പൌലോസ് മാര്‍ ഗ്രിഗോറിയോസ്, ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി

ആലുവാ ഫെലോഷിപ്പ് ഹൌസില്‍ നടത്തിയ  പൌലോസ് മാര്‍ ഗ്രിഗോറിയോസ് അനുസ്മരണ പ്രഭാഷണം
   
മലയാളമണ്ണില്‍ ജനിച്ച് വിശ്വത്തോളം വളര്‍ന്ന പൌലോസ് മാര്‍ ഗ്രിഗോറിയോസ് എന്ന മഹാത്മാവിനെ നാം ഇന്ന് സ്മരിക്കുന്നു. അദ്ദേഹത്തിന്‍റെ കാലടികള്‍ പതിഞ്ഞ ഈ ആലുവാ ഫെലോഷിപ്പ് ഹൌസില്‍ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുവാന്‍ അവസരം ലഭിച്ചിരിക്കുന്നത് ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു.  1922 മുതല്‍ 1996 വരെ 74 വര്‍ഷക്കാലം അദ്ദേഹം ഭൂമുഖത്ത് ജീവിച്ചു. 

അദ്ദേഹം ജീവിച്ചിരുന്നപ്പോഴും അതിന് ശേഷവും അദ്ദേഹത്തെ അറിയാനിടയായിട്ടുള്ള എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്? ആരായിരുന്നു അദ്ദേഹം? എന്തായിരുന്നു അദ്ദേഹത്തിന്‍റെ സംഭാവന? ആ ചോദ്യത്തിന് ഞാന്‍ കേട്ടിട്ടുള്ള മറുപടികള്‍ ഇതൊക്കെയാണ്: അദ്ദേഹം ഒരു വലിയ ഫിലോസഫെര്‍ ആയിരുന്നു എന്ന് ചിലര്‍, ഒരു വലിയ ദൈവശാസ്ത്രജ്ഞനായിരുന്നു എന്ന് ചിലര്‍, ഒരു വിദ്യാഭ്യാസവിചക്ഷണന്‍ ആയിരുന്നു എന്ന് മറ്റു ചിലര്‍, ലോകസമാധാനത്തിന് വേണ്ടി അശ്രാന്തം പൊരുതിയ ഒരാള്‍ എന്ന് മറ്റു ചിലര്‍. 
    അദ്ദേഹം കാലം ചെയ്തപ്പോള്‍ പ്രശസ്ത സാഹിത്യകാരനും തത്വചിന്തകനുമായിരുന്ന സുകുമാര്‍ അഴീക്കോട്‌ പറഞ്ഞത് തിരുമേനിയുടെ വേര്‍പാട് ഒരു വലിയ പര്‍വതം ഇടിഞ്ഞുവീണത് പോലെയാണ് അദ്ദേഹത്തിന് അനുഭവപ്പെട്ടത് എന്നാണ്. സാംസ്കാരിക-വൈജ്ഞാനിക ലോകത്തില്‍ ഗ്രിഗോറിയോസ് തിരുമേനി ഒരു എവറസ്റ്റ് കൊടുമുടി ആയിരുന്നു.  ഈ കൊടുമുടിയുടെ പല വശങ്ങളില്‍ നിന്ന് നോക്കിക്കണ്ടിട്ടാണ് മുകളില്‍ പറഞ്ഞ വിവിധ ഉത്തരങ്ങള്‍ ആളുകള്‍ പറഞ്ഞിരുന്നത്. ആ പുണ്യപുരുഷന്‍ തിരശീലയ്ക്കപ്പുറത്തു മറഞ്ഞിട്ട് ഇപ്പോള്‍ 20 വര്‍ഷമാകുന്നു. അതുകൊണ്ട് അത്രയും അകലെ നിന്ന് ആ കൊടുമുടിയെ നോക്കിക്കാണാനുള്ള അവസരം നമുക്കിന്നുണ്ട്. 


    ഈ അടുത്ത കാലത്ത് ഗ്രിഗോറിയോസ് തിരുമേനിയുടെ ചിന്താലോകത്തെക്കുറിച്ച് ഞാന്‍ ഒരു ഗവേഷണപഠനം നടത്തുകയുണ്ടായി. ഗ്രിഗോറിയോസ് തിരുമേനി ആരായിരുന്നു എന്ന ചോദ്യത്തിന് മുകളില്‍ പറഞ്ഞ ഉത്തരങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു ഉത്തരത്തില്‍ ഞാന്‍ എത്തിച്ചേരുകയുണ്ടായി. യേശുതമ്പുരാന്‍റെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയായിരുന്നു അദ്ദേഹം എന്നതായിരുന്നു ഞാന്‍ കണ്ടെത്തിയ ഉത്തരം. എങ്ങനെ ഞാന്‍ ഈ ഉത്തരം കണ്ടെത്തി എന്ന് ചുരുക്കത്തില്‍ പറയുവാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്‌. 


    നാമൊക്കെ ക്രിസ്ത്യാനികളാണ് എന്ന് പറയുന്ന അര്‍ത്ഥത്തിലല്ല അദ്ദേഹം ആ പദം ഉപയോഗിച്ചത്. അഖിലലോകസഭാകൌണ്‍സിലിന്റെ ആസ്ഥാനത്തില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി. ഭാരതത്തില്‍ ഒരു ക്രിസ്ത്യാനിയെ മാത്രമേ എനിക്കറിയാവൂ, അത് ഒരു അക്രൈസ്തവനാണ്. മഹാത്മാഗാന്ധിയെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. ഹിന്ദു-മുസ്ലിം ലഹള നടക്കുന്ന ഇടങ്ങളില്‍ ചെന്ന് മുസ്ലീങ്ങളോട് ഗാന്ധി പറഞ്ഞു: ഞാനൊരു ഹിന്ദുവാണ് എന്നെ കൊന്നുകൊള്ളൂ. പകരം മറ്റു ഹിന്ദുക്കളെ വെറുതെ വിടൂ. ഹിന്ദുക്കളോട് അദ്ദേഹം പറഞ്ഞു: ഞാനൊരു മുസ്ലീമാണ്, എന്നെ കൊന്നുകൊള്ളൂ. പകരം മറ്റു മുസ്ലീങ്ങളെ വെറുതെ വിടൂ. ഇങ്ങനെ തന്‍റെ ആടുകള്‍ക്ക് വേണ്ടി ജീവന്‍ നല്‍കാന്‍ സന്നദ്ധനായ ഒരു നല്ല ഇടയന്‍ എന്ന നിലയിലാണ് ഗാന്ധിയെ ഒരു ക്രിസ്ത്യാനി എന്ന് അദ്ദേഹം വിളിച്ചത്. ഒരു ക്രൈസ്തവസഭയുടെ ബിഷപ്പായിരുന്ന താന്‍ പോലും ഒരു  യഥാര്‍ത്ഥ ക്രിസ്ത്യാനിയായാണെന്ന് അദ്ദേഹം കരുതിയില്ല.  


    ക്രൈസ്തവദൌത്യത്തെപ്പറ്റിയുള്ള തിരുമേനിയുടെ കാഴ്ചപ്പാട് എന്തായിരുന്നു എന്ന് മനസിലാക്കാനാണ് ഞാന്‍ എന്‍റെ പഠനത്തിന്‍റെ  തുടക്കത്തില്‍ ശ്രമിച്ചത്. യേശുക്രിസ്തുവിന്‍റെ മിഷന്‍ എന്തായിരുന്നോ അതുതന്നെയാവണം ക്രിസ്തുശരീരമായ സഭയുടെ മിഷനും എന്ന് ഒരു സംശയത്തിനും ഇടയില്ലാത്ത വിധം അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിരുന്നു.  യേശുതമ്പുരാന്‍ ഇക്കാലത്ത് നമ്മുടെ നാട്ടില്‍ ജീവിച്ചാല്‍ അവിടുന്ന് എന്ത് പറയുമോ അതാണ്‌ സഭ പറയേണ്ടത്, എന്ത് ചെയ്യുമോ, അതാണ്‌ സഭ ചെയ്യേണ്ടത്. യേശുതമ്പുരാന്‍റെ മിഷന്‍ അല്ലാതെ മറ്റൊരു മിഷനും സഭയ്ക്കില്ല.   ഇത്ര ഉറപ്പായി ഇക്കാര്യം പറഞ്ഞ ഗ്രിഗോറിയോസ് തിരുമേനി ഒരു ക്രൈസ്തവനേതാവ് എന നിലയില്‍ ഇത് സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിക്കാണും എന്ന ചിന്ത എനിക്കുണ്ടായി. യേശുതമ്പുരാനെ മാതൃകയാക്കിയാവും അദ്ദേഹം ജീവിച്ചത് എന്ന് ഞാന്‍ അനുമാനിച്ചു. ഇക്കാര്യം ഉറപ്പിക്കാന്‍ വേണ്ടി ഞാന്‍ ഗൌരവമായ പഠനത്തില്‍ ഏര്‍പ്പെട്ടു. യേശുതമ്പുരാന്‍ ജീവിച്ചിരുന്ന സാഹചര്യത്തില്‍ എന്തായിരുന്നു അവിടുത്തെ ദര്‍ശനവും ദൌത്യവും? ഗ്രിഗോറിയോസ് തിരുമേനിയുടെ സാഹചര്യത്തില്‍ എന്തായിരുന്നു അദ്ദേഹത്തിന്‍റെ ദര്‍ശനവും ദൌത്യവും? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഞാന്‍ തേടിയത്. 


    പഠനം പുരോഗമിച്ചപ്പോള്‍ ഇരുവരുടെയും ദര്‍ശനത്തിലും ദൌത്യത്തിലും സമാനതകള്‍ ഞാന്‍ കണ്ടെത്തി. രോഗാതുരമായി മരണക്കിടക്കയിലായിരുന്ന നാഗരികതകളിലാണ് ഇരുവരും ജീവിച്ചിരുന്നത്.  വിദഗ്ധനായ ഒരു ഭിഷഗ്വരനെപ്പോലെ തങ്ങളുടെ നാഗരികതയുടെ രോഗത്തിന് കാരണമെന്തെന്ന് ഇരുവരും കണ്ടെത്തി. ഒരു പുതിയ നാഗരികയ്ക്ക് അടിസ്ഥാനശിലകള്‍ പാകുകയും ചെയ്തു. 


മണലിന്മേല്‍ അടിസ്ഥാനമുള്ള ഒരു കെട്ടിടം പോലെയാണ് അക്കാലത്തെ നാഗരികത എന്ന് യേശുതമ്പുരാന്‍ കണ്ടെത്തി. ശാസ്ത്രിപരീശന്മാരുടെ ഉപദേശങ്ങളാകുന്ന മണലിന്മേലായിരുന്നു അതിന്‍റെ അടിസ്ഥാനം. അത് താമസിയാതെ നാമാവശേഷമാകുമെന്ന് അവിടുന്ന് പ്രവചിച്ചു. അതിന്‍റെ സ്ഥാനത്ത് പാറമേല്‍ അടിസ്ഥാനമിട്ട കെട്ടിടം പോലെയുള്ള ഒരു പുതിയ നാഗരികത ഉണ്ടാകണം എന്ന് അവിടുന്ന് പഠിപ്പിച്ചു. സ്വര്‍ഗ്ഗരാജ്യം എന്ന് അതിനെ അവിടുന്ന് വിളിച്ചു. പുതുതായി ജനിച്ച മനുഷ്യരടങ്ങുന്ന ഒരു പുതിയ മനുഷ്യവര്‍ഗമായിരിക്കും അതിലുണ്ടാവുക എന്നും അവിടുന്നു പഠിപ്പിച്ചു. പാറ പോലെ ഉറപ്പുള്ള ധാരണകള്‍ അതിന് അടിസ്ഥാനമായി അവിടുന്ന് നല്‍കി.  ദൈവത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും അതിബലവത്തായ ധാരണകള്‍ യേശുതമ്പുരാന്‍ നല്‍കി. അല്‍പം പുളിമാവ്‌ മാവിനെ മുഴുവന്‍ പുളിപ്പിക്കുന്നത് പോലെ തന്‍റെ ചിന്തകള്‍ പ്രചരിക്കുമെന്നും ഒരു മഹാനാഗരികതയ്ക്ക് അടിസ്ഥാനമാകുമെന്നും അവിടുന്ന് പഠിപ്പിച്ചു.

    ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രിഗോറിയോസ് തിരുമേനി അക്കാലത്ത് ലോകത്തില്‍ പടര്‍ന്ന് പന്തലിച്ചിരുന്ന പാശ്ചാത്യനാഗരികത എപ്രകാരം മണലിന്മേല്‍ നില്‍ക്കുന്ന ഒരു കെട്ടിടം പോലെയാണെന്ന് കണ്ടെത്തി. മതമൌലികതയെ എതിരിടുവാന്‍ പാശ്ചാത്യപ്രബുധത പ്രചരിപ്പിച്ച സെക്കുലറിസത്തിന്‍റെ മേലാണ് ഈ നാഗരികത നില്‍ക്കുന്നത് എന്ന് അദ്ദേഹം കണ്ടെത്തി.   മതമൌലികതയെപ്പോലെ സെക്കുലറിസവും ബലഹീനമാണെന്ന് അദ്ദേഹം മനസിലാക്കി. ഈ നാഗരികതയുടെ സ്ഥാനത്ത് ബലവത്തായ അടിസ്ഥാനത്തിന്മേല്‍ ഒരു പുതിയ നാഗരികത ഉണ്ടാകും എന്ന് അദ്ദേഹം പഠിപ്പിച്ചു.  ഒരു പുതിയ മനുഷ്യവര്‍ഗ്ഗമാവും അതിലുണ്ടാവുക. പാറ പോലെ ബലവത്തായ ധാരണകള്‍ അതിന് അടിസ്ഥാനമായി തിരുമേനി നല്‍കി. ശാസ്ത്രിപരീശന്മാരുടെ ഉപദേശങ്ങളെയാണ് യേശുതമ്പുരാന്‍ എതിര്‍ത്തതെങ്കില്‍ സെക്കുലറിസം ഫണ്ടമെന്റലിസം എന്നീ ഉപദേശങ്ങളെയാണ് ഗ്രിഗോറിയോസ് തിരുമേനി എതിര്‍ത്തത്. 


    ഒരു പുതിയ നാഗരികത പടുത്തുയര്‍ത്താന്‍ തങ്ങള്‍ യോഗ്യരാണെന്ന് ലോകത്തിലുള്ള മതങ്ങളും പ്രത്യയശാസ്ത്രങ്ങളും അവകാശപ്പെടുമ്പോള്‍ അവയെയൊന്നും അതിന് യോഗ്യരായി ഗ്രിഗോറിയോസ് തിരുമേനി കണ്ടില്ല. പകരം നിസ്സായിലെ ഗ്രിഗോറിയോസിന്റെ കണ്ണുകളില്‍ കൂടെ കണ്ട യേശുക്രിസ്തുവിന്‍റെ ദര്‍ശനത്തെയാണ് ഒരു പുതിയ നാഗരികയ്ക്ക് അടിസ്ഥാനമായി അദ്ദേഹം കണ്ടത്. 


    യെരുശലെമില്‍ നിന്ന് നടന്നെത്താന്‍ കഴിയുന്നത്ര മാത്രം വ്യാപ്തിയുള്ള ഒരു ഭൂപ്രദേശമായിരുന്നു യേശുതമ്പുരാന്‍റെ ലോകം . ഇന്റര്‍നെറ്റും ടെലെഫോഫോണും പേപ്പറും പുസ്തകങ്ങളും ഇല്ലാത്ത ലോകമായിരുന്നു അത്. വായിക്കാനും എഴുതാനും കഴിയുന്നത്‌ ചുരുക്കം ചിലര്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ലോകം ഭൂഗോളം മുഴുവനുമായിരുന്നു. യാത്രാസൌകര്യങ്ങളും വാര്‍ത്താവിനിമയ സൌകര്യങ്ങളും ലോകത്തെ ഒരു ഗ്രാമമായി ചുരുക്കിയിരുന്നു. അതിന്‍റെ ഫലമായി യേശുവിനു ഗലീലയില്‍ നിന്ന് യെരുശലെമില്‍ എത്താന്‍ കഴിയുന്നതിലും വേഗത്തില്‍ ഗ്രിഗോറിയോസ് തിരുമേനിക്ക് കേരളത്തില്‍ നിന്ന് മോസ്കോയില്‍ എത്താന്‍ കഴിഞ്ഞിരുന്നു. 


    ഒന്നാം നൂറ്റാണ്ടിലെതിനേക്കാള്‍ ശാസ്ത്രസാങ്കേതിക വിജ്ഞാനങ്ങള്‍ ഇരുപതാം നൂറ്റാണ്ടില്‍ വളരെ വര്‍ധിച്ചിരുന്നു. അതിന്‍റെ ഫലമായി ജീവിതം കൂടുതല്‍ സുഖവും സൌകര്യവും ഉള്ളതായി.   എന്നാല്‍ തിന്മ ഇരുകാലഘട്ടങ്ങളിലും ഒരുപോലെ കൊടികുത്തി വാണിരുന്നു. യേശുവിന്‍റെ ലോകത്തിലെ ജനങ്ങള്‍ സ്വന്തനാട്ടില്‍ തന്നെ റോമാസാമ്രാജ്യത്തിന്‍റെ അടിമകളായി കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിലാകട്ടെ വന്‍ശക്തികള്‍ ലക്ഷക്കണക്കിന്‌ മനുഷ്യജീവനുകള്‍ അപഹരിച്ചുകൊണ്ട് മദയാനകളെപ്പോലെ ഏറ്റുമുട്ടി.  നിരീശ്വരതയില്‍ അടിസ്ഥാനമിട്ട പാശ്ചാത്യ സംസ്കാരത്തില്‍ ജീവിതം തന്നെ അര്‍ത്ഥശൂന്യമായിത്തീര്‍ന്നു. 


    ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മനുഷ്യന്‍ സഹായം പ്രതീക്ഷിക്കുന്നത് മതങ്ങളില്‍ നിന്നാണ്. എന്നാല്‍ മതങ്ങള്‍ മനുഷ്യവര്‍ഗത്തെ നയിക്കുവാന്‍ കഴിവില്ലത്തതായി. ദര്‍ശനം നഷ്ടപ്പെട്ട മതങ്ങള്‍ ആട്ടിടയവേഷം ധരിച്ച ചെന്നായ്ക്കളാണെന്ന് ജനം തിരിച്ചറിഞ്ഞു. യേശുവിനെപ്പോലെ ഗ്രിഗോറിയോസ് തിരുമേനിയും ദര്‍ശനം നഷ്ടപ്പെട്ട മതനേതൃത്വത്തോട് ഏറ്റുമുട്ടി.
    നാടെങ്ങും സഞ്ചരിച്ചു ജനങ്ങളെ പുതിയ നാഗരികതയെക്കുറിച്ച് ബോധവല്‍ക്കരിക്കലായിരുന്നു യേശു പ്രധാനമായും ചെയ്തത്. ലോകമെങ്ങും സഞ്ചരിച്ചു പുതിയ നാഗരികതയെക്കുറിച്ചു പഠിപ്പിക്കുകയായിരുന്നു ഗ്രിഗോറിയോസ് തിരുമേനിയും ചെയ്തത്. ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ എന്ന് യേശു അറിയപ്പെട്ടതുപോലെ കമ്മ്യുണിസ്റ്റുകാരുടെയും മറ്റും സ്നേഹിതന്‍ എന്നാണ് ഗ്രിഗോറിയോസ് തിരുമേനി അറിയപ്പെട്ടത്. തിന്മക്കെതിരായി നിന്നതുകൊണ്ട് യേശു കുരിശിക്കപ്പെട്ടതുപോലെ ഗ്രിഗോറിയോസ് തിരുമേനി തന്‍റെ തിന്മയ്ക്കെതിരായ നിലപാടുകള്‍ മൂലം ഏതു നിമിഷവും വധിക്കപ്പെടാം എന്ന ആശങ്ക അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ക്ക് ഉണ്ടായിരുന്നു.   


    യേശുതമ്പുരാനും ഗ്രിഗോറിയോസ് തിരുമേനിയും തമ്മില്‍ ഇത്രയേറെ സമാനതകള്‍ കാണുമ്പോള്‍ തിരുമേനി യേശുതമ്പുരാന്‍റെ ഒരു രണ്ടാം വരവാണോ എന്ന് ആരും സംശയിച്ചുപോകും.  ഏതായാലും ഒരു കാര്യം ഉറപ്പാണ്: യേശുതമ്പുരാന്‍ ഇരുപതാം നൂറ്റാണ്ടില്‍ കേരളക്കരയില്‍ ജീവിച്ചിരുന്നെങ്കില്‍ ഗ്രിഗോറിയോസ് തിരുമേനി പറഞ്ഞപോലുള്ള കാര്യങ്ങള്‍ പറഞ്ഞേനെ, ചെയ്തപോലുള്ള കാര്യങ്ങള്‍ ചെയ്തേനെ. വാസ്തവത്തില്‍ ഇത്തരമൊരു അവകാശവാദം ഓരോ ക്രിസ്ത്യാനിയെക്കുറിച്ചും നടത്താന്‍ സാധിക്കേണ്ടതാണ്‌. ഓരോ ഇടവകയെക്കുറിച്ചും ആഗോളക്രൈസ്തവ സഭയെക്കുറിച്ചും ഇതുപോലെ പറയാന്‍ സാധിക്കേണ്ടതാണ്‌.
    ഇന്നത്തെ ക്രൈസ്തസഭയുടെ മുമ്പില്‍ ഗ്രിഗോറിയോസ് തിരുമേനി ഒരു  വെല്ലുവിളി ഉയര്‍ത്തുന്നു: ഞാന്‍ ക്രിസ്തുവിന്‍റെ അനുകാരി ആയിരിക്കുന്നപോലെ നിങ്ങളും ആകുവിന്‍!

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?