്ഥാനത്ത് ശരിയായ ധാരണകള്‍ നാട്ടുവളര്‍ത്തുവാനും നമുക്ക് കഴിയണം. കാപട്യത്തില്‍ നീന്തി ക്കുളിക്കുന്ന ഇക്കാലത്തെ മനുഷ്യരോട് അത് നാശത്തിലേക്കുള്ള പാതയാണെന്നും, സത്യസന്ധതയുടെ ഇടുക്കമുള്ള നേര്‍പാതയാണ് ജീവങ്കലേക്ക് നയിക്കുന്നതെന്നും പറഞ്ഞുകൊടുക്കുവാന്‍ നമുക്ക് കഴിയണം. ഇങ്ങനെ മനുഷ്യമനസ്സില്‍ നടക്കുന്ന ഒരു മാറ്റമാണ് നമ്മുടെ ലോകത്തെ സ്വര്‍ഗ്ഗമാക്കുന്നത്.

ജോണ്‍ ഡി. കുന്നത്ത്

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം