സ്വര്‍ഗ്ഗത്തിന്‍ രാജകുമാരന്‍

കേള്‍ക്കുവിന്‍ ബാലകരെ നിങ്ങള്‍ ശ്രദ്ധിച്ച്
ക്രിസ്തുമസിന്‍ കഥയോതിടാം ഞാന്‍
പണ്ടു രണ്ടായിരമാണ്ടുകള്‍ക്കപ്പുറം
ഉണ്ടായ് മഹാശ്ചര്യമീസംഭവം

ഗ്രാമീണ ബാലിക മേരി സ്വഗ്രാമത്തില്‍
നിന്നും പുറപ്പെട്ട് ബേത് ലഹേമില്‍
എത്തിയപ്പോള്‍ ജന്മമേകി ശിശുവിന്
രാത്രിനേരത്ത് പശുത്തൊഴുത്തില്‍

ഈ നേരം സ്വര്‍ഗ്ഗലോകത്തില്‍ മാലാഖമാര്‍
ആഘോഷിച്ചിപ്പൈതലിന്റെ ജന്മം
സ്വര്‍ഗ്ഗത്തിന്‍ രാജകുമാരനാണിപ്പൈതല്‍
എന്നവര്‍ നന്നായറിഞ്ഞിരുന്നു

എങ്കിലും ഭൂവിലറിഞ്ഞില്ലീ സദ്വാര്‍ത്ത
ഏവരും നിദ്രയിലാണ്ടിരുന്നു
സ്വര്‍ഗ്ഗത്തില്‍ നിന്നുമീ വാര്‍ത്ത പ്രഘോഷിപ്പാന്‍
എത്തിയീ ഭൂവിലും മാലാഖമാര്‍

ആടുകളെക്കാത്ത് നിദ്രാവിഹീനരായ്
നിന്നൊരു പറ്റമിടയര്‍ മാത്രം
ഈ വാര്‍ത്ത കേട്ടിട്ട് പൈതലിനെക്കാണ്മാന്‍
രാതിയിലാഗതരായി പോലും

രാജകൊട്ടാരത്തില്‍ പൈതല്‍ പിറന്നെങ്കില്‍
ആഘോഷിച്ചേനെയാ പട്ടണക്കാര്‍
അന്നാട്ടുകാരെല്ലാം നിദ്രവെടിഞ്ഞിട്ട്
ആനന്ദനര്‍ത്തനമാടിയേനെ

സ്വര്‍ഗ്ഗത്തിന്‍ രാജകുമാരന്‍ പിറന്നിട്ട്
എന്തേ അവരറിയാതെ പോയി
സ്വര്‍ഗ്ഗത്തിലാഘോഷമുണ്ടായിയെങ്കിലും
എന്തേയീ ഭൂവിലില്ലാതെ പോയി

കണ്ണുകളുണ്ട് ഭൂവാസികള്‍ക്കെന്നാലും
കാഴ്ചയെന്തേയവര്‍ക്കില്ലാതെയായ്
കാതുകളുണ്ട് ഭൂവാസികള്‍ക്കെന്നാലും
കേള്‍വിയെന്തേ അവര്‍ക്കില്ലാതെയായ്

രാജകൊട്ടാരത്തില്‍ ജന്മമെടുത്തെങ്കില്‍
ഏവരുമേറ്റവും മാനിച്ചേനെ
കാലിത്തൊഴുത്തില്‍ പിറന്നൊരു പൈതലേ
എന്തിനായ് ആര് മാനിച്ചിടണം

ജാതിനിറംധനം എന്നിവ തന്നുടെ
പേരില്‍ മനുഷ്യരെ ഉന്നതരും
താണവരുമായ് തിരിയ്ക്കുന്ന അന്ധത
എത്രയപലപനീയമത്രെ

സത്യത്തെ സത്യമായ് കാണാന്‍ കഴിയാതെ
ഉള്‍ക്കണ്‍കളന്ധമായ് തീര്‍ന്നതത്രേ
കൂരിരുളില്‍ വഴി തപ്പിത്തടയുന്ന
ഭൂവാസികള്‍ക്കതിശാപമിന്നും

അന്ധതയില്‍ നിന്നും മോചനമേകിയ-
വരെയകറ്റും മതില്‍ തകര്‍ത്ത്
ഭൂമിയില്‍ സ്വര്‍ഗ്ഗം വരുത്തുവാനയല്ലോ
രാജകുമാരനവതരിച്ചു

ജോണ്‍ കുന്നത്ത്

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം